Pages

Aug 27, 2012

ഇതിഹാസം - കവിത




വലിയ ക്ലാസ്സ് മുറിയിലെ
ചെറിയ മൂലയിലിരുന്ന്
കുട്ടി വിളിച്ചുപറഞ്ഞു
"മരം കരഞ്ഞാല്‍ നമ്മളും കരയണം."
തവിട്ടു മരം വെള്ളപ്പൂവ് വിരിച്ചുനില്‍ക്കുന്ന
സാരി ഉടുത്ത ടീച്ചര്‍ അത് കേട്ടില്ല.
നിലത്ത് പച്ചനിറത്തില്‍
കാടുകളെ വരച്ച് കുതിര്‍ക്കുന്ന
കൂട്ടുകാരും കേട്ടില്ല.
കുട്ടി പുറത്തേയ്ക്കു നോക്കി.
വിതുമ്പുന്ന കൊച്ചുചെടിക്കുചുറ്റും
വിഷമത്തോടെ ശലഭങ്ങള്‍
മിണ്ടാക്കാറ്റ്..... പെയ്യാ മേഘം....
അവള്‍ ഓടി പുറത്തിറങ്ങി.
ചെടിയെ ഉമ്മവച്ചു.
കുട്ടി ചെടിയോടെന്തോ പറഞ്ഞു,
ചെടി കുട്ടിയോടും.
അവരിരുവരും പറഞ്ഞതാണത്രേ
ഭൂമിയുടെ രാമായണമായത്.

 
വി. എസ്. ബിന്ദു
അദ്ധ്യാപിക
വെയിലൂര്‍ എച്ച്. എസ്.
തിരുവനന്തപുരം

Aug 17, 2012

കാനഡയിലെ വസന്തവും റമളാനിലെ നോമ്പും - ലേഖനം

ദൈവമേ എങ്ങിനെയാണ് ഞാന്‍ എന്റെ ആത്മാവിനെ വീണ്ടെടുക്കുക, ഭക്തനാകുക.ഖുര്‍ആന്‍ നീ എനിക്ക് തന്ന റമളാന്‍ മാസത്തിന്റെ വിശുദ്ധി എങ്ങിനെയാണ് ഞാന്‍ വീണ്ടെടുക്കുക? ഈ നഗരത്തിന്റെ വര്‍ണ്ണങ്ങള്‍ എന്നെ ഹഠാദാകര്‍ഷിക്കുന്നു. കാല്‍ഗറിയിലെ ഈ വസന്തം എന്നെ ആസക്തനാക്കുന്നു.
പൂക്കുടകള്‍ ആകാശത്ത് എനിക്ക് തണലേകുന്നു.ഒക്ടോബര്‍ വന്നുകഴിഞ്ഞാല്‍ മഞ്ഞു വരവായല്ലോ.മഞ്ഞും മരവിപ്പും ഇരുട്ടും ഈ നീലാകാശത്തിന്റെ കരുണയും നിറങ്ങളും കവരുന്നു. ഒരു വിലാപകാവ്യം തീര്‍ക്കുന്നു. എട്ടു മാസം കഴിഞ്ഞുള്ള പുനര്‍ജനിക്കായ് വീണ്ടും ഞങ്ങള്‍ കാത്തിരിക്കുന്നു. ഇപ്പോള്‍ എന്റെ നഗരത്തിനു എന്തൊരു സൌന്ദര്യമാണ്. അപ്പോഴാണ് നിന്റെ നോമ്പ് കടന്നുവരുന്നത്. അത് ജനുവരിയിലെ മരണ മാസത്തില്‍ ആയിരുന്നുവെങ്കില്‍ മഞ്ഞും മരണവും ചേര്‍ന്ന് ആരാധന എളുപ്പമാകുമായിരുന്നു.
ചെമ്പരത്തി പൂവിന്റെ തുടിപ്പുകള്‍
ഈ പരിശുദ്ധമായ നഗരത്തില്‍, തീവണ്ടിപ്പാളത്തിനപ്പുറം, മനോഹരമായ രാജവീഥികളാണ്. അവയ്ക്ക് തണലേകുന്നത് ചിറകുവിരിച്ച മാലാഖകള്‍. ഒരേപ്രായമുള്ള, ഹൂറികളായ ചെറുമരങ്ങള്. നന്നായി അണിഞ്ഞൊരുങ്ങിയ ഇവയുടെ ഇലകളില്‍ നിന്നും തണ്ടുകളില്‍ നിന്നും മദിപ്പിക്കുന്ന പുഞ്ചിരിപോലെ മഞ്ഞുനിറമുള്ള പ്രകാശത്തിന്റെ അടരുകള്‍ കൊഴിഞ്ഞുവീഴുന്നു. അതിനുതാഴെ റോഡിനിരുവശവും പൂച്ചട്ടികള്‍ വച്ചിരിക്കുന്നു. വലിയ ഗോളത്തെ രണ്ടായി മുറിച്ചപോലുള്ള ചട്ടികള്. ഇതില്‍ പലവര്‍ണ്ണത്തിലുള്ള പൂക്കളാണ്. ഇവിടെയുള്ള വിളക്കുകാലുകള്‍ പോലും ചാരുതയുള്ള ആര്‍ട്ട് വര്‍ക്കുകളാണ്. അതിന്റെ രണ്ടുവശത്തും പൂക്കുടങ്ങള്‍ തൂക്കിയിട്ടിരിക്കുന്നു. അതില്‍ നിന്നും താഴേക്ക് തൂങ്ങിയിറങ്ങുന്ന വള്ളികള്‍. വള്ളിച്ചെടികളില്‍ നിന്നും വിരിയുന്നത് ചുവന്ന പൂക്കള്‍. പൂക്കളുടെ വിന്യാസങ്ങള്‍ പോലും ഏതോ ഗ്രാന്റ് ഡിസൈനര്‍ തിരഞ്ഞെടുത്തതുപോലുണ്ട്. ഇളംനിറങ്ങള്‍ ആദ്യവും അകലുന്തോറും കടുംനിറങ്ങളും.

