Pages

Jul 25, 2013

സൗന്ദര്യപൂജ - പി. കുഞ്ഞിരാമന്‍നായര്‍


  
പി.യുടെ കവിതകള്‍ വ്യാഖ്യാനിക്കാനുള്ളവയല്ല, ആസ്വദിക്കാനുള്ളവയാണ്. 'സമാനഹൃദയന്മാര്‍'ക്ക് മാത്രം കഴിയുന്ന ഒരു കാര്യം. പി.യുടെ ആത്മകഥകാവ്യങ്ങളായ കവിയുടെ കാല്‍പ്പാടുകള്‍, എന്നെ തിരയുന്ന ഞാന്‍, നിത്യകന്യകയെത്തേടി ഇവയുടെ ഏതെങ്കിലും ഒരുഭാഗം വായിച്ചിട്ടുള്ളവര്‍ക്കറിയാം പി.യുടെ ഭാഷാസവിശേഷതകള്‍. ഗദ്യംപോലും പിടിതരാതെ ഒളിച്ചുകളിക്കുകയാണ് ആ തൂലികത്തുമ്പില്‍. പിന്നെ കവിതയുടെ കാര്യം പറയേണമോ.
ഇതിലെ ആശയങ്ങളില്‍ പലതും മറ്റുവ്യാഖ്യാനങ്ങള്‍ വായിച്ചപ്പോള്‍ കിട്ടിയതുകൂടിയാണ്. പഴയ കേരളീയ ഗ്രാമജീവിതവും കാര്‍ഷികസംസ്കാരവും ക്ലാസ്സുമുറികളിലേയ്ക്ക് പുനസ്സൃഷ്ടിക്കുക ശ്രമകരമാണ്. കവിയുടെയും കവിതയുടെയും ആ പശ്ചാത്തലത്തില്‍ നിന്നല്ലാതെ ഈ കവിത ആസ്വദിക്കാനാവില്ല. 'പൂക്കളമത്സര'ത്തിന് പൂവുവാങ്ങാന്‍ പൂക്കടയിലേയ്ക്കോടുന്ന പുതുതലമുറയ്ക്ക്
കുളിച്ചു പൂപ്പൊലിപ്പാട്ടില്‍
വിളിച്ചു മലനാടിനെ;
ഒളിച്ചു പൂക്കളംതീര്‍ത്തു
കളിച്ച പുലര്‍വേളകള്‍.
എന്നു പാടിക്കേട്ടാല്‍ എന്ത് ആശയ ഗ്രഹണമാണുണ്ടാകുക. ഇവിടെയാണ് അദ്ധ്യാപകന്‍ വെല്ലുവിളി നേരിടുന്നത്. ഭാഷയുടെ സൗന്ദര്യതലം വെളിവാക്കുക എന്ന ലക്ഷ്യത്തോടെ പാഠപുസ്തകത്തിലുള്‍പ്പെടുത്തിയ ഈ കാവ്യഭാഗം കുട്ടികള്‍ക്ക് ആസ്വദിക്കത്തക്കവിധം ഒരുക്കുക വളരെ തയ്യാറെടുപ്പുകള്‍ ആവശ്യമുള്ള കൃത്യമാണ്. വായിക്കുമ്പോള്‍ അര്‍ത്ഥഗ്രഹണത്തിന് ഒരു തടസ്സവുമില്ല. ചിന്തയിലാണ് അവ്യക്തതകള്‍ തുടങ്ങുന്നത്. നമുക്കൊന്നു ശ്രമിക്കാം.
കുളിച്ചു പൂപ്പൊലിപ്പാട്ടില്‍
വിളിച്ചു മലനാടിനെ;
ഒളിച്ചു പൂക്കളംതീര്‍ത്തു
കളിച്ച പുലര്‍വേളകള്‍.
ഓണക്കാലം പടിയിറങ്ങുന്ന കേരളപ്രകൃതിയെയാണ് കവി ഈ വരികളില്‍ അവതരിപ്പിക്കുന്നത്. പൂക്കളം തീര്‍ത്തു കളിച്ചിരുന്ന പുലര്‍വേളകള്‍ എവിടെയോ പോയി ഒളിച്ചു. പുപ്പൊലിപ്പാട്ടുകള്‍ എങ്ങും മുഴക്കിക്കൊണ്ടായിരുന്നു ആ ചിങ്ങപ്പുലരികള്‍ മലനാടിനെ വിളിച്ചുണര്‍ത്തിയിരുന്നത്. പൂപ്പൊലിപാട്ടുമായി നാടെങ്ങും ചുറ്റിനടന്ന് പൂക്കള്‍ പറിച്ച് പുലരിയില്‍ പൂക്കളം തീര്‍ക്കുന്ന കൊച്ചുകുട്ടികളുടെ ചിത്രമാണ് ഈ വര്‍ണ്ണന ആസ്വാദകരുടെ മനസ്സിലുണര്‍ത്തുന്നത്.

