ദു:?സ്വപ്നം
നിലാവില്‍
സ്വപ്നത്തില്‍ നനഞ്ഞ ഓര്‍മ്മകള്‍
കാലമാപിനികള്‍ ചലനമറ്റ
നിശീഥിനിയുടെ ജീവസരോവരത്തില്‍
നീന്തി, അക്കരെച്ചേര്‍ന്നു.
ചാന്ദ്ര വെളിച്ചത്തിലൊളിമങ്ങിയ-
നേരുകള്‍, ചെതുമ്പലുകള്‍ പോലെ,
ചേതനയറ്റ് അവിടവിടെ
പറ്റിച്ചേര്‍ന്നിരുന്നു.
കാലത്തിന്റെ ചെരങ്ങിന്‍ പൊറ്റകളിത് ...!
കൊടുവാള്‍ വായരികില്‍,
എന്നോ പിടഞ്ഞൊടുങ്ങിയ
ജീവന്റെ തിരുശേഷിപ്പായ് ,
ഒരു പെരും പൊറ്റയായ് ,
ഉണങ്ങിപ്പിടിച്ച കരി നിണം -
വാത്മീകം പോലെ ...!!!
അതില്‍ നിന്നുയരുന്നുവോ
രാമ മന്ത്രം ? !!
ചെകിടോര്‍ത്തു...
രാമ മന്ത്രത്തിന്‍ ശീതളിമയില്ലിതിനു,
ഭൌമ ഗര്‍ഭത്തില്‍,
തിളച്ചുമറിയുന്ന ശിലാദ്രവത്തിന്‍
ചെകിടടിപ്പിക്കും മൂളിച്ച...!!!
ക്ഷണികമാത്രയില്‍ പ്രപഞ്ചം ചുട്ടൊടുക്കുന്ന
മഹാ വിസ്ഫോടനത്തിന്‍ മുന്നറിവ്...!!!
ഭയന്ന് , കാതുകള്‍ പിന്‍വലിച്ച് ,
ജീവ സരോവരത്തില്‍ നീന്തി,
ഓര്‍മ്മകള്‍ മനഃക്കൂടണഞ്ഞപ്പോഴേക്കും ,
കിഴക്ക് വെള്ള കീറിയിരുന്നു .
ഒന്നുമറിയാത്ത പോലെ...!!!
7 comments:
എല്ലാം ഒരു ദുസ്വപ്നം മാത്രമാവട്ടെ എന്ന് നമുക്കാശ്വസിക്കാം . കാലികപ്രാധാന്യമുള്ള കവിത
ശ്രീജിത്ത് മാഷിന്റെ കവിത കാലികപ്രസക്തികൊണ്ട് ശ്രദ്ധേയമായി.കവി ഉപയോഗിച്ചിരിക്കുന്ന പല പ്രതീകങ്ങളും പദപ്രയോഗങ്ങളും എനിക്കു ശരിക്കും മനസിലായില്ല.
രാമാ മന്ത്രം എന്നു ദീര്‍ഘം വേണോ?
സമൂഹത്തിലെ പ്രശ്നങ്ങളുടെ നേരെ തുറന്നിരിക്കുന്ന കണ്ണുകളും കരുണാര്‍ദ്രമായ ഹൃദയവും സൂക്ഷിക്കുന്നതിന് അഭിനന്ദനങ്ങള്‍.
നേതാക്കന്‍മാരെല്ലാം വന്നു പോയി.മാധ്യമങ്ങളും മുഖം തിരിച്ചുതുടങ്ങി.ഓളവും ആരവങ്ങളും അടങ്ങി.....ദുര്‍ബലമായ ഒരു അണക്കെട്ടും പുറത്തേയ്ക്കു കുതിക്കാന്‍ വെമ്പുന്ന വെള്ളവും ഇപ്പോഴും ഇവിടെയുണ്ട്.ഒപ്പം ഭയാശങ്കകളോടെ കഴിയുന്ന ഒരു ജനതയും.
ഭ്രംശമേഖലയില്‍ ഇനിയൊരണക്കെട്ടു നിര്‍മ്മിക്കുന്നതിലല്ല,വെള്ളം കൂടുതലായി തമ്ഴ്നാട്ടിലേയ്ക്ക് ഒഴുക്കി അവിടെ അത് സംഭരിക്കുന്നതിനുള്ള സാധ്യതകളാണ് ആരായേണ്ടത്.ഒപ്പം കഴിഞ്ഞ ഒരു നൂറ്റാണ്ടായി തടഞ്ഞുവച്ചിരിക്കുന്ന മുല്ലയാറിന്റെ ഒരു കൈവഴി പെരിയാറ്റിലേയ്ക്ക് ഒഴുകാനും അനുവദിക്കണം.പുഴയ്ക്ക് സ്വാതന്ത്ര്യം നല്‍കുമ്പോള്‍ നമുക്കും സന്തോഷത്തോടെ ജീവിക്കാം.
