എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Jun 18, 2013

ഏകാന്തമായ വാര്‍ദ്ധക്യം - കഥ



കിഴക്ക് വെളുക്കുന്നതേയുള്ളൂ. വാതില്‍ പാളിയിലൂടെ അരിച്ചിറങ്ങുന്ന ഇത്തിരി വെളിച്ചം നോക്കി അല്പനേരം കൂടി കിടന്നു. പിന്നെ ഒരുവശം ചെറുതായി കീറിപ്പോയ കറുത്ത കരിമ്പടം മാറ്റി പതുക്കെ എഴുന്നേറ്റു. അത് വടക്കേതിലെ മണ്ണാത്തിക്ക് അലക്കാന്‍ കൊടുത്തിട്ട് തിരിച്ചുവാങ്ങരുതെന്ന് മകന്‍ പറയാന്‍ തുടങ്ങിയിട്ട് മാസങ്ങളേറിയിരിക്കുന്നു. അവന്‍ അയച്ചുതന്ന റോസാപ്പൂവിന്റെ ഇതളുകളുടെ ചിത്രമുള്ള കരിമ്പടം പുതയ്ക്കാന്‍ എന്തോ അയാള്‍ മടിച്ചു. നാസാരന്ത്രങ്ങളെ തുളച്ചുകയറുന്ന അതിന്റെ ഗന്ധം അയാളില്‍ ഒരു വല്ലാത്ത അസ്വസ്ഥത സൃഷ്ടിച്ചു.
മുട്ടിന് ഇന്നൊരല്പം വേദന കുറവുണ്ട്. അയാള്‍ ടേപ്പ്റിക്കോര്‍ഡറിന്റെ ബട്ടന്‍ അമര്‍ത്തി. അതില്‍നിന്നും വൈകിയെങ്കിലും ഒഴുകിയെത്തുന്ന പ്രഭാതകീര്‍ത്തനം കേട്ടുകൊണ്ടാണ് അയാള്‍ പ്രഭാതകൃത്യങ്ങള്‍ ആരംഭിക്കുക. പതിവുപോലെ ഓട്ടുവിളക്കില്‍ എണ്ണപകര്‍ന്ന് തിരികൊളുത്തി, തൊഴുകൈയുമായി നില്‍ക്കുമ്പോള്‍ അയാള്‍ ചിന്തിച്ചു.
എന്താണ് പ്രാര്‍ത്ഥിക്കാന്‍?
ഒന്നുമില്ല.
കുറച്ചുകാലംകൂടി ഈ ജീവന്‍ നിലനിര്‍ത്തിത്തരണമെന്നോ! അതോ ഈ ഏകാന്ത വാര്‍ദ്ധക്യത്തിന് ഒരറുതിയുണ്ടാക്കിത്തരണമെന്നോ!
പതിവുപോലെ അന്നും അയാള്‍ ഒന്നും പ്രാര്‍ത്ഥിച്ചില്ല. തൊഴുകൈ മടക്കുന്നതിനുമുമ്പ് പുറത്തുനിന്ന് വിളി കേട്ടു
''ചെട്ടിയാരേ''

Jun 11, 2013

നളചരിതം ആട്ടക്കഥയിലെ ഹംസം - കഥാപാത്ര നിരൂപണം



നളചരിതം ആട്ടക്കഥ ഒന്നുകൊണ്ടുമാത്രം മലയാള സാഹിത്യത്തില്‍ ചിരപ്രതിഷ്ഠ നേടിയ കവിയാണ് ഉണ്ണായി വാര്യര്‍. അദ്ദേഹത്തിന്റെ കഥാപാത്ര സൃഷ്ടീവൈഭവത്തിന് ഉത്തമ ഉദാഹരണമാണ് നളചരിതത്തിലെ ഹംസം. മഹാഭാരതകഥയിലെ കളഹംസത്തെ സ്വര്‍ണ്ണവര്‍ണ്ണവും മഞ്ജുനാദവുമുള്ള സവിശേഷകഥാപാത്രമാക്കി ഉണ്ണായി വാര്യര്‍ മാറ്റി.
നളന്റെ പ്രണയദൂതുമായാണ് ഹംസം കുണ്ഡിനപുരത്തെ ഉദ്യാനത്തില്‍ ഉലാത്തുന്ന ദമയന്തിയുടെ മുന്നിലേയ്ക്ക് പറന്നിറങ്ങുന്നത്. ദമയന്തിയാകട്ടെ നളഗുണഗണങ്ങള്‍ പറഞ്ഞുകേട്ടുതന്നെ നളനില്‍ അനുരാഗവതിയും. ദമയന്തിയുടെ ഉള്ളിലിരുപ്പ് അറിയുക, നളന്റെ പ്രണയം അറിയിക്കുക, ദമയന്തിയുടെ മനസ്സ് നളനില്‍ ഉറപ്പിക്കുക ഇവയാണ് ദൂതനെന്ന നിലയില്‍ ഹംസത്തിന്റെ ലക്ഷ്യം.
രൂപഭാവങ്ങള്‍ കൊണ്ടുതന്നെ ദമയന്തിയുടെ ശ്രദ്ധയാകര്‍ഷിക്കാനും വിശ്വാസം പിടിച്ചുപറ്റാനും ഹംസത്തിനാകുന്നുണ്ട്. ഹംസം ഉദ്യാനത്തിലേയ്ക്കുപറന്നിറങ്ങുന്ന ഭാഗം ഉണ്ണായിവാര്യര്‍ വര്‍ണിച്ചിരിക്കുന്നത് ഈ വസ്തുത വ്യക്തമാകത്തക്കരീതിയിലാണ്. മിന്നല്‍ക്കൊടിയായും, വിധുമണ്ഡലമായും സംശയിക്കപ്പെടുന്ന ഹംസത്തിന്റെ വരവ് തന്റെ കണ്ണുകള്‍ക്ക് 'പീയുഷഝരിക'യായി മാറി എന്ന് ദമയന്തി പറയുന്നു. മനംമയക്കുന്ന ഉദ്യാനക്കാഴ്ചകളെല്ലാം ദമയന്തിക്ക് ദുഃഖകാരണമാണ് എന്നു പറഞ്ഞുകൊണ്ടിരുന്നപ്പോഴാണ് ഹംസം ആ രംഗത്തേയ്ക്കുകടന്നുവന്നത്. വിരഹദുഃഖത്തിന്റെ കരിമേഘങ്ങളാല്‍ ആവൃതമായിരുന്ന ദമയന്തിയുടെ ഹൃദയത്തിലേയ്ക്ക് ആഹ്ലാദത്തിന്റെ പൊന്‍വെളിച്ചം വിതറിക്കൊണ്ട് ഒരു മിന്നല്‍ക്കൊടിയായി ഹംസം പറന്നിറങ്ങുന്നു.

