Pages

Jul 29, 2014

രാമായണമാസം - രാമായണത്തിലൂടെ




മലയാളഭാഷാപിതാവ് തുഞ്ചത്തെഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ടുശീലുകള്‍ കേരളത്തിലാകെ അലയടിക്കുന്ന സമയമാണിത്. 'പഞ്ഞക്കര്‍ക്കിടകം' ഇന്ന് പുണ്യകര്‍ക്കിടകമായി മാറി. കേരളസമൂഹത്തില്‍ സമൂലമായ പരിവര്‍ത്തനം സാദ്ധ്യമാക്കിയ അമൂല്യ ഗ്രന്ഥമാണ് 'അദ്ധ്യാത്മരാമായണം കിളിപ്പാട്ട്.' ഭക്തിയും തത്ത്വചിന്തയും അദ്ധ്യാത്മരാമായണം കിളിപ്പാട്ടിന്റെ ഊര്‍ജ്ജസ്രോതസ്സുകളാണ്. ഗതാനുഗതികത്വത്തിന്റെ പാതവിട്ട് എഴുത്തച്ഛന്‍ കവിതയെ ഭാവത്തിലും രൂപത്തിലും വേറിട്ടതാക്കി. നൂറ്റാണ്ടുകള്‍ പലതുകഴിഞ്ഞിട്ടും 'നമുക്കെഴുത്തച്ഛനെടുത്ത ഭാഷാക്രമക്കണക്കേ ശരണം' എന്ന കവിവാക്യം കൂടുതല്‍ ശക്തമാകുന്നു. നിത്യപാരായണത്തിലൂടെ ശ്രേഷ്ഠഭാഷയെ മികവാര്‍ന്ന രീതിയില്‍ പ്രയോഗപഥത്തിലെത്തിക്കാന്‍ ഏതൊരു മലയാളിയെയും പ്രാപ്തനാക്കുവാന്‍ അദ്ധ്യാത്മരാമായണം കിളിപ്പാട്ടല്ലാതെ മറ്റൊന്നില്ല.

Jul 18, 2014

കുട്ടികളുടെ അവകാശങ്ങള്‍ - കഥ


സ്കൂളിലെ നീളം കൂടിയ വരാന്തയുടെ അറ്റത്ത് ചുമരില്‍ കുട്ടികളുടെ അവകാശങ്ങള്‍ എന്നെഴുതിയ ബോര്‍ഡിനു താഴെ ടീച്ചര്‍ നിന്നു. ഇടതുകൈ കൊണ്ട് കണ്ണട ശരിയാക്കിവച്ച് ശ്രദ്ധയോടെ.............. പട്ടം പറത്താന്‍ അവകാശമുണ്ടായിരുന്നപ്പോള്‍ ചരടിന്റെ അറ്റം അച്ഛന്റെ കൈകളിലായിരുന്നു. പിന്നീട് അത് സ്വന്തമായപ്പോഴേക്കും ആകാശം ആരോ വിലക്കെടുത്തുകഴിഞ്ഞിരുന്നു. ഇഷ്ടപ്പെട്ട പുസ്തകത്താളുകള്‍ക്കുള്ളില്‍ നാലായി മടക്കി സൂക്ഷിച്ചുവച്ചതായിരുന്നു. ഉറക്കുത്തി എന്നാരോപിച്ച് ഇന്നലെ അത് ആരോ വലിച്ചെറിഞ്ഞുകളഞ്ഞു. അവകാശപ്പട്ടികയുടെ ആണിയിലിരുന്ന് ഒരു പല്ലി ചിലച്ചു.

വി കെ ഷീബ
എച്ച് എസ് എ മലയാളം
ജി ജി എച്ച് എസ് എസ് മടപ്പള്ളി




Jul 14, 2014

എന്റെ ഭാഷ - വള്ളത്തോള്‍ നാരായണമേനോന്‍




വള്ളത്തോളിന്റെ ​എന്റെ ഭാഷ എന്ന കവിതയില്‍ നിന്നും പത്താം തരം മലയാളം അടിസ്ഥാനപാഠാവലിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കാവ്യഭാഗത്തിന്റെ ദൃശ്യാവിഷ്കാരമാണ് ഈ പോസ്റ്റ്. മണീട് ഗവ. ഹൈസ്ക്കൂളിലെ ബീനടീച്ചറാണ് ഈ വീഡിയോയുടെ സംവിധാനവും നിര്‍മ്മാണവും നിര്‍വ്വഹിച്ചിരിക്കുന്നത്. പ്രശസ്ത സംഗീതാദ്ധ്യാപകന്‍ ശ്രീ നെച്ചൂര്‍ ആര്‍. രതീശന്‍ ആലാപനവും.


Jul 10, 2014

ഒഴുക്ക് - കവിത



ഒഴുക്ക്
ഒഴുകുകയാണ്.....

