എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Aug 31, 2011

നാണയരോദനം - കവിത


പ്രശസ്ത ഗാനരചയിതാവും കവിയുമായ ശ്രീ രാജീവ് ആലുങ്കല്‍ സ്ക്കൂള്‍വിദ്യാരംഗം വായനക്കാര്‍ക്കായി ഒരുക്കുന്ന അക്ഷരപ്പൂക്കളം....


ഒരുതുട്ടു നാണയമാണുഞാന്‍ അറിയുമോ
ഇനിയൊട്ടുജീവിതം ക്ലേശം
വിലയൊട്ടുമില്ലാതെ നാട്ടില്‍ ഞാനീവിധം
മിഴിനട്ടു നില്‍ക്കുന്നു നിത്യം
ഇടപെട്ടുവേറാരും വേദനിച്ചീടേണ്ട
വഴിവിട്ടുപോയൊരീലോകം
ദിശയൊട്ടുമാറവേ, ഞാനുമിന്നാകവേ
അടിപെട്ടുപോയെന്നു സത്യം
തിരിയിട്ടുതെളിയുന്ന നടയിലും ഞാനിപ്പോള്‍
ചിരിയിട്ടു വീഴാത്ത കാലം
കുഴിവെട്ടുമൊരുനാളില്‍ അവരെന്നെ വേഗത്തില്‍
അതിലിട്ടുപോയിടും നൂനം
കണിയൊട്ടുകാണുവാനില്ലാരുമതിനാലേ
അവിടൊട്ടു സ്ഥാനമില്ലിപ്പോള്‍
വയറൊട്ടുമാറുള്ള യാചകപ്പുലികള്‍ക്കും
ഒരു തുട്ടുവേണ്ടയിന്നിപ്പോള്‍
പലമട്ടുകളികള്‍ക്കും ഊഴമന്വേഷിപ്പാന്‍
ഇനിയൊട്ടു ഞാന്‍ വേണ്ടപോലും
സുഖമൊട്ടുവേറെയാണിപ്പോഴീ കമ്പ്യൂട്ടര്‍
മുഖമട്ടുകാട്ടേണ്ടു വേഗം
പതിനെട്ടുവളവുള്ള നവഭാരതത്തിന്റെ
പുറമട്ടുകോറുവാന്‍ പോലും
ഒരു കൂട്ടുകാരനും നോക്കുമാറില്ലെന്നെ
ഇനിയൊട്ടു സാധ്യതയന്യം
ചിരിമൊട്ടുവിടരുന്ന മുഖവുമായ് ബാപ്പുജി
കുളിരിട്ടുനില്‍പ്പൂയെന്‍ നെഞ്ചില്‍
അതിലൊട്ടുനോക്കുവാന്‍ താല്‍പ്പര്യമില്ലാതെ
പിടിവിട്ടുപായുന്നു നിങ്ങള്‍
ഇടവിട്ടുഞാന്‍ചൊല്ലും സങ്കടമാകെയും
ഗതികെട്ടുപോയതിനാലേ
നിറമൊട്ടുമില്ലാത്ത എന്‍ഭാവികാലത്തിന്‍
കഥകേട്ടു തളരുകയാലേ.


Aug 24, 2011

സ്ത്രീയും സമൂഹവും - സെമിനാര്‍ വീഡിയോ



പത്താം തരം മലയാളം കേരള പാഠാവലിയിലെ  'ഇരുചിറകുകളൊരുമയിലിങ്ങനെ...' എന്ന യൂണിറ്റുമായി ബന്ധപ്പെടുത്തി നടത്തിയ സെമിനാറിന്റെ വീഡിയോ ആണ് ഈ പോസ്റ്റ്. സെമിനാറിനുള്ള മുന്നൊരുക്കങ്ങള്‍ ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും ഈ വീഡിയോയില്‍ ദൃശ്യമാണ്. ആനമങ്ങാട് ഗവ. സെക്കന്ററി സ്ക്കൂളിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരുമാണ് ഈ വീഡിയോയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. നമുക്കായി ഈ വീഡിയോ അയച്ചുതന്നിരിക്കുന്നത് ശ്രീ. സതീഷ് കുമാര്‍ മാഷാണ്.

