എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Nov 30, 2013

ഓര്‍മകള്‍ക്കെന്തു സുഗന്ധം - കവിത

-->



വാസരം വര്‍ഷം കടന്നു പോയെങ്കിലും സഖേ
മാനസത്തില്‍ ഞാനിന്നും ചരിക്കുന്നു നിന്നോടൊപ്പം..
ഓര്‍മയിലേക്കു തിരിച്ചു വരികയീ കലാലയ
ജാലക വാതില്‍ പതിയെ തുറക്കാം..
വര്‍ണ്ണങ്ങള്‍ വാരി ചിതറിയ കാലത്തിന്‍
കാതരയാമങ്ങള്‍ ഓര്‍ത്തെടുക്കാം....

ഒന്നിച്ചു ചവിട്ടി നീങ്ങിയ മണ്‍തരികള്‍ പോലു -
മന്നൊത്തിരി കിനാവുകള്‍ കണ്ടിരുന്നു.
തൊട്ടു തൊട്ടില്ലയെന്ന മട്ടില്‍ ചേര്‍ന്നിരുന്നൊരാ
പേരാലിന്‍ ചില്ലയും അന്നേറെ തളിര്‍ത്തിരുന്നു.
ഇടവഴികോണിലായ് ആരോരുമറിയാത്ത
ആത്മസ്പര്‍ശങ്ങളില്‍ ഇരുളും തെളിഞ്ഞിരുന്നു...

പരിഭവം, പരാതികള്‍ കലഹം,കലങ്ങലുകള്‍
കണ്ണിന്‍ കടാക്ഷങ്ങള്‍ കടങ്കഥകള്‍....
മഴയെ മഴ മാത്രമല്ലാതെ മേഘാനുരാഗമായ്
അനുഭവിച്ചറിഞ്ഞൊരാ രാഗലയങ്ങള്‍.....
കഥയും കവിതയും മഴയും മഴവില്ലുമായ്
എത്രയോ രാഗത്തില്‍ നീ വന്നു മുന്നില്‍..

ഒടുവിലായ് നാമും പിരിഞ്ഞു പോയെപ്പൊഴോ..
വിധിയെപ്പഴിക്കാതെ കാലത്തിന്‍തേരേറി
ഏറെ നടന്നു പോയ്.. വര്‍ഷം കടന്നു പോയ് ...
കഥയും മഴവില്ലും പോയ് മറഞ്ഞു..
ഈ വാസരാന്തത്തിലെങ്കിലും വരികയീ
ജാലകം തള്ളിത്തുറക്കാം നമുക്കിനി...

പുല്ലു കിളിര്‍ക്കില്ലെന്ന മെച്ചത്തില്‍
മണ്‍തരികള്‍ കരിങ്കല്‍പ്പൊടികളായി..
ഇനിയാര്‍ക്കുമീ കിനാവുകള്‍ കാണേണ്ടയെന്നോ?
എന്‍ പ്രണയത്തില്‍ തളിര്‍ത്തൊരാ പേരാലും
ഒരിലയും ബാക്കിയാവാതെ മൂകയായി...
ഇനിയാര്‍ക്കുമീ തണലിലിരിക്കേണ്ടയെന്നോ?

ഇടവഴിക്കോണിലെ ഇരുളും
എവിടെയോ പോയ് മറഞ്ഞുനിന്നു.....
ഇനിയാര്‍ക്കുമീ ആത്മസ്പര്‍ശം വേണ്ടയെന്നോ?
'ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം' എന്നാ പല്ലവി
ആരോ എവിടെയോ മൂളുന്നു പിന്നെയും..
ആരോ എവിടെയോ മൂളുന്നു പിന്നെയും.....

ലീമ വി.കെ
എസ്. ജെ. എച്ച്. എസ്. ചിന്നാര്‍

Oct 6, 2013

കൊച്ചുദുഃഖങ്ങളുറങ്ങൂ... - ആശയം



ശ്രാവണപുഷ്പങ്ങള്‍ കാതോര്‍ത്തു നില്‍ക്കുന്നൊ-
രീവഴിത്താരയിലൂടേ,
ഒക്കത്തുപാട്ടിന്റെ തേന്‍കുടമേന്തി നീ-
യെത്തിയില്ല;ന്തി മയങ്ങീ!...
പെണ്‍കൊടീ, നീ മണിത്തംബുരുവാക്കുമാ-
മണ്‍കുടമിന്നാര്‍ക്കുവിറ്റൂ?
നാവേറും കണ്ണേറുമേല്‍ക്കാതെയീ മല-
നാടിനെപ്പോറ്റുന്ന ഗാനം
നാഗഫണം വിതിര്‍ത്താടിയ പുള്ളുവ-
വീണയിന്നെന്തേ മയങ്ങീ?
കേരളത്തിന്റെ ഗതകാലസൗന്ദര്യത്തിന്റെ മനോഹരചിത്രമാണ് കവി ഈ വരികളിലുടെ ആവിഷ്കരിക്കുന്നത്. കേരളത്തിന്റെ നഷ്ടപ്പെട്ടുപോകുന്ന കാവ്യസംസ്കാരത്തെക്കുറിച്ച് കവിയ്ക്കുള്ള ആശങ്കകളും ഇവിടെ തെളിഞ്ഞുകാണാം. ഓണപ്പൂക്കള്‍ പാട്ടിനായി കാതോര്‍ത്തുനില്‍ക്കുന്ന വഴിത്താരയിലാണ് കവിയും കാതോര്‍ത്തുനില്‍ക്കുന്നത്. ഓണം കേരളീയരുടെ ദേശീയോത്സവമാണ്. അതോടൊപ്പം പാട്ടുകളുടെ ഉത്സവവും. ഓണപ്പാട്ടും പൂപ്പൊലിപ്പാട്ടും നാവോറുപാട്ടും ഓണവില്‍പ്പാട്ടും തുമ്പിതുള്ളല്‍പ്പാട്ടും ഊഞ്ഞാല്‍പ്പാട്ടുമെല്ലാം ഓണത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഘടകങ്ങളായിരുന്ന കാലത്തും ദേശത്തുമാണ് കവിജനിച്ചുവളര്‍ന്നത്. എന്നാല്‍ ആ പാട്ടുകളും അവയുള്‍ക്കൊള്ളുന്ന സംസ്കാരവും നഷ്ടമായിക്കൊണ്ടിരിക്കുന്നു എന്ന തിരിച്ചറിവ് കവിയെ വേദനിപ്പിക്കുന്നു. 'അന്തിമയങ്ങിയിട്ടും വന്നെത്താത്ത പെണ്‍കൊടി' എന്ന പ്രയോഗം അപ്രത്യക്ഷമാകുന്ന കാവ്യസംസ്കാരത്തെയാണ് ഓര്‍മ്മിപ്പിക്കുന്നത്.
ഒക്കത്തുപാട്ടിന്റെ തേന്‍കുടവുമായി അണയുന്ന കാവ്യകന്യകയെ കാത്തുനിന്ന് അന്തിയെത്തിയത് കവി അറിഞ്ഞില്ല. പഴയകാലത്ത് നാവേറുപാടുന്ന ഒരാചാരം നിലനിന്നിരുന്നു. ഉണ്ണികള്‍ സൂര്യനെപ്പോലെ ജ്വലിച്ചു നിന്ന് ആയുരാരോഗ്യവാന്മാരായി നൂറ്റാണ്ടുകാലം വാഴേണമെന്ന പ്രാര്‍ഥനയുമായി നാടുചുറ്റുന്ന പാട്ടുകാര്‍ കവിയുടെ ബാല്യത്തിലെ ഓണക്കാലത്തിന്റെ മധുരസ്മൃതിയാണ്. നാവേറും കണ്ണേറുമേല്‍ക്കാതെ ഉണ്ണികളെ സംരക്ഷിക്കുവാന്‍ ഈ പാട്ടുകള്‍ക്കുകഴിയുമെന്നായിരുന്നു വിശ്വാസം.

