Pages

Oct 27, 2011

പഠനപ്രവര്‍ത്തനം - കായില്‍പേരില്‍ പൂമതിക്കുവോര്‍



കണ്ണൂര്‍ ഇലയാവൂര്‍ സി.എച്ച്.എം.എച്ച്.എസ്.എസ്സിലെ വി. എം. സുരേഷ് മാഷ് പത്താംതരം കേരളപാഠാവലിയിലെ നാലാം യൂണിറ്റിനുവേണ്ടി തയ്യാറാക്കിയ പഠനപ്രവര്‍ത്തനങ്ങള്‍ മുമ്പ് പോസ്റ്റുചെയ്തിരുന്നല്ലോ. ഈ യൂണിറ്റിലെ ആദ്യരണ്ടുപാഠങ്ങളായ വിണ്ട കാലടികള്‍, ഉതുപ്പാന്റെ കിണര്‍ എന്നിവയെ മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളായിരുന്നു അവ.
നാലാം യുണിറ്റിലെ ബാക്കിയുള്ള അടുത്തുണ്‍, കടലിന്റെ വക്കത്ത് ഒരു വീട് എന്നീ പാഠങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൂടി കൊടുക്കുന്നു. എല്ലാ അദ്ധ്യാപകസുഹൃത്തുക്കളുടെയും സഹകരണം പ്രതീക്ഷിക്കുന്നു.



Oct 25, 2011

മുഖമെവിടെ - ഹ്രസ്വചിത്രം



വയനാട് ജില്ലയിലെ മേപ്പാടി, അരപ്പറ്റ സി. എം. എസ്. എച്ച്. എസ്. എസിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ നിര്‍മ്മിച്ച ഹ്രസ്വചിത്രമാണ് 'മുഖമെവിടെ'. ഇരുചിറകുകളൊരുമയിലങ്ങനെ എന്ന യൂണിറ്റുമായി ബന്ധപ്പെട്ട് കുട്ടികള്‍ ഏറ്റെടുത്തുനടത്തിയ ഒരു പ്രവര്‍ത്തനത്തിന്റെ ഉല്പന്നമാണ് ഈ ഹ്രസ്വചിത്രം. എല്ലാ അമ്മമാര്‍ക്കുമായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജനീഷ കെ. ആണ്.

Oct 21, 2011

മാമ്പഴം വീഴുന്നീല - കവിത



ഒരു മാമ്പഴം പോലും അങ്കണത്തൈമാവില്‍ നി-
ന്നിനി വീഴുവാനില്ലാ കാത്തിരിക്കേണ്ടാ നമ്മള്‍
മുറ്റത്തെ മാവും വില കിട്ടിയാല്‍ കൊടുക്കുമെ-
ന്നത്രമേല്‍ പിടിവാശി നമുക്കായിരുന്നല്ലോ?
കണ്‍മുന്നില്‍ വച്ചാ മരം വേരോടേ പിഴുതെടു-
ത്തന്തരാത്മാവിന്‍ നടക്കല്ലില്‍ പൂങ്കുല തല്ലി,
ആര്‍‌ത്തലച്ചവര്‍ പോകേ എത്രയും നിസ്സംഗരായ്
നോക്കിനില്പായീ നമ്മള്‍ കല്ലുപോല്‍ കൈയും കെട്ടി!
മണ്ണില്‍ നിന്നുയരുന്നൂ ഉണ്ണി തന്‍ ചോദ്യം-"നിങ്ങള്‍
എന്തിനു കളഞ്ഞതാണെന്റെ മാമ്പഴക്കാലം?
ശാസിപ്പാന്‍ അരുതെന്നു ചൂണ്ടുവാന്‍ പോലും വയ്യാ-
പ്പാവകളായീ നിങ്ങള്‍ തല്ലുകൊള്ളാഞ്ഞിട്ടല്ലേ?”
"ഉണ്ണീ നീ പൊറുക്കേണം ഇല്ലിനി വസന്തങ്ങള്‍
മണ്ണിലും മനസ്സിലും മാധവം മരിച്ചുപോയ്
മാവു കൊണ്ടുപോയവര്‍ പൂമുഖത്തെത്തീ-കൈയ്യില്‍-
'മാംഗോഫ്രൂട്ടി'യും 'മാംഗോബൈറ്റു'മുണ്ടല്ലോ ഭാഗ്യം!”

