എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Dec 14, 2011

മഞ്ഞവെയിലിലെ മായാസ്മരണകള്‍ - ബന്യാമിന്‍ എഴുതിയ 'മഞ്ഞവെയില്‍ മരണങ്ങള്‍'എന്ന നോവലിന്റെ വായനാനുഭവം


മറ്റുചില പുസ്തകങ്ങളന്വേഷിച്ച് എറണാകുളത്ത് കോണ്‍വെന്റ് ജംഗ്ഷനിലെ കറന്റ് ബുക്സില്‍ എത്തിയ എന്റെ കണ്ണുകള്‍ ഒരു നിയോഗം പോലെ 'മഞ്ഞവെയില്‍ മരണങ്ങള്‍' എന്ന നോവലില്‍ ഉടക്കിനിന്നു. 'ബെന്യാമിന്‍' എന്ന കര്‍ത്തൃനാമമാണ് അതിനു കാരണം. കഴിഞ്ഞ കുറെ ദിവസങ്ങളായി പത്താം ക്ലാസ്സില്‍ 'ആടുജീവിത'വും ബന്യാമിനുമൊക്കെ തകര്‍ത്താടുകയായിരുന്നു. ബ്ലോഗിലെ പുതുമുഖം ശ്രീ ജയിന്‍ മാത്യു തന്റെ പോസ്റ്റ് മോര്‍ട്ടത്തിലൂടെ കണ്ടെത്തിയ പരിപ്പുകളും കുറിപ്പുകളും ആവനാഴിയില്‍ കരുതി ക്ലാസ്സിലെത്തിയ ഞാന്‍ തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു. അപൂര്‍വ്വമായി ലഭിക്കുന്ന ആത്മസംതൃപ്തിയുടെ ആവേശത്തില്‍ ബുക്സ്റ്റാളില്‍ എത്തുമ്പോള്‍ എന്നെ കാത്തിരിക്കുന്നതുപോലെ മുന്‍നിരയിലിരിക്കുന്ന 'മഞ്ഞവെയില്‍ മരണങ്ങളു'ടെ വര്‍ണ്ണാഭമായ പുറംചട്ട എന്നെ പിടിച്ചുനിര്‍ത്തി.
പുസ്തകവും വാങ്ങി മൂവാറ്റുപുഴയ്ക്കുള്ള ദീര്‍ഘദൂരപ്രയാണം ആരംഭിച്ചപ്പോള്‍ ഞാന്‍ 'ഉദയംപേരൂരില്‍' (നോവലിന്റെ ആദ്യഭാഗം) ദൃഷ്ടിയുറപ്പിച്ചിരുന്നു. അലസമായി ഒന്നു മറിച്ചുനോക്കാനായി ആരംഭിച്ച എന്റെ വായന സ്ഥലകാലസ്മരണകള്‍ ലംഘിച്ചുകൊണ്ട് മുന്നേറിയത് പെട്ടെന്നായിരുന്നു.
നോവല്‍രചനയെ സംബന്ധിച്ചുള്ള പൂര്‍വ്വധാരണകളുടെ പത്തായത്തിലേയ്ക്ക് പാട്ടമളക്കാന്‍ മടികാണിക്കുന്ന ബന്യാമിനോടൊപ്പം 'വല്യേടത്ത്' വീട്ടിലേയ്ക്കും അവിടുത്തെ രഹസ്യാത്മകമായ 'സേവ'കളിലേയ്ക്കും കടന്നു ചെല്ലുമ്പോള്‍ മനസ്സ് ഉദ്വേഗഭരിതമാകുന്നത് ഞാനറിഞ്ഞു. കുട്ടിച്ചാത്തനും മന്ത്രതന്ത്രവിധികളും സൃഷ്ടിക്കുന്ന അതീന്ദ്രിയലോകം, മലയാളിയുടെ സ്വീകരണമുറിയില്‍നിറഞ്ഞുനില്‍ക്കുകയും സായന്തനങ്ങളെ സമ്പന്നമാക്കുകയും ചെയ്യുമ്പോള്‍, വിമര്‍ശനദൃഷ്ടിയോടെ ഇത്തരം കാഴ്ചകളില്‍നിന്ന് മനപ്പൂര്‍വ്വം ഒഴിഞ്ഞുനില്‍ക്കുന്ന എനിക്ക് 'തൈക്കാട്ടമ്മ'യുടെ 'സേവ'കളില്‍ വിശ്വാസമുണ്ടായത് നോവലിസ്റ്റിന്റെ മിടുക്കോ അതോ എന്റെ വീക്ഷണവൈകല്യമോ? ഏതായാലും 'ഡീഗോ ഗാര്‍ഷ്യ'യിലെ അന്ത്രപ്പേറിനെ ചുറ്റിപ്പറ്റി എന്റെ ജിജ്ഞാസ വര്‍ദ്ധിച്ചു.
നോവല്‍ രചനയിലെ ഒരു പൊളിച്ചെഴുത്തിലേയ്ക്കുള്ള നേര്‍ക്കാഴ്ചയാണ് ആദ്യഭാഗത്തിനുശേഷമുള്ള ആമുഖം. സൂത്രധാരന്‍ രംഗത്തുവന്ന് സ്ഥലകാലരംഗങ്ങളെക്കുറിച്ച് സാമാജികര്‍ക്ക് അവബോധം പകരുന്ന സംസ്കൃത നാടകരീതി ഇവിടെ തിരനോട്ടം നടത്തുന്നു. അതോടൊപ്പം കഥാപാത്രത്തില്‍ പരകായപ്രവേശം നടത്തുന്ന ആഖ്യാനരീതി ആസ്വാദനത്തില്‍ പുതുമ സൃഷ്ടിക്കുന്നു.
