എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Dec 29, 2011

ചോദ്യബാങ്ക് - പത്താം തരം



എസ്.എസ്.എല്‍.സി. പരീക്ഷ അടുത്തുവരികയാണല്ലോ. പരമാവധി പഠനപ്രവര്‍ത്തനങ്ങള്‍ കുട്ടികളില്‍ എത്തിക്കുക എന്നതാണ് ഇനിവരുന്ന ദിവസങ്ങളില്‍ നാം നേരിടുന്ന വെല്ലുവിളി. ഇതിനൊരു സഹായമെന്ന നിലയില്‍ രണ്ടാംടേം പരീക്ഷയ്ക്കായി വിവിധ ജില്ലകളില്‍ ഉപയോഗിച്ച ചോദ്യപ്പേപ്പറുകള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതിനായി പല അദ്ധ്യാപകസുഹൃത്തുക്കളും അയച്ചുതന്നിട്ടുണ്ട്. തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട്, കാസര്‍കോഡ് ജില്ലകളിലെ പത്താം തരം ചോദ്യപ്പേപ്പറുകള്‍ ലഭിച്ചിട്ടുണ്ട്. അവയാണ് ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചോദ്യപ്പേപ്പര്‍ അയച്ചുതന്ന അദ്ധ്യാപകസുഹൃത്തുക്കളോട് പ്രത്യേകം നന്ദി അറിയിക്കുന്നു. അതോടൊപ്പം മറ്റുജില്ലകളിലെ ചോദ്യപ്പേപ്പറുകളും അയച്ചുതന്ന് സഹകരിക്കുവാന്‍ എല്ലാ അദ്ധ്യാപക സുഹൃത്തുക്കളോടും അഭ്യര്‍ത്ഥിക്കുന്നു.

തിരുവനന്തപുരം  
(അയച്ചുതന്നത് ശ്രീമതി അനിത ശരത്)
ആലപ്പുഴ 
(അയച്ചുതന്നത് ശ്രീ എന്‍. മുരാരി ശംഭു)
കോഴിക്കോട്  
(അയച്ചുതന്നത് ശ്രീ ബാലകൃഷ്ണന്‍ മൊകേരി)
കാസര്‍കോഡ് 
(അയച്ചുതന്നത് ശ്രീ രമേശന്‍ പുന്നത്തിരിയന്‍)

Dec 25, 2011

ദുഃ?സ്വപ്നം - കവിത


ദു:?സ്വപ്നം

നിലാവില്‍
സ്വപ്നത്തില്‍ നനഞ്ഞ ഓര്‍മ്മകള്‍
കാലമാപിനികള്‍ ചലനമറ്റ
നിശീഥിനിയുടെ ജീവസരോവരത്തില്‍
നീന്തി, അക്കരെച്ചേര്‍ന്നു.

ചാന്ദ്ര വെളിച്ചത്തിലൊളിമങ്ങിയ-

നേരുകള്‍, ചെതുമ്പലുകള്‍ പോലെ,
ചേതനയറ്റ് അവിടവിടെ
പറ്റിച്ചേര്‍ന്നിരുന്നു.

കാലത്തിന്റെ ചെരങ്ങിന്‍ പൊറ്റകളിത് ...!

കൊടുവാള്‍ വായരികില്‍,
എന്നോ പിടഞ്ഞൊടുങ്ങിയ
ജീവന്റെ തിരുശേഷിപ്പായ് ,
ഒരു പെരും പൊറ്റയായ് ,
ഉണങ്ങിപ്പിടിച്ച കരി നിണം -
വാത്മീകം പോലെ ...!!!

അതില്‍ നിന്നുയരുന്നുവോ

രാമ മന്ത്രം ? !!

ചെകിടോര്‍ത്തു...


രാമ മന്ത്രത്തിന്‍ ശീതളിമയില്ലിതിനു,
ഭൌമ ഗര്‍ഭത്തില്‍,
തിളച്ചുമറിയുന്ന ശിലാദ്രവത്തിന്‍
ചെകിടടിപ്പിക്കും മൂളിച്ച...!!!
ക്ഷണികമാത്രയില്‍ പ്രപഞ്ചം ചുട്ടൊടുക്കുന്ന
മഹാ വിസ്ഫോടനത്തിന്‍ മുന്നറിവ്...!!!

ഭയന്ന് , കാതുകള്‍ പിന്‍വലിച്ച് ,

ജീവ സരോവരത്തില്‍ നീന്തി,
ഓര്‍മ്മകള്‍ മനഃക്കൂടണഞ്ഞപ്പോഴേക്കും ,
കിഴക്ക് വെള്ള കീറിയിരുന്നു .
ഒന്നുമറിയാത്ത പോലെ...!!!

Dec 22, 2011

കുഞ്ഞുകഥകള്‍




നിരോധനം

അവള്‍ അയാളുടെ ജീവിതത്തിലേയ്ക്ക് കടന്നുചെല്ലുമ്പോള്‍ അവിടമാകെ അലങ്കോലപ്പെട്ടു കിടക്കുകയായിരുന്നു. അടുക്കുംചിട്ടയും വരുത്തി അവിടെയൊരു പൂങ്കാവനം അവള്‍ തീര്‍ത്തു. പക്ഷെ അയാളുടെ സ്വാതന്ത്ര്യത്തിലേയ്ക്ക് കയറിച്ചെല്ലാന്‍കഴിഞ്ഞില്ല. അവള്‍ക്കു കടക്കാനാകാത്തവിധം ഒരു കോട്ട അയാള്‍ കെട്ടിപ്പൊക്കിയിരുന്നു. വാതിലില്ലാത്ത ഒരു കോട്ട.

