Pages

Dec 28, 2010

കാവ്യമലയാളം - കവിത

തുഞ്ചത്തെപ്പൈങ്കിളിത്തേന്മൊഴി പുതുമലയാണ്മേ,നിനക്കൂര്‍ജ്ജമേകീ
കുഞ്ചന്‍ തന്‍ ചാട്ടവാറാം മൊഴിമുന തവ തുള്ളിച്ചു രംഗം കൊഴുത്തു
കൊഞ്ചാ’നാളുന്തിരാഗ’സ്വരമധുരിമ രഞ്ജിയ്ക്കവേയോമലേ, നീ
ചാഞ്ചാടിച്ചൂ സമോദം സഹൃദയനെ രസാരാമപീയൂഷസിന്ധൌ
പാട്ടായുണ്ണായി തീര്‍ത്തുള്ളൊരു നളചരിതം പോരുമല്ലോ പ്രിയേ, നിന്‍
ആട്ടപ്പാട്ടിന്‍ മുഖത്തേപ്പണിരുചിരമഹല്‍ പ്രാഭവം ബോദ്ധ്യമാവാന്‍
കേട്ടാല്‍ ജ്ഞാനാര്‍ത്ഥ സാരം സകലരുമറിയും മട്ടു പൂന്താനവിപ്രന്‍
ചീട്ടാക്കീ കാവ്യപുഷ്പ്പാഞ്ജലി,യതു മഹിതേ! നിന്റെ നൈവേദ്യമല്ലോ
ദാരിദ്ര്യാബ്ദ്ധൌ വലഞ്ഞീടിന പഴയ സുഹൃത്തിന്നു സമ്പത്സമൃദ്ധി-ത്തേരില്‍ ശ്രീകാന്തനര്‍ദ്ധാസനമരുളിയതിന്‍ പാട്ടു വഞ്ചിയ്ക്കു നൈമ്പായ്
മാരിക്കാര്‍വര്‍ണ്ണനാഭീകമലജദയിതാനുഗ്രഹാശിര്‍വ്വചസ്സാം
ഭൂരിശ്രീ കൈവരിയ്ക്കാനതുവഴി മലയാണ്മേ,നിനക്കും കഴിഞ്ഞൂ

Dec 23, 2010

നമുക്കു കുറിപ്പുകളെഴുതാം

കവിതകള്‍ എനിക്കുവഴങ്ങാതായി

കഥകള്‍ എന്നെ വിട്ടിട്ടു നാളേറെയായി

കഥയറ്റ ജീവന്‍;

ഈണമറ്റ പ്രാണന്‍;

കാവ്യഗന്ധമില്ലാത്ത ----------------------

പൂരിപ്പിക്കുക, വാക്യത്തില്‍ പ്രയോഗിക്കുക

പഴയ ഫോര്‍മാറ്റില്‍

ചോദ്യങ്ങള്‍ അസ്തമിച്ചു.

നമുക്കു കുറിപ്പുകളെഴുതാം....

പിച്ച വച്ചതും, സൈക്കിള്‍ ചവിട്ടിയതും

വഴിയരികിലെ കലുങ്കില്‍-

അവളെ കാത്തിരുന്നതും

അനുഭവങ്ങളുടെ തീച്ചൂളയില്‍

ജീവിതം തിരഞ്ഞതും

നീട്ടിയെഴുതിയൊരു പ്രബന്ധം ചമയ്ക്കാം.....






ഗ്രീഷ്മ പി. എം.

എച്ച്. എസ്. . മലയാളം

സി.സി.പി.എല്‍.എം...എച്ച്.എസ്.

പെരുമാനൂര്‍, തേവര.


ആസൂത്രണരേഖ


പത്താംതരം കേരളപാഠാവലിയിലെ ആറാം യൂണിറ്റിന്റെ യൂണിറ്റ് സമഗ്രാസൂത്രണവും ദൈനംദിനാസൂത്രണവും ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. കഥാസാഹിത്യത്തെ അവതരിപ്പിക്കുന്ന ഈയൂണിറ്റ് കഴിഞ്ഞുകാണുമെങ്കിലും ഒരു പുനരവലോകനത്തിന് ഇവ പ്രയോജനപ്പെടുമെന്നു കരുതുന്നു.

