എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Nov 13, 2011

ബോംബ് - കഥ


"ഉയ്യെന്റെ റബ്ബെ എന്തായീ കാണ്ന്നത്.."കുഞ്ഞാമിനുമ്മ മാറത്തടിച്ച് നിലവിളിച്ചു. നാദാപുരത്തങ്ങാടിയില്‍ നിന്നും മരുമോള്‍ക്കുള്ള സാരിയും തുണിത്തരങ്ങളും മറ്റും വാങ്ങി വന്നതായിരുന്നു കുഞ്ഞാമിനുമ്മ. കൊണ്ടുവന്ന ഗീതാഞ്ജലി ടെക്സ്റ്റയില്‍സിന്റെ കവറില്‍ നിന്നും സാരിയും മറ്റുമെടുത്ത് അലമാരയില്‍ വയ്ക്കാനൊരുങ്ങുമ്പോഴാണ് പൊതിഞ്ഞുകെട്ടിയ ഒരു സാധനം കവറില്‍ നിന്ന് മേശപ്പുറത്തേക്ക് വീണത്. ഇങ്ങനൊരു പൊതി ഞാന്‍ വാങ്ങീട്ടില്ലല്ലോ! അവര്‍ ഓര്‍ത്തു നോക്കി. ഹേയ്, ഇല്ല. ആകെ വാങ്ങിയത് കുറച്ച് തുണിത്തരങ്ങള്‍ മാത്രമാണ്.
"ന്റ്യുമ്മോ.." കുഞ്ഞാമിനുമ്മ നിന്ന നില്‍പ്പില്‍ ഒന്ന് ചാടിപ്പോയി. ഇന്നലെ രാത്രി മകള്‍ റാഫിയയുടെ ഭര്‍ത്താവ് സലാമിനൊപ്പം വന്ന മുസല്യാര്‍ പറഞ്ഞ കാര്യം കുഞ്ഞാമിനുമ്മയുടെ മനസ്സില്‍ കൊള്ളിയാന്‍ പോലെ മിന്നി.
"ചില ആളുകള് നമ്മള്‍ക്കെതിരെ തയ്യാറെട്ക്ക്ന്ന്ണ്ട്. നമ്മളറിയാണ്ട് നമ്മള്ടെ വീട്ടില് ഓര് ബോംബ് കൊണ്ടോന്ന് വയ്ക്കും"
മുസല്യാര്‍ കോലായിലിരുന്ന് മരുമോനോട് പറയുന്നത് വാതിലിന് പിന്നില്‍ മറഞ്ഞ് നിന്നാണ് കുഞ്ഞാമിനുമ്മയും, മകള്‍ റാഫിയയും കേട്ടത്. അവര്‍ നെഞ്ചത്ത് കൈ വച്ചു പോയി.മകള്‍ റാഫിയക്കൊപ്പമാണ് കുഞ്ഞാമിനുമ്മ രാവിലെ നാദാപുരത്തങ്ങാടിയിലേക്ക് പോയത്. ചുരിദാറും മറ്റും വാങ്ങിക്കൊടുത്ത് അവളെ പുതിയാപ്ലേന്റെ വീട്ടിലേക്ക് എടച്ചേരിക്കുള്ള ബസ്സില്‍ കയറ്റിവിട്ടാണ് അവര്‍ ഗംഗാധരന്‍ ചെട്ട്യാരുടെ 'ഗീതാഞ്ജലി' ടെക്സ്റ്റയില്‍സില്‍ കയറിയത്. തനിക്കും മരുമോള്‍ നസീമയ്കും കൂടെ കുറച്ച് തുണിത്തരങ്ങള്‍ വാങ്ങണം. അവള്‍ ഇന്ന് വൈകുന്നേരം വരും. മകന്‍ ജബ്ബാര്‍ ഗള്‍ഫില്‍ നിന്ന് അയച്ച് തന്ന കാശ് കൊണ്ട് മരുമോള്‍ക്കൊന്നും വാങ്ങാതിരുന്നാല്‍ അത് ചിലപ്പോള്‍ പുകിലാവും. ചെട്ട്യാരുടെ തുണിക്കടയില്‍ കയറുമ്പോള്‍ തലേ ദിവസം രാത്രി മുസല്യാര്‍ പറഞ്ഞ കാര്യം ഓര്‍മ്മയില്‍ ഉണ്ടായിരുന്നു എങ്കിലും 'ചെട്ട്യാരൊരു പാവാണ്. അയ്യാളങ്ങനൊന്നും ചെയ്യില്ല' എന്ന വിശ്വാസമായിരുന്നു. പണ്ടു മുതല്‍ക്കേയുള്ള പരിചയക്കാരനാണ് ചെട്ട്യാര്‍. പോരെങ്കില്‍ ചെട്ട്യാരുടെ കടയില്‍ വിലയും കുറവാണ്.
