എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Sep 30, 2010

അര്‍ദ്ധവാര്‍ഷിക മൂല്യനിര്‍ണ്ണയം

ഈ അദ്ധ്യയനവര്‍ഷം പാഠ്യപദ്ധതി പരിഷ്കരണം നടന്നിരിക്കുന്നത് ഒമ്പതാം തരത്തിലായതിനാല്‍ ആദ്യ പരീക്ഷ എന്ന നിലയില്‍ ഇപ്പോള്‍ നടക്കാന്‍ പോകുന്ന അര്‍ദ്ധവാര്‍ഷിക മൂല്യനിര്‍ണ്ണയത്തെ സംബന്ധിച്ച് അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഏറെ ആശങ്കകളുണ്ടായിരുന്നു. എന്നാല്‍ സെപ്തംബര്‍ 4, 25 തീയതികളിലായി നടന്ന അദ്ധ്യാപകശാക്തീകരണ പരിപാടികളോടെ ഈ ആശങ്ക പൂര്‍ണ്ണമായും മാറിയതായിത്തോന്നുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നമ്മുടെ ബ്ലോഗിലേയ്ക്കു് ഇ-മെയിലിലും തപാലിലും വന്നുകൊണ്ടിരിക്കുന്ന ചോദ്യപ്പേപ്പര്‍ മാതൃകകളുടെ ആധിക്യമാണ് ഇങ്ങനെയൊരു ധാരണയ്ക്ക ഇടവയ്ക്കുന്നത്. പരിശീലനത്തിലൂടെ മൂല്യനിര്‍ണ്ണയത്തെ സംബന്ധിച്ച് വ്യക്തമായ ധാരണ അദ്ധ്യാപകര്‍ നേടിക്കഴിഞ്ഞിരിക്കുന്നു. ഇനി അത് കുട്ടികളിലെത്തിക്കുകയേ വേണ്ടൂ. അതിനുള്ള ശ്രമമാണ് നമ്മള്‍ ചോദ്യമാതൃകകള്‍ പോസ്റ്റുചെയ്യുന്നതിലുടെ നടത്തുന്നത്. ശ്രീ കെ. പി. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ വെളിയനാട് സെന്റ് പോള്‍സ് ഹൈസ്ക്കൂളിലെ മലയാളം സബ്ജക്ട് കൗണ്‍സില്‍ തയ്യാറാക്കിയ ഒമ്പതാം തരം കേരള പാഠവലിയെ അടിസ്ഥാനമാക്കിയുള്ള ചോദ്യമാതൃകയാണ് ഇന്നത്തെ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വേണ്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുമല്ലോ!