Dec 19, 2010

മഞ്ഞുരുകുമ്പോള്‍ മനസ്സുരുകുന്നു - ആസ്വാദനം



"നിശബ്ദത സംഗീതമാണ്" എന്ന എം. ടി.യുടെ വാക്കുകളെ അന്വര്‍ത്ഥമാക്കുംവിധം മനോഹരമാണ് എം. ടി.യുടെ 'മഞ്ഞ്'.
നോവലിനും സംഗീതമുണ്ട് - കവിത പോലെ മനോഹരമായ ഭാഷയുണ്ട്, താളമുണ്ട്. കുമയൂണ്‍ കുന്നിന്റെ താഴ്വാരവും നൈനിറ്റാര്‍ തടാകവും കോറിയിടുന്ന വര്‍ണ്ണചിത്രങ്ങള്‍ വായനയ്ക്ക് ശേഷവും മനസ്സില്‍ തങ്ങിനില്‍ക്കുന്നു. സഞ്ചാരികളെ കാത്തിരിക്കുന്ന മനുഷ്യരും പ്രകൃതിയും - ജീവിതം തന്നെ ഒരു കാത്തിരിപ്പാണ് എന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
വിമലയുടെ മനസ്സിന്റെ ആഴത്തില്‍ നിന്ന് ഉരുത്തിരിഞ്ഞുവരുന്ന കഥ മഞ്ഞുപോലെ വായനക്കാരിലേക്ക് അലിഞ്ഞുചേരുന്നു. സ്വന്തം വേരുകള്‍ കേരളത്തിലാണെങ്കിലും നാടുവിട്ട് സിംലയിലെത്തി ധനാഢ്യനായിമാറിയ അച്ഛന്റെ ഉയര്‍ച്ചയും പിന്നീട് രോഗിയായി, ജീവിതത്തിന്റെ കയ്പ്പുനീര്‍ ചവച്ചിറക്കി കഴിയേണ്ടി വന്നപ്പോഴുള്ള പതനവും - ജീവിതത്തിന്റെ നേര്‍ക്കാഴ്ചയാണ്. അച്ഛന്‍ കമ്പിളിച്ചുവട്ടില്‍ കിടന്നുഞരങ്ങുമ്പോള്‍ അമ്മ കണ്ണാടിയുടെ മുന്‍പില്‍ നിന്ന് അണിഞ്ഞൊരുങ്ങുന്നു. അവള്‍ വീടുവിട്ടിറങ്ങിയതതില്‍ അത്ഭുതമില്ല. പെണ്‍കുട്ടികളുടെ സ്ക്കൂളില്‍ മാസ്റ്റരാണിയായി പ്രവേശിച്ച വിമല ഒമ്പതുവര്‍ഷം മുമ്പ് വിനോദ സഞ്ചാരിയായ സുധീര്‍ മിശ്രയെ കണ്ടുമുട്ടുന്നു. അവരുടെ ബന്ധം മറക്കാനാവാത്ത വിധം അടുക്കുന്നു. പക്ഷേ ഓരോ സീസണ്‍ വരുമ്പോഴും വിമല കാത്തിരിക്കുകയാണ്. മനസ്സില്‍ നൂറായിരം സ്വപ്നങ്ങളുമായി. വിമലയെപ്പോലെ ഒരിക്കല്‍പ്പോലും കണ്ടിട്ടില്ലാത്ത പിതാവിനെ കാത്തിരിക്കുന്ന ബുദ്ദു എന്ന തോണിക്കാരനും മനസ്സിന്റെ കോണിലെവിടെയോ നൊമ്പരത്തിന്റെ ഉറവക്കണ്ണുതുറക്കുന്നു. അച്ഛന്റെ മരണം അറിഞ്ഞിട്ടുപോലും അവള്‍ക്ക് ഒന്നു പൊട്ടിക്കരയാന്‍ പറ്റുന്നില്ല. മരണവീട്ടില്‍ നിന്നും പിറ്റേദിവസം തന്നെ അവള്‍ തിരിച്ചുപോരുന്നത് ഒരു പക്ഷേ താന്‍ കാത്തിരിക്കുന്ന തന്റെ എല്ലാമായ ആ മനുഷ്യന്‍ വരുമെന്നോര്‍ത്തിട്ടാകാം.
കാമുകന്‍ ഗോമസ്സിനായി സായാഹ്നങ്ങള്‍ പങ്കുവയ്ക്കുന്ന അമ്മയും ഡോക്ടറുടെ മകന്റെ സൈക്കിള്‍ ബെല്ലടി കേള്‍ക്കാന്‍ കാതോര്‍ത്തിരിക്കുന്ന സഹോദരിയും മയക്കുമരുന്നിന്റെ അടിമയായ സഹോദരനും - ശിഥിലമാ കുടുംബ ബന്ധങ്ങളില്‍ വീര്‍പ്പുമുട്ടുകയാണ് വിമല.
സീസണ്‍കഴിഞ്ഞിട്ടും അവള്‍ കാത്തിരിക്കുകയാണ്. "വരാതിരിക്കില്ല, അല്ലേ മേം സാബ്?" എന്ന് ബുദ്ദുവിന്റെ ചോദ്യം വിമലയുടെ മനസ്സില്‍ എന്തെന്ത് അലയൊലികള്‍ സൃഷ്ടിച്ചിരിക്കാം. ഒപ്പം നമ്മുടെ മനസ്സും അറിയാതെ ആഗ്രഹിച്ചുപോകുന്നു, സുധീര്‍ മിശ്ര അടുത്ത സീസണിലെങ്കിലും വന്നിരുന്നെങ്കില്‍.

