ഇത് ഒരു കവിതാലാപനവും ഒപ്പം ഒരു ദൃശ്യാവിഷ്കാരവും. ഗാന്ധാരീ വിലാപം എന്ന കവിതയ്ക്ക് എറണാകുളം ജില്ലയിലെ കരിമ്പാടം DDSHS ലെ കുട്ടികള്‍ തയ്യാറാക്കിയതാണ് ഈ വീഡിയോ. ഒരു പക്ഷെ ഇതിലെന്താണ് ഇത്ര വലുതായുള്ളത് എന്ന് നാം ചിന്തിച്ചേക്കാം. എന്നാല്‍, കുട്ടികളുടെ സൃഷ്ടി എന്ന നിലയില്‍ ഈ വീഡിയോയ്ക്ക് ധാരാളം മികവുകളുണ്ട്. നമ്മുടെ കുട്ടികളുടെ കഴിവുകള്‍ ഇവിടെ പ്രോത്സാഹിക്കപ്പെടണം. കൂടാതെ മറ്റു കുട്ടികള്‍ക്ക് ഇതൊരു പ്രയോജനവുമാകട്ടെ എന്ന് ആശംസിക്കുന്നു.
Pages
▼
Nov 30, 2011
ഇത് ഒരു കവിതാലാപനവും ഒപ്പം ഒരു ദൃശ്യാവിഷ്കാരവും. ഗാന്ധാരീ വിലാപം എന്ന കവിതയ്ക്ക് എറണാകുളം ജില്ലയിലെ കരിമ്പാടം DDSHS ലെ കുട്ടികള്‍ തയ്യാറാക്കിയതാണ് ഈ വീഡിയോ. ഒരു പക്ഷെ ഇതിലെന്താണ് ഇത്ര വലുതായുള്ളത് എന്ന് നാം ചിന്തിച്ചേക്കാം. എന്നാല്‍, കുട്ടികളുടെ സൃഷ്ടി എന്ന നിലയില്‍ ഈ വീഡിയോയ്ക്ക് ധാരാളം മികവുകളുണ്ട്. നമ്മുടെ കുട്ടികളുടെ കഴിവുകള്‍ ഇവിടെ പ്രോത്സാഹിക്കപ്പെടണം. കൂടാതെ മറ്റു കുട്ടികള്‍ക്ക് ഇതൊരു പ്രയോജനവുമാകട്ടെ എന്ന് ആശംസിക്കുന്നു.
Nov 21, 2011
കണ്ണീര്‍പ്പെയ്ത്തുകള്‍ - തോരാമഴ ഒരു പഠനം
പാരമ്പര്യത്തെയും പുതുമയേയും ഇഴചേര്‍ത്തുകൊണ്ട് ജീവിതാനുഭവങ്ങള്‍ക്ക് പുതിയ സാക്ഷ്യം രചിക്കുന്ന കവിയും ഗാനരചയിതാവുമാണ് റഫീക്ക് അഹമ്മദ്. ആഖ്യാനപരത റഫീക്കിന്റെ കവിതകളുടെ സവിശേഷതയാണ്. ആഖ്യാനത്തില്‍ നിന്നുടലെടുക്കുന്ന വാങ്മയചിത്രങ്ങള്‍ പലപ്പോഴും നൊമ്പരങ്ങളുടെ ശൃംഖലകളാകുന്നു. വാക്കുകള്‍ അനുഭവങ്ങളുടെ നേര്‍രേഖകളാകുന്നു.
പഴയ മാതൃകകളില്‍നിന്നും പുതിയ കവിത അതിലംഘനത്തിന്റെ കാഴ്ചയൊരുക്കുന്നു. നിസ്സംഗതയോടും നിര്‍മമതയോടും ലോകാവസ്ഥയെ പലകവികളും നോക്കികാണുമ്പോള്‍ അതില്‍നിന്നും ഭിന്നമായി അനുഭവങ്ങളുടെ സൂക്ഷ്മസ്ഥലികളെ റഫീക്കിന്റെ കവിതകള്‍ അടയാളപ്പെടുത്തുന്നു.
