എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Nov 26, 2012

ആടുജീവിതം - വീഡിയോ




പത്താം തരം അടിസ്ഥാനപാഠാവലിയിലെ 'അലയും മലയും കടന്നവര്‍' എന്ന മൂന്നാം യൂണിറ്റില്‍ 'ആടുജീവിതം' പരിചയപ്പെടുത്തുമ്പോള്‍ പ്രയോജനപ്പെടുത്താവുന്ന ചില വീഡിയോകള്‍ യൂട്യൂബില്‍ കണ്ടെത്താനായി. അവ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കുമായി ഇവിടെ ചേര്‍ക്കുന്നു.

ബന്യാമിന്‍ ആടുജീവിതത്തെക്കുറിച്ച്


മലയാളിയുടെ പ്രവാസ ജീവിതത്തെക്കുറിച്ച് മറ്റൊരു വീഡിയോ


ബന്യാമിന്‍ വിദേശമലയാളി സംഗമത്തില്‍

Nov 21, 2012

ചരമകോളം (കവിത)




ചരമകോളം

ഇന്ന് നിനക്കറിയാം
നിന്നിലെ ജീവരക്തം
ഞങ്ങള്‍ ഊറ്റി കുടിച്ചുവെന്ന്.
തണലുകള്‍
ഞങ്ങള്‍ വെട്ടിയെടുത്തുവെന്ന് 
നിന്റെ ചിറകുകളെ
അമ്പെയ്തൂ വീഴ്ത്തി
കളിവണ്ടികളില്‍
മണല്‍ നിറച്ചുവെന്ന്.
നീ അപഹരിക്കപ്പെട്ടവള്‍
അപമാനിത ....
നാളെ ചരമകോളത്തില്‍
നിന്റെ പടം കണ്ടു
ഞങ്ങള്‍ അത്ഭുതപ്പെടുകയില്ല .
അതുവരാതിരിക്കാന്‍
പത്ര മേധാവിക്ക് ഇപ്പോള്‍
ഞങ്ങള്‍ കൈകൂലി കൊടുത്തിരിക്കുന്നു ..


മേഘ പി ടി
St.John's HS
Parappur, Thrissur

Nov 15, 2012

കരയാന്‍ മറന്ന മിഴികള്‍



കരയാന്‍ മറന്ന മിഴികള്‍

കദനഭാരത്തിലിന്നെന്‍ മനം നിറയുന്നുവോ
കാറ്റിന്‍ ചിലമ്പൊലി കനലെരിയിക്കുന്നുവോ
സ്നേഹത്തിന്‍ ദിവ്യദീപ്തികള്‍ അകതാരിലെങ്ങും
സാദരം മൂളുന്നതെല്ലാം ദുരിതപദ്യങ്ങള്‍

ഗംഗയുടെ നാദവും ഗായത്രീമന്ത്രവും ഗോപാലാ
നിന്‍ ഗാന്ധര്‍വ്വവീഥിയും തേങ്ങുമീ വേളയില്‍
നിഷാദജന്മങ്ങള്‍ തന്‍ കൊടും ക്രൂരതയില്‍
നിറമിഴിയോടെ തേങ്ങുന്നീ പൃഥ്വീമാതാവും
നദിയുടെ ജീവരക്തം പോലും ഊറ്റിയെടുത്തില്ലേ
നാഗരികതയുടെ മടിത്തട്ടിലെ കുട്ടിപ്പാവകള്‍
ജീവവായു നല്കുമീ അരുമയാം മരങ്ങള്‍ തന്‍
ജാതകം തിരുത്തുവാന്‍ നീയാര് കാട്ടാളാ...

അംബികയാം സ്ത്രീജന്മങ്ങള്‍ മേല്‍ വിഷപൂരിതമാം
അമ്പുകളെയ്തുവിട്ടാഹ്ലാദിക്കും അസുരന്മാരേ
മാബലിയുടെ മണ്ണില്‍ സ്വപ്നം വിടരുമീ ഭൂമിയില്‍
മരതകപ്പച്ച മിന്നിമാഞ്ഞുപോയതാം ഓര്‍മ്മകള്‍

കരള്‍പിളരും കാഴ്ചകള്‍, കൃഷ്ണാ
കരയാതിരിക്കുവാനാകുമോ?
നീറിപ്പുകയുന്ന വേദനയില്‍
മറക്കാനോ ബദ്ധപ്പെട്ടീടുന്നു
ഓര്‍ക്കുക നീ വല്ലപ്പോഴും നിന -
ക്കായിപ്പാടുമീ ഗന്ധര്‍വരൂപത്തെ......

ഷൈനി ഷാജി (10.A)
    GHSS, SADANANDAPURAM

* * * * *

Nov 11, 2012

പേരില്ലാത്ത മുറി


പേരില്ലാത്ത മുറി

ഒരു മുറിക്ക്

ഒരു നമ്പര്‍ നല്ലതാണ്
പെരിനേക്കാള്‍ .

ഒരേ പേരുള്ള മുറികള്‍

അപൂര്‍വമാണെങ്കിലും
ഒരേ നമ്പരുള്ള
അനേകം മുറികളുണ്ടാകാം
അതില്‍
അനേകമാളുകള്‍
ജീവിക്കുന്നുണ്ടാകാം.

അവര്‍

അവരുടെ മുറിയെക്കുറിച്ച്
സംസാരിക്കുമെങ്കിലും
മുറിയുടെ നമ്പറിനെക്കുറിച്ചു
അപൂര്‍വമായിരിക്കാം.

ഒരേ നമ്പരുള്ള മുറിയിലെ

അനേകമാളുകള്‍
ഒരേ സമയം
ഒരേ പ്രവര്‍ത്തി ചെയ്യുന്നുണ്ടാകാം.
ഉണ്ണുകയും
ഉറങ്ങുകയും
ടെലിവിഷന്‍ കാണുകയും
ചീട്ടു കളിക്കുകയും
ഭാര്യയെ സ്നേഹിക്കുകയും
കാമുകിയെ വഞ്ചിക്കുകയും
ഒക്കെ ചെയ്യുന്നുണ്ടാകാം.

എന്നാല്‍

ഒരേ നമ്പരുള്ള
മുറിയില്‍ നിന്ന്
ഒരേ പേരുള്ള കവിത
ആരും എഴുതിയിട്ടുണ്ടാകില്ല
ഞാനും അവളും ഒഴിച്ച് ..........