Sep 29, 2010

തുഞ്ചന്‍ പറമ്പിലേയ്ക്ക് - യാത്രാവിവരണം

സമയം രാവിലെ 7.20. ഒരു ട്രെയിന്‍ യാത്രയുടെ സുഖവും സ്വസ്ഥതയും ആസ്വദിക്കാം എന്നുകരുതിയാണ് ആലുവയില്‍ നിന്നും മലബാര്‍ എക്സ് പ്രസ്സില്‍ യാത്ര ആരംഭിച്ചത്. പക്ഷേ നല്ല തിരക്ക്. ശബരിമല സീസണ്‍ ആയതുകൊണ്ടായിരിക്കാം. എങ്കിലും കണ്‍കുളിര്‍പ്പിക്കുന്നതും നൊമ്പരപ്പിക്കുന്നതുമായ പല കാഴചകളും കാണാനായി. കൊയ്യാറായി തല കുനിച്ചിനില്‍ക്കുന്ന നെല്‍ച്ചെടികള്‍, തട്ടുതട്ടായി കിടക്കുന്ന വയലേലകള്‍, തെങ്ങിന്‍തോപ്പുകള്‍, വാഴത്തോട്ടങ്ങള്‍. മനസ്സുമന്ത്രിച്ചു, കാര്‍ഷിക സംസ്കാരം ഇവിടെ പാടേ നശിച്ചിട്ടില്ല. പക്ഷേ, ഷൊര്‍ണ്ണൂര്‍ സ്റ്റേഷന്‍ അടുക്കുമ്പോഴേയ്ക്കും കരളലിയിക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. മജ്ജയും മാംസവും നഷ്ടപ്പെട്ട് അസ്ഥിമാത്രശേഷയായി ഒഴുകുന്ന നിളാനദി. വിശാലമായ മണല്‍പ്പരപ്പില്‍ ചെറിയൊരു നീരൊഴുക്ക്. എങ്ങനെ ഭാരതപ്പുഴയെ രക്ഷിക്കാം എന്നതായിരുന്നു മനസ്സുനിറയെ. ഏകദേശം രണ്ടുമണിക്കൂര്‍ യാത്ര ചെയ്തപ്പോള്‍ തിരൂര്‍ സ്റ്റേഷനിലെത്തി. അവിടെനിന്നും തുഞ്ചന്‍ പറമ്പിലേയ്ക്കു തിരിച്ചു.
അവിചാരിതമായി വീണുകിട്ടിയ അസുലഭയാത്രയായിരുന്നു അത്, മലയാണ്മതന്‍ മഹേശ്വരന്റെ ജന്മദേശം കാണാനും ആപുണ്യഭൂമി തൊട്ടുവന്ദിക്കാനും. ആ നിമിഷം മനസ്സും ശരീരവും കോള്‍മയിര്‍ കൊണ്ടു. വിശാലമായ തുഞ്ചന്‍ പറമ്പിന്റെ മടിത്തട്ടില്‍ ഒരു അരുമക്കുഞ്ഞെന്നവണ്ണം ചേര്‍ന്നിരുന്നു. ആ സ്നേഹലാളനകള്‍ ആവോളം നുകര്‍ന്നു. മനസ്സ് അറിയാതെ ഉരുവിട്ടു, "ഭാരതീ പദാവലി തോന്നേണം കാലേ കാലേ".
കേരളീയ വാസ്തുശില്പകലയുടെ പ്രൗഢി വിളിച്ചോതുന്ന തുഞ്ചന്‍ പടിപ്പുരയാണ് നമ്മെ ആദ്യം എതിരേല്‍ക്കുന്നത്. ആ തലയെടുപ്പും ഗോപുരങ്ങളും ആരെയാണ് ആകര്‍ഷിക്കാത്തത്! പടിപ്പുരയുടെ പച്ചപ്പരവതാനി വിരിച്ച തിരുമുറ്റം കണ്ണുകള്‍ക്കും മനസ്സിനും കുളിര്‍മ്മ പകരുന്നു. അകത്തേയ്ക്ക് കയറിച്ചെല്ലുമ്പോള്‍ നമ്മെ എതിരേല്‍ക്കുന്നത് പലവര്‍ണ്ണങ്ങളില്‍ പൂത്തുലഞ്ഞുനില്‍ക്കുന്ന പൂങ്കാവനമാണ്. എവിടെനിന്നോ ഉച്ചഭാഷിണിയുടെ ചില അലയൊലികള്‍ കാതില്‍ വന്നലച്ചു. നാടന്‍ പാട്ടിന്റെ തുടിതാളം. ഒപ്പം മനോഹമായ ശീലുകളും. അടുത്തുചെന്നപ്പോള്‍ കുറച്ചു കുട്ടികള്‍ പണിയാളരുടെ വേഷമണിഞ്ഞ് മത്സരത്തിനൊരുങ്ങിയിരിക്കുന്നതു കണ്ടു. അവരോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. നാടന്‍ പാട്ടിന്റെ സംസ്ഥാനതല മത്സരമാണ് നടക്കുന്നത്, വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍.
എന്തായാലും വന്ന വിവരം സംഘാടകരെ അറിയിക്കണമല്ലോ. മൂന്നു ദിവസത്തെ ശില്പശാലയുടെ ഉറക്കച്ചടവും ക്ഷീണവും സ്ഫുരിക്കുന്ന മുഖഭാവത്തോടെ ഇരിക്കുന്ന സംഘാടകര്‍ക്ക് ഞങ്ങളുടെ അനവസരത്തിലുള്ള വരവ് അത്ര രസിച്ചില്ല. സമ്മാനമൊക്കെത്തരാം, ഒരു കാര്യം ചെയ്യൂ ,പേര് രജിസ്റ്റര്‍ ചെയ്തിട്ട് നാടന്‍ പാട്ട് കേട്ടോളൂ. ഔദാര്യത്തോടെ ഒരു വിശാലമനസ്കന്‍ മൊഴിഞ്ഞു.
മനോഹരമായ ആ ഓഡിറ്റോറിയം ഞങ്ങളെ മാടിവിളിച്ചെങ്കിലും ഞങ്ങള്‍ പോയത് തുഞ്ചന്‍ സ്മാരക മണ്ഡപത്തിലേയ്ക്കാണ്. അവിടെയാണ് ആചാര്യന്‍ ജനിച്ചത്. ഭക്തിസാന്ദ്രമായ ആ മണ്ഡപത്തിനുചുറ്റും വലംവയ്ക്കുമ്പോള്‍ ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേയ്ക്കു കൈരളിയെ നയിച്ച ആ സൂര്യതേജസ്സിനുമുമ്പില്‍ ശിരസ്സുനമിച്ചു.
അവിടെനിന്നും തുഞ്ചന്‍ സ്മാരക ഗവേഷണകേന്ദ്രത്തിലേയ്ക്കു പോകുന്ന വഴിയില്‍ ഞങ്ങളെ എതിരേല്‍ക്കാന്‍ തകഴി നട്ട തെങ്ങും വള്ളത്തോളും മജ്നുസുല്‍ത്താന്‍ പുരിയും നട്ട മാവുകളും തലയാട്ടി നില്‍ക്കുന്നുണ്ടായിരുന്നു. ആ പച്ചിലച്ചാര്‍ത്തിനിടയില്‍ ആ കലാഹൃദയങ്ങള്‍ ഒളിച്ചിരുപ്പുണ്ടാവും എന്നു ഞങ്ങള്‍ പ്രത്യാശിച്ചു. ഗവേഷണകേന്ദ്രത്തിന്റെ ഭാഗത്ത് പ്രതിഷ്ഠിച്ചിരിക്കുന്ന തുഞ്ചത്താചാര്യന്റെ എഴുത്താണിയും ഓലയും ആരെയും കോള്‍മയിര്‍കൊള്ളിക്കും. കഥകളി, തുള്ളല്‍, കൃഷ്ണനാട്ടം, തെയ്യം എന്നീ കലകളെ തൊട്ടറിയാനും ആസ്വദിക്കാനും ഉതകുന്ന വീഡിയോ പ്രദര്‍ശനങ്ങള്‍ ആകര്‍ഷകമാംവിധം ഒരുക്കിയിരിക്കുന്നു. കേരളീയ സാംസ്കാരിക ചരിത്രത്തിന്റെ പൗരാണിക മധ്യകാലങ്ങളെ അവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെങ്കിലും ആധുനിക ഘട്ടം ഉദ്ഘാടനം ചെയ്യാന്‍ പേകുന്നതേയുള്ളൂ.
മലയാള ഭാഷയുടെ പിതാവിന്റെ മനസ്സ് തൊട്ടറിയാനും അറിവിന്റെ ചക്രവാളത്തിലേയ്ക്ക് ചിറകുവിടര്‍ത്തി പറന്നുയരുവാനും ഈ ഗവേഷണകേന്ദ്രം ഒരു നാഴികക്കല്ലായിരിക്കുമെന്നതില്‍ സംശയമില്ല. തൊട്ടടുത്തായി സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥികള്‍ക്കായി ഒരു റഫറന്‍സ് ലൈബ്രറിയുണ്ടെങ്കിലും അത് അടച്ചിട്ടിരിക്കുകയായിരുന്നു.
കിളിപ്പാട്ടെന്നു പറയുമ്പോള്‍ കിളിമകളെ വിസ്മരിക്കുക വയ്യ. എഴുത്തച്ഛന്റെ കിളിമകളും എഴുത്താണിയും എഴുത്തോലയും വിശാലമായ ഒരു മണ്ഡപത്തില്‍ തീര്‍ത്ഥാടകര്‍ക്കായി പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ആ കിളിമകളെ ആരാധനയോടെ ഒരു നിമിഷം നോക്കിനിന്നു. പിന്നെ എഴുത്താണിയും എഴുത്തോലയും തൊട്ടുവന്ദിച്ചു.
എഴുത്ത് പരിശീലിപ്പിക്കുന്ന ആശാന്‍ തന്നെയാണല്ലോ എഴുത്തച്ഛന്‍. അപ്പോള്‍ തുഞ്ചന്‍ പറമ്പില്‍ ഒരു കളരി അന്വര്‍ത്ഥമാണ്. വൃക്ഷങ്ങളാല്‍ നിബിഡമായ തുഞ്ചന്‍ പറമ്പ് ഗുരുകുലങ്ങളെ അനുസ്മരിപ്പിക്കുന്നു.
വാഗ്ദേവതയായ സരസ്വതി തന്നെയാണ് തുഞ്ചന്‍ പറമ്പിലെ അധിദേവത. സരസ്വതീദേവിയുടെ കൃപാകടാക്ഷം - അതുതന്നെയാണ് ഏവരുടെയും ലക്ഷ്യം. അതിനായി ഒരു സരസ്വതീമണ്ഡപവും അവിടെയുണ്ട്. കൂടാതെ ഒരു വിശ്രമമന്ദിരവും.
ജന്മനാട്ടില്‍ നിന്നും പാലായനം ചെയ്ത് ചിറ്റൂരില്‍ അഭയം തേടാന്‍ കാരണക്കാരായ തിരൂര്‍ക്കാര്‍ പശ്ചാത്താപത്തിന്റെ കൈപ്പുനീര്‍ കുടിച്ചിറക്കി പാപമോചനത്തിനായി സമര്‍പ്പിച്ചതാണ് ഈ സ്മാരകം എന്നു തോന്നുന്നു.
എഴുത്തച്ഛന്റെ പാദസ്പര്‍ശത്താല്‍ പരിപാവനമായ തുഞ്ചന്‍ പറമ്പിലെ കുളവും അതിനു തൊട്ടടുത്തുള്ള കാഞ്ഞിരമരവും ആരാധനയോടും അത്ഭുതത്തോടും ആരും നോക്കി നിന്നുപോകും. കാഞ്ഞിരമരത്തിന്റെ കാറ്റത്തു പറന്നു വീഴുന്ന ഇലകള്‍ക്കു പുറകേ ഞങ്ങള്‍ ഓടിനടന്നു. താഴെ വീഴാതെ പിടിച്ച ഇല കടിച്ചുനോക്കി. വാസ്തവം! കയ്പില്ല തന്നെ. അവിടെയുള്ള മണ്ഡപത്തിനു ചുറ്റും ഹരി ശ്രീ ഗണപതയേ നമഃ എന്ന് മണലില്‍ വിരല്‍ തൊട്ട് എഴുതുമ്പോള്‍ പ്രാര്‍ത്ഥിച്ചു - അനുഗ്രഹിക്കണമേ!
ലത കെ. കെ.
ടീച്ചര്‍
സെന്റ് അലോഷ്യസ് ഹൈസ്ക്കൂള്‍
നോര്‍ത്ത് പറവൂര്‍

