Pages

Jan 23, 2012

ഒരു കനേഡിയന്‍ മലയാളിയുടെ അസ്തിത്വദുഃഖം - അസീസ് കെ. എസ്.



പുതുതായി ഇമ്മിഗ്രന്റായെത്തിയ അമ്പതുവയസ്സായ ഒരു എഞ്ചിനിയര്‍ എന്റെ റൂംമേറ്റായിരുന്നു.അയാള്‍ എന്നോട് ഒരു ദിവസം ചോദിച്ചു. ഇവിടെ മലയാളിയുടെ മുടിവെട്ടുകടയുണ്ടോ? ചോദ്യം കേട്ടപ്പോഴാണ് അയാള്‍ റൂമിന്റെ ഒരു മൂലയ്ക്ക് ലൈറ്റ്പോലും ഓണ്‍ചെയ്യാതെ കുത്തിയിരിക്കുന്നത് ശ്രദ്ധിച്ചത്.
ഇവന്‍ ആരെട? ഞാനോര്‍ത്തു. ഇവന്‍ കാനഡയിലല്ലേ, വല്ല മദിരാശിയിലോ മറ്റോ ആണോ.
എന്റെ കാനഡവാസത്തിനിടയ്ക്ക് ഇങ്ങിനെ ഒരു ചോദ്യം ആദ്യമായിട്ടാണ്. ഇന്ത്യന്‍ ഫുഡ് കിട്ടുമോ എന്നു ചോദിച്ചിട്ടുണ്ട്. സൗത്തിന്ത്യന്‍ ഊത്തപ്പം കെടക്കുമാ സാര്‍ എന്ന് ഒരു ചെന്നൈ ഐട്ടിക്കാരന്‍ ചോദിച്ചിട്ടുണ്ട്. ഇത് എന്തൊരു ചോദ്യം! മലയാളിയുടെ മുടിവെട്ടുകടയുണ്ടോ പോലും!
ഇവിടെ അടുത്ത് ഒരു എത്യോപ്യന്റെ കടയുണ്ട്, ഞാന്‍ പറഞ്ഞുകൊടുത്തു. 20 ഡോളര്‍ കൊടുക്കണം. പാട്ടിന്റെ പൂരമാണ്.ആകെ ബഹളം. നല്ല തെറികളുള്ള കുറെ കറുത്ത ഹിപ്പും കേള്‍ക്കാം.പക്ഷേ, ഞാന് ഓ൪മ്മിപ്പിച്ചു. വെട്ടുകാരനെ കാണുമ്പോള് തിരിഞ്ഞുനടക്കരുത്. അയാളുടെ നീണ്ടമുടി കുംഭമേളയില്‍ വരുന്ന ചില സന്യാസിമാരെപ്പോലെ നീണ്ട് പിരിഞ്ഞ് ജടകെട്ടികിടക്കുന്നുണ്ടാകും. അതു നമ്മള് നോക്കേണ്ട. അയാള്‍ നന്നായി വെട്ടിത്തരും. മതിയോ?
ഒരു സൌകര്യം കൂടി പറഞ്ഞുകൊടുത്തു. മലയാളിക്ക് കേരളം കടന്നാല്‍ പിടലിയാട്ടം കൂടുതലാണ്. എന്തും തലകുലുക്കി സമ്മതിക്കും. ഇനി തലയാട്ടി തലയാട്ടി പിടലിക്ക് പിടുത്തം വന്നിട്ടുണ്ടെങ്കില്‍ കര്‍ട്ടന്റെ പിന്നാമ്പുറത്തേക്ക് ചെല്ലുക, അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ പറഞ്ഞു. പിടലി മസാജ് ചെയ്യുവാന്‍ ഒരു സുന്ദരിയുണ്ട്. ഒരിരുപതും കൂടി എക്സ്ട്രാ കൊടുക്കണമെന്നേയുള്ളൂ. നന്നായി ഉളുക്കുമാറ്റും. പക്ഷേ വളരെ ഡീസന്റായിരിക്കണം. അവിടെയിരുന്ന് ഞെരിപിരികൊള്ളരുത്.