അഭിലാഷ് എം.,
മലയാളം അദ്ധ്യാപകന്‍,
ഗവ. എച്ച്. എസ്. എസ്. എട്നീര്‍,
കാസറഗോഡ്

Oct 15, 2012

എന്റെ സ്ക്കൂള്‍ ദിനങ്ങള്‍ ഭാഗം മൂന്ന് - അസീസ് കെ. എസ്.




War Against Public Schools
പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെ കുത്തകകള്‍ തക൪ത്തതെങ്ങനെ?
-അസീസ് കെ. എസ്.
കാനഡ‌യും അമേരിക്ക‌യും ഉള്‍പ്പെടുന്ന‌ നോ൪ത്ത് അമേരിക്ക‌യിലെ പൊതുവിദ്യാഭ്യാസ‌ത്തെക്കുറിച്ച് നിങ്ങ‌ളോടു പ‌റ‌യുവാന്‍ പ‌ല‌തുമുണ്ട്. എന്തിനുമേതിനും അമേരിക്കയെ നോക്കിയിരിക്കുന്ന, അമേരിക്കന്‍ നയങ്ങള്‍ക്കടിമപ്പെടുന്ന, മന്‍മോഹന്‍ജി ഭരിക്കുന്ന ഇന്ത്യയില്‍ അമേരിക്കയിലെ ഇന്നത്തെ വിദ്യാഭ്യാസം നാളെ നമ്മുടെ വിദ്യാഭ്യാസമായി മാറുമ്പോള്‍, അമേരിക്കയിലെ വിദ്യാഭ്യാസ വ്യവസ്ഥിതി എങ്ങിനെയെന്ന് അവശ്യം നാം അറിഞ്ഞിരിക്കേണ്ട സംഗതിയാണെന്നു തോന്നുന്നു. അമേരിക്കന്‍ പൊതുവിദ്യാഭ്യാസത്തിന് നീണ്ട പോരാട്ടങ്ങളുടെ ചരിത്രമുണ്ട്. ആദ്യം അത് അടിമ വിമോചനത്തിനുവേണ്ടിയുള്ള പോരാട്ടമായിരുന്നു. പിന്നീട് കറുത്തവ൪ക്ക് തുല്യമായ അവസരങ്ങള്‍ക്കുവേണ്ടിയുള്ള കലാപമായി, സ്ത്രീവിമോചന സമരങ്ങളായി. നൂറ്റാണ്ടുകള്‍ നടത്തിയ പോരാട്ടങ്ങളുടെ ഫലമായാണ് അമേരിക്കയില്‍ സാ൪വ്വത്രികമായ വിദ്യാഭ്യാസം രൂപം കൊണ്ടത്. കറുത്തവനും ഇടതുപക്ഷ ലിബറല്‍ ചിന്താഗതിക്കാരായ വെളുത്തവനും ചേ൪ന്നു നടത്തിയ നീണ്ട പോരാട്ടങ്ങളുടെ ഫലമായാണ് സ‌മ൪ത്ഥരായ അദ്ധ്യാപക൪ നല്കുന്ന ഏറ്റവും മികച്ച സൌജന്യമായ പൊതുവിദ്യാഭ്യാസം ഗവണ്മെണ്ടിന്റെ ചുമതലയായി ഭരണഘടനയില്‍ എഴുതിച്ചേ൪ക്കപ്പെട്ടത്. ഓരോ പൌരനും സംസ്ഥാനം നല്കുന്ന മികച്ചതും സൌജന്യവുമായ വിദ്യാഭ്യാസത്തിനവകാശമുണ്ട് പൊതുവിദ്യാഭ്യാസമായിരുന്നു ലോകത്തിലെവിടേയും ജനാധിപത്യസമൂഹങ്ങളുടെ അടിത്തറ. ഇതിന്റെ ഫലമായി അടിസ്ഥാനവ൪ഗ്ഗങ്ങളുടെ ജീവിതം ലോകത്തിലെല്ലായിടത്തും മെച്ചപ്പെട്ടു. കേരളത്തിലും അത്തരം സാമൂഹ്യസമരങ്ങള്‍ നടന്നിട്ടുണ്ട്. ദരിദ്രരായ ലക്ഷക്കണക്കിനു ജനങ്ങള്‍ അവരുടെ ജീവിതം മെച്ച‌പ്പെടുത്തി. കെ ആ൪ നാരായണനേയും എപിജെ കലാമിനേയും പോലുള്ളവ൪ ഇന്ത്യയുടെ ഏറ്റവും ഉയ൪ന്ന സ്ഥാനങ്ങളിലെത്തി.
ഇത് അമേരിക്കയുടെ പഴയ കഥ.ഈ കഥയാണ് കോ൪പറേറ്റ് മുതലാളിത്വത്തിന്റെ ഏജന്റുമാരായ രാഷ്ട്രീയ ഭരണകൂടങ്ങള്‍ ഇപ്പോള്‍ തക൪ത്തുകൊണ്ടിരിക്കുന്നത്. നവകണ്‍സ൪വേറ്റിവ് ആയ റൊണാള്‍ഡ് റീഗന്‍ 1981 ല്‍ തുടങ്ങിവച്ച സ്കൂള്‍ സ്വകാര്യവല്‍ക്കരണം ജോ൪ജ്ജ് ബുഷ് ഒന്നാമനിലൂടെ, ബില്‍ ക്ലിന്റെനിലൂടെ ജോ൪ജ്ജ് ബുഷ് രണ്ടാമനിലൂടെ ഒബാമയിലൂടെ തുടരുകയാണ്. അമേരിക്ക നല്കുന്ന മികച്ച വിദ്യാഭ്യാസം നേടുന്നതിനുവേണ്ടി കെനിയയില്‍ നിന്നു വന്ന ബറാക് ഹുസൈന്‍ ഒബാമ ഒന്നാമന്റെ മകനായ ഈ ബറാക് ഹുസൈന്‍ ഒബാമ രണ്ടാമന്‍ പൊതുവിദ്യാഭ്യാസത്തെ തക൪ക്കുന്നതിന് കോ൪പറേറ്റിസത്തിന്റെ ചട്ടുകമാകുന്നുവെന്നത് ചരിത്രത്തിന്റെ വിചിത്രമായ ഗതി.
വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന അദ്ധ്യാപക൪
വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു ജീവിവര്‍ഗ്ഗമേതാണെന്നു ചോദിച്ചാല്‍ ധ്രുവത്തിനടുത്തു താമസിക്കുന്ന എനിക്കത് പോളാ൪ കരടികളാകും. നിങ്ങള്‍ക്കോ? സിംഹവാലന്‍ ആകും. പക്ഷേ ഇവിടെ വംശനാശം തുടങ്ങിക്കഴിഞ്ഞതും അവിടെ അധികം വൈകാതെ സംഭവിക്കുന്നതുമായ ഒരു ജീവിവ൪ഗ്ഗമുണ്ട്. അത് അദ്ധ്യാപകരാണ്. അദ്ധ്യാപകരേയും അദ്ധ്യാപക സംഘടനകളേയും സ്കൂളില്‍ നിന്നിറക്കി എങ്ങിനെ പിണ്ഡം വയ്ക്കാമെന്ന് അനേക വ൪ഷങ്ങളായി വിദ്യാഭ്യാസ മുതലാളിമാരും രാഷ്ട്രീയക്കാരും ചിന്തിച്ചുകൊണ്ടിരിക്കുകയായിരുന്നു. കുട്ടികളും സ്കൂളുമൊക്കെ ഉള്ള കാലത്തോളം അത് നടക്കില്ല. അതിനു അവര്‍ കണ്ടുപിടിച്ച വിദ്യ സ്കൂള്‍ തന്നെ ഇല്ലാതാക്കുക എന്നതാണ്. ഇത് അദ്ധ്യാപകരോടുള്ള എന്തെങ്കിലും വൈരം കൊണ്ടല്ല. പുതിയ വിദ്യാഭ്യാസരംഗത്ത് അവ൪ കാണുന്ന നിക്ഷേപസാദ്ധ്യത അത്രയ്ക്കാണ്.

