എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Sep 25, 2012

കനിയാത്ത കര്‍ക്കിടകം






വഴിമാറി നില്‍ക്കുന്നു മിഥുനം പതുക്കവേ
കര്‍ക്കിടക്കാറിനെ കാണാന്‍ തിടുക്കമായ്
ധരണിയുമാശിച്ചുനില്‍ക്കുന്നു ചാരത്ത്
കര്‍ക്കിടകം വരാനെന്തിത്ര താമസം

പച്ചിലച്ചാര്‍ത്തുകളണിയേണ്ട പൃഥ്വിയും
വിങ്ങിക്കരയുന്നു മഞ്ഞളിച്ചങ്ങനെ
കരിവണ്ടുപോലൊത്ത മഴമുകില്‍ക്കൂട്ടങ്ങ-
ളര്‍ക്കനെപ്പേടിച്ചു ദൂരെയൊളിച്ചുവോ

കരിനാഗം പോലങ്ങു ചീറ്റേണ്ട പേമാരി-
യലസനായെവിടെയോ പോയിക്കിടക്കുന്നു
കര്‍ക്കിടക്കാലത്തു പാടുന്ന വേഴാമ്പല്‍
ദാഹിച്ചിരിക്കുന്നു പൂമരക്കൊമ്പിലായ്

കരകവിഞ്ഞൊഴുകേണ്ട തോടും പുഴകളും
കരിമണല്‍ക്കൂമ്പാരമായി പതുക്കവേ
മഴമുത്തു വാരേണ്ട ചേമ്പിലക്കൂട്ടവും
തലതാഴ്ത്തിനില്‍ക്കുന്നു നീളെ തൊടിയിലായ്

സൂര്യനെത്തിരയേണ്ട കര്‍ക്കിടക്കാലത്ത്
സൂര്യന്‍ ജ്വലിച്ചങ്ങു നില്‍ക്കുന്നു മാനത്ത്
പിതൃക്കള്‍ക്ക് തര്‍പ്പണം ചെയ്യേണ്ട പുഴയിന്ന്
കൊയ്ത്തുകഴിഞ്ഞൊരു പാടം പോല്‍ ശൂന്യമായ്

മരതകപ്രഭയാല്‍ ചിരിക്കേണ്ട ഞാറുകള്‍
വാടിക്കരിയുന്നു കര്‍ക്കിടച്ചൂടിനാല്‍
കസ്തൂരി പൂശേണ്ട കൊച്ചുവരമ്പുകള്‍
മാരിയെ കാണാഞ്ഞു മാനത്തുനോക്കുന്നു

ആടിത്തിമിര്‍ക്കേണ്ട മയിലിന്റെ കൂട്ടവും
വാര്‍മേഘം കാണാഞ്ഞു കണ്ണീരുവാര്‍ക്കുന്നു
മഴയത്തു താളത്തില്‍ കരയുന്ന തവളകള്‍
മഴയില്ലാക്കാലത്തെ മെല്ലെ ശപിക്കുന്നു

വെറ്റിലച്ചെല്ലമെടുത്തൊരു മുത്തശ്ശി
പല്ലില്ലാമോണയും കാട്ടിപ്പറയുന്നു
പഴമകളൊന്നായ് മാഞ്ഞങ്ങു പോയല്ലോ
കര്‍ക്കിടവുമതിന്‍ കൂടെയിറങ്ങിയോ

