എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Jan 2, 2012

"അഭയാര്‍ത്ഥികള്‍" എന്തൊക്കെയോ നഷ്ടപ്പെട്ട ഒരാള്‍ - കഥാപഠനം



"ചിന്തയിതൊന്നേ ഞാനെന്‍വീട്
എന്റെ കളത്രം എന്റെ കിടാങ്ങള്‍
എന്‍തൊഴിലെന്‍വഴിയെന്റെ കസേര
എന്റെ കുടുക്ക എന്റെ കിടക്ക
എന്റെ പിറന്നാളെന്‍ ജലദോഷം
ഇങ്ങനെ കഴിയാന്‍ കഴിയും കാലം
സുന്ദരമല്ലെന്നെങ്ങനെ പറയും?”
സുഖകാലകീര്‍ത്തനം - ഡി. സന്തോഷ്
പുതിയ കാലത്തോടും ജീവിതരീതികളോടും മലയാളിയുടെ നിര്‍മ്മമതയോടും സംവദിക്കുന്ന 'എന്തൊക്കെയോ നഷ്ടപ്പെട്ട ഒരാള്‍' എന്ന കഥ വായനക്കാരെ ചിന്തോദ്ദീപകരാക്കുന്നു. 'ദിനോസറിന്റെ കുട്ടി' എന്ന കഥയിലൂടെ ഭ്രമാത്മകതയുടെ ഭിന്നമുഖങ്ങള്‍ ആവിഷ്കരിച്ച ഇ. ഹരികുമാര്‍ മലയാളചെറുകഥയിലെ ആധുനികതയുടെ പ്രതിനിധിയാണ്.
അച്ഛനുമമ്മയുമില്ലാത്ത ആറുവയസുകാരി പെണ്‍കുട്ടിയുടെ ദയനീയതയും നിസ്സഹായതയും ഒറ്റപ്പെടലും സംരക്ഷണം കൊതിക്കുന്ന മനസ്സും അനാവൃതമാകുന്നു ഈ കഥയില്‍.
ഭാര്യയോടൊപ്പം ഷോപ്പിംഗിനായി സാരിക്കടകളില്‍ കയറിയിറങ്ങുന്ന കഥാനായകന്റെ കൂടെയെത്തുന്നു നിറഞ്ഞചിരിയും കൗതുകവുമായി റാണി എന്ന തെരുവുബാലിക. ഭാര്യയ്ക്ക് ഇഷ്ടമുള്ള സാരിതേടി ഓരോകടയില്‍നിന്നും ഇറങ്ങുമ്പോഴും പിന്‍തുടരുന്ന അവളോട് കഥാനായകന്‍ അവളുടെ വിവരങ്ങള്‍ ചോദിച്ചറിയുന്നു. അച്ഛനാരെന്നുപോലുമറിയാത്ത അവളുടെ അമ്മയും രണ്ടുദിവസംമുമ്പ് ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു. അമ്മയോടൊപ്പം കടത്തിണ്ണയിലുറങ്ങിയിരുന്ന അവള്‍ വീണ്ടും അതേ കടത്തിണ്ണയിലേയ്ക്ക് എത്തിപ്പെടുന്നു. രാത്രിയിലെ ഭയത്തില്‍നിന്നും അഭയംതേടാനാണ് അവള്‍ അയാള്‍ക്കൊപ്പം നടന്നത്. സഹതാപത്തോടെ അയാള്‍ അവള്‍ക്ക് ഐസ്ക്രീം നല്‍കുന്നു. ഇഷ്ടപ്പെട്ട സാരിയുമായി ഭാര്യയോടൊപ്പം വീട്ടിലേയ്ക്കു മടങ്ങാന്‍നേരം "എന്നേം കൊണ്ടുപോവ്വോ?” എന്ന ചോദ്യത്തിന് "അതൊന്നും പറ്റില്ല മോളേ, മാറിനില്‍ക്ക്" എന്നു മറുപടി പറയാനേ അയാള്‍ക്കാവുന്നുള്ളൂ. അയാള്‍ നല്‍കുന്ന പത്തുരൂപാനോട്ട് അവള്‍ വാങ്ങുന്നില്ല. വീട്ടിലെത്തിയ അയാള്‍ക്ക് ആ പെണ്‍കുട്ടിയെ ഒപ്പം കൂട്ടാത്തതില്‍ കുറ്റബോധം തോന്നുന്നു. പെട്രോളടിക്കാനെന്ന വ്യാജേന അയാള്‍ വീണ്ടും നഗരത്തിലെത്തുകയും കടത്തിണ്ണയില്‍ ചുരുണ്ടുകിടക്കുന്ന അവളെ കാണുകയും ചെയ്യുന്നു. ഒപ്പംതന്നെ കൂലിവേലക്കാരെന്നുതോന്നുന്ന അച്ഛനുമമ്മയും അവരുടെ മകനുമടങ്ങുന്ന കൊച്ചുകുടുംബം അവളുടെ അടുത്തെത്തി അവളെ വിളിച്ചുണര്‍ത്തി കൈപിടിച്ച് കൂട്ടിക്കൊണ്ടുപോകുന്നത് അയാള്‍ കാണുന്നു.
ഒരു മധ്യവര്‍ത്തി മലയാളിയുടെ ഒഴിയാബാധയെന്നോ 'ഒബ്സെഷന്‍' എന്നോ വിളിക്കാവുന്ന സുഖസൗകര്യങ്ങളോടുള്ള, പുതുമകളോടുള്ള, വൈവിദ്ധ്യങ്ങളോടുള്ള ഭ്രമമാണ് ഈ കഥയിലെ രമണിയെയും നായക കഥാപാത്രത്തെയും നയിക്കുന്നത്. എന്നാല്‍ നഷ്ടപ്പെടുന്ന മൂല്യങ്ങളില്‍ അയാള്‍ അസ്വസ്ഥനുമാണ്. ഈ അസ്വസ്ഥത താല്‍ക്കാലികമാവുകയും വീണ്ടും നിസ്സംഗതയിലേയ്ക്കുതന്നെ എത്താനേ അയാള്‍ക്ക് കഴിയുന്നുള്ളൂവെന്നും കഥ വ്യഞ്ജിപ്പിക്കുന്നുണ്ട്. യാഥാര്‍ത്ഥ്യം നിറഞ്ഞ ദുരിതക്കാഴ്ചകളെ കേവലം സഹതാപത്തോടെ നോക്കാനല്ലാതെ അതിലേയ്ക്ക് നടന്നിറങ്ങി നേരിടാനുള്ള ചങ്കുറപ്പോ ത്യാഗമനോഭാവമോ പ്രകടിപ്പിക്കാത്ത ഭൂരിപക്ഷത്തിന്റെ പ്രതിനിധിയാണ് ഈ കഥയിലെ നായകന്‍.