ലത കെ. കെ
ടീച്ചര്‍
സെന്റ് അലോഷ്യസ് എച്ച്. എസ്.
നോര്‍ത്ത് പറവൂര്‍

പിതൃഗൃഹം - കവിത


ഭൗതികമോഹമാം നീരാളി നീട്ടിയ

ജ്ഞാനവൃക്ഷത്തിന്‍ ഫലങ്ങള്‍ ഭുജിക്കവേ

മാനസചെപ്പിലെ സന്മാര്‍ഗ്ഗചിന്തകള്‍

കൈവിട്ടുപോയതറിഞ്ഞതേയില്ല ഞാന്‍

എന്നെ ഞാനാക്കിയ തത്ത്വശാസ്ത്രത്തിന്റെ

ദയനീയരോദനം കേട്ടതേയില്ല ഞാന്‍

കാലമേ,ചൊല്‍ക നീ മാന്ത്രികമാം നിന്റെ

മാറാപ്പിനുളളിലെ ഭാവികാലങ്ങളെ

ഗതകാലചിത്രങ്ങളെത്രയോമോഹനം

തൊട്ടുതലോടുവാനെത്രയുണ്ടാഗ്രഹം

സ്വര്‍ണ്ണവര്‍ണ്ണക്കനികളേന്തുന്ന വൃക്ഷങ്ങള്‍

നല്‍കുന്നശീതളച്ഛായാതലങ്ങളില്‍

അജപാലവൃന്ദങ്ങള്‍മധുരമായ് പാടുന്ന

ഗാന പീയൂഷരാഗപ്രവാഹത്തില്‍

അണയുന്നു ഹൃത്തടം അലിയുന്നു ഹൃത്തടം

ആലോലമായ് കാറ്റിലുലയുന്നു ഹൃത്തടം

സഹജാതനൊമ്പരം തൊട്ടറിഞ്ഞീടുവാന്‍

കഴിയാത്തൊരെന്‍മനമെത്രയോപങ്കിലം

ബാഷ്പബിന്ദുക്കളിറ്റൂവീണിന്നെന്റെ

അന്തരാത്മാവിതാ നൊന്തുപിടയുന്നു

അകാശനീലിമ താണ്ടിവരുന്നൊരു

സ്വരവീചിമൊഴിയുന്നു മാപ്പു നല്‍കുന്നു ഞാന്‍

നിന്നെ ദര്‍ശിച്ചിടാനുഴറുന്നു കണ്ണുകള്‍

നിന്നെ പുണരുവാന്‍ വെമ്പുന്നു പാണികള്‍

മാമക ഹൃത്തില്‍ മുഴങ്ങുന്നു സ്നേഹാര്‍ദ്രം

താതന്റെ ഗദ്ഗദമൂറിയ വാക്കുകള്‍

മൃദു ചിത്തത്തിലെത്രയൊ ആണികള്‍

ആഞ്ഞു തറച്ചുഞാന്‍ നിസ്ത്രപം നിര്‍ദ്ദയം

ഉണ്മതന്‍ വെണ്മയില്‍ ഹൃത്തടം മിന്നവേ

ഉരുകിയൊലിക്കട്ടെയെന്‍സിരാതന്തുക്കള്‍

Dec 17, 2010

കവിത - സംശയങ്ങള്‍ ജനിക്കുന്നു


അക്ഷരം പഠിച്ച കുട്ടിയല്ലേ.....