Sep 28, 2010

മാതൃകാ ചോദ്യങ്ങള്‍


പത്താം തരം ഉപപാഠ പുസ്തകമായ 'പാത്തുമ്മായുടെ ആടി'ലെ മാതൃകാ ചോദ്യങ്ങളാണ് ഇതോടൊപ്പം നല്‍കിയിരിക്കുന്നത്.അര്‍ദ്ധവാര്‍ഷിക പരീക്ഷ നവംബര്‍ ഒന്നിലേക്ക് മാറ്റിയതിനാല്‍ പരീക്ഷയുടെ തയ്യാരെടുപ്പിനു നമുക്ക് ധാരാളം സമയം അധികമായി ലഭിച്ചിരിക്കുകയാണല്ലോ. ഇത് വേണ്ട വിധം പ്രയോജനപ്പെടുത്താന്‍ നമുക്ക് കഴിയട്ടെ.അതോടൊപ്പം മലയാളം അധ്യാപകര്‍ക്ക് മുഴുവന്‍ പ്രയോജനപ്രദമാകും വിധം മാതൃകാ ചോദ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനായി ഞങ്ങള്‍ക്ക് അയച്ചു തരുന്ന എല്ലാ അധ്യാപക സുഹൃത്തുക്കള്‍ക്കും പ്രത്യേകം നന്ദി.തുടര്‍ന്നും ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

Sep 27, 2010

ഡോക്യുമെന്‍ററി


ചാര്‍ളി ചാപ്ലിനെക്കുറിച്ചു തയ്യാറാക്കിയ ഡോക്യുമെന്‍ററിയാണ് "ചിരിയുടെ രാജകുമാരന്‍". ഇത് തയ്യാറാക്കുന്നതിന് സഹായകമായത് യൂ-ട്യൂബ് വീഡിയോകളും സ്കൂളിലെ കംപ്യൂട്ടര്‍, മൈക്രോഫോണ്‍ എന്നിവയും മാത്രമാണ്.അതുകൊണ്ട് തന്നെ സാങ്കേതികമായ ചില പ്രശ്നങ്ങള്‍ കണ്ടേക്കാം.എങ്കിലും, കേരളത്തിലെ അധ്യാപക സമൂഹത്തിനും വിദ്യാര്‍ഥികള്‍ക്കും ഈ ഡോക്യുമെന്‍ററി ഒരുപോലെ പ്രയോജനം ചെയ്യുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഇവിടെ ദൃശ്യത്തിനു കമന്റായി ഷെറീഫ് മാഷ്‌ നല്‍കിയിരിക്കുന്നത് ഹാന്‍ഡ് ബുക്കിലെ ചാപ്ലിനെ കുറിച്ചുള്ള കുറിപ്പാണ് എന്നത് പ്രത്യേകം എടുത്തു പറയട്ടെ. ഡോക്യുമെന്‍ററി കാണുന്നതിനു ചുവടെ നല്‍കിയിരിക്കുന്ന ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക. ഡൌണ്‍ലോഡ് ചെയ്യുന്നതിന് വേണ്ട ലിങ്കും ചുവടെനല്‍കിയിരിക്കുന്നു.



Sep 26, 2010

കാറ്റാടി (കവിത)

ഓലയിണിഞ്ഞു മെടഞ്ഞെടുത്ത്
ഈര്‍ക്കിലിയിലേക്ക് കൊരുത്തുകേറ്റി
പാടവരമ്പു കറങ്ങിയോടി
വയലിന്റെ കമ്പിയിലൂളിയിട്ടു.
കാറ്റുചുരത്തി കിരുകിരുത്തു
കായല്‍പ്പരപ്പു ഞൊറിഞ്ഞെടുത്തു
കാറ്റുതീര്‍ന്നപ്പോള്‍ കറങ്ങിനിന്നു
പാടവരമ്പത്തുറച്ചുയര്‍ന്നു.
ഈര്‍ക്കിലിരുമ്പായി ഇലയുരുക്കില്‍
ഊക്കോടെ കാറ്റു പുറത്തുപാഞ്ഞു
പച്ചയെ വേഗം ചുരുട്ടിവച്ചു
പാറ്റിത്തെളിചൂ പരമ്പിനുള്ളം.
കതിരിന്റെ തുമ്പേ ; മിന്നാമിനുങ്ങേ,
നാളേയ്കൊരുവട്ടി കാറ്റുപാറ്റു
പെട്ടെന്നു വീശിയുലഞ്ഞകാറ്റില്‍
മിന്നാ മിനുങ്ങിന്റെ ബള്‍ബണഞ്ഞു.
ഓലയിണിഞ്ഞു മെടഞ്ഞെടുക്കാന്‍
ഈര്‍ക്കിലിലേക്കു കൊരുത്തുകേറാന്‍
പാടവരമ്പു കറങ്ങിയോടാന്‍
കുഞ്ഞുകാറ്റാടി തരിച്ചുനിന്നു.