ഇഷ്ടപ്പെട്ട സാരിയും ആഭരണങ്ങളും വാങ്ങാനായി ഓരോ കടയിലും കയറിയിറങ്ങുന്നതിന് അയാള്‍ക്ക് യാതൊരു മടിയുമില്ല. മാത്രമല്ല, പട്ടുസാരികളുടെ പളപളപ്പും അതെടുത്ത് ചീനവലപോലെ മുമ്പിലേയ്ക്കിടുന്ന സുന്ദരികളായ ചെറുപ്പക്കാരികളുടെ പ്രസരിപ്പും അയാള്‍ ആസ്വദിക്കുന്നുമുണ്ട്. എങ്കിലും ഭാര്യയോടൊപ്പം ഐസ്ക്രീം കഴിച്ചിരിക്കുമ്പോഴും പെണ്‍കുട്ടിയുടെ ദൈന്യമുഖം അയാളെ വേട്ടയാടുന്നു. അമ്മ മരിക്കുംമുമ്പ് കെട്ടിക്കൊടുത്തതാവാം അവളുടെ മുടി എന്ന് അയാള്‍ ചിന്തിക്കുന്നു.
ഐസ്ക്രീം നല്‍കിയിട്ടും പിന്നാലെ കൂടിയ പെണ്‍കുട്ടിയെക്കുറിച്ച് അയാള്‍ക്ക് ഉല്‍ക്കണ്ഠയുണ്ട്. ഇരുണ്ട ഒരു രാത്രികൂടി കടന്നുവരുന്ന അവളുടെ ജീവിതത്തെക്കുറിച്ച് അയാള്‍ ആകുലപ്പെടുന്നു. കൂടെക്കൂട്ടണമെന്ന ആഗ്രഹം അയാളുടെ ഉള്ളിലെവിടെയോ നിറയുന്നുണ്ട്. പക്ഷേ, ഭാര്യയുടെ ആഗ്രഹങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും എതിരായി പ്രവര്‍ത്തിക്കാന്‍ അയാള്‍ക്ക് താല്പര്യമില്ല. അഭിപ്രായങ്ങളും ആശയങ്ങളും കുടുംബഭദ്രതയ്ക്കായി അടിയറവയ്ക്കുന്ന കഥാപാത്രത്തിനപ്പുറം പ്രതിസന്ധികളെ തരണംചെയ്യാനുള്ള കരുത്ത് അയാള്‍ക്കില്ല. തന്റെ ഉള്ളില്‍ അവശേഷിക്കുന്ന നന്മയുടെ കിരണം പെണ്‍കുട്ടിയെ കൂടെക്കൊണ്ടുപോകുന്ന ദരിദ്രകുടുംബത്തിന്റെ പ്രവൃത്തിയിലൂടെ പ്രകാശിക്കുമ്പോഴാണ് തന്റെ നഷ്ടപ്പെടലുകള്‍ അയാള്‍ തിരിച്ചറിയുന്നത്. ബാല്യകാലത്ത് താന്‍ കൊണ്ടുവന്ന പൂച്ചക്കുട്ടിയെ വീട്ടുകാര്‍ ഉപേക്ഷിച്ചപ്പോള്‍ അത് വാഹനത്തിന്നടിയില്‍പ്പെട്ട് ചതഞ്ഞര‌്‌‌ഞ്ഞ ഓര്‍മ്മയാണ് അയാളെ പെട്രോളടിക്കാനെന്ന വ്യാജേന വീണ്ടും നിരത്തിലെത്താന്‍ പ്രേരിപ്പിച്ചത്. എന്നാല്‍ അവളെ വീട്ടിലേയക്ക് കൂട്ടിക്കൊണ്ടുപോകാനോ സംരക്ഷിക്കാനോ മറ്റൊരഭയമൊരുക്കാനോ അയാള്‍ക്കൊരിക്കലും കഴിയുകയില്ല എന്ന് അയാളുടെ വിധേയത്വത്തില്‍ നിന്നും ഗ്രഹിക്കാം. എന്തെങ്കിലുമൊക്കെ ചെയ്യണം എന്ന ആഗ്രഹം ഉള്ളിലുണ്ടെങ്കിലും അതിനനുസരിച്ച് ജീവിക്കാനാവാതെ ഉള്‍വലിയുന്ന, സ്വന്തം സുഖങ്ങളില്‍ അഭിരമിക്കുന്ന ശരാശരി മലയാളിയുടെ പ്രതീകമാണ് ഈ കഥാപാത്രവും. എല്ലാ ദുരിതക്കാഴ്ചകളോടും ഉത്തരവാദിത്തങ്ങളോടും കൃത്യമായ അകലം പാലിക്കുന്ന ഭൂരിപക്ഷത്തിന്റെ പ്രതിനിധി. സ്വയം സൃഷ്ടിക്കുന്ന കൂച്ചുവിലങ്ങുകളാണ് ഉത്തരം കഥാപാത്രങ്ങളെ മുന്നോട്ടുനയിക്കുന്നത്. പൊട്ടിച്ചെറിയാനുള്ള ശക്തിയോ ആത്മവിശ്വാസമോ അടങ്ങാത്ത അഭിനിവേശമോ നഷ്ടപ്പെടുന്ന തലമുറയുടെ പ്രതീകമാണയാള്‍.