Jan 16, 2012

വിജയന്റെ ഉത്തരക്കടലാസ് - വില്‍സണ്‍ ചേനപ്പാടി



പൂരങ്ങളുടെ പൂരമായ തൃശൂര്‍പൂരമെന്ന് നമ്മുടെ പ്രാഞ്ചിയേട്ടന്‍ പറഞ്ഞപോലെ മേളങ്ങളുടെ മേളമായഉപജില്ലാമേളയും പിന്നെ അതിന്റെ കുഞ്ഞുങ്ങളായ സയന്‍സ് മേള, കണക്കുമേള, സാമൂഹ്യശാസ്ത്രമേള, ഇത്യാദി മേളാങ്കളും പിന്നെ പാര്‍ശ്വവത്ക്കരിക്കപ്പെട്ട കുറെ മലയാളം അദ്ധ്യാപകരുടെ മേളയായ വിദ്യാരംഗവും കഴിഞ്ഞു... പോക്കറ്റും കീറി മേലോട്ട് നോക്കിയിരിക്കുമ്പോ ദാണ്ടെ... പണ്ടെങ്ങോ ഒളിച്ചുപോയ ക്രിസ്മസ് പരീക്ഷ തിരിച്ചു വന്നേക്കുന്നു. ഒരു വിധത്തില്‍ സാറ്റുകളിയൊക്കെയായി അതും തീര്‍ന്നു.
പിന്നെ രണ്ടു കല്യാണങ്ങളും ഒരു മരിച്ചടക്കും മലബാറിലൊരു അടിയന്തിരോം.. അവധിക്കാലം-ഡിം..... പുത്തന്‍ വര്‍ഷത്തില്‍ കണ്ണു തുറക്കുമ്പോള്‍ രക്തം കുടിക്കാന്‍ കാത്തിരിക്കുന്ന കള്ളിയംക്കാട്ടു നീലിയെപ്പോലെ ചുവന്ന മഷി പടരാന്‍ കാത്ത് കെട്ടുകെട്ടായി അലമാരയിലിരിക്കുന്ന ഉത്തരക്കടലാസുകളെന്നെ തുറിച്ചു നോക്കുന്നു. കണക്കിനും സയന്‍സിനുമൊക്കെ സംപൂജ്യത നേടിയശേഷം രണ്ടക്കമുള്ള ഒരു മാര്‍ക്കുവാങ്ങുവാന്‍ അയ്യോ ക്ഷമിക്കണം മാര്‍ക്കല്ല സ്കോര്‍... ങ്ഹാ അതു വാങ്ങിക്കുവാന്‍ വേണ്ടി മലയാളത്തിന്റെ ഉത്തരക്കടലാസും പ്രതീക്ഷിച്ചങ്ങനെ കൈയും കാലുമിളക്കി ജനലില്‍ക്കൂടി നോക്കിയിരിക്കുന്ന ക്ലാസിലെ കിടാങ്ങള്‍ എന്റെ മനോമുകരതലത്തില്‍ പ്രത്യക്ഷരായി. ഇനി പേപ്പറു നോക്കിയിട്ടു തന്നെ കാര്യം. ഞാന്‍ ഇതികര്‍‌ത്തവ്യനിരതനായി. ഒരുകെട്ട് പേപ്പര്‍ വലിച്ചു പുറത്തിട്ടു.
തേങ്ങ ഉടയ്ക്കുന്ന ശബ്ദം കേട്ടിട്ടാകണം അടുക്കള വശത്തു നിന്നും ഒരു അശരീരി കേള്‍ക്കായി'-"അല്ലേലും സമയത്തിനു പേപ്പര്‍ നോക്കത്തില്ല, അന്നാരം നാട്ടുകാരുടെയടുത്ത് അന്താരാഷ്ട്ര പ്രശ്നോം ചര്‍ച്ച ചെയ്തിരിക്കും എന്നിട്ടു ഭയങ്കര അരിശോം ദേഷ്യോം... എന്തൊക്കെയായിരുന്നു... മുല്ലപ്പെരിയാറ്, കൂടംകുളം, മന്‍മോഹന്റെ സാമ്പത്തികനയം, സൊമാലിയായിലെ പട്ടിണി... ഇപ്പോ ഒരുത്തനെയും കാണാനില്ല." അശരീരി ശരീരിണിയായി പ്രത്യക്ഷപ്പെട്ടു. സാക്ഷാല്‍ ഭാര്യ. മുന്നില്‍ പേപ്പര്‍കെട്ട് പിന്നില്‍ ഭാര്യ എന്റെ കംട്രോളുപോയി. രൗദ്രഭാവം കൈകൊണ്ട് സ്വയം പ്രേരിതമായ ചില ചേഷ്ടാവിശേഷങ്ങളോടെ ശ്രീകണ്ഠേശ്വരം ജി. പദ്മനാഭപിള്ള കണ്ടുപിടിക്കാത്ത ചില ഡയലോഗുകള്‍ എന്നില്‍ നിന്നും പൊട്ടിപ്പുറപ്പെടാന്‍ തുടങ്ങി. പെട്ടെന്ന് മനസിലൂടെ പത്താം ക്ലാസിലെ നിനക്ക് മാത്രമായി എന്ന കവിത പഠിപ്പിച്ചപ്പോ സ്ത്രീകളെപ്പറ്റി, ഭാര്യമാരെപ്പറ്റി എന്തൊക്കെയാണ് ക്ലാസില്‍ പറഞ്ഞത് എന്ന ചിന്ത ഒന്നു ഫ്ലാഷിപ്പോയി... അപ്പോ ഞാനൊന്ന് ഡൗണായി, ഈ സമയം മുതലെടുത്ത് വാമഭാഗം പ്രത്യക്ഷയായി "കിടന്നു തുള്ളാതെ അരക്കെട്ടെങ്കിലും നോക്കു മനുഷ്യാ "