ഒരിക്കലും ഒടുങ്ങാത്ത മാതൃത്വത്തിന്റെ തീവ്രനൊമ്പരമാണ് റഫീക് അഹമ്മദിന്റെ തോരാമഴ. തന്റെ ഓമനമകളായ ഉമ്മുക്കുലുസുവിന്റെ മരണത്തില്‍ ഉമ്മയ്ക്കുണ്ടാവുന്ന തീഷ്ണവേദനയാണ് ഈ കവിതയില്‍ കോറിയിട്ടിരിക്കുന്നത്. മകളുടെ മരണമെന്ന യാഥാര്‍ത്ഥ്യത്തെ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ഉമ്മയുടെ മാനസികസംഘര്‍ഷവും ധര്‍മ്മസങ്കടവും അവരുടെ പെരുമാറ്റത്തില്‍ തെളിയുന്നു. യാഥാര്‍ത്ഥ്യത്തിനപ്പുറം ഭ്രാന്തമായ ദുഃഖമാണ് ഉമ്മയെ ഭരിക്കുന്നത്. പെട്ടെന്നുപെയ്ത പെരുമഴയില്‍ തന്റെകുഞ്ഞുമകള്‍ മണ്ണിനടിയില്‍ മരിച്ചുകിടക്കുകയല്ല, തനിച്ചുകിടക്കുകയാണ് എന്ന തിരിച്ചറിവാണ് ഉമ്മയെ മകളുടെ വില്ലൊടിഞ്ഞ പുള്ളിക്കുടയുമായി പള്ളിപ്പറമ്പിലേക്കോടാന്‍ പ്രേരിപ്പിക്കുന്നത്. അവിടെ പുതിയതായി വെട്ടിയ മണ്ണട്ടിമേല്‍ മകള്‍ നനയാതിരിക്കാന്‍ കുടനിവര്‍ത്തി വയ്ക്കുന്ന ഉമ്മയുടെ ദുഃഖത്തിന് മറ്റൊന്നും പകരമാവില്ല.
Nov 18, 2011
ആടുജീവിതം - വായനാഭിപ്രായം
'ആടു ജീവിത'ത്തെ വ്യത്യസ്ഥമായ രീതിയില്‍ നോക്കിക്കാണുകയാണ് അമേരിക്കന്‍ മലയാളിയായ ജെയിന്‍ മാത്യു മുണ്ടയ്ക്കല്‍.............
പ്രവാസി ജീവിതങ്ങളെക്കുറിച്ച് പലരും എഴുതിയിട്ടുണ്ട്. എന്നാല്‍ ‘ആടുജീവിത’ത്തെപോലെ ഇത്ര വസ്തുനിഷ്ടമായ വിവരണം വേറെ വായിച്ചിട്ടില്ല. വായനക്കാരനെ ആടായി മാറ്റുന്നു. നജീബിന്‍റെ വേദനകള്‍ സ്വന്തം വേദനകള്‍ ആയി മാറുന്നു. നാം അനുഭവിക്കാത്ത ജീവിതം നാം അനുഭവിക്കുന്നു. ഇത് വെറും കെട്ടുകഥയല്ല. പ്രവാസ ജീവിതത്തിന്‍റെ മണല്‍പ്പരപ്പില്‍ നിന്നും രൂപം കൊണ്ട മഹത്തായ ഒരു സാഹിത്യ ശില്‍പ്പമാകുന്നു.
