എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Nov 16, 2011

കാഴ്ചയ്ക്കപ്പുറം - കഥ


ഒരു തണുത്ത വെളുപ്പാന്‍കാലത്ത് ഷാര്‍ജ ഏര്‍പ്പോര്‍ട്ടിലേക്ക് പറന്നിറങ്ങുമ്പോള്‍ ഒരു പത്തുവയസ്സുകാരിയുടെ മനസ്സായിരുന്നെനിക്ക്. പറന്നിറങ്ങിയ വിമാനത്തിലിരുന്ന് കൗതുകത്തോടെ നോക്കുന്ന എന്റെ കണ്‍മുന്നില്‍ ആയിരക്കണക്കിന് ലൈറ്റുകള്‍ മിന്നിമറയുന്നു.... വീടുകള്‍ക്കു മുന്നില്‍ തൂക്കുന്ന നക്ഷത്രവിളക്കുകളെ കൊതിയോടെ നോക്കിനില്‍ക്കുന്ന ക്രിസ്തുമസ് രാത്രികളാണ് എനിക്കപ്പോളോര്‍മ്മവന്നത്. ഇച്ചായന്റെ കൈയ്യും പിടിച്ച് ദുബായിലെ കാഴ്ചകള്‍കണ്ടു നടക്കാന്‍ തുടങ്ങിയിട്ട് ഒരാഴ്ചയില്‍ കൂടുതലായെങ്കിലും എനിക്കെല്ലാം വിസ്മയങ്ങളായിരുന്നു... ഗുല്‍മോഹര്‍ മരങ്ങള്‍ പൂത്തിനില്‍ക്കുന്ന പാതയോരങ്ങള്‍ക്കിരുവശവും സുന്ദരികളായ പുഷ്പങ്ങള്‍ നമ്മേനോക്കി പുഞ്ചിരിക്കുന്നു.... എന്നു പറഞ്ഞു കടന്നുപോയ വര്‍ണ്ണാഭമായ കഴ്ചകള്‍ക്കപ്പുറം ചുട്ടുപൊള്ളിക്കുന്ന ചൂടും... ഒരു പ്രദേശത്തെയാകമാനം വഹിച്ചുകൊണ്ടുപോകുന്ന മണല്‍ക്കാറ്റുമെല്ലാം... പതിയെ പതിയെ എന്നെ അലോസരപ്പെടുത്തി....
സാമ്പത്തികമാന്ദ്യം അത്യുച്ചാവസ്ഥയില്‍ എത്തിയ സമയമായിരുന്നു അന്ന്. ദുബായുടെ മധുചഷകങ്ങള്‍ക്കുമപ്പുറം മറ്റൊരു ലോകത്തെ ഞാന്‍ തിരിച്ചറിയുകയായിരുന്നു... വീശിയടിക്കുന്ന മണല്‍ക്കാറ്റുകളില്‍ ഒട്ടകങ്ങള്‍ക്കു മറപറ്റിനിന്ന് ജീവിതത്തിന്റെ നൂല്‍നൂല്‍ക്കുന്ന സഹോദരന്മാര്‍, ചുട്ടുപഴുത്ത പാതയോരങ്ങളില്‍ തൊഴിലന്വേഷണത്തിനവസാനം കുഴഞ്ഞുവീണു കിടക്കുന്ന ചെറുപ്പക്കാര്‍... ഇത്തരം കാഴ്ചകളൊക്കെ കണ്ട് മനസ്സല്പം വേദനിച്ചിരുന്ന ഒരു ദിവസമാണ് ഞാനാകാഴ്ച കണ്ടത്. കാലത്ത് ഓഫീസില്‍പ്പോയ ഭര്‍ത്താവിന്റെ വരവ് വൈകിട്ടഞ്ചുമണിയോടടുത്താകും എന്നു നന്നായറിയാമായിട്ടും ഞാന്‍ പുറത്തേയ്ക്കിറങ്ങി വെയിലിന്റെ കാഠിന്യം തീര്‍ത്തും മാറിയിട്ടില്ല. ശീതീകരിച്ച മുറിക്കുള്ളിലെ മടുപ്പ് അത്രയ്ക്കു അസഹ്യമായപ്പോഴാണ് മകളുടെ കൈയ്യും പിടിച്ച് പുറത്തേയ്ക്കിറങ്ങിയത്.
തലയില്‍ മനോഹരമായ കെട്ടുകെട്ടി വൈള്ളക്കുപ്പായങ്ങളുമിട്ട് നടന്നുപോകുന്ന അറബികളെ നോക്കിനില്‍ക്കുമ്പോള്‍ എനിക്കു തോന്നി അവരുടെ നടത്തത്തില്‍പോലും മനോഹരമായൊരു താളമുണ്ടെന്ന് റാസല്‍ മേഖലയിലെ മലയാളി സമാജത്തിനടുത്തായി അറബികളുടെ ഒരു പള്ളിയുണ്ട്. അവിടേയ്ക്ക് ആളുകള്‍ വാഹനങ്ങളില്‍ പോകുന്നത് ഞാന്‍ താമസിച്ചിരുന്ന വീടിനു മുന്നിലുള്ള മുള്‍ച്ചെടിച്ചോട്ടിലിരിക്കുമ്പോള്‍ എനിക്കു കാണാമായിരുന്നു. ഈന്തപ്പനകളും ഗുല്‍മോഹര്‍ മരങ്ങളും നിറഞ്ഞുനില്‍ക്കുന്ന പാതയോരങ്ങളുണ്ടെങ്കിലും ആ നാട് അകവും പുറവും പൊള്ളിനില്‍ക്കുകയായിരുന്നു. അടുത്ത വില്ലയില്‍ താമസിക്കുന്ന ചേച്ചി നീട്ടിയ മലയാളപത്രം ആര്‍ത്തിയോടെ വായിക്കുമ്പോള്‍ കിട്ടിയ ആശ്വാസം വാക്കുകള്‍ക്കതീതമായിരുന്നു. നാട്ടിലെ വിശേഷങ്ങളിലൂടെ കണ്ണോടിച്ച് സാമ്പത്തിക മാന്ദ്യത്തിന്റെ ഉച്ചസ്ഥായില്‍ എത്തിയപ്പോഴാണ് മകളെന്നെ വിളിച്ചത്.
മകള്‍നില്‍ക്കുന്നതിന്റെ തൊട്ടടുത്തായി വീണുകിടക്കുന്ന ഒരു മനുഷ്യന്‍. മണ്ണിന്റെ നിറമായ കുര്‍ത്തയും പൈജാമയും. ദുബായിലെത്തിയിട്ട് ഒരുമാസം കഴിഞ്ഞതിനാല്‍ വേഷത്തില്‍നിന്നും ആളേതു രാജ്യക്കാരനാണെന്ന് മനസ്സിലാക്കാന്‍ വിഷമം ഉണ്ടായില്ല. അറബിയും ഇസ്രായേലിയും ചൈനക്കാരും ഫിലിപ്പീനിയുമെല്ലാം കൂടിക്കുഴയുന്ന ഒരു ചെറിയലോകം തന്നെയാണ് ഗള്‍ഫെന്ന് ആദ്യത്തെ ഒരാഴ്ചകൊണ്ടുതന്നെ ഞാന്‍ മനസ്സിലാക്കിയിരുന്നു. ഈ പൊള്ളുന്ന വെയിലില്‍ വീണുകിടക്കുന്നത് നമ്മുടെ ആ "ജന്മശത്രുക്കളിലൊരുവന്‍”. ഈ പാതയോരത്ത് ഇങ്ങനെയൊരാള്‍. മകളുടെ കൈപിടിച്ചുകൊണ്ട് വേഗം അകത്തുകയറിപ്പോകാന്‍ തുനിഞ്ഞു. മകള്‍ വരാന്‍ കൂട്ടാക്കുന്നില്ല. മണ്ണില്‍ വീണുകിടക്കുന്ന അയാള്‍ തീരെ അവശനാണ്. ആയാസപ്പെട്ട് കണ്ണുകള്‍ തുറക്കുന്ന അയാള്‍ എന്നോടെന്തോ പറയാന്‍ ശ്രമിക്കുന്നു.