നായകനില്‍ നിന്നും വ്യത്യസ്തമായി കാഴ്ചകളുടെ അലട്ടലുകള്‍ തീരെ ബാധിക്കാത്ത കഥാപാത്രമാണ് നായകന്റെ ഭാര്യ രമണി. ബാഹ്യമോടികളിലും ആഡംബരങ്ങളിലും ആത്മസംതൃപ്തി തേടുന്നവള്‍. സഹോദരിയുടെ മകളുടെ വിവാഹത്തിനു ധരിക്കാന്‍ ആഭരണവും സാരിയുംതേടി കടകള്‍ കയറിയിറങ്ങുന്ന അവള്‍ തൃശ്ശൂരോ കോയമ്പത്തൂരോ ചെന്നൈയിലോ പോയിട്ടാണെങ്കിലും ഇഷ്ടമുള്ള നിറം തിരയാന്‍ തയ്യാറാണ്. ഇഷ്ടനിറം ലഭിച്ചില്ലെങ്കില്‍ വിവാഹത്തിനുപോകാന്‍ ആഗ്രഹിക്കുന്നുമില്ല. "നീന നിന്റെ സ്വന്തം സഹോദരിയുടെ മകളാണ്" എന്ന് ഭര്‍ത്താവ് ഓര്‍മ്മിപ്പിക്കുന്നുവെങ്കിലും വാശിയിലൂടെ ബന്ധങ്ങള്‍ കെട്ടുകാഴ്ചകളാക്കുന്ന ബാഹ്യപ്രകടനമാണ് രമണിയിലൂടെ കഥാകൃത്ത് വരച്ചുകാട്ടുന്നത്. ഇഷ്ടപ്പെട്ടസാരി കിട്ടിക്കഴിയുമ്പോള്‍ മാത്രമാണ് തെരുവുബാലികയ്ക്ക് 'എന്തെങ്കിലും വാങ്ങിക്കൊടുക്കാം' എന്ന് ഉദാരമനസ്കയാകുന്നത്. പിറകെ കൂടുന്ന പെണ്‍കുട്ടിയെ ശല്യമാവാതെ എന്തെങ്കിലും കൊടുത്ത് ഒഴിവാക്കാന്‍ അവര്‍ തിടുക്കം കൂട്ടുന്നു. അനാഥബാലികയുടെ ദൈന്യം അവരെ ചിന്തിപ്പിക്കുന്നില്ല. ജീവിതം നല്‍കുന്ന നിറക്കാഴ്ചകളില്‍ അഭിരമിക്കുന്ന രമണിക്ക് സ്വാര്‍ത്ഥതയും വാശിയും സുഖസൗകര്യങ്ങളും പുറംമോടികളും തീര്‍ക്കുന്ന ലോകത്തിനപ്പുറം വളരാനാവില്ല. സമൂഹത്തിലെ പ്രശ്നങ്ങളോ സമൂഹത്തോടുള്ള പ്രതിബദ്ധതയോ അവരുടെ സുഖാനുഭവത്തിന് തടസ്സമാവുകയില്ല. മൂല്യങ്ങളെക്കുറിച്ചോ അപരന്റെ ദൈന്യത്തെക്കുറിച്ചോ കേവലം അര്‍ത്ഥമില്ലാത്ത സഹതാപ വാക്കുകള്‍ക്കപ്പുറം ചിന്തിക്കാന്‍ അവര്‍ക്കാവില്ല. അതുകൊണ്ടുതന്നെ എന്തൊക്കെയോ നഷ്ടപ്പെടുന്ന നായകനില്‍നിന്നും നഷ്ടപ്പെടലുകളില്ലാത്ത നായികയായി രമണി പരിണമിക്കുന്നു.
കഥാവസാനം സൂചിപ്പിക്കുന്ന ദരിദ്രകുടുംബത്തിന് - വഴിവാണിഭക്കാരനില്‍നിന്ന് മകനുള്ള ഷര്‍ട്ട് വിലപേശിവാങ്ങിക്കുന്ന ദരിദ്രകുടുംബത്തിന് - തെരുവില്‍ അനാഥയായികിടക്കുന്ന പിഞ്ചുബാലികയെ സംരക്ഷിക്കാന്‍ ആലോചിക്കേണ്ടിവരുന്നില്ല. ആറുവയസ്സുകാരി പെണ്‍കുട്ടി തെരുവില്‍ സുരക്ഷിതയല്ല എന്ന ബോധവും തന്റെ മകനെപ്പോലെയാണ് ആ ജീവനെന്നും ഉള്ള തിരിച്ചറിവാണ് അയാളെ നയിക്കുന്നത്. ദുരിതവും കഷ്ടപ്പാടും നിറഞ്ഞ സമൂഹത്തിന്റെ താഴേത്തട്ടിലുള്ള അവരെ സംബന്ധിച്ചിടത്തോളം ഈ കുട്ടിയുടെ ബാദ്ധ്യത ആശങ്കയുണര്‍ത്തുന്നതല്ല. അഭയം നല്‍കുന്നത് അവരുടെ ഉത്തരവാദിത്തമായി മാറുകയാണ്.
കേരളീയ സാഹചര്യങ്ങളില്‍, പകല്‍ പോലും ഭയത്തിന്റെയും കാപട്യത്തിന്റെയും പ്രതീകമാകുമ്പോള്‍, പെണ്‍കുട്ടികള്‍ അരക്ഷിതരാവുമ്പോള്‍, നിരത്തുവക്കില്‍ കടത്തിണ്ണയില്‍ തനിച്ചുറങ്ങുന്ന ആറുവയസ്സുകാരി എങ്ങനെ സുരക്ഷിതയാവും? "തെരുവില്‍ വെളിച്ചം കുറഞ്ഞുവന്നു. നിരത്തിന്റെ നടുവിലുള്ള സോഡിയം വേപ്പര്‍ ലാമ്പുകള്‍ മടിച്ചുകൊണ്ട് കണ്ണുതുറന്നു. ഇരുവശത്തുമുള്ള കടകളില്‍ വിളക്കുകള്‍ തെളിഞ്ഞു. ഷോക്കേസുകള്‍ ശക്തിയുള്ള വിളക്കുകളാല്‍ പ്രകാശിച്ചു. രാത്രി വരികയാണ്. രാത്രി, നിരവധി അലങ്കാരവിളക്കുകളുടെ വര്‍ണ്ണപ്പകിട്ടോടെ എഴുന്നള്ളിവരുമ്പോള്‍ ഇവിടെ ഒരു ആറുവയസ്സുകാരി, ഏകയായി അതിനെ നേരിടാന്‍ പോകുകയാണ്. ഒരു രാത്രികൂടി, ഇരുണ്ട ജീവിതത്തില്‍ ആശയുടെ മങ്ങിയ വിളക്കുകള്‍ മാത്രമുള്ള ഒരു രാത്രികൂടി.” ഈ വരികളില്‍ ആഖ്യാതാവ് പങ്കുവയ്ക്കുന്നത് ഈ ആശങ്കതന്നെയാണ്.