വിനോദ് വി. സി.
ജി എച്ച് എസ് എസ് കോഴിച്ചാല്‍
കണ്ണൂര്‍
 

Oct 19, 2011

'തോരാമഴ' - കവിതാപഠനം


രുദിതാനുസാരിയാണ് കവിത. ആദ്യ കാവ്യം തന്നെ ശോകത്തെ പിന്തുടര്‍ന്നാണല്ലോ ഉണ്ടായത്. കരുണരസം മനുഷ്യമനസ്സിനെ മഥിയ്ക്കുന്നു. തന്റെ ആത്മാവിഷ്കാരം അനുവാചകനിലും സമാനഭാവം ഉളവാക്കുമ്പോഴാണ് കവിത വിജയിക്കുന്നത്. റഫീക്ക് അഹമ്മദിന്റെ തോരാമഴ ആസ്വാദകര്‍ നെഞ്ചോടുചേര്‍ത്തുവയ്ക്കുന്ന ഉള്ളുലയ്ക്കുന്ന അനുഭവമായി മാറുന്നു.
ഉമ്മുക്കുലുസു മരിച്ച രാത്രിയിലെ തീവ്രമായ ദുഃഖമാണ് 'തോരാമഴ'യായി പെയ്തിറങ്ങുന്നത്. ഉറ്റവരൊക്കെയും പോയിട്ട് ഒറ്റയ്ക്കായ ഉമ്മയുടെ ദുഃഖം. ഉമ്മയുടെ ദുഃഖം തീവ്രമായി നമ്മെ
കവി അനുഭവിപ്പിക്കുന്നു. ഉമ്മുക്കുലുസു തന്നെ തനിച്ചാക്കി പോയിഎന്നത് ഉള്‍ക്കൊള്ളാന്‍ പോലും ഉമ്മയ്ക്ക് ആവതില്ല. അല്പം ആശ്വാസം തോരാമഴയില്‍ നിന്ന് അവള്‍ക്ക് ലഭിക്കാന്‍ മണ്ണട്ടിമേലെ വില്ലൊടിഞ്ഞ പുള്ളിക്കുട നിവര്‍ത്തിവയ്ക്കുന്ന രംഗം പണ്ട് മാമ്പഴം മകനായി കൊണ്ടുവച്ച അമ്മയെപ്പോലെ മലയാളിയുടെ കണ്ണു നനയ്ക്കുന്നു.
മാതൃദുഃഖത്തിന്റെ വേദന
മകള്‍ തന്നെ വിട്ടുപോയ രാത്രിയില്‍ അമ്മ അനുഭവിക്കുന്ന ദു:ഖത്തിന്റെ തീവ്രത വാക്കുകളിലൂടെ അനുഭവിച്ചറിയാം, തോരാമഴ വായിയ്ക്കുമ്പോള്‍. ഉമ്മ തനിച്ചാണ് പുറത്തുനില്‍ക്കുന്നത്. ശൂന്യമായിത്തീര്‍ന്ന മുറ്റം. പണ്ട് ഉമ്മുക്കുലുസു നട്ട ചെമ്പകച്ചോടോളം വന്നുനിന്ന ഇരുട്ട് കൊച്ചുവിളക്കിന്റെ നേരിയ കണ്ണീര്‍വെളിച്ചം തുടച്ചുനില്‍ക്കുകയാണ്. കവിയുടെ പ്രതിഭാശക്തിയുടെ മിന്നലാട്ടം നമുക്ക് ഈ പ്രയോഗത്തില്‍ കാണാം. അപൂര്‍വവസ്തു നിര്‍മ്മാണ ക്ഷമമാണല്ലോപ്രതിഭ. ചിമ്മിനിക്കൊച്ചുവിളക്ക് എന്ന പ്രയോഗത്തിലൂടെ വ്യഞ്ജിക്കുന്ന കുട്ടിത്തം മാത്രമല്ല; വെളിച്ചത്തിന്റെ കണ്ണീര്‍ ഇരുട്ട് തുടയ്ക്കുന്നു എന്ന കല്പനയുടെ ഭംഗിയും കൂടി ആകുമ്പോഴാണ് അത് പൂര്‍ണമാകുന്നത്. ഉമ്മയുടെ ദുഃഖം സാന്ദ്രമാവുന്നു, ഈപ്രയോഗത്തിലൂടെ. പുള്ളിക്കുറിഞ്ഞിയുടെ 'നിസ്സംഗത' ദു:ഖത്തിന്റെ കാഠിന്യത്താലാണ് എന്ന് നമുക്ക് മനസ്സിലാവുന്നുണ്ട്. തന്റെ പ്രിയപ്പെട്ടവള്‍ ഇല്ലാതിരിക്കുന്നതുകൊണ്ടാവാം അത് ഉമ്മയെ തനിച്ചാക്കി കല്ലുവെട്ടാംകുഴിയിലേയ്ക്ക് പോകുന്നത്. കാറ്റ് അയക്കോലിലിട്ട അവളുടെ ഉടുപ്പ് തട്ടിനോക്കി തിരിച്ചുപോകുന്നു. ഉമ്മക്ക് വര്‍ദ്ധിതമാകുന്ന ദുഃഖവും ഒറ്റപ്പെടലും അനുഭവപ്പെടുത്തുന്ന പ്രയോഗങ്ങള്‍ തന്നെയാണിതെല്ലാം.