Jul 22, 2013

കുഞ്ഞുകവിതകള്‍ - അനിതാ ശരത്



സാഫല്യം
എത്രയോ നാളായി
ഞാന്‍ ആഗ്രഹിച്ച നിന്റെ ഹൃദയം
ഇപ്പൊ എനിക്ക് കൈവന്നിരിക്കുന്നു
ഈ പോസ്റ്റ്മോര്‍ട്ടം ടേബിളിള്‍.

മഴ
മഴ
മാനത്തുനിന്നും
മനസ്സിലേയ്ക്ക് പെയ്യുമ്പോള്‍
മൌനനൊമ്പരങ്ങള്‍
മുളപൊട്ടുന്നു .......

റീ-പോസ്റ്റ്‌മോര്‍ട്ടം

മരിച്ച മോഹത്തെ
അടച്ച കല്ലറ
തുറന്നുവച്ചപ്പോള്‍
ചിരിച്ചു നിന്നത്രേ
ഒരു ചെമ്പനീര്‍പ്പൂവ്
അതിന്റെ നെഞ്ചോടുചേര്‍ന്ന് ...


Jul 13, 2013

എന്റെ ഭാഷ - വള്ളത്തോള്‍ നാരായണമേനോന്‍



''മിണ്ടിത്തുടങ്ങാന്‍ ശ്രമിക്കുന്ന പിഞ്ചിളം
ചുണ്ടിന്മേലമ്മിഞ്ഞപ്പാലോടൊപ്പം,
അമ്മയെന്നുള്ള രണ്ടക്ഷരമല്ലയോ
സമ്മേളിച്ചീടുന്നതൊന്നാമതായ്
മറ്റുള്ളഭാഷകള്‍ കേവലം ധാത്രിമാര്‍
മര്‍ത്ത്യനു പെറ്റമ്മ തന്‍ഭാഷതാന്‍''
സംസാരിച്ചുതുടങ്ങുന്നകുഞ്ഞിന്റെ ചുണ്ടില്‍ നിന്നും ആദ്യം പുറപ്പെടുന്ന ശബ്ദമാണ് 'അമ്മ'. 'അമ്മ' എന്ന ശബ്ദം അവന്‍ ഏതുഭാഷയിലാണോ ഉച്ചരിക്കുന്നത് അതാണ് അവന്റെ മാതൃഭാഷ. അമ്മിഞ്ഞപ്പാലിനോടൊപ്പം ചുണ്ടില്‍ വിരിയുന്ന ആ ഭാഷയാണ് അവന് തന്റെചുറ്റുമുള്ള ലോകത്തെക്കുറിച്ച് അറിവുനേടിക്കൊടുക്കുന്നത്. ആദ്യത്തെ ഗുരു അമ്മയാണെന്നതുപോലെ ആദ്യത്തെ ഭാഷ മാതൃഭാഷയുമാണ്. മാതൃഭാഷ പെറ്റമ്മയാണ്. മറ്റുള്ള ഭാഷകള്‍ പോറ്റമ്മമാരാണ്. 'പെറ്റമ്മ ചമഞ്ഞാന്‍ പോറ്റമ്മയാകില്ല' എന്ന പഴഞ്ചൊല്ല് സുപരിചിതമായ മലയാളിക്ക് മാതൃഭാഷയ്ക്കും അന്യഭാഷകള്‍ക്കും മനുഷ്യജീവിതത്തിലുള്ള സ്ഥാനം വ്യക്തമാകാന്‍ ഇതിലും നല്ല ഒരു ഉപമ വേറെയില്ല. ഈ കവിത എഴുതുന്നകാലത്ത് വിദ്യാസരംഗത്ത് ഇംഗ്ലീഷ് കൊടികുത്തിവാഴുകയായിരുന്നു. ബ്രിട്ടീഷുകാര്‍ പ്രചരിപ്പിച്ച ഈ വിദ്യാഭ്യാസം നേടുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലിയും വക്കീല്‍പ്പണി പോലുള്ള മറ്റ് ഉന്നതപദവികളും ലഭിച്ചിരുന്നു. ഉപജീവനത്തിന് മെച്ചപ്പെട്ട മാര്‍ഗ്ഗങ്ങള്‍ കാണിച്ചുകൊടുത്തതുകൊണ്ടാവാം കവി ഇംഗ്ലീഷ് പോലുള്ള ഭാഷകളെ പോറ്റമ്മ എന്നു വിശേഷിപ്പിച്ചത്.