"
അപ്പഹേന്‍ ഞമ്മള ചതിച്ച് കളഞ്ഞല്ലോ. നാട്ട്കാരേ ഓടി ബരീന്‍.. ഞമ്മളെ ബീട്ടില്‍ ബോംബ്."കുഞ്ഞാമിനുമ്മ നെഞ്ചത്ത് ഊക്കിലിടിച്ചു. നിലവിളികേട്ട് ആദ്യം ഓടിയെത്തിയത് ഇടവഴിയിലൂടെ പോവുകയായിരുന്ന പൊട്ടന്റെ മീത്തല്‍ നാണുവായിരുന്നു. നാണുവിനെ കണ്ടതും കുഞ്ഞാമിനുമ്മ അലറി.
"
അബിട നിക്ക് ഇബിലീസെ.. ഇഞ്ഞിങ്ങോട്ട് കേറര്ത്. ഇങ്ങള് ഞമ്മളെ കൊല്ലാന്‍ നടക്കുന്നോരല്ലേ."കുഞ്ഞാമിനുമ്മയുടെ ചോദ്യം കേട്ട് നാണു അന്തം വിട്ട് നിന്നു പോയി. നാണുവിന് പിന്നാലെ ഓടി വന്ന ചോയിമഠത്തില്‍ സാറയും പോക്കറും മറ്റും വീട്ടിലേക്ക് കയറി. കുഞ്ഞാമിനുമ്മ കാണിച്ചു കൊടുത്ത സ്ഥലത്തേക്കവര്‍ എത്തിച്ച് നോക്കി. ശരിയാണ്. "ബോംബ്" തന്നെ.
"പോലീസിലറിയിക്ക്. അവര് വന്ന് നിര്‍വ്വീര്യാക്കും. ആരും അടുത്ത് പോണ്ട. ചെലപ്പോ പൊട്ടിത്തെറിക്കും." ആരോ പറഞ്ഞു.
കുഞ്ഞാമിനുമ്മ അലമുറയിട്ടു.
"എന്റെ റബ്ബേ.. ന്റെ മോളുടെ പൊന്നും പണ്ടോം, പണോമൊക്കെ അയ്യലമാരേലാ.. പൊട്ടിത്തെറിച്ചാല്‍ ഞമ്മന്റെ സമ്പാദ്യം മുയുമ്മന്‍ പോവൂല്ലോ".
"നിങ്ങള് മിണ്ടാണ്ടിരി. ഞമ്മക്ക് ബയീണ്ടാക്കാം".
അയല്‍ക്കാരനായ നാസര്‍ പറഞ്ഞു. ഒരു സാഹസികന്റെ പാടവത്തോടെ നാസര്‍ മേശയെ സ്പര്‍ശിക്കാതെ, ബോംബിരിക്കുന്ന മുറിയിലേക്ക് കടന്ന്, അലമാര തുറന്ന്, വിലപിടിച്ച വസ്തുക്കളൊക്കെ മറ്റൊരു മുറിയിലേക്ക് മാറ്റി. അപ്പോഴൊക്കെ കുഞ്ഞാമിനുമ്മ ഗീതാഞ്ജലി ടെക്സ്റ്റയില്‍സ് ഉടമ ഗംഗാധരന്‍ ചെട്ട്യാരെ ശപിക്കുന്നുണ്ടായിരുന്നു.
"ന്നാലും ആ ഇബിലീസ് ഞമ്മളോടിങ്ങനെ ചെയ്ത് കളഞ്ഞല്ലോ. ഓനെ ഞമ്മളെത്തര ബിശ്വസിച്ചതാ".
"കാലം അതാ.. ഓല്യാള്‍ക്കാരെ ആരേം ബിശ്വസിച്ചൂടാ.." നബീസ പറഞ്ഞു. ഇന്നലെ രാത്രി നബീസയുടെ വീട്ടില്‍ നിന്നായിരുന്നത്രെ മുസല്യാര്‍ ഭക്ഷണം കഴിച്ചത്.
അപ്പോഴേക്കും പോലീസെത്തി. അവര്‍ എല്ലാവരെയും മാറ്റി നിര്‍ത്തി.
"ആരാ ഇതാദ്യം കണ്ടത് ?"ഇന്‍സ്പെക്ടര്‍ ചോദിച്ചു.
"ഞമ്മളാ. ആ ചെട്ട്യാര് ഞമ്മളെ കൊല്ലാന്‍ ബേണ്ടി തന്ന് ബിട്ടതാ."
"ഏത് ചെട്ട്യാര് ?"
പോലീസുകാര്‍ ചോദ്യം തുടര്‍ന്നു.