Aug 6, 2012

സച്ചിദാനന്ദന്റെ 'മലയാളം' - ഒരുവിശകലനക്കുറിപ്പ്




നമ്മുടെ ഭാഷയെക്കുറിച്ച് മലയാളത്തിലുണ്ടായ ഏറ്റവും ഗഹനവും ദീര്‍ഘവുമായ കവിതയാണ് മലയാളം. 'ഓരോ പുതിയ പുസ്തകവും എല്ലായ്പ്പോഴും പുതിയ പുസ്തകമായി' മാറുന്നത് വ്യാഖ്യാനങ്ങളിലൂടെയാണ്. ഭാഷയുടെയും സംസ്കൃതിയുടെയും മനുഷ്യജീവിതാവസ്ഥകളുടെയും ഭാഗമായി മലയാളമെന്ന കവിതയെ വ്യത്യസ്തതലങ്ങളിലൂടെ വ്യാഖ്യാനിക്കാം. ദേശഭേദം പോലെ ഓരോരുത്തര്‍ക്കും 'മലയാളം' ഓരോ മലയാളമായി അനുഭവപ്പെടും. എന്റെ മലയാളവും നിങ്ങളുടെ മലയാളവും ചേര്‍ന്ന് കൂട്ടിച്ചേര്‍ക്കലുകളിലൂടെ ഇത് നമ്മുടെ മലയാളമായി മാറട്ടെ.


ആത്മാവില്‍ വേരോടുന്ന മൊഴിമലയാളം
സച്ചിദാനന്ദന്റെ 'മലയാളം' - ഒരുവിശകലനക്കുറിപ്പ്
-ഡോ. ഷംല യു.

