Pages

Dec 29, 2011

ചോദ്യബാങ്ക് - പത്താം തരം



എസ്.എസ്.എല്‍.സി. പരീക്ഷ അടുത്തുവരികയാണല്ലോ. പരമാവധി പഠനപ്രവര്‍ത്തനങ്ങള്‍ കുട്ടികളില്‍ എത്തിക്കുക എന്നതാണ് ഇനിവരുന്ന ദിവസങ്ങളില്‍ നാം നേരിടുന്ന വെല്ലുവിളി. ഇതിനൊരു സഹായമെന്ന നിലയില്‍ രണ്ടാംടേം പരീക്ഷയ്ക്കായി വിവിധ ജില്ലകളില്‍ ഉപയോഗിച്ച ചോദ്യപ്പേപ്പറുകള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതിനായി പല അദ്ധ്യാപകസുഹൃത്തുക്കളും അയച്ചുതന്നിട്ടുണ്ട്. തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട്, കാസര്‍കോഡ് ജില്ലകളിലെ പത്താം തരം ചോദ്യപ്പേപ്പറുകള്‍ ലഭിച്ചിട്ടുണ്ട്. അവയാണ് ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചോദ്യപ്പേപ്പര്‍ അയച്ചുതന്ന അദ്ധ്യാപകസുഹൃത്തുക്കളോട് പ്രത്യേകം നന്ദി അറിയിക്കുന്നു. അതോടൊപ്പം മറ്റുജില്ലകളിലെ ചോദ്യപ്പേപ്പറുകളും അയച്ചുതന്ന് സഹകരിക്കുവാന്‍ എല്ലാ അദ്ധ്യാപക സുഹൃത്തുക്കളോടും അഭ്യര്‍ത്ഥിക്കുന്നു.

തിരുവനന്തപുരം  
(അയച്ചുതന്നത് ശ്രീമതി അനിത ശരത്)
ആലപ്പുഴ 
(അയച്ചുതന്നത് ശ്രീ എന്‍. മുരാരി ശംഭു)
കോഴിക്കോട്  
(അയച്ചുതന്നത് ശ്രീ ബാലകൃഷ്ണന്‍ മൊകേരി)
കാസര്‍കോഡ് 
(അയച്ചുതന്നത് ശ്രീ രമേശന്‍ പുന്നത്തിരിയന്‍)

Dec 25, 2011

ദുഃ?സ്വപ്നം - കവിത


ദു:?സ്വപ്നം

നിലാവില്‍
സ്വപ്നത്തില്‍ നനഞ്ഞ ഓര്‍മ്മകള്‍
കാലമാപിനികള്‍ ചലനമറ്റ
നിശീഥിനിയുടെ ജീവസരോവരത്തില്‍
നീന്തി, അക്കരെച്ചേര്‍ന്നു.

ചാന്ദ്ര വെളിച്ചത്തിലൊളിമങ്ങിയ-

നേരുകള്‍, ചെതുമ്പലുകള്‍ പോലെ,
ചേതനയറ്റ് അവിടവിടെ
പറ്റിച്ചേര്‍ന്നിരുന്നു.

കാലത്തിന്റെ ചെരങ്ങിന്‍ പൊറ്റകളിത് ...!

കൊടുവാള്‍ വായരികില്‍,
എന്നോ പിടഞ്ഞൊടുങ്ങിയ
ജീവന്റെ തിരുശേഷിപ്പായ് ,
ഒരു പെരും പൊറ്റയായ് ,
ഉണങ്ങിപ്പിടിച്ച കരി നിണം -
വാത്മീകം പോലെ ...!!!

അതില്‍ നിന്നുയരുന്നുവോ

രാമ മന്ത്രം ? !!

ചെകിടോര്‍ത്തു...


രാമ മന്ത്രത്തിന്‍ ശീതളിമയില്ലിതിനു,
ഭൌമ ഗര്‍ഭത്തില്‍,
തിളച്ചുമറിയുന്ന ശിലാദ്രവത്തിന്‍
ചെകിടടിപ്പിക്കും മൂളിച്ച...!!!
ക്ഷണികമാത്രയില്‍ പ്രപഞ്ചം ചുട്ടൊടുക്കുന്ന
മഹാ വിസ്ഫോടനത്തിന്‍ മുന്നറിവ്...!!!