Sep 25, 2010

ചൂണ്ട (കവിത )


പണ്ടൊക്കെ ചൂണ്ടയിട്ടാല്‍

ഒരുപാട് മീനുകള്‍

കുരുങ്ങാറുണ്ടായിരുന്നു.

കുളത്തിലാണെങ്കില്‍

പരലും കാരിയും പോലുളള

ചെറുമീനുകള്‍

പുഴയിലും കടലിലും

വാളയും ആവോലിയും നത്തോലിയും

തുടങ്ങി

കൊമ്പന്‍ സ്രാവുകള്‍ വരെ.

കൊളുത്തില്‍ കോര്‍ത്ത ഇരയ്ക്ക്

മീനുകളെ കുരുക്കാനുള്ള

ദിവ്യശക്തിയുണ്ടായിരുന്നു.

കുരുങ്ങിയവയെ തൊലിപൊളിച്ച്‌

മുളകുപുരട്ടി പൊരിയ്ക്കും .


ഇന്നിപ്പോള്‍

ചൂണ്ടയെ മീനുകള്‍ക്കൊന്നും

പേടിയില്ലാതായി. .

ഗ്രാമത്തിലും നഗരത്തിലുമെല്ലാം

വമ്പന്‍ മീനുകള്‍ വിലസുന്നു.

അവ നോട്ടുകളെറിഞ്ഞു

ചൂണ്ടയെ അകറ്റുന്നു.

കാക്കിയും ഖദറും ഗൌണുമണിഞ്ഞ

ചൂണ്ടകള്‍

ഇരുട്ടില്‍ ചൂണ്ടയെറിഞ്ഞു

കൊച്ചുമീനുകളെ കുരുക്കി-

ചാനല്‍ച്ചന്തയില്‍

കൂടിയവിലയ്ക്ക് വില്‍ക്കുന്നു..


ചാനല്‍ച്ചട്ടിയില്‍

ഉപ്പും പുളിയും എരിവും ചേര്‍ത്തു

വഴറ്റിയ ചീഞ്ഞളിഞ്ഞ മീനുകള്‍

നിത്യേന തിന്നു

ജനം മുഴുക്കെ

രോഗികളായി. .

Sep 23, 2010

അര്‍ദ്ധവാര്‍ഷിക മൂല്യനിര്‍ണ്ണയം



ഒമ്പതാം തരം കേരളപാഠാവലിയെ അടിസ്ഥാനമാക്കി അര്‍ദ്ധവാര്‍ഷിക മൂല്യനിര്‍ണ്ണയത്തിനുള്ള ഈ ചോദ്യമാതൃക തയ്യാറാക്കിയിരിക്കുന്നത് കടവൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്ക്കൂള്‍ അദ്ധ്യാപകനായ ശ്രീ വി. എം. സജീവ് സാറാണ്. മൂല്യനിര്‍ണ്ണയ ചോദ്യങ്ങള്‍ കുട്ടികളെ പരിചയപ്പെടുത്താനും അതുവഴി അവര്‍ക്ക് അര്‍ദ്ധവാര്‍ഷിക പരീക്ഷയെ കൂടുതല്‍ ആത്മവിശ്വാസത്തോടെ നേരിടാനും അവസരമൊരുക്കാനുള്ള എളിയ ശ്രമമാണിത്. ഈ ചോദ്യമാതൃകകള്‍ക്ക് എന്തെങ്കിലും കുറവു തോന്നുകയാണെങ്കില്‍ അവ കമന്റ് രൂപത്തില്‍ അയയ്ക്കുന്നത് കൂടുതല്‍ മികച്ച ചോദ്യങ്ങള്‍ തയ്യാറാക്കുന്നതിന് സഹായകമാകും. എല്ലാ അദ്ധ്യാപകസുഹൃത്തുക്കളുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