Oct 17, 2011

'കായിന്‍പേരില്‍ പൂ മതിക്കുവോര്‍' - യൂണിറ്റ് സമഗ്രാസൂത്രണം



മനുഷ്യബന്ധങ്ങളിലെ വൈകാരികതയുടെ മുഖങ്ങള്‍ അവതരിപ്പിക്കുന്ന നാലുപാഠങ്ങളാണ് 'കായിന്‍പേരില്‍ പൂ മതിക്കുവോര്‍' എന്ന നാലാം യൂണിറ്റിലുള്ളത്. മനുഷ്യബന്ധങ്ങളാണ് ജീവിതത്തിലെ നിലനില്പിനാധാരം എന്ന് ഈ യൂണിറ്റിലൂടെ കടന്നു പോകുമ്പോള്‍ കുട്ടികള്‍ മനസ്സിലാക്കേണ്ടതുണ്ട്. അതിന് ഉതകുന്ന പ്രവര്‍ത്തനങ്ങളാണ് ഈ സമഗ്രാസൂത്രണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഭൗതിക നേട്ടങ്ങള്‍ക്കപ്പുറം മനുഷ്യജീവിതത്തില്‍ വേറെയും അര്‍ത്ഥങ്ങളും ലക്ഷ്യങ്ങളുമുണ്ട് എന്ന് വളര്‍ന്നുവരുന്ന തലമുറ മനസ്സിലാക്കേണ്ടതുണ്ട്. 'ലോകത്തുള്ള സമ്പത്തെല്ലാം നേടിക്കഴിയുമ്പോള്‍ ആത്മാവുനഷ്ടപ്പെട്ടാല്‍ എന്താണു ഫലം' എന്ന് ഇന്നാരും ചിന്തിക്കാറില്ല. വിദ്യാലയവും വിദ്യാഭ്യാസരംഗവും ഈ മനോഭാവത്തിനനുഗുണമായി മാറിക്കൊണ്ടിരിക്കുന്നു. മക്കള്‍ എഞ്ചിനീയറാകണം, .ടി. പ്രോഫഷണലാവണം, നഴ്സാവണം, വിദേശത്തു പോകണം, പണം കുന്നുകൂട്ടണം, എന്നു ചിന്തിക്കുന്ന മാതാപിതാക്കളുടെ (അദ്ധ്യാപകരും ഉള്‍പ്പെടുന്ന) ലോകമാണിത്. ഇവിടെ ഉതുപ്പാന്‍മാര്‍ക്ക് എന്തുപ്രസക്തി എന്ന ചോദ്യം ഉയര്‍ന്നുവരാം.