ഉപകാരം

ഹോ...! സമാധാനമായി. പോട്ടെ. പോയി തുലയട്ടെ. ഇങ്ങനെയുണ്ടോ ഒരു നാശം? വയസ്സായി. എവിടെയെങ്കിലും കിടന്നു ചാവട്ടെ. കൂടെവരാന്‍ഭാവിച്ചപ്പോള്‍ അടിക്കാനൂരിയ ബെല്‍റ്റും മറന്നു. പത്തുരണ്ടായിരം രൂപാ വിലയുള്ളതാ....തിരികെപ്പോയാലോ..ഒന്നുരണ്ടു കിലോമീറ്റര്‍ പോണം. സാരമില്ല. അയാള്‍ കാര്‍ തിരിച്ചുവിട്ടു. അപ്പോള്‍, അയാള്‍ ഉപേക്ഷിച്ചു പോയ നായ ബെല്‍റ്റും കടിച്ചുപിടിച്ച് അയാള്‍ പോയവഴിയേ ഓടുകയായിരുന്നു.



അനിതാശരത്
മലയാളം അധ്യാപിക
ഗവ. ഹൈസ്കൂള്‍ കാലടി
തിരുവനന്തപുരം.



Dec 14, 2011

മഞ്ഞവെയിലിലെ മായാസ്മരണകള്‍ - ബന്യാമിന്‍ എഴുതിയ 'മഞ്ഞവെയില്‍ മരണങ്ങള്‍'എന്ന നോവലിന്റെ വായനാനുഭവം


മറ്റുചില പുസ്തകങ്ങളന്വേഷിച്ച് എറണാകുളത്ത് കോണ്‍വെന്റ് ജംഗ്ഷനിലെ കറന്റ് ബുക്സില്‍ എത്തിയ എന്റെ കണ്ണുകള്‍ ഒരു നിയോഗം പോലെ 'മഞ്ഞവെയില്‍ മരണങ്ങള്‍' എന്ന നോവലില്‍ ഉടക്കിനിന്നു. 'ബെന്യാമിന്‍' എന്ന കര്‍ത്തൃനാമമാണ് അതിനു കാരണം. കഴിഞ്ഞ കുറെ ദിവസങ്ങളായി പത്താം ക്ലാസ്സില്‍ 'ആടുജീവിത'വും ബന്യാമിനുമൊക്കെ തകര്‍ത്താടുകയായിരുന്നു. ബ്ലോഗിലെ പുതുമുഖം ശ്രീ ജയിന്‍ മാത്യു തന്റെ പോസ്റ്റ് മോര്‍ട്ടത്തിലൂടെ കണ്ടെത്തിയ പരിപ്പുകളും കുറിപ്പുകളും ആവനാഴിയില്‍ കരുതി ക്ലാസ്സിലെത്തിയ ഞാന്‍ തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു. അപൂര്‍വ്വമായി ലഭിക്കുന്ന ആത്മസംതൃപ്തിയുടെ ആവേശത്തില്‍ ബുക്സ്റ്റാളില്‍ എത്തുമ്പോള്‍ എന്നെ കാത്തിരിക്കുന്നതുപോലെ മുന്‍നിരയിലിരിക്കുന്ന 'മഞ്ഞവെയില്‍ മരണങ്ങളു'ടെ വര്‍ണ്ണാഭമായ പുറംചട്ട എന്നെ പിടിച്ചുനിര്‍ത്തി.
പുസ്തകവും വാങ്ങി മൂവാറ്റുപുഴയ്ക്കുള്ള ദീര്‍ഘദൂരപ്രയാണം ആരംഭിച്ചപ്പോള്‍ ഞാന്‍ 'ഉദയംപേരൂരില്‍' (നോവലിന്റെ ആദ്യഭാഗം) ദൃഷ്ടിയുറപ്പിച്ചിരുന്നു. അലസമായി ഒന്നു മറിച്ചുനോക്കാനായി ആരംഭിച്ച എന്റെ വായന സ്ഥലകാലസ്മരണകള്‍ ലംഘിച്ചുകൊണ്ട് മുന്നേറിയത് പെട്ടെന്നായിരുന്നു.
നോവല്‍രചനയെ സംബന്ധിച്ചുള്ള പൂര്‍വ്വധാരണകളുടെ പത്തായത്തിലേയ്ക്ക് പാട്ടമളക്കാന്‍ മടികാണിക്കുന്ന ബന്യാമിനോടൊപ്പം 'വല്യേടത്ത്' വീട്ടിലേയ്ക്കും അവിടുത്തെ രഹസ്യാത്മകമായ 'സേവ'കളിലേയ്ക്കും കടന്നു ചെല്ലുമ്പോള്‍ മനസ്സ് ഉദ്വേഗഭരിതമാകുന്നത് ഞാനറിഞ്ഞു. കുട്ടിച്ചാത്തനും മന്ത്രതന്ത്രവിധികളും സൃഷ്ടിക്കുന്ന അതീന്ദ്രിയലോകം, മലയാളിയുടെ സ്വീകരണമുറിയില്‍നിറഞ്ഞുനില്‍ക്കുകയും സായന്തനങ്ങളെ സമ്പന്നമാക്കുകയും ചെയ്യുമ്പോള്‍, വിമര്‍ശനദൃഷ്ടിയോടെ ഇത്തരം കാഴ്ചകളില്‍നിന്ന് മനപ്പൂര്‍വ്വം ഒഴിഞ്ഞുനില്‍ക്കുന്ന എനിക്ക് 'തൈക്കാട്ടമ്മ'യുടെ 'സേവ'കളില്‍ വിശ്വാസമുണ്ടായത് നോവലിസ്റ്റിന്റെ മിടുക്കോ അതോ എന്റെ വീക്ഷണവൈകല്യമോ? ഏതായാലും 'ഡീഗോ ഗാര്‍ഷ്യ'യിലെ അന്ത്രപ്പേറിനെ ചുറ്റിപ്പറ്റി എന്റെ ജിജ്ഞാസ വര്‍ദ്ധിച്ചു.
നോവല്‍ രചനയിലെ ഒരു പൊളിച്ചെഴുത്തിലേയ്ക്കുള്ള നേര്‍ക്കാഴ്ചയാണ് ആദ്യഭാഗത്തിനുശേഷമുള്ള ആമുഖം. സൂത്രധാരന്‍ രംഗത്തുവന്ന് സ്ഥലകാലരംഗങ്ങളെക്കുറിച്ച് സാമാജികര്‍ക്ക് അവബോധം പകരുന്ന സംസ്കൃത നാടകരീതി ഇവിടെ തിരനോട്ടം നടത്തുന്നു. അതോടൊപ്പം കഥാപാത്രത്തില്‍ പരകായപ്രവേശം നടത്തുന്ന ആഖ്യാനരീതി ആസ്വാദനത്തില്‍ പുതുമ സൃഷ്ടിക്കുന്നു.