ഓര്‍മ്മകള്‍
ഖനീഭവിച്ചതില്‍ ചിലത്
ഉറവിടത്തില്‍ നിന്നും
അലിഞ്ഞുകലരുന്നു,
കാട്ടുപച്ചകള്‍
വീണടിയുന്നു.
മദച്ചൂരുള്ള ആനക്കാലുകള്‍ പതിഞ്ഞ്
തടമിടിഞ്ഞുകലങ്ങുന്നു..
മാന്‍പേടകളുടെ
കുളിരുണര്‍ത്തുന്ന
ചുംബനത്താല്‍ തുടുക്കുന്നു.

ഒഴുകുകയാണ്.....

മീന്‍പുളയ്ക്കുന്നതും
ശവമടിയുന്നതും
അറിഞ്ഞില്ലെന്നു നടിച്ച്
കാടുകടന്നു.

കടത്തുകാര്‍
തലങ്ങും വിലങ്ങും
മുറിച്ചുകടന്നു.
പാടവിശാലതയില്‍
വരള്‍ച്ചത്തിരക്കായി-
പാത്രങ്ങള്‍, വലകള്‍,
പമ്പുസെറ്റുകള്‍...
ഊറ്റുകാര്‍ നിരന്നു.

ഒഴുകുകയാണ്.....

Jul 7, 2014

' ആര്‍ട്ട് അറ്റാക്ക് ' ലെ ശിവരാമന്‍ - കഥാപാത്ര നിരൂപണം


കല കമ്പോളച്ചരക്കാകുന്ന പുതിയ കാലത്തെ ആവിഷ്കരിച്ചിരിക്കുന്ന ചെറുകഥയാണ് എം. മുകുന്ദന്റെ 'ആര്‍ട്ട് അറ്റാക്ക്'. ഡല്‍ഹി പശ്ചാത്തലമാക്കി രചിച്ച ഈ ചെറുകഥയിലെ നായകകഥാപാത്രമാണ് കെ. എസ്. ശിവരാമന്‍.
നാഷണല്‍ ടൈസ് പത്രത്തിലെ ആര്‍ട്ട് ക്രിട്ടിക്കാണ് ശിവരാമന്‍. കാഴ്ചയില്‍ മധ്യവയസ്കനായ ഇദ്ദേഹത്തിന്റെ ജീവിതവും കുടുംബസാഹചര്യങ്ങളും ദുരിതപൂര്‍ണമാണ്. സന്ധിവാതം വന്ന ഭാര്യയും പ്രായപൂര്‍ത്തിയായ മകളുമാണ് ശിവരാമന് ആകെയുള്ളത്. നഗരത്തില്‍ വന്ന് നാഷണല്‍ ടൈസില്‍ ആര്‍ട്ട് ക്രിട്ടാക്കായി ജോലി ചെയ്യാന്‍ തുടങ്ങിയിട്ട് മൂന്നു പതിറ്റാണ്ടുകള്‍ കഴിഞ്ഞു എങ്കിലും സ്വന്തമായൊരു വീട്, തലചായ്ക്കാനൊരിടം സ്വന്തമായുണ്ടാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടില്ല. ഇതുകൊണ്ടുതന്നെ അടിക്കടിയുള്ള വീടുമാറ്റം ജീവിതത്തിലെ സാധാരണ സംഭവമായിരുന്നു. നഗരത്തിലെ ജീവിതം അദ്ദേഹത്തെ ഒട്ടും മാറ്റിയിരുന്നില്ല. ശിവരാമന്റെ ബാഹ്യരൂപം ഇതു വ്യക്തമാക്കുന്നുണ്ട്. തുന്നലുവിട്ട് വലുതായ പാന്റിന്റെ കീശ, കീറിയ കോളര്‍, ഓട്ടകള്‍ വീണ സോക്സ്, മടമ്പുകള്‍ തേഞ്ഞ ഷൂസ് ഇവയെല്ലാം അദ്ദേഹത്തിന്റെ ദാരിദ്ര്യത്തെക്കൂടി വെളിവാക്കുന്നുണ്ട്.

Jul 3, 2014

അരിശ്രീ - ബാലിദ്വീപ്


 എസ് കെ പൊറ്റെക്കാടിന്റെ ബാലി യാത്ര എട്ടാം ക്ലാസിലെ പാഠപുസ്തകത്തില്‍ നാം പരിചയപ്പെടുന്നു. ചുവടെ നല്‍കിയിരിക്കുന്ന വീഡിയോയില്‍ ബ്ലാക്ക് & വൈറ്റില്‍ കാണുന്ന ഭാഗം പൊറ്റെക്കാട് തന്റെ യാത്രയില്‍ കണ്ട ബാലിയുടെ അതേ കാലഘട്ടം തന്നെയെന്ന് നമുക്കനുമാനിക്കാം. എന്നാല്‍, അന്നത്തെ ആചാരങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും ഇന്നും യാതൊരു മാറ്റവുമില്ലെന്ന് തെളിയിക്കുന്നു പിന്നീട് കാണുന്ന കളര്‍ ചിത്രങ്ങള്. കോഴിയങ്കം, കാളപൂട്ട് , കൃഷിയിടങ്ങളുടെ പ്രത്യേകത എന്നിവ ഈ വീഡിയോയില്‍ നമുക്ക് കാണാന്‍ സാധിക്കുന്നു.




കടപ്പാട്: youtube videos