ഭാഗം ഒന്ന്


ഭാഗം രണ്ട്


Aug 21, 2011

അ= അല്ലാഹ്, സ =സ്ത്രീ

'ഇരുചിറകുകളൊരുമയിലിങ്ങനെ...' എന്ന യൂണിറ്റിനൊരനുബന്ധം




ഇന്നലേയും അവളെക്കാണുവാന്‍ ചെറുക്കന്റെ ബാപ്പയും മാമയും വന്നിരുന്നു.
പെണ്ണിന്‍റെ ബാപ്പ പതിവുപോലെ ആദരപൂര്‍വ്വം അവരെ സ്വീകരിച്ചു.
സല്‍ക്കാരം കഴിഞ്ഞപ്പോള്‍ ചെറുക്കന്റെ ബാപ്പ‌കാര്യത്തിലേക്കു കടന്നു.
"അപ്പോള്‍ എന്താ തീരുമാനം?”
"എന്‍റെ പരമാവധിയാണ് ഞാന്‍ പറഞ്ഞത്? എന്നെക്കൊണ്ട് വേറെ വഴിയില്ല. താഴെയും കുട്ടികളുണ്ട്.”
"നാട്ടുനടപ്പില്ലാത്ത കാര്യമൊന്നുമല്ലല്ലോ ഞാന്‍ പറഞ്ഞത്. എന്റെ മകള്‍ക്ക് കൊടുത്തതാണ് ഞാന്‍ പറഞ്ഞത്. ഞങ്ങള്‍ സ്ത്രീധനത്തിനെതിരാണ്. സ്വര്‍ണ്ണം അവള്‍ക്ക് എന്താണുള്ളതെന്നുവച്ചാല്‍ അത് കൊടുത്താല്‍ മതി.”മാമയുടെ നേര്‍ക്ക് തിരിഞ്ഞ്, "ആ ഇബ്രാന്‍റെ മോള്‍ക്ക് അയാള് 200 പവനാണ് കൊടുത്തത് ചെറുക്കന് എന്തുണ്ടായിട്ടാ."
മാമ തലയാട്ടി.
"എന്റെ മകന്‍ ഡിഗ്രി കഴിഞ്ഞ്, കമ്പൂട്ടറും കഴിഞ്ഞ ചെറുക്കനാണ്.“
"എന്‍റെ മകളും അതില്‍ കൂടുതല്‍ പഠിച്ചതാണ്.എമ്മെസ്സി അപ്ലയ്ഡ് കെമിസ്ടിയില്‍ അവള്‍ക്കാണ് ഫസ്റ്റ് റാങ്ക്. പിഎസ്സി ടെസ്റ്റുകളെഴുതിയിട്ടുണ്ട്. ഏതെങ്കിലും കിട്ടും.”
"അതു പറഞ്ഞിട്ടെന്താ കാര്യം? ഇപ്പോള്‍ തന്നെ പെണ്ണിന് പ്രായം കൂടിനില്‍ക്കുകയാണ്.”
"പഠിച്ച പെണ്ണു വേണം, ജോലിയില്ലെങ്കിലും ജോലികിട്ടുവാന്‍ സാദ്ധ്യതയുണ്ടാവണം, പക്ഷേ പ്രായം ഇരുപത് കവിയുകയുമരുത്.”
അടുക്കളയില്‍ ഒരു തേങ്ങല്‍.ഗ്ലാസ് താഴെ വീണുടഞ്ഞു.
ഉമ്മ മകളെ കെട്ടിപ്പിടിച്ചു നില്‍ക്കുന്നു.
'ഇറങ്ങിപ്പോടാ പട്ടീ' എന്നു പറയുവാന്‍ ത്രാണിയില്ലാത്ത ബാപ്പ കെഞ്ചുന്ന മുഖവുമായി അയാളുടെ മുമ്പില്‍.
കാര്‍ സ്റ്റാര്‍ടാവുന്ന ശബ്ദം.
പെണ്‍കുട്ടി ആകാശത്തിലേക്കു നോക്കി പ്രാര്‍ത്ഥിക്കുന്നു:
"
അല്ലാഹുവേ ഇനി അടുത്ത ഒരു ജന്മമുണ്ടെങ്കില്‍ പട്ടിയായി ജനിച്ചാലും ഒരു പെണ്ണായി ജനിപ്പിക്കരുതേ.”ദൈവം പ്രാര്‍ത്ഥന കേട്ടുവോ!