"അമ്മേ... അയാള്‍ക്കിത്തിരി വെള്ളം കൊടുക്കൂ.." എന്നു ചിണുങ്ങുന്ന മകള്‍ക്കുമുമ്പില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ വിഭജനത്തെക്കുറിച്ചും പിന്നീടുണ്ടായ യുദ്ധങ്ങളെക്കുറിച്ചുമൊന്നും പറയാനെനിക്കു കഴിഞ്ഞില്ല. കാര്‍ഗില്‍ യുദ്ധത്തില്‍ മരിച്ചുവീണ ഇന്ത്യന്‍ പട്ടാളക്കാരോടുള്ള ആദരസൂചകമായി ഇയാള്‍ക്ക് വെള്ളം കൊടുക്കാതിരുന്നാലോ? സഹായിക്കണോ? വേണ്ടയോ? രണ്ടും കല്പിച്ച് ഞാനയാള്‍ക്ക് വെള്ളം കൊടുത്തു. പാതയോരത്തെ മണലില്‍ കൈകുത്തി കയാളെഴുന്നേറ്റിരിക്കുവാന്‍ തുടങ്ങി ആംഗ്യഭാഷയില്‍ അയാളോട് കാര്യങ്ങള്‍ ചോദിച്ചറിയാന്‍ ഞങ്ങള്‍ ശ്രമമാരംഭിച്ചു... ഭാഗ്യം അയാള്‍ക്ക് ഇംഗ്ളീഷ് കുറച്ചൊക്കെ പറയാന്‍ അറിയാം.
മുഹമ്മദ് കാസിം. പാക്കിസ്ഥാനില്‍ നിന്നും ഗള്‍ഫിലെത്തിയിട്ട് നീണ്ട മൂന്നുവര്‍ഷങ്ങള്‍ കഴിഞ്ഞുപോയി വീശിയടിച്ച സാമ്പത്തികമാന്ദ്യത്തില്‍ കടപുഴകിയ കാസിം ജോലിനഷ്ടപ്പെട്ട് വീട്ടിലേയ്ക്ക് തിരികെപ്പോകാന്‍ മനസ്സില്ലാതെ, ഒളിഞ്ഞും തെളിഞ്ഞും താമസിക്കുന്നു. എന്റെ മുന്നിലിരുന്ന് അയാള്‍ തേങ്ങിക്കരഞ്ഞു. സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടും തിരികെപ്പോയില്ല. ഷാര്‍ജയിലെ മരുഭൂമിയില്‍ വിസയില്ലാതെ ഏതോ അറബിയുടെ ഒട്ടകക്കൂട്ടങ്ങള്‍ക്ക് കാവല്‍ കിടക്കുന്ന പാവം. ഭക്ഷണം കഴിച്ചിട്ട് ഏഴുദിവസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഒട്ടകക്കൂട്ടങ്ങള്‍ക്കു വെള്ളംകൊടുക്കുമ്പോള്‍ വന്ന പിഴവില്‍ കൈപ്പത്തി പൊള്ളിച്ചു അറബി. അറ്റുപോകാറായ വലതുകൈ വിരലുകള്‍. ഇന്ത്യയുടെ അതിര്‍ത്തിക്കപ്പുറത്തേയ്ക്ക് എന്റെ കണ്ണുനീര്‍ പടര്‍ന്നൊഴുകി. വഴിവക്കില്‍ ഞാന്‍ കൊടുത്ത ഭക്ഷണം ആര്‍ത്തിയോടെ കഴിച്ച് മുഹമ്മദ് കാസിം. തീഷ്ണമായ മതസ്നേഹം വേണമെങ്കില്‍ ഭ്രാന്തെന്നു പറയാം. അതാണയാളെ എനിക്കു മുന്നിലെത്തിച്ചത് ചുട്ടുപൊള്ളുന്ന സമയത്ത് വാഹനങ്ങളില്‍പ്പോകാന്‍പോലും ആളുകള്‍ മടിക്കുന്ന സമയത്ത് ഈ വഴിയിലൂടെ അയാള്‍ നടന്നെത്തിയത് നിസ്ക്കാരം മുടങ്ങാതിരിക്കുവാനായിരുന്നു. ദൈവത്തിനോടുപോലും എനിക്കു ദേഷ്യം തോന്നി.
അന്നുരാത്രിയില്‍ ഞങ്ങളുടെ ഊണുമേശയില്‍ നിറഞ്ഞുനിന്നത് മുഹമ്മദ് കാസിം ആയിരുന്നു. മണല്‍ക്കാടുകളുടെയും ഒട്ടകങ്ങളുടെയും ഇടയില്‍ അകപ്പെടുന്ന നിര്‍ഭാഗ്യവാന്മാരെപ്പറ്റി ഭര്‍ത്താവെന്നോടു പറഞ്ഞപ്പോള്‍ കാസിമിനോടെനിക്കെന്തോ വല്ലാത്തൊരു അടുപ്പം തോന്നി.
നാടിനും വീടിനും തണലും തണുപ്പുമാകുന്ന പ്രവാസികളുടെ ചുട്ടുപൊള്ളുന്ന ജീവിതം, സാമ്പത്തിക മാന്ദ്യത്തില്‍ ജോലി നഷ്ടപ്പെട്ടിട്ടും വെറുംകൈയ്യോടെ നാട്ടിലേക്കു മടങ്ങാനാകാതെ അവിടെതന്നെ ജീവനൊടുക്കിയവര്‍. കൈനിറയെ സമ്മാനങ്ങളുമായെത്തുന്ന അച്ഛനെ കാത്തിരിക്കുന്ന മക്കളെ ഓര്‍ക്കുമ്പോള്‍ ഞാനിവിടെ സുഖമായിരിക്കുന്നു എന്ന് കത്തെഴുതി പൊള്ളുന്ന മരുച്ചൂടില്‍ നാടിനെ സ്വപ്നം കണ്ട്, ഒട്ടകങ്ങള്‍ക്കു കാവലിരിക്കുന്നവര്‍. ഒരുനേരത്തെ ആഹാരത്തിനുവേണ്ടി അറബിയുടെ ദയകാത്തിരിക്കുന്നവര്‍. ദുബായുടെ വര്‍ണ്ണക്കാഴ്ചകള്‍ എന്‍റെ മനസ്സിനെ വല്ലാതെ മടുപ്പിച്ചു. വീശിയടിക്കുന്ന മണ്‍ക്കാറ്റില്‍ അശാന്തിയുടെ മനസ്സുമായി പിടയുന്നവര്‍. അവര്‍ക്കൊക്കെ ഞാന്‍ കണ്ടത് ഒരേമുഖമായിരുന്നു വേദനയുടെയും നൊമ്പരത്തിന്റെയും മുഖം.
