Pages

Jan 21, 2013

ശലഭങ്ങളുടെ താഴ്വരകള്‍ സ്വപ്നം കാണുന്ന പെണ്‍കുട്ടി




'ശലഭങ്ങളുടെ താഴ്വരകള്‍ സ്വപ്നം കാണുന്ന പെണ്‍കുട്ടി'
മലാല യൂസഫ് സായ് - ഒരു പാക്കിസ്ഥാനി സ്കൂള്‍ വിദ്യാര്‍ത്ഥിനിയുടെ ജീവിതക്കുറിപ്പുകള്‍
-ഡോ. ഷംല യു.


കുഞ്ഞിന്റെ തലയോട്ടിക്ക്
ബലം നല്‍കുന്നത്
കാലമാണ്
ഒരു ചെറുപാത്രം
ഒറ്റയടിക്ക് തകര്‍ക്കാം
ഒറ്റ നിമിഷത്തില്‍
വര്‍ഷങ്ങളൊന്നോടെ
അപ്രത്യക്ഷമാകുന്നു.
സ്ഫോടനങ്ങള്‍ക്കിടയില്‍
ശബ്ദവും കരച്ചിലും
കേള്‍ക്കില്ല.
നിങ്ങളുടെ ആകാശത്തിന്
തീപിടിച്ചിരിക്കുന്നു.
നിങ്ങളുടെ പേര്
വെട്ടിക്കളഞ്ഞിരിക്കുന്നു.
നിങ്ങളുടെ കുട്ടികള്‍
വലിയ വിലകൊടുത്ത്
ജീവിക്കുന്നു.
നിങ്ങള്‍ കാണാത്ത
മുഖങ്ങളും കണ്ണുകളും
പരിഗണിക്കുക
പൂര്‍ണ്ണനാശം
ഈ വാക്കുകളില്‍
ഭൂമിയുടെ വിടവ്
പിളരുന്നു.
പ്രതിവാദം - ലിസ സുബൈര്‍ മജാജ്
(വിവര്‍ത്തനം: വി. മുസഫര്‍ അഹമ്മദ്, മുറിവുകളുടെ പെണ്ണിന്- ഫലസ്തീന്‍ ഇറാഖ് പെണ്‍കവിതകള്‍, 2006, ചിന്ത പബ്ലിക്കേഷന്‍സ്, തിരുവനന്തപുരം)
നീതിക്കും അവകാശത്തിനും മാനുഷികതയ്ക്കുമായി ശബ്ദമുയര്‍ത്തുന്ന മലാല യൂസഫ് സായ് എന്ന പെണ്‍കുട്ടി അവളുടെ സഹനസമരങ്ങളിലൂടെ ഇന്ന് ലോകത്തിന്റെതന്നെ ചര്‍ച്ചാവിഷയമായി മാറിക്കഴിഞ്ഞു. മതത്തില്‍ നിന്നും വ്യതിചലിക്കുന്ന മതപൗരോഹിത്യത്തിനെതിരെ അക്ഷരങ്ങള്‍കൊണ്ടു പോരാടുന്ന മലാല ഇന്ന് പീഡിതരുടെ പ്രതീകമായി വളര്‍ന്നുകഴിഞ്ഞു. നിഷേധിക്കപ്പെടുന്ന സ്ത്രീവിദ്യാഭ്യാസത്തിനെതിരെ, തീവ്രവാദത്തിനെതിരെ വാക്കുകള്‍കൊണ്ടു പോരാടിയ മലാലയെ സ്ക്കൂള്‍ബസ് തടഞ്ഞുനിര്‍ത്തി വെടിവയ്ക്കുകയാണ് താലിബാന്‍ ചെയ്തത്. പതിനൊന്നു വയസുമുതല്‍ ബിബിസിയ്ക്കായി തുടങ്ങിയ ബ്ലോഗെഴുത്തില്‍ താലിബാന്‍ ഭരണത്തിനുകീഴില്‍ തങ്ങളനുഭവിക്കുന്ന യാതനകള്‍ അവള്‍ കോറിയിട്ടു.
'ഞങ്ങള്‍ മലാലമാരാണ് ' എന്ന പേരില്‍ പ്രശസ്ത ഹോളിവുഡ് താരവും ഓസ്കാര്‍ അവാര്‍ഡുജേതാവും സാമൂഹികപ്രവര്‍ത്തകയുമായ ആഞ്ജലീന ജൂലിയുടെ ആമുഖത്തോടെയാണ് പുസ്തകം ആരംഭിക്കുന്നത്. ധീരമായ ഒരു വ്യക്തിത്വത്തിന്റെ ശബ്ദം സ്ത്രീകളും പുരുഷന്മാരും കുഞ്ഞുങ്ങളുമടക്കം എണ്ണമറ്റ ജനത ഏറ്റെടുക്കുമെന്നതിന്റെ തെളിവാണ് മലാല. "ക്ലാസ്സ്മുറികള്‍ തൊട്ട് അടുക്കളവരെ ലോകത്തുള്ള എല്ലാ സ്ഥലങ്ങളിലും അമ്മമാരും അച്ഛന്മാരും ആണ്‍കുട്ടികളും പെണ്‍കുട്ടികളും മലാലയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയാണ്" എന്നിങ്ങനെ ആഞ്ജലീന ജൂലി തന്റെ മുഖവുര അവസാനിപ്പിക്കുന്നു.