ഗിരിജ ടി (ഹിന്ദി അധ്യാപിക)
കല്ലടി എച്ച് എസ് എസ് 
കുമരംപുത്തൂര്‍ , പാലക്കാട് 


Sep 15, 2012

മുരിഞ്ഞപ്പേരീം ചോറും - പാഠവിശകലനം



-->
പത്താംതരം കേരളപാഠാവലിയിലെ മുരിഞ്ഞപ്പേരീം ചോറും എന്ന പാഠഭാഗം വിശകലനം ചെയ്യുന്നതിന് സഹായകമാകുന്ന ഒരു പ്രസന്റേഷനാണിത്. കലകള്‍ സമൂഹത്തിലെ ചാലകശക്തികളാകുന്നതെങ്ങനെയെന്ന് കുട്ടികളെ ബോധ്യപ്പെടുത്താന്‍ ഈ പാഠത്തിന്റെ വിനിമയത്തിലൂടെ സാധിക്കുമല്ലോ. പ്രാചീനകാലം മുതല്‍ കേരളീയദൃശ്യകലകള്‍ക്ക് സമൂഹത്തോടുണ്ടായിരുന്ന പ്രതിബദ്ധത കൂടിയാട്ടത്തിലെ വിദൂഷകഭാഷണത്തില്‍നിന്നും നമുക്ക് മനസ്സിലാക്കാം. സമൂഹത്തിലെ ഏതു തലത്തിലും തരത്തിലുമുള്ള അപചയങ്ങളെ പരിഹസിക്കുന്നതിനും അവയെ തിരുത്തുന്നതിന് ജനങ്ങളെ പ്രേരിപ്പിക്കുന്നതിനും കൂടിയാട്ടത്തിലെ വിദൂഷകനു കഴിഞ്ഞിരുന്നു. പാഠത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വിദൂഷകഭാഷണത്തിലെ ഓരോ ഭാഗവും എങ്ങനെയാണ് അതിന്റെ സാമൂഹികധര്‍മ്മം നിറവേറ്റുന്നത് എന്നകാര്യം തീര്‍ച്ചയായും ക്ലാസ്സ് മുറികളില്‍ ചര്‍ച്ചചെയ്യപ്പെടേണ്ടതാണ്. അതിന് ഈ പ്രസന്റേഷന്‍ സഹായകമാകുമെന്ന് കരുതുന്നു.

Sep 7, 2012

ചിത്രം വരയുന്ന പെണ്‍കുട്ടി - കവിത



വെളുത്ത കടലാസില്‍
കറുത്ത മഷികൊണ്ട്
പൂ വരച്ചവള്‍.
പൂവിനെ ചുറ്റിപ്പറക്കുന്നു
പൂവിന്റെ തേന്‍ നുകരുന്നു
നിറമില്ലാത്ത പൂമ്പാറ്റ.

പൂവിനെക്കാളും വലിപ്പമുണ്ട്
അവള്‍ വരച്ച പൂമ്പാറ്റയ്ക്ക്.
കറുത്ത ചിറകുകള്‍ക്ക്
വെളുത്ത പുള്ളികള്‍
വെളുത്ത ചിറകുകള്‍ക്ക്
കറുത്ത പുള്ളികള്‍.

അവളുടെ കുഞ്ഞുടുപ്പിന്റെ
പിന്നിക്കീറിയ പൂവില്‍
ഒരു പൂമ്പാറ്റയുണ്ട്
മഞ്ഞനിറമുള്ള കുഞ്ഞിപ്പൂമ്പാറ്റ.
അതിനെപ്പിടിച്ച്
ഇടയ്ക്കൊക്കെ
കാറ്റില്‍ പറത്താറുണ്ടവള്‍.

കാറ്റില്‍ പറന്ന്
ആകാശം കണ്ടിറങ്ങി
പാവാടയിലെ പൂവില്‍
വീണ്ടും ചെന്നെത്താറുണ്ട്.