മൂന്നു ദിവസങ്ങള്‍ക്കുശേഷം വാതിലിലെ കിളിചിലച്ചപ്പോള്‍ ഞാന്‍ സന്തോഷിച്ചു. ഇച്ചായന്‍ നേരത്തെവന്നുവല്ലോ. വന്നതു കാസിം ആയിരുന്നു. ഞാന്‍ കൊടുത്ത ഒരിറ്റുവെള്ളവും ഒരുനേരത്തെ ആഹാരവും എന്നെ കാസിമിന്റെ സുഹത്താക്കിമാറ്റി. പല ദിവസങ്ങളില്‍ പല പ്രാവശ്യങ്ങളായി കാസിം എന്നെ കാണാനെത്തി ആവശ്യങ്ങളിലേറെയും ഒരുനേരത്തെ ഭക്ഷണമായിരുന്നു. ഇന്ത്യാപാക്കിസ്ഥാന്‍ അതിര്‍ത്തിക്കപ്പുറത്തേയ്ക്ക് ഞങ്ങളുടെ സൗഹൃദം കടന്നുചെന്നു.
പാക്കിസ്ഥാന്റെയും അഫ്ഗാനിസ്ഥാന്റെയും അതിര്‍ത്തി പ്രദേശത്തെ മലയടിവാരത്തിലുള്ള കാസിമിന്റെ വീട്ടിലേക്ക് അയാളോടൊപ്പം ഞാനും സഞ്ചരിച്ചു. ആ ചെറിയ വീട്ടില്‍നിന്നും കാസിം യാത്രപറഞ്ഞിറങ്ങിയപ്പോള്‍ കണ്ണുനീരോടുകുടി നിന്ന റസിയായും ചെറിയ മകള്‍ ലൈലയും അയാളുടെ നിനവുകളില്‍ ഞങ്ങള്‍ക്കു മുന്നില്‍ വന്നുനിന്നു പുഞ്ചിരിച്ചു. ഒരിക്കലും കാണാത്ത റസിയയും ജന്മനാ തളര്‍ന്നു കിടക്കുന്ന ലൈലായും എനിക്ക് വേണ്ടപ്പെട്ടവരായി.
ഇടയ്ക്കൊക്കെ വന്ന് ഭക്ഷണം കഴിച്ച് ബാക്കി പൊതിഞ്ഞുകൊണ്ടുപോകുന്ന കാസിം. തലചായ്ക്കാനിടമില്ലാതെ മരുഭൂമിയില്‍ ഒട്ടകങ്ങള്‍ക്ക് കാവലിരുന്ന് ചുമച്ചുചുമച്ച് നേരം വെളുപ്പിക്കുമ്പോള്‍ എന്റെ മനസ്സും അസ്വസ്ഥമാവുകയായിരുന്നു. പഴകിയ കട്ടിലില്‍ ചുരുണ്ടുകിടന്ന് ബാപ്പയെ തിരക്കുന്ന ലൈലയും, ഗള്‍ഫിലേയ്ക്ക് പറന്ന ഭര്‍ത്തവ് തിരികെ വരുന്നതും കാത്തിരിക്കുന്ന റസിയായും എന്റെ സ്വപ്നത്തിലെത്തി തുടങ്ങി. മിക്കവാറും കാസിമിന് ഭക്ഷണം കൊടുക്കേണ്ടത് എന്റെ ചുമതലയായിമാറി. എന്റെ മകളും മുഹമ്മദ് കാസിമും രണ്ടുമാസംകൊണ്ട് വര്‍ഷങ്ങളുടെ പരിചയത്തിലായി. വെയിലിനു ചൂടേറി, അധികമാരും പുറത്തിറങ്ങാതാകുമ്പോള്‍ കാസിം വീടിനു മുന്നിലെ മുള്‍ച്ചെടിയുടെ തണലില്‍ വന്നിരിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നത് പതിവായി. അവിചാരിതമായി ഏതെങ്കിലുമൊരറബി ആ വഴിക്കുവന്നാല്‍ ആ 87-കാരന്‍ പൂച്ചയുടെ മുന്നിലകപ്പെട്ട എലിയെപ്പോലെ പതുങ്ങിനില്‍ക്കും.
ഇന്ത്യയിലെ വലിയ ആശുപത്രില്‍ ചികിത്സിച്ചാല്‍ ലൈല എണീറ്റുനടക്കുമെന്നൊരു പ്രതീക്ഷ ഡോക്ടര്‍മാര്‍ നല്‍കിയതിന്റെ മുപ്പതാം ദിവസമാണ് ഉള്ളതെല്ലാം വിറ്റുപെറുക്കി കാസിം ഗള്‍ഫിലേയ്ക്ക് വണ്ടികയറിയത്. എന്റെ മോളുടെ കൈപിടിച്ച് വളരെ സന്തോഷത്തോടെ കാസിം ചില പാട്ടുകള്‍ പാടും. അര്‍ത്ഥമറിയാത്ത ആ പാട്ടുകളില്‍ മകളെകാണാത്ത പിതാവിന്റെ ദുഃഖങ്ങളും നൊമ്പരങ്ങളുമാണുള്ളതെന്ന് ഞാനൂഹിച്ചെടുത്തു. ലാഹോറിന്റെ തെരുവീഥിയിലൂടെ നടന്നുപോയ റസിയയെ ആദ്യം കണ്ടതും പിന്നീട് ജീവിത സഖിയാക്കിയതുമെല്ലാം എത്രസന്തോഷത്തോടെയാണയാള്‍ ഓര്‍ക്കുന്നത്. അഫ്ഗാനിസ്ഥാന്റെ മലയടിവാരങ്ങളില്‍ കാസിമിനൊപ്പം ഞാനും സഞ്ചരിക്കുകയായിരുന്നു. റസിയായ്ക്കും മകള്‍ക്കും അയച്ചുകൊടുക്കാന്‍ ഒരു ദിര്‍ഹം പോലുമില്ലാത്ത വേദനയും അനാരോഗ്യവും പഴുത്തൊലിക്കുന്ന കൈയ്യുമെല്ലാം അയാളെയൊരു തീരാരോഗിയാക്കി.
മുഹമ്മദാലി ജിന്നയും, കാര്‍ഗില്‍യുദ്ധവും, കാശ്മീരിലെ നുഴഞ്ഞുകയറ്റവുമെല്ലാം ഞാന്‍ മറന്നു. ഭര്‍ത്താവിന്റെ കാലുറകളും ഒരു പഴയ കമ്പിളിയുമെല്ലാം അയാള്‍ ചോദിക്കാതെ തന്നെ ഞാനയാള്‍ക്കുകൊടുത്തു. എന്നെങ്കിലുമൊരിക്കല്‍ അറബി കൈനിറയെ കാശുമായ് വന്ന് ഒട്ടകങ്ങളെ നോക്കിയ കൂലി തനിക്കു തന്ന് തന്നെ പാക്കിസ്ഥാനിലേക്ക് അയയ്ക്കുമെന്നും വിസാ കാലാവിധി കഴിഞ്ഞിട്ടും ഗള്‍ഫില്‍ തങ്ങിയ തെറ്റ് പൊതുമാപ്പില്‍ പൊറുത്തു കിട്ടുമെന്നുമെല്ലാം അയാള്‍ സ്വപ്നം കണ്ടു. കാര്‍ഗില്‍ യുദ്ധത്തില്‍ മരിച്ച പാക്കിസ്ഥാന്‍ പട്ടാളക്കാരനായ സഹോദരന്റെ ശവം കിട്ടാത്തതുകൊണ്ട് മരണാനന്തര കര്‍മ്മങ്ങള്‍ ചെയ്യാന്‍ സാധിക്കാത്തിനാല്‍ ജ്യേഷ്ഠന്റെ ആത്മാവിന് സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാനാവാതെ സ്വര്‍ഗ്ഗത്തിനു ചുറ്റും പറന്നു നടക്കുന്നതുമെല്ലാം കാസിമിന്റെ സ്വകാര്യ നൊമ്പരങ്ങളായിരുന്നു.