Oct 1, 2013

ബ്രഹ്മാലയം തുറക്കപ്പെട്ടു - വി. ടി. ഭട്ടതിരിപ്പാട്



വി. ടി. ഭട്ടതിരിപ്പാടിന്റെ ജീവിതത്തില്‍നിന്നും ചില ദീപ്തമായ ഏടുകള്‍ തുറക്കുന്ന ഒരു ലേഖനം 2009 ആഗസ്റ്റ 7 ലെ 'മലയാളം' വാരികയില്‍ ശ്രീ എം. മോഹനന്‍ 'ഓര്‍മ' എന്ന പംക്തിയില്‍ എഴുതിയിരുന്നു. 'ഇരുട്ടിലെ കനല്‍' എന്നു പേരിട്ടിരുന്ന ആ ലേഖനം താഴെയുള്ള ലിങ്കില്‍ നിന്നും പി.ഡി.എഫ്. ഫോര്‍മാറ്റില്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. വി.ടി.യെ അടുത്തറിയാന്‍ അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരു പോലെ പ്രയോജനപ്രദമാണ് ഈ ലേഖനം.

Aug 31, 2013

വിദ്യാരംഗം കലാസാഹിത്യവേദി - മത്സരങ്ങള്‍



കേരള സര്‍ക്കാര്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാരംഗം കലാസാഹിത്യവേദി ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംസ്ഥാനതല വായനക്കുറിപ്പുമത്സരം മുന്‍ വര്‍ഷങ്ങളിലെപ്പോലെ ഈ വര്‍ഷവും നടത്തുന്നു. വായനക്കുറിപ്പുതയ്യാറാക്കണ്ട പുസ്തകങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 2013 ല്‍ അദ്ധ്യാപകര്‍ക്കായി നടത്തിയ കലാസാഹിത്യ മത്സരഫലങ്ങളും പ്രസിദ്ധീകരിച്ചു. കഥ, കവിത,നാടകം, തിരക്കഥ, ചിത്രരചന എന്നീ ഇനങ്ങളിലായിരുന്നു മത്സരം. താഴെയുള്ള ലിങ്കില്‍ നിന്നും രണ്ടുലിസ്റ്റുകളും ഡൗണ്‍ലോഡ് ചെയ്യാം.

Aug 22, 2013

ലഹരി - കവിത




കടമകള്‍ക്കു കനം വച്ചതോര്‍ക്കുക
കനവുകള്‍ നല്ല കവിതയായ് തീര്‍ക്കുക
ജീവിതം സുഖലഹരിയായ് തീര്‍ക്കുവാന്‍
ഹൃദയക്കുതിരയെ കടിഞ്ഞാണില്‍ മുറുക്കുക.

നഞ്ചുപാത്രം തിരക്കി നാടാകെയും
സഞ്ചരിയ്ക്കാ, തകം സ്വസ്ഥമാക്കുക.
കൊഞ്ചിടും പിഞ്ചു, പുഞ്ചിരിത്താരകള്‍
കാത്തിരിക്കുന്ന വീടിനെയോര്‍ക്കുക.

ഉമ്മവച്ചന്നു നമ്മേയുണര്‍ത്തിയ
അമ്മയോടു കരുണകാണിക്കുക
മിഴികള്‍ നട്ടുകൊ,ണ്ടൊത്തിരി ദൂരത്ത്
വഴിയില്‍ നില്‍പ്പവര്‍,ക്കാശ്വാസമാകുക.

നമ്മളൊന്നെന്നു ചൊല്ലും പ്രിയംവദ
താനെയാണെന്ന് എപ്പോഴുമോര്‍ക്കുക.
സ്വന്തമായൊരു സുഖമില്ലതറിയുക
ബന്ധസ്വന്തമാം സ്വര്‍ഗ്ഗം പണിയുക.

ജാലകം പാതിചാരാതെ കാക്കുന്ന
കുഞ്ഞുപെങ്ങള്‍ക്കു കാവലായീടുവാന്‍
ദൂരെയെങ്കിലും നേരുള്ള ചിന്തയ്ക്കു
താളമില്ലാതെ,യാക്കാതിരിക്കുക.

മദ്യമെന്ന മദം വരിച്ചീടുമീ
നിന്ദ്യതയ്ക്കു നിഷേധം രചിയ്ക്കുക
കലഹമില്ലാത്ത വീട്ടിലെ സൂര്യനായ്
കതിരുനീട്ടിയുദിക്കുമാറാകുക.