മാതൃഭാഷയും മനുഷ്യനും തമ്മിലുള്ള ജീവത്ബന്ധം ആവിഷ്കരിക്കുന്ന നിരവധി വ്യാഖ്യാനസാധ്യതകളുള്ള കവിതയാണ് സച്ചിദാനന്ദന്റെ മലയാളം. കേരളപ്രകൃതിയുമായും സംസ്കാരവുമായും ഗ്രാമീണതയുമായും ബന്ധപ്പെട്ടുനില്‍ക്കുന്ന അനവധി പ്രതീകങ്ങളിലൂടെ മാതൃഭാഷയുടെ വിശാലമായ ആകാശങ്ങളെ സച്ചിദാനന്ദന്‍ കാവ്യാത്മകവും സൗന്ദര്യാത്മകവുമായ വരികളിലൂടെ അടയാളപ്പെടുത്തുന്നു. സച്ചിദാനന്ദന്റെ തന്നെ വാക്കുകളില്‍ "ആത്മചരിത്രം, ഭാഷാചരിത്രം, കാവ്യചരിത്രം ഇങ്ങനെ മൂന്നിഴകള്‍ അതിനുണ്ട്. ഓര്‍മ്മകളില്‍ പണിതെടുത്ത ഒരു ശില്പമാണത്. ഒരു ഏഴുനിലഗോപുരം. ബാല്യം മുതല്‍ ഇന്നുവരെയുള്ള അവസ്ഥകളിലേയ്ക്കുള്ള ഒരു സഞ്ചാരം അതിലുണ്ട്. ഘടനാപരമായി അതൊരു പരീക്ഷണമാണ്.....”( മലയാളം - സച്ചിദാനന്ദന്‍, പേജ് 98). മലയാളം എന്ന കവിതാസമാഹാരത്തില്‍ ഏഴു ഖണ്ഡങ്ങളിലായി അവതരിപ്പിച്ചിട്ടുള്ള ദീര്‍ഘമായ കവിതയുടെ ഒന്നാം ഖണ്ഡമാണ് പാഠപുസ്തകത്തിലെ മലയാളം.
"ഭൂമിയുടെ പുഴകള്‍ക്കും കനികള്‍ക്കും മുമ്പേ
എന്നെ അമൃതൂട്ടിയിരുന്ന പൊക്കിള്‍ക്കൊടി"
എന്ന വരികളില്‍ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കഴിഞ്ഞ കുഞ്ഞിന് അതിജീവനത്തിലുള്ള ഔഷധങ്ങള്‍ നല്‍കുന്ന അമ്മയുടെ സ്നേഹമായി മാതൃഭാഷയെ സങ്കല്‍പ്പിക്കുന്നു. ഗര്‍ഭാവസ്ഥയില്‍ അമ്മയുടെ ജീവിതം കുഞ്ഞിനുവേണ്ടി മാറ്റിവയ്ക്കപ്പെട്ടതാണ്. ഏതു ദുര്‍ഘടങ്ങളെയും പ്രതിസന്ധികളെയും അമ്മ അതിജീവിക്കുന്നത് കുഞ്ഞിനോടുള്ള സ്നേഹവായ്പുകൊണ്ടാണ്. അമ്മയുടെ ചിന്തകളും സ്വപ്നങ്ങളും കുഞ്ഞിനോട് പങ്കുവയ്ക്കുന്നതാവട്ടെ മാതൃഭാഷയിലൂടെയുമാണ്. ഇപ്രകാരം ജനിച്ചുവീഴുന്നതിനുമുമ്പുതന്നെ, പുഴകളും കനികളും ഭക്ഷണമൊരുക്കുന്നതിനുമുമ്പുതന്നെ ജീവനാമൃതം നല്‍കുന്നപൊക്കിള്‍ക്കൊടിയായി മാതൃഭാഷ മാറുന്നു. സ്വഭാവരൂപീകരണത്തിന്റെ, സംസ്കാരത്തിന്റെ വേരുകള്‍ പൊടിച്ചുതുടങ്ങുന്നതും ഗര്‍ഭപാത്രത്തില്‍ നിന്നാണെന്നത് ശാസ്ത്രസത്യം. വേരുകള്‍ നഷ്ടമാവുന്ന മനുഷ്യന്‍ പൊങ്ങിക്കിടക്കുന്ന, ഒഴുക്കിനൊപ്പം എവിടേയ്ക്കോ അലഞ്ഞുതിരിയുന്ന പാഴ്വസ്തുവായി മാറുമെന്നും ഇവിടെ വ്യാഖ്യാനിക്കാം. മാതൃഭാഷ നഷ്ടപ്പെടുന്നവന് ഇല്ലാതാവുന്നത് സ്വന്തം വേരുകള്‍ തന്നെയാണ്.