Oct 14, 2011

അശാന്തിയുടെ നോവ് - കവിത



ഇതെന്റെ നോവാണ് കവിതയല്ല
നെഞ്ചിലെരിയുന്ന തീയാണ് ദുഃഖമല്ല
വെയിലേറ്റു വാടി തളര്‍ന്നു ഞാനീ-
മരുയാത്രയിലൂര്‍ദ്ധ്വന്‍ വലിക്കെ
ഒരു കുഴല്‍ വിളിയുടെ നാദമായ്..
വരുമോ
മഴവറ്റി, പുഴവറ്റി, കുളിര്‍കാറ്റുവറ്റി
മനുജന്റെ മനതാരിലാര്‍ദ്രതവറ്റി
നറുംപാല്‍ മണക്കുന്ന കുഞ്ഞിളം
ചുണ്ടിലെ പുഞ്ചിരി പോലും
വരണ്ടെങ്ങുപോയി...
ആരോ കരയുന്നു പിന്നില്‍
അരുമയാ കാറ്റോ നിലാവോ...
അമ്മയെ വേര്‍പെട്ടനാഥനായ്-
തീര്‍ന്നൊരാചോര പുതപ്പിട്ടകുഞ്ഞോ.....
ഒരുപിടി അവലിനായ് മാറാപ്പു-
മായി നിന്നമ്മ നടക്കുന്നിതഗ്നിനിയില്‍
വ്രത ശുദ്ധിവെളിവാക്കി മറുകര-
യിലെത്തുമ്പോഴന്ത്യ കര്‍മ്മം ചെയ്യൂ-
മകനേ....
കിളിയില്ല പാട്ടില്ല കുളിര്‍ കാറ്റുമില്ലയീ-
പെരുവഴിയില്‍ നാമേകരാണ്‍
ഒരു കണിക്കൊന്നയുടെ ചില്ല....
തേടിപ്പറന്നിടനെഞ്ചു പൊട്ടിയ
പൈങ്കിളി പെണ്ണേ....
ഇനി വരില്ലോണവും വിഷുവിമീ-
നാടിന്റെ ആത്മാവുകൂടിപ്പറന്നു
പോയോ...
കണ്ണോടുകണ്‍നോക്കി കരള്‍
പങ്കുവച്ചവര്‍
കരളിന്റെ പാതിയെ ഇരുളിന് വിറ്റവര്‍
പിരിയാതിരിക്കുവാനെന്നേക്കുമായി
കരം ചേര്‍ത്തുപിടിച്ചു പിരിഞ്ഞവള്‍
നമ്മള്‍
ഉള്ളിലെ അഗ്നി അണയ്ക്കുവാ-
നന്യന്റെ കണ്ണീരു വാറ്റി കുടിച്ചവന്‍
നമ്മള്‍.....
ഇരുളിന്റെ മൂലയില്‍ ആരെയോ-
പ്രാകി കിനാക്കണ്ടിരിക്കുന്നു വൃദ്ധര്‍
ഉമിനീരിനവസാന തുള്ളിയും നല്കി
മൃത്യുവരിക്കുന്നു പുഴകള്‍
അവസാന സ്പന്ദനം ബാക്കി
നില്‍ക്കുന്നൊരെന്‍ അമ്മതന്‍
രോദനം കേള്‍ക്കെ......
ഒരു കുഴല്‍ വിളിയുടെ നാദമായ്-
വീണ്ടുമാ കടമ്പിന്റെ ചോട്ടില്‍
നീ വരുമോ....
റോസമ്മ സെബാസ്റ്റ്യന് (സിനി)

എസ്.ജെ.എച്ച്.എസ്

ഉപ്പുതോട്, ഇടുക്കി

കട്ടപ്പന


 

Oct 12, 2011

തോരാമഴ - ആലാപനം, ദൃശ്യാവിഷ്കാരം

   കൈരളി ചാനലിന്റെ മാമ്പഴം കവിതാലാപന മത്സരത്തില്‍ ശര്‍മിള നടത്തിയ 'തോരാമഴ'യുടെ ആലാപനം വീഡിയോ

    മലപ്പുറം ആനമങ്ങാട് ഗവ. എച്ച്. എസ്. എസിലെ സതീഷ് കുമാര്‍ ആലപിച്ച് ദൃശ്യാവിഷ്കാരം നിര്‍വ്വഹിച്ച 'തോരാമഴ'യുടെ മറ്റൊരു വീഡിയോകൂടി.....