'ഇസ്ലാം മാനവ വിമോചനത്തിന്‍റെ തത്വശാസ്ത്രം' എന്ന കാസറ്റ് അടുത്ത വീട്ടില്‍ നിന്നും യുവാവ് ഉറക്കെ കേള്‍പ്പിക്കുന്നു.
ഹിന്ദുമതത്തില്‍ നിന്നും മതം മാറി ഇസ്ലാമിലേക്കു വന്ന പെണ്‍കുട്ടിയെ പര്‍ദ്ദധാരിണികള്‍ അ= അല്ലാഹ്, =സ്ത്രീ പഠിപ്പിക്കുന്നു . "സ്തീക്ക് സ്വത്തിന്‍റെ പാതി നീക്കിവച്ചതിലൂടെ സ്ത്രീയെ അല്ലാഹു ആദരിച്ചിരിക്കുന്നു."
 







Abdul Azeez
NE Calgary,
Alberta Canada
 

Aug 18, 2011

ഇവള്‍ക്കു മാത്രമായ് - ദൃശ്യാവിഷ്കാരം



സുഗതകുമാരിയുടെ ഇവള്‍ക്കുമാത്രമായ് ഭാവഗീതത്തിന് ഉത്തമ ഉദാഹരണമാണ്. അതിന്റെ വികാരതീവ്രത ഒട്ടും ചോര്‍ന്നു പോകാതെ കവിത ചൊല്ലി അവതരിപ്പിച്ച് ദൃശ്യചാരുത പകര്‍ന്നിരിക്കുകയാണിവിടെ. ഇത്തരം ദൃശ്യാവിഷ്കരണങ്ങള്‍ പലപ്പോഴും കവിത ഉള്ളിലുണര്‍ത്തേണ്ട ഭാവതലങ്ങളെ പരിമിതപ്പെടുത്തിക്കളയും എന്നൊരാശങ്ക പലരും പ്രകടിപ്പിച്ചിട്ടുണ്ട്. കവിത കുട്ടികളുടെ മുമ്പില്‍ ആദ്യം അവതരിപ്പിക്കുന്നതിനുള്ള ഉപാധിയായി ഈ വീഡിയോ സ്വീകരിക്കാതിരുന്നാല്‍ മതി. പലതരത്തിലുള്ള വിശകലനങ്ങള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കും ശേഷം ഈ വീഡിയോ കുട്ടികളെ കാണിക്കുമ്പോള്‍ ആശയങ്ങള്‍ക്ക് കൂടുതല്‍ തെളിമലഭിക്കും.
ഈ ദൃശ്യവിരുന്ന് നമുക്കായി ഒരുക്കിയിരിക്കുന്നത് കണ്ണൂര്‍ നെടുങ്ങോം ഗവ: ഹൈസ്കൂളിലെ മലയാളം അധ്യാപകന്‍ ശ്രീ ഉണ്ണിക്കൃഷ്ണന്‍ പയ്യാവൂരാണ്.