ഭയന്ന് , കാതുകള്‍ പിന്‍വലിച്ച് ,

ജീവ സരോവരത്തില്‍ നീന്തി,
ഓര്‍മ്മകള്‍ മനഃക്കൂടണഞ്ഞപ്പോഴേക്കും ,
കിഴക്ക് വെള്ള കീറിയിരുന്നു .
ഒന്നുമറിയാത്ത പോലെ...!!!

Dec 22, 2011

കുഞ്ഞുകഥകള്‍




നിരോധനം

അവള്‍ അയാളുടെ ജീവിതത്തിലേയ്ക്ക് കടന്നുചെല്ലുമ്പോള്‍ അവിടമാകെ അലങ്കോലപ്പെട്ടു കിടക്കുകയായിരുന്നു. അടുക്കുംചിട്ടയും വരുത്തി അവിടെയൊരു പൂങ്കാവനം അവള്‍ തീര്‍ത്തു. പക്ഷെ അയാളുടെ സ്വാതന്ത്ര്യത്തിലേയ്ക്ക് കയറിച്ചെല്ലാന്‍കഴിഞ്ഞില്ല. അവള്‍ക്കു കടക്കാനാകാത്തവിധം ഒരു കോട്ട അയാള്‍ കെട്ടിപ്പൊക്കിയിരുന്നു. വാതിലില്ലാത്ത ഒരു കോട്ട.

ഉപകാരം

ഹോ...! സമാധാനമായി. പോട്ടെ. പോയി തുലയട്ടെ. ഇങ്ങനെയുണ്ടോ ഒരു നാശം? വയസ്സായി. എവിടെയെങ്കിലും കിടന്നു ചാവട്ടെ. കൂടെവരാന്‍ഭാവിച്ചപ്പോള്‍ അടിക്കാനൂരിയ ബെല്‍റ്റും മറന്നു. പത്തുരണ്ടായിരം രൂപാ വിലയുള്ളതാ....തിരികെപ്പോയാലോ..ഒന്നുരണ്ടു കിലോമീറ്റര്‍ പോണം. സാരമില്ല. അയാള്‍ കാര്‍ തിരിച്ചുവിട്ടു. അപ്പോള്‍, അയാള്‍ ഉപേക്ഷിച്ചു പോയ നായ ബെല്‍റ്റും കടിച്ചുപിടിച്ച് അയാള്‍ പോയവഴിയേ ഓടുകയായിരുന്നു.



അനിതാശരത്
മലയാളം അധ്യാപിക
ഗവ. ഹൈസ്കൂള്‍ കാലടി
തിരുവനന്തപുരം.



Dec 14, 2011

മഞ്ഞവെയിലിലെ മായാസ്മരണകള്‍ - ബന്യാമിന്‍ എഴുതിയ 'മഞ്ഞവെയില്‍ മരണങ്ങള്‍'എന്ന നോവലിന്റെ വായനാനുഭവം


