Pages

Mar 30, 2011

അന്യഗ്രഹംതേടി - കവിത


ധൂര്‍ത്തടിച്ചീടുന്നല്ലോ ഭൂമിതന്‍ വിഭവങ്ങള്‍
ആര്‍ത്തിയാണല്ലോ തീരാത്താര്‍ത്തി! മനുഷ്യന്മാര്‍ക്ക്
കമ്മട്ടപ്പശുക്കളും കറന്‍സി ചുരത്തുന്നു
അമ്മയാം ഭൂമിപോലും വില്പനച്ചരക്കല്ലോ!
കല്‍ക്കരി, പെട്രോളിയം ലോഹങ്ങള്‍ ധാതുക്കള്‍
വില്‍ക്കാനും കത്തിക്കാനും സുഖിക്കാന്‍ നശിപ്പിക്കാന്‍
ശകടാസുരന്മാര്‍ക്കു ജന്മവും നല്‍കിയല്ലോ
ശമിപ്പിച്ചീടാന്‍ ദാഹം ഭൂമാതാവിന്റെ രക്തം!
മണിഹര്‍മ്യങ്ങള്‍ തീര്‍ക്കാന്‍ ത്രിശങ്കുസ്വര്‍ഗം തീര്‍ക്കാന്‍
മണലും കൊള്ളചെയ്തു പുഴകള്‍ ചത്തുപോയി
മഞ്ഞലോഹവും വാരിനിറച്ചു ഖജനാവില്‍
മഞ്ഞളിച്ചുപോയല്ലോ രോഗാതുരമാം കണ്ണും
ഊറ്റി വിററീടുന്നല്ലോ ഭൂഗര്‍ഭജലംപോലും
ഊറ്റവും കുറവല്ല; ഭൂമിതന്‍ നാഥനല്ലോ!
കാടുകള്‍ വെട്ടിവിറ്റു കീശയും വീര്‍പ്പിച്ചല്ലോ
വീടുകള്‍ കുളംതോണ്ടി പലായനവും ചെയ്തു
വന്യജീവികളുടെ താവളം നശിപ്പിച്ചു
വന്യശക്തിയുംനേടി യന്ത്രത്തിന്‍ സഹായത്താല്‍ !
കാട്ടിലെ സോദരരെ വലിച്ചിഴച്ചു നാട്ടില്‍
കുട്ടിലടച്ചിട്ടല്ലോ ആരുണ്ടുചോദിക്കുവാന്‍?
നിബന്ധിച്ചിണചേര്‍ത്തു ക്ലോണിങ്ങിന്‍ മന്ത്രം ചൊല്ലി
നിര്‍ബാധമുല്‍പ്പാദനം; സൃഷ്ടിതന്‍ ദേവനായി !
സ്ഥിതിയും പാലനവും ദൌത്യമായ് ക്കണ്ടില്ലല്ലോ
സ്ഥിതിയോര്‍ക്കില്‍ സംഹാരം മാത്രമായ് നരധര്‍മം!
സര്‍വ്വവും നശിപ്പിക്കും സംഹാരമൂര്‍ത്തിയായ്
സര്‍ വ്വേശ്വരനെപോലും വെല്ലുവിളിച്ചീടുന്നു!
വാരിക്കുഴികള്‍ തീര്‍ത്തു വീഴ്ത്തിക്കളഞ്ഞുവല്ലോ
വാരിധികളില്‍പ്പോലും നിറച്ചീടുന്നു വിഷം
താപ്പാനകളെ തീര്‍ത്തു അടക്കി ഭരിക്കുവാന്‍
പാപ്പനായ്‌ത്തീര്‍ന്നുവല്ലോ ഭൂമിയാം ഗജത്തിനും
അന്യഗ്രഹങ്ങള്‍ തേടും കശക്കിയെറിയുവാന്‍
വന്യമാം ശക്തിയോടെ കുത്തിമലര്‍ത്തുവാനും!

Mar 28, 2011

എ പ്ലസ് - കവിത


(പാവം കുട്ടികളോടല്ല വ്യവസ്ഥിതിയോടാണ് )

ഒന്നിലും രണ്ടിലും മൂന്നിലും നാലിലും
ഒന്നിച്ചു പാടിയും കൂട്ടുകൂടീം
മാര്‍ക്ക് ഞാനന്നേ നാല്‍പ്പതാക്കി!