Aug 16, 2011

യാത്രാമൊഴി ആശയം - പ്രസന്റേഷന്‍




'യാത്രാമൊഴി' യുടെ ദൃശ്യാവിഷ്കാരം മുമ്പ് പോസ്റ്റു ചെയ്തിരുന്നല്ലോ. കവിതയിലെ ശ്ലോകങ്ങളും അവയിലെ പദങ്ങളുടെ അര്‍ത്ഥം, ശ്ലോകങ്ങളുടെ ആശയം ഇവയും ഉള്‍പ്പെടുത്തി തയ്യാറാക്കിയ ഒരു പ്രസന്റേഷനാണ് ഈ പോസ്റ്റ്. പി.ഡി.എഫ്. രൂപത്തിലുള്ള ഈ പ്രസന്റേഷന്‍ സ്ലൈഡ് ഷോ ആയി കാണുന്നതിന് ഡോക്യുമെന്റ് വ്യൂവറില്‍ തുറന്നിട്ട് view → presentation ക്ലിക്ക് ചെയ്താല്‍ മതി. അല്ലെങ്കില്‍ F5 കീബോര്‍ഡില്‍ അമര്‍ത്തുക. പാഠം കൂടുതല്‍ വിശദമായി ക്ലാസ്സില്‍ അവതരിപ്പിക്കാന്‍ ഈ പ്രസന്റേഷന്‍ സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു.

Aug 11, 2011

യാത്രമൊഴി - ദൃശ്യാവിഷ്കാരം



ആലാപനത്തിലും വ്യാഖ്യാനത്തിലും അദ്ധ്യാപകരേയും വിദ്യാര്‍ത്ഥികളേയും തെല്ലൊന്നു കുഴക്കിയേക്കാനിടയുള്ള പാഠമാണ് യാത്രാമൊഴി. കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയിലെ അവസാനഭാഗത്തോടടുത്ത പതിനഞ്ച് ശ്ലോകങ്ങളാണ് ഈ പാഠത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ കാവ്യ ഭാഗം ശ്രുതിമധുരമായ തന്റെ സ്വരത്തില്‍ ആലപിച്ചിരിക്കുന്നത് തടത്തിപ്പറമ്പ് ജി.എച്ച്. എസ്. എസിലെ സംഗീതടീച്ചറാണ്. ദൃശ്യാവിഷ്കരണം നിര്‍വ്വഹിച്ച് നമുക്കായി സമര്‍പ്പിച്ചിരിക്കുന്നത് ജോഷി മാഷാണ്. വിദ്യാഭ്യാസ-വീഡിയോ-ടെലിഫിലിം രംഗത്ത് അദ്ദേഹത്തിന്റെ പ്രാവീണ്യം പ്രത്യേകം എടുത്തുപറയേണ്ടതില്ലല്ലോ. മലയാളപഠനം കൂടുതല്‍ രസകരവും കാര്യക്ഷമവുമാക്കാന്‍ എല്ലാ അദ്ധ്യാപകസുഹൃത്തുക്കളും ഈ വീഡിയോ പ്രയോജനപ്പെടുത്തുമെന്നു പ്രതീക്ഷിക്കുന്നു.