മറ്റുചില പുസ്തകങ്ങളന്വേഷിച്ച് എറണാകുളത്ത് കോണ്‍വെന്റ് ജംഗ്ഷനിലെ കറന്റ് ബുക്സില്‍ എത്തിയ എന്റെ കണ്ണുകള്‍ ഒരു നിയോഗം പോലെ 'മഞ്ഞവെയില്‍ മരണങ്ങള്‍' എന്ന നോവലില്‍ ഉടക്കിനിന്നു. 'ബെന്യാമിന്‍' എന്ന കര്‍ത്തൃനാമമാണ് അതിനു കാരണം. കഴിഞ്ഞ കുറെ ദിവസങ്ങളായി പത്താം ക്ലാസ്സില്‍ 'ആടുജീവിത'വും ബന്യാമിനുമൊക്കെ തകര്‍ത്താടുകയായിരുന്നു. ബ്ലോഗിലെ പുതുമുഖം ശ്രീ ജയിന്‍ മാത്യു തന്റെ പോസ്റ്റ് മോര്‍ട്ടത്തിലൂടെ കണ്ടെത്തിയ പരിപ്പുകളും കുറിപ്പുകളും ആവനാഴിയില്‍ കരുതി ക്ലാസ്സിലെത്തിയ ഞാന്‍ തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു. അപൂര്‍വ്വമായി ലഭിക്കുന്ന ആത്മസംതൃപ്തിയുടെ ആവേശത്തില്‍ ബുക്സ്റ്റാളില്‍ എത്തുമ്പോള്‍ എന്നെ കാത്തിരിക്കുന്നതുപോലെ മുന്‍നിരയിലിരിക്കുന്ന 'മഞ്ഞവെയില്‍ മരണങ്ങളു'ടെ വര്‍ണ്ണാഭമായ പുറംചട്ട എന്നെ പിടിച്ചുനിര്‍ത്തി.
പുസ്തകവും വാങ്ങി മൂവാറ്റുപുഴയ്ക്കുള്ള ദീര്‍ഘദൂരപ്രയാണം ആരംഭിച്ചപ്പോള്‍ ഞാന്‍ 'ഉദയംപേരൂരില്‍' (നോവലിന്റെ ആദ്യഭാഗം) ദൃഷ്ടിയുറപ്പിച്ചിരുന്നു. അലസമായി ഒന്നു മറിച്ചുനോക്കാനായി ആരംഭിച്ച എന്റെ വായന സ്ഥലകാലസ്മരണകള്‍ ലംഘിച്ചുകൊണ്ട് മുന്നേറിയത് പെട്ടെന്നായിരുന്നു.
നോവല്‍രചനയെ സംബന്ധിച്ചുള്ള പൂര്‍വ്വധാരണകളുടെ പത്തായത്തിലേയ്ക്ക് പാട്ടമളക്കാന്‍ മടികാണിക്കുന്ന ബന്യാമിനോടൊപ്പം 'വല്യേടത്ത്' വീട്ടിലേയ്ക്കും അവിടുത്തെ രഹസ്യാത്മകമായ 'സേവ'കളിലേയ്ക്കും കടന്നു ചെല്ലുമ്പോള്‍ മനസ്സ് ഉദ്വേഗഭരിതമാകുന്നത് ഞാനറിഞ്ഞു. കുട്ടിച്ചാത്തനും മന്ത്രതന്ത്രവിധികളും സൃഷ്ടിക്കുന്ന അതീന്ദ്രിയലോകം, മലയാളിയുടെ സ്വീകരണമുറിയില്‍നിറഞ്ഞുനില്‍ക്കുകയും സായന്തനങ്ങളെ സമ്പന്നമാക്കുകയും ചെയ്യുമ്പോള്‍, വിമര്‍ശനദൃഷ്ടിയോടെ ഇത്തരം കാഴ്ചകളില്‍നിന്ന് മനപ്പൂര്‍വ്വം ഒഴിഞ്ഞുനില്‍ക്കുന്ന എനിക്ക് 'തൈക്കാട്ടമ്മ'യുടെ 'സേവ'കളില്‍ വിശ്വാസമുണ്ടായത് നോവലിസ്റ്റിന്റെ മിടുക്കോ അതോ എന്റെ വീക്ഷണവൈകല്യമോ? ഏതായാലും 'ഡീഗോ ഗാര്‍ഷ്യ'യിലെ അന്ത്രപ്പേറിനെ ചുറ്റിപ്പറ്റി എന്റെ ജിജ്ഞാസ വര്‍ദ്ധിച്ചു.
നോവല്‍ രചനയിലെ ഒരു പൊളിച്ചെഴുത്തിലേയ്ക്കുള്ള നേര്‍ക്കാഴ്ചയാണ് ആദ്യഭാഗത്തിനുശേഷമുള്ള ആമുഖം. സൂത്രധാരന്‍ രംഗത്തുവന്ന് സ്ഥലകാലരംഗങ്ങളെക്കുറിച്ച് സാമാജികര്‍ക്ക് അവബോധം പകരുന്ന സംസ്കൃത നാടകരീതി ഇവിടെ തിരനോട്ടം നടത്തുന്നു. അതോടൊപ്പം കഥാപാത്രത്തില്‍ പരകായപ്രവേശം നടത്തുന്ന ആഖ്യാനരീതി ആസ്വാദനത്തില്‍ പുതുമ സൃഷ്ടിക്കുന്നു.