അല്പം എന്തെങ്കിലും എഴുതിയാലെന്താ...?

അഞ്ചു വയസ്സേ ആയിട്ടുള്ളൂ എങ്കിലും ഒരു കുറവും വരരുത്

അതാണു ഞാന്‍ പ്രത്യേകം ടീവിയും കമ്പ്യൂട്ടറും വാങ്ങിത്തന്നത്

അടുത്ത മുറി നിറയെ കളിപ്പാട്ടങ്ങളും ഉടുപ്പുകളും .

അത്രക്കുണ്ട്,

അച്ഛനായ എനിക്ക് നിന്നോടുള്ള ശ്രദ്ധ

അറിയാമോ നിനക്ക്..?

അറിവുണ്ടാകാന്‍ സംശയങ്ങള്‍ ജനിക്കണം

അല്ലെങ്കില്‍ എന്തിനു നിന്നെ പറയുന്നു

അമ്മയെ പോലെ തന്നെ മകളും

***************************************

എന്റെ മുറിയിലെ ജനാല തുറന്നാല്‍, അങ്ങ് താഴെ--

പഴന്തുണി വലിച്ചുകെട്ടിയ,

ചിതലരിക്കുന്ന മേല്‍ക്കൂരയുള്ള

ഇളം കാറ്റില്‍ പോലും വിറകൊള്ളുന്ന,

ഒരു കുടില്‍ കാണുന്നില്ലേ...?

അവിടെ-- ഊന്നുവടിയില്‍ നടക്കുന്ന,

രണ്ടു കാലുമില്ലാത്ത,എപ്പോഴും ചുമയ്ക്കുന്ന ഒരു അങ്കിള്‍ ഉണ്ടല്ലോ

കീറിത്തുന്നിയ ഉടുപ്പിട്ട,

ചിരട്ടക്കളിപ്പാട്ടം വച്ച് കളിക്കുന്ന,

വലിയ വായില്‍ കരയുന്ന,

അസ്ഥിക്ക് കുപ്പായമിട്ട പോലൊരു കുഞ്ഞിനേയും അച്ഛന്‍ കണ്ടിട്ടില്ലേ?

എന്നും സന്ധ്യയാകുമ്പോള്‍

വെളുത്തു ചുമന്ന ഒരു ആന്റി

പലവീടുകളിലെ പണിയും കഴിഞ്ഞു

കറുകറുപ്പായി വന്നു കയറും

മുറ്റത്തെ ചെങ്കല്ലടുപ്പില്‍ തീ കൂട്ടി കഞ്ഞി വയ്ക്കും

അടുപ്പിലെ തീയ്ക്കും ആന്റിയുടെ മുഖത്തിനും

ഒരേ നിറമാണെന്ന് അച്ഛന്‍ പറയാറില്ലേ

എന്നും വൈകുന്നേരം എന്റെ മുറിയില്‍ വന്നു

കാറ്റു കടക്കട്ടെ എന്നു പറഞ്ഞു ജനാല തുറക്കുന്നതെന്തിനാ അച്ഛാ?

ഇടയ്ക്കു--വിശപ്പ് സഹിക്കാതെ ആ കുഞ്ഞു വിങ്ങി വിങ്ങി കരയും

അത് കേട്ട് അടുപ്പത് തിളയ്ക്കുന്ന കഞ്ഞി കോരി

കുഞ്ഞുമായി ആന്റി അകത്തു പോകും

അപ്പോള്‍, കുഞ്ഞിനെ നോക്കി അരിശത്തോടെ

പല്ലുകടിക്കുന്നതെന്തിനാ അച്ഛാ?

ഇനിയുമുണ്ട് സംശയങ്ങള്‍

ചോദിക്കട്ടെ അച്ഛാ?



അനിതാ ശരത്

എച്ച്. എസ്. . മലയാളം

ഗവ. എച്ച്. എസ് .കാലടി

തിരുവനനന്തപുരം

Dec 15, 2010

ആസൂത്രണരേഖ



പത്താംതരം കേരളപാഠാവലിയിലെ അഞ്ചാം യൂണിറ്റിന്റെ യൂണിറ്റ് സമഗ്രാസൂത്രണവും ദൈനംദിനാസൂത്രണവും ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. യൂണിറ്റ് കഴിഞ്ഞുകാണുമെങ്കിലും ഒരു പുനരവലോകനത്തിന് ഇവ പ്രയോജനപ്പെടുമെന്നു കരുതുന്നു.