''മാതാവിന്‍ വാത്സല്യദുഗ്ദ്ധം നുകര്‍ന്നാലേ
പൈതങ്ങള്‍ പൂര്‍ണ്ണ വളര്‍ച്ച നേടൂ.''
അമ്മ വാത്സല്യത്തോടെ പകര്‍ന്നു നല്‍കുന്ന മുലപ്പാല്‍ ഒരു കുഞ്ഞിന്റെ വളര്‍ച്ചയില്‍ വളരെ വലിയ പങ്കുവഹിക്കുന്നുണ്ട് എന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട വസ്തുതയാണ്. രോഗപ്രതിരോധശേഷി, ആന്തരാവയവങ്ങളുടെ വളര്‍ച്ച എന്നിവയെയെല്ലാം മുലപ്പാല്‍ സ്വാധീനിക്കുന്നുണ്ട്. മാതൃഭാഷയും അതുപോലെ മനുഷ്യന്റെ വളര്‍ച്ചയില്‍, മാനസികവും ബൗദ്ധികവുമായ വികാസത്തില്‍ വലിയപങ്കുവഹിക്കുന്നുണ്ട്. മുലപ്പാല്‍ ശാരീരികമായ വളര്‍ച്ചയെ സ്വാധീനിക്കുമ്പോള്‍ മാതൃഭാഷ മാനസികവും ബൗദ്ധികവുമായ വളര്‍ച്ചയെ പരിപോഷിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ശൈശവബാല്യകൗമാരങ്ങളില്‍ നേടുന്ന വിദ്യാഭ്യാസം മാതൃഭാഷയിലായിരിക്കണം.

Jul 2, 2013

'ആര്‍ട്ട് അറ്റാക്ക് ' പേരും കഥയും



കല കമ്പോളച്ചരക്കാകുന്ന പുതിയ കാലത്തെ ആവിഷ്കരിക്കുന്ന ചെറുകഥയാണ് എം. മുകുന്ദന്റെ ' ആര്‍ട്ട് അറ്റാക്ക് '. 'ആര്‍ട്ട് അറ്റാക്ക് ' എന്ന പേര് നമുക്ക് സുപരിചിതമായ 'ഹാര്‍ട്ട് അറ്റാക്ക് ' എന്ന ജീവിതശൈലീ രോഗത്തെ അനുസ്മരിപ്പിക്കുന്നു. പുതിയ കാലത്ത് മനുഷ്യന്റെ ഭക്ഷണാഭിരുചിയിലും ജീവിതശൈലിയിലും ഉണ്ടായ മാറ്റങ്ങളുടെ സമ്മാനമാണ് ഹാര്‍ട്ട് അറ്റാക്ക്. ഹാര്‍ട്ട് അറ്റാക്ക് മനുഷ്യനെ അപ്രതീക്ഷിതമായി ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്നു. അതുപോലെ പതിയിരുന്നാക്രമിച്ച് കലയെ കൊലചെയ്യുന്ന പുതിയകാലത്തിന്റെ കച്ചവടതാല്പര്യങ്ങളെയും അഭിരുചികളെയുമാണ് മുകുന്ദന്‍ 'ആര്‍ട്ട് അറ്റാക്ക് ' എന്ന കഥയില്‍ അവതരിപ്പിക്കുന്നത്.