Jan 12, 2012

'എന്‍മകജെ' - വായനക്കുറിപ്പ്




പാരിസ്ഥിതികപ്രശ്നങ്ങള്‍ പരിധിയില്ലാതെ പെരുകുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. മനുഷ്യന്റെ ക്രൂരമായ ഇടപെടലുകള്‍ പ്രകൃതിയെ നശിപ്പിക്കുന്നു. എന്‍ഡോസള്‍ഫാന്റെ പരിണതഫലങ്ങള്‍ ഒരു ജനതയെ എപ്രകാരമെല്ലാം വേട്ടയാടുന്നു എന്ന് 'എന്‍മകജെ' ദൃഷ്ടാന്തീകരിക്കുന്നു.
മാതൃഭൂമി ഫോട്ടോഗ്രാഫര്‍ മധുരാജ് എടുത്ത, വലിയ തലയും ചെറിയ ഉടലുമായി നിസ്സഹായാവസ്ഥയില്‍ ജീവിക്കുന്ന സൈനബയുടെ ചിത്രവും മറ്റനവധി ദാരുണചിത്രങ്ങളും അവതരിപ്പിക്കുന്ന നോവലാണ് എന്‍മകജെ എന്നുകണ്ടെത്താം.
ഒരു നോവല്‍, അതിലൂടെ അവതരിപ്പിക്കപ്പെടുന്ന ഒരു കഥ - ഇതുമാത്രമായി 'എന്‍മകജെ' ഒരിക്കലും പരിണമിക്കുന്നില്ല. മറിച്ച് സമൂഹം കയ്പ്പും വേദനയും നുകര്‍ന്നുകൊണ്ട് അനുഭവിക്കുന്ന ജീവിത കഥയാണ് ഇവിടെ അവതരിപ്പിക്കപ്പെടുന്നത്.

Jan 9, 2012

ചോദ്യബാങ്ക് - പത്താം തരം ഭാഗം രണ്ട്




പത്താം തരത്തിലെ രണ്ടാം ടേം പരീക്ഷയുടെ നാലുജില്ലകളിലെ ചോദ്യങ്ങള്‍ മുമ്പ് പോസ്റ്റുചെയ്തിരുന്നു. രണ്ടാം ഭാഗമായി മറ്റുചില ജില്ലകളിലെ ചോദ്യപ്പേപ്പറുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ ഉദ്യമത്തില്‍ സഹകരിച്ച എല്ലാ അദ്ധ്യാപക സുഹൃത്തുക്കളുടേയും അര്‍പ്പണ മനോഭാവത്തെ നന്ദിപൂര്‍വ്വം അനുസ്മരിക്കുന്നു. ഇനിയും ഏതാനും ജില്ലകളിലേതുകൂടി കിട്ടുവാനുണ്ട്. അവകൂടി അയച്ചുതന്ന് സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 