"ആ ഗംഗാധരന്‍ ചെട്ട്യാര്. ഗീതാഞ്ജലി ടെക്സ്റ്റയില്‍സ് ഉടമ. അയാള്‍ക്ക് പലരുമായും ബന്ധമുള്ളതാ." നാസറാണ് മറുപടി പറഞ്ഞത്.
"ഊം.." ഇന്‍സ്പെക്ടര്‍ അമര്‍ത്തി മൂളി.
"ഒരു ബക്കറ്റ് വെള്ളം കൊണ്ട് വരീന്‍."
ബോംബ് സ്ക്വാഡ് വിദഗ്ധന്‍ പറഞ്ഞു. നിമിഷങ്ങള്‍ക്കകം ബക്കറ്റില്‍ വെള്ളമെത്തി. വീടിനുചുറ്റും ആളുകള്‍ തടിച്ചു കൂടിയിരുന്നു. അവര്‍ ജനലിലൂടെയും, വാതില്‍ വിടവിലൂടെയും അകത്തേക്ക് നോക്കി. പോലീസുകാര്‍ ബക്കറ്റിലെ വെള്ളം മേശമേലിരുന്ന ബോംബ് പൊതിക്കു മുകളിലൂടെ ഒഴിച്ചു.നനഞ്ഞ് കുതിര്‍ന്ന പൊതിക്കെട്ട് ശ്രദ്ധാ പൂര്‍വ്വം അവര്‍ മറ്റൊരു ബക്കറ്റിലെ വെള്ളത്തിലേക്കിട്ടു. അരമണിക്കൂര്‍ കഴിഞ്ഞ് പുറത്തേക്കെടുത്ത് സാവധാനത്തില്‍ ബ്ലേഡ് കൊണ്ട് നനഞ്ഞ് കുതിര്‍ന്ന പൊതിക്കെട്ടിന്റെ ചണനാര് അറുത്തു. ആളുകള്‍ അക്ഷമരായി തുടങ്ങിയിരുന്നു. ഇതിനിടയില്‍ പത്രക്കാരുമെത്തി. അവര്‍ കുഞ്ഞാമിനുമ്മയില്‍ നിന്നും അവിടെ കൂടിയ നാട്ടുകാരില്‍ നിന്നും വിവരം ശേഖരിച്ചു.
കുഞ്ഞാമിനുമ്മയുടെ ഗള്‍ഫിലുള്ള മകന്‍ ജബ്ബാറിന് ഭീഷണിയുണ്ടായിരുന്നു എന്നും, ഗംഗാധരന്‍ ചെട്ട്യാര്‍ കുഞ്ഞാമിനുമ്മയെ കൊല്ലാന്‍ കരുതിക്കൂട്ടി ബോംബ് വച്ചതാണെന്നും അവര്‍ പറഞ്ഞു. ഇതിന്നിടയില്‍ ബോംബ് നിര്‍വ്വീര്യമാക്കി പോലീസ് പൊതിക്കെട്ടഴിച്ചു കഴഞ്ഞിരുന്നു. പ്രസ്സ് ഫോട്ടോഗ്രാഫര്‍മാര്‍ ക്യാമറഫ്ലാഷുകള്‍ മിന്നിച്ചു. പത്രക്കാരും നാട്ടുകാരും ആകാംക്ഷയുടെ മുള്‍മുനയില്‍ നിന്ന് എത്തി നോക്കി.ബോംബ് സ്ക്വാഡ് തലവന്‍ നനഞ്ഞ് കുതിര്‍ന്നഴുകിയ പൊതിക്കെട്ടിനുള്ളില്‍ നിന്നും രണ്ട് ചില്ലുഗ്ലാസ്സുകള്‍ പുറത്തേക്കെടുത്തു. അതിനുമുകളില്‍ പ്രിന്റ് ചെയ്തിരുന്നത് സ്ക്വാഡ് വിദഗ്ദന്‍ വായിച്ചു.
"റംസാന്‍ ആശംസകള്‍ - ഗീതാഞ്ജലി ടെക്സ്റ്റയില്‍സ്."
ആളുകള്‍ മൂക്കത്തു വിരല്‍ വച്ചുകൊണ്ട് കുഞ്ഞാമിനുമ്മയെ നോക്കി. മരുമോള്‍ക്കു സാരി വാങ്ങിയപ്പോള്‍ കിട്ടിയ 'സമ്മാനക്കൂപ്പണ്‍' കുഞ്ഞാമിനുമ്മക്ക് ഓര്‍മ്മ വന്നു. കൂപ്പണ്‍ന്റെ ഒരു ഭാഗം നാണയം കൊണ്ട് ചുരണ്ടി ഗംഗാധരന്‍ ചെട്ട്യാര്‍ പറഞ്ഞ കാര്യവും കുഞ്ഞാമിനുമ്മക്ക് ഓര്‍മ്മ വന്നു. "ഉമ്മാക്ക് ഭാഗ്യമുണ്ട്. രണ്ട് ചില്ല് ഗ്ലാസ്സ് സമ്മാനമായി അടിച്ചിട്ടുണ്ട്." അവര്‍ ഒരു മഞ്ഞ ചിരി ചിരിച്ചു.