Sorry, this's not a comment about the poem.
Wilsonചേനപ്പാടിയെന്ന സിപി റോയ്ക്ക് അഭിവാന്ദ്യങ്ങള്‍.
ഇനി ഒരണകെട്ടിയാല്‍ വമ്പന്‍ കോടികളടിക്കാം.നൂറു കൌരവര്‍ക്കും നൂറ്റാണ്ടുണ്ണാം.ഈ "ബികസന" മോഡലിനെയാണ് നിങ്ങള്‍ പാരവയ്ക്കുന്നത്.പക്ഷേ, ഇതാണ് ശരിയായ വഴി.മേധയ്ക്ക് പരിസ്ഥിതിപ്രവര്‍ത്തകര്‍ക്ക് പ്രഫ.റോയ്ക്ക് ചേനപ്പാടിയ്ക്ക് അഭിവാദ്യങ്ങള്‍. ഇനി ഒരണവേണ്ട. ഒരു കൈവഴി ഞങ്ങള്‍ പാവം പെരിയാറ്റുകാര്‍ക്കും തരിക.അമ്പത് കൊല്ലമായി ഞങ്ങള്‍ കുറുകിയ ചേറ്റിലാണ്.വ്യവസായ നഗരം ഞങ്ങളുടെ ശ്വാസകോശം തുളച്ചിരിക്കുന്നു; ഒരു കോസ്മെറ്റിക്സിനും ഭേദമാക്കാന്‍ കഴിയാത്ത രീതിയില്‍ ത്വക്കും ചുളുക്കിയിരിക്കുന്നു.
ഞങ്ങള്‍ നിങ്ങളോടൊപ്പം. സുരക്ഷിതകേരളത്തിനായ് പ്രാര്‍ത്ഥന നിര്‍ത്തി നമുക്ക് പ്രവര്‍ത്തിക്കാം.
വിന്‍സന്‍ സാറിന് ഈ വിഷയത്തില്‍ വിദ്യാരംഗത്തില്‍ ഒരു ലേഖനം എഴുതരുതോ?
Sorry, this's not a comment about the poem.
Wilsonചേനപ്പാടിയെന്ന സിപി റോയ്ക്ക് അഭിവാന്ദ്യങ്ങള്‍.
ഇനി ഒരണകെട്ടിയാല്‍ വമ്പന്‍ കോടികളടിക്കാം.നൂറു കൌരവര്‍ക്കും നൂറ്റാണ്ടുണ്ണാം.ഈ "ബികസന" മോഡലിനെയാണ് നിങ്ങള്‍ പാരവയ്ക്കുന്നത്.പക്ഷേ, ഇതാണ് ശരിയായ വഴി.മേധയ്ക്ക് പരിസ്ഥിതിപ്രവര്‍ത്തകര്‍ക്ക് പ്രഫ.റോയ്ക്ക് ചേനപ്പാടിയ്ക്ക് അഭിവാദ്യങ്ങള്‍. ഇനി ഒരണവേണ്ട. ഒരു കൈവഴി ഞങ്ങള്‍ പാവം പെരിയാറ്റുകാര്‍ക്കും തരിക.അമ്പത് കൊല്ലമായി ഞങ്ങള്‍ കുറുകിയ ചേറ്റിലാണ്.വ്യവസായ നഗരം ഞങ്ങളുടെ ശ്വാസകോശം തുളച്ചിരിക്കുന്നു; ഒരു കോസ്മെറ്റിക്സിനും ഭേദമാക്കാന്‍ കഴിയാത്ത രീതിയില്‍ ത്വക്കും ചുളുക്കിയിരിക്കുന്നു.
ഞങ്ങള്‍ നിങ്ങളോടൊപ്പം. സുരക്ഷിതകേരളത്തിനായ് പ്രാര്‍ത്ഥന നിര്‍ത്തി നമുക്ക് പ്രവര്‍ത്തിക്കാം.
വിന്‍സന്‍ സാറിന് ഈ വിഷയത്തില്‍ വിദ്യാരംഗത്തില്‍ ഒരു ലേഖനം എഴുതരുതോ?
പ്രിയ വില്‍സണ്‍ സര്‍
"രാമാമന്ത്രം" എന്നത് ടൈപ്പുചെയ്തപ്പോള്‍ പറ്റിയ പിശകാണ്.തെറ്റ് തിരുത്തിയിട്ടുണ്ട്.