കാസിമിന് മറ്റെന്തോ അസുഖം ഉള്ളതുപോലെ ശരീരം വിണ്ടുകീറി പഴുപ്പൊലിയ്ക്കുന്നു. കൈയ്യില്‍ പണമോ വിസയോ ഒന്നുമില്ലാതെ മുടന്തി മുടന്തി നീങ്ങുന്ന കാസിമിന് ഭക്ഷണമൊഴികെ മറ്റൊന്നും കൊടുക്കാനെനിക്ക് കഴിഞ്ഞില്ല.
അന്ന് കാസിം വന്നപ്പോള്‍ പഴകി നിറംമങ്ങിയ ഒരു അഡ്രസ്സും കൈയ്യിലുണ്ടായിരുന്നു. “റസിയ മുഹമ്മദ് കാസിം”വീശിയടിക്കുന്ന പൊടിക്കാറ്റില്‍നിന്നും രക്ഷനേടാന്‍ റാസല്‍ ഖൈയ്മയിലെ ഞങ്ങളുടെ വീടിനുമുന്നിലുള്ള ഒരു മരച്ചുവട്ടില്‍ കാസിം ഇരുന്നു. ഒപ്പം ഞങ്ങളും വാളന്‍ പുളിയുടെ തരത്തിലുള്ള ചുമപ്പും പച്ചയുമായ കായകള്‍ തൂങ്ങിക്കിടക്കുന്ന മുള്‍ച്ചെടിയുടെ വിതാനിപ്പിനു താഴെയിരുന്ന് റസിയായ്ക്കായി ഞാന്‍ കത്തെഴുതി, അയാള്‍ പറഞ്ഞുതന്ന ഇംഗ്ലീഷിന്റെ അര്‍ത്ഥം ഇങ്ങനെയായിരുന്നു.
എന്റെ ഹൂറിയ്ക്കും പൊന്നുമോള്‍ക്കും, അള്ളാവിന്റെ കൃപയാല്‍ ഞാന്‍ സുഖമായി കഴിഞ്ഞുപോകുന്നു. നിങ്ങള്‍ക്ക് പണമയയ്ക്കാത്തതില്‍ വിഷമിക്കരുത്. റസിയ എങ്ങനെയെങ്കിലും വീട്ടുകാര്യങ്ങള്‍നോക്കണം. എന്റെ ശമ്പളമെല്ലാം ഞാനിവിടെ സൂക്ഷിക്കുകയാണ് ലൈലയെ ആശുപത്രിയില്‍കൊണ്ടുപോകാനായി. ഇന്ത്യയിലെ വലിയ ആശുപത്രിയില്‍ മോളെ കൊണ്ടുപോകാന്‍ ബാപ്പ ഉടനെ എത്തും. പിന്നെയൊരിക്കലും ബാപ്പ എങ്ങുംപോവില്ല. എന്റെ ലൈലയുടെ കൈപിടിച്ച് എന്നുമെനിക്ക്... പിന്നെയൊന്നും പറയാനയാള്‍ക്ക് കഴിഞ്ഞില്ല. മരച്ചുവട്ടിലെ മണലിലേക്ക് മഴപെയ്യുന്നതുപോലെ കണ്ണീരടര്‍ന്നുവീണു. അയാളൊടൊപ്പം ഞാനും കരഞ്ഞു. റസിയായ്ക്കും, ലൈലയ്ക്കും പുന്നാരമുത്തമെന്ന് ഞാന്‍ സ്വന്തമായെഴുതി.
പെട്ടെന്നാണ് ഒരു വാഹനം ചീറിപ്പാഞ്ഞുവന്നത് ശുര്‍ത്തയുടെ (പോലീസ്) വേഷം കണ്ടതോടെ ഞാന്‍ ഗെയിറ്റിനുള്ളില്‍ കടന്നു പുറത്തേയ്ക്ക് നോക്കി.“ബത്താക്ക”കാര്‍ഡിനായി കൈനീട്ടുന്ന ശുര്‍ത്ത (ജോലിക്കായുള്ള കാര്‍ഡും വിസയുമില്ലാത്ത ആരും പുറത്തിറങ്ങരുതെന്ന് ഇച്ചായന്‍ പറയാറുള്ളത് ഞാനോര്‍ത്തു). മുഷിഞ്ഞു പിഞ്ഞിയ കുര്‍ത്തയുടെ പോക്കറ്റില്‍ കൈ ഇട്ടു തിരിക്കാനല്ലാതെ കാസിമിനെക്കൊണ്ട് ഒന്നിനും കഴിഞ്ഞില്ല. എനിക്കുറപ്പായി കാസിം പിടിക്കപ്പെട്ടു. പുഴുത്തു തൂങ്ങിയ കൈവിരല്‍ കൂട്ടിപ്പിടിച്ചുകൊണ്ട് കാസിം പോലീസിനോട് എന്തൊക്കെയോ യാചിക്കുന്നു. “വെന്‍ ബത്താക്ക. മുശ്ക്കില്‍…എല്ലാറോഹ് ദാഫില്‍ സെയിറാ.....ഉല്ലു ഖലാശ്......”എന്നൊക്കെ ഉച്ചത്തിലുള്ള ശുര്‍ത്തയുടെ അലര്‍ച്ച കേള്‍ക്കാമായിരുന്നു.
ഞാന്‍ വാതില്‍ ചേര്‍ത്തടച്ച് അനങ്ങാതെ നിന്നു എന്തിനെന്നറിയാതെ ഞാന്‍ ഏങ്ങിയേങ്ങിക്കരയുമ്പോള്‍ മണല്‍ക്കാറ്റിനെ ഊതിപ്പറപ്പിച്ചുകൊണ്ട് വാഹനം പോയ ശബ്ദം ഞാന്‍ കേട്ടു. ശരിയത്ത് കോടതിയുടെ ശിക്ഷാവിധികളെക്കുറിച്ച് ഞാന്‍ ചില പരിചയക്കാരൊടൊക്കെ ചോദിച്ചു.
ഗള്‍ഫിന്റെ വര്‍ണ്ണക്കാഴ്ചകളവസാനിച്ച് നാട്ടിലേയ്ക്ക് മടങ്ങാന്‍ സമയമായി. മടക്കയാത്രയ്ക്ക് തൊട്ടുമുമ്പ് ഞാന്‍ ആ കത്ത് ഇച്ചായനെ ഏല്പിച്ചു. “ഇത് പോസ്റ്റ് ചെയ്യാന്‍ മറക്കരുത്.....”ഒരു പക്ഷെ ഇനിയൊരിക്കലും. കാസിമിനൊരു കത്തെഴുതാന്‍....
എയര്‍ ഇന്ത്യയുടെ ജി 199-ാം നമ്പര്‍ വിമാനത്തില്‍ ഇന്ത്യയിലേക്ക് തിരികെപ്പോരാന്‍ നിന്ന ഞാന്‍ കരയുകയായിരുന്നു. വിമാനത്താവളത്തിലെ ചില്ലകൂടിനപ്പുറത്തുനിന്നും ഞങ്ങളെ നോക്കി നില്‍ക്കുന്ന ഭര്‍ത്താവിനെ പിരിഞ്ഞ ദുഃഖമോ അതോ... അഫ്ഗാനിസ്ഥാന്റെയും പാക്കിസ്ഥാന്റെയും ഇടയ്ക്കുള്ള മലയടിവാരത്തില്‍ ഉപ്പയുടെ വരവും കാത്ത് കട്ടിലില്‍ കിടക്കുന്ന ലൈലയോ?