ശ്രീജിത്ത് മൂത്തേടത്ത്
സാമൂഹ്യശാസ്ത്രം അദ്ധ്യാപകന്‍
സി.എന്‍.എന്‍. ബോയ്സ് ഹൈസ്കൂള്‍
ചേര്‍പ്പ്, തൃശൂര്‍


13 comments:

വില്‍സണ്‍ ചേനപ്പാടി said...

ശ്രീജിത്ത് മാഷേ-ജ്ജ് ഞമ്മളെ പേടിപ്പിച്ചു കളഞ്ഞല്ലോ..പഹ.....
ഞമ്മളോര്‍ത്തു ത് പൊട്ടൂന്ന്..
എന്തായാലും മനസിലൊരു ലഡു പൊട്ടി...kollam.

----എല്ലാ കമന്റടിയന്‍മാര്‍ക്കും ,ശിശുദിനാശംസകള്‍

Ancy Jose said...

Nalla katha....ennalum bomb pottanjathu nannayilla....

ശ്രീജിത്ത് said...

ഇഷ്ടായി കേട്ടോ..

thattam said...

ഈ കഥക്ക് ഒരു വര്‍ഗീയ രീതിയുണ്ട്...ഹിന്ദുത്വ വര്‍ഗീയതയുടെ കഥയാണിത്...ഇത്തരം കഥകള്‍ കൊടുക്കുമ്പോള്‍ ശ്രദ്ധിക്കുക.....ചില പുകമാരകള്‍ ഇതിനുണ്ട്.....ജാഗ്രത........

Azeez . said...