Sep 22, 2010

ത്രീ ഇഡിയറ്റ്സ് - കാഴ്ചക്കുറിപ്പ്

സുഹൃത്തുക്കള്‍ക്ക് പരസ്പരം സ്വാധീനിക്കാനാവുമെന്നത് ഏവരും അംഗീകരിക്കുന്ന ഒരു കാര്യമാണ്. എന്നാല്‍ അത് മിക്കവാറും വീട്ടുകാരടങ്ങുന്ന സമൂഹത്തിനംഗീകരിക്കാനാകില്ല. എത്രയൊക്കെ പുരോഗമനം നമ്മള്‍ പറഞ്ഞാലും മക്കള്‍ക്ക് അവനവന്റെ ഭാവി സ്വയം നിശ്ചയിക്കാന്‍ വിട്ടുകൊടുക്കുന്ന എത്ര രക്ഷിതാക്കള്‍ നമ്മുടെയിടയിലുണ്ട്? രക്ഷിതാക്കളുടെ സ്വപ്നങ്ങളെ സാക്ഷാത്ക്കരിക്കലല്ലേ ഇന്നത്തെ കുട്ടികളുടെ പഠനം? ഒരു എന്‍ജിനീയറിംഗ് കോളേജില്‍ പഠനത്തിനായെത്തിയ മൂന്നു സുഹൃത്തുക്കളുടെ, രാഞ്ചോ(അമീര്‍ഖാന്‍), ഫര്‍ഹാന്‍(മാധവന്‍), രാജു(ഷര്‍മന്‍ ജോഷി) കോളേജ് ജീവിതവും വര്‍ഷങ്ങള്‍ക്കു ശേഷമുള്ള കൂടിക്കാണലുമാണ് ത്രീ ഇഡിയറ്റ്സ് എന്ന ഹിന്ദി ചലച്ചിത്രത്തിലൂടെ രാജ്കുമാര്‍ ഹിരാനി എന്ന സംവിധായകന്‍ പറയുന്നത്. രാഞ്ചോ എപ്പോഴും ചോദ്യങ്ങള്‍ ചോദിക്കുന്ന, അധ്യാപകരുടെ ഒരു തലവേദനയായ വിദ്യാര്‍ത്ഥിയാണ്. പഠനത്തിന് പരീക്ഷയേക്കാള്‍ അവന്‍ പ്രാധാന്യം കൊടുക്കുന്നു. കൂട്ടുകാരെ അവരുടെ ഇഷ്ടപ്പെട്ട മേഖല തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്നു. ഇതെല്ലാം രാഞ്ചോയെ കോളേജ് ഡയറക്ടര്‍ വീരു സഹസ്രബുദ്ധേയുടെ (ബോമന്‍ ഇറാനി) നോട്ടപ്പുള്ളിയാക്കി മാറ്റുന്നു. പ്രഗല്ഭനും പ്രതാപിയും എന്നാല്‍ ഹൃദയശൂന്യനുമായ ഇയാളുടെ മകളുടെ(കരീനാ കപൂര്‍) ഹൃദയം കവരാന്‍ ഒടുവില്‍ രാഞ്ചോയ്ക്കാവുന്നു.
എന്‍ജിനീയറിംഗ് ബിരുദം ഒന്നാം സ്ഥാനത്തോടെ നേടിയതിനു ശേഷം രാഞ്ചോ അപ്രത്യക്ഷനാകുന്നു.
വര്‍ഷങ്ങള്‍ക്കു ശേഷം രാഞ്ചോയെ അന്വേഷിച്ച് പോകുന്ന ഫര്‍ഹാനും രാജുവും ആ ഞെട്ടിക്കുന്ന രഹസ്യം തിരിച്ചറിയുന്നു, തങ്ങളുടെ കൂടെ അഞ്ചുവര്‍ഷം പഠിച്ചത് രാഞ്ചോ ആയിരുന്നില്ല എന്ന്. ഒടുവില്‍ തങ്ങളുടെ സഹപാഠിയെ കണ്ടെത്തുന്ന അവര്‍ അവന്‍ വലിയ സൈന്റിസ്റ്റും എന്നാല്‍ സ്ക്കൂള്‍നടത്തിപ്പുകാരനും കൂടിയാണെന്ന് തിരിച്ചറിയുന്നു. കരീനാ കപൂറുമൊത്തൊരു ജീവിതം കൂടി ആരംഭിക്കുന്നിടത്ത് ഫിലിം ശുഭപര്യവസായിയാകുന്നു.
പഠനമെന്നത് ഉയര്‍ന്ന മാര്‍ക്കിനും ഉന്നത ജോലിയ്ക്കും അതുവഴി കനത്ത ശമ്പളത്തിനും മാത്രമാവുമ്പോള്‍ ജീവിതമൂല്യങ്ങളെ ഒരുപാട് അകലെ നിര്‍ത്തേണ്ടിവരും. അറിവാണ് ലക്ഷ്യമെങ്കില്‍ മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ താനേ വരികയും ചെയ്യും. തനിക്ക് വിഷമമുള്ള വിഷയങ്ങളുടെ പരീക്ഷയുടെ തലേന്ന് "പഠിപ്പിസ്റ്റ്"കാട്ടുന്നത് ഇന്നത്തെ തലമുറയ്ക്ക് ഉദാഹരണമല്ലേ?
രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഒരു തിരിഞ്ഞുനോട്ടത്തിനുള്ള സാധ്യതകളാണ് ഈ സിനിമ നമുക്കു മുമ്പില്‍ വയ്ക്കുന്നത്. കഥയിലുടനീളം സസ്പെന്‍സും കോമഡിയും നിലനിര്‍ത്താന്‍ തിരക്കഥാകൃത്തും സംവിധായകനും ശ്രമിച്ചിട്ടുണ്ട്. "വാക്വം ക്ലീനര്‍ പ്രസവം"പോലുള്ള രംഗങ്ങള്‍ ഒഴിവാക്കാമായിരുന്നു. നായികാപ്രാധാന്യവുമല്പം കുറഞ്ഞിട്ടില്ലേയെന്നൊരു സംശയവുമില്ലാതില്ല. "എല്ലാം നല്ലത് " (ഓള്‍ ഈസ് വെല്‍) എന്ന സന്ദേശം(ഗാനവും) നല്‍കുന്ന ഈ അഭ്രകാവ്യം ഏതായാലും വ്യത്യസ്തമായ ഒരു അനുഭവം പകര്‍ന്നുനല്‍കുന്നു.
(ചലച്ചിത്രം പൂര്‍ണ്ണമായി കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക )




കെ.എസ് ബിജോയ്
കൂത്താട്ടുകുളം





Sep 21, 2010

അര്‍ദ്ധവാര്‍ഷിക മൂല്യനിര്‍ണ്ണയം

ഈ അദ്ധ്യയനവര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക മൂല്യനിര്‍ണ്ണയം നടക്കാന്‍ പോവുകയാണല്ലോ. ഇതിനുമുന്നോടിയായി നമ്മുടെ കുട്ടികളെ മൂല്യനിര്‍ണ്ണയത്തിനു വരാനിടയുള്ള ചോദ്യമാതൃകകള്‍ പരിചയപ്പെടുത്തേണ്ടതുണ്ട്. അതിലേയ്ക്കായി എട്ടാം തരത്തിലെ അടിസ്ഥാനപാഠാവലിയെ അടിസ്ഥാനമാക്കിയുള്ള ഒരു ചോദ്യമാതൃകയാണ് ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തിരുവാണിയൂര്‍ സെന്റ് ഫിലോമിനാസ് ഹൈസ്ക്കൂളിലെ ശ്രീ പി. സി. അച്ചന്‍കുഞ്ഞ് സാറാണ് ഈ ചോദ്യമാതൃക തയ്യാറാക്കിയിരിക്കുന്നത്.

അഭിനന്ദനങ്ങള്‍


ഞങ്ങളുടെ സുഹൃത്തും മാത്സ് ബ്ലോഗ്‌ തുടങ്ങുകയും അതിന്റെ അമരക്കാരില്‍ ഒരുവനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന നിസാര്‍ സാറിനെ MT ആയി തിരഞ്ഞെടുത്തിരിക്കുന്നു. ഐ ടി രംഗത്ത് അദ്ദേഹത്തിനുള്ള പ്രാഗത്ഭ്യവും അര്‍പ്പണ മനോഭാവവുമാണ്‌ അദ്ദേഹത്തിനു ഇങ്ങനൊരു പദവി ലഭിക്കാന്‍ ഇടയാക്കിയത്. കേരളത്തില്‍ വിദ്യാഭ്യാസ സംബന്ധിയായ ബ്ലോഗുകള്‍ക്ക്‌ ഒരിടം നല്‍കിയതില്‍ മാത്സ് ബ്ലോഗിനുള്ള സ്ഥാനം വിലമതിക്കാനാവാത്തതാണ്.വിദ്യാരംഗം ബ്ലോഗിന് പലപ്പോഴും ആശയപരമായ പിന്തുണയും സഹകരണവും തരുന്ന നിസ്സാര്‍ സാറിന് ഇത്തരത്തില്‍ ഒരു അംഗീകാരം ലഭിച്ചതില്‍ ഞങ്ങള്‍ അതിയായി സന്തോഷിക്കുന്നു. ഇനിയും അദ്ദേഹത്തിന്റെ പ്രവര്‍ത്തന മേഖല ഓരോ അധ്യാപകനും വിദ്യാര്‍ഥിക്കും പ്രയോജനപ്രദമാകട്ടെ എന്ന് ഞങ്ങള്‍ ആശംസിക്കുന്നു.