അഞ്ചിലെ നോട്ടീസും ആറിലെ പോസ്റററും
ഏഴിലായപ്പോഴേ എഴുപതായേ!
എട്ടില്‍ 'എഡിറ്റോറിയല്‍'വരെയെത്തിഞാന്‍!
ഒമ്പതില്‍ 'തിരക്കഥാകൃത്തു'മായി!

ഏറെപണിപ്പെട്ടു ഞാനെത്തിയപത്തിലോ
എങ്ങനെ കേറുമെന്നോര്‍ത്തിരിക്കേ
കിട്ടിയെനിക്കൊരുപുത്തനാംനല്‍വഴി
കിട്ടി 'എപ്ലസ്'ഞാന'യ്യീഡി'യായേ!

'എപ്ലസ് 'നിറഞ്ഞൊരീ കടലാസുമായി ഞാന്‍
പഠിക്കാതിരിക്കുവതെങ്ങനെചൊല്‍!
പയ്യെ ഞാനൊന്നു പറഞ്ഞോട്ടെകൂട്ടരെ
'മലയാളം'പോരാ അതിന്നക്ഷരം ശരിയല്ല!
'ഇംഗ്ലീഷി'ന്‍ സ്പെല്ലിങ്ങോ തീരെമോശം!
'ഹിന്ദി ഹേ,ഹോ,ഹീ ചേര്‍ത്താലടിപൊളി!
വേറെയും വിഷയങ്ങള്‍ ഏറെയിന്നുണ്ടല്ലോ!
നോക്കട്ടെ ഞാനുമൊരു'ഡോക്ടറാ'വാന്‍!










 ആര്‍. ബീന
ജി.എച്ച്.എസ്. മണീട്

Mar 25, 2011

എന്റെ വിദ്യാലയം - ഓര്‍മ്മക്കുറിപ്പ്‌



ഓര്‍മ്മക്കുറിപ്പ്‌
മനസിന്റെ ഉള്ളറയില്‍ ഇപ്പഴും ചിതലരിക്കാതെ കിടക്കുന്ന ഓര്‍മകളില്‍ അവശേഷിക്കുന്നത് എന്റെവിദ്യാലയ കാലഘട്ടത്തെക്കുറിച്ചുള്ള മധുരമായ ഓര്‍മകളാണ് .

ആ കാലഘട്ടത്തിലെ എന്തിനെക്കുറിച്ച് ചിന്തിക്കുമ്പോഴും മനസ്സില്‍ കുളിര്‍മയുടെ ഒരു നേര്‍ത്ത തലോടല്‍പ്പോലെയാണ് അനുഭവപെടുന്നത്

ചെറിയ ചാറ്റല്‍ മഴയോടുകുടിയ അന്നത്തെ ആ പ്രഭാതങ്ങളില്‍ ‍ ഒരു കുടക്കീഴില്‍ പകുതി നനഞ്ഞ വസ്ത്രങ്ങളുമായി അനുജനുമൊത്ത് പാടവരമ്പിലുടെ സ്കൂളിലേക്ക് നടന്നുപോകുന്നതും, വയലുകളുടെ അരികിലുടെ ഒഴുകുന്ന ചെറിയ ചാലുകളില്‍ ചേമ്പിന്‍ ഇലകള്‍ ഇട്ട് ഒഴുക്കിന്റെ താളത്തില്‍ അവ നീങ്ങുന്നത് ആശ്ചര്യത്തോടെ നോക്കി നില്‍ക്കുന്നതുമെല്ലാം ഒരിക്കലും മറക്കുവാന്‍ കഴിയാത്ത എന്റെ സുന്ദരമായ ഓര്‍മകളാണ് .

Mar 21, 2011

തീരെച്ചെറിയ കഥകള്‍

തീരെച്ചെറിയ കഥകള്‍

1. ത്യാഗം

ആ മാമരത്തെ വെട്ടാന്‍ കോടാലി ഉയര്‍ത്തിയ മനുഷ്യനെ പോത്തിലിരുന്ന പാമ്പ്‌ കണ്ടു. അയാളെ കൊത്തിക്കൊല്ലട്ടേയെന്നു മരത്തോട് അത് ചോദിച്ചു.

അപ്പോള്‍ മരം പറഞ്ഞു,'' വേണ്ട. അയാളുടെ മനസ്സിലെ ഘോരസര്‍പ്പത്തെ

പ്രതിരോധിക്കാന്‍ നിനക്ക് കഴിയില്ല. നീ രക്ഷപ്പെട്ടോളൂ''.


2. മുത്തശ്ശി ചെയ്തത്......