ഇത് കഥയല്ല. ജീവിതാനുഭവമാണ് 
റോസമ്മ സെബാസ്റ്റ്യന്‍
എച്ച്.എസ്.. മലയാളം
എസ്.ജെ.എച്ച്.എസ്.
ഉപ്പുതോട്, കട്ടപ്പന.

19 comments:

azeez said...

കാഴ്ചക്കപ്പുറം വായിച്ചു.

വളരെ മനോഹരമായ കഥ.ഒടുവിലായപ്പോള്‍ എനിക്ക് കണ്ണീരടക്കാനായില്ല. ഗദ്ദാമ എന്ന സിനിമ കണ്ടതുകൊണ്ടും ആടുജീവിതം എന്ന ബുക്ക് വിദ്യാരംഗം പരിചയപ്പെടുത്തിയതുകൊണ്ടും റോസമ്മ ടീച്ചര്‍ എഴുതിയ കഥ വളരെ അധികം സത്യസന്ധവും ഹൃദയത്തെ വല്ലാതെ വേദനിപ്പിക്കുന്നതുമായിത്തോന്നി.

മുഹമ്മദ് കാസിമിനെപ്പോലെ എത്രയെത്ര മനുഷ്യജീവിതങ്ങള്‍ ആടുമേഖ‌ലയിലും അറബ് മരുഭൂമികളിലും പൊലിഞ്ഞുതീരുന്നു.

ഭരണകൂടങ്ങള്‍, രാഷ്ടങ്ങള്‍ അവരുടെ രാഷ്ടീയ ആവശ്യങ്ങള്‍ക്കുവേണ്ടിയും സ്വാര്‍ത്ഥതയ്ക്കുവേണ്ടിയും മനുഷ്യരേയും സമൂഹങ്ങളേയും പകുക്കുമ്പോള്‍, പരസ്പരം വെറുക്കുവാനും ശത്രുതയോടെ പെരുമാറുവാനും നമ്മെ പഠിപ്പിക്കുമ്പോള്‍ നമ്മള്‍ സാധാരണ മനുഷ്യര്‍ എല്ലാ അതിര്‍ത്തിരേഖകളും ചരിത്രത്തിന്‍റെ എല്ലാ വിഴുപ്പുകളും മറന്നുകൊണ്ട് ഉദാത്തമായ മനുഷ്യത്വത്തിലേക്കുയരുന്നു. ഈ മനോഹരമായ തത്വമാണ് ഈ കഥയിലൂടെ റോസമ്മ ടീച്ചര്‍ പറയുന്നത്.

ഇവിടെ മതമോ ദേശീയതയോ നമുക്കു തടസ്സമാകുന്നില്ല, നാം അത് കൂട്ടാക്കുന്നില്ല. എത്രയോ സ്വന്തംമതക്കാരുള്ള ഒരു സ്ഥലത്ത് ഇന്ത്യയിലുള്ള ,കേരളത്തിലുള്ള ഏതോ സ്ത്രീയില്‍ നിന്നു അയാള്‍ ദാഹജലം വാങ്ങിക്കുടിക്കുന്നു.അയാളും മതത്തിനപ്പുറമുള്ള മനുഷ്യസ്നേഹം ആ സ്ത്രീയിലൂടെ അറിഞ്ഞുകാണും.

‌അയാളുടെ ദീനരോദനം കേള്‍ക്കുവാന്‍ പോലും കൂട്ടാക്കാതെ അയാള്‍ നിയമത്തിന്‍റെ കല്‍ത്തുറങ്കിലടക്കപ്പെടുമ്പോള്‍ അയാളെ ഓര്‍ത്ത് ഒരു സ്ത്രീയും കുട്ടിയും കരയുന്നു. ഇത് വായിക്കുന്ന നമ്മളുടെ കണ്ണുകളും നിറയുന്നു.