കഥാഘടനയ്ക്കും അനുഭവങ്ങള്‍ക്കും ശക്തിപകരാന്‍ പ്രഥമപുരുഷവീക്ഷണം സ്വീകരിച്ചതിലൂടെ കഴിയുന്നുണ്ട്. കഥാപാത്രത്തിനുള്ളിലേയ്ക്കിറങ്ങി അയാളുടെ ബാല്യത്തെയും മാനസിക സംഘര്‍ഷത്തെയും നിഷ്ക്രിയതയെയും അവതരിപ്പിക്കാന്‍ ഈ വീക്ഷണത്തിലൂടെ കഴിയുന്നു. കഥാസന്ദര്‍ഭങ്ങളെ കോര്‍ത്തിണക്കി ഭൂതകാലത്തില്‍ നിന്നു ഭാവിയിലേയ്ക്കും തിരികെ വര്‍ത്തമാനത്തിലേയ്ക്കും ക്ഷണനേരംകൊണ്ടെത്താന്‍ സാധിക്കുന്നത് വീക്ഷണത്തിന്റെ വിന്യസനത്താലാണ്.
രമണി എന്നാല്‍ നല്ല സ്ത്രീയെന്നും നല്ല ഭാര്യ എന്നും അര്‍ത്ഥം. സ്ത്രീ മകളും അമ്മയും സഹോദരിയും കാമുകിയും ഭാര്യയും ഒക്കെയാണ്. എല്ലാ വികാരങ്ങളുടെയും ഉറവിടം. സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സാഹോദര്യത്തിന്റെയും ഭിന്നഭാവങ്ങള്‍ സ്ത്രീയില്‍ അന്തര്‍ലീനമാണ്. അനുഭവത്തിലൂടെ കരുത്താര്‍ജ്ജിക്കുന്നവള്‍. എന്നാല്‍ കഥയിലെ രമണി ഈ അര്‍ത്ഥവിശാലതയുടെ മറുപുറമാണ്. സങ്കുചിതത്വത്തിന്റെയും സ്വാര്‍ത്ഥതയുടെയും അരണ്ടെ'വെട്ട'ത്തില്‍, ഇത്തിരി'വട്ട'ത്തില്‍ ചിന്തിക്കുന്നവള്‍. റാണി എന്നാല്‍ രാജ്ഞി എന്നാണര്‍ത്ഥം. ഏതമ്മയും തന്റെ മകള്‍ രാജ്ഞിയെപ്പോലെ, രാജകുമാരിയെപ്പോലെ വാഴണമെന്നാണ് ആഗ്രഹിക്കുക.ഇവിടെ റാണി പിതൃത്വവും മാതൃത്വവും നഷ്ടപ്പെട്ട അനാഥബാലിക. പേരുകളുടെ വൈരുദ്ധ്യം കഥാകാരന്റെ ആഖ്യാനതന്ത്രത്തിന്റെ ഭാഗംതന്നെയാണ്. ഇത്തരം വിരുദ്ധ തലങ്ങളാണ് ഈ കഥയുടെ ഭാവഘടനയെ ശക്തിപ്പെടുത്തുന്നത്.
'എന്തൊക്കെയോ നഷ്ടപ്പെട്ട ഒരാള്‍' എന്ന ശീര്‍ഷകം സമകാലികാവസ്ഥയില്‍ സ്വത്വം നഷ്ടപ്പെടുന്ന ഇതിലെ കഥാപാത്രത്തിന്റെ സ്വഭാവത്തെ സൂചിപ്പിക്കുന്നു. എന്തൊക്കെയോ നഷ്ടപ്പെടുകയല്ല, നഷ്ടപ്പെടുത്തുകയാണ് എന്ന് കഥാവിശകലനത്തില്‍ മനസ്സിലാവും. നഷ്ടപ്പെട്ടതിനുകാരണം അയാളുടെ ഭാര്യയല്ല, അയാള്‍കൂടിയാണെന്നും അയാളുടെ കാലഘട്ടം കൂടിയാണെന്നും തിരിച്ചറിയേണ്ടതുണ്ട്. അന്യരുടെ യാതനകള്‍ക്ക് ചെവികൊടുക്കാതെ വര്‍ണ്ണപ്പകിട്ടില്‍ ജീവിക്കേണ്ടിവരുന്നവര്‍ക്ക് പ്രശാന്തതയോ ആത്മസംതൃപ്തിയോ ലഭിക്കുന്നില്ല എന്നും മനസ്സിന്റെ അലട്ടലുകള്‍ പിന്‍വിളിയായി നിലനില്‍ക്കുമെന്നും ഈ ശീര്‍ഷകം സൂചിപ്പിക്കുന്നുണ്ട്.
നഷ്ടപ്പെടലുകളാണ് അഭയാര്‍ത്ഥിത്വം സൃഷ്ടിക്കുന്നത്. രക്ഷാകര്‍ത്തൃത്വം നഷ്ടപ്പെടുന്നതിലൂടെ റാണി എന്ന ബാലിക അഭയാര്‍ത്ഥിയായി മാറുന്നു. മൂല്യങ്ങളും സ്വത്വവും നഷ്ടപ്പെടുന്നതിലൂടെ കഥാനായകനും അഭയാര്‍ത്ഥിയായി മാറുന്നു. ത്യാഗത്തിലും സ്നേഹത്തിലും ആത്മസംതൃപ്തികണ്ടത്തുന്നവര്‍ക്കേ ജീവിതം സാര്‍ത്ഥകമാക്കാനാവൂ എന്ന തിരിച്ചറിവും ഈ കഥ പകര്‍ന്നുതരുന്നു.