എഴുത്തുകാരനാവുക എന്ന അദമ്യമായ ആഗ്രഹത്തോടെ 'പിതാക്കന്മാരുടെ പുസ്തകം' എന്ന കൃതിയുടെ പണിപ്പുരയില്‍ ജാഗ്രതയോടെ വര്‍ത്തിക്കുന്ന ക്രിസ്റ്റി അന്ത്രപ്പേറിന്റെ അന്വേഷണഭൂമികയിലേയ്ക്ക് ആഖ്യാതാവും അനുവാചകനും 'അഹമഹമികയാ' പിന്തുടരുന്നു. നാടകത്തിനുള്ളില്‍ മറ്റൊരു നാടകത്തിന് അരങ്ങൊരുക്കുന്ന സി. ജെ. തോമസിന്റെ പരീക്ഷണരീതിയുടെ പുതിയ മാനങ്ങള്‍ തേടിക്കൊണ്ട് മോഹന്‍ദാസ് പുറമേരിയും അദ്ദേഹത്തിന്റെ 'ആര്‍ക്കിപ്പിലാഗോ'യും നോവലിനുള്ളില്‍ ഇതര നോവല്‍ തിരുകുന്ന വായനാനുഭവം സമ്മാനിക്കുന്നു.
വേരുകള്‍ തേടി വിദേശത്തുനിന്നെത്തുന്ന വ്യക്തികള്‍ വാര്‍ത്തകളില്‍ നിരന്തരം ഇടംപിടിക്കുന്നതും 'ക്ലാസ് മേറ്റ്സ് മാനിയ' ബാധിച്ച് ഒരു സുപ്രഭാതത്തില്‍ പൂര്‍വ്വകാല സതീര്‍ത്ഥ്യരെ തേടിയിറങ്ങുന്ന പൊള്ളയായ ആത്മാര്‍ത്ഥതയും പതിവുകാഴ്ചകളായതുകൊണ്ടാണോ എന്നറിയില്ല, പഴയ ക്ലാസ്സ് ഫോട്ടോയില്‍ നിന്നും ക്രിസ്റ്റി അന്വേഷണമാരംഭിച്ചപ്പോള്‍ എനിക്ക് പ്രത്യേക കൗതുകമൊന്നും തോന്നിയില്ല. എന്നാല്‍ വളരെപ്പെട്ടെന്ന് ഒരു കുറ്റാന്വേഷണത്തിന്റെ തലത്തിലേയ്ക്ക് നോവല്‍ ഗതിമാറുമ്പോള്‍ അനുവാചകരുടെ ചിന്തകള്‍ക്കും പുതിയ മാനം കൈവരുന്നു.
പൊതുസ്ഥലത്ത് ഒരാള്‍ വെടിവയ്പിന് ഇരയാകുമ്പോള്‍, നോക്കിനില്‍ക്കുന്ന സമൂഹം നിഷ്ക്രിയത്വത്തിന്റെ നിഴല്‍ക്കൂടാരങ്ങളിലൊളിക്കുന്നതും നിയമപാലകരുടെ ഇരട്ടത്താപ്പും ഭരണകൂടത്തിന്റെ നടപ്പുശീലങ്ങളെ വിമര്‍ശിച്ചുകൊണ്ട് സത്യാന്വേഷണത്തിനായി പോരാടുന്ന വ്യക്തി ബലിയാടാകുന്നതുമൊക്കെ കാലത്തിന്റെ ചുവരെഴുത്തുകളായി നമുക്ക് വായിച്ചെടുക്കാം. സെന്തില്‍ എന്ന സഹപാഠിയുടെ കൊലയാളികളെത്തേടി കഥാനായകന്‍ നാടുവീടാന്തരം അലയുമ്പോള്‍ സാങ്കല്പികലോകത്തിന്റെ അദൃശ്യവിതാനങ്ങളില്‍ അലസഗമനം നടത്തുന്ന അനുവാചക മനസ്സിനെ അപരിചിതത്വത്തിന്റെ വിദൂരമേഖലകളില്‍ നിന്നും പ്രത്യാനയിക്കുവാന്‍ ബന്യാമിന്‍ എന്ന കഥാകൃത്ത് പലപ്പോഴും കഥാപാത്രമായി കൂടുമാറുന്നു; പ്രത്യേകിച്ച് കേരളത്തിലെ പരിചിതകേന്ദ്രങ്ങളിലുടെ ക്രിസ്റ്റി അന്തപ്പേര്‍ പലവട്ടം പ്രദക്ഷിണം വയ്ക്കുമ്പോള്‍.
നിഗൂഢതകള്‍ നിറഞ്ഞ ഇടുങ്ങിയ വഴികളിലൂടെ സഞ്ചരിക്കുമ്പോള്‍ത്തന്നെ ഒരു ചരിത്രഗ്രന്ഥത്തിന്റെ വിശാലവിതാനങ്ങളിലേയ്ക്കും ആഖ്യാനം വഴിമാറുന്നു. 'ഡീഗോ ഗാര്‍ഷ്യ' എന്ന ദ്വീപിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ഇതിന്റെ ചരിത്രപ്രാധാന്യവും വിവരിക്കുമ്പോള്‍ സാഹിത്യകൃതി എന്നതോടൊപ്പം ഒരു ചരിത്രനിര്‍മ്മാണ സാമഗ്രിയായും നോവല്‍ വളരുന്നു. ഉദയമ്പേരൂര്‍ സുന്നഹദോസും കൂനന്‍കുരിശു സത്യവുമെല്ലാം വിശദമായി പ്രതിപാദിക്കുമ്പോള്‍ ഗ്രന്ഥകാരന്‍ അഭിനവ 'ഹെറോഡോട്ടസ്' ആയി മാറുന്നു.
