എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Aug 6, 2012

സച്ചിദാനന്ദന്റെ 'മലയാളം' - ഒരുവിശകലനക്കുറിപ്പ്




നമ്മുടെ ഭാഷയെക്കുറിച്ച് മലയാളത്തിലുണ്ടായ ഏറ്റവും ഗഹനവും ദീര്‍ഘവുമായ കവിതയാണ് മലയാളം. 'ഓരോ പുതിയ പുസ്തകവും എല്ലായ്പ്പോഴും പുതിയ പുസ്തകമായി' മാറുന്നത് വ്യാഖ്യാനങ്ങളിലൂടെയാണ്. ഭാഷയുടെയും സംസ്കൃതിയുടെയും മനുഷ്യജീവിതാവസ്ഥകളുടെയും ഭാഗമായി മലയാളമെന്ന കവിതയെ വ്യത്യസ്തതലങ്ങളിലൂടെ വ്യാഖ്യാനിക്കാം. ദേശഭേദം പോലെ ഓരോരുത്തര്‍ക്കും 'മലയാളം' ഓരോ മലയാളമായി അനുഭവപ്പെടും. എന്റെ മലയാളവും നിങ്ങളുടെ മലയാളവും ചേര്‍ന്ന് കൂട്ടിച്ചേര്‍ക്കലുകളിലൂടെ ഇത് നമ്മുടെ മലയാളമായി മാറട്ടെ.


ആത്മാവില്‍ വേരോടുന്ന മൊഴിമലയാളം
സച്ചിദാനന്ദന്റെ 'മലയാളം' - ഒരുവിശകലനക്കുറിപ്പ്
-ഡോ. ഷംല യു.

മാതൃഭാഷയും മനുഷ്യനും തമ്മിലുള്ള ജീവത്ബന്ധം ആവിഷ്കരിക്കുന്ന നിരവധി വ്യാഖ്യാനസാധ്യതകളുള്ള കവിതയാണ് സച്ചിദാനന്ദന്റെ മലയാളം. കേരളപ്രകൃതിയുമായും സംസ്കാരവുമായും ഗ്രാമീണതയുമായും ബന്ധപ്പെട്ടുനില്‍ക്കുന്ന അനവധി പ്രതീകങ്ങളിലൂടെ മാതൃഭാഷയുടെ വിശാലമായ ആകാശങ്ങളെ സച്ചിദാനന്ദന്‍ കാവ്യാത്മകവും സൗന്ദര്യാത്മകവുമായ വരികളിലൂടെ അടയാളപ്പെടുത്തുന്നു. സച്ചിദാനന്ദന്റെ തന്നെ വാക്കുകളില്‍ "ആത്മചരിത്രം, ഭാഷാചരിത്രം, കാവ്യചരിത്രം ഇങ്ങനെ മൂന്നിഴകള്‍ അതിനുണ്ട്. ഓര്‍മ്മകളില്‍ പണിതെടുത്ത ഒരു ശില്പമാണത്. ഒരു ഏഴുനിലഗോപുരം. ബാല്യം മുതല്‍ ഇന്നുവരെയുള്ള അവസ്ഥകളിലേയ്ക്കുള്ള ഒരു സഞ്ചാരം അതിലുണ്ട്. ഘടനാപരമായി അതൊരു പരീക്ഷണമാണ്.....”( മലയാളം - സച്ചിദാനന്ദന്‍, പേജ് 98). മലയാളം എന്ന കവിതാസമാഹാരത്തില്‍ ഏഴു ഖണ്ഡങ്ങളിലായി അവതരിപ്പിച്ചിട്ടുള്ള ദീര്‍ഘമായ കവിതയുടെ ഒന്നാം ഖണ്ഡമാണ് പാഠപുസ്തകത്തിലെ മലയാളം.
"ഭൂമിയുടെ പുഴകള്‍ക്കും കനികള്‍ക്കും മുമ്പേ
എന്നെ അമൃതൂട്ടിയിരുന്ന പൊക്കിള്‍ക്കൊടി"
എന്ന വരികളില്‍ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കഴിഞ്ഞ കുഞ്ഞിന് അതിജീവനത്തിലുള്ള ഔഷധങ്ങള്‍ നല്‍കുന്ന അമ്മയുടെ സ്നേഹമായി മാതൃഭാഷയെ സങ്കല്‍പ്പിക്കുന്നു. ഗര്‍ഭാവസ്ഥയില്‍ അമ്മയുടെ ജീവിതം കുഞ്ഞിനുവേണ്ടി മാറ്റിവയ്ക്കപ്പെട്ടതാണ്. ഏതു ദുര്‍ഘടങ്ങളെയും പ്രതിസന്ധികളെയും അമ്മ അതിജീവിക്കുന്നത് കുഞ്ഞിനോടുള്ള സ്നേഹവായ്പുകൊണ്ടാണ്. അമ്മയുടെ ചിന്തകളും സ്വപ്നങ്ങളും കുഞ്ഞിനോട് പങ്കുവയ്ക്കുന്നതാവട്ടെ മാതൃഭാഷയിലൂടെയുമാണ്. ഇപ്രകാരം ജനിച്ചുവീഴുന്നതിനുമുമ്പുതന്നെ, പുഴകളും കനികളും ഭക്ഷണമൊരുക്കുന്നതിനുമുമ്പുതന്നെ ജീവനാമൃതം നല്‍കുന്നപൊക്കിള്‍ക്കൊടിയായി മാതൃഭാഷ മാറുന്നു. സ്വഭാവരൂപീകരണത്തിന്റെ, സംസ്കാരത്തിന്റെ വേരുകള്‍ പൊടിച്ചുതുടങ്ങുന്നതും ഗര്‍ഭപാത്രത്തില്‍ നിന്നാണെന്നത് ശാസ്ത്രസത്യം. വേരുകള്‍ നഷ്ടമാവുന്ന മനുഷ്യന്‍ പൊങ്ങിക്കിടക്കുന്ന, ഒഴുക്കിനൊപ്പം എവിടേയ്ക്കോ അലഞ്ഞുതിരിയുന്ന പാഴ്വസ്തുവായി മാറുമെന്നും ഇവിടെ വ്യാഖ്യാനിക്കാം. മാതൃഭാഷ നഷ്ടപ്പെടുന്നവന് ഇല്ലാതാവുന്നത് സ്വന്തം വേരുകള്‍ തന്നെയാണ്.