ശ്രീ. ബെന്യാമീന്‍റെ ‘ആടുജീവിതം’ എന്ന നോവലിന്‍റെ മുഖക്കുറിയില്‍ മാനേജിംഗ് എഡിറ്റര്‍ ശ്രീ. കൃഷ്ണദാസ് തന്‍റെ കഴിഞ്ഞകാല അറേബ്യന്‍ ജീവിതത്തെ അനുസ്മരിക്കുന്നുണ്ട്. അദ്ദേഹത്തിന്‍റെ ‘വെളുത്ത അറബികളും’, ‘കറുത്ത അറബികളും (കാട്ടറബികള്‍)’ എന്നുള്ള തരം തിരിവ് ശരിയാണോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. അറബി രാജ്യത്തെ ‘പ്രജ’കളും, ‘ബഡു’ക്കളും (നാടോടികള്‍) എന്ന തരം തിരിവ് ആയിരിക്കും കുറച്ചു കൂടി അഭികാമ്യം എന്നാണ് എന്‍റെ പക്ഷം. എന്തായാലും ‘അടിമ വേല ചെയ്യിക്കല്‍’ അറബികളുടെ മാത്രം കുത്തക അല്ലാ എന്നാണ് ചരിത്രം പരിശോധിച്ചാല്‍ നമുക്കു മനസ്സിലാകുന്നത്. ലോകത്തെല്ലായിടത്തും അതിന്‍റെ നേര്‍പകര്‍പ്പുകള്‍ ഇന്നും കാണാവുന്നതാണ്. പണവും, ബുദ്ധിയും, ശക്തിയുമുള്ള ആളുകള്‍ അതില്ലാത്തവരെ അടിമകളാക്കുന്നു. ചില ‘നപുംസകങ്ങള്‍’ അതിന് ചൂട്ടു പിടിക്കുന്നു. ട്രാവല്‍ ഏജന്‍റ്മാരായും, വിസാ കച്ചവടക്കാരായും നിന്ന് സ്വസഹോദരങ്ങളെ അടിമച്ചന്തയില്‍ വില്‍ക്കുന്നു. സര്‍ക്കാരുകളും, മന്ത്രിമാരും, ഉദ്യോഗസ്ഥരും കൈക്കൂലി വാങ്ങി മൌനാനുവാദം കൊടുക്കുന്നു. ‘ചവിട്ടിക്കയറ്റി’ നിയമങ്ങളെ അസാധുവാക്കുന്നു....
Nov 16, 2011
കാഴ്ചയ്ക്കപ്പുറം - കഥ
ഒരു തണുത്ത വെളുപ്പാന്‍കാലത്ത് ഷാര്‍ജ ഏര്‍പ്പോര്‍ട്ടിലേക്ക് പറന്നിറങ്ങുമ്പോള്‍ ഒരു പത്തുവയസ്സുകാരിയുടെ മനസ്സായിരുന്നെനിക്ക്. പറന്നിറങ്ങിയ വിമാനത്തിലിരുന്ന് കൗതുകത്തോടെ നോക്കുന്ന എന്റെ കണ്‍മുന്നില്‍ ആയിരക്കണക്കിന് ലൈറ്റുകള്‍ മിന്നിമറയുന്നു.... വീടുകള്‍ക്കു മുന്നില്‍ തൂക്കുന്ന നക്ഷത്രവിളക്കുകളെ കൊതിയോടെ നോക്കിനില്‍ക്കുന്ന ക്രിസ്തുമസ് രാത്രികളാണ് എനിക്കപ്പോളോര്‍മ്മവന്നത്. ഇച്ചായന്റെ കൈയ്യും പിടിച്ച് ദുബായിലെ കാഴ്ചകള്‍കണ്ടു നടക്കാന്‍ തുടങ്ങിയിട്ട് ഒരാഴ്ചയില്‍ കൂടുതലായെങ്കിലും എനിക്കെല്ലാം വിസ്മയങ്ങളായിരുന്നു... ഗുല്‍മോഹര്‍ മരങ്ങള്‍ പൂത്തിനില്‍ക്കുന്ന പാതയോരങ്ങള്‍ക്കിരുവശവും സുന്ദരികളായ പുഷ്പങ്ങള്‍ നമ്മേനോക്കി പുഞ്ചിരിക്കുന്നു.... എന്നു പറഞ്ഞു കടന്നുപോയ വര്‍ണ്ണാഭമായ കഴ്ചകള്‍ക്കപ്പുറം ചുട്ടുപൊള്ളിക്കുന്ന ചൂടും... ഒരു പ്രദേശത്തെയാകമാനം വഹിച്ചുകൊണ്ടുപോകുന്ന മണല്‍ക്കാറ്റുമെല്ലാം... പതിയെ പതിയെ എന്നെ അലോസരപ്പെടുത്തി....
