Pages

May 31, 2011

സുസ്വാഗതം



പുതുവര്‍ഷപ്പുലരി പോല്‍ ജൂണ്‍ ഒന്നിതാ വന്നെത്തീ..
പുതു പുതു മുകുളങ്ങള്‍ വിരിയുകയായ്...
പുതു പ്രതീക്ഷകളും ആശകളും മോഹങ്ങളും
പുത്തന്‍ ഉണര്‍വും പൂ ചൂടി നിന്നു.
പുലരുവാന്‍ ഇനി നേരമധികം ഉണ്ടോ?
പുറപ്പെടാന്‍ ഒട്ടും വൈകരുതല്ലോ.
പുസ്തകസഞ്ചിയും തോളില്‍ തൂക്കി,
പുഞ്ചിരി പൈമ്പാല്‍ ചുറ്റും പരത്തി,
പുത്തന്‍ വര്‍ണ്ണക്കുട പതിയെ നിവര്‍ത്തി,
വന്നെത്തും കൊച്ചു കുരുന്നുകളേ, കൂട്ടുകാരേ,
പൂക്കട്ടെ, കായ്ക്കട്ടെ ഈ പ്രയത്നങ്ങള്‍,
പതിരായ്‌ തീരാതിരിക്കട്ടെ ഒട്ടും.
ഏകട്ടെ ഞാനിതാ ആശംസകള്‍,
നേരട്ടെ ഞാനിതാ മംഗളങ്ങള്‍ .
ആയുരാരോഗ്യ സൗഖ്യങ്ങളും.!







- ശ്രീരാം മംഗലസ്.

May 21, 2011

ജോണുണ്ടായിരുന്നെങ്കില്‍





കാവ്യസന്ധ്യ കഴിഞ്ഞു.
മുരളി, 'പശുക്കുട്ടിയുടെ മരണം' ചൊല്ലിയാടി.
കലാപീഠത്തിന്റെ മുറ്റമൊഴിഞ്ഞു.
നഗരത്തിലെ വെളുത്ത ജോലിക്കാര്‍
കിറ്റുമായിറങ്ങുന്നു.
കുട്ടികളുടെ സ്നാക്സ്
സിവില്‍ സപ്ലൈസിലെ വിലകുറഞ്ഞ പരിപ്പും മുതിരയും.

ജോണ്‍,
ജോണ്‍ മാത്രം അവിടെയിരിക്കുന്നു.
അയാള്‍ ഈ ചൊല്‍ക്കാഴ്ച കാണുകയായിരുന്നില്ലല്ലോ.
എത്രയോ രാത്രികളില്‍ അയാള്‍ ഇങ്ങിനെയിരിക്കുന്നു.
ചിലപ്പോള്‍ രണ്ടുമണി വരെ.
തട്ടിലേക്കു നടക്കുന്നു.
ആരെങ്കിലും കാണും:
ഒരു കട്ടന്
ഒരു കൂട് ബീഡി.

നല്ല സിനിമകള്‍ അയാള്‍ ചെയ്തു.
അയാള്‍ ചെയ്തതുകൊണ്ട് അവ മഹത്തരമായി.
അത്യപൂര്‍വ്വജന്മങ്ങളില്
ചിലര്‍ക്കു ഇത്തരം സാന്നിദ്ധ്യമുണ്ട്.
നീണ്ട മൂക്ക്
പാതിചിമ്മിവച്ച വലിയ കണ്ണ്
വിന്ററില്‍ കൊഴിഞ്ഞുനില്‍ക്കുന്ന മരങ്ങള്‍ പോലെ
കമ്പുകളായി വളര്‍ന്നു നില്‍ക്കുന്ന മുടി.

May 20, 2011

തീരെച്ചെറിയ കഥകള്‍



അതിജീവനം

ജീവിതേശന്റെ പ്രവൃത്തികള്‍ മുള്ളുകളായി തെറ്റിദ്ധരിച്ച അവള്‍,
ആ മുരിക്കിന്റെ ചുവട്ടില്‍ നിന്നും സ്വന്തം ഹൃദയം മാന്തിയെടുത്ത്
അടുത്ത പറമ്പിലെ തേന്മാവിന്റെ ചുവട്ടില്‍ കുഴിച്ചിട്ടു.