Aug 10, 2011

അഴിമുഖത്ത് - കഥ


നമ്മളിപ്പോള്‍ കടല്‍ക്കരയിലാണ്.
തീരത്ത് ചിപ്പികള്‍ പെറുക്കിയോടി നടന്നും മണല്‍കൊട്ടാരമുണ്ടാക്കിയും കളിക്കുന്ന മക്കളെ,
' ഉടുപ്പ് കേടാവും ' ...' അഴുക്കാവും '...എന്നൊക്കെ പറഞ്ഞു നീ പേടിപ്പിക്കുന്നുണ്ട് ....
കണ്ണിറുക്കിക്കൊണ്ട് ഞാനവരെ പ്രോത്സാഹിപ്പിക്കുന്നത് നീയറിയാതെ പോകുന്നു ....
ആളുകള്‍ക്ക് വട്ടാണ് . കടലിലെന്താണിത്ര കാണാനുള്ളത് ? കുറെ തിരമാലകളങ്ങോട്ടുമിങ്ങോട്ടും പോകുന്നു ... വരുന്നു ... ഇതല്ലാതെ വേറെന്ത്‌ ...?”
നിന്റെ പിറുപിറുക്കല്‍
ഉള്‍ച്ചിരിയോടെ ഞാനത് തലകുനിച്ച് സമ്മതിക്കുന്നു .
അഴിമുഖത്തെ ആഴങ്ങളില്‍ ചെറു മീനുകളും വന്‍മത്സ്യങ്ങളും കടലില്‍ നിന്ന് പുഴയിലേക്കും … പുഴയില്‍ നിന്ന് കടലിലേക്കും ശബ്ദമുണ്ടാക്കാതെ നീന്തിപ്പോയി.
മഴ പെയ്തേക്കും .. . റോഡ്‌ മോശമാണ് ... ഇരുട്ടായാല്‍ കുഴികളൊന്നും കാണില്ല ...”
നിന്റെ തിടുക്കം .
ഇത്തിരി നേരം കൂടി കളിച്ചാലെന്താ ? ”
നുര തെറിപ്പിച്ചു കളിക്കുന്ന കുരുന്നു പരിഭവങ്ങള്‍ .
ഞാനെന്തു പറയാന്‍ .......?
പതിവുപോലെ ഇന്നും അസ്തമയം കാണാതെ നമുക്ക് തിരിച്ചു പോകാമെന്നോ ...?
അതോ ചന്ദ്രനുദിക്കുമ്പോള്‍ വേലിയേറ്റങ്ങളാലും ഇറക്കങ്ങളാലും ഈ പുഴ ചിലപ്പോള്‍ കിഴക്കൊട്ടുമൊഴുകാറുണ്ടെന്നോ...?
അഴിമുഖമെന്നത് ഒഴുക്ക് കൊണ്ട് പുഴയായും തിരകള്‍ കൊണ്ട് കടലായും രൂപം മാറുന്ന ഉത്തരമില്ലാത്തൊരു കടംകഥയാണെന്നോ...?
വേണ്ട .
ഞാനെഴുന്നേല്‍ക്കുന്നു
പറയട്ടെ ?
നമുക്ക് തിരിച്ചുപോകാം .”

സാബിദ മുഹമ്മദ്റാഫി
മലയാളം അദ്ധ്യാപിക
ജി.വി.എച്ച്.എസ്.എസ്. വലപ്പാട്
ചാവക്കാട്

Aug 8, 2011

സൗന്ദര്യപൂജ - ആലാപനം



വളരെ മധുരമായ ആലാപനം പി. കുഞ്ഞിരാമന്‍ നായരുടെ കവിതയ്ക്ക് മനോഹാരിത കൂട്ടുക തന്നെ ചെയ്യും. ഇതിന് ഉത്തമോദാഹരണമാണ്
കണ്ണൂർ നെടുങ്ങോം ഗവ: ഹൈസ്കൂളിലെ മലയാളം അധ്യാപകൻ ശ്രീ ഉണ്ണികൃഷ്ണന്‍ പയ്യാവൂര്‍ സൗന്ദര്യ പൂജയുടെ ആലാപനത്തിലൂടെ കൈവരിച്ചിരിക്കുന്നത്. ഇതാ ബ്ലോഗ്‌ വായനക്കാര്‍ക്ക് വേണ്ടി മാഷ്‌ ആലപിച്ചു അയച്ചു തന്ന വീഡിയോ ചുവടെ നല്‍കിയിരിക്കുന്നു.