ശ്രീമതി/ശ്രീ തട്ടവും ആന്‍സി ജോസുമെഴുതിയ കമന്‍റിലൂടെയാണ് ഈ കഥയിലേക്ക് കടന്നത്.ശ്രീ ചേനപ്പാടിയുടെ ഉള്ളില്‍ ഒരു ലഡു പൊട്ടിയതുകൊണ്ട് അതില്‍ ഞാന്‍ മധുരം കാണുകയായിരുന്നു. ആ ബോംബ് പൊട്ടിക്കാണുവാന്‍ ആഗ്രഹിക്കുന്ന, സ്ത്രീയും അധ്യാപികയുമായ ആന്‍സി അത് പൊട്ടാതിരുന്നത് നന്നായില്ല എന്നു വരെ കമന്‍റ് എഴുതുന്നു.ശ്രീമതി/ശ്രീ തട്ടം ഈ കഥയ്ക്ക് ഒന്നാന്തരം ഹിന്ദുവര്‍ഗ്ഗിയതയുടെ ബ്രാന്‍ഡ് നല്‍കുകയാണ്.ഹിന്ദുവര്‍ഗീയതയുടെ കഥയാണിതെന്ന് തട്ടം തട്ടിവിടുന്നു. സംശയങ്ങളും ഊഹാപോഹങ്ങളും കള്ളപ്രചരണങ്ങളും സമൂഹത്തില്‍ ‍ എത്ര ശക്തമായി നിലനില്‍ക്കുന്നുവെന്നും,ഇവ പരസ്പരം സ്നേഹിച്ചും വിശ്വസിച്ചും ജീവിക്കുന്ന‌, വ്യത്യസ്ഥ മതത്തില്‍ വിശ്വസിക്കുന്ന സമൂഹത്തെ എത്രമാത്രം തകര്‍ക്കുവാന്‍ പര്യാപ്തമാണെന്നും ഈ കഥ നമ്മെ പഠിപ്പിക്കുന്നു. കഥാകാരന്‍ ശ്രീജിത്ത് ഉദ്ദേശിക്കുന്നതും ഇതു തന്നെയാണ്. ഇത്തരത്തിലുള്ള ഊഹാപോഹബോംബിനെ ആരെങ്കിലും നിര്‍വ്വീര്യമാക്കിയില്ലെങ്കില്‍ അത് സമൂഹത്തില്‍ ഭയാനകമായ വിസ്പോടനം സൃഷ്ടിക്കുമെന്ന് ആ കഥയിലൂടെ ഞാന്‍ മനസ്സിലാക്കുന്നു.അതാണ് ശ്രീജിത്ത് ഈ കഥയിലൂടെ നമ്മോട് പറയുവാന്‍ ആഗ്രഹിക്കുന്നത്. വിദ്യാരംഗത്തിനേയും അതിന്‍റെ പിറകില്‍ പ്രവര്‍ത്തിക്കുന്ന സ്നേഹസമ്പന്നരായ, വളരെ ആത്മാര്‍ത്ഥയുള്ള അദ്ധ്യാപകരേയും അറിയുന്നവര്‍ക്ക് ശ്രീമതി/ശ്രീ തട്ടം മണക്കുന്നതുപോലെ ഇതില്‍ ഒരു ഹിന്ദുഫാസിസമോ ഹിന്ദുവര്‍ഗ്ഗിയതയോ മണ‌ക്കുവാന്‍ കഴിയുന്നില്ല. സമൂഹം ഇന്ന് ഭയത്തിന്‍റെ നിഴലില്‍ ജീവിക്കുകയാണ്. കുഞ്ഞാമിനയ്ക്ക് മാത്രമല്ല, ഭയത്തിന്‍റെ, സംശയത്തിന്‍റെ അന്തരീക്ഷത്തില്‍ ജീവിക്കുന്ന ആര്‍ക്കും ഏത് കയറും പാമ്പായി മാറും. ശ്രീജിത്തും, കഥയിലെ ഇന്‍സ്പെക്റ്ററെപ്പോലെ ആ ഭയം നിര്‍വ്വിര്യമാക്കുന്ന ഒരു നല്ല ക൪മ്മം ചെയ്യുകയാണ്.ഇതില്‍ എന്തു പുകമറയാണ് നാം കാണുന്നത്?കുനുഷ്ടുക്കള്‍ പ്രചരിക്കുന്ന കുപ്രചരണത്തില്‍ കുടുങ്ങരുത് എന്ന നല്ല ഒരു ഉദ്ദേശ്യമായി മാത്രം ഈ കഥയെ കണ്ടാല്‍ പോരെ?‌