പരിഹാരം

കൊലപാതകത്തിനുശേഷം അയാള്‍ കത്തി ഉരുക്കിക്കളഞ്ഞു.
കൈയും കാലും കഴുകിവൃത്തിയാക്കി.
തെളിവുകള്‍ അവശേഷിക്കുന്നില്ല എന്ന് ഉറപ്പു വരുത്തി.
അപ്പോള്‍ അയാളുടെ നിശ്വാസക്കാറ്റിലൂടെ ഒരു അശരീരി ശബ്ദം ഒഴുകിവന്നു.
''മനസ്സ് കഴുകണ്ട.
കഴുകിയാലും വൃത്തിയാവില്ല,
അത് എരിഞ്ഞോളും.
ജീവിതകാലം മുഴുവന്‍.''





അനിതാശരത്
മലയാളം അദ്ധ്യാപിക
ഗവ.ഹൈസ്കൂള്‍
കാലടി, തിരുവനന്തപുരം

May 16, 2011

ഒരു പൂരക്കാഴ്ച


അങ്ങനെ പൂരം കഴിഞ്ഞു. പാറമ്മേക്കാവും തിരുവമ്പാടീം ഒപ്പത്തിനൊപ്പം. ആരു ജയിച്ചൂന്നും തോറ്റൂന്നും പറയാമ്പറ്റാത്ത ആ കൊട്ടിക്കലാശം കേമായീട്ടോ. പ്രായം ശ്ശി ആയെങ്കിലും തലേടുപ്പുള്ള ആ കൊമ്പന്റെ സാന്നിദ്ധ്യം പൂരത്തിനു കൊഴുപ്പേകീന്നു മറുപക്ഷക്കാരെങ്കിലും സമ്മതിച്ചതു നന്നായി. കൊടമാറ്റം കഴിഞ്ഞ സ്ഥിതിയ്ക്ക് ഇനി പുതിയ പൂരക്കമ്മറ്റീടെ ഭരണം തൊടങ്ങാം.
മ്മടെ ന്ററസ്റ്റ് വിദ്യാഭ്യാസത്തിലായോണ്ടാ ഞഞ്ഞാപിഞ്ഞാ അതേക്കുറിച്ച് പറേണത്. കഴിഞ്ഞ പൂരക്കമ്മറ്റി എന്തൊക്കെപ്പറഞ്ഞാലും കൊറേക്കാശിവിടെ എറക്കീട്ടോ. പുസ്തകോം പാഠ്യപദ്ധതീം ഒക്കെ മാറ്റി. എന്തൂട്ടാ ഫലം? പിള്ളാരൊക്കെ ജീവനും കൊണ്ടോട്ടാ പണം പിരിക്കണ പള്ളൂടത്തിലോട്ട്. പത്താം ക്ളാസ്സ് റിസള്‍ട്ടാണേ നൂറേലെത്താറായി.