Dec 13, 2010

ലോകാവസാനം - കഥാപഠനം


പത്താം തരത്തിലെ കേരളപാഠാവലിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കഥയാണല്ലോ ലോകാവസാനം. ഈ കഥയെ വിവിധ വീക്ഷണകോണുകളിലൂടെ കഴിഞ്ഞ എട്ടുവര്‍ഷമായി നാം കുട്ടികളുടെ മുമ്പില്‍ അവതരിപ്പിച്ചുകഴിഞ്ഞു. മൊകേരിയിലെ ബാലകൃഷ്ണന്‍ മാഷ് ലോകാവസാനത്തെ പുതിയൊരു കണ്ണുകൊണ്ട് കാണുന്ന ഒരു ലേഖനമാണ് ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഒരു ഭ്രമാത്മക കഥ എന്നതിനപ്പുറം, കുട്ടി കേന്ദ്രകഥാപാത്രമാകുന്നു എന്നതിനുമപ്പുറം ചില പുതുമകള്‍ അദ്ദേഹം ഈ ലേഖനത്തില്‍ അവതരിപ്പിക്കുന്നുണ്ട്. അദ്ധ്യാപകരുടെ കഥവായനയ്ക്കും കുട്ടികളുടെ കഥവായനയ്ക്കും പുതിയ മാനങ്ങള്‍ നല്‍കാന്‍ ഈ കഥാപഠനം തീര്‍ച്ചയായും ഉപകരിക്കും. മാഷിന്റെ ഈ ലേഖനം മുമ്പ് ഒരു ആനുകാലികത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. അതിന്റെ സ്കാന്‍ ചെയ്ത ഇമേജാണ് ഇവിടെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഈ ലേഖനം നമ്മുടെ ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ അനുവാദം തന്ന ബാലകൃഷ്ണന്‍ മാഷിന് ബ്ലോഗ് ടീമിന്റെ പ്രത്യേക നന്ദി അറിയിച്ചുകൊള്ളുന്നു.

Dec 12, 2010

ആടിയാടി നിലച്ചൊരൂഞ്ഞാലെ! - കവിത



ള്ളിന്റെ വള്ളിയില്‍

ആടിയാടി

ഒറ്റ നിമിഷത്തില്‍

ഒറ്റയായി

നില്‍പ്പുറയ്ക്കാത്ത

കുറിയൊരൊന്നായ്

കാച്ചിക്കുറുക്കിയ

കാറ്റുപോലെ.

ഹൃദയത്തില്‍

നിന്നൊരു ചെമ്പരത്തി

ചുണ്ടിന്റെ തുമ്പില്‍

തുളുമ്പിയാടി

രക്തത്തിനുള്ളിലെ

വാക്കെടുത്ത്

വാക്കത്തി പോലെ

എറിഞ്ഞറുത്തു.

വൃത്തം മുറിച്ചൊറ്റ

നീളമാക്കി

നീളത്തിന്‍മീതെ

കിടന്നുറങ്ങി

കണ്ണുകരിച്ച

വെളിച്ചമാകെ

കാഴ്ചയുള്ളോര്‍ക്കു

പകുത്തുനല്‍കി

റ്റവും നല്ല കവിതയേത്?

'വിശപ്പെ'ന്നു

തെറ്റാതെഴുതിവച്ച്

കള്ളിന്റെ വള്ളി

പിടിച്ചിറങ്ങി

അയ്യപ്പനൊറ്റയാട്ടം

തൊടുത്തു...