Sep 20, 2010

കഥകളി വേഷങ്ങള്‍ - സ്ലൈഡ് ഷോ



കഥകളിയുടെ വേഷങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഒരു പ്രസന്റേഷനാണ് ഈ പോസ്റ്റിലുള്ളത്. പാത്രസ്വഭാവമനുസരിച്ചുള്ള പൊതുവിഭജനമാണ് കഥകളിവേഷങ്ങള്‍ക്കുള്ളത്. പച്ച, കത്തി, കരി, താടി, മിനുക്ക് എന്നിങ്ങനെ. ഇവയിലൊന്നും ഉള്‍പ്പെടാത്ത നിരവധിവേഷങ്ങളും അല്പാല്പം വ്യത്യാസമുള്ള വേഷങ്ങളും കഥകളിയിലുണ്ട്. അവയെ നമ്മുടെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്നതിനുതകും വിധമാണ് സ്ലൈഡുകള്‍ തയ്യാറാക്കിയിരിക്കുന്നത്. അദ്ധ്യാപകസുഹൃത്തുക്കള്‍ ഇവ വേണ്ടവിധം പ്രയോജനപ്പെടുത്തുമെന്ന് കരുതുന്നു.
പി.ഡി.എഫ്. രൂപത്തിലാണ് സ്ലൈഡുകള്‍ പോസ്റ്റുചെയ്തിരിക്കുന്നത്. ഇത് ലിനക്സിലും വിന്‍ഡോസിലും പ്രവര്‍ത്തിക്കും. ഫോണ്ടിന്റെ പ്രശ്നം ഉണ്ടാകാനിടയില്ല. വിന്‍ഡോസില്‍ അക്രോബാറ്റ് / ആഡോബ് റീഡറില്‍ View മെനുവില്‍ Full Screen സെലക്ടുചെയ്താല്‍ സ്ലൈഡുകള്‍ ഒന്നൊന്നായി കാണാം. up, down arrow കള്‍ ഉപയോഗിച്ച് സ്ലൈഡുകളിലൂടെ മുമ്പോട്ടും പുറകോട്ടും പോകാം. Esc. Key ഉപയോഗിച്ച് പ്രസന്റേഷന്‍ അവസാനിപ്പിക്കാം. ലിനക്സില്‍ പി.ഡി.എഫ്. വ്യൂവറില്‍ View മെനുവില്‍ Presentation സെലക്ടുചെയ്താല്‍ സ്ലൈഡുകള്‍ ഒന്നൊന്നായി കാണാം. up, down arrow കള്‍ ഉപയോഗിച്ച് സ്ലൈഡുകളിലൂടെ മുമ്പോട്ടും പുറകോട്ടും പോകാം. Esc. Key ഉപയോഗിച്ച് പ്രസന്റേഷന്‍ അവസാനിപ്പിക്കാം. രണ്ട് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും സ്പെയ്സ് ബാര്‍ ഉപയോഗിച്ചും സ്ലഡുകളിലൂടെ മുമ്പോട്ടുപോകാം. മൗസിലെ സ്ക്രോള്‍ ബട്ടണും ഉപയോഗിക്കാം

Sep 19, 2010

യാത്ര


തുടക്കം ചോരയുടെ നനവില്‍.

പൊക്കിള്‍ക്കൊടി പിഴുതെറിഞ്ഞപ്പോള്‍

ബന്ധങ്ങളൊടുങ്ങി.

മുലപ്പാല്‍ വിഷമെന്നു കരുതി,

മാതൃഭൂമിയുടെ മാറില്‍ കുരുതി തുടങ്ങി.

ചോരയുടെ നിറവും നനവും,

ആകാശം മുട്ടെ വളര്‍ന്നു.

ആകാശം പൊഴിച്ചത് ചുവപ്പുമഴ!

ഭൂമി കൊതിച്ചത് തെളിമഴ!

കണ്ണീര്‍ ഇടവപ്പാതിയായി.

ജീവിതം കുതിര്‍ന്നു പോയി.

ചന്ദ്രനിലെ നനവ്,

നിലാവായി പൊഴിഞ്ഞ രാത്രിയില്‍,

മരണം വന്നു.

ഒടുക്കം മണ്ണിന്റെ നനവില്‍ ഉറക്കം.



Sep 17, 2010

കവിത - പെണ്ണ് ! ഞാന്‍ കണ്ട പെണ്ണ് !


പെണ്ണ് !
ഞാന്‍ കണ്ട പെണ്ണ് !
പെണ്ണ്, പ്രണയത്തിന് താക്കോല്‍,
പ്രണയത്തിന് വിലപേശുന്നവന് താക്കീത്.
പ്രതീക്ഷയ്ക്ക് കണ്ണട
പ്രത്യാശയ്ക്ക് കണ്ണാടി
പുറംപൂച്ചിന് കൈയ്യൊപ്പ്
കരുണയുടെ കുരുത്തോല
കരുത്തിന്റെ കരിമ്പുലിക്കൂട്ടം
അലിവിന്റെ മുന്തിരിത്തോട്ടം
പീഡനത്തിന്റെ നെരിപ്പോട്
കാമിതരുടെ വിഴുപ്പുകെട്ട്
സംവരണത്തിന് വലക്കണ്ണി
പറുദീസയുടെ പുറംതൂപ്പുകാരി
പണയത്തിനു കരുത്തേകുമുരുപ്പടി
വഴിവാണിഭത്തിന്റെ പച്ചച്ചിരി
പരിഭവത്തിന്റെ ചാവേര്‍ക്കൂട്ടം
താലിച്ചരടിലെ സയനൈഡുകൂട്
നിറവിന്റെ നെയ് വിളക്ക്
കെടാവിളക്കിന്‍ ചൈതന്യധാര
പിറവിയുടെ അടയാളരേഖ
പെണ്ണ് , ഞാന്‍ കണ്ട പെണ്ണ്
പെണ്ണ് , ഞാന്‍ കണ്ട പെണ്ണ്.