നഗരത്തിലെ, ഓര്‍ക്കിഡ്- ആന്തൂറിയം പുഷ്പോത്സവം കണ്ടിറങ്ങിയ ഗ്രാമീണ മുത്തശ്ശി, വെളിയില്‍ ആരുടെയോ കാലടിയില്‍പ്പെട്ടു വിതുമ്പിയ തുമ്പച്ചെടിയെ വാരിയെടുത്ത് മടിയില്‍ വച്ചു........'

'മകളെപ്പോലെ വളര്‍ത്താന്‍'.





Mar 16, 2011

അംഗഭംഗം - കഥ

സുധാകരന്റെ അച്ഛന്‍ മരിച്ചത് ജനിച്ചതു പോലെ തന്നെ ആരുമറിയാതെയാണ് . പതിനൊന്നാം മണിക്കൂറില്‍ ആശുപത്രിയില്‍ എത്തി.; മരിച്ചു. അത്ര തന്നെ.
ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ഒരു കാര്യവും അത്ര എളുപ്പത്തില്‍ നടന്നിട്ടില്ല. എന്തിനും ഏതിനും തടസ്സം തന്നെ തടസ്സം. മറ്റുള്ളവര്‍ക്ക് വീട്ടുമുറ്റത്ത് സൗജന്യമായി വീണുകിട്ടുന്നത് സുധാകരന്റെ അച്ഛന്‍ നാലുപ്രാവശ്യം നടന്നലഞ്ഞ്, വിയര്‍പ്പൊഴുക്കി, അഭ്യര്‍ത്ഥിച്ച്, അപേക്ഷിച്ച് , ഒടുവില്‍ ആത്മനിന്ദപോലുംമറന്ന് കെഞ്ചിയാണ് സംഘടിപ്പിച്ചിരുന്നത്.
അസുഖ നില അല്പ്പം വഷളാണ് - ആരെയെങ്കിലും വിളിച്ചുവരുത്താനുണ്ടെങ്കില്‍ വേഗം അറിയിച്ചോളൂ, എന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍- കോമയിലാണ്.... സിങ്കിങ്ങാണ്... എന്നൊക്കെ മറ്റുള്ളവരുടെ കാര്യത്തില്‍ ഒത്തിരി തവണ പറയുകയും കേള്‍ക്കുകയും ചെയ്തിട്ടുള്ള സുധാകരന് അപ്പോള്‍ ആ വാക്കുകളില്‍ നിസ്സഹായമായ ഒരു ജീവന്റെ അവസാനപിടച്ചിലുകള്‍ അനുഭവപ്പെട്ടു.

Mar 13, 2011

സമകാലിക ചെറുകഥയിലെ സ്ത്രീ - മീര ഏ.




ജീവിതത്തിലും സാഹിത്യത്തിലും നേട്ടങ്ങള്‍ക്കും കാഴ്ചപ്പാടുകള്‍ക്കും അടിസ്ഥാനമായി വൈവിദ്ധ്യത്തെ അംഗീകരിച്ചുകൊണ്ടാണ് ഉത്തരാധുനികത കടന്നുവരുന്നത്. ചെറുതെന്നും നിസ്സാരമെന്നും അതുവരെ നാം കരുതിയിരുന്ന ഘടകങ്ങള്‍ക്ക് ചെറുതും നിസ്സാരവുമല്ലാത്ത സ്ഥാനമുണ്ടെന്ന് വിലയിരുത്തപ്പെട്ടു. വലിപ്പച്ചെറുപ്പങ്ങള്‍ കീഴ്മേല്‍ മറിഞ്ഞു. അസ്തിത്വദുഃഖം, നിസ്സാരതാബോധം, നിരാശ, മരണാഭിമുഖ്യം, ഏകാന്തത തുടങ്ങി ആധുനികത സമ്മാനിച്ച പ്രമേയങ്ങള്‍ ആധുനികാനന്തരഘട്ടത്തില്‍ മറ്റുപ്രമേയങ്ങള്‍ക്ക് വഴിമാറി. പരിസ്ഥിതി, ദളിത്, സ്ത്രീ പ്രമേയങ്ങള്‍ക്ക് ഈകാലഘട്ടത്തില്‍ കൂടുതല്‍ പ്രാധാന്യം കിട്ടുന്നതായി കാണാന്‍ കഴിയും. സാഹിത്യത്തിലും ഇതിന്റെ പ്രതിഫലനംതന്നെയാണ് കാണുന്നത്. മേല്‍പ്പറഞ്ഞ മൂന്നു പ്രമേയങ്ങളും സമാനമായ ഒരു തലത്തില്‍ ഒന്നിക്കുകയും ചെയ്യുന്നുണ്ട്. അധീശവര്‍ഗ്ഗത്താല്‍ ചൂഷണം ചെയ്യപ്പെടുന്നു എന്നതാണ് അത്. അധീശവര്‍ഗ്ഗത്തിന്റെ മുഖം മനുഷ്യര്‍, മേലാളര്‍, പുരുഷന്‍ എന്നിങ്ങനെ മാറാറുണ്ടെന്നു മാത്രം! ഏതുമാറ്റത്തിലും മാറാത്ത ഒരു ഘടകം ഈ മുഖമെല്ലാം പുരുഷന്റേതാണ് എന്നതാണ്. പരിസ്ഥിതി ചൂഷണത്തിലായാലും ദലിത് പീഡനത്തിലായാലും സ്ത്രീപീഡനത്തിലായാലും കര്‍ത്താവ് പുരുഷന്‍ തന്നെയാണെന്ന് പുതുലോകം തിരിച്ചറിയുന്നു. ഈ തിരിച്ചറിയലിന്റെ ബലത്തില്‍ പുരുഷകേന്ദ്രീകൃതമായ സകലതിനെയും അഴിച്ചുനോക്കുവാന്‍, പുനര്‍വായനയ്ക്കു വിധേയമാക്കുവാന്‍ ഉത്തരാധുനിക സാഹിത്യം തുനിയുന്നു. മലയാള കഥാസാഹിത്യത്തിലും ഈ പ്രവണതകളുടെ പ്രതിഫലനം നമുക്കുകാണാവുന്നതാണ്.