-ഡോ. ഷംല യു.
.ജെ.ജെ.എം.ജി.ജി.എച്ച്.എസ്.
തലയോലപ്പറമ്പ്.






9 comments:

Azeez . said...

ഇ.ഹരികുമാറിന്‍റെ ഈ കഥ പരിചയപ്പെടുത്തിയതിനും അതിന് വളരെ നല്ല ഒരു
ആസ്വാദനം എഴുതിയതിനും നന്ദി.നമ്മുടെ ജീവിതത്തില്‍ സാധാരണ നാം കാണുന്ന
ഇത്തരം ചെറിയ സംഭവങ്ങള്‍ ശ്രദ്ധിക്കണമെങ്കില്‍ തന്നെ നമുക്ക് നല്ല ഒരു
ഹൃദയം വേണം.ഇതിനൊരാസ്വാദനമെഴുതണമെങ്കില്‍ ഈ കഥ ആസ്വാദനമെഴുതുന്ന ആളുടെ
ഹൃദയത്തില്‍ തുല്യ വികാരം, കരുണ ഉണര്‍ത്തിയിരിക്കണം. നല്ല ഹൃദയമുള്ളവര്‍ക്കെ ഇതിനൊരു
ആസ്വാദനം എഴുതുവാന്‍ കഴിയൂ.അല്ലെങ്കില്‍ രമണി കഥാപാത്രമാകുന്ന കഥയില്‍,
ഒരോ സ്തീയും രമണിയാകുവാന്‍ മനസ്സുകൊണ്ടെങ്കിലും ആഗ്രഹിക്കുന്ന
പളപളപ്പിന്‍റെ ആസക്തി പിടികൂടിയിട്ടുള്ള ഒരു സമൂഹത്തില്‍ നിന്ന് ഒരു
സ്ത്രീ ഇതെഴുതുന്നതെങ്ങിനെ?
ഈ ക‌ഥ‌ വായിക്കുന്ന‌ ഓരോ പുരുഷ‌നും സ്ത്രീയും മ‌ന‌സ്സില്‍ സ്വ‌യം
സാന്ത്വ‌ന‌മെങ്കിലും ക‌ണ്ടുകാണും: അല്ലാതെ അയാള്‍ എന്തു ചെയ്യുവാനാണ്.
കൈനീട്ടുന്ന‌വ‌രെ ആട്ടിയോടിക്കുന്ന‌ കാല‌ത്ത് ഇതിലെ അയാള്‍ ആ കുട്ടിയെ
ആട്ടിയോടിച്ചില്ല‌ല്ലോ, ഐസ്ക്രീം ന‌ല്‍കിയ‌ല്ലോ, പ‌ത്തുരൂപ‌
കൊടുത്തുവ‌ല്ലോ, കുട്ടിയെക്കുറിച്ച് അയാള്‍ സ്നേഹ‌പൂര്‍വ്വം
അന്വേഷിച്ചുവ‌ല്ലോ, ന‌ല്ല ഹൃദ‌‌യ‌മുള്ള‌തുകൊണ്ട‌ല്ലേ
അയാള്‍ ആ കുട്ടിയെ തിര‌ക്കി വീണ്ടും വ‌ണ്ടിയുമായി പോയ‌ത്. ഇതില്‍
കൂടുത‌ല്‍ എന്തു വേണം.ര‌മ‌ണി പോലും ഇനി ആ കുട്ടിക്ക് എന്തെങ്കിലും
വാങ്ങിക്കൊടുക്കാമെന്നു പ‌റ‌ഞ്ഞുവ‌ല്ലോ.
കുറ്റ‌ബോധം പിടികൂടാതിരിക്കുവാന്‍ ഇതൊക്കെ മ‌തി സാധാര‌ണ‌ മ‌നുഷ്യ‌ര്‍ക്ക്.
ഹ‌രികുമാറിന്‍റേതാണെന്ന് തോന്നുന്നു ഇതുപോലുള്ള‌ മ‌റ്റൊരു ക‌ഥ‌
വായിച്ച‌തോര്‍ക്കുന്നു. തെരുവില്‍ സ‌ര്‍ക്ക‌സ് ക‌ളിച്ച് ഉപ‌ജീവ‌നം
ന‌ട‌ത്തുന്ന‌ ര‌ണ്ടു കുഞ്ഞുങ്ങ‌ളുടെ ക‌ഥ‌.
കുട്ടിക‌ള്‍ എങ്ങിനെ വ‌ള‌ഞ്ഞുകുത്തിനിന്ന് സ‌ര്‍ക്ക‌സ് കാണിച്ചാലും, എത്ര‌
വ‌ള‌യ‌ത്തില്‍ കൂടി ചാടിയാലും ഇതൊക്കെ എന്ത് എന്ന് ക‌രുതി
കുഞ്ഞുകുട്ടിക‌ളില്‍ നിന്നു പുതിയ‌ ന‌മ്പ‌ര്‍ ഒന്നു മില്ലാത്ത‌തിന്‍റെ
പേരില്‍ പ‌ത്തു പൈസ‌ത്തുട്ട് ത‌രൂ സാര്‍ എന്നു പ‌റ‌യുന്ന‌ കുട്ടിക‌ളില്‍
നിന്ന് ന‌ട‌ന്ന‌ക‌ന്ന് പോകുന്ന ഹൃദ‌യ‌മില്ലാത്ത‌ മ‌നുഷ്യ‌ര്‍. പ‌ത്ത്
പൈസ‌ക്കു പ‌ക‌രം ക‌ഥാകാര‌ന്‍ 25 പൈസ‌ അവ‌ര്‍ക്ക് കൊടുക്കുന്നുണ്ട്. വ‌ലിയ‌
കാര്യം. പ‌ക്ഷെ അന്ന് വൈകീട്ട് ന‌ട‌ക്കുന്ന‌ റെസിഡ‌ന്‍റ് അസോസിയേഷ‌ന്‍റെ
വിരുന്നും അതിലെ ധൂര്ത്തും തിന്നാനാളില്ലാതെ ട്രാഷ് ബിന്നില്‍
വ‌ലിച്ചെറിയുന്ന‌ ഭ‌ക്ഷ‌ണ‌വും ഒക്കെ അയാളെ അസ്വ‌സ്ഥ‌നാക്കുന്നു.ഒടുവില്‍
അയാള്‍ ഈ കുട്ടികള്‍ക്ക് ഒരു പത്തു രൂപ നോട്ട് കൊടുക്കുമ്പോള്‍
അവിശ്വസനീയതയാല്‍ ആ പട്ടിണിക്കുട്ടികള്‍ അയാള്‍ക്കുവേണ്ടി മാത്രം ഒരു
സര്‍ക്കസ് കളിക്കുന്നു. ഇത് അയാള്‍ കണ്ട ഏറ്റവും വലിയ പട്ടിണിസര്‍ക്കസ്.ഗതികേടിന്‍റെ സര്‍ക്കസ്.സ‌മൂഹ‌ത്തിലെ താര‌ത‌മ്യേന‌ നിസ്സാര‌മെന്നു
നാം ക‌രുതുന്ന‌ കാര്യ‌ങ്ങ‌ളിലേക്ക് ക‌ണ്ണാടി പിടിക്കുക‌യാണ് ക‌ഥാകാര‌ന്‍.
ഇതിലും ര‌മണിയുടെ ഒരു പാര‌ല‌ല്‍ ഉണ്ട്.അവര്‍ ആകെ പറയുന്നത്‍ വിരുന്നിലെ ചിക്ക‌ന്‍ ബിരിയാണിയെക്കുറിച്ചും
ഐസ്ക്രീമിന്‍റെ രുചിയെക്കുറിച്ചുമാണ്.
.ഇതെഴുമ്പോഴും എന്‍റെ കണ്ണ് നിറഞ്ഞ ഒരു വരിയുണ്ട്. ഹൊ ഇതാണോ എന്ന് പരിഹസിക്കപ്പെടുവാന്‍ ചാന്‍സുള്ളതുകൊണ്ടും പുലിമുഖമുള്ള പുരുഷന്‍റെ കെട്ടുമുഖം അഴിയുവാന്‍ സാദ്ധ്യതയുള്ളതുകൊണ്ടും അത്
വിട്ടുകളയുന്നു.
നന്ദി പ്രിയപ്പെട്ട ഷംല.