സാമ്പത്തികമാന്ദ്യം അത്യുച്ചാവസ്ഥയില്‍ എത്തിയ സമയമായിരുന്നു അന്ന്. ദുബായുടെ മധുചഷകങ്ങള്‍ക്കുമപ്പുറം മറ്റൊരു ലോകത്തെ ഞാന്‍ തിരിച്ചറിയുകയായിരുന്നു... വീശിയടിക്കുന്ന മണല്‍ക്കാറ്റുകളില്‍ ഒട്ടകങ്ങള്‍ക്കു മറപറ്റിനിന്ന് ജീവിതത്തിന്റെ നൂല്‍നൂല്‍ക്കുന്ന സഹോദരന്മാര്‍, ചുട്ടുപഴുത്ത പാതയോരങ്ങളില്‍ തൊഴിലന്വേഷണത്തിനവസാനം കുഴഞ്ഞുവീണു കിടക്കുന്ന ചെറുപ്പക്കാര്‍... ഇത്തരം കാഴ്ചകളൊക്കെ കണ്ട് മനസ്സല്പം വേദനിച്ചിരുന്ന ഒരു ദിവസമാണ് ഞാനാകാഴ്ച കണ്ടത്. കാലത്ത് ഓഫീസില്‍പ്പോയ ഭര്‍ത്താവിന്റെ വരവ് വൈകിട്ടഞ്ചുമണിയോടടുത്താകും എന്നു നന്നായറിയാമായിട്ടും ഞാന്‍ പുറത്തേയ്ക്കിറങ്ങി വെയിലിന്റെ കാഠിന്യം തീര്‍ത്തും മാറിയിട്ടില്ല. ശീതീകരിച്ച മുറിക്കുള്ളിലെ മടുപ്പ് അത്രയ്ക്കു അസഹ്യമായപ്പോഴാണ് മകളുടെ കൈയ്യും പിടിച്ച് പുറത്തേയ്ക്കിറങ്ങിയത്.
തലയില്‍ മനോഹരമായ കെട്ടുകെട്ടി വൈള്ളക്കുപ്പായങ്ങളുമിട്ട് നടന്നുപോകുന്ന അറബികളെ നോക്കിനില്‍ക്കുമ്പോള്‍ എനിക്കു തോന്നി അവരുടെ നടത്തത്തില്‍പോലും മനോഹരമായൊരു താളമുണ്ടെന്ന് റാസല്‍ മേഖലയിലെ മലയാളി സമാജത്തിനടുത്തായി അറബികളുടെ ഒരു പള്ളിയുണ്ട്. അവിടേയ്ക്ക് ആളുകള്‍ വാഹനങ്ങളില്‍ പോകുന്നത് ഞാന്‍ താമസിച്ചിരുന്ന വീടിനു മുന്നിലുള്ള മുള്‍ച്ചെടിച്ചോട്ടിലിരിക്കുമ്പോള്‍ എനിക്കു കാണാമായിരുന്നു. ഈന്തപ്പനകളും ഗുല്‍മോഹര്‍ മരങ്ങളും നിറഞ്ഞുനില്‍ക്കുന്ന പാതയോരങ്ങളുണ്ടെങ്കിലും ആ നാട് അകവും പുറവും പൊള്ളിനില്‍ക്കുകയായിരുന്നു. അടുത്ത വില്ലയില്‍ താമസിക്കുന്ന ചേച്ചി നീട്ടിയ മലയാളപത്രം ആര്‍ത്തിയോടെ വായിക്കുമ്പോള്‍ കിട്ടിയ ആശ്വാസം വാക്കുകള്‍ക്കതീതമായിരുന്നു. നാട്ടിലെ വിശേഷങ്ങളിലൂടെ കണ്ണോടിച്ച് സാമ്പത്തിക മാന്ദ്യത്തിന്റെ ഉച്ചസ്ഥായില്‍ എത്തിയപ്പോഴാണ് മകളെന്നെ വിളിച്ചത്.