Oct 2, 2012

സൂര്യകാന്തി - കവിതയുടെ ദൃശ്യാവിഷ്കാരം


    ഒന്‍പതാം തരത്തിലെ സൂര്യകാന്തി എന്ന പാഠഭാഗത്തെ ആസ്പദമാക്കി കൂമ്പന്‍പാറ ഫാത്തിമ മാതാ ഹൈസ്ക്കൂളിലെ മലയാളം അദ്ധ്യാപിക സിസ്റ്റര്‍ ദയ തെരേസ് തയ്യാറാക്കിയ ഒരു വീഡിയോ ആണിത്. മുക്കുടം ഗവ. ഹൈസ്ക്കൂളിലെ ജിജോ എം. തോമസ് മാഷാണ് ഈ വീഡിയോ വിദ്യാരംഗത്തിലേയ്ക്ക് അയച്ചുതന്നത്.‌

Sep 25, 2012

കനിയാത്ത കര്‍ക്കിടകം






വഴിമാറി നില്‍ക്കുന്നു മിഥുനം പതുക്കവേ
കര്‍ക്കിടക്കാറിനെ കാണാന്‍ തിടുക്കമായ്
ധരണിയുമാശിച്ചുനില്‍ക്കുന്നു ചാരത്ത്
കര്‍ക്കിടകം വരാനെന്തിത്ര താമസം

പച്ചിലച്ചാര്‍ത്തുകളണിയേണ്ട പൃഥ്വിയും
വിങ്ങിക്കരയുന്നു മഞ്ഞളിച്ചങ്ങനെ
കരിവണ്ടുപോലൊത്ത മഴമുകില്‍ക്കൂട്ടങ്ങ-
ളര്‍ക്കനെപ്പേടിച്ചു ദൂരെയൊളിച്ചുവോ

കരിനാഗം പോലങ്ങു ചീറ്റേണ്ട പേമാരി-
യലസനായെവിടെയോ പോയിക്കിടക്കുന്നു
കര്‍ക്കിടക്കാലത്തു പാടുന്ന വേഴാമ്പല്‍
ദാഹിച്ചിരിക്കുന്നു പൂമരക്കൊമ്പിലായ്

കരകവിഞ്ഞൊഴുകേണ്ട തോടും പുഴകളും
കരിമണല്‍ക്കൂമ്പാരമായി പതുക്കവേ
മഴമുത്തു വാരേണ്ട ചേമ്പിലക്കൂട്ടവും
തലതാഴ്ത്തിനില്‍ക്കുന്നു നീളെ തൊടിയിലായ്

സൂര്യനെത്തിരയേണ്ട കര്‍ക്കിടക്കാലത്ത്
സൂര്യന്‍ ജ്വലിച്ചങ്ങു നില്‍ക്കുന്നു മാനത്ത്
പിതൃക്കള്‍ക്ക് തര്‍പ്പണം ചെയ്യേണ്ട പുഴയിന്ന്
കൊയ്ത്തുകഴിഞ്ഞൊരു പാടം പോല്‍ ശൂന്യമായ്

മരതകപ്രഭയാല്‍ ചിരിക്കേണ്ട ഞാറുകള്‍
വാടിക്കരിയുന്നു കര്‍ക്കിടച്ചൂടിനാല്‍
കസ്തൂരി പൂശേണ്ട കൊച്ചുവരമ്പുകള്‍
മാരിയെ കാണാഞ്ഞു മാനത്തുനോക്കുന്നു

ആടിത്തിമിര്‍ക്കേണ്ട മയിലിന്റെ കൂട്ടവും
വാര്‍മേഘം കാണാഞ്ഞു കണ്ണീരുവാര്‍ക്കുന്നു
മഴയത്തു താളത്തില്‍ കരയുന്ന തവളകള്‍
മഴയില്ലാക്കാലത്തെ മെല്ലെ ശപിക്കുന്നു

വെറ്റിലച്ചെല്ലമെടുത്തൊരു മുത്തശ്ശി
പല്ലില്ലാമോണയും കാട്ടിപ്പറയുന്നു
പഴമകളൊന്നായ് മാഞ്ഞങ്ങു പോയല്ലോ
കര്‍ക്കിടവുമതിന്‍ കൂടെയിറങ്ങിയോ