Dec 11, 2011

വേരറ്റു പോയത്



വേരറ്റു പോയത്

എന്റെ ,
വേദനിക്കുന്ന  ഓര്‍മകള്‍ക്കും
വരണ്ട സ്വപ്നങ്ങക്കും
നിറം പകര്‍ന്നത്
ഈ മണ്ണിന്റെ പച്ചപ്പ്‌
എന്റെ  ജീവിതത്തിന്റെ
വേരുകള്‍ പടര്‍ന്നിരങ്ങിയതും
ഈ ഹരിത ഭൂമിയില്‍
 നോവുകള്‍ കണ്ട്
മടിതീര്‍ന്ന  ജീവിതം കൊണ്ട്
സേന്ഹം നിറച്ചു
ഞാനൊന്നും കോറിയിട്ടില്ല
ഒടുവില്‍
സ്വാര്‍ത്ഥതയും കൊതിയും
സമം ചേര്‍ത്ത് വരച്ചപ്പോള്‍
അതില്‍ മാഞ്ഞുപോയതീ
മണ്ണിന്റെ ഹരിതം
പകരം പിറന്നതൊരു
മണകാറ്റ്....
അതില്‍ പറന്നത്
മണ്ണിന്റെ ജീവന്‍
വേരറ്റു പോയത് എന്റെ ജീവിതം ...

Dec 5, 2011

വിണ്ട കാലടികള്‍ - കവിതാ പഠനം


ചരിത്രവും സാഹചര്യവും ഭിന്നമായ സുഹൃത്തക്കളുടെ ഒത്തുചേരലിലൂടെ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യ ബന്ധത്തെയും മാനവസമൂഹത്തിന്റെ വികാസ പരിണാമങ്ങളേയും പി. ഭാസ്കരന്‍ ആവിഷ്കരിച്ചിരിക്കുന്നു. നവകേരള നിര്‍മ്മാണത്തില്‍ തന്റേതായ സംഭാവനകള്‍ ചരിത്രത്തിലും സാഹിത്യത്തിലും ഒരു പോലെ വിരചിച്ച അദ്ദേഹത്തിന്റെ ഈ കവിത ഒരു തിരിഞ്ഞു നോട്ടംകൂടിയാകുന്നു.
ഭിഷഗ്വനായ സുഹൃത്തിനോടൊടൊത്ത് പഞ്ചനക്ഷത്ര ഹോട്ടലില്‍ സ്വീറ്റില്‍ ഭക്ഷണത്തിന് ശേഷണമുള്ള സംഭാഷണമായി കവിത. കാലടികളിലെ വിള്ളലുകള്‍ കണ്ട് നഗ്നപാദനായി നടക്കരുതന്നും ചേറും ചെളിയും ചവിട്ടിയാല്‍ രോഗപീഡിതനാവുമെന്നും അനാരോഗ്യത്തിന്റെ അശക്തിയില്‍ കൊണ്ടുതള്ളുന്ന ഈ അവസ്ഥയെ സൂക്ഷിക്കണമെന്നുള്ള ഡോക്ടറുടെ വാക്കുകള്‍ കയറിപ്പോന്ന വഴിത്താരകളിലേക്ക് കവിയെ കൊണ്ടുപോയി.
ആദര്‍ശം പകര്‍ന്ന അനുഭൂതി വിശേഷങ്ങളുടെ ആന്ദോളനങ്ങളില്‍പ്പെട്ട് സുന്ദരസ്വപ്നത്തിന്റെ ചുടുമായി ചേറ്റിലും ചെളിയിലും പൊരിവെയിയിലും കൂടി മുന്നോട്ടുനീങ്ങിയപ്പോള്‍ പിന്നിട്ട ദൂരമോ പാതയുടെ ക്ലിഷ്ടതയോ തലച്ചുമടിന്റെ ഭാരമോ അറിഞ്ഞില്ലത്രെ. ലക്ഷ്യം മഹത്താകുമ്പോള്‍ മാര്‍ഗത്തിലുണ്ടാകുന്ന ക്ലേശങ്ങളോ സ്വപ്നം നടപ്പാക്കാനുള്ള ബുദ്ധിമുട്ടുകളോ ഒന്നും വ്യക്തിയെ ബാധിക്കുന്നില്ല. ലക്ഷ്യം അതൊന്നുമാത്രമേ നിശ്ചദാര്‍ഢ്യത്തോടെ ഇറങ്ങിപ്പുറപ്പെടുന്നവരുടെ ദൃഷ്ടിയില്‍ പെടുന്നുള്ളു. ലക്ഷ്യത്തിലൂന്നിയ മനസ്സിന് മാര്‍ഗതടസ്സങ്ങള്‍ പ്രശ്നമല്ല.