"വേദനയുടെ ധന്യമൂര്‍ച്ഛയില്‍ സ്വയം വളര്‍ന്ന്
എന്നെ ഉലുവയുടെയും വെളുത്തുള്ളിയുടെയും
തീക്ഷ്ണസുഗന്ധങ്ങളിലേയ്ക്കാനയിച്ചവള്‍"
എന്ന വരികളില്‍ അമ്മയുമായുള്ള പൊക്കിള്‍ക്കൊടിബന്ധം വിഛേദിച്ച് കണ്‍മിഴിക്കുന്ന കുഞ്ഞിന്റെ അനുഭവങ്ങളാണ് ചിത്രീകരിക്കുന്നത്. വേദനയുടെ ധന്യമൂര്‍ച്ഛ എന്ന പ്രയോഗം ഏതമ്മയും തന്റെ കുഞ്ഞിന്റെ ജനനത്തിനായി സഹിക്കുന്ന തീവ്രവേദനയെ സൂചിപ്പിക്കുന്നു. വേദന ക്ഷണികമായിരുന്നുവെന്ന് അമ്മയെ തോന്നിപ്പിക്കുന്നത് കുഞ്ഞിന്റെ തൂവല്‍ സ്പര്‍ശമാണ്. സ്ത്രീ അമ്മയാവുമ്പോഴാണ് അവളുടെ ജീവിതത്തിലെ സുപ്രധാനഘട്ടം പൂര്‍ണ്ണമാവുന്നതും അവള്‍ ആദരവുനേടുന്നതും. പെണ്‍കുഞ്ഞ് സ്വന്തം അമ്മയെ ഉള്‍ത്തുടിപ്പോടെ സ്നേഹിച്ചുതുടങ്ങുന്നത് അമ്മയാകുമ്പോള്‍ മാത്രമാണെന്ന തിരിച്ചറിവും ഇവിടെ നിറയുന്നു.
ഉലുവയുടെയും വെളുത്തുള്ളിയുടെയും തീക്ഷ്ണസുഗന്ധമായി അമ്മയുടെ ഗന്ധം മാറുന്നത് പ്രസവശേഷമാണ്. പ്രസവശുശ്രൂഷയ്ക്കായി നല്‍കുന്ന ആയുര്‍വ്വേദ ഔഷധക്കൂട്ടുകളിലെല്ലാം ഉലുവയുടെയും വെളുത്തുള്ളിയുടെയും സാന്നിദ്ധ്യമുണ്ട്. എരിവിന്റെ സുഗന്ധമാണ് ഈ ചേരുവകള്‍ നല്‍കുന്നത്. പ്രസവാനന്തരം ലേഹ്യവും അരിഷ്ടവും കഷായവുമൊക്കെ നല്‍കുന്നത് ഒരുപക്ഷേ, കേരളീയ സംസ്കൃതിയുടെയും പ്രകൃതിയുടെയും മാത്രം സവിശേഷതയാവാം. ഉലുവയും കരിപ്പെട്ടിയും വാട്ടിച്ചേര്‍ത്ത ലേഹ്യം, ഉലുവയും വെളുത്തുള്ളിയും ചേര്‍ത്ത കഞ്ഞി, ഉലുവ വറുത്തതിനൊപ്പം ചുട്ട വെളുത്തുള്ളിയും ചുട്ട കുടംപുളിയും ഇഞ്ചിയും കറിവേപ്പിലയും ചേര്‍ത്ത് അരച്ചെടുക്കുന്ന ചമ്മന്തി, ഉലുവ വെന്ത വെള്ളം, ഉലുവയും വെളുത്തുള്ളിയും ചേര്‍ന്ന ലേഹ്യം, അരിഷ്ടം എന്നിവയൊക്കെ നമ്മുടെ നാട്ടിലെ പ്രസവശുശ്രൂഷയില്‍ ഒഴിച്ചുകൂടാനാവാത്ത ഘടകങ്ങളായിരുന്നു. ഇവയൊക്കെ മണ്ണുമായുള്ള ബന്ധത്തെ സൂചിപ്പിക്കുന്നതുകൂടിയാണെന്നത് ശ്രദ്ധേയമാണ്. അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം തന്നെയാണ് ഭാഷയും പ്രകൃതിയും തമ്മിലുള്ളതും.
"വെളിച്ചത്തിന്റെ അപ്പൂപ്പന്‍ താടികള്‍കൊണ്ട്
ഉണ്ണിയുടലിലെ ഈറ്റുചോരതുടച്ച്
മാമ്പൂമണത്തില്‍ സ്നാനപ്പെടുത്തിയവള്‍"
എന്ന കല്പനയില്‍ കുഞ്ഞ് ആദ്യമായിക്കാണുന്ന വെളിച്ചവും ആദ്യത്തെ ശ്വാസോച്ഛ്വാസവും ഒക്കെ സൂചിപ്പിക്കുന്നു. ഗര്‍ഭപാത്രത്തിലെ സുരക്ഷിതത്ത്വത്തില്‍ നിന്ന് അരക്ഷിതത്ത്വത്തിലേയ്ക്ക് കുഞ്ഞ് എത്തിച്ചേരുകയാണ്. വെളിച്ചത്തിന്റെ അപ്പൂപ്പന്‍താടികള്‍ എന്ന പ്രയോഗം അപ്പൂപ്പന്‍താടിയുടെ കനമില്ലായ്മയും ഭംഗിയും കുഞ്ഞിന്റെ നിഷ്കളങ്കതയും ഒരുപോലെ സൂചിപ്പിക്കുന്നു. മാമ്പൂമണത്തില്‍ സ്നാനപ്പെടുത്തുക എന്ന പ്രയോഗം അമ്മയുടെ സ്നേഹത്തെ പ്രതിനിധീകരിക്കുന്നു. പ്രസവശേഷം വേതിട്ടുകുളിക്കുക എന്നത് ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന രക്ഷയാണ്. നാല്പാമരത്തോടൊപ്പം (അത്തി, ഇത്തി, പേരാല്‍,അരയാല്‍ ഇവയുടെ തൊലി) മാവ്, പ്ലാവ് തുടങ്ങി നിരവധി വൃക്ഷങ്ങളുടെ ഇലകളും വേതിട്ടുകുളിക്ക് ഉപയോഗിക്കുന്നുണ്ട്. ഏറ്റവുമാദ്യം കുഞ്ഞ് തിരിച്ചറിയുന്നത് അമ്മയുടെ ഗന്ധമാണ്. ഉലുവയുടെയും വെളുത്തുള്ളിയുടെയും തീക്ഷ്ണഗന്ധത്തോടൊപ്പം മാമ്പൂമണമായും കുഞ്ഞ് അമ്മയെ അറിഞ്ഞുതുടങ്ങുന്നു. മാമ്പൂമണം മലയാളിക്ക് സ്നേഹസാന്നിദ്ധ്യംതന്നെയാണ്. മാമ്പഴവും മാതൃത്വവും അതു നമ്മെ അനുഭവിപ്പിക്കാതിരിക്കില്ല. അതുകൊണ്ടുതന്നെ മാമ്പൂമണം എന്നത് അമ്മയുടെ സ്നേഹസാമിപ്യമായി ഭാഷയുടെ സ്നേഹസാന്നിദ്ധ്യമായി വ്യാഖ്യാനിക്കാം.
"പൊന്നും വയമ്പും കൊണ്ട് എന്റെ നാവിന്‍തുമ്പില്‍
ഖനികളുടെ ആഴവും വനങ്ങളുടെ സാന്ദ്രതയും പകര്‍ന്നവള്‍" എന്ന വരികളില്‍ ആദ്യമായി കുഞ്ഞിന്റെ നാവിന്‍ തൊടുന്ന രുചികളാണ് സൂചിതം. സ്വര്‍ണ്ണം ഉരച്ചുകൊടുക്കുന്നതിലൂടെ ഖനികളുടെ ആഴവും വയമ്പുനല്‍കുന്നതിലൂടെ വനങ്ങളുടെ സാന്ദ്രതയുമാണ് പകരുന്നത്. പ്രകൃതിയുമായി ഇണങ്ങി ജീവിക്കേണ്ടതിന്റെ, ജീവിച്ചിരുന്നതിന്റെ അടയാളങ്ങളായി ഇതിനെക്കാണാം. വയമ്പ് ഔഷധമാണെന്നതും ശ്രദ്ധേയമാണ്. വാക്കുകളില്‍, ഹൃദയത്തില്‍ ഖനികളുടെ ആഴവും പ്രവൃത്തിയില്‍ പ്രകൃതിയുടെ സ്നേഹവും കനിവും ആര്‍ദ്രതയും നിലനിര്‍ത്താന്‍ പ്രേരിപ്പിക്കുന്നതാവണം മാതൃഭാഷ എന്ന് കവി ധ്വനിപ്പിക്കുന്നു. മാതൃഭാഷ അമ്മയുടെ സ്നേഹമായി ഹൃദയത്തില്‍ ആവാഹിക്കുന്ന ശിശു സ്വാഭാവികമായി പ്രകൃതിയോടിണങ്ങി വേരുകളാഴ്ത്തി പടര്‍ന്നുപന്തലിക്കുമെന്ന് ഈ വരികളിലൂടെ വായിച്ചെടുക്കാം.
"ഇരയിമ്മന്റെ താരാട്ടും ഉണ്ണായിയുടെ പദങ്ങളും കൊണ്ട്
എന്നെ സ്വപ്നങ്ങളിലേയ്ക്കുറക്കിക്കിടത്തിയവള്‍" എന്ന വരികളില്‍ എല്ലാ അമ്മമാരും ഏറ്റുപാടുന്ന "ഓമനത്തിങ്കള്‍ കിടാവോ...” എന്ന താരാട്ടും ഉണ്ണായിവാര്യരുടെ കഥകളിപ്പദങ്ങളും നിറയുന്നു. കഥകളിയും സംഗീതവും തിരുവാതിരയും നിറഞ്ഞുനിന്നിരുന്ന നമ്മുടെ സംസ്കാരം സ്ത്രീകളെ ഏറെ സ്വാധീനിച്ചിരുന്നു. അമ്മ കുഞ്ഞിനെ ഉറക്കുന്നത് നിശബ്ദതകൊണ്ടല്ല, സംഗീതവും ചലനവും കൊണ്ടാണ്. അമ്മയുടെ സ്വരത്തിലെ താളവിന്യാസമാണ് കുഞ്ഞിനെ സുഖസുഷുപ്തിയിലേയ്ക്കു നയിക്കുന്നത്. അമ്മയുടെ ശബ്ദം, ഗന്ധം, സ്നേഹം, തലോടല്‍ എന്നിവയിലൂടെ കുഞ്ഞ് സ്വപ്നങ്ങളിലേയ്ക്ക് ഉണരുകയാണ്. അമ്മ ഭാഷയുടെ പ്രതീകമായി മാറുന്നു. വികാരങ്ങള്‍ പ്രകടിപ്പിക്കുന്നതും സ്വപ്നം കാണുന്നതും മാതൃഭാഷയിലൂടെയാണെന്നതിവിടെ സ്മരിക്കാം.
സ്വപ്നങ്ങളില്‍ നിന്ന് ഉണരുന്ന കുഞ്ഞ് ശൈശവാവസ്ഥയില്‍ നിന്ന് ബാല്യത്തിലേയ്ക്കു പ്രവേശിക്കുന്നു. ആദ്യമായി എഴുത്തിനിരുത്തുന്ന ചടങ്ങിലേയ്ക്ക് ബാല്യം എത്തിച്ചേരുന്നു.