May 11, 2011

ആടുജീവിതം - പുസ്തകപരിചയം



സഹൃദയരായ വായനക്കാര്‍ മാത്രമല്ല സകല മനുഷ്യരും വായിച്ചിരിക്കേണ്ട പുസ്തകമാണ് ബന്യാമിന്റെ ആടുജീവിതം. ജീവിതത്തില്‍ നിന്ന് ചീന്തിയെടുത്ത ഒരേട് എന്നല്ല ചോര വാരുന്ന ജീവിതമാണ് ഇതിലുള്ളത്. പ്രവാസജീവിതത്തിന്റെ മണല്‍പ്പരപ്പില്‍ നിന്നും രൂപം കൊണ്ട മഹത്തായ നോവലാണ് ആടുജീവിതം. ബഹറിനില്‍ താമസക്കാരനായ പത്തനംതിട്ട കുളനട സ്വദേശി ബെന്നി ഡാനിയേല്‍ എന്ന ബന്യാമിനാണ് നോവലിസ്റ്റ്. യൂത്തനേസിയ, ബ്രേക്ക് ന്യൂസ്, പെണ്‍മാറാട്ടം, ഗെസാന്റെ കല്ലുകള്‍, ഇരുണ്ട വനസ്ഥലികള്‍, അബീശഗില്‍, അക്കപ്പോരിന്റെ ഇരുപത് നസ്രാണി വര്‍ഷങ്ങള്‍, പ്രവാചകന്റെ രണ്ടാംപുസ്തകം, ആടുജീവിതം എന്നിവയാണ് ചെറുകഥാകൃത്തും നോവലിസ്റ്റുമായ ബന്യാമിന്റെ കൃതികള്‍.
തികച്ചും യാഥാസ്ഥിതികമായ നസ്രാണികുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ബന്യാമില്‍ പഴയനിയമകഥകളില്‍ അഭിരമിച്ച് മഞ്ഞുമലകളില്‍ ആട്ടിന്‍കൂട്ടത്തെ തെളിയ്ക്കുന്ന ആട്ടിടയനാകുന്നത് സ്വപ്നംകണ്ടിരുന്നു. കുടുംബസുഹൃത്തിന് ജോലിക്കായി വന്ന വിസ ബന്യാമിനേയും വഹിച്ച് ബഹറിനുപറക്കുകയായിരുന്നു. അങ്ങനെ മറ്റൊരാളുടെ നിയോഗം പേറി ഗള്‍ഫിലെത്തിയ കഥാകൃത്ത് പ്രവാസികളുടെ പച്ചയായജീവിതം (നാട്ടില്‍ കാണുന്ന പുറംപൂച്ചിന്റെ മുഖമല്ല) കഥയിലാക്കാനുള്ള വെമ്പലിലാണ് യാദൃശ്ചികമായി നജീബിനെ കണ്ടുമുട്ടുന്നത്. നജീബ് സ്വന്തം കഥയുമായി ബന്യാമിന്റെ മുന്നില്‍ ചെന്നു പെട്ടു. നജീബിന്റെ അനുഭവങ്ങള്‍ ബന്യാമിന്റെ അനുഭവങ്ങളായി മാറി. നജീബും നോവലിസ്റ്റും തമ്മില്‍ ഒട്ടേറെ സാമ്യങ്ങളുണ്ട്. നജീബ് റിയാദില്‍ കാലുകുത്തുന്ന അതേദിവസമാണ് ( 1992 ഏപ്രില്‍ 4) ബന്യാമിനും ബഹറിനിലെത്തുന്നത്. അഞ്ചാം തരംമാത്രം വിദ്യാഭ്യാസമുള്ള നജീബാകട്ടെ ഗള്‍ഫിന്റെ മോഹനമുഖം സ്വപ്നം കണ്ടാണ് അവിടെയെത്തിയത്. നജീബിനും യാത്രയില്‍ കൂട്ടുകാരനായിക്കിട്ടിയ ഹക്കീമിനും റിയാദില്‍ തങ്ങളുടെ സ്പോണ്‍സറെ കണ്ടത്താനായില്ല. പകരം എത്തപ്പെട്ടത് മസറയുടെ ഉടമസ്ഥനായ ഒരു കാട്ടറബിയുടെ അധീനതയിലും. അറബാബ് തനിക്കായി എത്തിയ ജോലിക്കാരനെ തിരഞ്ഞു നടക്കുമ്പോള്‍ വിമാനത്താവളത്തില്‍ വച്ച് കണ്ടവനെ അപരനാണെന്നറിഞ്ഞിട്ടും മനപ്പൂര്‍വ്വം കൊണ്ടുപോവുകയായിരുന്നു.

May 9, 2011

അമ്മയ്ക്കൊരുദിനം

കാനഡ ഭൂഗോളത്തിന്റെ മറുവശത്താകയാല്‍ ഇന്ത്യയേക്കാള്‍ ഒരു ദിവസം വൈകിയാണ് അവിടെ മാതൃദിനം എത്തുക