ഇത്തരം സന്ദേശമുള്ള ഒരു കഥയെഴുതുവാന്‍ ശ്രീജിത്ത് ഒരു മുസ്ലിം പരിസരം സൃഷ്ടിക്കുന്നുവെങ്കില്‍ നാമെന്തിനാണ് അതില്‍ വര്‍ഗ്ഗീയത കാണുന്നത്? ആഗോളതീവ്രവാദത്തിന്‍റേയും ബോംബ്സ്പോടനത്തിന്‍റേയും പിറകില്‍ നാം കേള്‍ക്കുന്ന പേരുകള്‍ മുസ്ലിം പേരുകളാകുമ്പോള്‍ ഒരു മുസ്ലിം എന്ന നിലയ്ക്ക് അത് എന്നെ വല്ലാതെ വിഷമിപ്പിക്കാറുണ്ട്. അവര്‍ മുസ്ലിമല്ല അവര്‍ മുസ്ലിമല്ല എന്ന് ഞാന്‍ ‍ കഴിയുന്നിടത്തൊക്കെ പറയുന്നുമുണ്ട്.അതേ വിഷമമാകും ഇതെഴുതുവാന്‍ തട്ടത്തിനേയും പ്രേരിപ്പിച്ചത്.ഡോ. അബ്ദുല്‍ കലാമിനെ രണ്ടാം വട്ടവും എയര്‍പ്പോട്ടില്‍ തടഞ്ഞുവെച്ച വാര്‍ത്ത നടക്കുകയാണ്. മുസ്ലിം നാമധാരികളായ എല്ലാവരും ഇതിന്‍റെ ഇരകളായി മാറുകയാണ്.അത് തിരുത്തുക എന്ന നല്ല ജോലിയാണ് നാം ചെയ്യേണ്ടത്;അത് ഇല്ല എന്ന് ഒളിപ്പിച്ചുവയ്ക്കുകയല്ല. ഒരു ശാന്തിക്കാരന്‍റേയോ ഒരു ഇടവക വികാരിയച്ചന്‍റേയോ സ്ഥാനമാണ് മുസലിയാര്‍‍ക്ക് മുസ്ലിം സമുദായത്തില്‍ ഉള്ളത് എന്ന് ഈ കഥയെഴുതിയ ശ്രീജിത്ത് അറിയാതെ പോയി.മുസ്ലിയാര്‍ ഒരു വ്യക്തിയല്ല, ഒരു സ്ഥാനമാണ്. മുസ്ലിം സമുദായത്തിലെ ഏറ്റവും ദരിദ്രരായ ഒരു വിഭാഗമാണ് സത്യത്തില്‍ മുസ്ലിയാക്കന്മാര്‍. 1500/2000 രൂപ ശമ്പളത്തിനും രാച്ചോറിനും വേണ്ടി അഞ്ചുനേരം നിസ്കാരത്തിനു നേതൃത്വം കൊടുക്കുകയും കുട്ടികളെ മതത്തിന്‍റെ ധ൪മ്മങ്ങള്‍ പഠിപ്പിക്കുകയും ചെയ്യുന്നവരവരാണ്.‍ വികാരിയച്ചന്‍ അല്ലെങ്കില്‍ ശാന്തിക്കാരന്‍ വീടുകളില്‍ കയറിയിറങ്ങി ഭക്ഷണം കഴിച്ചുകൊണ്ട് "ഓര് നമ്മെ കൊല്ലാന്‍ നടക്കുകയാണ്, ഓര് ഞ‌മ്മ അറിയാതെ ബോംബ് വയ്ക്കുന്നവരാണ്"എന്നെഴുതിയാല്‍ ‍ ശാന്തിക്കാരന്‍റേയും അച്ചന്മാരുടേയും പാ‍൪ട്ടിക്കാര്‍ക്ക് തോന്നുന്ന അതേ സങ്കടം മുസലിയാരുടെ ആളുകള്‍ക്ക് തോന്നുന്നത് സ്വാഭാവികമാണ്.അപ്പോള്‍ ഇതിലെ കമന്‍റെഴുത്തുകാര്‍ ഈ കഥ അത്രയ്ക്ക് ഹാസ്യത്തിലെടുക്കില്ല.അതില്‍ ആരേയും കുറ്റം പറഞ്ഞിട്ടു കാര്യമില്ല. മുസ്ലിയാര്‍ ഒരു പദവിയാണ്. മുസ്ലിയാര്‍ക്കു പകരം അസീസ് എന്ന് എഴുതിയിരുന്നുവെങ്കില്‍ അത് ഒരു കേവല വ്യക്തിമാത്രമേ ആകൂ. ആഗോളഇസ്ലാമിക തീവ്രവാദ‌ത്തിനു പിറകില്‍ ഇത്തരം ദരിദ്രരല്ല, സമ്പന്നതയില്‍ ജീവിച്ച്, സമ്പന്നത മടുത്ത കൌബോയ് ഇസ്ലാമിസ്റ്റുകളാണ്; പിന്നെ ഈ ആശയത്തില്‍ കുടുങ്ങിപ്പോയ പാവം ചിലരും. ദയവായി ഈ കഥയ്ക്ക് മറ്റു അര്ത്ഥങ്ങള്‍ ചമയ്ക്കരുത്. അതിന്‍റെ നല്ല അര്‍ത്ഥത്തില്‍ മാത്രം ഇത് വായിക്കുക.