"വിരല്‍ത്തുമ്പില്‍പ്പിടിച്ചു് മണലിന്റെ വെള്ളിക്കൊമ്പില്‍
ഹരിശ്രീയുടെ രാജമല്ലികള്‍ വിടര്‍ത്തിയവള്‍"
എന്ന പ്രയോഗത്തില്‍ മണലിനെ വെള്ളിക്കൊമ്പായും അക്ഷരത്തെ പുഷ്പങ്ങളായും ചിത്രീകരിക്കുന്നു. ഗ്രാമീണ സൗന്ദര്യത്തിന്റെ പ്രതീകമാണ് പൂത്തുനില്‍ക്കുന്ന രാജമല്ലികള്‍. പൂവിടരുന്നതുപോലെ അക്ഷരം - വാക്ക് - അറിവ് ചുറ്റുപാടുകളില്‍നിന്നും സ്വാഭാവികമായി ആര്‍ജ്ജിച്ചെടുക്കുകയാണ് ബാല്യത്തില്‍. അക്ഷരം ജ്ഞാനമാണ്. പുതിയ സമൂഹത്തില്‍ അറിവ് അധികാരവുമാണ്. ജ്ഞാനപുഷ്പത്തെ വിരിയിച്ചവളാണ് മാതൃഭാഷ. വിരല്‍ത്തുമ്പിലെ അക്ഷരങ്ങള്‍ സംവേദനക്ഷമമായ അനുഭവങ്ങളായി മാറുന്നു.
"അച്ഛനോടും സൂര്യനോടുമൊപ്പം കിഴക്കുദിച്ച്
വ്യാകരണവും കവിതയും കാട്ടി
എന്നെ ഭയപ്പെടുത്തി പ്രലോഭിപ്പിച്ചവള്‍" എന്ന വരികളില്‍ ഭാഷയും അച്ഛനും അമ്മയും തമ്മിലുള്ള ബന്ധംതന്നെയാണ് സൂചിപ്പിക്കുന്നത്. വ്യാകരണവും കവിതയും ഭാഷയില്‍ ഇഴചേര്‍ന്നു നില്‍ക്കുന്നു. കവിത നമ്മുടെ ഹൃദയത്തോട് (affective domain) സംവദിക്കുമ്പോള്‍ വ്യാകരണം നമ്മുടെ ബുദ്ധിയോട് (intellectual domain) സംവദിക്കുന്നു. അച്ഛന്റെ സ്നേഹം കാര്‍ക്കശ്യം നിറഞ്ഞതാണ്. കവിതയിലെ വ്യാകരണം പോലെ അതു നിലനില്‍ക്കുന്നു. വ്യാകരണശുദ്ധിയില്ലാത്ത കവിത അര്‍ത്ഥസമ്പുഷ്ടമാവുകയില്ല. കാര്‍ക്കശ്യം നിറഞ്ഞ അച്ഛന്റെ സ്നേഹത്തെക്കുറിച്ച് ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് അമ്മ കുഞ്ഞിനെ വളര്‍ത്തുന്നത്.
"നിങ്ങടെ അച്ഛനിങ്ങുവരട്ടെ, നല്ല തല്ലുവച്ചുതരും
നല്ല തല്ലുപോലും കൊള്ളാതെ തളര്‍ന്നുറങ്ങുന്ന കുട്ടികള്‍" എന്ന് 'ശാന്ത' എന്ന കവിതയില്‍ കടമ്മനിട്ട വരച്ചിടുന്നുണ്ട്. അമ്മയുടെ സ്നേഹത്തില്‍ മൃദുലതയും ആര്‍ദ്രതയും നിറയുമ്പോള്‍ അച്ഛന്റെ സ്നേഹത്തില്‍ കാര്‍ക്കശ്യം കൂടി അനുഭവപ്പെടാറുണ്ട്. സ്നേഹവാത്സല്യങ്ങളുടെയും സുരക്ഷിതത്ത്വത്തിന്റെയും ഭാഷയാണ് മാതൃഭാഷ എന്നിവിടെ വ്യാഖ്യാനിക്കാം.
"എന്റെ സ്ലെയ്റ്റില്‍ വിടര്‍ന്ന വടിവുറ്റ മഴവില്ല്
എന്റെ പുസ്തകത്താളില്‍ പെറ്റുപെരുകിയ മയില്‍പ്പീലി"
എന്ന വരികള്‍ വടിവൊത്ത അക്ഷരങ്ങളെയും വരകളെയും വര്‍ണ്ണങ്ങളെയും പ്രതിഫലിപ്പിക്കുന്നു. പുസ്തകത്താളില്‍ പെറ്റുപെരുകിയ മയില്‍പ്പീലി ബാല്യസങ്കല്പങ്ങളെയും സൗഹൃദത്തിന്റെ കൈമാറ്റങ്ങളേയും സൂചിപ്പിക്കുന്നു. മധുരച്ചവര്‍പ്പുറ്റ ഇലഞ്ഞിപ്പഴം സ്ക്കൂളിലേയ്ക്കുള്ള യാത്രകളെ സൂചിപ്പിക്കുന്നു. ഏതു ചവര്‍പ്പിനെയും മധുരമാക്കുന്ന രസതന്ത്രം ബാല്യത്തിന്റെ സവിശേഷതയാണ്. നാടന്‍ രുചികളും കാഴ്ചകളും ഗന്ധങ്ങളും അനുഭവിച്ച് സ്ക്കൂളിലേയ്ക്കുപോയിരുന്ന ഗ്രാമീണബാല്യചിത്രങ്ങള്‍ ഈ പ്രതീകങ്ങള്‍ വായനക്കാരിലെത്തിക്കും. .എന്‍.വി.യുടെ 'മോഹ'മെന്ന കവിതയും, നെല്ലിക്കയുടെ കയ്പും, പുളിപ്പും, മധുരവും നളിനിയുടെയും ദിവാകരന്റെയും, മജീദിന്റെയും സുഹറയുടെയും യാത്രകളും, ബാല്യകുതൂഹലങ്ങളും കുരീപ്പുഴയുടെ വിദ്യാലയാനുഭവങ്ങളുമൊക്കെ നമ്മുടെ മനസ്സിലേയ്ക്കെത്തിക്കാന്‍ ഈ കല്പനകള്‍ക്കാവുന്നുണ്ട്.
'നിരന്തരഖരഹരപ്രിയ' എന്ന വാക്ക് സംഗീതം പോലെ താനനുഭവിച്ച യാത്രകളെ പ്രതിനിധാനം ചെയ്യുന്നു. ഒരു ഗ്രാമമാണ് പണ്ട് ഓരോ കുട്ടിയെയും വളര്‍ത്തിയത്. പരസ്പരം കുശലം ചോദിച്ച് നടന്നു നീങ്ങുന്ന ഗ്രാമീണരുടെ സംസാരവൈവിദ്ധ്യങ്ങളും പ്രയോഗ സവിശേഷതകളും ശൈലികളും കുട്ടിയിലേയ്ക്ക് അവനറിയാതെ സ്വാംശീകരിക്കുകയായിരുന്നു. ദേശഭാഷയുടെ തനിമ സ്വാഭാവികതയോടെ നിറയുകയായിരുന്നു. സാധാരണക്കാരന്റെ ഭാഷയെക്കുറിച്ച് 'ഗാന്ധിയും കവിതയും' എന്ന കവിതയിലും സച്ചിദാനന്ദന്‍ സൂചിപ്പിക്കുന്നുണ്ട്.
'അമ്പത്തൊന്നു കമ്പികളുള്ള വീണ' എന്ന പ്രയോഗം അക്ഷരമാലയെ കുറിക്കുന്നതാണല്ലോ. സ്വരാക്ഷരങ്ങള്‍ ഉച്ചരിക്കുമ്പോഴുള്ള മൃദുലതയും വ്യഞ്ജനാക്ഷരങ്ങളുടെ കാഠിന്യവും തേനും ഇരുമ്പുമായി മാറുന്നു. (അക്ഷരമാലയുടെ എണ്ണത്തോട് 51 വെട്ടുകളേറ്റ ടി. പി. ചന്ദ്രശേഖരന്റെ ശരീരത്തെ ഉപമിച്ച കെ. ജി. ശങ്കരപ്പിള്ളയുടെ 'വെട്ടുവഴികള്‍' എന്ന കവിത അദ്ധ്യാപകര്‍ക്കു സ്മരിക്കാം.) അമ്പത്തൊന്നു കമ്പികളോട് അക്ഷരങ്ങളെ ഉപമിക്കുമ്പോള്‍ ഏതു ഭാവത്തെയും ഏതനുഭവങ്ങളെയും ഏതു ഗ്രന്ഥത്തെയും വ്യാഖ്യാനിക്കാനുതകുന്ന അക്ഷരങ്ങളുടെ ധാരാളിത്തമാണ് പ്രതിബിംബിക്കുന്നത്.
"ഞാറ്റുവേലയില്‍ നിന്ന് ഞാറ്റുവേലയിലേയ്ക്കു പോകുന്ന
കിളിപ്പാട്ടിന്റെ കുലുങ്ങുന്ന തൂക്കുപാലം" എന്ന വരികളില്‍ കാലാവസ്ഥയും കൃഷിയും എഴുത്തച്ഛനും കിളിപ്പാട്ടും ഒരുമിക്കുന്നു. സൂര്യന്‍ തിരുവാതിര നക്ഷത്രത്തില്‍ നില്‍ക്കുന്ന കാലമാണ് ഞാറുനടാന്‍ പറ്റിയ സമയമായി കണക്കാക്കുന്നത്. ഞാറ്റുവേലയും മഴക്കാലമാസങ്ങളും തമ്മിലും ബന്ധമുണ്ട്. കര്‍ക്കിടകമാസത്തിലെ രാമായണപാരായണത്തിലൂടെ കേരളീയ ഐക്യത്തെ ഊട്ടിയുറപ്പിക്കുകയാണ് ഭക്തിയുടെ തൂക്കുപാലത്തിലൂടെ എഴുത്തച്ഛന്‍ ചെയ്തത്. "കേരളീയ ജനങ്ങളെ ഐക്യപ്പെടുത്തുകയായിരുന്നു രാമായണവിവര്‍ത്തനത്തിലൂടെ എഴുത്തച്ഛന്‍ ചെയ്തതെ"ന്ന ഡോ. സുകുമാര്‍ അഴീക്കോടിന്റെ വാക്കുകള്‍ ഇവിടെ ശ്രദ്ധേയമാണ്. സംസ്കൃതഭാഷയില്‍ മലയാളിക്ക് അന്യമായിരുന്ന അദ്ധ്യാത്മരാമായണത്തെ ശുദ്ധമായ മണിപ്രവാളഭാഷയിലൂടെ മലയാളത്തിലേയ്ക്ക് കൈപിടിച്ചുനടത്തിയ എഴുത്തച്ഛന്‍ മലയാളഭാഷയുടെ സാദ്ധ്യതകളെ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളുകയായിരുന്നു. വിവിധദേശങ്ങളില്‍ നിന്നും ഭാഷകളില്‍ നിന്നും പദങ്ങള്‍ കൈക്കൊണ്ട് ഭാഷയെ നിലവാരപ്പെടുത്തുകയും ഒരേസമയം ലളിതവും ഗഹനവുമാക്കിത്തീര്‍ക്കുകയും ചെയ്തു. ഇതിഹാസങ്ങളെ ആവാഹിക്കാനുള്ള കഴിവ് മലയാളത്തിനുണ്ടെന്ന് അദ്ദേഹം തെളിയിച്ചുതന്നു. സ്വര്‍ഗ്ഗത്തിലേയ്ക്ക് ഗോപുരംപണിത് കയറാനൊരുങ്ങിയ ജനത്തെ ഭാഷകലക്കിക്കളഞ്ഞാണ് ദൈവം പിന്‍തിരിപ്പിച്ചതെന്ന ബൈബിള്‍ഭാഗം ഇവിടെ സ്മരിക്കാം. കാക്കനാടന്റെ 'ബാബേല്‍' എന്ന കഥയും ഇവിടെ അനുസ്മരിക്കാം. ഐക്യത്തെ ഊട്ടിയുറപ്പിക്കുന്നത് ഭാഷയാണ്.