സ്വാഭിമാനം പണയപ്പെടുത്താത്ത
സാരമാക്കിയീ ജന്മം തളിര്‍ക്കുവാന്‍
സിരകളില്‍ ബോധ,ചന്ദ്രോദയത്തിനായ്
നുരയുമീലഹരി വേണ്ടെന്നു വയ്ക്കുക.

Jul 25, 2013

സൗന്ദര്യപൂജ - പി. കുഞ്ഞിരാമന്‍നായര്‍


  
പി.യുടെ കവിതകള്‍ വ്യാഖ്യാനിക്കാനുള്ളവയല്ല, ആസ്വദിക്കാനുള്ളവയാണ്. 'സമാനഹൃദയന്മാര്‍'ക്ക് മാത്രം കഴിയുന്ന ഒരു കാര്യം. പി.യുടെ ആത്മകഥകാവ്യങ്ങളായ കവിയുടെ കാല്‍പ്പാടുകള്‍, എന്നെ തിരയുന്ന ഞാന്‍, നിത്യകന്യകയെത്തേടി ഇവയുടെ ഏതെങ്കിലും ഒരുഭാഗം വായിച്ചിട്ടുള്ളവര്‍ക്കറിയാം പി.യുടെ ഭാഷാസവിശേഷതകള്‍. ഗദ്യംപോലും പിടിതരാതെ ഒളിച്ചുകളിക്കുകയാണ് ആ തൂലികത്തുമ്പില്‍. പിന്നെ കവിതയുടെ കാര്യം പറയേണമോ.
ഇതിലെ ആശയങ്ങളില്‍ പലതും മറ്റുവ്യാഖ്യാനങ്ങള്‍ വായിച്ചപ്പോള്‍ കിട്ടിയതുകൂടിയാണ്. പഴയ കേരളീയ ഗ്രാമജീവിതവും കാര്‍ഷികസംസ്കാരവും ക്ലാസ്സുമുറികളിലേയ്ക്ക് പുനസ്സൃഷ്ടിക്കുക ശ്രമകരമാണ്. കവിയുടെയും കവിതയുടെയും ആ പശ്ചാത്തലത്തില്‍ നിന്നല്ലാതെ ഈ കവിത ആസ്വദിക്കാനാവില്ല. 'പൂക്കളമത്സര'ത്തിന് പൂവുവാങ്ങാന്‍ പൂക്കടയിലേയ്ക്കോടുന്ന പുതുതലമുറയ്ക്ക്
കുളിച്ചു പൂപ്പൊലിപ്പാട്ടില്‍
വിളിച്ചു മലനാടിനെ;
ഒളിച്ചു പൂക്കളംതീര്‍ത്തു
കളിച്ച പുലര്‍വേളകള്‍.
എന്നു പാടിക്കേട്ടാല്‍ എന്ത് ആശയ ഗ്രഹണമാണുണ്ടാകുക. ഇവിടെയാണ് അദ്ധ്യാപകന്‍ വെല്ലുവിളി നേരിടുന്നത്. ഭാഷയുടെ സൗന്ദര്യതലം വെളിവാക്കുക എന്ന ലക്ഷ്യത്തോടെ പാഠപുസ്തകത്തിലുള്‍പ്പെടുത്തിയ ഈ കാവ്യഭാഗം കുട്ടികള്‍ക്ക് ആസ്വദിക്കത്തക്കവിധം ഒരുക്കുക വളരെ തയ്യാറെടുപ്പുകള്‍ ആവശ്യമുള്ള കൃത്യമാണ്. വായിക്കുമ്പോള്‍ അര്‍ത്ഥഗ്രഹണത്തിന് ഒരു തടസ്സവുമില്ല. ചിന്തയിലാണ് അവ്യക്തതകള്‍ തുടങ്ങുന്നത്. നമുക്കൊന്നു ശ്രമിക്കാം.
കുളിച്ചു പൂപ്പൊലിപ്പാട്ടില്‍
വിളിച്ചു മലനാടിനെ;
ഒളിച്ചു പൂക്കളംതീര്‍ത്തു
കളിച്ച പുലര്‍വേളകള്‍.
ഓണക്കാലം പടിയിറങ്ങുന്ന കേരളപ്രകൃതിയെയാണ് കവി ഈ വരികളില്‍ അവതരിപ്പിക്കുന്നത്. പൂക്കളം തീര്‍ത്തു കളിച്ചിരുന്ന പുലര്‍വേളകള്‍ എവിടെയോ പോയി ഒളിച്ചു. പുപ്പൊലിപ്പാട്ടുകള്‍ എങ്ങും മുഴക്കിക്കൊണ്ടായിരുന്നു ആ ചിങ്ങപ്പുലരികള്‍ മലനാടിനെ വിളിച്ചുണര്‍ത്തിയിരുന്നത്. പൂപ്പൊലിപാട്ടുമായി നാടെങ്ങും ചുറ്റിനടന്ന് പൂക്കള്‍ പറിച്ച് പുലരിയില്‍ പൂക്കളം തീര്‍ക്കുന്ന കൊച്ചുകുട്ടികളുടെ ചിത്രമാണ് ഈ വര്‍ണ്ണന ആസ്വാദകരുടെ മനസ്സിലുണര്‍ത്തുന്നത്.

Jul 22, 2013

കുഞ്ഞുകവിതകള്‍ - അനിതാ ശരത്



സാഫല്യം
എത്രയോ നാളായി
ഞാന്‍ ആഗ്രഹിച്ച നിന്റെ ഹൃദയം
ഇപ്പൊ എനിക്ക് കൈവന്നിരിക്കുന്നു
ഈ പോസ്റ്റ്മോര്‍ട്ടം ടേബിളിള്‍.

മഴ
മഴ
മാനത്തുനിന്നും
മനസ്സിലേയ്ക്ക് പെയ്യുമ്പോള്‍
മൌനനൊമ്പരങ്ങള്‍
മുളപൊട്ടുന്നു .......

റീ-പോസ്റ്റ്‌മോര്‍ട്ടം

മരിച്ച മോഹത്തെ
അടച്ച കല്ലറ
തുറന്നുവച്ചപ്പോള്‍
ചിരിച്ചു നിന്നത്രേ
ഒരു ചെമ്പനീര്‍പ്പൂവ്
അതിന്റെ നെഞ്ചോടുചേര്‍ന്ന് ...