Bincy Johny SJHS Pulinthanam said...

Sir kathakollamallo ethupoloru katha 7thel english non detailedel padechettund athil glassenu pakaram time piece aerunnu. Kathaude name marannupoy.

Anonymous said...

മാപ്പിളമാര്‍ക്കും തതാമാര്‍ക്കും വിവരമില്ല എന്നുള്ള ഒരു ധ്വനി ഇതിലടങ്ങിയിരിക്കുന്നു. അല്ലെങ്കില്‍ പിന്നെ മുസ്ലീം കഥാപാത്രങ്ങളെ ഇത്തരത്തില്‍ ആവിഷ്കരിച്ചു.

Sreekumar Elanji said...

കഥയില്‍ ചോദ്യമില്ല.

Anitha Sarath said...

vidyaarangam blog adhyaapakarkkum vidyaardhikalkkum bhaashaa snehikalkkum ullathaa. nammalellam onnaanu. hinduvenno christian enno islamenno oru verthirivu venda. nammal manushyar. namukku thammil oru vazhakkum venda. kadha kadhayaayi maathram kaanaam.please.

Azeez . said...

അനിത ടീച്ചര്‍ എഴുതിയ അഭിപ്രായം വളരെ കാര്യമായി വിദ്യാരംഗം ബ്ലോഗര്‍ ടീം ശ്രദ്ധിക്കണമെന്ന് അപേക്ഷിക്കുന്നു. വിദ്യാരംഗം പ്രധാനമായും വിദ്യാര്‍ത്ഥികള്‍ക്കുള്ള ഒരു ബ്ലോഗാണ്. പിന്നെ ഭാഷാദ്ധ്യാപകര്‍ക്കും. ഭാഷയെ സ്നേഹിക്കുന്നവര്‍ക്ക് ഒരു സ്ഥാനം വിദ്യാരംഗം കൊടുത്തിട്ടുണ്ട്. ഈ സ്ഥാപിത ഉദ്ദേശ്യം വിദ്യാരംഗം മറന്നുകൂട.ഇപ്പോള്‍ നടക്കുന്ന കമന്‍റ് കോലാഹലം ഈ രീതിയില്‍ തുടര്‍ന്നാല്‍ വിദ്യാര്‍ത്ഥികള്‍ ഈ ബ്ലോഗ് തുറക്കാതാകും. വായിച്ചാല്‍ ഒരു അഭിപ്രായമോ ഒരു കമന്‍റോ പോലും എഴുതുവാന്‍ മിനക്കെടാത്ത ഭാഷാദ്ധ്യാപകര്‍ ഈ വഴിക്ക് പിന്നെ വരാതാകും.ഈ സ്ഥിതി വന്നാല്‍ വിദ്യാരംഗം ഒരു ചാനല്‍ യുദ്ധക്കളം പോലെയാകും.ഈ ഗതി വരണമോ? അതില്‍ വരുന്ന രചനകള്‍ ആദ്യം വിലയിരുത്തേണ്ടത് അദ്ധ്യാപകരാണ്.അവര്‍ അത് ചെയ്യട്ടെ.വഴിയേ പോകുന്നവരൊക്കെ ഇതിലെ രചനകള്‍ അവരുടെ മത സങ്കുചിതത്ത്വത്തിന്‍റെ കണ്ണടയിലൂടെ കാണുമ്പോള്‍ പ്രശ്നം കൈവിട്ടുപോകുകയാണ്. അതുകൊണ്ട് വിദ്യാരംഗം വിദ്യാര്‍ത്ഥികളുടേയും ഭാഷാദ്ധ്യാപകരുടേയും മാത്രമായ ഒരു സ്വകാര്യ ബ്ലോഗായി മാറ്റണമെന്ന് അപേക്ഷിക്കുന്നു. ഈവിഭാഗക്കാരുടേതല്ലാത്ത കമന്‍റുകള്‍ വന്നാല്‍ റിലീസ് ചെയ്യരുത്.