ഗിരിജ ടി (ഹിന്ദി അധ്യാപിക)
കല്ലടി എച്ച് എസ് എസ് 
കുമരംപുത്തൂര്‍ , പാലക്കാട് 


Sep 15, 2012

മുരിഞ്ഞപ്പേരീം ചോറും - പാഠവിശകലനം



-->
പത്താംതരം കേരളപാഠാവലിയിലെ മുരിഞ്ഞപ്പേരീം ചോറും എന്ന പാഠഭാഗം വിശകലനം ചെയ്യുന്നതിന് സഹായകമാകുന്ന ഒരു പ്രസന്റേഷനാണിത്. കലകള്‍ സമൂഹത്തിലെ ചാലകശക്തികളാകുന്നതെങ്ങനെയെന്ന് കുട്ടികളെ ബോധ്യപ്പെടുത്താന്‍ ഈ പാഠത്തിന്റെ വിനിമയത്തിലൂടെ സാധിക്കുമല്ലോ. പ്രാചീനകാലം മുതല്‍ കേരളീയദൃശ്യകലകള്‍ക്ക് സമൂഹത്തോടുണ്ടായിരുന്ന പ്രതിബദ്ധത കൂടിയാട്ടത്തിലെ വിദൂഷകഭാഷണത്തില്‍നിന്നും നമുക്ക് മനസ്സിലാക്കാം. സമൂഹത്തിലെ ഏതു തലത്തിലും തരത്തിലുമുള്ള അപചയങ്ങളെ പരിഹസിക്കുന്നതിനും അവയെ തിരുത്തുന്നതിന് ജനങ്ങളെ പ്രേരിപ്പിക്കുന്നതിനും കൂടിയാട്ടത്തിലെ വിദൂഷകനു കഴിഞ്ഞിരുന്നു. പാഠത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വിദൂഷകഭാഷണത്തിലെ ഓരോ ഭാഗവും എങ്ങനെയാണ് അതിന്റെ സാമൂഹികധര്‍മ്മം നിറവേറ്റുന്നത് എന്നകാര്യം തീര്‍ച്ചയായും ക്ലാസ്സ് മുറികളില്‍ ചര്‍ച്ചചെയ്യപ്പെടേണ്ടതാണ്. അതിന് ഈ പ്രസന്റേഷന്‍ സഹായകമാകുമെന്ന് കരുതുന്നു.

Sep 7, 2012

ചിത്രം വരയുന്ന പെണ്‍കുട്ടി - കവിത



വെളുത്ത കടലാസില്‍
കറുത്ത മഷികൊണ്ട്
പൂ വരച്ചവള്‍.
പൂവിനെ ചുറ്റിപ്പറക്കുന്നു
പൂവിന്റെ തേന്‍ നുകരുന്നു
നിറമില്ലാത്ത പൂമ്പാറ്റ.

പൂവിനെക്കാളും വലിപ്പമുണ്ട്
അവള്‍ വരച്ച പൂമ്പാറ്റയ്ക്ക്.
കറുത്ത ചിറകുകള്‍ക്ക്
വെളുത്ത പുള്ളികള്‍
വെളുത്ത ചിറകുകള്‍ക്ക്
കറുത്ത പുള്ളികള്‍.

അവളുടെ കുഞ്ഞുടുപ്പിന്റെ
പിന്നിക്കീറിയ പൂവില്‍
ഒരു പൂമ്പാറ്റയുണ്ട്
മഞ്ഞനിറമുള്ള കുഞ്ഞിപ്പൂമ്പാറ്റ.
അതിനെപ്പിടിച്ച്
ഇടയ്ക്കൊക്കെ
കാറ്റില്‍ പറത്താറുണ്ടവള്‍.

കാറ്റില്‍ പറന്ന്
ആകാശം കണ്ടിറങ്ങി
പാവാടയിലെ പൂവില്‍
വീണ്ടും ചെന്നെത്താറുണ്ട്.

അഭിലാഷ് എം.,
മലയാളം അദ്ധ്യാപകന്‍,
ഗവ. എച്ച്. എസ്. എസ്. എട്നീര്‍,
കാസറഗോഡ്

Sep 4, 2012

സമാസം - പ്രസന്റേഷന്‍


ഹൈസ്ക്കൂള്‍ ക്ലാസ്സുകളിലെ പാഠപുസ്തകങ്ങള്‍ മാറിത്തുടങ്ങിയിട്ട് ഇത് നാലാം അദ്ധ്യയനവര്‍ഷം. പാഠപുസ്തകത്തെ അടിസ്ഥാനമാക്കി പരിശീലനങ്ങള്‍ നടന്നു നടന്നില്ല എന്ന മട്ടില്‍ അവസാനിച്ചു. തുടര്‍പരിശീലനങ്ങള്‍ ഇല്ലേ ഇല്ല. മുന്‍കാലങ്ങളില്‍ പാഠ്യപദ്ധതിയും പാഠപുസ്തകവും മാറുമ്പോള്‍ മൂല്യനിര്‍ണ്ണയസമീപനം പരിശീലനങ്ങളിലൂടെയോ മൂല്യനിര്‍ണ്ണയ രൂപരേഖകളിലൂടെയോ അദ്ധ്യാപകരെ അറിയിക്കാറുണ്ടായിരുന്നു. ഇത്തവണത്തെ പരിഷ്കരണത്തില്‍ മൂല്യനിര്‍ണ്ണയം ഗൗരവമുള്ള ഒരു വിഷയമായി ആരും കണ്ടില്ല എന്നുതോന്നുന്നു. പത്താംതരത്തിലെ ഒരു പൊതുപരീക്ഷ കഴിഞ്ഞു. പരീക്ഷയ്ക്ക് തൊട്ടുമുമ്പ് മൂല്യനിര്‍ണ്ണയപ്രവര്‍ത്തനങ്ങളുടെ ഒരുശേഖരം എസ്. സി. . ആര്‍. ടി. പുറത്തിറക്കി. അദ്ധ്യാപകരോ വിദ്യാര്‍ത്ഥികളോ അത് കാര്യമായി പരിഗണിച്ചില്ല. പരിഗണിച്ചിരുന്നെങ്കിലും എസ്. എസ്. എല്‍. സി. മലയാളം പരീക്ഷയ്ക്ക് വലിയ പ്രയോജനമൊന്നും കിട്ടുമായിരുന്നെന്നു തോന്നുന്നില്ല. കഴിഞ്ഞ വര്‍ഷത്തെ ഒന്നാം ടേം, രണ്ടാം ടേം, മോഡല്‍, എസ്. എസ്. എല്‍. സി., സേ പരീക്ഷകളും ഈ വര്‍ഷത്തെ ഒന്നാം ടേം പരീക്ഷയും വിശകലനം ചെയ്താല്‍ ഈ ചോദ്യപ്പേപ്പറുകളൊന്നും ഒരു പൊതു സമീപനം സ്വീകരിച്ചിട്ടുള്ളതായി കരുതാനാവില്ല.
ഈ അദ്ധ്യയനവര്‍ഷത്തിലെങ്കിലും വ്യക്തമായ ഒരു മൂല്യനിര്‍ണ്ണയ സമീപനം രൂപീകരിച്ചിരുന്നെങ്കില്‍ അദ്ധ്യാപനവും അദ്ധ്യയനവും സുഗമമാകുമായിരുന്നു. ആര് ആരോട് എന്ത് പറയാന്‍ അല്ലേ.....
പദങ്ങളിലേയ്ക്കും അവയുടെ അര്‍ത്ഥം, സമസ്തപദം, വിഗ്രഹം എന്നിങ്ങനെയുള്ള കാര്യങ്ങളിലേയ്ക്കും ചോദ്യകര്‍ത്താക്കളുടെ ശ്രദ്ധ തിരിയുന്ന പുതിയ പ്രവണത ഭാഷാപഠനത്തെ സംബന്ധിച്ച് നല്ലതുതന്നെ. ഒളിഞ്ഞും മറഞ്ഞും കഴിഞ്ഞ വര്‍ഷം ചോദ്യപ്പേപ്പറില്‍ നാണിച്ചുനിന്ന 'സമാസം' ഈ വര്‍ഷം ചോദ്യപ്പേപ്പറിന്റെ ഉമ്മറത്ത് ചാരുപടിയില്‍ കാലിന്മേല്‍ കാലും കയറ്റിവച്ചിരിക്കുന്ന കാഴ്ച എല്ലാ അദ്ധ്യാപക സുഹൃത്തുക്കളും കണ്ടുകാണുമല്ലോ.
സമാസം പഠിക്കാനും പഠിപ്പിക്കാനും സഹായകമായേക്കാവുന്ന ഒരു ഒരുപ്രസന്റേഷന്‍ ഇതോടൊപ്പം ചേര്‍ക്കുന്നു. .odp ഫോര്‍മാറ്റിലും .pdf ഫോര്‍മാറ്റിലും താഴെയുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡുചെയ്യാം.