-കവി എ. അയ്യപ്പന്

Dec 10, 2010

കഥാസാഹിത്യം - പത്താംതരം

പത്താം തരത്തിലെ കേരള പാഠാവലി ആറാം യൂണിറ്റില്‍ മലയാള ചെറുകഥകളെയും നോവല്‍ സാഹിത്യത്തെയും അവതരിപ്പിക്കുന്നു. കഥാപാത്ര നിരൂപണം, കഥാപാത്ര താരതമ്യം, രചനാപരമായ പ്രത്യേകതകള്‍, നോവല്‍സാഹിത്യവുമായി ബന്ധപ്പെട്ട പട്ടിക പൂര്‍ത്തിയാക്കല്‍ തുടങ്ങിയ മൂല്യനിര്‍ണ്ണയ പ്രവര്‍ത്തനങ്ങളാണ് ഈ യൂണിറ്റില്‍ നിന്നും സാധാരണയായി ചോദിച്ചുവരുന്നത്. യൂണിറ്റ് പൂര്‍ണ്ണമായും ക്ലാസ്സില്‍ വിനിമയം ചെയ്തുകഴിയുമ്പോള്‍ പൊതുധാരണ ഉറപ്പിക്കുന്നതിനുതകുന്ന ഒരു പ്രസന്റേഷനാണ് ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പാഠങ്ങളെ സമഗ്രമായി അവതരിപ്പിക്കുന്നതിനുള്ള ശ്രമം ഈ പ്രസന്റേഷനില്‍ നടത്തിയിട്ടുണ്ട്. കുറവുകള്‍ ചൂണ്ടിക്കാട്ടുന്നത് മെച്ചപ്പെടുത്തലിന് സഹായകമാകും. സഹകരണം പ്രതീക്ഷിക്കുന്നു.
(ഈ പ്രസന്റേഷന്‍ പ്രോജക്ടര്‍ ഉപയോഗിച്ച് കാണിക്കാന്‍ ശ്രമിക്കണം. പട്ടികകള്‍ ഉള്ളതിനാല്‍ അക്ഷരവലിപ്പം കുറവാണ്. ഉബണ്ടു ലിനക്സിലാണ് ശരിയായിപ്രവര്‍ത്തിക്കുക. ഡൗണ്‍ലോഡ് ചെയ്തെടുത്ത് ഉപയോഗിക്കണം)

Dec 8, 2010

തണല്‍ - തിരക്കഥ


തിരക്കഥ വളരെക്കാലമായി ക്ലാസ്സ്മുറികളില്‍ ചര്‍ച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. സര്‍ഗ്ഗസൃഷ്ടി എന്ന നിലയിലേയ്ക്ക് തിരക്കഥയെ വളര്‍ത്താന്‍ അദ്ധ്യാപകരും കുട്ടികളും നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ ബ്ലോഗില്‍ തന്നെ തിരക്കഥ സംബന്ധിച്ച പല പോസ്റ്റുകളും വന്നു കഴിഞ്ഞു. എങ്കിലും അവ്യക്തതകളും സംശയങ്ങളും അവസാനിക്കുന്നില്ല. എങ്കിലും ആശാവഹമായ പുരോഗതി ഈ രംഗത്ത് ഉണ്ടായിക്കഴിഞ്ഞതായി ചില സൂചനകള്‍ ലഭിക്കുന്നുണ്ട്. കഴിഞ്ഞ ഏതാനും അദ്ധ്യാപക തുടര്‍ശാക്തീകരണ പരിപാടികളില്‍ ഈ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകളും പരിശ്രമങ്ങളും നടന്നതാവാം ഒരു കാരണം. നമ്മുടെ ആലപ്പുഴ എം.റ്റി.സി. ആസാദ് സാറിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ ഒരു തിരക്കഥയാണ് ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തിരക്കഥയില്‍ സംഭാഷണത്തിന്റെ സ്ഥാനം എത്രത്തോളമെന്ന് മനസ്സിലാക്കുന്നതിനും തിരക്കഥയുടെ ശക്തിയും സിനിമയിലെ സ്ഥാനവും തിരിച്ചറിയുന്നതിനും ഈ കൊച്ചുതിരക്കഥ ഏവര്‍ക്കും സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു.

Dec 6, 2010

'തുറന്ന കണ്ണുകള്‍'