Admin said...

ക്ഷമിക്കണം. ആരുടെയും മതത്തെ ചോദ്യം ചെയ്യണമെന്നോ,
മറ്റൊരു തരത്തിലുള്ള ദുരുദ്ദേശ്ശ്യവും ഈ കഥയെഴുതുനമ്പോള്‍ ഓര്‍ത്തില്ല. ഇതിന് സമാനമായ ഒരു സംഭവം എന്റെ നാട്ടിലുണ്ടായി. അപ്പോള്‍ എഴുതിപ്പോയതാണ്. ഞാനൊരു നാദാപുരത്തുകാരനാണ്. തൃശ്ശൂരില്‍ ജോലി ചെയ്യുന്നു എന്നു മാത്രം. ഇതിനെ ഒരു കഥയായി മാത്രം കാണുക. ഒപ്പം അസീസ് മാഷ് പറഞ്ഞപോലെ ഊഹാവോഹങ്ങള്‍ സൃഷ്ടിക്കുന്ന സാമൂഹിക ആരക്ഷിതാവസ്ഥയും. ഞങ്ങളുടെ നാട്ടില്‍ നടന്ന പല കലാപങ്ങളുടെയും മൂലകാരണങ്ങള്‍ ഇത്തരം ഊഹാവോഹങ്ങള്‍ മാത്രമായിരുന്നു. അതിനെതിരെ സാമൂഹ്യ പ്രതിബദ്ധതയുള്ള അദ്ധ്യാപകന്‍ എന്ന നിലയില്‍ കഥയിലൂടെ പ്രതികരിച്ചു എന്ന് മാത്രം.

reema .c.r said...

good and realistic story reemateacher

റംല നസീര്‍ മതിലകം said...

കഥ നന്നായിട്ടുണ്ട്.എങ്കിലും ചില ചിന്തകള്‍..
സമൂഹം ഇന്ന് ഭയത്തിന്‍റെ നിഴലില്‍ ജീവിക്കുകയാണ്. ഗുജറാത്തിലെ വ്യാജ ഏററുമുട്ടലുകള്‍ വേദനിപ്പിക്കുന്നതല്ലേ?
മുസ്ലിം സമുദായത്തിലെ ഏറ്റവും ദരിദ്രരായ ഒരു വിഭാഗമാണ് സത്യത്തില്‍ മുസ്ലിയാക്കന്മാര്‍. 1500/2000 രൂപ ശമ്പളത്തിനും രാച്ചോറിനും വേണ്ടി അഞ്ചുനേരം നിസ്കാരത്തിനു നേതൃത്വം കൊടുക്കുകയും കുട്ടികളെ മതത്തിന്‍റെ ധ൪മ്മങ്ങള്‍ പഠിപ്പിക്കുകയും ചെയ്യുന്നവരാണ്...