Aug 27, 2012

ഇതിഹാസം - കവിത




വലിയ ക്ലാസ്സ് മുറിയിലെ
ചെറിയ മൂലയിലിരുന്ന്
കുട്ടി വിളിച്ചുപറഞ്ഞു
"മരം കരഞ്ഞാല്‍ നമ്മളും കരയണം."
തവിട്ടു മരം വെള്ളപ്പൂവ് വിരിച്ചുനില്‍ക്കുന്ന
സാരി ഉടുത്ത ടീച്ചര്‍ അത് കേട്ടില്ല.
നിലത്ത് പച്ചനിറത്തില്‍
കാടുകളെ വരച്ച് കുതിര്‍ക്കുന്ന
കൂട്ടുകാരും കേട്ടില്ല.
കുട്ടി പുറത്തേയ്ക്കു നോക്കി.
വിതുമ്പുന്ന കൊച്ചുചെടിക്കുചുറ്റും
വിഷമത്തോടെ ശലഭങ്ങള്‍
മിണ്ടാക്കാറ്റ്..... പെയ്യാ മേഘം....
അവള്‍ ഓടി പുറത്തിറങ്ങി.
ചെടിയെ ഉമ്മവച്ചു.
കുട്ടി ചെടിയോടെന്തോ പറഞ്ഞു,
ചെടി കുട്ടിയോടും.
അവരിരുവരും പറഞ്ഞതാണത്രേ
ഭൂമിയുടെ രാമായണമായത്.

 
വി. എസ്. ബിന്ദു
അദ്ധ്യാപിക
വെയിലൂര്‍ എച്ച്. എസ്.
തിരുവനന്തപുരം

Aug 17, 2012

കാനഡയിലെ വസന്തവും റമളാനിലെ നോമ്പും - ലേഖനം

ദൈവമേ എങ്ങിനെയാണ് ഞാന്‍ എന്റെ ആത്മാവിനെ വീണ്ടെടുക്കുക, ഭക്തനാകുക.ഖുര്‍ആന്‍ നീ എനിക്ക് തന്ന റമളാന്‍ മാസത്തിന്റെ വിശുദ്ധി എങ്ങിനെയാണ് ഞാന്‍ വീണ്ടെടുക്കുക? ഈ നഗരത്തിന്റെ വര്‍ണ്ണങ്ങള്‍ എന്നെ ഹഠാദാകര്‍ഷിക്കുന്നു. കാല്‍ഗറിയിലെ ഈ വസന്തം എന്നെ ആസക്തനാക്കുന്നു.
പൂക്കുടകള്‍ ആകാശത്ത് എനിക്ക് തണലേകുന്നു.ഒക്ടോബര്‍ വന്നുകഴിഞ്ഞാല്‍ മഞ്ഞു വരവായല്ലോ.മഞ്ഞും മരവിപ്പും ഇരുട്ടും ഈ നീലാകാശത്തിന്റെ കരുണയും നിറങ്ങളും കവരുന്നു. ഒരു വിലാപകാവ്യം തീര്‍ക്കുന്നു. എട്ടു മാസം കഴിഞ്ഞുള്ള പുനര്‍ജനിക്കായ് വീണ്ടും ഞങ്ങള്‍ കാത്തിരിക്കുന്നു. ഇപ്പോള്‍ എന്റെ നഗരത്തിനു എന്തൊരു സൌന്ദര്യമാണ്. അപ്പോഴാണ് നിന്റെ നോമ്പ് കടന്നുവരുന്നത്. അത് ജനുവരിയിലെ മരണ മാസത്തില്‍ ആയിരുന്നുവെങ്കില്‍ മഞ്ഞും മരണവും ചേര്‍ന്ന് ആരാധന എളുപ്പമാകുമായിരുന്നു.
ചെമ്പരത്തി പൂവിന്റെ തുടിപ്പുകള്‍
ഈ പരിശുദ്ധമായ നഗരത്തില്‍, തീവണ്ടിപ്പാളത്തിനപ്പുറം, മനോഹരമായ രാജവീഥികളാണ്. അവയ്ക്ക് തണലേകുന്നത് ചിറകുവിരിച്ച മാലാഖകള്‍. ഒരേപ്രായമുള്ള, ഹൂറികളായ ചെറുമരങ്ങള്. നന്നായി അണിഞ്ഞൊരുങ്ങിയ ഇവയുടെ ഇലകളില്‍ നിന്നും തണ്ടുകളില്‍ നിന്നും മദിപ്പിക്കുന്ന പുഞ്ചിരിപോലെ മഞ്ഞുനിറമുള്ള പ്രകാശത്തിന്റെ അടരുകള്‍ കൊഴിഞ്ഞുവീഴുന്നു. അതിനുതാഴെ റോഡിനിരുവശവും പൂച്ചട്ടികള്‍ വച്ചിരിക്കുന്നു. വലിയ ഗോളത്തെ രണ്ടായി മുറിച്ചപോലുള്ള ചട്ടികള്. ഇതില്‍ പലവര്‍ണ്ണത്തിലുള്ള പൂക്കളാണ്. ഇവിടെയുള്ള വിളക്കുകാലുകള്‍ പോലും ചാരുതയുള്ള ആര്‍ട്ട് വര്‍ക്കുകളാണ്. അതിന്റെ രണ്ടുവശത്തും പൂക്കുടങ്ങള്‍ തൂക്കിയിട്ടിരിക്കുന്നു. അതില്‍ നിന്നും താഴേക്ക് തൂങ്ങിയിറങ്ങുന്ന വള്ളികള്‍. വള്ളിച്ചെടികളില്‍ നിന്നും വിരിയുന്നത് ചുവന്ന പൂക്കള്‍. പൂക്കളുടെ വിന്യാസങ്ങള്‍ പോലും ഏതോ ഗ്രാന്റ് ഡിസൈനര്‍ തിരഞ്ഞെടുത്തതുപോലുണ്ട്. ഇളംനിറങ്ങള്‍ ആദ്യവും അകലുന്തോറും കടുംനിറങ്ങളും.