സെന്തിലിന്റെ മരണം ഒരു സമസ്യയായി അവശേഷിപ്പിച്ചുകൊണ്ട് നോവല്‍ അവസാനിക്കുമ്പോള്‍ കഥാകൃത്തിനോടൊപ്പം വായനക്കാരനും ഒരു അന്വേഷണം ആരംഭിക്കുന്നു. ക്രിസ്റ്റി അന്തപ്പേര്‍ എന്ന ഡീഗോ ഗാര്‍ഷ്യ സ്വദേശിക്ക് എന്തുസംഭവിച്ചു? നോവലിന്റെ ആരംഭത്തില്‍ കുറിക്കുന്ന 'സേവ'യുടെ വകഭേദങ്ങളായ താന്ത്രികകര്‍മ്മങ്ങളുടെ ചടുലവിവരണങ്ങളിലൂടെ അനുവാചകമനസ്സുകളെ ആഭിചാരവൃത്തിയുടെ പിന്നാമ്പുറങ്ങളിലേയ്ക്ക് ക്ഷണിക്കുവാന്‍ നോവലിസ്റ്റ് മറക്കുന്നില്ല.
ഓര്‍ക്കൂട്ട്, ഫേസ്ബുക്ക് തുടങ്ങിയ സൗഹൃദക്കൂട്ടായ്മകള്‍ പല വിവാദങ്ങള്‍ക്കും തിരികൊളുത്തുന്നുണ്ടെങ്കിലും ഇവയുടെ അനന്തസാദ്ധ്യതകള്‍ അനാവരണം ചെയ്തുകൊണ്ട് വിവരസാങ്കേതികവിദ്യയെ സമര്‍ത്ഥമായി വിനിയോഗിക്കുവാന്‍ നോവലിസ്റ്റിന് സാധിക്കുന്നുണ്ട്. നോവല്‍ വായനയ്ക്കുശേഷം ഫേസ് ബുക്കിലുടെ പിന്തുടര്‍ന്നപ്പോള്‍ കഥയിലെ പ്രധാനപരാമര്‍ശമായ 'വ്യാഴച്ചന്ത'യുടെ സജീവചിത്രം ഈ വായനക്കാരിക്ക് ലഭ്യമായി.
അനുഭവസമ്പന്നമായ പ്രവാസജീവിതം പകര്‍ന്ന പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങള്‍ ഹൃദയാവര്‍ജ്ജകമായിത്തന്നെ അവതരിപ്പിക്കാന്‍ ബന്യാമിന്‍ ശ്രമിക്കുന്നുണ്ട്. ഗള്‍ഫില്‍ നിന്നും നാട്ടില്‍ അവധിക്കുവരുന്ന ഒരു വ്യക്തിയെത്തേടി അതുവരെ ബന്ധം പുതുക്കാതിരുന്ന ഒരു ബാല്യകാല സുഹൃത്ത് അല്ലെങ്കില്‍ ഒരു അകന്ന ബന്ധു സോത്സാഹം അടുത്തുകൂടുന്നുണ്ടെങ്കില്‍ ആ പരിചയം പുതുക്കലിന്റെ ലക്ഷ്യമെന്തായിരിക്കും എന്ന ചോദ്യത്തിന് എന്റെ പത്താംക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം വിളിച്ചുപറഞ്ഞ ഉത്തരവും ബന്യാമിന്റെ ഉത്തരവും ഒന്നുതന്നെയായിരുന്നു - "ഒന്നുകില്‍ ഒരു എല്‍..സി. പോളിസി അല്ലെങ്കില്‍ ഒരു മ്യൂച്ചല്‍ ഫണ്ട്.”
ടി. ഡി. രാമകൃഷ്ണന്റെ 'ഇട്ടിക്കോര ഫ്രാന്‍സിസ് ' എന്ന നോവല്‍ ഈ നോവലുമായി ചേര്‍ത്തുവായിക്കാവുന്നതാണ്. വളര്‍ന്നുവരുന്ന വലിയ കച്ചവടവും പുഷ്ടിപ്പെട്ട കൃഷിയും ഉപേക്ഷിച്ച് പോണ്ടിച്ചേരിയില്‍ നിന്നും ഡീഗോ ഗാര്‍ഷ്യയിലേയ്ക്ക് ധീരതയോടെ പുറപ്പെട്ട ഹോര്‍മിസ് അവിരാ അന്ത്രപ്പേറും കുന്ദംകുളത്തുനിന്നും ഫ്ലോറന്‍സിലേയ്ക്ക് കളംമാറിയ കുരുമുളകുകച്ചവടക്കാരനായ ഫ്രാന്‍സിസ് ഇട്ടിക്കോരയും തമ്മിലുള്ള സാദൃശ്യം യാദൃച്ഛികമായിരിക്കാം. ഇരുവരുടേയും അനന്തരതലമുറകളിലെ അവസാന കണ്ണിയാണ് കഥാനായകരാകുന്നത്.
ഇങ്ങനെ, ഒരേസമയം നോവലായും ചരിത്രസാമഗ്രിയായും അനുഭവകഥനമായും ആഖ്യാനതന്ത്രങ്ങളില്‍ പുതിയ മാനം രചിക്കുന്ന മഞ്ഞവെയില്‍ മരണങ്ങള്‍ തലമുറകളിലൂടെ പാരായണം ചെയ്യപ്പെടുമെന്നത് നിസ്തര്‍ക്കമാണ്.