ഒന്‍പതാം ക്ലാസ് കേരള പാഠാവലിയിലെ നാലാം യൂണിറ്റില്‍ മാധ്യമ ധര്‍മത്തെക്കുറിച്ചാണല്ലോ പ്രതിപാദിക്കുന്നത്. പത്രവും ടെലിവിഷനും ജനങ്ങളില്‍ എത്രമാത്രം സ്വാധീനം ചെലുത്തുന്നുണ്ട് എന്നും അവയുടെ നന്മ തിന്മകളെ തിരിച്ചറിയാന്‍ നമുക്ക് സാധിക്കണമെന്നും ഈ യൂണിറ്റ് നമ്മോടു ആഹ്വാനം ചെയ്യുന്നു. ഐ.ടി.സാധ്യത കൂടിയ ഇക്കാലത്ത് പാഠഭാഗങ്ങളെ കുട്ടികളിലേക്ക് എത്തിക്കാന്‍ പഠന സംബന്ധമായ വീഡിയോകള്‍ വളരെയധികം സഹായകമാണ്. അത്തരത്തില്‍ ഒരു വീഡിയോ ഇതാ വിദ്യാരംഗം ബ്ലോഗ്‌ ടീം അംഗം ഷെറീഫ് മാഷ്‌ തയ്യാറാക്കിയിരിക്കുന്നു. മാധ്യമങ്ങളെ കൂടുതലായി കുട്ടിക്ക് മനസിലാക്കാന്‍ ഈ വീഡിയോ ഉതകുമെന്നാണ് ഞങ്ങളുടെ പൂര്‍ണ്ണവിശ്വാസം.ചുവടെ നല്‍കിയിരിക്കുന്ന 'തുറന്ന കണ്ണുകള്‍' എന്ന വീഡിയോ ഒന്ന് കണ്ടു നോക്കൂ....

Dec 5, 2010

ശപ്തശിലകള്‍ - കവിത



രാമകഥ പാടും തുഞ്ചന്റെ തത്തയോ

രാക്ഷസന്മാരുടെ കൂട്ടിലകപ്പെട്ടു

പക്ഷം മുറിച്ചിട്ടു ഛേദിച്ചു ജിഹ്വയും

പക്ഷി വിലാപമോ കേട്ടിലോരുത്തരും

കൂട്ടിലെ തത്തയോ രാമനെ വേര്‍പെട്ട

കൂട്ടാളിയിലാത്ത മൈഥിലിയായല്ലോ

ലങ്കാ പുരിയിലെ രാവണന്തന്നുടെ

കിങ്കരന്‍ മാരുടെ കുന്തമുനകളും

രാക്ഷസിമാരുടെ ഭര്‍ത്സവും കേട്ടു

രക്ഷയുമില്ലാതെ കണ്ണീരൊഴുക്കി നാള്‍

കണ്നീരടര്‍ന്നത്കാണുന്നുനാമിന്നും

അര്‍ണ്ണവമായിട്ട് ഗര്‍ജ്ജിച്ചിടുന്നതും

എണ്ണിയെണ്ണി തീര്‍ന്നു യാമങ്ങള്‍ നീണ്ടുപോയ്

കണ്ണുനീരും തീര്‍ന്നു കല്ലായി മാനസം

രക്ഷകനെത്തുമോപ്രാര്‍ത്ഥന കേള്‍ക്കുമോ

രാക്ഷസ നിഗ്രഹം സാധ്യമയീടുമോ


രാക്ഷസന്മാരുടെ കോട്ട തകര്‍ക്കുവാന്‍

ലക്ഷ്മണ യുക്തനായ് ശ്രീരാമനെത്തുമോ

മോചനം കിട്ടാത്ത പാപ ശിലകളോ

മോഹിച്ചിടുന്നല്ലോ പാദ സ്പര്‍ശത്തിനായ്

എത്താതിരിക്കുമോ ത്രേതായുഗ ദേവന്‍

കാത്തിരിപ്പാണല്ലോ ശപ്ത ശിലകളും

പ്രാര്‍ത്ഥന കേട്ടല്ലോ ആര്‍ദ്ര കര്‍ണ്ണങ്ങളും

പ്രത്യക്ഷനായല്ലോ ധര്‍മ്മ സംസ്ഥാപകന്‍

കാരുണ്യ ശീതളമാരുതനായിട്ടു

മാരുതിയെത്തിപ്പോയ് തപ്തമാം ചിത്തത്തില്‍

പക്ഷം കിളിര്‍ത്തല്ലോ ചിത്തം കുളിര്‍ത്തല്ലോ

പക്ഷി പറക്കുന്നു ഫീനിക്സിനെപ്പോലെ

മോചിതയായിതാ പാറിപ്പറക്കുന്നു

മോഹനമായിടുംസ്വാതന്ത്ര്യ വാനിലും!