മുഹമ്മദ് കാസിം തിരിച്ചുചെല്ലുകയില്ലെന്നറിയുന്ന അവര്‍ കുടുംബത്തിന്‍റെ സാന്ത്വനത്തിനായി ആ കത്ത് അയക്കുമ്പോള്‍ ആ സ്ത്രീയുടെ സ്നേഹംഎത്രയോ ഉദാത്തമായി മാറുന്നു.

ളരെ നല്ല കഥ ‍ . നന്നായി പറഞ്ഞിരിക്കുന്നു.
വളരെ വളരെ നന്ദി.

faisu madeena said...

ഇതൊരു കഥയാണ്‌ എങ്കില്‍ പ്രശ്നമില്ല ..പക്ഷെ ഒരു അനുഭവം ആണെങ്കില്‍ എവിടെയൊക്കെയോ എന്തൊക്കെയോ കൂടിചേരുന്നില്ല..ഞാനും ഇപ്പറഞ്ഞ ദുബായിലും സൌദിയിലും ഒക്കെയായി വര്‍ഷങ്ങളായി ഉള്ള ആളാണ്‌ ..

"ചുട്ടുപഴുത്ത പാതയോരങ്ങളില്‍ തൊഴിലന്വേഷണത്തിനവസാനം കുഴഞ്ഞുവീണു കിടക്കുന്ന ചെറുപ്പക്കാര്‍..." ..ഇരുപതു വര്‍ഷത്തെ ഗള്‍ഫ്‌ ജീവിതത്തില്‍ ഇങ്ങനെ ഒരു സംഭവം ആദ്യമായി കേള്‍ക്കുകയാണ് ....

പിന്നെ പൊതുവേ ദുബായ് പോലീസ്‌ അലരാറില്ല.സൗദി പോലീസിനാണ് അലറല്‍ അസുഖം ഉള്ളത് ....

കഥയായി കാണാന്‍ ശ്രമിക്കുന്നു ..താങ്ക്സ്

Anonymous said...

പ്രീയ സുഹൃത്തേ..... താങ്കളുടെ ജീവിത സാഹചര്യങ്ങള്‍ ചിലപ്പോള്‍ കാസിംനെപ്പോലെയുള്ള മനുഷ്യജീവിതങ്ങളെ കാണാനോ മറിച്ച് കണ്ടില്ലെന്ന് നടിക്കാനോ ശ്രിമിക്കുന്നു... ഗള്‍ഫില്‍ 35 വര്‍ഷമായി പണിയെടുക്കുന്ന ഒരു സാധാരണ തൊഴിലാളിയാണ് ഞാന്‍. ഈ കഥാകാരി പറഞ്ഞിരിക്കുന്ന അനുഭവം എന്‍റെ കണ്‍മുമ്പില്‍ എത്ര എത്ര പ്രാവശ്യം കണ്ടിരിക്കുന്നു... ഒരു കാസിം അല്ലെങ്കില്‍ മറ്റൊരു കാസിംന്‍റെ രൂപത്തില്‍. താങ്കള്‍ വല്ല സ്വപ്നലോകത്തോ മറ്റോ ആണോ ജീവിക്കുന്നത്. താങ്കളുടെ ഫോട്ടോ കണ്ടിട്ട് ഒരു ‍ഡാന്‍ബാര്‍ ജീവിയായി എനിക്കു തോന്നുന്നു. താങ്കളെ ഞാന്‍ അല്‍ ഖുസ് മദീന സൂപ്പര്‍മാര്‍ക്കറ്റില്‍ കണ്ടിട്ടുള്ളതായി ഒരു സംശയം. എന്‍റെ ഊഹം ശരിയാണെങ്കില്‍ താങ്ങള്‍ ഇതല്ല ഇതിനപ്പുറവും പറയുന്നതും ചിന്തിക്കുന്നതുമായ ആളാണ്.

ബഷീര്‍, മലപ്പുറം said...

കാഴ്ചയ്ക്കപ്പുറം എന്ന അനുഭവകഥ വളരെ നന്നായിരുന്നു. ഗള്‍ഫ് നാടുകളിലെ വിശേഷങ്ങള്‍ നമ്മുടെ നാട്ടില്‍ വളരെ മസാലചേര്‍ത്ത് എത്തിക്കുന്ന ഒരു വിഭാഗം ആള്‍ക്കാരുണ്ട്. പാവം നാട്ടിലെ സ്ത്രീകളെ എന്തെല്ലാം പറഞ്ഞാണ് പറ്റിക്കാറുള്ളത്. ഒരു രീതിയില്‍ പറഞ്ഞാല്‍ ടീച്ചറുടെ കഥയും അതുപോലെ ഗദാമ്മ സിനിമയും മറ്റും കാണുന്ന സാധാരണക്കാരായ ആള്‍ക്കാര്‍ക്ക് ഇത്തരം ശ്രമങ്ങള്‍ വളരെ മുതല്‍ക്കൂട്ടായിരിക്കും. തീര്‍ച്ച.....

മുഹമ്മദ്‌ റാഫി said...

ഗള്‍ഫ് നാടുകളിലെ..
ഉള്‍പ്രദേശ്ത്തു...സംഭവിക്കാവുന്നതാണു....
മുഴുവ്നായി ...നിഷേധിക്കാന്‍ പറ്റില്ല....
നല്ലതു..നേരുന്നു......

Sreekumar Elanji said...

കഥയായി കാണാന്‍ ശ്രമിക്കുന്നു ..താങ്ക്സ്
ഫയിസു.. അങ്ങനെ തന്നെ കണ്ടോളൂ..
ആടുജീവിതത്തിനു് അനുബന്ധമായി ഈ കഥ റോസമ്മ ‍ടീച്ചര്‍
എഴുതിയതു് സന്ദര്‍ഭോചിതം തന്നെ.
പ്രവാസികളുടെ അനുഭവം ഇതിനെ ന്യായികരിക്കുന്നുണ്ടു്.
കഥയല്ലിതു് ജീവിതം തന്നെ.
ടീച്ചര്‍ നന്നായി എഴുതി.
ആശംസകള്‍.

Anonymous said...

anubhavamayi karuthi printout edukkana innu veendum kathayileyku vannath.pakshe abhiprayangal vayichu kazhinjappol njan ake confusionil ayi.kuttikalude munpil ithu kathayayi avatharippikkanamo,
anubhavamayi avatharippikkanamo ennu?
ethayalum teacher enne karayichu.kasiminte kudumbathinu teacher kathezhunnathil oru aswabhavikatha enikkum manathu.avark english ariyumayirikkum alle? dubai pothuve kurachu freedom ulla area ayittanallo kettittullath. teacherk abhinandanagal. anubhavam anennu paranjatha kuzhappamayath!

azeez said...