Jul 13, 2013

എന്റെ ഭാഷ - വള്ളത്തോള്‍ നാരായണമേനോന്‍



''മിണ്ടിത്തുടങ്ങാന്‍ ശ്രമിക്കുന്ന പിഞ്ചിളം
ചുണ്ടിന്മേലമ്മിഞ്ഞപ്പാലോടൊപ്പം,
അമ്മയെന്നുള്ള രണ്ടക്ഷരമല്ലയോ
സമ്മേളിച്ചീടുന്നതൊന്നാമതായ്
മറ്റുള്ളഭാഷകള്‍ കേവലം ധാത്രിമാര്‍
മര്‍ത്ത്യനു പെറ്റമ്മ തന്‍ഭാഷതാന്‍''
സംസാരിച്ചുതുടങ്ങുന്നകുഞ്ഞിന്റെ ചുണ്ടില്‍ നിന്നും ആദ്യം പുറപ്പെടുന്ന ശബ്ദമാണ് 'അമ്മ'. 'അമ്മ' എന്ന ശബ്ദം അവന്‍ ഏതുഭാഷയിലാണോ ഉച്ചരിക്കുന്നത് അതാണ് അവന്റെ മാതൃഭാഷ. അമ്മിഞ്ഞപ്പാലിനോടൊപ്പം ചുണ്ടില്‍ വിരിയുന്ന ആ ഭാഷയാണ് അവന് തന്റെചുറ്റുമുള്ള ലോകത്തെക്കുറിച്ച് അറിവുനേടിക്കൊടുക്കുന്നത്. ആദ്യത്തെ ഗുരു അമ്മയാണെന്നതുപോലെ ആദ്യത്തെ ഭാഷ മാതൃഭാഷയുമാണ്. മാതൃഭാഷ പെറ്റമ്മയാണ്. മറ്റുള്ള ഭാഷകള്‍ പോറ്റമ്മമാരാണ്. 'പെറ്റമ്മ ചമഞ്ഞാന്‍ പോറ്റമ്മയാകില്ല' എന്ന പഴഞ്ചൊല്ല് സുപരിചിതമായ മലയാളിക്ക് മാതൃഭാഷയ്ക്കും അന്യഭാഷകള്‍ക്കും മനുഷ്യജീവിതത്തിലുള്ള സ്ഥാനം വ്യക്തമാകാന്‍ ഇതിലും നല്ല ഒരു ഉപമ വേറെയില്ല. ഈ കവിത എഴുതുന്നകാലത്ത് വിദ്യാസരംഗത്ത് ഇംഗ്ലീഷ് കൊടികുത്തിവാഴുകയായിരുന്നു. ബ്രിട്ടീഷുകാര്‍ പ്രചരിപ്പിച്ച ഈ വിദ്യാഭ്യാസം നേടുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലിയും വക്കീല്‍പ്പണി പോലുള്ള മറ്റ് ഉന്നതപദവികളും ലഭിച്ചിരുന്നു. ഉപജീവനത്തിന് മെച്ചപ്പെട്ട മാര്‍ഗ്ഗങ്ങള്‍ കാണിച്ചുകൊടുത്തതുകൊണ്ടാവാം കവി ഇംഗ്ലീഷ് പോലുള്ള ഭാഷകളെ പോറ്റമ്മ എന്നു വിശേഷിപ്പിച്ചത്.
''മാതാവിന്‍ വാത്സല്യദുഗ്ദ്ധം നുകര്‍ന്നാലേ
പൈതങ്ങള്‍ പൂര്‍ണ്ണ വളര്‍ച്ച നേടൂ.''
അമ്മ വാത്സല്യത്തോടെ പകര്‍ന്നു നല്‍കുന്ന മുലപ്പാല്‍ ഒരു കുഞ്ഞിന്റെ വളര്‍ച്ചയില്‍ വളരെ വലിയ പങ്കുവഹിക്കുന്നുണ്ട് എന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട വസ്തുതയാണ്. രോഗപ്രതിരോധശേഷി, ആന്തരാവയവങ്ങളുടെ വളര്‍ച്ച എന്നിവയെയെല്ലാം മുലപ്പാല്‍ സ്വാധീനിക്കുന്നുണ്ട്. മാതൃഭാഷയും അതുപോലെ മനുഷ്യന്റെ വളര്‍ച്ചയില്‍, മാനസികവും ബൗദ്ധികവുമായ വികാസത്തില്‍ വലിയപങ്കുവഹിക്കുന്നുണ്ട്. മുലപ്പാല്‍ ശാരീരികമായ വളര്‍ച്ചയെ സ്വാധീനിക്കുമ്പോള്‍ മാതൃഭാഷ മാനസികവും ബൗദ്ധികവുമായ വളര്‍ച്ചയെ പരിപോഷിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ശൈശവബാല്യകൗമാരങ്ങളില്‍ നേടുന്ന വിദ്യാഭ്യാസം മാതൃഭാഷയിലായിരിക്കണം.

Jul 2, 2013

'ആര്‍ട്ട് അറ്റാക്ക് ' പേരും കഥയും



കല കമ്പോളച്ചരക്കാകുന്ന പുതിയ കാലത്തെ ആവിഷ്കരിക്കുന്ന ചെറുകഥയാണ് എം. മുകുന്ദന്റെ ' ആര്‍ട്ട് അറ്റാക്ക് '. 'ആര്‍ട്ട് അറ്റാക്ക് ' എന്ന പേര് നമുക്ക് സുപരിചിതമായ 'ഹാര്‍ട്ട് അറ്റാക്ക് ' എന്ന ജീവിതശൈലീ രോഗത്തെ അനുസ്മരിപ്പിക്കുന്നു. പുതിയ കാലത്ത് മനുഷ്യന്റെ ഭക്ഷണാഭിരുചിയിലും ജീവിതശൈലിയിലും ഉണ്ടായ മാറ്റങ്ങളുടെ സമ്മാനമാണ് ഹാര്‍ട്ട് അറ്റാക്ക്. ഹാര്‍ട്ട് അറ്റാക്ക് മനുഷ്യനെ അപ്രതീക്ഷിതമായി ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്നു. അതുപോലെ പതിയിരുന്നാക്രമിച്ച് കലയെ കൊലചെയ്യുന്ന പുതിയകാലത്തിന്റെ കച്ചവടതാല്പര്യങ്ങളെയും അഭിരുചികളെയുമാണ് മുകുന്ദന്‍ 'ആര്‍ട്ട് അറ്റാക്ക് ' എന്ന കഥയില്‍ അവതരിപ്പിക്കുന്നത്.