Dec 11, 2011

വേരറ്റു പോയത്



വേരറ്റു പോയത്

എന്റെ ,
വേദനിക്കുന്ന  ഓര്‍മകള്‍ക്കും
വരണ്ട സ്വപ്നങ്ങക്കും
നിറം പകര്‍ന്നത്
ഈ മണ്ണിന്റെ പച്ചപ്പ്‌
എന്റെ  ജീവിതത്തിന്റെ
വേരുകള്‍ പടര്‍ന്നിരങ്ങിയതും
ഈ ഹരിത ഭൂമിയില്‍
 നോവുകള്‍ കണ്ട്
മടിതീര്‍ന്ന  ജീവിതം കൊണ്ട്
സേന്ഹം നിറച്ചു
ഞാനൊന്നും കോറിയിട്ടില്ല
ഒടുവില്‍
സ്വാര്‍ത്ഥതയും കൊതിയും
സമം ചേര്‍ത്ത് വരച്ചപ്പോള്‍
അതില്‍ മാഞ്ഞുപോയതീ
മണ്ണിന്റെ ഹരിതം
പകരം പിറന്നതൊരു
മണകാറ്റ്....
അതില്‍ പറന്നത്
മണ്ണിന്റെ ജീവന്‍
വേരറ്റു പോയത് എന്റെ ജീവിതം ...

Dec 5, 2011

വിണ്ട കാലടികള്‍ - കവിതാ പഠനം


ചരിത്രവും സാഹചര്യവും ഭിന്നമായ സുഹൃത്തക്കളുടെ ഒത്തുചേരലിലൂടെ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യ ബന്ധത്തെയും മാനവസമൂഹത്തിന്റെ വികാസ പരിണാമങ്ങളേയും പി. ഭാസ്കരന്‍ ആവിഷ്കരിച്ചിരിക്കുന്നു. നവകേരള നിര്‍മ്മാണത്തില്‍ തന്റേതായ സംഭാവനകള്‍ ചരിത്രത്തിലും സാഹിത്യത്തിലും ഒരു പോലെ വിരചിച്ച അദ്ദേഹത്തിന്റെ ഈ കവിത ഒരു തിരിഞ്ഞു നോട്ടംകൂടിയാകുന്നു.
ഭിഷഗ്വനായ സുഹൃത്തിനോടൊടൊത്ത് പഞ്ചനക്ഷത്ര ഹോട്ടലില്‍ സ്വീറ്റില്‍ ഭക്ഷണത്തിന് ശേഷണമുള്ള സംഭാഷണമായി കവിത. കാലടികളിലെ വിള്ളലുകള്‍ കണ്ട് നഗ്നപാദനായി നടക്കരുതന്നും ചേറും ചെളിയും ചവിട്ടിയാല്‍ രോഗപീഡിതനാവുമെന്നും അനാരോഗ്യത്തിന്റെ അശക്തിയില്‍ കൊണ്ടുതള്ളുന്ന ഈ അവസ്ഥയെ സൂക്ഷിക്കണമെന്നുള്ള ഡോക്ടറുടെ വാക്കുകള്‍ കയറിപ്പോന്ന വഴിത്താരകളിലേക്ക് കവിയെ കൊണ്ടുപോയി.
ആദര്‍ശം പകര്‍ന്ന അനുഭൂതി വിശേഷങ്ങളുടെ ആന്ദോളനങ്ങളില്‍പ്പെട്ട് സുന്ദരസ്വപ്നത്തിന്റെ ചുടുമായി ചേറ്റിലും ചെളിയിലും പൊരിവെയിയിലും കൂടി മുന്നോട്ടുനീങ്ങിയപ്പോള്‍ പിന്നിട്ട ദൂരമോ പാതയുടെ ക്ലിഷ്ടതയോ തലച്ചുമടിന്റെ ഭാരമോ അറിഞ്ഞില്ലത്രെ. ലക്ഷ്യം മഹത്താകുമ്പോള്‍ മാര്‍ഗത്തിലുണ്ടാകുന്ന ക്ലേശങ്ങളോ സ്വപ്നം നടപ്പാക്കാനുള്ള ബുദ്ധിമുട്ടുകളോ ഒന്നും വ്യക്തിയെ ബാധിക്കുന്നില്ല. ലക്ഷ്യം അതൊന്നുമാത്രമേ നിശ്ചദാര്‍ഢ്യത്തോടെ ഇറങ്ങിപ്പുറപ്പെടുന്നവരുടെ ദൃഷ്ടിയില്‍ പെടുന്നുള്ളു. ലക്ഷ്യത്തിലൂന്നിയ മനസ്സിന് മാര്‍ഗതടസ്സങ്ങള്‍ പ്രശ്നമല്ല.