Jun 6, 2013

രാവേ, നീ പോകരുതേ! (അല്ല പോയിവരൂ!) - ആശയം




രാവേ, നീ പോകരുതേ! (അല്ല പോയിവരൂ!) എന്ന കവിതയിലൂടെ കേരളത്തിന്റെ സമ്പന്നമായ കലാപാരമ്പര്യത്തെ ആസ്വാദകന്റെ മുമ്പില്‍ അവതരിപ്പിക്കുകയാണ് അയ്യപ്പപ്പണിക്കര്‍. സാമാന്യം ദീര്‍ഘമായ ഈ കവിതയില്‍ കേരളത്തെ ഒരുകലാമണ്ഡലമായി അവതിപ്പിക്കുന്ന ഭാഗമാണ് പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇത് (കേരളം) കലാമണ്ഡലമാണ്. കേരളത്തനിമ നിറഞ്ഞുനില്‍ക്കുന്ന ഒരു പ്രദേശം. തിരകളാകുന്ന തളിരുകള്‍ കോട്ടി അതില്‍ ഒരുപിടിക്കുളിരുമായി നിളാനദി തന്റെ പ്രവാഹത്തിനിടയില്‍ ഇവിടെ ചെറുതുരുത്തിക്കടവില്‍ വിശ്രമിക്കാനെത്തുന്നത് അല്ലയോ മലയാളമേ, നീ ഓര്‍മ്മിക്കുക. കേരളത്തിന്റെ തനതുകലകളായ കഥകളി, തുള്ളല്‍ മുതലായവയുടെ അഭ്യസനത്തിനും പ്രോത്സാഹനത്തിനുമായി മഹാകവി വള്ളത്തോള്‍ സ്ഥാപിച്ച കേരളകലാമണ്ഡലം സ്ഥിതിചെയ്യുന്നത് നിളാതീരത്തുള്ള ചെറുതുരുത്തിയാലാണ്. അതുകൊണ്ടായിരിക്കാം വളരെദൂരം വളഞ്ഞുപുളഞ്ഞൊഴുകി പരിക്ഷീണിതയായി എത്തുന്ന നിളാനദി ചെറുതുരുത്തിയില്‍ കലകളാസ്വദിച്ച് അല്പം വിശ്രമിക്കുന്നതായി കവി സങ്കല്പിക്കുന്നത്. മലയാളദേശത്തോട് (മലയാളികളോട്) അതിന്റെ കലാപാരമ്പര്യം നിലനിര്‍ത്തുന്നതിന് കലാമണ്ഡലം സ്ഥാപിക്കുന്നതിനായി മഹാകവി സഹിച്ച ത്യാഗത്തെ അനുസ്മരിക്കാനും കവി നിര്‍ദ്ദേശിക്കുന്നു. ആ മഹാനുഭാവന്‍ വളരെ കഷ്ടതകളനുഭവിച്ച് ഉരുക്കൂട്ടിയെടുത്ത ആ കലാകേദാരം ഊഷരമാവാതെ സുക്ഷിക്കാനുള്ള ഉത്തരവാദിത്തം മലയാളികള്‍ക്കുണ്ട് എന്ന് ഓര്‍മ്മിപ്പിക്കുകകൂടിയാവാം കവിചെയ്യുന്നത്.