Jun 18, 2013

ഏകാന്തമായ വാര്‍ദ്ധക്യം - കഥ



കിഴക്ക് വെളുക്കുന്നതേയുള്ളൂ. വാതില്‍ പാളിയിലൂടെ അരിച്ചിറങ്ങുന്ന ഇത്തിരി വെളിച്ചം നോക്കി അല്പനേരം കൂടി കിടന്നു. പിന്നെ ഒരുവശം ചെറുതായി കീറിപ്പോയ കറുത്ത കരിമ്പടം മാറ്റി പതുക്കെ എഴുന്നേറ്റു. അത് വടക്കേതിലെ മണ്ണാത്തിക്ക് അലക്കാന്‍ കൊടുത്തിട്ട് തിരിച്ചുവാങ്ങരുതെന്ന് മകന്‍ പറയാന്‍ തുടങ്ങിയിട്ട് മാസങ്ങളേറിയിരിക്കുന്നു. അവന്‍ അയച്ചുതന്ന റോസാപ്പൂവിന്റെ ഇതളുകളുടെ ചിത്രമുള്ള കരിമ്പടം പുതയ്ക്കാന്‍ എന്തോ അയാള്‍ മടിച്ചു. നാസാരന്ത്രങ്ങളെ തുളച്ചുകയറുന്ന അതിന്റെ ഗന്ധം അയാളില്‍ ഒരു വല്ലാത്ത അസ്വസ്ഥത സൃഷ്ടിച്ചു.
മുട്ടിന് ഇന്നൊരല്പം വേദന കുറവുണ്ട്. അയാള്‍ ടേപ്പ്റിക്കോര്‍ഡറിന്റെ ബട്ടന്‍ അമര്‍ത്തി. അതില്‍നിന്നും വൈകിയെങ്കിലും ഒഴുകിയെത്തുന്ന പ്രഭാതകീര്‍ത്തനം കേട്ടുകൊണ്ടാണ് അയാള്‍ പ്രഭാതകൃത്യങ്ങള്‍ ആരംഭിക്കുക. പതിവുപോലെ ഓട്ടുവിളക്കില്‍ എണ്ണപകര്‍ന്ന് തിരികൊളുത്തി, തൊഴുകൈയുമായി നില്‍ക്കുമ്പോള്‍ അയാള്‍ ചിന്തിച്ചു.
എന്താണ് പ്രാര്‍ത്ഥിക്കാന്‍?
ഒന്നുമില്ല.
കുറച്ചുകാലംകൂടി ഈ ജീവന്‍ നിലനിര്‍ത്തിത്തരണമെന്നോ! അതോ ഈ ഏകാന്ത വാര്‍ദ്ധക്യത്തിന് ഒരറുതിയുണ്ടാക്കിത്തരണമെന്നോ!
പതിവുപോലെ അന്നും അയാള്‍ ഒന്നും പ്രാര്‍ത്ഥിച്ചില്ല. തൊഴുകൈ മടക്കുന്നതിനുമുമ്പ് പുറത്തുനിന്ന് വിളി കേട്ടു
''ചെട്ടിയാരേ''

Jun 11, 2013

നളചരിതം ആട്ടക്കഥയിലെ ഹംസം - കഥാപാത്ര നിരൂപണം



നളചരിതം ആട്ടക്കഥ ഒന്നുകൊണ്ടുമാത്രം മലയാള സാഹിത്യത്തില്‍ ചിരപ്രതിഷ്ഠ നേടിയ കവിയാണ് ഉണ്ണായി വാര്യര്‍. അദ്ദേഹത്തിന്റെ കഥാപാത്ര സൃഷ്ടീവൈഭവത്തിന് ഉത്തമ ഉദാഹരണമാണ് നളചരിതത്തിലെ ഹംസം. മഹാഭാരതകഥയിലെ കളഹംസത്തെ സ്വര്‍ണ്ണവര്‍ണ്ണവും മഞ്ജുനാദവുമുള്ള സവിശേഷകഥാപാത്രമാക്കി ഉണ്ണായി വാര്യര്‍ മാറ്റി.
നളന്റെ പ്രണയദൂതുമായാണ് ഹംസം കുണ്ഡിനപുരത്തെ ഉദ്യാനത്തില്‍ ഉലാത്തുന്ന ദമയന്തിയുടെ മുന്നിലേയ്ക്ക് പറന്നിറങ്ങുന്നത്. ദമയന്തിയാകട്ടെ നളഗുണഗണങ്ങള്‍ പറഞ്ഞുകേട്ടുതന്നെ നളനില്‍ അനുരാഗവതിയും. ദമയന്തിയുടെ ഉള്ളിലിരുപ്പ് അറിയുക, നളന്റെ പ്രണയം അറിയിക്കുക, ദമയന്തിയുടെ മനസ്സ് നളനില്‍ ഉറപ്പിക്കുക ഇവയാണ് ദൂതനെന്ന നിലയില്‍ ഹംസത്തിന്റെ ലക്ഷ്യം.
രൂപഭാവങ്ങള്‍ കൊണ്ടുതന്നെ ദമയന്തിയുടെ ശ്രദ്ധയാകര്‍ഷിക്കാനും വിശ്വാസം പിടിച്ചുപറ്റാനും ഹംസത്തിനാകുന്നുണ്ട്. ഹംസം ഉദ്യാനത്തിലേയ്ക്കുപറന്നിറങ്ങുന്ന ഭാഗം ഉണ്ണായിവാര്യര്‍ വര്‍ണിച്ചിരിക്കുന്നത് ഈ വസ്തുത വ്യക്തമാകത്തക്കരീതിയിലാണ്. മിന്നല്‍ക്കൊടിയായും, വിധുമണ്ഡലമായും സംശയിക്കപ്പെടുന്ന ഹംസത്തിന്റെ വരവ് തന്റെ കണ്ണുകള്‍ക്ക് 'പീയുഷഝരിക'യായി മാറി എന്ന് ദമയന്തി പറയുന്നു. മനംമയക്കുന്ന ഉദ്യാനക്കാഴ്ചകളെല്ലാം ദമയന്തിക്ക് ദുഃഖകാരണമാണ് എന്നു പറഞ്ഞുകൊണ്ടിരുന്നപ്പോഴാണ് ഹംസം ആ രംഗത്തേയ്ക്കുകടന്നുവന്നത്. വിരഹദുഃഖത്തിന്റെ കരിമേഘങ്ങളാല്‍ ആവൃതമായിരുന്ന ദമയന്തിയുടെ ഹൃദയത്തിലേയ്ക്ക് ആഹ്ലാദത്തിന്റെ പൊന്‍വെളിച്ചം വിതറിക്കൊണ്ട് ഒരു മിന്നല്‍ക്കൊടിയായി ഹംസം പറന്നിറങ്ങുന്നു.