Dec 1, 2011

എന്‍ഡോസള്‍ഫാന്‍ - കവിത

വിടരുന്ന കണ്ണിന്റെയുള്‍ക്കാമ്പില്‍ നിന്നിതാ
പൊഴിയുന്നു കണ്ണീര്‍കണങ്ങള്‍.
കൊഴിയുന്നു സ്വപ്നങ്ങളെന്തിനെന്നറിയാതെ
വെമ്പുന്നു മാതൃഹൃദയങ്ങള്‍.
പച്ചപ്പുതപ്പുള്ള പാടങ്ങളെന്തിനോ
അണിയുന്നു നരകപരിവേഷം
ലാഭേച്ഛയോടെ നാം പായുന്നു വെറുതെയീ
മണ്ണിനെ നരഹത്യ ചെയ്യാന്‍.
വെള്ളിച്ചിലമ്പിട്ട് പായുമീ നദിയിലെ
ദാഹനീര്‍ വറ്റിവരളുന്നു.
പൊന്‍കതിര്‍ വിളയുന്ന നമ്മുടെ വയലില്‍ നാം
മോഹങ്ങളിന്നും വിതയ്പ്പൂ.
പാടങ്ങള്‍ കതിരുപൂകാനായി തളിക്കുന്നു
മണ്ണില്‍ നാം കീടനാശിനികള്‍.
ഉതിരുന്നു നമ്മുടെ അന്തകനാകുന്ന
ഉഗ്രനാം വിഷവിത്തുമണികള്‍.
ബാല്യങ്ങള്‍ കാര്‍ന്നെടുക്കപ്പെടുമ്പോളിതാ
തകരുന്നു പുത്തന്‍ പ്രതീക്ഷ.
ഓമനപ്പേരില്‍ വിളിക്കുവാന്‍ നാമങ്ങള്‍
കീടനാശിനികള്‍ക്കുമേറെ.
കതിര്‍മണികള്‍ ചൊരിയുമീ പാടത്തു വിടരുന്നു
നാണ്യവും തിന്മ തന്‍ ചൂടും.
ലാഭങ്ങള്‍ കൊയ്യുന്നു ബാല്യം തകര്‍ക്കുന്നു
ഭൂമിയെ നരകമാക്കുന്നു.
ഓടിക്കളിക്കേണ്ട കുഞ്ഞുപൈതങ്ങളോ
വാടിത്തളര്‍ത്തപ്പെടുന്നു.
ഈ മണ്ണില്‍ പിറവിയെടുക്കുന്നു കുഞ്ഞുങ്ങള്‍
ഭീകരമാകും രൂപത്തില്‍
മനുഷ്യനാകും കാട്ടാളാ
നിനക്കുമില്ലേ മനഃസാക്ഷി
കാണുന്നില്ലേ വേദനയാല്‍
എരിഞ്ഞുതീരും ജന്മങ്ങള്‍
എന്തിനു വെറുതേ സൃഷ്ടിച്ചു
എന്‍ഡോസള്‍ഫാന്‍ ഭീകരനേ.......

അഞ്ജന അമൃത്,
ക്ലാസ് - 10 C,
എസ്.എസ്.പി.ബി.എച്ച്.എസ്,
കടയ്ക്കാവൂര്‍.

Nov 30, 2011



ഇത് ഒരു കവിതാലാപനവും ഒപ്പം ഒരു ദൃശ്യാവിഷ്കാരവും. ഗാന്ധാരീ വിലാപം എന്ന കവിതയ്ക്ക് എറണാകുളം ജില്ലയിലെ  കരിമ്പാടം DDSHS ലെ കുട്ടികള്‍ തയ്യാറാക്കിയതാണ് ഈ വീഡിയോ. ഒരു പക്ഷെ ഇതിലെന്താണ് ഇത്ര വലുതായുള്ളത് എന്ന് നാം ചിന്തിച്ചേക്കാം. എന്നാല്‍, കുട്ടികളുടെ സൃഷ്ടി എന്ന നിലയില്‍ ഈ വീഡിയോയ്ക്ക് ധാരാളം മികവുകളുണ്ട്. നമ്മുടെ കുട്ടികളുടെ കഴിവുകള്‍ ഇവിടെ പ്രോത്സാഹിക്കപ്പെടണം. കൂടാതെ മറ്റു കുട്ടികള്‍ക്ക് ഇതൊരു പ്രയോജനവുമാകട്ടെ എന്ന് ആശംസിക്കുന്നു.








Nov 21, 2011

കണ്ണീര്‍പ്പെയ്ത്തുകള്‍ - തോരാമഴ ഒരു പഠനം





പാരമ്പര്യത്തെയും പുതുമയേയും ഇഴചേര്‍ത്തുകൊണ്ട് ജീവിതാനുഭവങ്ങള്‍ക്ക് പുതിയ സാക്ഷ്യം രചിക്കുന്ന കവിയും ഗാനരചയിതാവുമാണ് റഫീക്ക് അഹമ്മദ്. ആഖ്യാനപരത റഫീക്കിന്റെ കവിതകളുടെ സവിശേഷതയാണ്. ആഖ്യാനത്തില്‍ നിന്നുടലെടുക്കുന്ന വാങ്മയചിത്രങ്ങള്‍ പലപ്പോഴും നൊമ്പരങ്ങളുടെ ശൃംഖലകളാകുന്നു. വാക്കുകള്‍ അനുഭവങ്ങളുടെ നേര്‍രേഖകളാകുന്നു.
പഴയ മാതൃകകളില്‍നിന്നും പുതിയ കവിത അതിലംഘനത്തിന്റെ കാഴ്ചയൊരുക്കുന്നു. നിസ്സംഗതയോടും നിര്‍മമതയോടും ലോകാവസ്ഥയെ പലകവികളും നോക്കികാണുമ്പോള്‍ അതില്‍നിന്നും ഭിന്നമായി അനുഭവങ്ങളുടെ സൂക്ഷ്മസ്ഥലികളെ റഫീക്കിന്റെ കവിതകള്‍ അടയാളപ്പെടുത്തുന്നു.
ഒരിക്കലും ഒടുങ്ങാത്ത മാതൃത്വത്തിന്റെ തീവ്രനൊമ്പരമാണ് റഫീക് അഹമ്മദിന്റെ തോരാമഴ. തന്റെ ഓമനമകളായ ഉമ്മുക്കുലുസുവിന്റെ മരണത്തില്‍ ഉമ്മയ്ക്കുണ്ടാവുന്ന തീഷ്ണവേദനയാണ് ഈ കവിതയില്‍ കോറിയിട്ടിരിക്കുന്നത്. മകളുടെ മരണമെന്ന യാഥാര്‍ത്ഥ്യത്തെ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ഉമ്മയുടെ മാനസികസംഘര്‍ഷവും ധര്‍മ്മസങ്കടവും അവരുടെ പെരുമാറ്റത്തില്‍ തെളിയുന്നു. യാഥാര്‍ത്ഥ്യത്തിനപ്പുറം ഭ്രാന്തമായ ദുഃഖമാണ് ഉമ്മയെ ഭരിക്കുന്നത്. പെട്ടെന്നുപെയ്ത പെരുമഴയില്‍ തന്റെകുഞ്ഞുമകള്‍ മണ്ണിനടിയില്‍ മരിച്ചുകിടക്കുകയല്ല, തനിച്ചുകിടക്കുകയാണ് എന്ന തിരിച്ചറിവാണ് ഉമ്മയെ മകളുടെ വില്ലൊടിഞ്ഞ പുള്ളിക്കുടയുമായി പള്ളിപ്പറമ്പിലേക്കോടാന്‍ പ്രേരിപ്പിക്കുന്നത്. അവിടെ പുതിയതായി വെട്ടിയ മണ്ണട്ടിമേല്‍ മകള്‍ നനയാതിരിക്കാന്‍ കുടനിവര്‍ത്തി വയ്ക്കുന്ന ഉമ്മയുടെ ദുഃഖത്തിന് മറ്റൊന്നും പകരമാവില്ല.