Aug 6, 2012

സച്ചിദാനന്ദന്റെ 'മലയാളം' - ഒരുവിശകലനക്കുറിപ്പ്




നമ്മുടെ ഭാഷയെക്കുറിച്ച് മലയാളത്തിലുണ്ടായ ഏറ്റവും ഗഹനവും ദീര്‍ഘവുമായ കവിതയാണ് മലയാളം. 'ഓരോ പുതിയ പുസ്തകവും എല്ലായ്പ്പോഴും പുതിയ പുസ്തകമായി' മാറുന്നത് വ്യാഖ്യാനങ്ങളിലൂടെയാണ്. ഭാഷയുടെയും സംസ്കൃതിയുടെയും മനുഷ്യജീവിതാവസ്ഥകളുടെയും ഭാഗമായി മലയാളമെന്ന കവിതയെ വ്യത്യസ്തതലങ്ങളിലൂടെ വ്യാഖ്യാനിക്കാം. ദേശഭേദം പോലെ ഓരോരുത്തര്‍ക്കും 'മലയാളം' ഓരോ മലയാളമായി അനുഭവപ്പെടും. എന്റെ മലയാളവും നിങ്ങളുടെ മലയാളവും ചേര്‍ന്ന് കൂട്ടിച്ചേര്‍ക്കലുകളിലൂടെ ഇത് നമ്മുടെ മലയാളമായി മാറട്ടെ.


ആത്മാവില്‍ വേരോടുന്ന മൊഴിമലയാളം
സച്ചിദാനന്ദന്റെ 'മലയാളം' - ഒരുവിശകലനക്കുറിപ്പ്
-ഡോ. ഷംല യു.

മാതൃഭാഷയും മനുഷ്യനും തമ്മിലുള്ള ജീവത്ബന്ധം ആവിഷ്കരിക്കുന്ന നിരവധി വ്യാഖ്യാനസാധ്യതകളുള്ള കവിതയാണ് സച്ചിദാനന്ദന്റെ മലയാളം. കേരളപ്രകൃതിയുമായും സംസ്കാരവുമായും ഗ്രാമീണതയുമായും ബന്ധപ്പെട്ടുനില്‍ക്കുന്ന അനവധി പ്രതീകങ്ങളിലൂടെ മാതൃഭാഷയുടെ വിശാലമായ ആകാശങ്ങളെ സച്ചിദാനന്ദന്‍ കാവ്യാത്മകവും സൗന്ദര്യാത്മകവുമായ വരികളിലൂടെ അടയാളപ്പെടുത്തുന്നു. സച്ചിദാനന്ദന്റെ തന്നെ വാക്കുകളില്‍ "ആത്മചരിത്രം, ഭാഷാചരിത്രം, കാവ്യചരിത്രം ഇങ്ങനെ മൂന്നിഴകള്‍ അതിനുണ്ട്. ഓര്‍മ്മകളില്‍ പണിതെടുത്ത ഒരു ശില്പമാണത്. ഒരു ഏഴുനിലഗോപുരം. ബാല്യം മുതല്‍ ഇന്നുവരെയുള്ള അവസ്ഥകളിലേയ്ക്കുള്ള ഒരു സഞ്ചാരം അതിലുണ്ട്. ഘടനാപരമായി അതൊരു പരീക്ഷണമാണ്.....”( മലയാളം - സച്ചിദാനന്ദന്‍, പേജ് 98). മലയാളം എന്ന കവിതാസമാഹാരത്തില്‍ ഏഴു ഖണ്ഡങ്ങളിലായി അവതരിപ്പിച്ചിട്ടുള്ള ദീര്‍ഘമായ കവിതയുടെ ഒന്നാം ഖണ്ഡമാണ് പാഠപുസ്തകത്തിലെ മലയാളം.
"ഭൂമിയുടെ പുഴകള്‍ക്കും കനികള്‍ക്കും മുമ്പേ
എന്നെ അമൃതൂട്ടിയിരുന്ന പൊക്കിള്‍ക്കൊടി"
എന്ന വരികളില്‍ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കഴിഞ്ഞ കുഞ്ഞിന് അതിജീവനത്തിലുള്ള ഔഷധങ്ങള്‍ നല്‍കുന്ന അമ്മയുടെ സ്നേഹമായി മാതൃഭാഷയെ സങ്കല്‍പ്പിക്കുന്നു. ഗര്‍ഭാവസ്ഥയില്‍ അമ്മയുടെ ജീവിതം കുഞ്ഞിനുവേണ്ടി മാറ്റിവയ്ക്കപ്പെട്ടതാണ്. ഏതു ദുര്‍ഘടങ്ങളെയും പ്രതിസന്ധികളെയും അമ്മ അതിജീവിക്കുന്നത് കുഞ്ഞിനോടുള്ള സ്നേഹവായ്പുകൊണ്ടാണ്. അമ്മയുടെ ചിന്തകളും സ്വപ്നങ്ങളും കുഞ്ഞിനോട് പങ്കുവയ്ക്കുന്നതാവട്ടെ മാതൃഭാഷയിലൂടെയുമാണ്. ഇപ്രകാരം ജനിച്ചുവീഴുന്നതിനുമുമ്പുതന്നെ, പുഴകളും കനികളും ഭക്ഷണമൊരുക്കുന്നതിനുമുമ്പുതന്നെ ജീവനാമൃതം നല്‍കുന്നപൊക്കിള്‍ക്കൊടിയായി മാതൃഭാഷ മാറുന്നു. സ്വഭാവരൂപീകരണത്തിന്റെ, സംസ്കാരത്തിന്റെ വേരുകള്‍ പൊടിച്ചുതുടങ്ങുന്നതും ഗര്‍ഭപാത്രത്തില്‍ നിന്നാണെന്നത് ശാസ്ത്രസത്യം. വേരുകള്‍ നഷ്ടമാവുന്ന മനുഷ്യന്‍ പൊങ്ങിക്കിടക്കുന്ന, ഒഴുക്കിനൊപ്പം എവിടേയ്ക്കോ അലഞ്ഞുതിരിയുന്ന പാഴ്വസ്തുവായി മാറുമെന്നും ഇവിടെ വ്യാഖ്യാനിക്കാം. മാതൃഭാഷ നഷ്ടപ്പെടുന്നവന് ഇല്ലാതാവുന്നത് സ്വന്തം വേരുകള്‍ തന്നെയാണ്.