Jun 6, 2013

രാവേ, നീ പോകരുതേ! (അല്ല പോയിവരൂ!) - ആശയം




രാവേ, നീ പോകരുതേ! (അല്ല പോയിവരൂ!) എന്ന കവിതയിലൂടെ കേരളത്തിന്റെ സമ്പന്നമായ കലാപാരമ്പര്യത്തെ ആസ്വാദകന്റെ മുമ്പില്‍ അവതരിപ്പിക്കുകയാണ് അയ്യപ്പപ്പണിക്കര്‍. സാമാന്യം ദീര്‍ഘമായ ഈ കവിതയില്‍ കേരളത്തെ ഒരുകലാമണ്ഡലമായി അവതിപ്പിക്കുന്ന ഭാഗമാണ് പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇത് (കേരളം) കലാമണ്ഡലമാണ്. കേരളത്തനിമ നിറഞ്ഞുനില്‍ക്കുന്ന ഒരു പ്രദേശം. തിരകളാകുന്ന തളിരുകള്‍ കോട്ടി അതില്‍ ഒരുപിടിക്കുളിരുമായി നിളാനദി തന്റെ പ്രവാഹത്തിനിടയില്‍ ഇവിടെ ചെറുതുരുത്തിക്കടവില്‍ വിശ്രമിക്കാനെത്തുന്നത് അല്ലയോ മലയാളമേ, നീ ഓര്‍മ്മിക്കുക. കേരളത്തിന്റെ തനതുകലകളായ കഥകളി, തുള്ളല്‍ മുതലായവയുടെ അഭ്യസനത്തിനും പ്രോത്സാഹനത്തിനുമായി മഹാകവി വള്ളത്തോള്‍ സ്ഥാപിച്ച കേരളകലാമണ്ഡലം സ്ഥിതിചെയ്യുന്നത് നിളാതീരത്തുള്ള ചെറുതുരുത്തിയാലാണ്. അതുകൊണ്ടായിരിക്കാം വളരെദൂരം വളഞ്ഞുപുളഞ്ഞൊഴുകി പരിക്ഷീണിതയായി എത്തുന്ന നിളാനദി ചെറുതുരുത്തിയില്‍ കലകളാസ്വദിച്ച് അല്പം വിശ്രമിക്കുന്നതായി കവി സങ്കല്പിക്കുന്നത്. മലയാളദേശത്തോട് (മലയാളികളോട്) അതിന്റെ കലാപാരമ്പര്യം നിലനിര്‍ത്തുന്നതിന് കലാമണ്ഡലം സ്ഥാപിക്കുന്നതിനായി മഹാകവി സഹിച്ച ത്യാഗത്തെ അനുസ്മരിക്കാനും കവി നിര്‍ദ്ദേശിക്കുന്നു. ആ മഹാനുഭാവന്‍ വളരെ കഷ്ടതകളനുഭവിച്ച് ഉരുക്കൂട്ടിയെടുത്ത ആ കലാകേദാരം ഊഷരമാവാതെ സുക്ഷിക്കാനുള്ള ഉത്തരവാദിത്തം മലയാളികള്‍ക്കുണ്ട് എന്ന് ഓര്‍മ്മിപ്പിക്കുകകൂടിയാവാം കവിചെയ്യുന്നത്.

May 14, 2013

ഒരു മലയാള സ്വപ്നം (കവിത)



ഒരു മലയാള സ്വപ്നം

ഇനിയെത്ര നാളീ വിദ്യാലയത്തിന്‍
മണിമുഴങ്ങും കണ്ഠമിടറിടാതെ?
ഇനിയെത്ര നാളീ മരത്തണലില്‍
നിരനിരയായ് നിന്നസംബ്ലി ചേരും?
ഇനിയെത്ര നാളീ മരങ്ങളും പൂക്കളും
സര്‍വേശ സ്തുതിഗീതമേറ്റുപാടും?
ഇനിയെത്ര നാളീയങ്കണത്തില്‍
പിഞ്ചു പദചലനം കാണുമീവിധത്തില്‍? നിത്യ
വിസ്മൃതി തന്നോരമണയുന്നു മലയാള
വിദ്യാലയങ്ങളും സ്വപ്നങ്ങളും.
പടികടന്നകലുന്നു മുറിവേറ്റ ഭാഷ; തന്‍
നെഞ്ചേറ്റി ലാളിച്ച സംസ്കാരവും.

നൂറ്റാണ്ടു പിന്നിട്ട വിദ്യാലയത്തിലെ
ക്ലാസ് മുറി പൂഴി നിറഞ്ഞിരുന്നു;
അമ്മതന്‍ ഭാഷയിലക്ഷരം തേടിയി-
ന്നെത്തുവോരഞ്ചാറു പേരുമാത്രം.

ഇനിയേറെ നാള്‍കഴിഞ്ഞിതുവഴി പോകുവോര്‍-
ക്കൊരു കാഴ്ചവസ്തുവായ് മാറിയാലും
പേരക്കിടാങ്ങളുമായൊരിക്കല്‍
വാതില്‍ക്കലെത്തി വിദ്യാലയത്തിന്‍
പഴകിദ്രവിച്ചൊരാ ചുമരില്‍ പുണര്‍-
'ന്നെന്നെ ഞാനാക്കി മാറ്റിയ വിദ്യാലയം' എന്നു
നെഞ്ചോടു കൈചേര്‍ത്തു മന്ത്രിക്കുവോരെന്റെ
സ്വപ്നത്തിലിന്നും തെളിഞ്ഞു നില്‍പ്പൂ.