"അറിവും ആടലോടകവും മണക്കുന്ന
പഴമൊഴികളുടെ നിറനിലാവ്" എന്ന വരികളില്‍ അമ്മൂമ്മവൈദ്യവും അടുക്കളവൈദ്യവും നാടന്‍ മരുന്നുകളും ഒപ്പം അനുഭവങ്ങളിലൂടെ സ്വാംശീകരിച്ചെടുത്ത പഴമൊഴികളുടെ ആര്‍ജ്ജവവും നിറയുന്നു. പഴമൊഴികള്‍ ഭാഷയുടെ തനിമയെയും ശക്തിയെയും സംസ്കാരത്തെയും ധ്വന്യാത്മകമായി സൂചിപ്പിക്കുന്നു. ഭാഷയുടെ പഴമ നിശ്ചയിക്കുന്നത് പഴഞ്ചൊല്ലുകളും ശൈലികളും കടംകഥകളും കൂടി വിശകലനം ചെയ്താണ്.
"പാമ്പിന്‍ മാളങ്ങള്‍ നിറഞ്ഞ കടങ്കഥകളുടെ
നൂണുപോകേണ്ട മൈലാഞ്ചിവഴികള്‍" എന്ന വരികളില്‍ കടങ്കഥകളുടെ ഉത്തരങ്ങള്‍ തേടാനുള്ള പ്രതിബന്ധങ്ങള്‍ സൂചിപ്പിക്കുന്നു. പാമ്പിന്‍മാളങ്ങളും മുള്ളുകള്‍ നിറഞ്ഞ മൈലാഞ്ചിക്കൂട്ടങ്ങളും ഉത്തരങ്ങളിലേയ്ക്കുള്ള യാത്രയിലെ പ്രതിസന്ധികളാണ്. ഭാഷയുടെ വ്യംഗ്യപ്രധാനതയും ഒപ്പം പ്രകൃതിവൈവിദ്ധ്യവും സൂക്ഷ്മതയോടെ, കൂര്‍മ്മബുദ്ധിയോടെ ഉള്‍ക്കൊള്ളുന്നവനുമാത്രമേ നൂണുപോയി ഉത്തരം കണ്ടെത്താന്‍ സാധിക്കൂ. സര്‍വ്വജീവജാലങ്ങളെയും കുറിച്ച് അവയുടെ സ്വഭാവസവിശേഷതകളെക്കുറിച്ച് അറിവ് പുലര്‍ത്തുമ്പോഴേ ഭാഷയുടെ വിശാലമായ സാദ്ധ്യതകള്‍ക്കൊപ്പം പ്രകൃതിയുടെ വൈവിദ്ധ്യപൂര്‍ണ്ണമായ സ്വഭാവസങ്കീര്‍ണ്ണതകളിലേയ്ക്കും നമുക്ക് സഞ്ചരിക്കാനാവൂ.
"സന്ധ്യകളില്‍ അഗ്നിവിശുദ്ധയായി കനകപ്രഭചൊരിഞ്ഞ എഴുത്തച്ഛന്റെ സീതാമാതാവ്" സീതായനവും രാമായണവും അനുഭവിപ്പിക്കുന്നു. രാമായണപാരായണം ഭക്തിക്കുമാത്രമല്ല അക്ഷരശുദ്ധിക്കും ആവശ്യമാണെന്ന് മലയാളിക്കറിയാം. അഗ്നിവിശുദ്ധ എന്ന വാക്ക് സീത അനുഭവിച്ച ദുഃഖഗാഥ മുഴുവന്‍ അനുഭവിപ്പിക്കാന്‍ പര്യാപ്തമാണ്. രാമായണപാരായണത്തിനായി സന്ധ്യാസമയത്ത് കൊളുത്തുന്ന നിലവിളക്കിന്റെ അഗ്നിവിശുദ്ധിക്കപ്പുറം സീതാദേവിയുടെ അഗ്നിപ്രവേശവും ചാരിത്രശുദ്ധിയും ഇവിടെ സമന്വയിക്കുന്നു. സീതാദുഃഖം പകര്‍ന്നുതരാനുള്ള ആര്‍ദ്രമായ ഭാഷയും മലയാളത്തിനു സ്വന്തമെന്ന് കവി ഇവിടെ അടിവരയിടുന്നു.
"പച്ചയും കിരീടവുമണിഞ്ഞ് അരമണിയും ചിലമ്പും കിലുക്കി
ഞങ്ങള്‍ നേടിയ വാടാത്ത കല്യാണസൗഗന്ധികം" എന്ന വരികള്‍ സാമൂഹ്യപരിഷ്കര്‍ത്താവും ഓട്ടന്‍തുള്ളലിന്റെ ഉപജ്ഞാതാവുമായ കുഞ്ചന്‍നമ്പ്യാരെ സൂചിപ്പിക്കുന്നു. "ഒരുത്തന്നും ലഘുത്വത്തെ വരുത്താനും മോഹമില്ല, ഒരുത്തന്നും ഹിതമായി പറവാനും ഭാവമില്ല" എന്ന് പ്രസ്താവിച്ചുകൊണ്ട് ചടുലമായ ഭാഷയില്‍ സാമൂഹ്യവിമര്‍ശനം നടത്താന്‍ കഴിഞ്ഞത് മാതൃഭാഷയിലൂടെയാണെന്നത് ഭാഷയുടെ വിമര്‍ശനപ്രധാനതയെ സൂചിപ്പിക്കുന്നു. ദ്രൗപദിയുടെ ആഗ്രഹങ്ങളെയും ഭീമന്റെ യാത്രകളെയും ഹനുമാന്റെ നിസ്സംഗതയെയും കല്യാണസൗഗന്ധികം ഓര്‍മ്മിപ്പിക്കുന്നു. ഒപ്പം ചാക്യാരുടെ പരിഹാസവും നമ്പ്യാരുടെ ആര്‍ജ്ജവവും മനസ്സിലെത്തുന്നു. കേരളത്തെ കലാകേരളമാക്കി മാറ്റിയതില്‍ 'വാടാത്ത കല്യാണസൗഗന്ധിക'ത്തിനും തുള്ളല്‍വേഷങ്ങള്‍ക്കും സ്ഥാനമുണ്ടെന്നും ഇവിടെ വ്യാഖ്യാനിക്കാം.
"ഉത്സവപ്പിറ്റേന്നത്തെ പുലരിമയക്കത്തില്‍
ചേങ്കിലമുഴക്കത്തോടൊപ്പം കാതുകളില്‍ പൂത്തുനിന്ന
സാമ്യമകന്നോരുദ്യാനം" കേരളത്തിലെ ഉത്സവങ്ങളെയും അതിനോടനുബന്ധിച്ച് പുലരും വരെ നടത്തിയിരുന്ന കഥകളിയരങ്ങുകളെയും സൂചിപ്പിക്കുന്നു. നളചരിതത്തിലെ ഉദ്യാനവര്‍ണ്ണനകളും ഹംസത്തിന്റെ രംഗപ്രവേശവും ദമയന്തിയും തോഴിമാരും ചേര്‍ന്നു പകര്‍ന്നുതരുന്ന ദൃശ്യശ്രവ്യാനുഭവങ്ങളും നേരം പുലര്‍ന്നുകഴിഞ്ഞിട്ടും കാതുകളില്‍ പ്രതിധ്വനിച്ചുനില്‍ക്കുന്നത് ഇവിടെ വ്യക്തമാകുന്നു. പൂത്തുനില്‍ക്കുന്ന ഉദ്യാനമെന്ന കല്പന കഥകളി വേഷങ്ങളുടെ വര്‍ണ്ണവൈവിദ്ധ്യവും തനിമയും കൈരളിക്കുമാത്രം സ്വന്തമായ കഥകളിസംസ്കാരത്തിന്റെ പെരുമയെയും സൂചിപ്പിക്കുന്നു. നമ്മുടെ മലയാളം സംസ്കാരത്തിന്റെ പ്രതീകമായി പരിണമിക്കുന്നു.
"ക്ഷീരസാഗരശയനന്റെ നാഭിയില്‍ മുളയെടുത്ത
സ്വാതിയുടെ സംഗീതസരോരുഹം" എന്ന വരികളില്‍ സാക്ഷാല്‍ അനന്തപദ്മനാഭനും സ്വാതിതിരുനാളും സംഗീതവും അലയടിക്കുന്നു. സ്വാതിയുടെ സംഗീതസദസ്സിലെ ഇരയിമ്മന്‍തമ്പിയും ഷഡ്കാലഗോവിന്ദമാരാരും മുത്തുസ്വാമി ദീക്ഷിതരും ത്യാഗരാജനും വടിവേലുവും പൊന്നയ്യയും ചിന്നയ്യയും ശിവാനന്ദനും തുടങ്ങി നിരവധി അമാനുഷികരെയും നമുക്ക് സ്മരിക്കാം. സംഗീതത്തിന്റെ മാസ്മരികത ഇതര ഭാഷകളുടെ സമന്വയത്തിലൂടെ നമ്മുടെ ഭാഷയെയും സംഗീതത്തെയും സമ്പന്നമാക്കുന്നതാണെന്ന് സ്വാതിയുടെ സംഗീത സരോരുഹം ഓര്‍മ്മിപ്പിക്കുന്നു.
"ആലിന്‍ചോട്ടിലെ എണ്ണമറ്റമേളത്തിരകളില്‍
ആലിലയില്‍ പൊന്തിക്കിടന്ന ചൈതന്യം" എന്ന വരികള്‍ ഉത്സവമേളങ്ങളും ക്ഷേത്രപരിസരങ്ങളും ആലിലകൃഷ്ണനും ഓര്‍മ്മയിലെത്തിക്കുന്നു. ക്ഷേത്രങ്ങളും ഉത്സവങ്ങളുമില്ലാത്ത കേരളീയപ്രകൃതി നമുക്ക് അചിന്തനീയമാണല്ലോ.
"സോളമന്റെ താഴ്വരയിലെ ഹംസശുഭ്രയായ ലില്ലി
മോശയ്ക്കൊപ്പം പ്രവചിച്ചവള്‍
ദാവീദിനോടൊത്ത്
കാളക്കൂറ്റന്മാരുടെ കൊമ്പില്‍ നിന്നു കരഞ്ഞവള്‍
പുറപ്പെട്ടവള്‍, ക്രൂശിക്കപ്പെട്ടവള്‍, ഉയിര്‍ത്തെഴുന്നേറ്റവള്‍
മലയാളം" എന്ന വരികള്‍ ബൈബിള്‍ കഥാപാത്രങ്ങളേയും സംഭവങ്ങളേയും സൂചിപ്പിക്കുന്നതിനൊപ്പം ബൈബിള്‍ വിവര്‍ത്തനത്തിനനുയോജ്യമായ ഭാഷയാണ് മലയാളമെന്ന് കണ്ടെത്തുകയും ചെയ്യുന്നു.