ആന്‍സി ഐസക്
എച്ച്.എസ്.. മലയാളം
സെന്റ് അഗസ്റ്റിന്‍സ് എച്ച്.എസ്.,
എറണാകുളം

26 comments:

വി.കെ. നിസാര്‍ said...

അവലോകനം നന്നായിട്ടുണ്ട്.
പുസ്തകം തേടിപ്പിടിച്ച് വായിക്കണം.

shamla said...

കൊള്ളാം ആന്സിടീച്ചര്‍ .വായനാനുഭവം വളരെ നന്നായിരിക്കുന്നു. പ്രത്യേകം പറയട്ടെ.ടീച്ചറിന്റെ ഭാഷ സുന്ദരം. തനൂജ ഭട്ടതിരിപ്പാടിന്റെ വായനകുറിപ്പും ഇന്നലെ വായിച്ചു.നോവല്‍ വായിക്കാത്തവര്‍ക്കു വായിക്കാനുള്ള പ്രേരനയാവും ഈ അവലോകനം 'davinchicode ' ന്റെ വിവര്‍ത്തനത്തോടെയാണ് മലയാളത്തില്‍ ചരിത്രവും ഭാവനയും കുറ്റാന്വേഷണവും ഇടകലരുന്ന ഇത്തരം ആഖ്യാനങ്ങള്‍ക്ക് തുടക്കമായത്.യഥാര്‍ത്ഥ സ്ഥലങ്ങളും സന്ദര്‍ഭങ്ങളുംഉള്‍പ്പെടുത്തി കൊണ്ട് ജീവിതം നോവലും തമ്മിലുള്ള അതിര്‍വരമ്പുകള്‍ ഇല്ലാതാക്കുന്നു . ഭാവനയെ യാതാര്ത്യമെന്നു തെറ്റിദ്ധരിപ്പിക്കുന്ന ഈ രീതി ടീ ഡീ രാമകൃഷ്ണനും [ഫ്രാന്‍സിസ് ഇട്ടിക്കോര] കെ പി മാത്യുസും [ഹൂവാലോസിന്റെ സുവിശേഷം]ഇപ്പോള്‍ ബെന്യാമിനും പരീക്ഷിച്ചിരിക്കുന്നു.ഇട്ടിക്കോരയിലെ ജുഗുപ്സാവഹമായ കാഴ്ചകളൊന്നും [കാനിബാളിസവും മറ്റും] മഞ്ഞവെയില്‍ മരണങ്ങളില്‍ ഇല്ല എന്നതാശ്വാസം . എങ്കിലും ചില ആചാരങ്ങളും ചടങ്ങുകളും ഇട്ടിക്കോരയെ ഓര്‍മ്മിപ്പിക്കും.ബെന്യാമിന്‍ നിഷേധിച്ചാലും മഞ്ഞവെയില്‍ മരണങ്ങളില്‍ പുതുമ തോന്നാത്തത് ഈ നോവലുകള്‍ മുന്നിലുള്ളതിനാലാവാം. ഇത്തരം ആഖ്യാനരീതി ഒരുപക്ഷെ വായനക്കാരില്‍ വിരസതയും സൃഷ്ടിക്കാനിടയുണ്ട്. നോവലിനുള്ളില്‍ മറ്റൊരു നോവല്‍ എന്നത് കേസവന്റെ വിലാപങ്ങളിലും [മുകുന്ദന്‍]മനുഷ്യന് ഒരു ആമുഖത്തിലും [സുഭാഷ് ചന്ദ്രന്‍]സമര്‍ത്ഥമായി ഉപയോഗിച്ചിട്ടുണ്ട്.ഒരു ദളിത്‌ യുവതിയുടെ കദനകഥ എന്ന നോവലിലും [മുകുന്ദന്‍]പാടാന്തരത[inter textuality] നോവലിനുള്ളിലെ നാടകമായി ജീവിതം തന്നെയായി പരിനമിക്കുന്നുണ്ട് . അതുകൊണ്ട് തന്നെ ആഖ്യാനത്തിന്റെ പരീക്ഷണത്തില്‍ ബെന്യാമിന് പുതുമ അവകാശപ്പെടാനാവില്ല .സ്യ്ബെര്സ്പയ്സ് പ്രയോജനപ്പെടുത്തിയ ആദ്യ നോവലെന്ന ഖ്യാതിയും നൃത്തം [മുകുന്ദന്‍] നേടിക്കഴിഞ്ഞു. അതിനാല്‍ മഞ്ഞവെയില്‍ മരണങ്ങളുടെ പേരിലല്ല ആടുജീവിതം എന്ന മഹത്തായ നോവലിന്റെ പേരില്‍ തന്നെയാവും ബെന്യാമിന്‍ അറിയപ്പെടുന്നതും ആദരിക്കപ്പെടുന്നതും.

ramla said...

dear ansi,
message kandanu nokkiyathu.
bhasha nannayittund.enkilum novalile aparichitha padangalum namangalum kallukadiyavunnu.aadujeevitham schoolake vayichukondeyirikunnu..
ee noval kittiyal vayikanam
ramla.

Sreekumar Elanji said...

ആന്‍സി ടീച്ചര്‍.ഇന്നലെത്തന്നെ കണ്ടു,വായിച്ചു.അഭിനന്ദനാര്‍ഹം.

അവതരണം ഹൃദ്യം.
നോവലിനെ അടുത്തറിയാന്‍ സാധിച്ചു.
ബെന്യാമിന്‍ നമ്മുടെ കുട്ടികളുടെ ഹീറോ .
കുട്ടികള്‍ക്കിതു് പ്രയോജനം ചെയ്യും.

reema .c.r said...