Mar 11, 2011

മാതൃകാചോദ്യങ്ങള്‍

തിങ്കളാഴ്ച എസ് എസ് എല്‍ സി പരീക്ഷ തുടങ്ങുകയാണല്ലോ. ആദ്യ പരീക്ഷയായ മലയാളത്തിനു വേണ്ട ഒരുക്കങ്ങള്‍ ഇതിനോടകം പൂര്‍ത്തിയാക്കി കാണുമല്ലോ. കുട്ടികള്‍ക്ക് പഠനസഹായി എന്ന നിലയില്‍ ധാരാളം ചോദ്യ പേപ്പറുകള്‍ നമ്മള്‍ കണ്ടുകഴിഞ്ഞു. അക്കൂട്ടത്തില്‍ അവസാന ഒരുക്കങ്ങള്‍ക്ക് സഹായകമായി ഇതാ ഒരു മാതൃകാ ചോദ്യപേപ്പര്‍ കൂടി ഞങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നു. അടിമാലിയില്‍ നിന്നും ഡോ. ജലജ കുമാരി ടീച്ചര്‍ അയച്ചു തന്ന ഈ മാതൃകാചോദ്യങ്ങള്‍ കൂടി പരീക്ഷാ മുന്നൊരുക്കത്തിനു ഉപകാരപ്പെടട്ടെ. കൂടാതെ, പരീക്ഷ എഴുതുന്ന എല്ലാ കുട്ടികള്‍ക്കും വിദ്യാരംഗം ബ്ലോഗിന്റെ വിജയാശംസകള്‍.

Mar 8, 2011

കഥാഖ്യാനത്തിന്റെ നൂതന പ്രവണതകള്‍ - സെമിനാര്‍ പ്രബന്ധം



തലയോലപ്പറമ്പ് എ. ജെ. ജോണ്‍ മെമ്മോറിയല്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്ക്കൂളിലെ മലയാളം അദ്ധ്യാപിക ശ്രീമതി ഷംല യു. കഥാഖ്യാനത്തിന്റെ നൂതന പ്രവണതകള്‍ എന്ന വിഷയത്തില്‍ തയ്യാറാക്കിയ സെമിനാര്‍ പ്രബന്ധമാണ് ഈ പോസ്റ്റ്. കൊമാല, ഹിഗ്വിറ്റ, തല്പം, അടയാളവാക്യങ്ങള്‍, തോടിനപ്പുറം പറമ്പിനപ്പുറം, ഇവിടെ ഒരു ടെക്കി, രാജ്യത്തിന്റെ അപനിര്‍മ്മാണത്തില്‍ ഒരു പത്താംക്ലാസ്സ് വിദ്യാര്‍ത്ഥിക്കുള്ള പങ്ക് എന്നീ കഥകളെ അടിസ്ഥാനമാക്കിയാണ് ഈ പ്രബന്ധം തയ്യാറാക്കിയിരിക്കുന്നത്. മലയാള കഥാസാഹിത്യത്തിലെ ഗവേഷകകൂടിയായ ഷംലടീച്ചറിന്റെ കണ്ടെത്തലുകള്‍ നമ്മെ വായനയുടെ ഒരു പുതിയ തലത്തിലേയ്ക്ക് കൈപിടിച്ചെത്തിക്കും എന്നതില്‍ സംശയമില്ല. എല്ലാ അദ്ധ്യാപകസുഹൃത്തുക്കളുടെയും വായനയ്ക്കും അഭിപ്രായപ്രകടനത്തിനുമായി പ്രബന്ധം പോസ്റ്റുചെയ്യുന്നു.