സോളമന്റെ ഉത്തമഗീതവും ദാവീദിന്റെ സങ്കീര്‍ത്തനവും മോശയുടെ ന്യായപ്രമാണവും ബൈബിളിലെ മൂന്നു പാഠങ്ങളാണ്. സോളമന്റെ താഴ്വരയിലെ ഹംസശുഭ്രയായ ലില്ലി സോളമന്റെ ഉത്തമഗീതത്തെ സൂചിപ്പിക്കുന്നു. പഴയനിയമത്തിലെ ഉത്തമഗീതം ബൈബിളിലെ ഏറ്റവും കാവ്യാത്മകവും കാല്പനികവിശുദ്ധിനിറഞ്ഞതുമായ ഭാഗമാണ്. 'Song of Song' എന്ന പേരില്‍ ശ്രീ അയ്യപ്പപ്പണിക്കര്‍ ഉത്തമഗീതം വിവര്‍ത്തനംചെയ്തിട്ടുണ്ട്. ഉത്തമഗീതത്തിലെ കാല്പനികസുന്ദരമായ വരികള്‍ ദൈവവും അനുയായികളും തമ്മിലുള്ള ബന്ധത്തെയാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് വ്യാഖ്യാനങ്ങള്‍ പറയുന്നു. ഉത്തമഗീതത്തിലെ ലില്ലിപ്പുഷ്പത്തെപ്പോലെ സുന്ദരമായ ഭാഷയെപ്പോലും കാവ്യഭംഗി ചോര്‍ന്നുപോകാതെ വിവര്‍ത്തനം ചെയ്യാനുള്ള പദസംഘാതം മലയാളത്തിനുണ്ട് എന്നാണിവിടെ വിവക്ഷ.
"മോശയ്ക്കൊപ്പം പ്രവചിച്ചവള്‍" എന്ന വരികള്‍ ദൈവവും മോശയും തമ്മില്‍ സംസാരിച്ച വചനങ്ങളെ ജനങ്ങളിലേയ്ക്കെത്തിക്കാന്‍ കഴിഞ്ഞ ഭാഷയുടെ ഗഹനതയെ സൂചിപ്പിക്കുന്നു. പത്ത് കല്പനകളടങ്ങിയ ന്യായപ്രമാണം മോശയ്ക്കാണ് ദൈവം അരുള്‍ചെയ്തത്. മോശയും ദൈവവും തമ്മിലുണ്ടായ അരുളപ്പാടിന്റെ ഭാഷയും മലയാളത്തിനുള്‍ക്കൊള്ളാന്‍ കഴിഞ്ഞുവെന്ന് വ്യംഗ്യം.
ദാവീദിന്റെ സങ്കീര്‍ത്തനത്തിലെ സ്തുതിഗീതങ്ങളുടെ ഭാഷയും വിവര്‍ത്തനത്തിലൂടെ നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായിമാറി. സുന്ദരവും പ്രധാനവുമായ ബൈബിള്‍ഭാഗങ്ങള്‍ അര്‍ത്ഥവും ഭാവവും ചോര്‍ന്നുപോകാതെ വിവര്‍ത്തനം ചെയ്യാനുള്ള പദസമ്പത്ത് മലയാളഭാഷയിലുണ്ട് എന്ന് ബൈബിള്‍ വിവര്‍ത്തനം തെളിയിക്കുന്നു.
"ഏതൊരുവേദവുമേതൊരുശാസ്ത്രവു-
മേതൊരുകാവ്യവുമേതൊരാള്‍ക്കും
ഹൃത്തില്‍ പതിയേണമെങ്കില്‍ സ്വഭാഷതന്‍
വക് ത്രത്തില്‍ നിന്നുതാന്‍ കേള്‍ക്കവേണം.”
(എന്റെ ഭാഷ – വള്ളത്തോള്‍)
എന്ന വരികളും ഇവിടെ സ്മരിക്കാം. ക്രിസ്തുമതത്തെ ലോകവ്യാപകമാക്കിമാറ്റാന്‍ മലയാളം വഹിച്ച പങ്ക് നിസ്തുലമാണ്. മിഷണറിമലയാളത്തിലൂടെ അച്ചടിയിലൂടെ നമ്മുടെ ഭാഷ കടല്‍കടന്നതും ഇവിടെ ഓര്‍ക്കാം. നീതിപ്പൊരുളും ഉപനിഷത്തും സ്വകീയരെ പാടിക്കേള്‍പ്പിച്ച കൈരളി ബൈബിള്‍ വചനങ്ങളും അരുളപ്പാടുകളും സങ്കീര്‍ത്തനങ്ങളും മലയാളത്തിലൂടെ അവതരിപ്പിച്ചു.
"പുറപ്പെട്ടവള്‍, ക്രൂശിക്കപ്പെട്ടവള്‍, ഉയര്‍ത്തെഴുന്നേറ്റവള്‍ മലയാളം" എന്ന വരികള്‍ ഭാഷയെ ക്രിസ്തുവിന്റെ പീഡാനുഭവങ്ങളോട് ബന്ധപ്പെടുത്തുന്നു. സഹനത്തിന്റെയും അതിജീവനത്തിന്റെയും പ്രതീകമായി ഭാഷ മാറുന്നു. ആര്യാധിനിവേശത്തിന്റെ ഭാഗമായി ഭാഷയിലുണ്ടായ കടന്നുകയറ്റവും സംസ്കൃതത്തിന്റെയും തമിഴിന്റെയും അതിപ്രസരത്തില്‍ നിന്നും ഭാഷയ്ക്കുണ്ടായ ഉയിര്‍ത്തെഴുന്നേല്‍പ്പും ഇവിടെ ചേര്‍ത്തുവായിക്കാം. ബൈബിള്‍ ഭാഷയുടെ ലാവണ്യവിശുദ്ധിയും ഒപ്പം ബൈബിള്‍ സംസ്കാരവും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞുവെന്നത് ഭാഷയുടെയും സംസ്കാരത്തിന്റെയും സമന്വയത്തെ സൂചിപ്പിക്കുന്നു.
പിന്നീടുവരുന്ന ഖണ്ഡത്തില്‍ ചെറുശ്ശേരിയും പൂന്താനവും വള്ളത്തോളും പിയും ജിയും ഇടപ്പള്ളിക്കവികളും വൈലോപ്പിള്ളിയും ഇടശ്ശേരിയുമൊക്കെ കടന്നുവരുന്നുണ്ട്.
"എവിടെയായിരുന്നു നിന്റെ പിറവി?
ആദിമനുഷ്യന്റെ ആംഗ്യങ്ങളിലും വരകളിലും നിന്ന്
ആദ്യത്തെ ഭാഷയോടൊപ്പം
നീയും വനാന്തരങ്ങളിലുദിച്ചുയര്‍ന്നുവോ?” എന്ന് ഭാഷയുടെ ഉദ്ഭവത്തെക്കുറിച്ച് കവി തുടരുന്നുണ്ട്.
"പേരാറും പെരിയാറും നിന്റെ ശബ്ദങ്ങളെ
ഊട്ടിയുരുട്ടിയെടുത്തുവോ?
ഏലത്തിന്റെയും ഇലവര്‍ഗത്തിന്റെയും സുഗന്ധം സഹിക്കാനാകാതെ
കടല്‍ കടന്നെത്തിയ ഓരോ വിദേശിയും
സുഗന്ധികള്‍ക്കുപകരം നിന്റെ ഖജനാവില്‍
വാക്കുകളുടെ തങ്കനാണയങ്ങള്‍ നിക്ഷേപിച്ചുവോ?
വട്ടെഴുത്തിന്റെ താഴികക്കുടങ്ങളിലും
കോലെഴുത്തിന്റെ കനകഗോപുരങ്ങളിലും
സൂര്യനെപ്പോലെ നീ വെട്ടിത്തിളങ്ങിയോ?
ഗെയ്ഥേയുടെ നാട്ടില്‍ നിന്നെത്തിയ ഒരു പാതിരിക്ക്
നിന്റെ തപസ്സിളക്കുന്ന സൗന്ദര്യം
ഉറക്കമില്ലാത്ത രാത്രികള്‍ നല്‍കിയോ?”
എന്നിങ്ങനെ ഭാഷയുടെ ചരിത്രവും ദേശത്തിന്റെ ചരിത്രവും കവിതയില്‍ സമന്വയിക്കുന്നതുകാണാം. ഓരോ യാത്രയിലും തന്റെ പ്രതിച്ഛായയായും അപരചേതനയായും മലയാളമുണ്ടായിരുന്നുവെന്ന് വിശ്വസിക്കുന്ന സച്ചിദാനന്ദന്‍ തന്റെ സ്വത്വനിര്‍മ്മിതിയായി ഭാഷയെ കണ്ടെത്തുന്നു.
കവിതയുടെ അവസാനഖണ്ഡത്തില്‍
"നീയാണെന്റെ ആകാശം; എന്റെ കാഴ്ചയുടെ ചക്രവാളം
നീയാണെന്റെ ജലം; എന്റെ രുചിയുടെ ധ്രുവസീമ
എന്റെ ഭൂമി, എന്റെ സ്പര്‍ശത്തിന്റെ മഹാമൂര്‍ച്ഛ
എന്റെ വായു, എന്റെ ഘ്രാണത്തിന്റെ ചുറ്റളവ്
നീയാണെന്റെ അഗ്നി, എന്റെ കേള്‍വിയുടെ തരംഗദൈര്‍ഘ്യം
ഒടുവില്‍ ഞാനഴിഞ്ഞുതീരുമ്പോള്‍
എന്റെ പഞ്ചഭൂതങ്ങളും നിന്നിലേയ്ക്കു തിരിച്ചുവരുന്നു
എന്റെ വീട് എന്റെ അഭയം, അവസാനത്തെ താവളം
എന്റെ സാദ്ധ്യതയുടെ അറ്റം, എന്റെ വാഗ്ദത്തഭൂമി
എന്നും ജീവിച്ചിരിക്കുന്ന അമ്മ
മരണാനന്തര ജീവിതം
ജീവിതം"
എന്നിങ്ങനെ ഭാഷയിലേയ്ക്ക് ലയിക്കുന്ന കവിയുടെ ജീവിതം ചിത്രീകരിക്കുന്നുണ്ട്. ഇവിടെ അമ്മയും ഭാഷയും ഭൂമിയും ഒന്നുതന്നെയെന്ന വീക്ഷണം ഊട്ടിയുറപ്പിക്കുകയാണ്.
മലയാളമെന്നാല്‍ മലയാളനാടെന്നും അര്‍ത്ഥം. ഭാഷയും ദേശവും തമ്മിലുള്ള ഐക്യം ഭാഷയും സംസ്കാരവും തമ്മിലുള്ള ഇഴയടുപ്പമാണ്. മലയാളം കേവലം ഭാഷയെന്നതിലുപരി സ്വത്വനിര്‍മ്മിതിയും സാംസ്കാരികത്തനിമയും പ്രകൃതിബോധവും ഉള്‍ച്ചേര്‍ന്ന മഹാമാനുഷികതയാണെന്ന തിരിച്ചറിവിലേയ്ക്കാണ് സച്ചിദാനന്ദന്‍ നമ്മെ നയിക്കുന്നത്.