അനന്തകൃഷ്ണത്തമ്പുരാന്‍
ഗവ. റ്റി.റ്റി. ഐ. , ഏറ്റുമാനൂര്‍

Sep 16, 2010

കഥകളി കലകളുടെ രാജാവ് - രണ്ടാം ഭാഗം


കേരളത്തിന്റെ തനതുകലാരൂപമായ കഥകളിയുടെ വേഷം, സംഗീതം, വാദ്യങ്ങള്‍ എന്നിവയെ പ്രതിപാദിക്കുന്ന മൂന്നു ലേഖനങ്ങളാണ് ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മറ്റൊരു ദൃശ്യകലയ്ക്കുമില്ലാത്തത്ര വര്‍ണ്ണപ്പൊലിമയാണ് കഥകളിയുടെ വേഷങ്ങള്‍ക്കുള്ളത്. കഥകളിയുടെ സംഗീതമാകട്ടെ ഭാരതത്തിലെ മറ്റെല്ലാ സംഗീതപാരമ്പര്യങ്ങളില്‍നിന്നും വ്യത്യസ്ഥമാണ്. എന്നുതന്നെയല്ല പാശ്ചാത്യരുടെ ടോട്ടല്‍ തീയേറ്റര്‍ (സമ്പൂര്‍ണ്ണ കല) എന്ന സംങ്കല്പവുമായി ഏറ്റവും ചേര്‍ന്നുപോകുന്ന ഒരു ദൃശ്യകലകൂടിയാണ് കഥകളി. സംഗീതം, സാഹിത്യം, ചിത്രകല, ശില്പകല, നൃത്തം, നാട്യം ഇങ്ങനെ നിരവധി കലകളുടെ സമന്വയമാണ് കഥകളി. അത്തരം അംശങ്ങളിലേയക്ക് ഒരെത്തിനോട്ടമാണ് ഈ പോസ്റ്റിലുടെ നടത്തുന്നത്.

Sep 15, 2010

യൂണിറ്റ് സമഗ്രാസൂത്രണം, AT ഒമ്പതാം തരം യൂണിറ്റ് മൂന്ന്


അദ്ധ്വാനശേഷിവികാസത്തിന്റെ അഭാവം എന്ന പ്രശ്നമേഖലയിലൂന്നിയുള്ള യൂണിറ്റാണല്ലോ സൃഷ്ടിശക്തികള്‍ നമ്മള്‍. ഒരുകാലത്ത് തൊഴിലും തൊഴിലാളികളും സമൂഹത്തിന്റെ മുഖ്യപ്രശ്നമായിരുന്നു. എന്നാല്‍ ഇന്ന് അത്തരം തൊഴിലാളികളും തൊഴില്‍ മേഖലകളും കേരളീയ സമൂഹത്തില്‍ നിന്നും മാഞ്ഞുകൊണ്ടിരിക്കുകയാണ്. തൊഴിലാളികളുടെ അവകാശങ്ങള്‍ക്കുവേണ്ടി നടന്ന ഐതിഹാസിക സമരങ്ങള്‍ പലതും അപ്രസക്തമാകത്തക്കരീതിയില്‍ ഇന്നെത്തെ തൊഴില്‍ സംസ്കാരം മാറിക്കൊണ്ടിരിക്കുന്നു. മുന്‍ഗാമികള്‍ അനുഭവിച്ച യാതനകള്‍, അതിലൂടെ അവര്‍നേടിയെടുത്ത അവകാശങ്ങള്‍ ഇവയെല്ലാം ഇന്ന് ഓര്‍മ്മിക്കപ്പെടുന്നുണ്ടോ? എല്ലാ തൊഴില്‍ മേഖലകളിലും പ്രോഫഷണലിസം കടന്നുവന്നിരിക്കുന്നു. ഇത്തരമൊരവസ്ഥയില്‍ തൊഴിലിനെക്കുറിച്ചുള്ള ശരിയായ അവബോധം ഭാവിതലമുറയില്‍ ഉണര്‍ത്തേണ്ടത് അത്യാവശ്യമാണ്. അതിന് ഈ യൂണിറ്റിലെ പ്രവര്‍ത്തനങ്ങള്‍ ഉതകുമെന്നു കരുതുന്നു.

Sep 14, 2010

കഥകളി കലകളുടെ രാജാവ് - ഒന്നാം ഭാഗം

കേരളം അന്യ ദേശങ്ങളില്‍ അറിയപ്പെടുന്നത് കഥകളിയുടെ നാട് എന്നാണ്. എന്നാല്‍ നാം കേരളീയര്‍ കഥകളിയെ മറക്കുകയാണോ? പത്താം തരത്തിലെ ഒരു നളചരിത ഭാഗത്തോടെ പാഠ്യപദ്ധതിയില്‍ നമ്മുടെ കഥകളി പഠനം ചുരുങ്ങിപ്പോയിരിക്കുന്നു. എങ്കിലും സംസ്കാരവിനിമയ മാര്‍ഗ്ഗം എന്ന നിലയ്ക്ക് അദ്ധ്യാപനത്തെ കാണുന്ന അദ്ധ്യാപക സുഹൃത്തുക്കള്‍ക്ക് ഈ പാഠം തന്നെ ധാരാളം അവസരങ്ങള്‍ നല്‍കുന്നുണ്ട്. അത്തരക്കാരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ കഥകളിയുടെ വിവിധ വശങ്ങള്‍ പ്രതിപാദിക്കുന്ന ആറു ചെറുലേഖനങ്ങളാണ് ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കഥകളിയുടെ ഉത്ഭവം, കഥകളിയും ഇതരകലകളും, കഥകളി ചടങ്ങുകള്‍, കഥകളിയുടെ വേഷങ്ങള്‍, കഥകളിസംഗീതം, കഥകളിവാദ്യങ്ങള്‍ എന്നിങ്ങനെയാണ് വിഷയവിഭജനം നടത്തിയിട്ടുള്ളത്. സെമിനാല്‍ എന്ന തുടര്‍മൂല്യനിര്‍‌ണ്ണയപ്രവര്‍ത്തനം നടത്തുന്നതിനും ഈ ലേഖനങ്ങള്‍ സഹായകമാകും എന്നു പ്രതീക്ഷിക്കുന്നു. ആദ്യഭാഗമായി ആദ്യത്തെ മൂന്നു ലേഖനങ്ങളാണ് പ്രസിദ്ധീകരിക്കുന്നത്. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.


Sep 12, 2010

കഥകളി - നളചരിതം



പത്താം തരം പാഠ പുസ്തകത്തില്‍ നളചരിത ഭാഗം പഠിക്കാനുണ്ടല്ലോ? പാഠ ഭാഗം വായിച്ചു തീര്‍ക്കാന്‍ വളരെ കുറച്ചു സമയം മതിയെങ്കിലും അത് അഭിനയിക്കാന്‍ വേണ്ടത് ഏകദേശം അര മണിക്കൂറിലധികമാണ്. അതും ഓരോ നടന്റെയും അഭിനയത്തിനനുസരിച്ചു സമയ വ്യത്യാസം സ്വാഭാവികം. ഈ വസ്തുത കുട്ടികളെ ബോധ്യപ്പെടുത്താന്‍ ചുവടെ നല്‍കിയിരിക്കുന്ന വീഡിയോ ഉപകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കഥകളി ചരിത്രത്തില്‍ അറിയപ്പെടുന്ന രണ്ടു വ്യക്തിത്വങ്ങളാണ് കലാ:ഹൈദരാലി മാഷും കലാ:ഗോപിയാശാനും. അവരുടെ ഒരു അരങ്ങാണ് ഇവിടെ നല്‍കിയിരിക്കുന്നത്.