അഭിലാഷ് എം.,
മലയാളം അദ്ധ്യാപകന്‍,
ഗവ. എച്ച്. എസ്. എസ്. എട്നീര്‍,
കാസറഗോഡ്

Sep 4, 2012

സമാസം - പ്രസന്റേഷന്‍


ഹൈസ്ക്കൂള്‍ ക്ലാസ്സുകളിലെ പാഠപുസ്തകങ്ങള്‍ മാറിത്തുടങ്ങിയിട്ട് ഇത് നാലാം അദ്ധ്യയനവര്‍ഷം. പാഠപുസ്തകത്തെ അടിസ്ഥാനമാക്കി പരിശീലനങ്ങള്‍ നടന്നു നടന്നില്ല എന്ന മട്ടില്‍ അവസാനിച്ചു. തുടര്‍പരിശീലനങ്ങള്‍ ഇല്ലേ ഇല്ല. മുന്‍കാലങ്ങളില്‍ പാഠ്യപദ്ധതിയും പാഠപുസ്തകവും മാറുമ്പോള്‍ മൂല്യനിര്‍ണ്ണയസമീപനം പരിശീലനങ്ങളിലൂടെയോ മൂല്യനിര്‍ണ്ണയ രൂപരേഖകളിലൂടെയോ അദ്ധ്യാപകരെ അറിയിക്കാറുണ്ടായിരുന്നു. ഇത്തവണത്തെ പരിഷ്കരണത്തില്‍ മൂല്യനിര്‍ണ്ണയം ഗൗരവമുള്ള ഒരു വിഷയമായി ആരും കണ്ടില്ല എന്നുതോന്നുന്നു. പത്താംതരത്തിലെ ഒരു പൊതുപരീക്ഷ കഴിഞ്ഞു. പരീക്ഷയ്ക്ക് തൊട്ടുമുമ്പ് മൂല്യനിര്‍ണ്ണയപ്രവര്‍ത്തനങ്ങളുടെ ഒരുശേഖരം എസ്. സി. . ആര്‍. ടി. പുറത്തിറക്കി. അദ്ധ്യാപകരോ വിദ്യാര്‍ത്ഥികളോ അത് കാര്യമായി പരിഗണിച്ചില്ല. പരിഗണിച്ചിരുന്നെങ്കിലും എസ്. എസ്. എല്‍. സി. മലയാളം പരീക്ഷയ്ക്ക് വലിയ പ്രയോജനമൊന്നും കിട്ടുമായിരുന്നെന്നു തോന്നുന്നില്ല. കഴിഞ്ഞ വര്‍ഷത്തെ ഒന്നാം ടേം, രണ്ടാം ടേം, മോഡല്‍, എസ്. എസ്. എല്‍. സി., സേ പരീക്ഷകളും ഈ വര്‍ഷത്തെ ഒന്നാം ടേം പരീക്ഷയും വിശകലനം ചെയ്താല്‍ ഈ ചോദ്യപ്പേപ്പറുകളൊന്നും ഒരു പൊതു സമീപനം സ്വീകരിച്ചിട്ടുള്ളതായി കരുതാനാവില്ല.
ഈ അദ്ധ്യയനവര്‍ഷത്തിലെങ്കിലും വ്യക്തമായ ഒരു മൂല്യനിര്‍ണ്ണയ സമീപനം രൂപീകരിച്ചിരുന്നെങ്കില്‍ അദ്ധ്യാപനവും അദ്ധ്യയനവും സുഗമമാകുമായിരുന്നു. ആര് ആരോട് എന്ത് പറയാന്‍ അല്ലേ.....
പദങ്ങളിലേയ്ക്കും അവയുടെ അര്‍ത്ഥം, സമസ്തപദം, വിഗ്രഹം എന്നിങ്ങനെയുള്ള കാര്യങ്ങളിലേയ്ക്കും ചോദ്യകര്‍ത്താക്കളുടെ ശ്രദ്ധ തിരിയുന്ന പുതിയ പ്രവണത ഭാഷാപഠനത്തെ സംബന്ധിച്ച് നല്ലതുതന്നെ. ഒളിഞ്ഞും മറഞ്ഞും കഴിഞ്ഞ വര്‍ഷം ചോദ്യപ്പേപ്പറില്‍ നാണിച്ചുനിന്ന 'സമാസം' ഈ വര്‍ഷം ചോദ്യപ്പേപ്പറിന്റെ ഉമ്മറത്ത് ചാരുപടിയില്‍ കാലിന്മേല്‍ കാലും കയറ്റിവച്ചിരിക്കുന്ന കാഴ്ച എല്ലാ അദ്ധ്യാപക സുഹൃത്തുക്കളും കണ്ടുകാണുമല്ലോ.
സമാസം പഠിക്കാനും പഠിപ്പിക്കാനും സഹായകമായേക്കാവുന്ന ഒരു ഒരുപ്രസന്റേഷന്‍ ഇതോടൊപ്പം ചേര്‍ക്കുന്നു. .odp ഫോര്‍മാറ്റിലും .pdf ഫോര്‍മാറ്റിലും താഴെയുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡുചെയ്യാം.