Nov 13, 2011
ബോംബ് - കഥ
"ഉയ്യെന്റെ റബ്ബെ എന്തായീ കാണ്ന്നത്.."കുഞ്ഞാമിനുമ്മ മാറത്തടിച്ച് നിലവിളിച്ചു. നാദാപുരത്തങ്ങാടിയില്‍ നിന്നും മരുമോള്‍ക്കുള്ള സാരിയും തുണിത്തരങ്ങളും മറ്റും വാങ്ങി വന്നതായിരുന്നു കുഞ്ഞാമിനുമ്മ. കൊണ്ടുവന്ന ഗീതാഞ്ജലി ടെക്സ്റ്റയില്‍സിന്റെ കവറില്‍ നിന്നും സാരിയും മറ്റുമെടുത്ത് അലമാരയില്‍ വയ്ക്കാനൊരുങ്ങുമ്പോഴാണ് പൊതിഞ്ഞുകെട്ടിയ ഒരു സാധനം കവറില്‍ നിന്ന് മേശപ്പുറത്തേക്ക് വീണത്. ഇങ്ങനൊരു പൊതി ഞാന്‍ വാങ്ങീട്ടില്ലല്ലോ! അവര്‍ ഓര്‍ത്തു നോക്കി. ഹേയ്, ഇല്ല. ആകെ വാങ്ങിയത് കുറച്ച് തുണിത്തരങ്ങള്‍ മാത്രമാണ്.
"ന്റ്യുമ്മോ.." കുഞ്ഞാമിനുമ്മ നിന്ന നില്‍പ്പില്‍ ഒന്ന് ചാടിപ്പോയി. ഇന്നലെ രാത്രി മകള്‍ റാഫിയയുടെ ഭര്‍ത്താവ് സലാമിനൊപ്പം വന്ന മുസല്യാര്‍ പറഞ്ഞ കാര്യം കുഞ്ഞാമിനുമ്മയുടെ മനസ്സില്‍ കൊള്ളിയാന്‍ പോലെ മിന്നി.
"ചില ആളുകള് നമ്മള്‍ക്കെതിരെ തയ്യാറെട്ക്ക്ന്ന്ണ്ട്. നമ്മളറിയാണ്ട് നമ്മള്ടെ വീട്ടില് ഓര് ബോംബ് കൊണ്ടോന്ന് വയ്ക്കും"
മുസല്യാര്‍ കോലായിലിരുന്ന് മരുമോനോട് പറയുന്നത് വാതിലിന് പിന്നില്‍ മറഞ്ഞ് നിന്നാണ് കുഞ്ഞാമിനുമ്മയും, മകള്‍ റാഫിയയും കേട്ടത്. അവര്‍ നെഞ്ചത്ത് കൈ വച്ചു പോയി.മകള്‍ റാഫിയക്കൊപ്പമാണ് കുഞ്ഞാമിനുമ്മ രാവിലെ നാദാപുരത്തങ്ങാടിയിലേക്ക് പോയത്. ചുരിദാറും മറ്റും വാങ്ങിക്കൊടുത്ത് അവളെ പുതിയാപ്ലേന്റെ വീട്ടിലേക്ക് എടച്ചേരിക്കുള്ള ബസ്സില്‍ കയറ്റിവിട്ടാണ് അവര്‍ ഗംഗാധരന്‍ ചെട്ട്യാരുടെ 'ഗീതാഞ്ജലി' ടെക്സ്റ്റയില്‍സില്‍ കയറിയത്. തനിക്കും മരുമോള്‍ നസീമയ്കും കൂടെ കുറച്ച് തുണിത്തരങ്ങള്‍ വാങ്ങണം. അവള്‍ ഇന്ന് വൈകുന്നേരം വരും. മകന്‍ ജബ്ബാര്‍ ഗള്‍ഫില്‍ നിന്ന് അയച്ച് തന്ന കാശ് കൊണ്ട് മരുമോള്‍ക്കൊന്നും വാങ്ങാതിരുന്നാല്‍ അത് ചിലപ്പോള്‍ പുകിലാവും. ചെട്ട്യാരുടെ തുണിക്കടയില്‍ കയറുമ്പോള്‍ തലേ ദിവസം രാത്രി മുസല്യാര്‍ പറഞ്ഞ കാര്യം ഓര്‍മ്മയില്‍ ഉണ്ടായിരുന്നു എങ്കിലും 'ചെട്ട്യാരൊരു പാവാണ്. അയ്യാളങ്ങനൊന്നും ചെയ്യില്ല' എന്ന വിശ്വാസമായിരുന്നു. പണ്ടു മുതല്‍ക്കേയുള്ള പരിചയക്കാരനാണ് ചെട്ട്യാര്‍. പോരെങ്കില്‍ ചെട്ട്യാരുടെ കടയില്‍ വിലയും കുറവാണ്.