Dec 1, 2011

എന്‍ഡോസള്‍ഫാന്‍ - കവിത

വിടരുന്ന കണ്ണിന്റെയുള്‍ക്കാമ്പില്‍ നിന്നിതാ
പൊഴിയുന്നു കണ്ണീര്‍കണങ്ങള്‍.
കൊഴിയുന്നു സ്വപ്നങ്ങളെന്തിനെന്നറിയാതെ
വെമ്പുന്നു മാതൃഹൃദയങ്ങള്‍.
പച്ചപ്പുതപ്പുള്ള പാടങ്ങളെന്തിനോ
അണിയുന്നു നരകപരിവേഷം
ലാഭേച്ഛയോടെ നാം പായുന്നു വെറുതെയീ
മണ്ണിനെ നരഹത്യ ചെയ്യാന്‍.
വെള്ളിച്ചിലമ്പിട്ട് പായുമീ നദിയിലെ
ദാഹനീര്‍ വറ്റിവരളുന്നു.
പൊന്‍കതിര്‍ വിളയുന്ന നമ്മുടെ വയലില്‍ നാം
മോഹങ്ങളിന്നും വിതയ്പ്പൂ.
പാടങ്ങള്‍ കതിരുപൂകാനായി തളിക്കുന്നു
മണ്ണില്‍ നാം കീടനാശിനികള്‍.
ഉതിരുന്നു നമ്മുടെ അന്തകനാകുന്ന
ഉഗ്രനാം വിഷവിത്തുമണികള്‍.
ബാല്യങ്ങള്‍ കാര്‍ന്നെടുക്കപ്പെടുമ്പോളിതാ
തകരുന്നു പുത്തന്‍ പ്രതീക്ഷ.
ഓമനപ്പേരില്‍ വിളിക്കുവാന്‍ നാമങ്ങള്‍
കീടനാശിനികള്‍ക്കുമേറെ.
കതിര്‍മണികള്‍ ചൊരിയുമീ പാടത്തു വിടരുന്നു
നാണ്യവും തിന്മ തന്‍ ചൂടും.
ലാഭങ്ങള്‍ കൊയ്യുന്നു ബാല്യം തകര്‍ക്കുന്നു
ഭൂമിയെ നരകമാക്കുന്നു.
ഓടിക്കളിക്കേണ്ട കുഞ്ഞുപൈതങ്ങളോ
വാടിത്തളര്‍ത്തപ്പെടുന്നു.
ഈ മണ്ണില്‍ പിറവിയെടുക്കുന്നു കുഞ്ഞുങ്ങള്‍
ഭീകരമാകും രൂപത്തില്‍
മനുഷ്യനാകും കാട്ടാളാ
നിനക്കുമില്ലേ മനഃസാക്ഷി
കാണുന്നില്ലേ വേദനയാല്‍
എരിഞ്ഞുതീരും ജന്മങ്ങള്‍
എന്തിനു വെറുതേ സൃഷ്ടിച്ചു
എന്‍ഡോസള്‍ഫാന്‍ ഭീകരനേ.......

അഞ്ജന അമൃത്,
ക്ലാസ് - 10 C,
എസ്.എസ്.പി.ബി.എച്ച്.എസ്,
കടയ്ക്കാവൂര്‍.