Nov 18, 2011

ആടുജീവിതം - വായനാഭിപ്രായം


'ആടു ജീവിത'ത്തെ വ്യത്യസ്ഥമായ രീതിയില്‍ നോക്കിക്കാണുകയാണ് അമേരിക്കന്‍ മലയാളിയായ ജെയിന്‍ മാത്യു മുണ്ടയ്ക്കല്‍.............


പ്രവാസി ജീവിതങ്ങളെക്കുറിച്ച് പലരും എഴുതിയിട്ടുണ്ട്. എന്നാല്‍ ‘ആടുജീവിത’ത്തെപോലെ ഇത്ര വസ്തുനിഷ്ടമായ വിവരണം വേറെ വായിച്ചിട്ടില്ല. വായനക്കാരനെ ആടായി മാറ്റുന്നു. നജീബിന്‍റെ വേദനകള്‍ സ്വന്തം വേദനകള്‍ ആയി മാറുന്നു. നാം അനുഭവിക്കാത്ത ജീവിതം നാം അനുഭവിക്കുന്നു. ഇത് വെറും കെട്ടുകഥയല്ല. പ്രവാസ ജീവിതത്തിന്‍റെ മണല്‍പ്പരപ്പില്‍ നിന്നും രൂപം കൊണ്ട മഹത്തായ ഒരു സാഹിത്യ ശില്‍പ്പമാകുന്നു.
ശ്രീ. ബെന്യാമീന്‍റെ ‘ആടുജീവിതം’ എന്ന നോവലിന്‍റെ മുഖക്കുറിയില്‍ മാനേജിംഗ് എഡിറ്റര്‍ ശ്രീ. കൃഷ്ണദാസ്‌ തന്‍റെ കഴിഞ്ഞകാല അറേബ്യന്‍ ജീവിതത്തെ അനുസ്മരിക്കുന്നുണ്ട്. അദ്ദേഹത്തിന്‍റെ ‘വെളുത്ത അറബികളും’, ‘കറുത്ത അറബികളും (കാട്ടറബികള്‍)’ എന്നുള്ള തരം തിരിവ് ശരിയാണോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. അറബി രാജ്യത്തെ ‘പ്രജ’കളും, ‘ബഡു’ക്കളും (നാടോടികള്‍) എന്ന തരം തിരിവ് ആയിരിക്കും കുറച്ചു കൂടി അഭികാമ്യം എന്നാണ് എന്‍റെ പക്ഷം. എന്തായാലും ‘അടിമ വേല ചെയ്യിക്കല്‍’ അറബികളുടെ മാത്രം കുത്തക അല്ലാ എന്നാണ് ചരിത്രം പരിശോധിച്ചാല്‍ നമുക്കു മനസ്സിലാകുന്നത്. ലോകത്തെല്ലായിടത്തും അതിന്‍റെ നേര്‍പകര്‍പ്പുകള്‍ ഇന്നും കാണാവുന്നതാണ്. പണവും, ബുദ്ധിയും, ശക്തിയുമുള്ള ആളുകള്‍ അതില്ലാത്തവരെ അടിമകളാക്കുന്നു. ചില ‘നപുംസകങ്ങള്‍’ അതിന് ചൂട്ടു പിടിക്കുന്നു. ട്രാവല്‍ ഏജന്‍റ്മാരായും, വിസാ കച്ചവടക്കാരായും നിന്ന് സ്വസഹോദരങ്ങളെ അടിമച്ചന്തയില്‍ വില്‍ക്കുന്നു. സര്‍ക്കാരുകളും, മന്ത്രിമാരും, ഉദ്യോഗസ്ഥരും കൈക്കൂലി വാങ്ങി മൌനാനുവാദം കൊടുക്കുന്നു. ‘ചവിട്ടിക്കയറ്റി’ നിയമങ്ങളെ അസാധുവാക്കുന്നു....