തൃശൂര്‍
അയച്ചുതന്നത് ശ്രീ ജോളി എ. വി. & ശ്രീ ശ്രീജിത്ത് മൂത്തേടത്ത്

കോട്ടയം
അയച്ചുതന്നത് ശ്രീ ജേക്കബ് കൂപ്ലി

എറണാകുളം
അയച്ചുതന്നത് ശ്രീ കെ. പി. ശ്രീകുമാര്‍

ഇടുക്കി
അയച്ചുതന്നത് ശ്രീ വില്‍സണ്‍ ചേനപ്പാടി

പത്തനംതിട്ട
അയച്ചുതന്നത് ശ്രീമതി മീനു മറിയം ചാണ്ടി

Jan 2, 2012

"അഭയാര്‍ത്ഥികള്‍" എന്തൊക്കെയോ നഷ്ടപ്പെട്ട ഒരാള്‍ - കഥാപഠനം



"ചിന്തയിതൊന്നേ ഞാനെന്‍വീട്
എന്റെ കളത്രം എന്റെ കിടാങ്ങള്‍
എന്‍തൊഴിലെന്‍വഴിയെന്റെ കസേര
എന്റെ കുടുക്ക എന്റെ കിടക്ക
എന്റെ പിറന്നാളെന്‍ ജലദോഷം
ഇങ്ങനെ കഴിയാന്‍ കഴിയും കാലം
സുന്ദരമല്ലെന്നെങ്ങനെ പറയും?”
സുഖകാലകീര്‍ത്തനം - ഡി. സന്തോഷ്
പുതിയ കാലത്തോടും ജീവിതരീതികളോടും മലയാളിയുടെ നിര്‍മ്മമതയോടും സംവദിക്കുന്ന 'എന്തൊക്കെയോ നഷ്ടപ്പെട്ട ഒരാള്‍' എന്ന കഥ വായനക്കാരെ ചിന്തോദ്ദീപകരാക്കുന്നു. 'ദിനോസറിന്റെ കുട്ടി' എന്ന കഥയിലൂടെ ഭ്രമാത്മകതയുടെ ഭിന്നമുഖങ്ങള്‍ ആവിഷ്കരിച്ച ഇ. ഹരികുമാര്‍ മലയാളചെറുകഥയിലെ ആധുനികതയുടെ പ്രതിനിധിയാണ്.
അച്ഛനുമമ്മയുമില്ലാത്ത ആറുവയസുകാരി പെണ്‍കുട്ടിയുടെ ദയനീയതയും നിസ്സഹായതയും ഒറ്റപ്പെടലും സംരക്ഷണം കൊതിക്കുന്ന മനസ്സും അനാവൃതമാകുന്നു ഈ കഥയില്‍.
ഭാര്യയോടൊപ്പം ഷോപ്പിംഗിനായി സാരിക്കടകളില്‍ കയറിയിറങ്ങുന്ന കഥാനായകന്റെ കൂടെയെത്തുന്നു നിറഞ്ഞചിരിയും കൗതുകവുമായി റാണി എന്ന തെരുവുബാലിക. ഭാര്യയ്ക്ക് ഇഷ്ടമുള്ള സാരിതേടി ഓരോകടയില്‍നിന്നും ഇറങ്ങുമ്പോഴും പിന്‍തുടരുന്ന അവളോട് കഥാനായകന്‍ അവളുടെ വിവരങ്ങള്‍ ചോദിച്ചറിയുന്നു. അച്ഛനാരെന്നുപോലുമറിയാത്ത അവളുടെ അമ്മയും രണ്ടുദിവസംമുമ്പ് ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു. അമ്മയോടൊപ്പം കടത്തിണ്ണയിലുറങ്ങിയിരുന്ന അവള്‍ വീണ്ടും അതേ കടത്തിണ്ണയിലേയ്ക്ക് എത്തിപ്പെടുന്നു. രാത്രിയിലെ ഭയത്തില്‍നിന്നും അഭയംതേടാനാണ് അവള്‍ അയാള്‍ക്കൊപ്പം നടന്നത്. സഹതാപത്തോടെ അയാള്‍ അവള്‍ക്ക് ഐസ്ക്രീം നല്‍കുന്നു. ഇഷ്ടപ്പെട്ട സാരിയുമായി ഭാര്യയോടൊപ്പം വീട്ടിലേയ്ക്കു മടങ്ങാന്‍നേരം "എന്നേം കൊണ്ടുപോവ്വോ?” എന്ന ചോദ്യത്തിന് "അതൊന്നും പറ്റില്ല മോളേ, മാറിനില്‍ക്ക്" എന്നു മറുപടി പറയാനേ അയാള്‍ക്കാവുന്നുള്ളൂ. അയാള്‍ നല്‍കുന്ന പത്തുരൂപാനോട്ട് അവള്‍ വാങ്ങുന്നില്ല. വീട്ടിലെത്തിയ അയാള്‍ക്ക് ആ പെണ്‍കുട്ടിയെ ഒപ്പം കൂട്ടാത്തതില്‍ കുറ്റബോധം തോന്നുന്നു. പെട്രോളടിക്കാനെന്ന വ്യാജേന അയാള്‍ വീണ്ടും നഗരത്തിലെത്തുകയും കടത്തിണ്ണയില്‍ ചുരുണ്ടുകിടക്കുന്ന അവളെ കാണുകയും ചെയ്യുന്നു. ഒപ്പംതന്നെ കൂലിവേലക്കാരെന്നുതോന്നുന്ന അച്ഛനുമമ്മയും അവരുടെ മകനുമടങ്ങുന്ന കൊച്ചുകുടുംബം അവളുടെ അടുത്തെത്തി അവളെ വിളിച്ചുണര്‍ത്തി കൈപിടിച്ച് കൂട്ടിക്കൊണ്ടുപോകുന്നത് അയാള്‍ കാണുന്നു.