Mar 6, 2011

ആത്മാര്‍പ്പണം - കവിത



ആകാശനീലിമയില്‍
മിഴികളില്‍ പൂത്തിരിയായി
നക്ഷത്രദീപങ്ങള്‍ മിഴിചിതറവെ
ഓര്‍മ്മതന്‍ ആനന്ദലഹരിയില്‍
ഒരു പൂമ്പാറ്റയായി പറന്നകലവെ
രാഗാതുരയാമെന്റെ കിനാക്കള്‍
പൊട്ടിചിതറിയെന്ന സത്യം
വെറുമൊരു ദിവാസ്വപ്നമായിരു
ന്നെങ്കിലെന്നു മോഹിച്ചുപോകുന്നു ഞാന്‍
വാക്കുകള്‍ കൂരമ്പുകളായെന്‍
ഹൃദയഭിത്തിയില്‍ പോറലേല്ക്കവേ
നിര്‍ത്ഥകമാം മാനവികലോകം
വെറുമൊരു പ്രഹസനമെന്ന
സത്യമൂട്ടിയുറപ്പിക്കുവാന്‍ കഴിയുന്നില്ലല്ലോ
എത്രശ്രമിച്ചാലുമെത്ര മറന്നാലും
ഒന്നുമെന്നുമങ്ങനെ മറക്കാന്‍ വയ്യല്ലോ
ലോകമേമെന്തിനീ മുഖംമൂടി
നീയെടുത്തണിയുന്നു
അല്പമാത്രമീ ജീവിതം, സ്രഷ്ടാവ്
കനിഞ്ഞു നല്‍കിയ ജീവിതമൊരു
ആനന്ദസാഗരമാക്കി മാറ്റുവാന്‍
യെന്തിനു മടിക്കുന്നു നീ
ആരുമാരുമൊന്നും കൊണ്ടുവന്നില്ല
ഒന്നും കൊണ്ടുപോകുന്നുമില്ല
ഈ ലോകജീവിതത്തില്‍ ബാക്കി
യൊന്നു മാത്രമായീശേഷിക്കുന്ന സത്യം
ആത്മാര്‍ത്ഥതയെന്ന നാലക്ഷരമല്ലോ!
സത്യത്തിന്‍ സ്ഫുടം ചെയ്തെടുത്തൊരാ
അക്ഷരമുദ്രകള്‍ സമര്‍പ്പിക്കുന്നു ഞാന്‍.








ഗീതാ രാധാകൃഷ്ണന്‍
കൃഷ്ണഗീതം
കോട്ടയം വെസ്റ്റ്
കോട്ടയം-3

Mar 4, 2011

ഭ്രാന്തക്കൂട്ടായ്മ - കവിത

 
എന്റെ മാഷേ,
മുജിത്തിന്റെ ചിന്തകള്‍ മനസ്സ് കലക്കി മറിച്ചു. ഫലം എന്നെ അത്ഭുതപ്പെടുത്തി........... ഞാനറിയാതെ ഞനൊരു കവിത കുറിച്ചു