Azeez . said...

അദ്ധ്യാപകരും കുട്ടികളും കൃസ്തുമസ് വെക്കേഷന്‍ കഴിഞ്ഞ് വന്നില്ലേ.ആരേയും കാണുന്നില്ലല്ലോ. അ൪മാദിക്കട്ടെ, എല്ലാവരും അ൪മാദിക്കട്ടെ.

കമന്‍റ് കോളത്തില്‍ ധാരാളം സ്ഥലമുള്ളതുകൊണ്ട് എന്നെപ്പോലുള്ള അനദ്ധ്യാപകര്‍ക്ക് ഇനിയും എഴുതാമല്ലോ.ശ്യാം സാറും രാജീവ് സാറും വടിയെടുക്കുമോ?
ഒരു കമെന്‍റെഴുത്തുകാരന്‍!
ഒരു ചാന്‍സായി എല്ലാം കുത്തിയൊഴുകട്ടെ.



എറണാകുളം നഗരത്തില്‍ ഞങ്ങള്‍ രണ്ടുപേരും ജോലി ചെയ്തിരുന്ന ഒരു കാലം ഓര്‍ത്തുപോയി.ഈ കഥയില്‍ പറയുന്ന, വിവരിക്കുന്ന ഒരുപാട് റിഫ്ലക്ഷന്‍സ് ഇത്
വായിച്ചപ്പോള്‍ എന്‍റെ മനസ്സിലൂടെ ക‌ടന്നുപോയി.ഗ്രാമങ്ങളില്‍ നിന്ന് പിഴുതെറിയപ്പെടുന്നവരും എല്ലാം നഷ്ടപ്പെട്ട അഭയാര്‍ത്ഥികളും ആശ്രയത്തിനായെത്തുന്നത് എറണാകുളം എന്ന നഗരത്തിലാണല്ലോ. എത്ര എത്ര അനുഭവങ്ങള്‍! മനസ്സ് വല്ലാതെ വിഷമിക്കും. ഒന്നും ചെയ്യുവാനും കഴിയുന്നില്ല.

മനസ്സിനെ സാന്ത്വനമേകുവാന്‍ എന്തെങ്കിലും ന്യായങ്ങള്‍ മനസ്സ് തന്നെ കണ്ടെത്തും: കൂടെയുള്ള സ്ത്രീ പറയും: നമ്മള്‍ എന്തു ചെയ്യാനാ. പടച്ചോന്‍ വച്ചതിനു ആര് എന്ത്
ചെയ്യാനാ. നമ്മളെക്കൊണ്ട് ആകുന്നത് എന്തെങ്കിലും ചെയ്തേര്.നമ്മള്‍ സക്കാത്ത് കൊടുക്കുന്നുണ്ടല്ലോ.ലോകത്തിലെ പ്രശ്ങ്ങള്‍ തീര്‍ക്കാന്‍ നമ്മളാരു.നമ്മളൊക്കെക്കൊണ്ട് നടക്ക്വോ.


പിന്നെ ഒരു സന്ധ്യയില്‍ സൌത്തിലുള്ള ഇന്ത്യന്‍ കോഫി ഹൌസിന്‍റെ പഴയ ബില്‍ഡിംഗില്‍ ഞങ്ങള്‍ രണ്ടുപേരും ഇരിക്കുന്നു.രുചികരമായ മസാലദോശ ഒരാള്‍ കഴിക്കുന്നു. ഒരു കപ്പ് കയ്യില്‍ പിടിച്ച് ഞാന്‍ നോക്കിയിരിക്കുമ്പോള്‍ ‍ അയാളുടെ കമന്‍റ്: ഒന്ന് ചിരിയ്ക്കിക്ക. എന്തേ
മൂഡിയായിരിക്കുന്നത്, എന്തേ സങ്കടം. കെട്ടിയോള് ചത്തോ

ന‌ന്ദി ഒരിക്ക‌ല്‍ കൂടി. ഓ൪മ്മ‌ക‌ള്‍ കുത്തിയൊഴുകുക‌യാണ്.

കഥാപഠനത്തിന്‍റെ അവസാന വരികള്‍ വായനക്കാരനായ എന്നെ ഡിസ്റ്റേബ് ചെയ്യുന്നു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കുന്ന, ഉള്ള , ഒരു രാജ്യത്ത് ജീവിക്കുന്ന ഒരാളാണ് ഞാന്‍.‍

" 'എന്തൊക്കെയോ നഷ്ടപ്പെട്ട ഒരാള്‍' എന്ന ശീര്‍ഷകം സമകാലികാവസ്ഥയില്‍ സ്വത്വം നഷ്ടപ്പെടുന്ന ഇതിലെ കഥാപാത്രത്തിന്റെ സ്വഭാവത്തെ സൂചിപ്പിക്കുന്നു...നഷ്ടപ്പെടലുകളാണ് അഭയാര്‍ത്ഥിത്വം സൃഷ്ടിക്കുന്നത്. രക്ഷാകര്‍ത്തൃത്വം നഷ്ടപ്പെടുന്നതിലൂടെ റാണി എന്ന ബാലിക അഭയാര്‍ത്ഥിയായി മാറുന്നു. മൂല്യങ്ങളും സ്വത്വവും നഷ്ടപ്പെടുന്നതിലൂടെ കഥാനായകനും അഭയാര്‍ത്ഥിയായി മാറുന്നു."