ആനസി ടീച്ചര്‍ ,വായനാനുഭവം നന്നായി .വായിക്കാന്‍ പ്രചോദനം തന്നതിനു നന്ദി .

Anonymous said...

"മഞ്ഞവെയില്‍ മരണങ്ങള്‍ തലമുറകളിലൂടെ പാരായണം ചെയ്യപ്പെടുമെന്നത് നിസ്തര്‍ക്കമാണ്."
Hollow claim by a shallow reader. Is this a Bible? This sort of fiction writing started in English since 1980, and we have hundreds of them. Malayalam writers started imitating this trend now.

Anonymous said...

DEAR TEACHER,VERY GOOD POST

വില്‍സണ്‍ ചേനപ്പാടി said...

ആന്‍സി ടീച്ചറിന്റെ വായനാനുഭവം നല്ല നിലവാരം പുലര്‍ത്തി.അഭിനന്ദനങ്ങള്‍.തീര്‍ച്ചയായും മലയാളനോവലുകളില്‍
വ്യത്യസ്തമായ രചനാതന്ത്രം കൊണ്ട് ശ്രദ്ധിക്കപ്പെടുന്ന നോവലാണ് മഞ്ഞവെയില്‍മരണങ്ങള്‍.ഡീഗോ ഗാര്‍ഷ്യയിലും കൊച്ചിയിലും തിരുവനന്തപുരത്തും ഉദയംപേരൂരിലുമൊക്കെയായി നടക്കുന്ന അത്യന്തം സങ്കീര്‍ണ്ണമായ ഈ നോവല്‍ വായിച്ചെടുക്കാന്‍ എനിക്ക് കുറെ ദിവസങ്ങള്‍ വേണ്ടിവന്നു.

ആടുജീവിതവും ഈ പുതിയനോവലും തമ്മിലുള്ള അന്തരം അതുതന്നെയാണ്.നജീബിന്റെ കഥ ഒറ്റ രാത്രികൊണ്ടു നാം വായിച്ചു പോകും.അതുകൊണ്ടു തന്നെ ഷംല ടീച്ചറിന്റെ കമന്റിന്റെ അവസാന വാക്യത്തിനോട് ഞാനും യോജിക്കുന്നു.ശ്രീ.എം മുകുന്ദന്റെ കേശവന്റെ വിലാപങ്ങള്‍ നല്ല വായനാനുഭവമാണ് പകര്‍ന്നത്.
ഒരു രജ്യാന്തരനോവല്‍ എന്ന നിലയില്‍ ഈ പുസ്തകം ഏറെ ശ്രദ്ധിക്കപ്പെടും.പുതിയകാലത്തിന്റെ ഉപകരണങ്ങളായ ഫെയ്സ് ബുക്കും ഓര്‍ക്കുട്ടുമൊക്കെ പശ്ചാത്തലമായി വരുന്നതുകൊണ്ട് ചെറുപ്പക്കാര്‍ വായനയിലേക്കു മടങ്ങിവന്നേക്കാം...വായനയുടെ വസന്തം മലയാളിക്കു തിരിച്ചു നല്‍കിയ ബെന്യാമിനോട് നാം ഏറെ കടപ്പെട്ടിരിക്കുന്നു.

ബെന്യാമിന്‍ said...

Thank You Ancy Teacher For Your Reading and This Review.

Regards

Benyamin

SAJIL VINCENT said...

നന്നായിരിക്കുന്നു.ഇനിയും പ്രതീക്ഷിക്കുന്നു

rayaroth said...

nannayirikkunnu

rayaroth said...

ok

Beena.R. said...

വളരെ നന്നായി ! ആന്‍സി ടീച്ചര്‍ ആശംസകള്‍!,അഭിനന്ദനങ്ങള്‍!

ഗവ.വി.​​എച്ച്.എസ്.എസ്.തിരുമാറാടി said...

ആന്‍സി ടീച്ചറേ,
വളരെ നന്നാിരിക്കുന്നു. അഭിനന്ദനങ്ങള്‍

ലീമ വി. കെ. said...

പ്രീയ ആന്‍സി ടീച്ചര്‍,വായിക്കാന്‍ ആഗ്രഹിച്ചിരുന്ന പുസ്തകമാണ് മഞ്ഞവെയില്‍ മരണങ്ങള്‍.ടീച്ചറുടെ വായനാനുഭവം വളരെ ഹൃദ്യമായിരിക്കുന്നു.ബന്യാമിന്‍ വായിച്ച് ഒരു കുറിപ്പ് അയച്ചത് വളരെ അഭിമാനകരമായി.സുന്ദരമായ ആ ഭാഷയ്ക്ക് പ്രത്യേക അഭിനന്ദനങ്ങള്‍.

Azeez . said...