ഇ.എന്‍.നാരായണന്‍
ജി.എച്ച്.എസ്.എസ്.പത്തിരിപ്പാല

Dec 3, 2010

കൂളിയുടെ പുറപ്പാട് - മുടിയേറ്റ്

കേരളത്തിലെ അനുഷ്ഠാന കലയായ മുടിയേറ്റില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു ഭാഗമാണല്ലോ കൂളിയുടെ പുറപ്പാട്. പലപ്പോഴും കാണികള്‍ കൂടി കഥാപാത്രങ്ങളായി മാറുന്ന മുടിയേറ്റില്‍ കൂളിയുടെ പ്രകടനങ്ങള്‍ ആരിലും ചിരിയുണര്‍ത്തുന്നു. എന്നാല്‍, ഇന്ന് എത്രയാളുകള്‍ക്ക് ഇത്തരം അനുഷ്ഠാന കലകള്‍ കാണാനുള്ള ഭാഗ്യം സിദ്ധിച്ചിട്ടുണ്ട് എന്നത് കണ്ടെത്തേണ്ടിയിരിക്കുന്നു. കേരളീയ കലകളുടെ പ്രാധാന്യവും അവ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും പുതു തലമുറയെ ബോധ്യപ്പെടുത്താന്‍ ഉതകുന്ന രീതിയിലാണ് എട്ടാം ക്ലാസിലെ 'ജീവിതത്തിന്റെ തുടിതാളം' എന്ന യൂണിറ്റ് തയ്യാറാക്കിയിരിക്കുന്നത്. ഈ യൂണിറ്റില്‍ പരാമര്‍ശ വിധേയമായ 'കൂളിയുടെ പുറപ്പാട്' എന്ന ഭാഗത്തിന്റെ വീഡിയോ ചുവടെ നല്‍കിയിരിക്കുന്നു. കുട്ടികളെ ഈ ഭാഗം കാണിക്കുന്നതിലൂടെ പാഠാവതരണം അനായാസകരമാകുമെന്നു ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

Dec 2, 2010

മതിലുകള്‍ - കവിത


തിലുകള്‍ നമ്മള്‍ പടുത്തുയര്‍ത്തവേ
മനസ്സുകള്‍ തമ്മിലകന്നു പോകയോ
മനുഷ്യബന്ധങ്ങള്‍ പരസ്പരം തീര്‍ത്ത
മതിലുകള്‍ക്കുള്ളിലെരിഞ്ഞുതീരവേ
അകലെയാകയാണയലത്തുള്ളവര്‍
മുഖാമുഖം കാലറിയാതാവുന്നു
പരസ്പരമൊരുചിരിപകുത്തിടാന്‍
മരവിപ്പിന്‍ മനം മറന്നുപോകുന്നു.
തിരക്കിലിന്നുനാമൊഴുകി നീങ്ങവേ
മനസ്സാക്ഷിയുള്ളിലുണര്‍ന്നു തേങ്ങുന്നു
മതിലിനപ്പുറം മനുഷ്യത്വം തേടി
അലയുന്നു ചില ദുരിത ജന്മങ്ങള്‍
അവരതു വാങ്ങി, ഇവര്‍ ഇതു വാങ്ങി
അതിലും നല്ലതൊന്നെനിക്കുവാങ്ങണം
മനം കലമ്പലോടയല്‍പക്കം നോക്കി
എതിര്‍കണക്കുകള്‍ പെരുക്കിനോക്കവേ
ഇടയില്‍ നില്‍ക്കുമീ ഉയര്‍ന്ന വന്‍മതില്‍
കനത്ത കൂരിരുള്‍ പരത്തിചുറ്റിലും.
തിരക്കുകൂട്ടി നാം നടപ്പുപിന്നെയും
കരത്തിലാക്കണം നിറയെ നേട്ടങ്ങള്‍
അതിന്നിടയിലായ് മറന്നുപോകയോ
മനം കുളിര്‍പ്പിക്കും മനുഷ്യനന്മകള്‍.
ഹൃദയബന്ധത്തിന്നിഴമുറുക്കുന്ന
പരസ്പരസ്നേഹസുധാകണികകള്‍
വ്യഥിതകാലത്തിന്‍ പുതുവഴികളില്‍
വെളിച്ചമായിനി പുനര്‍ജ്ജനിക്കുമോ?

കുഞ്ഞുമോള്‍ സി. എന്‍.
ഗവ. ഹൈസ്ക്കൂള്‍
പേഴയ്ക്കാപ്പിള്ളി