Oct 11, 2011

മഴ ശലഭങ്ങള്‍ - 'പ്രണയം' ഒരു കാഴ്ചക്കുറിപ്പ്


മൂന്നു വയസ്സുകാരന്‍ അച്ചുവിന്റെയും എട്ടു വയസ്സുകാരി അഞ്ജുവിന്റെയും കലപിലകള്‍ക്കിടയിലൂടെയെങ്കിലും ബ്ലസിയുടെ 'പ്രണയം' കണ്ടെടുത്തു. കണ്ടവസാനിച്ചപ്പോള്‍ തുടങ്ങി മനസ്സു നടത്തിയ കോലാഹലങ്ങളും കലഹങ്ങളും അടുക്കും ചിട്ടയുമില്ലാതെ പകര്‍ത്തിവയ്ക്കുകയാണ്. ചന്ദനവും മണ്ണും ചേര്‍ന്ന കളറില്‍ എഴുതിവന്ന ഇംഗ്ലീഷിലുള്ള പ്രണയവാക്യങ്ങളും പറന്നുപറ്റിച്ചേര്‍ന്ന ചിത്രശലഭവും തുടക്കത്തിലേ ശ്രദ്ധിച്ചിരുന്നു. ചിത്രം അവസാനിച്ചപ്പോള്‍ ഒരു ശലഭവും ചാറ്റല്‍ മഴയും മനസ്സില്‍ കുടിയേറിയിരുന്നു. അവര്‍ എന്നെ 'തൂവാനത്തുമ്പികളി'ലേയ്ക്കു കൊണ്ടുപോയത് സ്വഭാവികം. 'തൂവാനത്തുമ്പികളി'ല്‍ തുമ്പിയെ കണ്ട ഓര്‍മയില്ല.(ശ്രദ്ധക്കുറവാവാം) മഴ കണ്ടില്ലെങ്കില്‍ പിന്നെ അതു കണ്ടെന്നു പറഞ്ഞിട്ട് എന്തര്‍ത്ഥം? ശാരദക്കുട്ടിടീച്ചര്‍ എഴുതിയപോലെ ജയകൃഷ്ണന്റെ മനസ്സില്‍ മഴയായ് പെയ്യുന്ന ക്ലാരയെ നമുക്കു മറക്കാനാവില്ലല്ലോ.
തൂവാനത്തുമ്പികള്‍ - മഴത്തുമ്പികള്‍ എന്നല്ലേ അര്‍ത്ഥം? പ്രണയത്തിലുമുണ്ട് ഇടയ്കിടെ ഒരു മഴ...... ഗ്രേയ്സും (ജയപ്രദ) അച്യുതമേനോനും (അനുപംഖേര്‍) ആദ്യം കണ്ടു മുട്ടുമ്പോള്‍ മഴപെയ്തു. ചിരിച്ചു കൊണ്ടു മഴ നനയുന്ന അച്യുതമേനോനോട് ഒരു ഇഷ്ടം ഗ്രേയ്സിന് അപ്പഴേ തോന്നുന്നു. 'തൂവാനത്തുമ്പികളി'ല്‍ മഴ തനിയെ പെയ്തപ്പോള്‍ 'പ്രണയ'ത്തില്‍ പറഞ്ഞു പെയ്യിച്ചപോലെ തോന്നി. ബ്ലസിയും പത്മരാജനും തമ്മിലുള്ള വ്യത്യാസം അവിടെയാണ്.