Aug 2, 2012

ഇല്ലിപ്പുട്ട് തിന്നാല്‍ നിലത്തുനില്‍ക്കില്ലത്രേ..!!! - കഥ


വീണ്ടും ഒരു അവധിക്കാലം, മനസ്സിനെയും ശരീരത്തെയും മുരടിപ്പിക്കുന്ന പ്രവാസജീവിതത്തില്‍നിന്നും ചെറിയ ഒരു ഇടവേള, ഈ അവധിയിലെങ്കിലും തറവാട്ടില്‍ പോകണം, പഠനകാലത്തൊക്കെ നഗരത്തിലെ തിരക്കിട്ട ജീവിതചര്യയില്‍നിന്നും ഗ്രാമത്തിലെ തറവാട്ടുവീട്ടിലേക്കുള്ള സുഖമുള്ളയാത്രയെ കുറിച്ചുള്ള ചിന്തകളാണ് ആ അദ്ധ്യയനവര്‍ഷം മുഴുവന്‍. അവിടത്തെ അരയാലും, ആമ്പല്‍കുളവും, പാടങ്ങളും, തോടുകളും, പശുക്കിടാങ്ങളും, നാട്ടുമാവുമൊക്കെ കുട്ടിക്കാലത്ത് ഗ്രാമത്തിലേക്ക് ആകര്‍ഷിക്കുന്ന പ്രധാനഘടകങ്ങള്‍, പ്രഭാതത്തിലും, പ്രദോഷത്തിലും കളികൂട്ടുകാരോടോത്തു തൊടിയിലെ കളികള്‍, സന്ധ്യയില്‍ കത്തുന്ന നിലവിലക്കിനരുകില്‍ മുത്തശ്ശിക്കഥ കേട്ടുറക്കം ഇതൊക്കെ ശീലങ്ങളാകുമ്പോളേക്കും ഒരു മടക്കയാത്ര. ഉറ്റ കൂട്ടുകാരന്‍ മിഥുനെ പിരിയാനാണ് വിഷമം ഇനിയൊരു കൂടിച്ചേരല്‍ അടുത്ത അവധിക്കാലത്ത്‌ മാത്രം. അന്ന് അവനുപകരം എനിക്ക് ശിക്ഷകിട്ടിയത് ഇന്നുംഞാന്‍ ഓര്‍ക്കുന്നു...
ഇല്ലിക്കാടിനടുത്തു കളിച്ചുകൊണ്ടിരുന്നപ്പോള്‍ മിഥുന്‍ ആണ് കാക്കകൂട്ടിലേക്ക് കല്ലുകളെറിഞ്ഞത്. ഏറുകൊണ്ട് ഒരു കുഞ്ഞു കാക്കയുടെ ചിറകൊടിഞ്ഞു താഴെവീണു. വലിയ ശബ്ദത്തിലുള്ള അതിന്റെ കരച്ചില്‍കേട്ടു നൂറായിരം കാക്കകള്‍ പറന്നുവന്നു ഒച്ചവയ്ക്കാന്‍ തുടങ്ങി. ഒന്നിലധികം കാക്കകള്‍ ഞങ്ങളുടെ തലയിലേക്ക് റാഞ്ചി പറന്നുവന്നു. എല്ലാരും ഓടി വിട്ടിലെ വരാന്തയില്‍ എത്തി. കാക്കകളുടെ ആര്‍ത്തലക്കുന്ന ശബ്ദം കേട്ടു മുത്തശ്ശി ഉമ്മറത്തെത്തി. കല്ലെറിഞ്ഞതിനു മുത്തശ്ശിയെന്റെ ചെവിക്കുപിടിച്ചു തിരുമ്മി, വേദനകൊണ്ട് ഞാന്‍ പുളഞ്ഞുപോയി. അതുകണ്ട് മിഥുനും കൂട്ടരും ഓടിയകന്നു. ഞാനല്ല എറിഞ്ഞതെന്നു പറഞ്ഞെങ്കിലും മുത്തശ്ശിയുടെ വഴക്കുകേട്ടെന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.

