Pages

Apr 30, 2012

മുളന്തണ്ട് - കവിത




തുളുമ്പാതെ തെല്ലും തുളുമ്പാതെ
മണ്‍കുടം ചുമന്നലയുന്നിവള്‍...
മണല്‍ക്കാറ്റു വീശുമ്പൊളിടറും കഴല്‍നീട്ടി
യകലേക്കിരുള്‍ക്കൂട്ടിനറയിലേക്ക്...

പലരും പറഞ്ഞ'തില്‍ വിഷമാണു, നീ
ചെന്നു തൊടുകിലോ കൈ പൊള്ളി
യകലും മനം നൊന്തു പിടയും
ഘനനീല വര്‍ണ്ണം പരത്തി കൊടും ക്രൂര
നവിടെയാഴത്തില്‍ കിടപ്പൂ ..'
'പ്രണയമൊരു കാളിന്ദിയരുതു നീ ചെല്ലുവാന്‍
മണ്‍കുടം ദൂരെക്കളഞ്ഞു പോകൂ..'
ചേലാഞ്ചലം കോര്‍ത്തു പിന്നോട്ടുലച്ചിടും
മുള്ളുകള്‍ വാക്കിന്‍ കറുത്ത നോട്ടം.
പിന്തിരിഞ്ഞെങ്ങനെ പോകുവാനൊരു മുളം
തണ്ടെന്റെ വഴിയില്‍ പ്രിയം നിറയ്ക്കെ...?
ഒരു മാത്ര,യൊരുനോട്ട മൊരുവാക്കു ചൊല്ലി നീ
യിവിടെ മരുപ്പച്ച തീര്‍ത്തിരിക്കെ...?

തുളുമ്പാതെ തെല്ലും തുളുമ്പാതെ
മനമിതും ചുമന്നലയുന്നിവള്‍...
ഇതിനുള്ളിലവര്‍ പറയുമഴലിന്റെ നിഴലല്ല
ഹരിതനീലം നിറയുമെന്റെ യമുന!


സാബിദ മുഹമ്മദ്റാഫി
മലയാളം അദ്ധ്യാപിക
ജി.വി.എച്ച്.എസ്.എസ്. വലപ്പാട്
ചാവക്കാട്

Apr 10, 2012

അമ്പാടി ( കവിത )




             അമ്പാടി

നിറന്ന പീലികള്‍ നിരക്കവേ കുത്താന്‍
ഒരു മയില്‍പീലി കൊതിച്ചു കാര്‍വര്‍ണ്ണന്‍
പക്ഷെ കയര്‍ത്തു മദാമ്മ മൊഴിഞ്ഞതിങ്ങനെ
"
ഒരൊറ്റ പീലിയും നിനക്ക് പാടില്ല
സകല പീലിയും എനിക്ക് സ്വന്തമായ് "

വിഷാദഗാനത്തിന്‍ ധ്വനിയുണര്‍ത്തുവാന്‍
ഒരു മുരളിക കൊതിച്ചു കാര്‍വര്‍ണ്ണന്‍
വിലക്കി സായിപ്പ് കഥിച്ചതിങ്ങനെ
"
സകലഗീതവും എനിക്ക് സ്വന്തമായി
എളുപ്പം ക്യൂവിലൊരിടം തരമാക്കൂ "

ഒടുവില്‍ അഭയകേന്ദ്രമായ്
ഒരൊറ്റ ആലില തിരഞ്ഞുകാര്‍വര്‍ണ്ണന്‍
നിസ്സഹായയായി മൊഴിഞ്ഞൊരാല്‍ മരം
"
പൊറുക്ക കാര്‍വര്‍ണ്ണാ
ഇലതന്‍ പേറ്റന്റും നമുക്ക് നഷ്ടമായി "
കൊല്ലംവിള രവി
GHSS  കരുകോണ്‍
കൊല്ലം

Apr 4, 2012

ഇനിയെത്രനാള്‍




ഇനിയെത്രനാള്‍

ഇനിയെത്ര നാള്‍ നമ്മള്‍ ഈ ഭൂവിലൊന്നിച്ചു
കഴിയുമെന്നറിയില്ല കൂട്ടുകാരാ
ഇടനെഞ്ചിലൂറുമീ സ്നേഹവും, പരിഭവ -ക്കരടും, പിണക്കവും എത്രനേരം
ഒന്നു പിണങ്ങിയാല്‍ പിന്നെയിണങ്ങുവാന്‍
നേരമുണ്ടാകുമോ കൂട്ടുകാരാ.....

മിണ്ടാതെ നമ്മള്‍ കഴിച്ചു കൂട്ടി- പല
വല്ലായ്മയുള്ളില്‍ പൊതിഞ്ഞു കെട്ടി
മുനയുള്ള വാക്കിനാല്‍ മുറിവേകി നാം തമ്മില്‍
അകലുന്നതീ സൂര്യന്‍ സാക്ഷിയായി.
 
ഉള്ളിലപ്പോഴും നനുത്ത മഴച്ചാറ്റ-ലെന്നപോല്‍ സ്നേഹം പൊടിഞ്ഞിരുന്നു.ഇല്ലെന്നു താനേ വിളിച്ചു ചൊല്ലുമ്പോഴും
വല്ലാത്തൊരനുഭൂതിയായിരുന്നു.നീയടുത്തെത്തുമ്പോ, ളേതോ പുരാതന
സൗഹൃതം താനേ തളിര്‍ത്തിരുന്നു.എങ്കിലും, ആശ്ലേഷണത്തിന്‍ മധുരമായ്
പെയ്യാതെ നമ്മള്‍ പറന്നുപോയി.

ഞാനെന്നഹംബോധ മത്സരച്ചൂളയില്‍
നാംതമ്മിലങ്കം കുറിച്ചതല്ലേ
പോര്‍വിളിച്ചെത്തിയ പോരായ്മയാകെയും
കാലം നരപ്പിച്ചിരുത്തിയില്ലേ
ഓര്‍മ്മച്ചതുപ്പില്‍ ഞാന്‍ തീതുപ്പി നിന്നൊരാ
പ്രായം ചികഞ്ഞെടുക്കുന്നു
ഓരോന്നുരച്ചു കൊഴുത്തൊരീ ജീവിതം
ഓടിത്തളര്‍ന്നു വീഴുന്നു....

തനുവും, തരളാവബോധങ്ങളും തളര്‍-ന്നവിടെ നീ തനിയെയാകുമ്പോള്‍,അരുകിലേയ്ക്കെത്തുവാ, നാകാതെ ഞാന്‍ദൂരെ
കേവലത തന്നിലുറയുന്നു.

ഇനിയെത്രനാള്‍ നമ്മള്‍, ഈ ഭൂവിലൊന്നിച്ചു
കഴിയുമെന്നറിയില്ല കൂട്ടുകാരാ
കലഹമൊരു കലയല്ല....! സ്നേഹമൊരു കവിതയായ്
എഴുതാന്‍ മറന്നു നാം കൂട്ടുകാരാ.