Nov 16, 2011

കാഴ്ചയ്ക്കപ്പുറം - കഥ


ഒരു തണുത്ത വെളുപ്പാന്‍കാലത്ത് ഷാര്‍ജ ഏര്‍പ്പോര്‍ട്ടിലേക്ക് പറന്നിറങ്ങുമ്പോള്‍ ഒരു പത്തുവയസ്സുകാരിയുടെ മനസ്സായിരുന്നെനിക്ക്. പറന്നിറങ്ങിയ വിമാനത്തിലിരുന്ന് കൗതുകത്തോടെ നോക്കുന്ന എന്റെ കണ്‍മുന്നില്‍ ആയിരക്കണക്കിന് ലൈറ്റുകള്‍ മിന്നിമറയുന്നു.... വീടുകള്‍ക്കു മുന്നില്‍ തൂക്കുന്ന നക്ഷത്രവിളക്കുകളെ കൊതിയോടെ നോക്കിനില്‍ക്കുന്ന ക്രിസ്തുമസ് രാത്രികളാണ് എനിക്കപ്പോളോര്‍മ്മവന്നത്. ഇച്ചായന്റെ കൈയ്യും പിടിച്ച് ദുബായിലെ കാഴ്ചകള്‍കണ്ടു നടക്കാന്‍ തുടങ്ങിയിട്ട് ഒരാഴ്ചയില്‍ കൂടുതലായെങ്കിലും എനിക്കെല്ലാം വിസ്മയങ്ങളായിരുന്നു... ഗുല്‍മോഹര്‍ മരങ്ങള്‍ പൂത്തിനില്‍ക്കുന്ന പാതയോരങ്ങള്‍ക്കിരുവശവും സുന്ദരികളായ പുഷ്പങ്ങള്‍ നമ്മേനോക്കി പുഞ്ചിരിക്കുന്നു.... എന്നു പറഞ്ഞു കടന്നുപോയ വര്‍ണ്ണാഭമായ കഴ്ചകള്‍ക്കപ്പുറം ചുട്ടുപൊള്ളിക്കുന്ന ചൂടും... ഒരു പ്രദേശത്തെയാകമാനം വഹിച്ചുകൊണ്ടുപോകുന്ന മണല്‍ക്കാറ്റുമെല്ലാം... പതിയെ പതിയെ എന്നെ അലോസരപ്പെടുത്തി....
സാമ്പത്തികമാന്ദ്യം അത്യുച്ചാവസ്ഥയില്‍ എത്തിയ സമയമായിരുന്നു അന്ന്. ദുബായുടെ മധുചഷകങ്ങള്‍ക്കുമപ്പുറം മറ്റൊരു ലോകത്തെ ഞാന്‍ തിരിച്ചറിയുകയായിരുന്നു... വീശിയടിക്കുന്ന മണല്‍ക്കാറ്റുകളില്‍ ഒട്ടകങ്ങള്‍ക്കു മറപറ്റിനിന്ന് ജീവിതത്തിന്റെ നൂല്‍നൂല്‍ക്കുന്ന സഹോദരന്മാര്‍, ചുട്ടുപഴുത്ത പാതയോരങ്ങളില്‍ തൊഴിലന്വേഷണത്തിനവസാനം കുഴഞ്ഞുവീണു കിടക്കുന്ന ചെറുപ്പക്കാര്‍... ഇത്തരം കാഴ്ചകളൊക്കെ കണ്ട് മനസ്സല്പം വേദനിച്ചിരുന്ന ഒരു ദിവസമാണ് ഞാനാകാഴ്ച കണ്ടത്. കാലത്ത് ഓഫീസില്‍പ്പോയ ഭര്‍ത്താവിന്റെ വരവ് വൈകിട്ടഞ്ചുമണിയോടടുത്താകും എന്നു നന്നായറിയാമായിട്ടും ഞാന്‍ പുറത്തേയ്ക്കിറങ്ങി വെയിലിന്റെ കാഠിന്യം തീര്‍ത്തും മാറിയിട്ടില്ല. ശീതീകരിച്ച മുറിക്കുള്ളിലെ മടുപ്പ് അത്രയ്ക്കു അസഹ്യമായപ്പോഴാണ് മകളുടെ കൈയ്യും പിടിച്ച് പുറത്തേയ്ക്കിറങ്ങിയത്.
തലയില്‍ മനോഹരമായ കെട്ടുകെട്ടി വൈള്ളക്കുപ്പായങ്ങളുമിട്ട് നടന്നുപോകുന്ന അറബികളെ നോക്കിനില്‍ക്കുമ്പോള്‍ എനിക്കു തോന്നി അവരുടെ നടത്തത്തില്‍പോലും മനോഹരമായൊരു താളമുണ്ടെന്ന് റാസല്‍ മേഖലയിലെ മലയാളി സമാജത്തിനടുത്തായി അറബികളുടെ ഒരു പള്ളിയുണ്ട്. അവിടേയ്ക്ക് ആളുകള്‍ വാഹനങ്ങളില്‍ പോകുന്നത് ഞാന്‍ താമസിച്ചിരുന്ന വീടിനു മുന്നിലുള്ള മുള്‍ച്ചെടിച്ചോട്ടിലിരിക്കുമ്പോള്‍ എനിക്കു കാണാമായിരുന്നു. ഈന്തപ്പനകളും ഗുല്‍മോഹര്‍ മരങ്ങളും നിറഞ്ഞുനില്‍ക്കുന്ന പാതയോരങ്ങളുണ്ടെങ്കിലും ആ നാട് അകവും പുറവും പൊള്ളിനില്‍ക്കുകയായിരുന്നു. അടുത്ത വില്ലയില്‍ താമസിക്കുന്ന ചേച്ചി നീട്ടിയ മലയാളപത്രം ആര്‍ത്തിയോടെ വായിക്കുമ്പോള്‍ കിട്ടിയ ആശ്വാസം വാക്കുകള്‍ക്കതീതമായിരുന്നു. നാട്ടിലെ വിശേഷങ്ങളിലൂടെ കണ്ണോടിച്ച് സാമ്പത്തിക മാന്ദ്യത്തിന്റെ ഉച്ചസ്ഥായില്‍ എത്തിയപ്പോഴാണ് മകളെന്നെ വിളിച്ചത്.