അമ്മദിനമായ ഇന്ന് എന്റെ അമ്മയേയും ലോകത്തിലെ എല്ലാ അമ്മമാരേയും ഞാന്‍ നമിക്കുന്നു. അവര്‍ക്കു എന്‍റെ എല്ലാ പ്രാര്‍ത്ഥനകളും. അമ്മയുടെ ഓ൪മ്മയ്ക്കായി ഒരു ചുവന്ന റോസാത്തണ്ട്.
ഒരിക്കലും വീട്ടിത്തീരാത്ത കടമാണമ്മ. അമ്മയാണെല്ലാം. എല്ലാ ജീവജാലങ്ങള്‍ക്കും. മക്കളെ ഉപേക്ഷിച്ചുപോകുന്ന അച്ഛന്മാരുണ്ട്. ഒരമ്മയും മക്കളെ ഉപേക്ഷിച്ചുപോകില്ല. അമ്മയ്ക്കു പ്രണാമം. മെയ് മാസത്തിലെ രണ്ടാം ഞായറാഴ്ചയാണ് ഇവിടെ അമ്മദിനം. ചില രാജ്യങ്ങളില്‍ അത് വ്യത്യാസപ്പെടുന്നു.
സ്കൂളില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ ആഴ്ചയിലൊരിക്കലെങ്കിലും ഒരു സ്ത്രീ സ്കൂളില്‍ വരുമായിരുന്നു. ഇന്‍റെര്‍വെല്‍ ടൈം അവര്‍ക്കറിയാം. കയ്യില്‍ എന്തെങ്കിലുമൊരു പൊതിയുണ്ടാകും. തന്‍റെ മകനെ കാണുവാന്‍ വേണ്ടി അവര്‍ വരികയാണ്. അവരെക്കണ്ടാല്‍ ഞങ്ങള്‍ ഓടിച്ചെന്ന് ഷംസുവിനെ വിളിക്കും. കുറച്ചുനേരം കെട്ടിപ്പിടിച്ചു തലതടകി കരഞ്ഞുകൊണ്ട് ആ അമ്മ പോകും. ആ സ്ത്രീ ഇപ്പോള്‍ വേറൊരാളുടെ ഭാര്യയാണല്ലോ. ഈ കാര്യങ്ങളും ഇതുപോലുള്ള പല കാര്യങ്ങളുമോര്‍ത്ത് പണ്ട് ഞാനൊരുപാട് കരഞ്ഞിട്ടുണ്ട്. വിവാഹം കഴിഞ്ഞിട്ടും ഈ സങ്കടങ്ങള്‍ മാറിയില്ല‌. എനിക്കു കിട്ടിയ‌ പെണ്ണോ, അമ്മ‌യില്ലാതെ വ‌ള‌ര്‍ന്ന‌ ഒരു സ്ത്രീയും.

വലകള്‍ -കവിത


ഓരോ ഇഴയും

സൂക്ഷ്മമായി നെയ്ത്

ഇരയെക്കാത്ത് പതിയിരിക്കയാണത്...

കുട്ടിയുടെ മൃദുവായ കൈകള്‍

മൗസിലമര്‍ന്നു.

കാണാത്ത ലോകങ്ങള്‍

കേള്‍ക്കാത്ത ശബ്ദങ്ങള്‍

വലയിലൂടെ തെന്നി നീങ്ങാന്‍

എന്തുരസം...

ആലീസ് ഇന്‍ വണ്ടര്‍ലാന്റ്...

വലകള്‍ പെട്ടെന്ന് മുറുകി

ഇരപിടിയന്‍ ചാടിവീണു!

ഒന്നു നിലവിളിക്കാന്‍ പോലുമാകാതെ

നമ്മുടെ കുട്ടി.................





റംല മതിലകം

May 7, 2011

ആര്‍ട്ട് അറ്റാക്ക് - ഹ്രസ്വചിത്രം

കലകള്‍ സംസ്കാരത്തിന്റെ ഭാഗമാണല്ലോ. എന്നാല്‍, ഇത്തരം കലകള്‍ ഇന്ന് ഇല്ലാതായിക്കൊണ്ടിരിക്കുന്നു. കലകളുടെ നാശോന്മുഖത അടിസ്ഥാനമാക്കി തൃശൂരില്‍ നടന്ന മേഖലാതല അധ്യാപക ശാക്തീകരണത്തില്‍തയ്യാറാക്കിയ ഒരു മൊബൈല്‍ ഷോര്‍ട്ട് ഫിലിം ചുവടെ നല്‍കുന്നു.