Oct 8, 2011

സ്നേഹത്തുരുത്തുകള്‍ - മാധവിക്കുട്ടിയുടെ 'കടലിന്റെ വക്കത്ത് ഒരു വീട് ' പഠനം



തിരിച്ചറിയപ്പെടാത്തതോ തിരസ്കരിക്കപ്പെട്ടതോ ആയ സ്നേഹഗാഥകളാണ് മാധവിക്കുട്ടിയുടെ കഥകള്‍. സ്ത്രീയുടെ ജീവിതവും മനസ്സും ഉള്‍ക്കൊണ്ടുകൊണ്ടുള്ള അഗാധവും സൂക്ഷ്മവുമായ രചനകളാണ് മാധവിക്കുട്ടിയുടേത്. പ്രണയം, ദാമ്പത്യം, കുടുംബം, സമൂഹം എന്നിവിടങ്ങളിലെല്ലാം അസ്വതന്ത്രയായിത്തീരുന്ന പെണ്മയുടെ തനിമയാണ് ഈ കഥകള്‍ പങ്കുവയ്ക്കുന്നത്. നാഗരിക സാഹചര്യങ്ങളില്‍ സ്ത്രീജീവിതം ഏകാന്തവും ശൂന്യവും തിരസ്കൃതവുമാകുന്നത് മാധവിക്കുട്ടി ചിത്രീകരിക്കുന്നു. മാധവിക്കുട്ടിയുടെ കഥാപാത്രങ്ങള്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയമാകുന്നത് ആദര്‍ശത്തിന്റെ തൂവലുകള്‍ കൊഴിച്ചുകളഞ്ഞ് സത്യസന്ധമായി അവതരിപ്പിക്കപ്പെടുന്നതിനാലാണ്.
കേരളത്തിനു പുറത്തു ജീവിച്ച എഴുത്തുകാരാണ് കൂടുതലായും മലയാളസാഹിത്യത്തില്‍ ആധുനികതയ്ക്ക് മിഴിവുപകര്‍ന്നത്. എം. മുകുന്ദന്‍, സക്കറിയ, എം. പി. നാരായണപിള്ള, ആനന്ദ്, . വി. വിജയന്‍, മാധവിക്കുട്ടി എന്നിങ്ങനെയുള്ള നീണ്ടനിര ഇതിനുദാഹരണമാണ്. നഗരവല്‍ക്കരണത്തിന്റെയും വ്യവസായവല്‍ക്കരണത്തിന്റെയും ആവിര്‍ഭാവത്തോടെ നഗരജീവിതത്തിലെ ഒറ്റപ്പെടലിന്റെയും കൂട്ടംതെറ്റി മേയലിന്റെയും നേര്‍ക്കാഴ്ചകള്‍ കഥകളിലും നോവലുകളിലും വിഷയമായി മാറി. ഇത്തരം ജീവിതം പരിചയപ്പെടാനും അനുഭവിക്കാനുമുള്ള സാദ്ധ്യത കേരളത്തിനു പുറത്തു ജീവിച്ച എഴുത്തുകാര്‍ക്കാണ് കൂടുതലുമുണ്ടായത്.
ടി. പത്മനാഭന്റെയും എം. ടി. വാസുദേവന്‍നായരുടെയും മാധവിക്കുട്ടിയുടെയും കഥകള്‍ ആധുനികതയുടെ സവിശേഷമായ അന്തരീക്ഷം പങ്കുവയ്ക്കുമ്പോള്‍ ത്തന്നെ പലപ്പോഴും ഗൃഹാതുരസ്മൃതികള്‍ ഉണര്‍ത്തുകയും ഭാവസാന്ദ്രത പകരുകയും ചെയ്യുന്നു.

Oct 2, 2011

അശാന്തിപര്‍വ്വങ്ങള്‍ക്കപ്പുറം ആധുനികയുദ്ധപര്‍വ്വം- തുടരുന്ന വിഭവയുദ്ധങ്ങള്‍ ഭാഗം രണ്ട്