ആന്‍സി ടീച്ചറെഴുതിയ പഠനം ഞാന്‍ വായിച്ചു.സംഗതി എനിക്ക് അത്ര പിടികിട്ടിയില്ല.പിടികിട്ടാത്തത് എഴുതി, വെറുതെ എഴുന്നേറ്റ് നിന്ന് മുടന്ത് കാണിക്കുന്നതെന്തിന് എന്നു വിചാരിച്ച് മിണ്ടാതിരിക്കുകയായിരുന്നു.വളരെ അനലിറ്റിക് ആയ കമന്‍റേസിന്‍റെ നല്ല ഒരു നിര തന്നെ വിദ്യാരംഗത്തിനുണ്ട്.മനസ്സിലാകാത്ത കാര്യം എഴുതി വല്ല അബദ്ധവും എഴുന്നുള്ളിച്ചാല്‍ അവര്‍ കീറിമുറിച്ചാലോ എന്ന ഭയം ഇല്ലാതേയുമിരുന്നില്ല.എന്നെപ്പോലുള്ള പാവങ്ങള്‍ക്ക് ഒരു ബുക്ക് കിട്ടുന്നത് പോയിട്ട് ഇട്ടായും ഇക്ഷായുമൊക്കെ എങ്ങിനെയെന്നറിയുവാന്‍ വിദ്യാരംഗം പോലുള്ള ഭാഷാബ്ലോഗില്‍ കയറണം എന്ന ഒരു പരിഗണന പോലും അവര്‍ നല്‍കാറുമില്ല.
എന്ത് നോവലാണിത്?
മാര്‍കേസിന്‍റെ മാജിക്കല്‍ റിയലിസത്തിന്‍റെ ഒരു അനുകരണമാണ് എന്ന് എനിക്ക് തോന്നുന്നു.ലാറ്റിനമേരിക്കന്‍ റൈറ്റേസ് ഇത്തരം കുറെ വര്‍ക്കുകള്‍ ചെയ്തിട്ടുണ്ടല്ലോ
ആധുനിക എവാഞ്ചലിക്കല്‍ കൃസ്ത്യാനിറ്റിക്കു മുമ്പ് കൃസ്ത്യാനിറ്റി എന്നത് പൂര്‍വ്വ ആഭിചാരസമൂഹങ്ങളുടേയും അപരിഷ്കൃത കൃസ്ത്യാനിറ്റിയുടേയും സങ്കരമായിരുന്നുവല്ലോ.സ്പാനിയാഡ്സ് വരുന്നതിനുമുമ്പ് ലാറ്റിനമേരിക്കന്‍ സമൂഹങ്ങള്‍ അങ്ങിനെയായിരുന്നു.അതിന്‍റെ പശ്ചാത്തലമാണ് മാജിക്കല്‍ റിയലിസത്തിലൂടെ നാം വായിക്കുന്നത്.സെയ്ന്‍റ് തോമസ് വന്ന കാലത്തുള്ള തnthraവും ആഭിചാരവുമൊക്കെ ചെയ്യുന്നുവെന്ന് പറയുന്ന ഒരു സമൂഹത്തില്‍ നിന്ന് കൃസ്ത്യാനിറ്റിയിലേക്ക് മാറിയ ഇന്നത്തെ മലങ്കര യാക്കോബായക്കാരുടെ ഒരു പശ്ചാത്തലമാണോ ഈ നോവലില്‍ ഉള്ളതെന്ന് ഒരു പഠനം വായിച്ച് എനിക്ക് പറയാനും വയ്യ.

വല്യേടത്ത് വീട്
സേവ‌
മന്ത്രതന്ത്രവിധി
അതീന്ത്രിയ ലോകം
എന്നൊക്കെ ഇതിലും വരുന്നുണ്ട്.


ഡീഗോ ഗാര്‍ഷ്യ‌
മനുഷ്യനും മാഞ്ചാടിയുമില്ലാത്ത കിഴക്കനാഫ്രിക്കന്‍- ലക്ഷദ്വീപ് ദ്വീപ് സമൂഹങ്ങളാണ്. പറങ്കികളുടെ ആധിപത്യത്തിലായിരുന്നു അടുത്ത കാലം വരെ ഈ പവിഴ ദ്വീപ്. പറങ്കികളുടെ ആദ്യകാല കുടുംബം ഇന്നും എന്‍റെ കൊച്ചിയിലുണ്ട്, അന്ത്രപ്പേര്‍ ഫാമിലി
എല്ലാം കൂടി കൂട്ടിവായിക്കുമ്പോള്‍ "സാങ്കല്‍പ്പിക ലോകത്ത് അലസഗമനം നടത്തുന്ന ഒരു അനുവാചക മനസ്സ്" ആയിപ്പോയി എന്റേത്. ആകപ്പാടെ ഇഷ്ടമായത് എന്‍റെ നാട്ടില്‍ പണ്ടുണ്ടായിരുന്ന വ്യാഴാഴ്ചച്ചന്തയാണ്.
നല്ല പിടക്കുന്ന കരിമീനിന്‍റേയും തെറിക്കുന്ന ചൂടന്‍ചെമ്മീനിന്‍റേയും നല്ലരുചി കിട്ടി .ആന്‍സി ടീച്ചറിന്‍റെ ഈ പഠനക്കുറിപ്പിന് നന്ദി.ഈ നോവലിനനുസരിച്ചുള്ള ഒരു ഭാഷ ഈ പഠനത്തിനും വേണ്ടിവന്നു. അത് ടീച്ചര്‍ നന്നായി ചെയ്തിട്ടുണ്ട്
ടീച്ചറല്ല ഇത് സാറായിരുന്നുവെങ്കില്‍ ഞങ്ങള്‍ ആണുങ്ങള്‍ കൂടുതല്‍ സ്നേഹം തോന്നുമ്പോഴും അടുപ്പത്തോടെ കളിയാക്കുവാനും ‍ ഇങ്ങിനെ പറയുമായിരുന്നു:
കട്ടപ്പുക, സ്വാമ്യേയ് ശരണമയ്യപ്പാ

Azeez . said...