ആ അര്‍ത്ഥത്തില്‍ നാമൊക്കെ ഒന്നു തന്നെ.ഓരോ മനുഷ്യന്‍റെ ഉള്ളിലും ഈ അരക്ഷിതാവസ്ഥ നില നില്‍ക്കുന്നു. വീടുള്ളവനും ഇല്ലാത്തവനും തമ്മില്‍ ഒരു വ്യത്യാസവുമില്ല.നമ്മുടെയൊക്കെ നിസ്സഹായാവസ്ഥ, അരക്ഷിതാവസ്ഥ, നമ്മുടെയൊക്കെ വിധി നിര്‍ണ്ണയിക്കുന്നത് നാമല്ല എന്ന ബോധം ഇതൊക്കെ നമ്മെ ഓരോരുത്തരേയും റെഫൂജികളാക്കുന്നു. വളരെ ഭദ്രമെന്ന് കരുതിയിരുന്ന വലിയ കുടുംബങ്ങളൊക്കെ തകര്‍ന്നു. അണു കുടുംബങ്ങളായി. ഞാന്‍ ജീവിക്കുന്ന നാട്ടില്‍ അണുകുടുംബങ്ങളുമില്ലാതായി.കുറച്ചുനാള്‍ ഒരാളുടെ കൂടെ ജീവിക്കുന്നു;പരസ്പരം ഭദ്രമെന്ന് വിശ്വസിച്ചു;പരസ്പരം പ്രേമത്തിന്‍റെ നുണകള്‍ പറഞ്ഞ്.ശരീരം പകുത്ത്; ധനം പകുത്ത്. പെട്ടെന്നൊരു നാള്‍, മടുപ്പായി,ഇരുവരും പിരിയുന്നു. പിന്നെയും ആരുടേയെങ്കിലും കൂടെ, നുണകള്‍ പറഞ്ഞ്, പരസ്പരം മരണം വരെ പ്രേമിക്കുന്നു എന്നു പറഞ്ഞ്. എന്‍റെ കൂടെ ജീവിക്കുന്ന ഭാര്യ നാളെ ആരുടേയോ ഭാര്യയാകും.ഞാന്‍ ആരുടേയോ പുരുഷനാകും.ആരും ആര്‍ക്കും തണലാകില്ല, പൂര്‍ണ്ണമായി.കാമത്തിന്‍റെ കടിച്ചുവലിയില്‍ കോണ്ടം പൊട്ടി, ക്ലിനിക്കിലെ കൊടിലില്‍ നിന്നു രക്ഷപെട്ട്, എങ്ങിനെയോ മക്കളുണ്ടായിപ്പോയാല്‍ അവര്‍, ഒന്നുപോലും അമ്മയുടേയോ അച്ഛന്‍റേയോ കൂടെ ഒരുമിച്ച് കഴിയുമെന്ന് ഒരു ഉറപ്പുമില്ല. ഒടുവില്‍ ആ മക്കള്‍ നമ്മെ തേടിവരുന്നത് ആണ്ടിലൊരിക്കല്‍ ഒരു കൃസ്തുമസ് ഒഴിവുകാലത്ത്. വൃദ്ധസദനങ്ങള്‍ എന്ന അഭയാര്‍ത്ഥികേന്ദ്രങ്ങളില്‍ ഇന്നു മക്കള്‍ ഒരു പൂക്കൂടുമായി വരുന്നത് കാത്തിരിക്കുന്നവരുടെ കാത്തിരിപ്പുകേന്ദ്രങ്ങളാണ്. ഇവിടെ ആരാണ് അഭയാര്‍ത്ഥികള്‍ അല്ലാത്തത്?

റെഫൂജി എന്ന പദത്തിന് ഒരു മിസ്റ്റിക് ഘടകമുണ്ട്.സ്വന്തം ഹാബിറ്റാറ്റില്‍ നിന്നും പറിച്ചെറിയപ്പെടുന്ന ഒരു ജനത. എവിടെയോ ഒരുമിച്ച്, പരസ്പരം ദുരിതങ്ങളും, അതേ സമയം പരസ്പരം ചെറിയ സഹായങ്ങളും‍ ചെയ്ത് ഒരുമിച്ച് ജീവിക്കുന്നു.അവര്‍ തമ്മില്‍ ശത്രുതയില്ല. സ്നേഹവുമില്ല. ഒരു തരം ലൂസ് ഇന്‍റിമസി. അവര്‍ കടന്നുപോയാല്‍ ആര്‍ക്കും വിഷമമില്ല.വന്നാലും.ഇതല്ലേ നമ്മുടെ ഇപ്പോഴത്തെ സമൂഹജീവിതം.ശരിയാണ്,നാമൊക്കെ അഭയാര്‍ത്ഥികളാണ് മാഡം.

Anitha Sarath said...

എന്തൊക്കെയോ നഷ്ടപ്പെട്ട ഒരാള്‍ എന്ന കഥ പഠിപ്പിച്ചപ്പോള്‍ ഞാന്‍ കുട്ടികളോട്ആ കഥയെക്കുറിച്ച് അവരുടെ അഭിപ്രായങ്ങളും സംശയങ്ങളുമൊക്കെ പറയാനും എഴുതാനും ആവശ്യപ്പെട്ടു. അവര്‍ എന്തൊക്കെയാണെന്നോ എഴുതിയത്....! ഭാര്യയുടെ കൂത്തിനൊത്തു തുള്ളിയിട്ടു പിന്നെ അയാള്‍ എന്തിനാ വിഷമിക്കുന്നത്... ഒരു സാരിയും കൊണ്ട് വാശി പിടിച്ചു ഇങ്ങനെ നടക്കാന്‍ അനുവദിക്കുന്നതെന്തിനാ? ഇതൊക്കെ കേട്ട് ഞാന്‍ ഒരു നിമിഷം ഞെട്ടിത്തരിച്ചുനിന്നുപോയി. കഥയുടെ അവസാനം ചിലകുട്ടികള്‍ വ്യാഖ്യാനിച്ചത് ആ പെണ്‍കുട്ടി കള്ളം പറഞ്ഞതായിക്കൂടെ എന്നാണ്...! ആകാം അല്ലേ... നമ്മുടെ നാടല്ലേ.... എന്തായാലും നമ്മുടെ മുന്നിലിരിക്കുന്ന കുട്ടികള്‍ അതിബുദ്ധിയുള്ളവരാണ്. --
ഹരികുമാറിന്റെ "അനിതയുടെ വീട് " എന്ന കഥ വല്ലാത്തൊരു അനുഭവം തന്നെയാണ്, കേട്ടോ. കഴിയുമെങ്കില്‍ വായിക്കണേ. കഥാ പഠനം നടത്തിയ ഷംല ടീച്ചറിനും അഭിപ്രായം എഴുതിയ അസീസ്‌ സറിനും
ആശംസകള്‍.