-ഡോ. ഷംല യു.
.ജെ.ജോണ്‍ മെമ്മോറിയല്‍
ഗവ. ഹയര്‍സെക്കന്ററി സ്ക്കൂള്‍
തലയോലപ്പറമ്പ്.



21 comments:

Azeez . said...

നല്ല അസ്സലായിരിക്കുന്നു.ഒരു കവിതയ്ക്ക് ഇത്രമാത്രം വ്യാഖ്യാനസാദ്ധ്യതകളുണ്ടായിരുന്നുവോ!തിരുമേനിയുടെ ചോദ്യത്തിന് മറുപടിയായി ഒരു വിശകലനക്കുറിപ്പ് വരുന്നുവെന്ന് ചേനപ്പാടിക്കെഴുതിയ കമന്‍റില്‍ നിന്നും മനസ്സിലായിരുന്നു. പക്ഷേ ഇത്ര ഗംഭീരമായിരിക്കുമെന്നോ൪ത്തില്ല.ഇത് വിശകലനം മാത്രമല്ല,ഒട്ടനവധി മറ്റു കവിതാസൂചനകളിലൂടെ നല്ലൊരു റെഫറന്‍സ് കൂടിയാണ്.ടിപിയുടെ അമ്പത്തൊന്നു വെട്ടുവരെ കവിതയായി സൂചിപ്പിച്ചു.വളരെ വളരെ നല്ല പഠനം.