മതവും കോര്‍പ്പറേറ്റുകളും
അപ്പോള്‍ യുദ്ധം നാമൊക്കെ വിശ്വസിക്കുന്നതുപോലെ ആര്‍ക്കും ഉപകാരമില്ലാത്ത ഒരു കളിയല്ല. ഒരു അഞ്ഞൂറു കൊല്ലത്തെ യുദ്ധം മാത്രം പരിശോധിച്ചാലറിയാം ലോകത്ത് നിലവില്‍ നിന്ന എല്ലാ ഗ്രാമീണ വ്യവസ്ഥിതിയേയും തകര്‍ത്തെറിഞ്ഞുകൊണ്ട് യുദ്ധം യുദ്ധക്കൊതിയന്മാരുടെ നാഗരികത വളര്‍ത്തി. പതിനായിരക്കണക്കിനു വര്‍ഷങ്ങളായി ലോകജനതയുടെ ആചാരാനുഷ്ഠാനങ്ങള്‍ യുദ്ധം തകര്‍ത്തു. യുദ്ധക്കൊതിയന്മാരുടെ സംസ്കാരം അടിച്ചേല്‍പ്പിച്ചു. മതം യുദ്ധത്തിന്റെ കൂട്ടിക്കൊടുപ്പുകാരായി. യുദ്ധം നടന്ന രാഷ്ട്രങ്ങളിലെല്ലാം യുദ്ധ‌ത്തിന്റെ കൂടെ മതവും ചേര്‍ന്ന് യുദ്ധത്തില്‍ അടിമകളായ ജനതയെ വിജയികളുടെ മതത്തിലേക്ക് ചേര്‍ത്തു. ക്രിസ്തുമ‌തം ലോകത്തിലെ ഏറ്റവും വലിയ മതമായി മാറിയത് 500 കൊല്ലത്തെ കോളനിവാഴ്ചക്കാരുടെ യുദ്ധം കൊണ്ടുകൂടിയായിരുന്നുവല്ലോ. ഗസ്നിയും ഗോറിയും പടയോട്ടം നടത്തി ക്ഷേത്രങ്ങള്‍കൊള്ളയടിക്കുക മാത്രമായിരുന്നില്ല ചെയ്തത്, അവര്‍ ഭീകരത സൃഷ്ടിച്ച് ഹിന്ദുക്കളെ ഇസ്ലാമിലേക്ക് നിര്‍ബന്ധമായി മതപരിവര്‍ത്തനം നടത്തി അവരുടെ മതം വലുതാക്കി. എത്രയെത്ര ക്രൂരതകള്‍ക്ക് ചരിത്രം സാക്ഷിയാണ്.
പിഴുതെറിയപ്പെടുന്ന ജനത, സംസ്കാരങ്ങള്‍
19 നൂറ്റാണ്ടില് ബിട്ടീഷ് സാമ്പ്രാജ്യത്വം ലോകത്തിലെ മൂന്നിലൊന്ന് ജനതയെ കൈവശപ്പെടുത്തി അടിമകളാക്കിയതാക്കിയത് നമ്മള്‍ക്കറിയാം. വ്യവസായ വിപ്ലവത്തിന്റെ സാമ്പത്തിക മസിലുകള് ഉപയോഗിച്ച് ശക്തിയില്ലാത്ത രാഷ്ടങ്ങളെ അവര് കീഴടക്കി. യൂറോപ്പിലെ മറ്റു രാഷ്ടങ്ങളും അവരെക്കൊണ്ട് കഴിയുന്നതുപോലെ ഇത് തുടര്‍ന്നു.
സാമ്പ്രാജ്യത്വ നിര്‍മ്മാണ ഘട്ടത്തില്‍ വൈകിയെത്തിയ, 100 കൊല്ലം മുമ്പ് നടന്ന സ്പാനിഷ് അമേരിക്കന്‍ യുദ്ധത്തിലൂടെ ആധിപത്യമുറപ്പിച്ച അമേരിക്ക സാമ്പ്രാജ്യത്വ വേല തുടര്‍ന്നു. കരീബിയന്‍ കടലുകളില്‍ അവര്‍ കപ്പലോടിച്ചു, സ്വന്തം തടാകം പോലെ. പസഫിക് ദീപസമൂഹങ്ങള്‍ കീഴടക്കി.‍സ്പാനിയാഡുകള്‍ കയ്യടക്കിവച്ചിരുന്ന രാഷ്ടമായിരുന്നു ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍. ഭാരതത്തെപ്പോലെ അതിമഹത്തായ സംസ്കാരമുള്ള, മായന്‍ സംസ്കാരമുള്ള, രാജ്യങ്ങളായിരുന്നു ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍. അവര്‍ ക്രിസ്ത്യാനികളായിരുന്നില്ല. പോപ്പിന്റെ അനുവാദത്തോടെ സ്പാനിയാഡുകള്‍ അവരെ അടിമകളാക്കി. ഇന്ന് അവര്‍ക്ക് അവരുടെ പൂര്‍വ്വമത‌മറിയില്ല. എല്ലാവരും പോപ്പിന്റെ മതക്കാരാണ്. അവരുടെ ഭാഷയറിയില്ല, അവര്‍ സംസാരിക്കുന്നത് കോളനിവാഴ്ച‌ക്കാരുടെ ഭാഷയാണ്, സ്പാനിഷ്. ഞാന്‍ ഇവരുടെയെല്ലാം കൂടെ ജോലി ചെയ്തിട്ടുള്ളതുകൊണ്ട് ഇത് നന്നായി മനസ്സിലാക്കുവാന്‍ എനിക്ക് കഴിയുന്നു.