ആന്‍സി ടീച്ചറെഴുതിയ പഠനം ഞാന്‍ വായിച്ചു.സംഗതി എനിക്ക് അത്ര പിടികിട്ടിയില്ല.പിടികിട്ടാത്തത് എഴുതി, വെറുതെ എഴുന്നേറ്റ് നിന്ന് മുടന്ത് കാണിക്കുന്നതെന്തിന് എന്നു വിചാരിച്ച് മിണ്ടാതിരിക്കുകയായിരുന്നു.വളരെ അനലിറ്റിക് ആയ കമന്‍റേസിന്‍റെ നല്ല ഒരു നിര തന്നെ വിദ്യാരംഗത്തിനുണ്ട്.മനസ്സിലാകാത്ത കാര്യം എഴുതി വല്ല അബദ്ധവും എഴുന്നുള്ളിച്ചാല്‍ അവര്‍ കീറിമുറിച്ചാലോ എന്ന ഭയം ഇല്ലാതേയുമിരുന്നില്ല.എന്നെപ്പോലുള്ള പാവങ്ങള്‍ക്ക് ഒരു ബുക്ക് കിട്ടുന്നത് പോയിട്ട് ഇട്ടായും ഇക്ഷായുമൊക്കെ എങ്ങിനെയെന്നറിയുവാന്‍ വിദ്യാരംഗം പോലുള്ള ഭാഷാബ്ലോഗില്‍ കയറണം എന്ന ഒരു പരിഗണന പോലും അവര്‍ നല്‍കാറുമില്ല.
എന്ത് നോവലാണിത്?
മാര്‍കേസിന്‍റെ മാജിക്കല്‍ റിയലിസത്തിന്‍റെ ഒരു അനുകരണമാണ് എന്ന് എനിക്ക് തോന്നുന്നു.ലാറ്റിനമേരിക്കന്‍ റൈറ്റേസ് ഇത്തരം കുറെ വര്‍ക്കുകള്‍ ചെയ്തിട്ടുണ്ടല്ലോ
ആധുനിക എവാഞ്ചലിക്കല്‍ കൃസ്ത്യാനിറ്റിക്കു മുമ്പ് കൃസ്ത്യാനിറ്റി എന്നത് പൂര്‍വ്വ ആഭിചാരസമൂഹങ്ങളുടേയും അപരിഷ്കൃത കൃസ്ത്യാനിറ്റിയുടേയും സങ്കരമായിരുന്നുവല്ലോ.സ്പാനിയാഡ്സ് വരുന്നതിനുമുമ്പ് ലാറ്റിനമേരിക്കന്‍ സമൂഹങ്ങള്‍ അങ്ങിനെയായിരുന്നു.അതിന്‍റെ പശ്ചാത്തലമാണ് മാജിക്കല്‍ റിയലിസത്തിലൂടെ നാം വായിക്കുന്നത്.സെയ്ന്‍റ് തോമസ് വന്ന കാലത്തുള്ള തnthraവും ആഭിചാരവുമൊക്കെ ചെയ്യുന്നുവെന്ന് പറയുന്ന ഒരു സമൂഹത്തില്‍ നിന്ന് കൃസ്ത്യാനിറ്റിയിലേക്ക് മാറിയ ഇന്നത്തെ മലങ്കര യാക്കോബായക്കാരുടെ ഒരു പശ്ചാത്തലമാണോ ഈ നോവലില്‍ ഉള്ളതെന്ന് ഒരു പഠനം വായിച്ച് എനിക്ക് പറയാനും വയ്യ.

വല്യേടത്ത് വീട്
സേവ‌
മന്ത്രതന്ത്രവിധി
അതീന്ത്രിയ ലോകം
എന്നൊക്കെ ഇതിലും വരുന്നുണ്ട്.


ഡീഗോ ഗാര്‍ഷ്യ‌
മനുഷ്യനും മാഞ്ചാടിയുമില്ലാത്ത കിഴക്കനാഫ്രിക്കന്‍- ലക്ഷദ്വീപ് ദ്വീപ് സമൂഹങ്ങളാണ്. പറങ്കികളുടെ ആധിപത്യത്തിലായിരുന്നു അടുത്ത കാലം വരെ ഈ പവിഴ ദ്വീപ്. പറങ്കികളുടെ ആദ്യകാല കുടുംബം ഇന്നും എന്‍റെ കൊച്ചിയിലുണ്ട്, അന്ത്രപ്പേര്‍ ഫാമിലി
എല്ലാം കൂടി കൂട്ടിവായിക്കുമ്പോള്‍ "സാങ്കല്‍പ്പിക ലോകത്ത് അലസഗമനം നടത്തുന്ന ഒരു അനുവാചക മനസ്സ്" ആയിപ്പോയി എന്റേത്. ആകപ്പാടെ ഇഷ്ടമായത് എന്‍റെ നാട്ടില്‍ പണ്ടുണ്ടായിരുന്ന വ്യാഴാഴ്ചച്ചന്തയാണ്.
നല്ല പിടക്കുന്ന കരിമീനിന്‍റേയും തെറിക്കുന്ന ചൂടന്‍ചെമ്മീനിന്‍റേയും നല്ലരുചി കിട്ടി .ആന്‍സി ടീച്ചറിന്‍റെ ഈ പഠനക്കുറിപ്പിന് നന്ദി.ഈ നോവലിനനുസരിച്ചുള്ള ഒരു ഭാഷ ഈ പഠനത്തിനും വേണ്ടിവന്നു. അത് ടീച്ചര്‍ നന്നായി ചെയ്തിട്ടുണ്ട്
ടീച്ചറല്ല ഇത് സാറായിരുന്നുവെങ്കില്‍ ഞങ്ങള്‍ ആണുങ്ങള്‍ കൂടുതല്‍ സ്നേഹം തോന്നുമ്പോഴും അടുപ്പത്തോടെ കളിയാക്കുവാനും ‍ ഇങ്ങിനെ പറയുമായിരുന്നു:
കട്ടപ്പുക, സ്വാമ്യേയ് ശരണമയ്യപ്പാ

Anonymous said...