Aug 5, 2011

ഐ.ടി.യും മലയാളവും പ്രണയിക്കുന്നു


ഐ.റ്റി.യും മലയാളവും വിദൂരത്തിലുള്ളവയാണെന്ന് വിചാരിക്കേണ്ട. മലയാളത്തിന് നന്നായി വഴങ്ങുന്നതാണ് .ടി.യും ഐ.ടി. സങ്കേതങ്ങളുമെന്ന് തെളിയിക്കുന്നതാണ് വിക്കി ഗ്രന്ഥശാലയുടെ പ്രവര്‍ത്തനം. ഒരു കൂട്ടം ഭാഷാസ്നേഹികള്‍ രൂപംകൊടുത്ത ഇന്റര്‍നെറ്റ് ഉപയോക്തക്കള്‍ക്ക് വായിക്കുവാനുള്ള ഗന്ഥശാലയാണ് വിക്കി ഗ്രന്ഥശാല. ഇതിലേക്ക് പുസ്തകങ്ങള്‍ ചേര്‍ക്കാന്‍ കേരളത്തില്‍‍ അങ്ങോളമിങ്ങോളമുള്ള പല വിദ്യാലയങ്ങളും ഗ്രന്ഥശാലകളും അദ്ധ്യാപകരുടെ കൂട്ടായ്മകളും ശ്രമിച്ചുവരുന്നു. അമൂല്യഗ്രന്ഥങ്ങളും ഇപ്പോള്‍ പ്രസിദ്ധീകരണം ഇല്ലാത്തവയുമാണ് വിക്കി ഗ്രന്ഥശാലയിലൂടെ വെളിച്ചം കാണുന്നത്.
കബനിഗിരി നിര്‍മ്മല ഹൈസ്ക്കൂള്‍, മലയാളത്തിലെ ആദ്യത്തെ നോവലായ അപ്പു നെടുങ്ങാടിയുടെ കുന്ദലതയാണ് ഗ്രന്ഥശാലയിലേക്ക് സംഭാവന നല്‍കുന്നത്. വിദ്യാലയത്തിലെ ഇരുപത്തഞ്ചോളം കുട്ടികള്‍ നോവലിലെ ഓരോ അദ്ധ്യായങ്ങള്‍ ടൈപ്പ് ചെയ്യുന്നപണിപ്പുരയിലാണ്. ഓണത്തിന് ഈ ഗ്രന്ഥം വിക്കിയില്‍ ചേര്‍ക്കാനാണ് കുട്ടികള്‍ ശ്രമിക്കുന്നത്. ഇതിനകം ഐതിഹ്യമാല, അമരകോശം, തുടങ്ങിയ ക്ലാസിക്ക് ഗ്രന്ഥങ്ങള്‍ പലരുടെയും ശ്രമഫലമായി വിക്കിയില്‍ എത്തിയിട്ടുണ്ട്. കുന്ദലത വിക്കിയില്‍ ചേര്‍ക്കുന്നതിന് മുന്നോടിയായി വിദ്യാലയത്തിലെ കുട്ടികള്‍ മലയാളത്തിലെ ആദ്യത്തെ ചെറുകഥ 'വാസനാ വികൃതി' വിക്കിയില്‍ ചേര്‍ത്തിട്ടുണ്ട്.
കുന്ദലത വിക്കി ഗ്രന്ഥശാലയില്‍ ചേര്‍ക്കുന്നതിന്റെ ഉദ്ഘാടനം സ്ക്കുളില്‍ വച്ച് ജില്ലാ . ടി. കോര്‍ഡിനേറ്റര്‍ വി. ജെ. തോമസ് നിര്‍വഹിച്ചു. ചടങ്ങില്‍ ഹെ‍ഡ് മിസ്ട്രസ് അന്നക്കുട്ടി കെ. എം. അദ്ധ്യക്ഷത വഹിച്ചു ശ്രീ.പി.വി.റോയി സ്വാഗതവും സീനിയര്‍ അസിസ്റ്റന്റ് സൂസമ്മ എബ്രഹാം നന്ദിയും പറഞ്ഞു .