നമ്മുടെ പൊന്നു മലയാളത്തിനെ ഒന്നു നന്നായി പ്രണയിക്കുവാന്‍ കൊതി തോന്നിപ്പോകുന്നു. ഒരു കുഞ്ഞായി അമ്മയുടെ വയറ്റിലേക്കൊന്നുകൂടി കയറുവാന്‍ കൊതി.മാതൃഭാഷ നഷ്ടപ്പെട്ട എന്‍റുണ്ണികളൊക്കെ പാഴ്വസ്തുവായി എവിടെയൊക്കെയോ അലഞ്ഞുതിരിയുന്നു.

വെളുത്തുള്ളിയുമുലുവയുമൊക്കെ പൊള്ളലായും കശപ്പായും ഞാനും അനുഭവിക്കുന്നു.സകല ഇലകളും പറിച്ചിട്ട് ചെമ്പുകലത്തില്‍ നാല്‍പത് വേത് തിളക്കുന്നതും ഞാന്‍ കാണുന്നു.

നല്ല കവിത.മലയാളത്തിന്‍റെ അസ്സല്‍ മണം.

കേരളത്തിലെ നിത്യജീവിതവുമായി മലയാളത്തെ എല്ലാ തരത്തിലും ഈ കവിതയില്‍ ചേ൪ത്തുപറഞ്ഞിട്ടുണ്ട്.കേരളത്തിലെ ഉല്‍സവങ്ങള്‍,രാമായണ‌ പാരായണം, തുള്ളല്‍ കഥകള്‍ അങ്ങിനെ എത്രയോ സൂചനകള്‍ ഇതിലുണ്ട്.മോശയുടെ പ്രവചനങ്ങള്‍ അതേരൂപത്തില്‍ മലയാളിക്കു മലയാളത്തിലൂടെ കിട്ടിയെന്ന് സൂചനയുണ്ട്.ദാവീദിന്‍റെ സ‍ങ്കീ൪ത്തനം കിട്ടി.ക്രൂശിക്കപ്പെട്ടവള്‍, പുറപ്പെട്ടവള്‍ തുടങ്ങിയ ഒട്ടനവധി സൂചനകള്‍ കണ്ടു.മിഷനറിമാരിലൂടെ മലയാളം പോഷിക്കപ്പെട്ടതുമൊക്കെ മനസ്സിലായി.

ഇനി ഒരു വ൪ഗ്ഗീയതയെഴുതട്ടെ . എന്തേ ഞമ്മയ്ക്കൊന്നും തന്നില്ലല്ലോ.ഞമ്മട സംഭാവന മലയാളത്തിനൊന്നുമില്ലേ. ഇനിയെങ്കിലും മലയാളം പഠിക്കൂവെന്ന് ഞമ്മളോട് ഈ കവിതയില്‍ ഒരു സൂചനയുണ്ടോ.

ചിലതെങ്കിലും ഉണ്ടല്ലോ. അറേബ്യയില്‍ നടന്ന എത്രയോ കിസ്സകള്‍, ബദ൪ പാട്ടുകള്‍,നഫീസത്തുമാല, രിഫായിമാലകള്‍, എത്രയോമാപ്പിളപ്പാട്ടുകള്‍, മലയാളംപേ൪ഷ്യ‌ന്‍ ഗസലുകള്‍,
മയിലാഞ്ചിപ്പാട്ടുകള്‍,ഒപ്പനപ്പാട്ടുകള്‍,സ്വന്തമായ ഒരു ഭാഷയെന്ന അറബിമലയാളം, അക്ഷരമാലകള്‍, മലയാളഭാഷയിലുള്ള നൂറുനൂറ് അറബി പ്രയോഗങ്ങള്‍....

ഇതും മലയാളത്തിനു കിട്ടിയ സമ്പത്തല്ലേ. എന്തേ ഇത് തമസ്ക്കരിച്ചത്?കവി സച്ചിദാനന്ദന്‍ ഇതെന്തേ വിട്ടുകളഞ്ഞത്?

Azeez . said...

നല്ല അസ്സലായിരിക്കുന്നു.ഒരു കവിതയ്ക്ക് ഇത്രമാത്രം വ്യാഖ്യാനസാദ്ധ്യതകളുണ്ടായിരുന്നുവോ!തിരുമേനിയുടെ ചോദ്യത്തിന് മറുപടിയായി ഒരു വിശകലനക്കുറിപ്പ് വരുന്നുവെന്ന് ചേനപ്പാടിക്കെഴുതിയ കമന്‍റില്‍ നിന്നും മനസ്സിലായിരുന്നു. പക്ഷേ ഇത്ര ഗംഭീരമായിരിക്കുമെന്നോ൪ത്തില്ല.ഇത് വിശകലനം മാത്രമല്ല,ഒട്ടനവധി മറ്റു കവിതാസൂചനകളിലൂടെ നല്ലൊരു റെഫറന്‍സ് കൂടിയാണ്.ടിപിയുടെ അമ്പത്തൊന്നു വെട്ടുവരെ കവിതയായി സൂചിപ്പിച്ചു.വളരെ വളരെ നല്ല പഠനം.

നമ്മുടെ പൊന്നു മലയാളത്തിനെ ഒന്നു നന്നായി പ്രണയിക്കുവാന്‍ കൊതി തോന്നിപ്പോകുന്നു. ഒരു കുഞ്ഞായി അമ്മയുടെ വയറ്റിലേക്കൊന്നുകൂടി കയറുവാന്‍ കൊതി.മാതൃഭാഷ നഷ്ടപ്പെട്ട എന്‍റുണ്ണികളൊക്കെ പാഴ്വസ്തുവായി എവിടെയൊക്കെയോ അലഞ്ഞുതിരിയുന്നു.

വെളുത്തുള്ളിയുമുലുവയുമൊക്കെ പൊള്ളലായും കശപ്പായും ഞാനും അനുഭവിക്കുന്നു.സകല ഇലകളും പറിച്ചിട്ട് ചെമ്പുകലത്തില്‍ നാല്‍പത് വേത് തിളക്കുന്നതും ഞാന്‍ കാണുന്നു.

നല്ല കവിത.മലയാളത്തിന്‍റെ അസ്സല്‍ മണം.

കേരളത്തിലെ നിത്യജീവിതവുമായി മലയാളത്തെ എല്ലാ തരത്തിലും ഈ കവിതയില്‍ ചേ൪ത്തുപറഞ്ഞിട്ടുണ്ട്.കേരളത്തിലെ ഉല്‍സവങ്ങള്‍,രാമായണ‌ പാരായണം, തുള്ളല്‍ കഥകള്‍ അങ്ങിനെ എത്രയോ സൂചനകള്‍ ഇതിലുണ്ട്.മോശയുടെ പ്രവചനങ്ങള്‍ അതേരൂപത്തില്‍ മലയാളിക്കു മലയാളത്തിലൂടെ കിട്ടിയെന്ന് സൂചനയുണ്ട്.ദാവീദിന്‍റെ സ‍ങ്കീ൪ത്തനം കിട്ടി.ക്രൂശിക്കപ്പെട്ടവള്‍, പുറപ്പെട്ടവള്‍ തുടങ്ങിയ ഒട്ടനവധി സൂചനകള്‍ കണ്ടു.മിഷനറിമാരിലൂടെ മലയാളം പോഷിക്കപ്പെട്ടതുമൊക്കെ മനസ്സിലായി.

ഇനി ഒരു വ൪ഗ്ഗീയതയെഴുതട്ടെ . എന്തേ ഞമ്മയ്ക്കൊന്നും തന്നില്ലല്ലോ.ഞമ്മട സംഭാവന മലയാളത്തിനൊന്നുമില്ലേ. ഇനിയെങ്കിലും മലയാളം പഠിക്കൂവെന്ന് ഞമ്മളോട് ഈ കവിതയില്‍ ഒരു സൂചനയുണ്ടോ.