DEAR ANCY TEACHER,
I AM FROM PALAKKAD AND OUR SCHOOL IS PREPARING A SOUVENIR APART OF CENTENARY CELEBRATIONS.SHALL I ADD THIS POST IN IT?IS THERE ANY OBJECTION?PLEASE INFORM TEACHER.

Anitha Sarath said...

മഞ്ഞവെയില്‍ മരണങ്ങള്‍ വായിച്ചു. ഒരിക്കല്‍ക്കൂടി വായിച്ചാലേ അഭിപ്രായം എഴുതാനുള്ള ധൈര്യം കിട്ടൂ. ഒന്നുമാത്രം പറയാതെവയ്യ.മറ്റേതു ജോലിയും മാറ്റിവയ്പ്പിക്കും ബെന്യാമിന്‍... മരണത്തെ മറെതൊരു എഴുത്തുകാരനെക്കാളും വേഗത്തില്‍ അനുവാചകന്റെ ചങ്കില്‍ തറപ്പിക്കും. മഞ്ഞവെയില്‍ മരണം എഴുതിയതിനു മുന്‍പുള്ള പഠനം, അന്വേഷണം, തപസ്യ... ഇതൊക്കെ അംഗീകരിക്കാതെ വയ്യ. ആടുജീവിതം കരയിപ്പിച്ചെങ്കില്‍ ഈ നോവല്‍ ഒരുതരം വിങ്ങലാണ് ഉണ്ടാക്കുന്നത്.

Anitha Sarath said...

മഞ്ഞവെയില്‍ മരണങ്ങള്‍ വായിച്ചു. ഒരിക്കല്‍ക്കൂടി വായിച്ചാലേ അഭിപ്രായം എഴുതാനുള്ള ധൈര്യം കിട്ടൂ. ഒന്നുമാത്രം പറയാതെവയ്യ.മറ്റേതു ജോലിയും മാറ്റിവയ്പ്പിക്കും ബെന്യാമിന്‍... മരണത്തെ മറെതൊരു എഴുത്തുകാരനെക്കാളും വേഗത്തില്‍ അനുവാചകന്റെ ചങ്കില്‍ തറപ്പിക്കും. മഞ്ഞവെയില്‍ മരണങ്ങള്‍ എഴുതിയതിനു മുന്‍പുള്ള പഠനം, അന്വേഷണം, തപസ്യ... ഇതൊക്കെ അംഗീകരിക്കാതെ വയ്യ. ആടുജീവിതം കരയിച്ചെങ്കില്‍ ഈ നോവല്‍ ഒരുതരം വിങ്ങലാണ് ഉണ്ടാക്കുക.

Ancy Isaac said...

Thank u all.Hello anonymous frnd,from Palakkad pls write more details...

Anonymous said...

DEAR ANCY TEACHER,

I AM SATHY.P.MENON, FROM PALAKKAD DISTRICT.THE ANONYMOUS TEACHER FROM G.B.U.P.S.ETHANUR.I AM THE CONVENOR OF SOUVENIR COMMITTEE.OUR SCHOOL IS CELEBRATING ITS CENTENARY.I HAD SEND U THE DETAILS BY POST.HAPPY NEW YEAR TEACHER,WITH LOVE AND REGARDS ,SATHY.

Bincy Johny said...

Ancy I am proud of you .your attempt is very good. we expect from you more....

Anonymous said...

നല്ല വായന. എങ്ങിനെയാണ് നോവൽ അവസാനിപ്പിക്കേണ്ടതെന്നറിഹെ പ്രയാസപ്പെടുന്ന നോവലിസ്റ്റിന്റെ അവസാനത്തിൽ നമുക്ക് കണ്ടെത്താൻ കഴിയുന്നില്ലേ? ആദ്യഭാഗം മുതൽ ഓരോ വരിയിലും കാത്തുസൂക്ഷിച്ച സൂക്ഷ്മതയും കൗതുകവും കഥാന്ത്യത്തിൽ വെയിലേറ്റ് വാടിയ, കൗതുകം ചോർന്ന ഒരു തന്തുവായി ചുരു ങ്ങിപ്പോയിരിക്കുന്നു.

ഏറ്റവും അത്ഭുതപ്പെടുത്തുന്നത് ഫ്രാൻസിസ് ഇറ്റിക്കോരയുമായുള്ള അത്ഭുതമുളവാക്കുന്ന സാമ്യമാണ്. തുണിയുരിഞ്ഞ അഭിസാരികകളെ ഉപയോഗിച്ചാണ്  ഇട്ടിക്കോരയിൽ ചരിത്രത്തെ വ്യഭിചരിച്ചതെങ്കിൽ മാന്യരായ ആണുങ്ങളെക്കൊണ്ടാണ് ബെന്യാമിൻ ചരിത്രത്തെ വളച്ചോ ടിക്കുന്നത് ന്ന വ്യത്യാസം മാത്രം. കഥയുടെ പ്ലോട്ടും ശൈലിയും കഥാപാത്രങ്ങളുടെ സ്വഭാവഗതികൾ വരേ സമാനതയിലെത്തുന്ന നിരവധി സന്ദർഭങ്ങൾ....

Unknown said...

Your notes can make inspiration in others mind to read the book...do any one has the PDF of the book?
Thanks in advance

Asishs123@gmail.com

Unknown said...

Your notes can make inspiration in others mind to read the book...do any one has the PDF of the book?
Thanks in advance

Asishs123@gmail.com