May 5, 2011

ആടുജീവിതം എന്റെ ജീവിതം - ലേഖനം


പ്രിയ സുഹൃത്തുക്കളേ

പത്താംതരത്തിലെ പരിഷ്കരിച്ച മലയാളം പാഠപുസ്തകങ്ങളുടെ ഡിജിറ്റല്‍ കോപ്പി ഏവരും കണ്ടുകാണുമല്ലോ. അടിസ്ഥാനപാഠാവലിയുടെ അവസാനയൂണിറ്റായ അലയും മലയും കടന്നവര്‍ എന്നഭാഗത്ത് ബന്യാമിന്റെ 'ആടുജീവിതം' എന്ന നോവലിലെ ഒരദ്ധ്യായം ഉള്‍പ്പെടുത്തിയിട്ടുണ്ട്. വലിയ സ്വപ്നങ്ങളുമായി സൗദി അറേബ്യയില്‍ ജോലിയ്ക്കായി പോയി കബളിപ്പിക്കപ്പെട്ട്, മരുഭൂമിയിലെ ഒരു ആടുവളര്‍ത്തല്‍ കേന്ദ്രത്തിലെ ദാരുണസാഹചര്യങ്ങളില്‍ മൂന്നിലേറെ വര്‍ഷം അടിമപ്പണി ചെയ്യേണ്ടി വന്ന നജീബ് എന്ന മലയാളി യുവാവിന്റെ കഥയാണ്‌ ഈ കൃതി. നമുക്കിടയില്‍ ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴയില്‍ ഇപ്പോഴും ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ യഥാര്‍ത്ഥ അനുഭവങ്ങളെ ആധാരമാക്കിയുള്ളതാണ്‌ ഈ നോവല്‍.

കഥയിലെ ജീവിച്ചിരിക്കുന്ന നായകനുമായി അടുത്തയിടെ സ്ക്കൂള്‍ വിദ്യാരംഗം ബ്ലോഗ് ടീം സംസാരിക്കുകയുണ്ടായി. സൗദിയില്‍ വച്ച് താനനുഭവിച്ചതെല്ലാം ഈശ്വരന്റെ പരീക്ഷണങ്ങളായിരുന്നു എന്നുവിശ്വസിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെടുന്നത്. അറബാബിന്റെ 'മസറ'യില്‍ നിന്നുള്ള രക്ഷപെടലും നാട്ടിലേയ്ക്കുള്ള മടക്കവും തന്റെ രണ്ടാം ജന്മമായി നജീബ് കരുതുന്നു. ആരുടെയൊക്കെയോ പ്രാര്‍ത്ഥനയുടെ ഫലമാണ് തന്റെ തിരിച്ചു വരവെന്നും ആടുജീവിതത്തില്‍ നിന്നുള്ള തിരിച്ചുവരവ് താന്‍ പ്രതീക്ഷിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു. ഇനിയുള്ളകാലം നാട്ടില്‍ തന്നെ തൊഴില്‍ ചെയ്ത് ജീവിക്കാനാണ് താനിഷ്ടപ്പെടുന്നത്. ബന്യാമിനെ കാണാനിടയായതും അദ്ദേഹം തന്റെ കഥ ഇത്രവലിയ നോവലാക്കിയതും മറ്റൊരു ദൈവനിയോഗമായി നജീബ് കരുതുന്നു. ആര്‍ക്കോവണ്ടി വിധി കരുതിവച്ചിരുന്ന ദുരിതജീവിതം അനുഭവിച്ചുതീര്‍ക്കേണ്ടിവന്നതിനോടുള്ള അമര്‍ഷമോ വിധിയോടുള്ള പകയോ ഒന്നും അദ്ദേഹത്തിന്റെ വാക്കുകളില്‍ ഉണ്ടായിരുന്നില്ല. നജീബുമായുള്ള അഭിമുഖത്തിന്റെ വീഡിയോ ഉടന്‍തന്നെ സ്ക്കൂള്‍ വിദ്യാരംഗം ബ്ലോഗില്‍ പോസ്റ്റുചെയ്യുന്നതാണ്.