Jul 26, 2012

രാ,മായണം - കവിത




ഉദിച്ചുയരുന്നൂ വീണ്ടും തമസ്സെഴും മാനത്ത്
ഒരു സ്വാതിതാരകം പ്രകാശമായി
നിറയട്ടെ, മനമിനിയും, കതിരണിയട്ടെ
വയലാകവേ, പിന്നെയീയുലകമാകവേ.
ജ്യോതിസ്സിനെയാകവേ അരിഞ്ഞുവീഴ്ത്തും
കൊലക്കത്തികള്‍ മിന്നല്‍ വീഴ്ത്തിയപ്പോള്‍
പിടഞ്ഞുവീണൊരാ മനസ്സാക്ഷികള്‍
അനാഥരായ് തെരുവിലലഞ്ഞപ്പോള്‍
കഴിഞ്ഞുവോ, എങ്ങും പരന്നുവോ
എവിടെയുമന്ധകാരമെന്നുറക്കെ
നിലവിളികളമര്‍ത്തി, കാതുകള്‍ പൊത്തി
കണ്ണുകളിറുക്കിയടച്ചു ഞങ്ങള്‍
ധൃതരാഷ്ട്രജന്മങ്ങളായ് നിരങ്ങി
'അരുതരുത് ' മന്ത്രങ്ങള്‍ ഏതോ
വിഷക്കൊടുങ്കാറ്റിനാല്‍ പ്രേതാത്മാക്കളായ്
അലഞ്ഞാലിന്മേല്‍ തലകീഴായ്ത്തൂങ്ങിനിന്നു.
ആയിരമിലകളാമന്ത്രമേറ്റുവാങ്ങി
പതുക്കെ നിമന്ത്രണം ചെയ്തുനിന്നു.
ഇനിയില്ല പ്രഭാതമെന്നുറച്ച്
കണ്ണുനീരിനെപ്പോലും അടക്കിവച്ചു
കണ്ണുമൂടിയാശ്ശീലതന്‍ അരികിലൂടരിച്ചേറുകയല്ലോ
ഇത്തിരിവെട്ടത്തിന്‍ ദീപ്തരശ്മി.
മനസ്സിന്റെ ലോലപാളികള്‍ പൊട്ടി
ഒരായിരം വിത്തുകള്‍ പൊങ്ങിപ്പറക്കുന്നു.
പ്രത്യാശതന്‍ നിറങ്ങള്‍ മഴവില്ലുതുന്നിയ
സഹതാപ, അനുതാപ, സ്നേഹ
അപാരകരുണ നിറയുന്നൊരാ
അന്‍പിന്റെ അരുളായ കിരണങ്ങള്‍
ഹാ! ജയിക്ക ജയിക്ക നീ മാനുഷ ചൈതന്യമേ....

മായാദേവി സി.
മലയാളം അദ്ധ്യാപിക
ഗവ. ഹൈസ്ക്കൂള്‍ നാമക്കുഴി
എറണാകുളം

Jul 22, 2012

വിവരവിശകലനത്തിന്റെ പുതുരീതികള്‍ - വര്‍ക്ക് ഷീറ്റ്



പത്താം തരത്തില്‍ ഐ.സി.ടി. കൈകാര്യം ചെയ്യുന്ന അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രയോജനപ്പെടത്തക്ക രീതിയില്‍ തയ്യാറാക്കിയ വര്‍ക്ക് ഷീറ്റ് ആണ് ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോഴിക്കോട് ജില്ലയില്‍ വടകര പുതുപ്പണം വടകര ജെ.എന്‍.എം. ഗവണ്‍മെന്‍റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ മലയാളം അദ്ധ്യാപകനായ എന്‍. വി. എം. സത്യന്‍ മാഷാണ് ഈ വര്‍ക്ക് ഷീറ്റുകള്‍ തയ്യാറാക്കി അയച്ചുതന്നിരിക്കുന്നത്. പത്താം തരത്തിലെ ഐ.സി.ടി. പാഠപുസ്തകത്തിലെ രണ്ടാം അദ്ധ്യായമായ 'വിവരവിശകലനത്തിന്റെ പുതുരീതിക'ളുടെ വര്‍ക്ക് ഷീറ്റുകള്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യാം.

Jul 18, 2012

ആശംസ - കവിത





താരാഗണങ്ങള്‍ നിന്‍ മിഴികള്‍ക്ക് മുന്നിലെ
ഘോരമാമന്ധകാരത്തെ നീക്കീടുമ്പോള്‍
മേഘപൂരങ്ങള്‍ നിന്നുള്ളിന്റെയുള്ളിലെ
ഊഷരഭൂമിയില്‍ വര്‍ഷത്തെ വീഴ്ത്തിടും

പുഷ്പവൃന്ദങ്ങള്‍ നിന്‍ സദ്ഭാവനയ്ക്കെന്നും
സ്വപ്ന സദൃശമാം തല്പമൊരുക്കിടും
വിഹഗങ്ങള്‍ നിന്‍പ്രേമദൂതുമായ്‌ നീലിച്ച
വിണ്ണിന്റെമാറിലുയര്‍ന്നുപറന്നിടും

വര്‍ണ്ണങ്ങള്‍ നിന്നുടെ ജീവിത ചിത്രത്തില്‍
വര്‍ണ്ണനാതീതമായ് ആളിപ്പടര്‍ന്നിടും
രാഗങ്ങള്‍ നിന്‍ ജീവഗാനത്തിന്‍ ധാരയില്‍
രാഗാര്‍ദ്ര ഭാവങ്ങള്‍ അലിയിച്ചു ചേര്‍ത്തിടും

മന്ദാനിലന്‍ നിന്റെ അന്തരംഗത്തിലെ
മൌനാനുഭൂതികള്‍ക്കാശ്വാസമേകിടും
മഞ്ജുദിവാകര ബിംബം മനസ്സിലെ
മഞ്ഞുമലകള്‍ ഉരുക്കിയൊഴുക്കിടും

രാത്രിതന്‍ തേരിലുയര്‍ന്നുവരും ചന്ദ്ര-
നാളങ്ങള്‍ മനസ്സിന്നിരുട്ടിനെ മാറ്റിടും
സായന്തനങ്ങള്‍നിന്‍ജന്മസൌഭാഗ്യത്തെ
സാര്‍ഥകമാക്കിടാന്‍ സാക്ഷിയായ് നിന്നിടും


അനിതാശരത്
മലയാളം അധ്യാപിക
ഗവ. ഹൈസ്കൂള്‍, കാലടി
തിരുവനന്തപുരം