Aug 4, 2011

കുഞ്ഞുകഥകള്‍





ജീവിതഭാണ്ഡം

നഷ്ടസ്വപ്നങ്ങള്‍ കുത്തിനിറച്ച് അയാളുടെ ജീവിതഭാണ്ഡം കീറിപ്പോയി. അതൊന്നു തുന്നിച്ചേര്‍ക്കാന്‍ മുനതേഞ്ഞ വീക്ഷണസൂചിയില്‍ പ്രതീക്ഷയുടെ നൂല്‍കോര്‍ക്കുവാനുള്ള ഉള്‍ക്കാഴ്ചയില്ലാതെ അയാള്‍ പകച്ചുനിന്നു......!

മടക്കയാത്ര

സദ്യയുണ്ണാനിരുന്ന മാവേലി, ചോറില്‍ കണ്ണീരിന്റെ ഉപ്പും കൂട്ടാനുകളില്‍ ചോരയുടെ മണവുമാനെന്നു പറഞ്ഞു മടങ്ങാന്‍ തീരുമാനിച്ചു.



അനിത.കെ.എസ്‌.
മലയാളം അധ്യാപിക
ഗവ.ഹൈസ്കൂള്‍ കാലടി
തിരുവനന്തപുരം

                                                                                                     

Aug 3, 2011

പുതിയ ആകാശത്തിന്നുടമകള്‍ - കവിതാസ്വാദനം


പെണ്ണായിപ്പിറന്നതിന്റെ പേരില്‍ സമൂഹത്തിലെ എല്ലാ ഘടനകളില്‍ നിന്നും യാതനകളും പീഡനങ്ങളും ഏറ്റു വാങ്ങേണ്ടി വരുന്ന ഒരു വര്‍ഗ്ഗത്തിന്നായി നീളുന്ന അഭയഹസ്തമാണ് മലയാളത്തിന്റെ പ്രിയ കവയിത്രി സുഗതകുമാരി. സാമൂഹികപരിഷ്കരണരംഗത്തും,പ്രകൃതിസംരക്ഷണരംഗത്തും വിലപ്പെട്ട സംഭാവനകള്‍ നല്കിക്കൊണ്ടിരിക്കുന്ന ഒരാള്‍ക്കൂടിയാണ് ശ്രീമതി സുഗതകുമാരി. അന്നും ഇന്നും സമൂഹത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ജീവിതസംഘര്‍ഷങ്ങളുടെ നേര്‍ക്കാഴ്ചയാണ് അവരുടെ "ഇവള്‍ക്കു മാത്രമായി "എന്ന കവിത.
ഇവള്‍ക്കുമാത്രമായ്,കടലോളം കണ്ണീര്‍
കുടിച്ചവള്‍,ചിങ്ങവെയിലൊളി പോലെ
ചിരിപ്പവള്‍,ഉള്ളില്‍ കൊടുംതീയാളിടും
ധരിത്രിയെപ്പോലെ തണുത്തിരുണ്ടവള്‍"
ഭൂമി, സര്‍വ്വംസഹയാണ്.ഇവിടെ,സ്ത്രീയുടെ സവിശേഷതകളെല്ലാം കവയിത്രി പ്രകൃതിഭാവങ്ങളോടു ചേര്‍ത്തുവയ്ക്കുന്നു. അവളുടെ നിസ്സഹായത, അതിനോടുള്ള അവളുടെ മൃദുവായ പ്രതികരണങ്ങള്‍ എല്ലാം കവയിത്രി ആലങ്കാരികമായി പറഞ്ഞുവച്ചിരിക്കന്നു.കടലോളം കണ്ണീര്‍ കുടിച്ചവളെങ്കിലും; അവള്‍ മറ്റുള്ളവര്‍ക്കു മുന്നില്‍ ചിങ്ങവെയിലൊളി പോലുള്ള ചിരിയുമായി പ്രത്യക്ഷപ്പെടുന്നു.ഭൂമിയെപ്പോലെ അവളുടെയുള്ളിലും തീയാണ്. ആത്മസംഘര്‍ഷങ്ങള്‍ മറച്ചുവച്ച്, വിളര്‍ത്തചുണ്ടത്ത് നിലാച്ചിരിയമായി അവള്‍ മറ്റുള്ളവരില്‍ പ്രകാശം നിറയ്ക്കുന്നു.