Nov 13, 2011

ബോംബ് - കഥ


"ഉയ്യെന്റെ റബ്ബെ എന്തായീ കാണ്ന്നത്.."കുഞ്ഞാമിനുമ്മ മാറത്തടിച്ച് നിലവിളിച്ചു. നാദാപുരത്തങ്ങാടിയില്‍ നിന്നും മരുമോള്‍ക്കുള്ള സാരിയും തുണിത്തരങ്ങളും മറ്റും വാങ്ങി വന്നതായിരുന്നു കുഞ്ഞാമിനുമ്മ. കൊണ്ടുവന്ന ഗീതാഞ്ജലി ടെക്സ്റ്റയില്‍സിന്റെ കവറില്‍ നിന്നും സാരിയും മറ്റുമെടുത്ത് അലമാരയില്‍ വയ്ക്കാനൊരുങ്ങുമ്പോഴാണ് പൊതിഞ്ഞുകെട്ടിയ ഒരു സാധനം കവറില്‍ നിന്ന് മേശപ്പുറത്തേക്ക് വീണത്. ഇങ്ങനൊരു പൊതി ഞാന്‍ വാങ്ങീട്ടില്ലല്ലോ! അവര്‍ ഓര്‍ത്തു നോക്കി. ഹേയ്, ഇല്ല. ആകെ വാങ്ങിയത് കുറച്ച് തുണിത്തരങ്ങള്‍ മാത്രമാണ്.
"ന്റ്യുമ്മോ.." കുഞ്ഞാമിനുമ്മ നിന്ന നില്‍പ്പില്‍ ഒന്ന് ചാടിപ്പോയി. ഇന്നലെ രാത്രി മകള്‍ റാഫിയയുടെ ഭര്‍ത്താവ് സലാമിനൊപ്പം വന്ന മുസല്യാര്‍ പറഞ്ഞ കാര്യം കുഞ്ഞാമിനുമ്മയുടെ മനസ്സില്‍ കൊള്ളിയാന്‍ പോലെ മിന്നി.
"ചില ആളുകള് നമ്മള്‍ക്കെതിരെ തയ്യാറെട്ക്ക്ന്ന്ണ്ട്. നമ്മളറിയാണ്ട് നമ്മള്ടെ വീട്ടില് ഓര് ബോംബ് കൊണ്ടോന്ന് വയ്ക്കും"
മുസല്യാര്‍ കോലായിലിരുന്ന് മരുമോനോട് പറയുന്നത് വാതിലിന് പിന്നില്‍ മറഞ്ഞ് നിന്നാണ് കുഞ്ഞാമിനുമ്മയും, മകള്‍ റാഫിയയും കേട്ടത്. അവര്‍ നെഞ്ചത്ത് കൈ വച്ചു പോയി.മകള്‍ റാഫിയക്കൊപ്പമാണ് കുഞ്ഞാമിനുമ്മ രാവിലെ നാദാപുരത്തങ്ങാടിയിലേക്ക് പോയത്. ചുരിദാറും മറ്റും വാങ്ങിക്കൊടുത്ത് അവളെ പുതിയാപ്ലേന്റെ വീട്ടിലേക്ക് എടച്ചേരിക്കുള്ള ബസ്സില്‍ കയറ്റിവിട്ടാണ് അവര്‍ ഗംഗാധരന്‍ ചെട്ട്യാരുടെ 'ഗീതാഞ്ജലി' ടെക്സ്റ്റയില്‍സില്‍ കയറിയത്. തനിക്കും മരുമോള്‍ നസീമയ്കും കൂടെ കുറച്ച് തുണിത്തരങ്ങള്‍ വാങ്ങണം. അവള്‍ ഇന്ന് വൈകുന്നേരം വരും. മകന്‍ ജബ്ബാര്‍ ഗള്‍ഫില്‍ നിന്ന് അയച്ച് തന്ന കാശ് കൊണ്ട് മരുമോള്‍ക്കൊന്നും വാങ്ങാതിരുന്നാല്‍ അത് ചിലപ്പോള്‍ പുകിലാവും. ചെട്ട്യാരുടെ തുണിക്കടയില്‍ കയറുമ്പോള്‍ തലേ ദിവസം രാത്രി മുസല്യാര്‍ പറഞ്ഞ കാര്യം ഓര്‍മ്മയില്‍ ഉണ്ടായിരുന്നു എങ്കിലും 'ചെട്ട്യാരൊരു പാവാണ്. അയ്യാളങ്ങനൊന്നും ചെയ്യില്ല' എന്ന വിശ്വാസമായിരുന്നു. പണ്ടു മുതല്‍ക്കേയുള്ള പരിചയക്കാരനാണ് ചെട്ട്യാര്‍. പോരെങ്കില്‍ ചെട്ട്യാരുടെ കടയില്‍ വിലയും കുറവാണ്.

Nov 6, 2011

'മലയാളി'വളരുന്നു - കവിത



വെട്ടമോ ഒച്ചയനക്കമോ ഇല്ലാത്ത
സ്വപ്നങ്ങളില്ലാത്ത നൊമ്പരക്കൂട്ടിലെ
'താരകക്കുഞ്ഞായ്' നീ കടന്നു വന്നു!
പുഞ്ചിരി കൊഞ്ചലും കൊച്ചരിപ്പല്ലും
പിച്ചവെയ്ക്കുന്ന പിടിവാശിയും
'കനവും' 'വെളിച്ചവും' കൊണ്ടുവന്നു!

കളിയുടെ കാലത്തേ പഠനം തുടങ്ങി നീ
കളിയ്ക്കൊപ്പം കാര്യവും കാര്യക്ഷമമാക്കി
'അറിവിന്റെ വഴിയില്‍' നീ വളര്‍ന്നു!
കൂട്ടുകാരില്ലാത്ത അയല്‍പക്കമില്ലാത്ത
ബന്ധുക്കളില്ലാത്ത ബന്ധങ്ങളില്ലാത്ത
'സ്വര്‍ണ്ണത്തിന്‍' കൂട്ടിലേ നീ വളര്‍ന്നു!

വേണ്ടാത്ത വാക്കില്ല വിലകെട്ട കൂട്ടില്ല
വിലയില്ലാ 'കലയോ' 'കളിയോ' ഇല്ല
'ശുക്രനക്ഷത്രമായ് 'നീ വളര്‍ന്നു!

'മലയാളമറിയാത്ത' മാനമുണ്ട്
'അന്യര്‍' തന്‍ നാട്യം നടപ്പിലുണ്ട്
'സ്വപ്നത്തിനപ്പുറം' നീ വളര്‍ന്നു!

സംസ്ക്കാരം പ്രാകൃതാവസ്ഥയായ് മാറി
നാടു കടക്കുവാന്‍ വെമ്പലേറി
'മാറ്റത്തിലൂടെ' നീ വളര്‍ന്നു!

അക്കങ്ങളെണ്ണുവാനാവാത്ത പോല്‍
ആറക്കം എട്ടക്കവും കടന്ന്
'സീമ'കടന്ന് നീ വളര്‍ന്നു!