സ്വന്തം അഭിപ്രായം പേരും മുഖവും കാട്ടി എഴുതുവാന്‍ കഴിയാത്ത അജ്ഞാത, അനോണിമസ് പ്രേതങ്ങള്‍ ഫൈസു മദീനയെ വ്യക്തിപരമായി ആക്ഷേപിക്കുകയാണ്. ഫൈസു മദീനയുടെ അഭിപ്രായത്തോട് യോജിക്കാതിരിക്കാം, പക്ഷേ അയാള്‍ ഡര്‍ബാരിയാണെന്നും സൂപ്പര്‍ മാര്‍ക്കറ്റില്‍ കണ്ടിട്ടുണ്ടെന്നു തോന്നുന്നുവെന്നും ആള്‍ ഇതും ഇതിനപ്പുറവും പറയുമെന്ന് ഈ അജ്ഞാതന്‍ ഫൈസുമദീനയെ ആക്ഷേപിക്കുന്നു.
ഫൈസുവിന്‍റെ അഭിപ്രായത്തോട് എനിക്കു യോജിപ്പില്ല. ഫൈസു കാണാത്ത, കേള്‍ക്കാത്ത എത്രയോ കാഴ്ചകളും അനുഭവങ്ങളും ഉണ്ടാകും. അതൊന്നും ഉണ്ടായില്ല എന്നു പറയുവാന്‍ കാഴ്ചകളുടേയും കേള്‍വിയുടേയും എല്ലാ അവകാശങ്ങളും അല്ലാഹു സുബ് ഹാനഹു വതാല്ല ഫൈസുവിനു നല്‍കിയിട്ടില്ലല്ലോ. പക്ഷേ ഇത് ഒരു കഥയായി കാണുവാന്‍ ആഗ്രഹിക്കുന്നുവെന്ന അദ്ദേഹത്തിന്‍റെ വിശാലഹൃദയത്തേയും ഈ രചനയുടെ സാഹിത്യ ആസ്വാദനത്തേയും ഞാന്‍ ആദരിക്കുന്നു.

Jainmundackal said...

'കണ്ണുണ്ടായാല്‍ പോര കാണണം' എന്ന ചൊല്ല് ഇവിടെ പ്രസക്തമായിരിക്കുന്നു. രണ്ടു മാസത്തെ അവധി ഭര്‍ത്തവിനോടൊത്തു ചിലവഴിക്കാന്‍ ഗള്‍ഫിലെത്തിയ ടീച്ചര്‍ കാഴ്ച്യ്ക്കപുറം കണ്ട കാഴ്ചകള്‍ അതിമനോഹരമായി ഈ കഥയിലൂടെ അവതരിപ്പിച്ചിരിക്കുന്നു. സഹജീവികളുടെ ദുഃഖവും വേദനകളും മനസ്സിലാക്കുക എന്നത് മനുഷ്യ സ്നേഹികള്‍ക്ക് മാത്രമെ സാധിക്കുകയുള്ളൂ.
നിസ്കരിക്കാന്‍ പോയപ്പോഴാണ് കാസിം തളര്‍ന്നു വഴിയില്‍ വീണത്‌. നിസ്കരിക്കാന്‍ പോയ മറ്റു ദൈവഭക്തര്‍ (മതഭക്തര്‍) തീര്‍ച്ചയായും കാസിമിനെ കണ്ടിട്ടുണ്ട്. എന്നാല്‍ അവര്‍ കാണപ്പെടുന്ന സഹോദരനെ കണ്ടില്ല എന്ന് നടിച്ചു കാണപ്പെടാത്ത ദൈവത്തോട് പ്രാര്‍ത്ഥിക്കുവാനായിരിക്കും തീരുമാനിച്ചത്. ഇവിടെ നാം പഴിക്കേണ്ടത് ദൈവത്തെ അല്ല പ്രത്യുത കപട മതാനുയായികളെയാണ്.
മതം മനുഷ്യനെ ആചാരാനുഷ്ഠാനങ്ങളില്‍ തളച്ചിടുന്നതിന്‍റെ പ്രത്യക്ഷ ഉദാഹരണം. (ബൈബിളിലെ 'നല്ല സമരിയക്കാരന്‍റെ ഉപമ'യുടെ തനി ആവര്‍ത്തനം)

ജാതി, മത, രാഷ്ട്ര, വര്‍ണ, വര്‍ഗ്ഗ, ലിംഗ വ്യത്യാസം കൂടാതെ മനുഷനെ മനുഷന്‍ സ്നേഹിക്കണം, സഹായിക്കണം എന്ന സത്യം പറഞ്ഞ ടീച്ചര്‍ക്ക് ഭാവുകങ്ങള്‍ ആശംസിക്കട്ടെ.

ചില പോരായ്മകള്‍ ചൂണ്ടികാണിക്കുന്നതില്‍ ടീച്ചര്‍ പരിഭവിക്കില്ല എന്ന് കരുതട്ടെ.
൧. ഈന്തപ്പനയെക്കാള്‍ ഗുല്‍മോഹര്‍ മരങ്ങള്‍ക്ക് കൊടുത്ത പ്രാധാന്യം.
൨. സാമ്പത്തിക മാന്ദ്യത്തിന് കൊടുത്ത അധിക പ്രാധാന്യം.
൩. 87 വയസ്സുള്ള കാസിം. ഭാര്യ റസിയ. ജന്മനാ തളര്‍ന്നു കിടക്കുന്ന ചെറിയ മകള്‍ ലൈല.
൪. ടീച്ചര്‍ ഏതു ഭാഷയില്‍ റസിയയ്ക്ക് കത്തെഴുതി? എന്തുകൊണ്ട് ടീച്ചര്‍ ആ കത്ത് പോസ്റ്റ് ചെയ്തില്ല.
൫. സത്യത്തില്‍ ടീച്ചര്‍ കരഞ്ഞത് എന്തിനാണ്?
൬. ടീച്ചര്‍ അടുത്തുള്ള കേരള സമാജത്തില്‍ പോവുകയും കാസിമിന്‍റെ വിവരം അവിടെ അവതരിപ്പിക്കുകയും ചെയ്യാഞ്ഞത് എന്ത്?

കഥാകാരിക്ക് ഒരിക്കല്‍ കൂടി അഭിനന്ദനങള്‍.
ഒരു അമേരിക്കന്‍ സുഹൃത്ത്.

azeez said...