Nov 6, 2011
'മലയാളി'വളരുന്നു - കവിത
വെട്ടമോ ഒച്ചയനക്കമോ ഇല്ലാത്ത
സ്വപ്നങ്ങളില്ലാത്ത നൊമ്പരക്കൂട്ടിലെ
'താരകക്കുഞ്ഞായ്' നീ കടന്നു വന്നു!
പുഞ്ചിരി കൊഞ്ചലും കൊച്ചരിപ്പല്ലും
പിച്ചവെയ്ക്കുന്ന പിടിവാശിയും
'കനവും' 'വെളിച്ചവും' കൊണ്ടുവന്നു!
കളിയുടെ കാലത്തേ പഠനം തുടങ്ങി നീ
കളിയ്ക്കൊപ്പം കാര്യവും കാര്യക്ഷമമാക്കി
'അറിവിന്റെ വഴിയില്‍' നീ വളര്‍ന്നു!
കൂട്ടുകാരില്ലാത്ത അയല്‍പക്കമില്ലാത്ത
ബന്ധുക്കളില്ലാത്ത ബന്ധങ്ങളില്ലാത്ത
'സ്വര്‍ണ്ണത്തിന്‍' കൂട്ടിലേ നീ വളര്‍ന്നു!
വേണ്ടാത്ത വാക്കില്ല വിലകെട്ട കൂട്ടില്ല
വിലയില്ലാ 'കലയോ' 'കളിയോ' ഇല്ല
'ശുക്രനക്ഷത്രമായ് 'നീ വളര്‍ന്നു!
'മലയാളമറിയാത്ത' മാനമുണ്ട്
'അന്യര്‍' തന്‍ നാട്യം നടപ്പിലുണ്ട്
'സ്വപ്നത്തിനപ്പുറം' നീ വളര്‍ന്നു!
സംസ്ക്കാരം പ്രാകൃതാവസ്ഥയായ് മാറി
നാടു കടക്കുവാന്‍ വെമ്പലേറി
'മാറ്റത്തിലൂടെ' നീ വളര്‍ന്നു!
അക്കങ്ങളെണ്ണുവാനാവാത്ത പോല്‍
ആറക്കം എട്ടക്കവും കടന്ന്
'സീമ'കടന്ന് നീ വളര്‍ന്നു!
ഒരു ചാണ്‍ വയറിനെ പോറ്റുവാനായ്
പൊയ്ക്കാലിലഭ്യാസം കാട്ടുവോനേ
'ഉയരത്തിലുയരത്തില്‍' നീ വളര്‍ന്നു!
താഴേക്കു കണ്ണുകള്‍ പാളുന്നതേയില്ല
ഉയരത്തിലുയരത്തില്‍ പാറി പറന്നു നീ
'അകലങ്ങള്‍ കൂട്ടുവാന്‍'നീ വളര്‍ന്നു!
പരിചാരകാല്‍ പരിസേവ്യരാക്കി
അംബരം ചുംബിക്കും മാളികയില്‍
'കണ്‍കണ്ട ദൈവത്തെ'നീ വളര്‍ത്തി!
സ്നേഹവാക്കോതുവാന്‍ നേരമില്ലാതെ
കോടീശ്വരരില്‍ മുന്‍പനാവാന്‍
'ഓടിത്തളര്‍ന്നും' നീ വളര്‍ന്നു!
വെട്ടമോ ഒച്ചയനക്കമോ ഇല്ലാത്ത
സ്വപ്നങ്ങളില്ലാത്ത നൊമ്പരക്കൂട്ടിലെ
'നീറുന്നവേദനയായ്' വളര്‍ന്നു!
വീടിന്റെ ഓമന!നാടിന്റെ താരകം!
രാജ്യത്തിന്നുത്തമ പൗരനും നീ!
മലയാളി വളരുന്നു! മലയാളം വളരുന്നു!
കേരളം വളരുന്നു! വലുതാവുന്നു!
ആര്‍.ബീന.
ഗവണ്മെന്റ്.എച്ച്.എസ്സ്.
മണീട്.