ഒരു ചാണ്‍ വയറിനെ പോറ്റുവാനായ്
പൊയ്ക്കാലിലഭ്യാസം കാട്ടുവോനേ
'ഉയരത്തിലുയരത്തില്‍' നീ വളര്‍ന്നു!

താഴേക്കു കണ്ണുകള്‍ പാളുന്നതേയില്ല
ഉയരത്തിലുയരത്തില്‍ പാറി പറന്നു നീ
'അകലങ്ങള്‍ കൂട്ടുവാന്‍'നീ വളര്‍ന്നു!

പരിചാരകാല്‍ പരിസേവ്യരാക്കി
അംബരം ചുംബിക്കും മാളികയില്‍
'കണ്‍കണ്ട ദൈവത്തെ'നീ വളര്‍ത്തി!

സ്നേഹവാക്കോതുവാന്‍ നേരമില്ലാതെ
കോടീശ്വരരില്‍ മുന്‍പനാവാന്‍
'ഓടിത്തളര്‍ന്നും' നീ വളര്‍ന്നു!

വെട്ടമോ ഒച്ചയനക്കമോ ഇല്ലാത്ത
സ്വപ്നങ്ങളില്ലാത്ത നൊമ്പരക്കൂട്ടിലെ
'നീറുന്നവേദനയായ്' വളര്‍ന്നു!

വീടിന്റെ ഓമന!നാടിന്റെ താരകം!
രാജ്യത്തിന്നുത്തമ പൗരനും നീ!
മലയാളി വളരുന്നു! മലയാളം വളരുന്നു!
കേരളം വളരുന്നു! വലുതാവുന്നു!
ആര്‍.ബീന.
ഗവണ്മെന്റ്.എച്ച്.എസ്സ്.
മണീട്.

Oct 27, 2011

പഠനപ്രവര്‍ത്തനം - കായില്‍പേരില്‍ പൂമതിക്കുവോര്‍



കണ്ണൂര്‍ ഇലയാവൂര്‍ സി.എച്ച്.എം.എച്ച്.എസ്.എസ്സിലെ വി. എം. സുരേഷ് മാഷ് പത്താംതരം കേരളപാഠാവലിയിലെ നാലാം യൂണിറ്റിനുവേണ്ടി തയ്യാറാക്കിയ പഠനപ്രവര്‍ത്തനങ്ങള്‍ മുമ്പ് പോസ്റ്റുചെയ്തിരുന്നല്ലോ. ഈ യൂണിറ്റിലെ ആദ്യരണ്ടുപാഠങ്ങളായ വിണ്ട കാലടികള്‍, ഉതുപ്പാന്റെ കിണര്‍ എന്നിവയെ മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളായിരുന്നു അവ.
നാലാം യുണിറ്റിലെ ബാക്കിയുള്ള അടുത്തുണ്‍, കടലിന്റെ വക്കത്ത് ഒരു വീട് എന്നീ പാഠങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൂടി കൊടുക്കുന്നു. എല്ലാ അദ്ധ്യാപകസുഹൃത്തുക്കളുടെയും സഹകരണം പ്രതീക്ഷിക്കുന്നു.



Oct 25, 2011

മുഖമെവിടെ - ഹ്രസ്വചിത്രം



വയനാട് ജില്ലയിലെ മേപ്പാടി, അരപ്പറ്റ സി. എം. എസ്. എച്ച്. എസ്. എസിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ നിര്‍മ്മിച്ച ഹ്രസ്വചിത്രമാണ് 'മുഖമെവിടെ'. ഇരുചിറകുകളൊരുമയിലങ്ങനെ എന്ന യൂണിറ്റുമായി ബന്ധപ്പെട്ട് കുട്ടികള്‍ ഏറ്റെടുത്തുനടത്തിയ ഒരു പ്രവര്‍ത്തനത്തിന്റെ ഉല്പന്നമാണ് ഈ ഹ്രസ്വചിത്രം. എല്ലാ അമ്മമാര്‍ക്കുമായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജനീഷ കെ. ആണ്.

Oct 21, 2011

മാമ്പഴം വീഴുന്നീല - കവിത



ഒരു മാമ്പഴം പോലും അങ്കണത്തൈമാവില്‍ നി-
ന്നിനി വീഴുവാനില്ലാ കാത്തിരിക്കേണ്ടാ നമ്മള്‍
മുറ്റത്തെ മാവും വില കിട്ടിയാല്‍ കൊടുക്കുമെ-
ന്നത്രമേല്‍ പിടിവാശി നമുക്കായിരുന്നല്ലോ?
കണ്‍മുന്നില്‍ വച്ചാ മരം വേരോടേ പിഴുതെടു-
ത്തന്തരാത്മാവിന്‍ നടക്കല്ലില്‍ പൂങ്കുല തല്ലി,
ആര്‍‌ത്തലച്ചവര്‍ പോകേ എത്രയും നിസ്സംഗരായ്
നോക്കിനില്പായീ നമ്മള്‍ കല്ലുപോല്‍ കൈയും കെട്ടി!
മണ്ണില്‍ നിന്നുയരുന്നൂ ഉണ്ണി തന്‍ ചോദ്യം-"നിങ്ങള്‍
എന്തിനു കളഞ്ഞതാണെന്റെ മാമ്പഴക്കാലം?
ശാസിപ്പാന്‍ അരുതെന്നു ചൂണ്ടുവാന്‍ പോലും വയ്യാ-
പ്പാവകളായീ നിങ്ങള്‍ തല്ലുകൊള്ളാഞ്ഞിട്ടല്ലേ?”
"ഉണ്ണീ നീ പൊറുക്കേണം ഇല്ലിനി വസന്തങ്ങള്‍
മണ്ണിലും മനസ്സിലും മാധവം മരിച്ചുപോയ്
മാവു കൊണ്ടുപോയവര്‍ പൂമുഖത്തെത്തീ-കൈയ്യില്‍-
'മാംഗോഫ്രൂട്ടി'യും 'മാംഗോബൈറ്റു'മുണ്ടല്ലോ ഭാഗ്യം!”

വിനോദ് വി. സി.
ജി എച്ച് എസ് എസ് കോഴിച്ചാല്‍
കണ്ണൂര്‍