മണ്‍കുടം ഉടയുന്നനേരം
പഞ്ചഭൂതങ്ങള്‍ ചിരകാലസ്വപ്നങ്ങള്‍
സാക്ഷാത്കരിക്കുന്നനേരം
ധ്വനിസാന്ദ്രമായിടും ജീവിതപ്പൊരുളിനെ
ജീവരാശിക്കേകിയാത്രപോകാം
മന്ദമായ് വീശുന്നപൂങ്കാറ്റിലേറിയീ-
സൃഷ്ടപ്രപഞ്ചത്തിലലിയാം
നക്ഷത്രരാശികള്‍ കണ്ണചിമ്മീടുന്ന
ലാവണ്യസാരമായ് ത്തീരാം
ചടുലചലനങ്ങളാലിളകിമറിയുന്നൊരീ
ഊര്‍ജ്ജപ്രവാഹത്തിലേറാം.....
ഭൂമദ്ധ്യരേഖയും രേഖാംശരേഖയും
ആശപോല്‍ നീട്ടിവരയ്ക്കാം
ഭാഷാന്തരങ്ങളെ ചാലിച്ചെടുത്തൊരു
പൂന്തേന്‍ കുഴമ്പാക്കിമാറ്റാം
ശബ്ദപ്രപഞ്ചത്തിലാരുമേ കേള്‍ക്കാത്ത
വിശ്വവിസ്ഫോടനമാകാം
സത്യയുഗത്തിലും ത്രേതായുഗത്തിലും
ദ്വാപരകലിയുഗമന്വന്തരത്തിലും
ഒരുകോടിഭാവപ്രകാശമായ് മാറുന്ന
ഭ്രാന്തെന്ന സത്യമായ് ത്തീരാം


 






ജയിക്കബ് ജെ. കൂപ്ലി
സെന്റ് ജോര്‍ജ് വി.എച്ച്.എസ്.എസ്.
കൈപ്പുഴ, കോട്ടയം

Mar 2, 2011

"ഞാന്‍ ഭ്രാന്തനല്ല " - ചിന്തകള്‍


ഞാന്‍ ഒരിക്കലും ഒരു ഭ്രാന്തനല്ല . പക്ഷെ എന്‍റെ ചിന്തകള്‍ പലപ്പോഴും ഭ്രാന്തമായ ആശയങ്ങളെ ഉള്‍ക്കൊള്ളിച്ചിട്ടുള്ളവയായിരിക്കും.
എന്നെ അടുത്തറിയുന്ന പലരും 'ഭ്രാന്തന്‍ ' എന്ന വെറും മൂന്നക്ഷരത്തിന്റെ വിലയിട്ട് എന്നെയും എന്റെ ആശയങ്ങളെയും വിലയിരുത്താന്‍ ആഗ്രഹിച്ചിരുന്നു.
എന്തൊക്കെയോ നേടുവാന്‍വേണ്ടി ജനങ്ങള്‍ തിരക്കിട്ടുപായുന്ന നഗരത്തിലെ പ്രധാന വഴിയരികുകളില്‍ അര്‍ദ്ധനഗ്നനായി പുലഭ്യം പറഞ്ഞുകൊണ്ട് എല്ലാവരെയും ഉറ്റുനോക്കി പരിഹസിക്കുന്ന ആ മനുഷ്യനെ നിങ്ങള്‍ ഭ്രാന്തനാണെന്ന് മുദ്രകുത്തി വിളിക്കുന്നു. എന്നാല്‍ ആ വ്യക്തിയോട് എനിക്ക് ബഹുമാനമാണ്. അയാളെപ്പോലെ ആകുവാന്‍ കഴിയുന്നില്ലല്ലോ എന്ന സങ്കടമാണ്.
കാരണം തിരക്കുപിടിച്ച ഈ ജീവിത അവസ്ഥകളില്‍ സ്വന്തം ജീവിതം ജീവിക്കുവാന്‍പോലും മറന്നുകൊണ്ട് ആര്‍ക്കൊക്കെയോവേണ്ടി എന്തൊക്കെയോ ചെയ്തുകൊണ്ട് ജീവിതത്തെ ഒരു കളിപ്പന്തുപോലെ തട്ടിക്കളിക്കുമ്പോള്‍ പലരും ജീവിതത്തിന്റെ ആസ്വാദനം എന്തെന്നുതന്നെ മറന്നുപോകുന്നു. ഒന്ന് ചിരിക്കുവാന്‍ മറക്കുന്നു, സ്വസ്ഥമായി കുറച്ചുനേരം ഇരിക്കുവാന്‍ മറക്കുന്നു, എല്ലാം മറന്നുകൊണ്ട് സുഖമായി കുറച്ചുനേരം ഉറങ്ങുവാന്‍ മറക്കുന്നു. യഥാര്‍ത്ഥത്തില്‍ ഇവര്‍ ഇതെല്ലാം മറക്കുന്നു എന്ന് മനസിനെ സ്വയം വിശ്വസിപ്പിക്കുവാന്‍ ശ്രമിക്കുകയല്ലേ ചെയ്യുന്നത് ?