Jan 13, 2013

ഒരു വിധികര്‍ത്താവിന്റെ വിധി വിളയാട്ടങ്ങള്‍ - വില്‍സണ്‍ ചേനപ്പാടി




ഒക്ടോബര്‍ നവംബര്‍ മാസങ്ങള്‍ സ്കൂള്‍ കലാമേളകളുടെ കാലം. വാള്, പരിച, ദഫ്, കുണുക്ക്, കസവുമുണ്ട് ഇത്യാദി ടൂള്‍സുകളുമായി കലയാശാന്‍മാര്‍ ഇരതേടാനിറങ്ങുന്ന കാലം. പെരുമ്പാമ്പിന് വല്ലപ്പേഴും ഇരയെ കിട്ടുന്ന പോലെയാണ് ഇക്കൂട്ടര്‍ക്ക് മേളക്കാലം. രക്ഷകര്‍ത്താക്കളെയും സ്കൂളുകളെയും സമൂലം വിഴുങ്ങിയിട്ടു വേണം അടുത്ത സീസണ്‍ വരെ പിടിച്ചു നില്‍ക്കാന്‍. എന്നാല്‍ മാര്‍ഗ്ഗംകളി, കോല്‍കളി തുടങ്ങി സര്‍വ്വമാന കളികളും; പുതുതായി തുടങ്ങിയ ഉറുദു പദ്യം ചൊല്ലല്‍ മുതല്‍ വള്ളംകളിപ്പാട്ടു വരെ മൊത്തമായും ചില്ലറയായും പിടിച്ചിട്ടും - കടലും കടലാടിയും തിരിയാത്ത ചില ജഡ്ജുകളുടെ ഒടുക്കത്തെ വിധികൊണ്ട് ഗ്രേഡൊന്നും കിട്ടാതെ അന്തര്‍ധാനം ചെയ്ത ചില കലആശാന്‍മാരുമുണ്ട്. അത്തരം കലാകുരുക്കന്‍മാരുടെ സ്മരണയ്ക്കുമുമ്പില്‍ അപ്പീല്‍പൂക്കള്‍ അര്‍പ്പിച്ചുകൊണ്ട് ഈയുള്ളവന്റെ ജീവിതത്തിലെ ചില വിധി വിളയാട്ടങ്ങളെപ്പറ്റി ഉപന്യസിക്കട്ടെ.
പത്തുപതിനഞ്ചു വര്‍ഷം മുമ്പു നടന്ന സംഭവമാണ്. ഒരു അണ്‍ എയ്ഡഡ് ഉസ്കൂളില്‍ 750 ഉറുപ്പികയ്ക്കു തൊണ്ടയും മണ്ടയും തീറെഴുതി മാഷായി വിലസുന്ന കാലം. അടുത്ത മുറിയില്‍ താമസിക്കുന്ന പഞ്ചായത്ത് സെക്രട്ടറി കാരൂര്‍കഥകളുടെ ആരാധകനാകായാല്‍ ദാരിദ്ര്യം കണ്ടറിഞ്ഞ് അവധിദിവസങ്ങളില്‍ ചില 'പണികള്‍' ഒപ്പിച്ചു തന്നിരുന്നു. അങ്ങനെയാണ് പഞ്ചായത്ത് മേള എത്തുന്നത്. പ്രസംഗത്തിന്റെ ജഡ്ജായി എന്നെ അദ്ദേഹം ഉള്‍പ്പെടുത്തി. ഒരു കവറിനുള്ളില്‍ നൂറിന്റെ ഒരു താളും ഉച്ചക്കുള്ള ഊണുമെന്ന കനത്ത റെമുണറേഷനെപ്പറ്റി കേട്ടപ്പോതന്നെ എന്നിലെ വിധികര്‍ത്താവ് വിജൃംഭിതനായി. പണ്ട് ഏഴാം ക്ലാസിലെ ക്ലാസ് മീറ്റിംഗില്‍ അമ്മിണിടീച്ചറിന്റെ നിര്‍ബന്ധത്തിനു വഴങ്ങി അച്ചടക്കത്തെപ്പറ്റി ഒരു പ്രസംഗം നടത്തിയ കാര്യം ഞാന്‍ രോമാഞ്ചത്തോടെ ഓര്‍ത്തു. എന്റെ ആദ്യത്തെയും അവസാനത്തെയും സംരംഭം. അല്ലെങ്കിലും മൈക്കിനു മുന്നില്‍ പ്രസംഗിക്കുക ക്യാമറയ്ക്കു മുമ്പില്‍ പ്രസവിക്കുക എല്ലാവര്‍ക്കും പറഞ്ഞിട്ടുള്ള കാര്യമല്ലല്ലോ..

Jan 3, 2013

പത്താംതരം രണ്ടാം ടേം പരീക്ഷ - ഉത്തരങ്ങള്‍




പത്താംതരം രണ്ടാം ടേം മലയാളം പരീക്ഷയുടെ ഉത്തരക്കടലാസുകളെല്ലാം മൂല്യനിര്‍ണ്ണയം കഴിഞ്ഞ് കുട്ടികളുടെ കൈയ്യില്‍ത്തന്നെ എത്തിക്കാണുമല്ലോ. ആലുവാ സെന്റ് മേരീസ് ഹൈസ്ക്കൂളിലെ അലക്സ് മരിയാന്‍ സെബാസ്റ്റ്യന്റെ ഉത്തരക്കടലാസ് കണ്ടപ്പോള്‍ അയാളുടെ അദ്ധ്യാപകര്‍ക്കൊരു മോഹം, ഈ ഉത്തരങ്ങള്‍ മറ്റുള്ളവര്‍കൂടി കാണണം. അലക്സിന്റെ അദ്ധ്യാപന്‍ ജോസ് മാത്യു സാര്‍ അത് വിദ്യാരംഗം ബ്ലോഗിന് അയച്ചുതന്നു. അതൊന്നു കാണൂ. നിങ്ങളുടെ ഉത്തരങ്ങളുമായി താരതമ്യം ചെയ്യൂ. അഭിപ്രായങ്ങള്‍ അറിയിക്കാന്‍ മറക്കരുതേ!