വിദ്യാലയം സ്വന്തമമ്മയായും
മലയാളമമ്മതന്‍ ഭാഷയായും
ഹൃദയത്തിലേറ്റു ചൊല്ലുന്ന പൈതങ്ങളും
സ്വപ്നത്തിലിന്നും തെളിഞ്ഞു നില്‍പ്പൂ - എന്റെ
സ്വപ്നത്തിലിന്നും തെളിഞ്ഞു നില്‍പ്പൂ

                          - തോമസ് ആനിമൂട്ടില്‍ (ഹെഡ്മാസ്റ്റര്‍)
                             സെന്റ് ജോസഫ് LPS
                              ഇരവിമംഗലം, കോട്ടയം
                            

Mar 13, 2013

വനജ്യോത്സ്ന - കവിത



നിന്റെ മുറ്റത്തു നില്‍ക്കുന്ന തേന്മാവിന്‍ ചോട്ടിലായ്
ഞാനാം വനജ്യോത്സ്നയെ ചേര്‍ത്തുവയ്ക്കൂ
ചുറ്റിപ്പിണരുവാനല്ലൊന്നിച്ചൊരേ മുറ്റത്തു
മറ്റെല്ലാം മറന്നൊന്നു നില്‍ക്കുവാന്‍ മാത്രം.

ഒന്നിച്ചു നിന്നൊരിളം നിലാവിന്‍ കുളിര്‍മയും
നിശയുടെ സംഗീതവും കാറ്റിന്‍ തലോടലും
പിന്നെയുമെത്രയോ ഋതുഭേദ പകര്‍ച്ചയും
ഒരേ താളത്തിലീണത്തിലേറ്റു വാങ്ങാം.

ജാലകം തുറന്നു നീ പണ്ടു തന്നൊരാ സ്വപ്നങ്ങള്‍
വാതിലും തുറന്നിന്നും കാത്തിരിക്കുന്നുവോ.....
അന്നു തൊട്ടിന്നോളം നാം പകരേണ്ട രാഗങ്ങള്‍
പൂക്കളും പൂമ്പാറ്റയും പങ്കിടട്ടെ.....

ആര്‍ദ്രമീ നിറമുള്ള നിനവുകള്‍
ഉണ്മയായ് ഉയിരായ് നിറയുമ്പോള്‍
ചാറ്റല്‍മഴയുടെ പുഞ്ചിരിതിളക്കമായ്
ചുറ്റുമൊരായിരം വാക്കായ് നീ നിന്നു പെയ്യുന്നു.

മോഹമില്ലിനിയാ മാറില്‍ തലചായ്ക്കാന്‍
ഒട്ടുമേയില്ല മോഹഭംഗങ്ങളും എങ്കിലും;
ഒരു ‌‌ചെറു വിരല്‍ സ്പര്‍ശത്തിനുള്ളൊരാശകള്‍
ഒരു കാറ്റില്‍ തലോടലായ് വന്നണഞ്ഞെങ്കിലോ.....

ഒന്നിച്ചൊന്നുമറിയാത്തപോല്‍ എല്ലാമറിഞ്ഞ്
ഒരു ഗൂഢസ്മിതത്തില്‍ ചേര്‍ന്നു നില്‍ക്കാം.
മണ്ണിനടിയിലാം ആഴത്തിലാം വേരുകള്‍
ശിവപാര്‍വതീകേളികളാടട്ടെ നിത്യവും.

ലിമ വി. കെ.
എസ്.എം.എച്ച്.എസ്.മേരികുളം

Feb 25, 2013

എസ്.എസ്.എല്‍.സി. മോഡല്‍ പരീക്ഷ ഉത്തരങ്ങള്‍ - ആതിര രാജു




എസ്.എസ്.എല്‍.സി. മോഡല്‍ പരീക്ഷ  വിജയകരമായി പൂര്‍ത്തിയായി. എല്ലാ അദ്ധ്യാപകരും ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണ്ണയം നടത്തി കുട്ടികള്‍ക്ക് നല്കിയും കഴിഞ്ഞു. അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും എത്ര പരിശ്രമിച്ചാലും മലയാളം ഒന്നാം പേപ്പറിന് ആരും മുഴുവന്‍ മാര്‍ക്ക് വാങ്ങരുത് എന്നൊരുദ്ദേശ്യം ചോദ്യകര്‍ത്താക്കള്‍ക്കുള്ളതുപോലെയാണ് ചോദ്യങ്ങളുടെ പോക്ക്. പാഠപുസ്തത്തിലോ കൈപ്പുസ്തകത്തിലോ സൂചിപ്പിക്കാത്ത വ്യാകരണഭാഗങ്ങള്‍ അവ വ്യാകരണമല്ല എന്ന മട്ടില്‍ ചോദ്യങ്ങള്‍ സൃഷ്ടിക്കുന്നത് ആര്‍ക്കുവേണ്ടിയാണ്? ഡിണ്ഡിമകല്പന്മാര്‍, കലാവിമര്‍ശനം, നിഷ്കണ്ടകം, നല്ലമ്മ ഈ വാക്കുകളൊക്കെ പാഠപുസ്തകത്തിലുള്ളതു തന്നെ. ഇതിലും 'പഷ്ട്' വാക്കുകള്‍ മുണ്ടശ്ശേരിമാഷിന്റെയും കുട്ടിക്കൃഷ്ണ മാരാരുടേയും ലേഖനത്തില്‍ കാണുകയും ചെയ്യും. പക്ഷേ ഭാഷയുടെ പ്രയോഗവശം മാത്രം പരിശീലിച്ച് ഒമ്പതാം തരം വരെ പഠിച്ചുവരുന്ന വിദ്യാര്‍ത്ഥികള്‍ പത്താം തരത്തില്‍ കടന്നാല്‍ ഭാഷയുടെ വൈജ്ഞാനിക തലത്തില്‍ മഹാപാണ്ഡിത്യം നേടണം എന്ന് വാശിപിടിക്കേണ്ടതുണ്ടോ?
മോഡല്‍ പരീക്ഷ കുട്ടികള്‍ക്ക് എങ്ങനെ അനുഭവപ്പെട്ടു എന്ന് അറിയാനായി ഒരു ഉത്തരക്കടലാസുകൂടി പോസ്റ്റുചെയ്യുകയാണ്. തലയോലപ്പറമ്പ് ഏ. ജെ. ജോണ്‍ മെമ്മോറിയല്‍ ഹൈസ്ക്കൂളിലെ ആതിര രാജുവാണ് ഈ ഉത്തരങ്ങള്‍ എഴുതിയത്. ഉത്തരങ്ങള്‍ വിദ്യാരംഗത്തിനായി അയച്ചുതന്നത് ഷംലടീച്ചറാണ്.