Aug 2, 2011

കവിതയിലെ കവിത - കവിത



കവിതയിലെ കവിതയിലൂടെ
ഞാന്‍ നടന്നു പോകവെ
കവിതയിലെ ചില വരികളെന്നെ
വിസ്മയിപ്പിച്ചു.
വരികളിലെ അക്ഷരമുത്തുകളുരച്ചതോടെ
എന്റെപ്രാകൃതവുമേറിവന്നു.
അര്‍ദ്ധസമ്മതമൗനത്തില്‍ എന്റെ
മനമുരച്ചവരികളിലൂടെ ഞാന്‍ ചലിച്ചു.
പകലന്തിയോളം കവിതയിലെ
കഥയില്ലായ്മയിലേയ്ക്കു ഞാന്‍ നടന്നതോടെ
നന്മതന്‍ഈരടികള്‍ ഞാന്‍ തിരഞ്ഞു

കവിതയെന്തെന്നറിയാതെ
കവിതയെഴുതിയയെനിക്കു കവിതയില്‍
ജിജഞാസയേറിവന്നു
കുറുമൊഴിനിറയുന്ന ഈരടികള്‍
കവിതയെന്നറിയവെ അക്ഷരമാലികാ
ചെപ്പു ഞാന്‍ തുറന്നുനോക്കി
ചെപ്പിലെ മുത്തുകള്‍ കോര്‍ത്തിണക്കവെ
നന്മതന്‍ഈരടികള്‍ ഓടിവന്നു


അരുണിമ.ജി.ബി.
സ്റ്റാന്‍ഡോര്‍ഡ്-VII
സരസ്വതിവിദ്യാലയം
വട്ടിയൂര്‍ക്കാവ്
തിരുവനന്തപുരം

Aug 1, 2011

യൂണിറ്റ് സമഗ്രാസൂത്രണം - പത്താതരം കേരളപാഠാവലി രണ്ടാം ഭാഗം



സ്ത്രീസമത്വം മുഖ്യപ്രമേയമായി വരുന്ന യൂണിറ്റാണ് പത്താംതരം കേരളപാഠാവലിയിലെ രണ്ടാം യൂണിറ്റായ 'ഇരുചിറകുകളൊരുമയിലങ്ങനെ'. സാഹിത്യത്തിലെ സ്ത്രീജീവിത ചിത്രണം അനാവരണം ചെയ്യുന്ന മൂന്ന് പാഠങ്ങളാണ് ഈ യൂണിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സമകാലസമൂഹജീവിതത്തിലെ സ്ത്രീയവസ്ഥകള്‍ മനസ്സിലാക്കുക, സ്ത്രീകള്‍ നേരിടുന്ന അവഗണനയ്ക്കും അസമത്വത്തിനും പരിഹാരം തേടുക ഇവയൊക്കെ ഈ യൂണിറ്റിന്റെ ലക്ഷ്യങ്ങളാണ്.
പാഠഭാഗങ്ങള്‍ക്കുപുറമേ സ്ത്രീയവസ്ഥകള്‍ അവതരിപ്പിക്കുന്ന ധാരാളം കവിതകളും കഥകളും അദ്ധ്യാപക സഹായിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. ആറാം തരത്തിലെ പാഠപുസ്തകം മുതല്‍ സ്ത്രീത്വത്തിന്റെ വ്യത്യസ്ത മാനങ്ങള്‍ കാണിച്ചുതരുന്ന നിരവധി രചനകള്‍ കുട്ടികള്‍ പരിചയപ്പെട്ടിട്ടുണ്ട്. അവകൂടി പ്രയോജനപ്പെടുത്തിയാല്‍ മുഖ്യപ്രമേയത്തിലേയ്ക്ക് ആഴത്തില്‍ ഇറങ്ങിച്ചെല്ലാന്‍ അദ്ധ്യാപകര്‍ക്കും കുട്ടികള്‍ക്കും കഴിയും.