കമന്റ് എഴുതിയ എല്ലാവര്‍ക്കും നന്ദി..
വില്‍സന്‍ മാസ്റ്റര്‍.. ഈ കവിത എഴുതിത്തുടങ്ങുമ്പോള്‍ സത്യത്തില്‍ എന്റെ മനസ്സില്‍ മുല്ലപ്പെരിയാര്‍ ഉണ്ടായിരുന്നില്ല. മനസ്സിലെ ചില സംഘര്‍ഷങ്ങള്‍ക്ക് ഒരയവുവരുത്താന്‍ എഴുതിപ്പോയതാണ്. പിന്നെ എല്ലാവരുടെ മനസ്സിലുമുണ്ടല്ലോ ഒരണക്കെട്ടും, അതുപൊട്ടിയാലുണ്ടാവുന്ന ദുരിതവും എല്ലാം.. എന്റെ മനസ്സിലെഅണക്കെട്ടിന് കാരണഭൂതമായ ചില പദപ്രയോഗങ്ങളും പ്രതീകങ്ങളും കവിതയിലുണ്ട്. അത് വെളിപ്പെടുത്താനുദ്ദേശിക്കുന്നില്ല. പിന്നെ നോം ചോംസ്കിയോ മറ്റോ പറഞ്ഞിട്ടുണ്ടല്ലോ ഒരു സാഹിത്യ സൃഷ്ടിക്ക് പല അര്‍ത്ഥങ്ങള്‍ കണ്ടെത്താമെന്ന്? ഉത്തരാധുനികതയുടെ ഉദയം തന്നെ ഇത്തരം ആശയങ്ങളില്‍ നിന്നാണല്ലോ. ഉത്തരാധുനികതയുടെ കാലം കഴിഞ്ഞെങ്കിലും അത് മുന്നോട്ട് വച്ച ആശയ സംഹിതയും അതിന്റെ പ്രാധാന്യവും ഇന്നും നിലനില്‍ക്കുന്നു എന്ന് പറയാമെന്ന് തോന്നുന്നു. എന്റെ കവിത ഈ ഗണത്തിലൊന്നും പെടുന്നില്ല. പക്ഷേ എന്റെ ബ്ലോഗിലിട്ടപ്പോള്‍ 45 കമന്റ് കിട്ടി. കൂടുതല്‍ പേരും മുല്ലപ്പെരിയാറുമായി ബന്ധപ്പെടുത്തി. എന്റെ മനസ്സിലെ അണക്കെട്ടിനെ എനിക്ക് മാത്രമല്ലേ കാണാന്‍ പറ്റൂ എന്ന് അപ്പോഴാണെനിക്ക് മനസ്സിലായത്. എല്ലാവര്‍ക്കും കാണാന്‍ പറ്റുന്ന ഒരണക്കെട്ട് നമുക്ക് മുന്നിലുള്ളത് മുല്ലപ്പെരിയാറാണല്ലോ.. അത് കൊണ്ടാവും കൂടുതല്‍പേരും അങ്ങിനെ അഭിപ്രായപ്പെടുന്നത്.
ഷംല ടീച്ചര്‍ക്കും, വില്‍സണ്‍ മാസ്റ്റര്‍ക്കും,അസീസ് സാറിനും നന്ദി.
ചപ്പാത്തിലെ സമരപ്പന്തലിനു മുമ്പിലൂടെയാണ് ഞാന്‍ ദിവസവും സ്കൂളിലേയ്ക്കു പോകുന്നത്.കുറച്ചു ദിവസം മുമ്പു വരെ കടലുപോലെ ഇരമ്പിയ സമരപ്പന്തലില്‍ നിന്ന് തിരമാലകളെല്ലാം ഒഴിഞ്ഞു പോയിരിക്കുന്നു.അണപൊട്ടിയാല്‍ (പൊട്ടാതിരിക്കട്ടെ) ഒലീച്ചു പോകുന്ന ലിസ്റ്റില്‍ പെട്ടതാണ് ഞങ്ങളുടെ സ്കൂളും കുട്ടികളും ഞങ്ങളുടെ സ്വപ്നങ്ങളും.ഇനി ഒരു അണകെട്ടിയാല്‍ വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും സമരം ചെയ്യേണ്ടി വരില്ലേ? മറ്റു മാര്‍ഗങ്ങള്‍ ഉണ്ടോ എന്നെങ്കിലും ചിന്തിക്കേണ്ടേതല്ലേ? ശ്രീജിത്ത് മാഷിന്റെ ദു സ്വപ്നം സ്വപ്നം മാത്രമായിരിക്കട്ടെ
Post a Comment