Hafsana said...

ഷംലടീച്ചര്‍ക്ക് ഒരായിരം നന്ദി........................
ഈ കഥയ്ക്ക് ഇത്രയധികം അര്‍ഥതലങ്ങള്‍ ഉണ്ടെന്ന്‍ ഇപ്പോഴാന്‍ എനിക്ക് മനസ്സിലായത്. ടീച്ചറുടെ ആസ്വാദനം വായിച്ചപ്പോള്‍ ഞാന്‍ തീര്‍ത്തും ആസ്ച്ചര്യപെട്ടുപോയി. (പരീക്ഷയ്ക്ക് രമണി എന്നാ കഥാപാത്രത്തെക്കുരിച്ച് എഴുതാന്‍ വന്നിരുന്നു) ടീച്ചറുടെ വിലയിരുത്തല്‍ വായിച്ചപ്പോള്‍ ഇനിയും എത്രത്തോളം ആ കഥയുടെ ആഴങ്ങളിലേക്ക് ഏറന്ഗിചെലനമെണ്ണ്‍ എനിക്ക് ബോധ്യപ്പെട്ടു. ഇത്തരത്തിലുള്ള വിലയിരുത്തലുകള്‍ വായിക്കുന്നതിലൂടെ പരീക്ഷയ്ക്കും നല്ല മാര്‍ക്ക് നേടാന്‍ ഞങ്ങളെ ഒരുപാട് സഹായിക്കുമെന്നത് തീര്‍ച്ച.

വില്‍സണ്‍ ചേനപ്പാടി said...

ആധികാരികമായ പഠനം.ഷംലടീച്ചറിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.

എന്റെ അസീസ് ഇക്കാ..കമന്റെഴുതാന്‍ ഇവിടാരുമില്ലേ എന്ന് താങ്കള്‍ ചോദിക്കുമ്പോഴും ആരും മിണ്ടാതിരിക്കുന്നത് അഭയാര്‍ത്ഥികള്‍ വായിച്ചിട്ട് അമ്പരന്നു പോയതുകൊണ്ടാണ്,

നിരവധി ഉള്‍ക്കാഴ്ചകള്‍ നല്‍കുന്ന പഠനം തയ്യാറാക്കിയ ഷംലടീച്ചറിനോട് മലയാളം അധ്യാപകരെല്ലാം കടപ്പെട്ടിരിക്കുന്നു.
ഒന്നും നഷ്ടപ്പെടാനില്ലാത്ത കൂലിവേലചെയ്യുന്ന ആ കുടുംമ്പത്തിന്റെ ഹൃദയസമ്പന്നതയിലേയ്ക്ക് ഉയരുവാന്‍ നമുക്ക് കഴിയട്ടെ.

വില്‍സണ്‍ ചേനപ്പാടി said...

ആധികാരികമായ പഠനം.ഷംലടീച്ചറിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.

എന്റെ അസീസ് ഇക്കാ..കമന്റെഴുതാന്‍ ഇവിടാരുമില്ലേ എന്ന് താങ്കള്‍ ചോദിക്കുമ്പോഴും ആരും മിണ്ടാതിരിക്കുന്നത് അഭയാര്‍ത്ഥികള്‍ വായിച്ചിട്ട് അമ്പരന്നു പോയതുകൊണ്ടാണ്,

നിരവധി ഉള്‍ക്കാഴ്ചകള്‍ നല്‍കുന്ന പഠനം തയ്യാറാക്കിയ ഷംലടീച്ചറിനോട് മലയാളം അധ്യാപകരെല്ലാം കടപ്പെട്ടിരിക്കുന്നു.
ഒന്നും നഷ്ടപ്പെടാനില്ലാത്ത കൂലിവേലചെയ്യുന്ന ആ കുടുംമ്പത്തിന്റെ ഹൃദയസമ്പന്നതയിലേയ്ക്ക് ഉയരുവാന്‍ നമുക്ക് കഴിയട്ടെ.

ലീമ വി. കെ. said...

കഥാ പഠനം അസലായി.ഷംല ടീച്ചര്‍ തലയോലപ്പറമ്പില്‍ പേപ്പര്‍ നോട്ടത്തിനു കാണുമോ? നേരില്‍ കണ്ട് അഭിനന്ദിക്കാന്‍ ഒരു മോഹം.നമ്മുടെ വില്‍സണ്‍ ചേനപ്പാടി രചിച്ച നാടകം ഇടുക്കി ജില്ലയില്‍ ഒന്നാമതെത്തി. സാറിന് പ്രത്യേകം അഭിനന്ദനങ്ങള്‍.അസീസിക്കയൊക്കെ എഴുതുന്നതു കാണുമ്പോള്‍ അസൂയ തോന്നുന്നു.രാവിലെ ഏഴു മണിക്കിറങ്ങി രാത്രി ഏഴു മണിക്കെത്തുന്ന എനിക്ക് ഒരു കമന്റ് എഴുതാന്‍ പോലും കഴിയാറില്ല.

shamla said...

സന്തോഷിന്,അസീസിക്കായ്ക്ക് ,അനിത ടീച്ചറിന്,വിത്സണ്‍ സാറിന് ,ഹഫ്സാനയ്ക്ക് ,ലിമ ടീച്ചറിന് ,നന്ദി valuation camp ല്‍ കാണാം ലിമ ടീച്ചര്‍ .

AMRUTHA said...

വളരെ നന്നായിരിക്കുന്നു.ഷംല ടീച്ചറിന് നന്ദി