കവിത


മഴക്കാലം

ഇതു മഴക്കാലം

ഓര്‍മ്മകള്‍ ഒന്നൊന്നായ് കെട്ടഴിക്കുമൊരു മഴക്കാലം

ഓര്‍ത്തുവയ്ക്കാന്‍ ഒത്തിരിയുള്ളൊരു മഴക്കാലം.

ഓര്‍മ്മകള്‍ ഓടിയെത്തും മുറ്റത്തിന്‍ പടിവാതില്‍ക്കല്‍

ഓര്‍മ്മച്ചെപ്പിന്‍ കെട്ടഴിച്ചീടട്ടെയാര്‍ദ്രമാമെന്‍ മഴക്കാലത്തിന്‍

ഇതു മഴക്കാലം

അമ്മതന്‍ ഒക്കത്തിരുന്നു മഴത്തുള്ളിയമ്മിച്ചവച്ചൊരുകാലം മഴക്കാലം

മുറ്റത്തല്പമായ് വീണ മഴത്തുള്ളിയെണ്ണിക്കളിച്ചോരുകാലം മഴക്കാലം

മാനത്തു വിരിഞ്ഞ മഴവില്ലുകണ്ടത്ഭുതം കൂറിയൊരു മഴക്കാലം

കാലത്തിന്‍ കുത്തൊഴുക്കില്‍ നഷ്ടമായോരുകാലം മഴക്കാലം

ഇതു മഴക്കാലം

പുതുനാമ്പുകള്‍ തനിരണിയുമൊരു കാലം മഴക്കാലം

പുത്തനുടുപ്പിട്ടു വിദ്യാലയത്തിലെത്തും കാലം മഴക്കാലം

പുസ്തകത്തിന്‍ ഗന്ധം ശ്വസിക്കും കാലം മഴക്കാലം

പൂമ്പാറ്റകളും പൂമരങ്ങളും നിറഞ്ഞൊരുകാലം മഴക്കാലം

ഇതു മഴക്കാലം

വിദ്യാലയത്തിന്‍ നടുമുറ്റത്തോടിയുല്ലസിച്ചോരു കാലം മഴക്കാലം

കളിത്തോഴരോടൊത്താര്‍ത്തുല്ലസിച്ചൊരു കാലം മഴക്കാലം

കളിവാക്കുകള്‍ പറഞ്ഞു കാലപിലകൂടിയൊരു കാലം മഴക്കാലം

കളിയും കാര്യവും കാര്യമാക്കാതിരുന്നൊരു കാലം മഴക്കാലം

ഇതു മഴക്കാലം

കാലത്തിന്‍ കല്‍ച്ചക്രങ്ങള്‍ തിരിയവെ പൊയ്പ്പോയൊരു കാലം മഴക്കാലം

വരുമോ ഇനിയുമൊരു ജീവിതഗന്ധിയൊമെന്‍ മഴക്കാലം

വന്നീടുക കനിവായ് നീ പെയ്തീടുക ആര്‍ദ്രതയാല്‍ നിന്നുള്‍ത്തടം

കുളിര്‍ക്കട്ടെ നിന്‍ ശേഷിപ്പുകളിവടം നിറയട്ടെ നിന്നന്തരംഗവും

ഇതു മഴക്കാലം

പ്രപഞ്ചത്തിന്നതിരുകള്‍ തേടാന്‍ ചിറകുമിനുക്കുമ്പോള്‍

നുകരട്ടെ ഞാനുമീ കാലം മഴക്കാലം

വിശ്വമേ വാഴ്ക വിശാവസ സത്യങ്ങളും

കാലമേ ചരിക്കുക ചരാചരങ്ങളും.

Sep 9, 2010

കവിത


ദൂരദര്‍ശിനി

ഫോക്കസ് ചെയ്ത് ബാഹ്യദര്‍ശനം

മല
ഏതുനിമിഷവും
കോരിയെടുത്തുപോയെക്കാവുന്ന
ഒരുപിടി മണ്ണ്.

മഴ
ഭൂമിയുടെ അടക്കിപ്പിടിച്ച ഗദ്ഗദം,
സഹനത്തിന്റെ കണ്ണീര്.

പുഴ
മാലിന്യങ്ങളില്‍ നിന്നും
അരിച്ചാല്‍ കിട്ടിയേക്കാവുന്ന
ഒരുതുള്ളി കറുപ്പ്.


* * *
ഫോക്കസ് ചെയ്ത് ആത്മദര്‍ശനം

നേരം തെറ്റി തുറക്കുന്ന

കണ്ണുകള്‍
മൂക്കിന്റെ ചുവന്ന ഘ്രാണത്വം
പൊട്ടിത്തെറിക്കുന്ന കാതുകള്‍
സ്വാര്‍ത്ഥതയുടെ വ്യാപ്തമളക്കുന്ന വായ
ശിഥിലബന്ധങ്ങളുടെ
പുളിയൂറുന്ന നാക്ക്
ആര്‍ദ്രത വറ്റിയ തൊണ്ട
നിസ്സംഗ വിധേയത്വത്തിന്റെ ഹൃദയം
വിഷവായു പേറുന്ന ഉദരം
പരാധീനതയുടെ കൈകാലുകള്‍
കാമഭീകരതയുടെ മുദ്രയായി മാറുന്നലിംഗം

ദര്ശിനിയുടെ ലെന്‍സ് മാറ്റിയാലും
കാഴ്ച മാറില്ലെന്നതിരിച്ചറിവില്‍
അസ്വസ്ഥതയുടെ അളവുപാത്രം
കനക്കുന്നു.


ഒന്‍പതാം തരം(AT) രണ്ടാം യൂണിറ്റ്


ഒന്‍പതാം തരം രണ്ടാം യൂണിറ്റ് പോസ്റ്റ് ചെയ്യാന്‍ ഞങ്ങള്‍ താമസിച്ചു എന്നറിയാം. ആഗസ്റ്റ് മാസത്തില്‍ തീരേണ്ട യൂണിറ്റാണ് ഇത്. സെപ്തംബറില്‍ പുതിയ യൂണിറ്റ് ഏവരും തുടങ്ങിയെന്നു ഞങ്ങള്‍ക്കറിയാം.എങ്കിലും നമ്മള്‍ പിന്തുടര്‍ന്നു വരുന്ന ഒരു രീതിയില്‍ മാറ്റം വരാതിരിക്കാന്‍ ഇവിടെ ഒന്‍പതാം തരം 'കാണെക്കാണേ' എന്ന യൂണിറ്റ് സമഗ്രാസൂത്രണം ഇവിടെ നല്‍കുന്നു. പതിവുപോലെ വേണ്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളുംപ്രതീക്ഷിക്കുന്നു.