Feb 9, 2013

പ്രതിമ




പ്രതിമ

ഓണത്തിരക്കാണ്, മഴയാണ്, നഗരത്തി -
നോളങ്ങളില്‍ മുങ്ങി, പൊങ്ങിയുമങ്ങനെ
ഞാനൊഴുകീടവേ, നാലുവഴികളും
സംഗമിച്ചീടും ദിശയിലായങ്ങനെ
ഊന്നു വടികളില്‍ ദേഹഭാരം താങ്ങി
നില്‍ക്കുന്ന മട്ടില്‍ പ്രതിമയൊന്നിങ്ങനെ....
(ഇത്രയുംനാളീ പറവകള്‍ കാഷ്ഠിച്ച്
വൃത്തികേടാക്കിയ രൂപമിന്നെങ്ങനെ
കാല പരിണതിയേറെക്കടന്നിട്ടു-
മുജ്ജ്വലിക്കുന്നൂ രവിതുല്യമിങ്ങനെ ! )
      
         ഞാനറിയുന്നൂ, മനുഷ്യജന്മത്തിന്റെ
പൂര്‍ണ്ണതയാണ് ഭവാനെന്നൊരുണ്മയെ
ആര്‍ഷ പാരമ്പര്യ ദീപ്തിയില്‍ ജീവിതം
സമ്പന്നമാക്കിയ കേവലമാനവം
ഏതധികാരക്കസേരയും കുമ്പിടും
താത പരിവേഷമാര്‍ന്ന ജന്മത്തിനെ

             ഏതു കൃതഘ്നത നിന്‍ വിരിമാറിലേ-
ക്കായിരം ലോഹ കണങ്ങളെറിഞ്ഞാലും
ഭൗതിക ദേഹപരിമിതി ഭേദിച്ച
ദേഹിയീ നാടിന്‍ സിരാപടലങ്ങളില്‍
കര്‍മ്മ ചൈതന്യമായ് സംക്രമിക്കും, നൂറു -
നൂറായിരം പുതുപൂക്കള്‍ വിടര്‍ന്നിടും.

           ഇന്നീ പ്രതിമ തുടച്ചു മിനുക്കുവാന്‍
ഞങ്ങള്‍ മറന്നാലും, കാലം മറക്കാതെ
മേഘങ്ങളാം നൂറു നീര്‍ക്കുടമേന്തിവ -
ന്നെങ്ങും കഴുകിത്തുടയ്ക്കയാണെപ്പൊഴും.
                                             - ബാലകൃഷ്ണന്‍ മൊകേരി


Feb 5, 2013

ഓര്‍മ്മകള്‍ മായുന്നു - കവിത


വഴിതെറ്റി, കണ്ണുകള്‍ പാതിരാപ്പാടത്ത്
പഴനെല്ല് കൊയ്യും കിനാവ്‌ കണ്ടു
കരയുന്നു പിന്നെ ചിരിക്കുന്നു വീണ്ടുമെന്‍
കദനങ്ങള്‍ പായാരം പങ്കിടുന്നു.

ചിതറിത്തിമിര്‍ത്തെത്തും മോഹനീര്‍ച്ചാര്‍ത്തെന്നെ
എതിരിട്ടുചൊല്ലി ഒഴുകില്ല ഞാന്‍
മനസ്സിന്റെ തീരത്ത്‌ ചാഞ്ഞുനില്‍ക്കും
സ്നേഹമരവും പറഞ്ഞിനി പൂക്കില്ല ഞാന്‍.

മറവികള്‍ ഓര്‍മയുടെ മതിലുംകടന്നെത്തി
കരിപൂണ്ട മൂലയില്‍ കാത്തുനിന്നു
അവയെന്റെ കരളിന്റെ കരളില്‍ കഠാരയുടെ
തെളിമുന കൊണ്ടുപടം വരച്ചു.

കണ്ണീരുറഞ്ഞു ഹിമാമാലയായി മാറുന്നു
ഉരുക്കിയൊഴുക്കുവാന്‍ സൂര്യനില്ല
പഴമയുടെ പലകയിലമരുന്നിരിക്കുന്നു
തെളിയാത്ത ചിത്രങ്ങള്‍ ചിന്തപോലെ.

മനസ്സിന്റെ കോണിന്നിരുട്ടത്തു ചാരിനി-
ന്നൊരു വീണ മീട്ടുന്നപശ്രുതികള്‍
ചിതലുകള്‍ തിന്നുതീര്‍ത്തോടുവില്‍ എറിഞ്ഞു
പൊന്‍ മണികള്‍ അലുക്കിട്ട എന്‍ ചിലങ്ക.

മിഴിനീരൊഴിച്ചു ഞാന്‍ സൂക്ഷിച്ച ചിപ്പികളില്‍
മിഴിതുറന്നില്ല തൂമുത്തുമണി
ഓര്‍മ്മയുടെ ചിത്രങ്ങളൊട്ടിച്ച പുസ്തകത്തി-
ന്നാഴങ്ങളില്‍ മയില്‍‌പ്പീലി ചത്തു.

കനിവേതുമില്ലാതെ കനല്‍ക്കൂന ചിതറിച്ചു
മുകളില്‍ തിളങ്ങുന്ന മീനസൂര്യന്‍
കരളിന്നഗാധതയില്‍ അലറുന്ന സാഗരത്തി--
ന്നരികില്‍ തളര്‍ന്നു ഞാന്‍ വീഴുമെന്നോ...

മറവികള്‍ മരണമില്ലാതമരത്വമാര്‍ന്നതില്‍
അലിയുന്നമരുന്നു നിത്യതയില്‍
മറവികള്‍ മരണമില്ലാതമരത്വമാര്‍ന്നതില്‍
അലിയുന്നമരുന്നു നിത്യതയില്‍.


അനിതാ ശരത്
മലയാളം അദ്ധ്യാപിക
ഗവ. ഹൈസ്കൂള്‍, കാലടി
തിരുവനന്തപുരം