Aug 2, 2012

ഇല്ലിപ്പുട്ട് തിന്നാല്‍ നിലത്തുനില്‍ക്കില്ലത്രേ..!!! - കഥ


വീണ്ടും ഒരു അവധിക്കാലം, മനസ്സിനെയും ശരീരത്തെയും മുരടിപ്പിക്കുന്ന പ്രവാസജീവിതത്തില്‍നിന്നും ചെറിയ ഒരു ഇടവേള, ഈ അവധിയിലെങ്കിലും തറവാട്ടില്‍ പോകണം, പഠനകാലത്തൊക്കെ നഗരത്തിലെ തിരക്കിട്ട ജീവിതചര്യയില്‍നിന്നും ഗ്രാമത്തിലെ തറവാട്ടുവീട്ടിലേക്കുള്ള സുഖമുള്ളയാത്രയെ കുറിച്ചുള്ള ചിന്തകളാണ് ആ അദ്ധ്യയനവര്‍ഷം മുഴുവന്‍. അവിടത്തെ അരയാലും, ആമ്പല്‍കുളവും, പാടങ്ങളും, തോടുകളും, പശുക്കിടാങ്ങളും, നാട്ടുമാവുമൊക്കെ കുട്ടിക്കാലത്ത് ഗ്രാമത്തിലേക്ക് ആകര്‍ഷിക്കുന്ന പ്രധാനഘടകങ്ങള്‍, പ്രഭാതത്തിലും, പ്രദോഷത്തിലും കളികൂട്ടുകാരോടോത്തു തൊടിയിലെ കളികള്‍, സന്ധ്യയില്‍ കത്തുന്ന നിലവിലക്കിനരുകില്‍ മുത്തശ്ശിക്കഥ കേട്ടുറക്കം ഇതൊക്കെ ശീലങ്ങളാകുമ്പോളേക്കും ഒരു മടക്കയാത്ര. ഉറ്റ കൂട്ടുകാരന്‍ മിഥുനെ പിരിയാനാണ് വിഷമം ഇനിയൊരു കൂടിച്ചേരല്‍ അടുത്ത അവധിക്കാലത്ത്‌ മാത്രം. അന്ന് അവനുപകരം എനിക്ക് ശിക്ഷകിട്ടിയത് ഇന്നുംഞാന്‍ ഓര്‍ക്കുന്നു...
ഇല്ലിക്കാടിനടുത്തു കളിച്ചുകൊണ്ടിരുന്നപ്പോള്‍ മിഥുന്‍ ആണ് കാക്കകൂട്ടിലേക്ക് കല്ലുകളെറിഞ്ഞത്. ഏറുകൊണ്ട് ഒരു കുഞ്ഞു കാക്കയുടെ ചിറകൊടിഞ്ഞു താഴെവീണു. വലിയ ശബ്ദത്തിലുള്ള അതിന്റെ കരച്ചില്‍കേട്ടു നൂറായിരം കാക്കകള്‍ പറന്നുവന്നു ഒച്ചവയ്ക്കാന്‍ തുടങ്ങി. ഒന്നിലധികം കാക്കകള്‍ ഞങ്ങളുടെ തലയിലേക്ക് റാഞ്ചി പറന്നുവന്നു. എല്ലാരും ഓടി വിട്ടിലെ വരാന്തയില്‍ എത്തി. കാക്കകളുടെ ആര്‍ത്തലക്കുന്ന ശബ്ദം കേട്ടു മുത്തശ്ശി ഉമ്മറത്തെത്തി. കല്ലെറിഞ്ഞതിനു മുത്തശ്ശിയെന്റെ ചെവിക്കുപിടിച്ചു തിരുമ്മി, വേദനകൊണ്ട് ഞാന്‍ പുളഞ്ഞുപോയി. അതുകണ്ട് മിഥുനും കൂട്ടരും ഓടിയകന്നു. ഞാനല്ല എറിഞ്ഞതെന്നു പറഞ്ഞെങ്കിലും മുത്തശ്ശിയുടെ വഴക്കുകേട്ടെന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.