അനിത ടീച്ചര്‍ എഴുതിയ അഭിപ്രായം വളരെ കാര്യമായി വിദ്യാരംഗം ബ്ലോഗര്‍ ടീം ശ്രദ്ധിക്കണമെന്ന് അപേക്ഷിക്കുന്നു. വിദ്യാരംഗം പ്രധാനമായും വിദ്യാര്‍ത്ഥികള്‍ക്കുള്ള ഒരു ബ്ലോഗാണ്. പിന്നെ ഭാഷാദ്ധ്യാപകര്‍ക്കും. ഭാഷയെ സ്നേഹിക്കുന്നവര്‍ക്ക് ഒരു സ്ഥാനം വിദ്യാരംഗം കൊടുത്തിട്ടുണ്ട്. ഈ സ്ഥാപിത ഉദ്ദേശ്യം വിദ്യാരംഗം മറന്നുകൂട.ഇപ്പോള്‍ നടക്കുന്ന കമന്‍റ് കോലാഹലം ഈ രീതിയില്‍ തുടര്‍ന്നാല്‍ വിദ്യാര്‍ത്ഥികള്‍ ഈ ബ്ലോഗ് തുറക്കാതാകും. വായിച്ചാല്‍ ഒരു അഭിപ്രായമോ ഒരു കമന്‍റോ പോലും എഴുതുവാന്‍ മിനക്കെടാത്ത ഭാഷാദ്ധ്യാപകര്‍ ഈ വഴിക്ക് പിന്നെ വരാതാകും.ഈ സ്ഥിതി വന്നാല്‍ വിദ്യാരംഗം ഒരു ചാനല്‍ യുദ്ധക്കളം പോലെയാകും.ഈ ഗതി വരണമോ? അതില്‍ വരുന്ന രചനകള്‍ ആദ്യം വിലയിരുത്തേണ്ടത് അദ്ധ്യാപകരാണ്.അവര്‍ അത് ചെയ്യട്ടെ.വഴിയേ പോകുന്നവരൊക്കെ ഇതിലെ രചനകള്‍ അവരുടെ മത സങ്കുചിതത്ത്വത്തിന്‍റെ കണ്ണടയിലൂടെ കാണുമ്പോള്‍ പ്രശ്നം കൈവിട്ടുപോകുകയാണ്. അതുകൊണ്ട് വിദ്യാരംഗം വിദ്യാര്‍ത്ഥികളുടേയും ഭാഷാദ്ധ്യാപകരുടേയും മാത്രമായ ഒരു സ്വകാര്യ ബ്ലോഗായി മാറ്റണമെന്ന് അപേക്ഷിക്കുന്നു. ഈവിഭാഗക്കാരുടേതല്ലാത്ത കമന്‍റുകള്‍ വന്നാല്‍ റിലീസ് ചെയ്യരുത്.

വില്‍സണ്‍ ചേനപ്പാടി said...

ആന്റണ്‍ ചെക്കോവിന്റെ-വാങ്ക,എന്ന ബാലന്‍ മുത്തശ്ശന് അയച്ച കത്ത്...മജീദിന് കാലങ്ങള്‍ കഴിഞ്ഞു ലഭിക്കുന്ന കത്ത്...നജീബ് സൈനുവിന് എഴുതുന്ന കത്ത്.എന്റെയൊരു സ്ത്രീസുഹൃത്ത് സന്യാസം സ്വീകരിക്കുന്നതിനു മുമ്പ് എനിക്കയച്ച...ആ..കത്ത്-നൊമ്പരപ്പെടുത്തുന്ന ആ കത്തുകളുടെ കൂടെ മുഹമ്മദ് കാസിമിനു വേണ്ടി റോസമ്മ ടീച്ചര്‍ എഴുതിയ കത്തുകൂടി ചേര്‍ത്തു വയ്ക്കുകയാണ്.

ആര്‍ദ്രമായ ഒരു ഹൃദയം സൂക്ഷിക്കുന്നവര്‍ക്ക് നൊമ്പരപ്പെടുന്നവന്റെ നിറകണ്ണുകള്‍ കാണാന്‍ -രാജ്യങ്ങളുടെ അതിര്‍ത്തികളോ ഭാഷയോ തടസ്സമാവുന്നില്ല.കാഴ്ചക്കപ്പുറം ,മുഖമുരുകുന്ന ചൂടിലും കഠിനശൈത്യത്തിലും കൊടിയവിശപ്പിലും അകപ്പെട്ടുപോയവന്റെ ഹൃദയത്തിലേയ്ക്കുള്ള കാഴ്ചയായി മാറുന്നു.

shamla said...

എല്ലാ കമന്റുകള്‍ക്കും കോലാഹലങ്ങള്‍ക്കും അപ്പുറത്ത് മനസ്സില്‍ തട്ടുന്ന ഒരു ജീവിതക്കാഴ്ച .

shamla said...

എല്ലാ കമന്റുകള്‍ക്കും കോലാഹലങ്ങള്‍ക്കും അപ്പുറത്ത് മനസ്സില്‍ തട്ടുന്ന ഒരു ജീവിതക്കാഴ്ച .

Anonymous said...

Teacher congratulations...

"കാഴ്ചയ്ക്കപ്പുറം - കഥ"

its a very beautiful story.

ബീന, കോഴിക്കോട് said...

പ്രീയ ടീച്ചറെ....

ഇതൊക്കെകേട്ട് തളരരുത്.. പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവരണം. ടീച്ചറുടെ കഥ വളരെ മനോഹരവും ലളിതവുമായിരിക്കുന്നു. എല്ലാഭാവുകങ്ങളും ഞങ്ങള്‍ കോഴിക്കോട്ടുകാര്‍ നേരുന്നു...

സ്നേഹാദരവോടെ,
ബീന, കോഴിക്കോട്

മഞ്ജുനാഥ് said...

ടീച്ചര്‍ക്ക് ഒരായിരം ഭാവുകങ്ങള്‍ നേരുന്നു....

ഇനിയും നല്ല നല്ല കഥകള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു... മലയാളത്തെ സ്നേഹിക്കുന്ന മലയാളിയെ സ്നേഹിക്കുന്ന നല്ല വായനക്കാര്‍ മരിച്ചിട്ടില്ല.. തീര്‍ച്ചയായും ഇനിയും ടീച്ചറുടെ നല്ല നല്ല കഥകള്‍ പ്രതീക്ഷിക്കുന്നു...

Anonymous said...

valare manoharamayithanne, manassil oru nombaram avaseshippichukondu ee kadha teacher avatharippichu.......
very good

ലീമ വി. കെ. said...

റോസമ്മ ടീച്ചര്‍, ഇതു കഥയായാലും അനുഭവമായാലും ഇഷ്ടപ്പെട്ടു.വളരെ ആകാംഷയോടെ അവസാനം വരെ വായിച്ചു.ഗള്‍ഫു നാടുകളെക്കുറിച്ചുളള സങ്കല്പം മാറ്റുന്നതില്‍ ആടുജീവിതത്തിന് ഒരു അടിവര പോലെ ഈ എഴുത്തിനും സാധിച്ചിട്ടുണ്ട്. ആശംസകള്‍.

സുരേഷ് സി. കുറുപ്പ് said...

nalla avatharanam

www.aksharavanika.blogspot.com