Oct 1, 2011

'ബ്രഹ്മാലയം തുറക്കപ്പെട്ടു' - തുള്ളല്‍പ്പാട്ട്


കൊല്ലം, മാസം, വര്‍ഷമതൊന്നും കൃത്യം പറയാന്‍ കഴിയുന്നില്ല
സ്വാതന്ത്ര്യത്തിന്നാശ മനസ്സില്‍ തീനാളം പോല്‍ പൊങ്ങിയ കാലം
'ക്ഷേത്രം' ജാതിമതങ്ങള്‍ക്കപ്പുറമായിത്തന്നെയുയര്‍ന്നുവരാനായ്
കേളപ്പന്റെ നേതൃത്വത്തില്‍ചോരതിളയ്ക്കും യുവാക്കള്‍ നിരന്നു.

ജാതിക്കോമരമാടിത്തുള്ളുംനാളുകളാണെന്നോര്‍ക്കുകവേണം
ജാതിലിങ്ങു താഴത്തുള്ളവര്‍ വിടിയെ കാണാന്‍ വീട്ടിലണഞ്ഞു
ജാതിമതങ്ങള്‍ എന്നെങ്ങാനും കേട്ടാല്‍ വിടിക്കരിശം കൂടും
മാനുഷരെല്ലാം ഈശ്വരമക്കള്‍ എന്ന പ്രമാണം കാക്കും പുരുഷന്‍.

പക്ഷെ, അച്ഛന്‍ ഈ വകയെല്ലാം ഉള്ളില്‍ കനലായ് കരുതും ഉഗ്രന്‍
കണ്ണില്‍ക്കണ്ടാലുണ്ടാകും പുകിലോര്‍ത്തു വിടി ഭയപ്പാടോടെ
ചങ്ങാതികളെ അച്ഛന്‍കാണാതൊളിപ്പിച്ചെങ്കിലുമൊടുവില്‍പ്പെട്ടു
പേടിച്ചൂടാല്‍ ഉരുകിയ വിടി സ്വയമൊരു പ്രതിമ കണക്കേയായി.

ഈഴവരാണെന്നുരിയാടീടാന്‍ പാവം വിടിക്കായതുമില്ല
എവിടെന്നാണ്, എതാണില്ലം, അതിഥികള്‍ ചോദ്യം ഉള്ളില്‍ കേട്ടു
നമ്പൂരിച്ഛന്മാരാണെന്നൊരു പോളിപറയാനായ് വിടിയുറച്ചു
പിന്നെപ്പൊന്തും ചോദ്യങ്ങള്‍ക്കായ്‌ ഉത്തരമില്ലാതടിമുടി വിറയായ്.

അതിനാല്‍ സത്യം ഉള്ളില്‍ നിന്നും തന്നെ പൊട്ടിച്ചിതറുകയായി
ഭൂമി പിളര്‍ന്നു, പാതാളക്കിണര്‍ വെള്ളം മുങ്ങിച്ചാവാന്‍വിധിയോ?!
തെല്ലിട നീണ്ട നിശബ്ദത മാറെ അച്ഛന്‍ ഗീതാ ശ്ലോകം ചൊല്ലി
അതിഥികളെല്ലാംബ്രാഹ്മണരല്ലേ.. അതിനാല്‍ നിങ്ങളുംമങ്ങനെതന്നെ.

കുടുമ,പ്പൂണൂല്‍ നൂലുമതല്ല, ബ്രാഹ്മണ്യത്തിന്‍ ലക്ഷണമറിക
ജ്ഞാനം കൊണ്ടും കര്‍മ്മം കൊണ്ടും വിശ്വപ്രേമം നേടും വിപ്രന്‍
ബ്രാഹ്മണശ്രേഷ്ഠന്‍ ഓതിയ വാക്കുകള്‍ സുന്ദരമായൊരു ലോകം തീര്‍ത്തു
ബഹുമാനത്താല്‍ അതിഥികളെല്ലാം തൊഴുകൈയോടെ നമിച്ചു പിരിഞ്ഞു.


അനിതാശരത്
മലയാളം അദ്ധ്യാപിക
ഗവ. ഹൈസ്ക്കൂള്‍, കാലടി
തിരുവനന്തപുരം