ചിലതെങ്കിലും ഉണ്ടല്ലോ. അറേബ്യയില്‍ നടന്ന എത്രയോ കിസ്സകള്‍, ബദ൪ പാട്ടുകള്‍,നഫീസത്തുമാല, രിഫായിമാലകള്‍, എത്രയോമാപ്പിളപ്പാട്ടുകള്‍, മലയാളംപേ൪ഷ്യ‌ന്‍ ഗസലുകള്‍,
മയിലാഞ്ചിപ്പാട്ടുകള്‍,ഒപ്പനപ്പാട്ടുകള്‍,സ്വന്തമായ ഒരു ഭാഷയെന്ന അറബിമലയാളം, അക്ഷരമാലകള്‍, മലയാളഭാഷയിലുള്ള നൂറുനൂറ് അറബി പ്രയോഗങ്ങള്‍....

ഇതും മലയാളത്തിനു കിട്ടിയ സമ്പത്തല്ലേ. എന്തേ ഇത് തമസ്ക്കരിച്ചത്?കവി സച്ചിദാനന്ദന്‍ ഇതെന്തേ വിട്ടുകളഞ്ഞത്?

shamla said...

കെസ്സുപാട്ടുകളെക്കുറിച്ച് ഈ കവിതയുടെ മൂന്നാം ഖണ്ഡത്തില്‍ സച്ചിദാനന്ദന്‍ സൂചിപ്പിക്കുന്നുണ്ട്.

" ആയിരത്തൊന്നു രാവുകള്‍ കഥ പറഞ്ഞ്
നീ മൃതിയെ അതിജീവിച്ച്സന്തതികളെ നേടിയോ?
കുറവക്കുടിയും പുലയ ത്തറയും നാലുകെട്ടും കോവിലകവും
കുന്തിരിക്കം പുകയുന്ന കൊവേന്തയും
കെസ്സുപാട്ടു മുഴങ്ങുന്ന മരയ്ക്കാന്കുടിയും ഒരൊറ്റ വീടെന്നപോലെ
നിന്നെ താലോലിചൂട്ടിയുനര്‍ത്തിയോ?

ജാതിക്കും മതത്തിനും അതീതമായ ഭാഷയുടെയും ജനങ്ങളുടെയും ഒരുമയെയാണ് ഇവിടെ സൂചിപ്പിക്കുന്നത്. വേര്‍തിരിവുകളില്ലാതെ ഭാഷയുടെ
ദേശ ഭേതങ്ങളെ സൌന്ദര്യമായി കണ്ടുകൊണ്ടുള്ള ഒരുമ തന്നെയാണ് ഭാഷയെ വളര്‍ത്തിയതെന്ന് വിവക്ഷ. അച്ചടിയുടെ കണ്ടുപിടുത്തവും മാധ്യമങ്ങളുടെ പ്രചാരണവും കൊണ്ടാണല്ലോ
നാം നിലവാരമുള്ളതെന്ന് വിശ്വസിക്കുന്ന ഭാഷ പ്രയോഗത്തിലെത്തിയത്. സത്യത്തില്‍ കോഴിക്കോടന്‍ ഭാഷയുടെയും തിരോന്തോരന്‍ ഭാഷയുടെയും ഒക്കെ വൈവിധ്യങ്ങള്‍ ചേരുമ്പോഴല്ലേ
ഭാഷ ആസ്വാദ്യകരമായ അനുഭവമായി തീരുക? ഭാഷയെ താലോലിച്ചു വളര്‍ത്തുകയും ഉണര്‍ത്തുകയും ചെയ്തതില്‍ തീര്‍ച്ചയായും കെസ്സുപാട്ടുകളിലെ അറബി മലയാളത്തിനും പങ്കുണ്ട്.

sathiram said...
This comment has been removed by the author.
sathiram said...

വളരെ നല്ല ഒരു ലേഖനം. അഭിനന്ദനങ്ങള്‍
ക്ളാസ്സില്‍ കുട്ടികള്‍ക്ക് ഏറെ പ്രയോജനകരമായ ഒന്ന്.

ജാതവേദന്‍ നമ്പൂതിരി said...

ഹായ്,ഈ ഹല്‍വ ഞാന്‍ ആസ്വദിച്ച് കഴിച്ചൂട്ടോ..എന്നുമാത്രമല്ല എന്റെ പിള്ളേര്‍ക്ക് ആവശ്യത്തിന് വിളമ്പിക്കൊടുക്കുകയും ചെയ്യും.ഒറപ്പ്..ഈ ഡോക്ടറൊരു ഡോക്ടറു തന്നെയാണേ..ന്റെ ഏനക്കേടു മാറ്റിയല്ലോ..ഒരൊന്നാന്തരം നന്ദി തരുന്നൂട്ടോ..

Azeez . said...

താങ്ക്യു താങ്ക്യൂ സൂ സോ മ..ച് എന്ന ഞാന്‍ കേട്ടുശീലിച്ച ജഡവാക്കില്‍ നിന്നും വിഭിന്നമായി
"...ന്റെ ഏനക്കേടു മാറ്റിയല്ലോ..ഒരൊന്നാന്തരം നന്ദി തരുന്നൂട്ടോ.." എന്നെഴുതിയ തിരുമനസ്സേ, പരിശുദ്ധമായ ഹൃദയത്തില്‍ നിന്നേ ഇത്ര നി൪മ്മലമായ വാക്കുകള്‍ പുറത്തുവരൂ എന്ന വേദവാക്യം താങ്കള്‍ എന്നെ പഠിപ്പിക്കുന്നു.

Anitha Sarath said...

priyappetta shamla...aathmaavil verodippadarnnu ee kavithaa padanam.

Anitha Sarath said...

priyappetta shamla...aathmaavil verodippadarnnu ee kavithaa padanam.

Anitha Sarath said...

priyappetta shamla...aathmaavil verodippadarnnu ee kavithaa padanam.

GOVERNMENT H.S.S.SADANANDAPURAM said...

പി.യുടെ തൊട്ടു പിറകേ സച്ചിദാനന്ദനും!
സത്യമായിട്ടും ഷംല ടീച്ചര്‍ ഞെട്ടിച്ചു കളഞ്ഞു.
കൈലാസം കേറുമ്പോലെ എത്രയോ ദുഷ്കരമാണു്
'സൗദ്നര്യപൂജ'കയറിയിറങ്ങുവാന്‍?
അതിനു ശേഷം മറ്റൊരു ഭഗീരഥപ്രയത്നവുംകൂടി-?
വിദ്യാരംഗത്തിന്റെ വായനക്കാര്‍ ധന്യരായി.
കഴിഞ്ഞതവണത്തെ പുസ്തകത്തിലും
ഭാഷയും കവിതയുമായും ബന്ധപ്പെട്ട ഒരു
കവിതയായിരുന്നു (ഗാന്ധിയും കവിതയും)
പത്തിലെ കുട്ടികള്‍ക്കുവേണ്ടി വച്ചിരുന്നതു്.
മലയാളത്തെ മാറോടടുക്കിപ്പിടിച്ചുകൊണ്ടു്
പത്തിലെ കുട്ടികള്‍ സ്കൂളിന്റെ പടിയിറങ്ങുമ്പോള്‍
അവര്‍ സച്ചിദാനന്ദനെ എന്നെന്നും ഓര്‍മ്മിക്കും.
കവിതയുടെ നക്ഷത്രദീപ്തി കാട്ടിത്തന്ന ടീച്ചറിനു്
വളരെ വളരെ നന്ദി....

ജോസ് ഫിലിപ്പ്. said...

'മലയാളം' പോലൊരു കവിത എങ്ങനെയാണ് വായിക്കേണ്ടതെന്ന് എത്ര അനായാസമായാണ് ഷംല ടീച്ചര്‍ പറഞ്ഞുതന്നത്.! ടീച്ചറിന്റെ ഭാഷയും അവതരണരീതിയും ഗംഭീരം.! ബുദ്ധിജീവി ജാടയില്ലാത്ത ടീച്ചറുടെ വാക്കുകള്‍ ഞങ്ങളെപ്പോലുള്ള സാധാരണക്കാരായ മലയാളാദ്ധ്യാപകര്‍ക്കു നല്‍കുന്ന ആശ്വാസവും സന്തോഷവും പറഞ്ഞറിയിക്കാനാവില്ല.
അഭിനന്ദനങ്ങള്‍.
ചെറിയൊരു കൂട്ടിച്ചേര്‍ക്കല്‍ കൂടി....
'കാളക്കൂറ്റന്മാരുടെ കൊമ്പില്‍നിന്നു കരഞ്ഞവള്‍' എന്ന പ്രയോഗം അല്പം വിശദീകരണമര്‍ഹിക്കുന്നുണ്ടെന്നു തോന്നുന്നു. കാളയെ കരുത്തിന്റെ പ്രതീകമായാണല്ലോ പാശ്ചാത്യലോകം കണക്കാക്കുന്നത്. താനോ തന്റെ പൂര്‍വ്വികരോ കീഴ്പെടുത്തിയ കാളയുടെ ശിരസ്സ് വീടിന്റെ സ്വീകരണമുറിയിലോ ഉമ്മറത്തോ അഭിമാനത്തോടെ പ്രദര്‍ശിപ്പിക്കുന്ന രീതി ഇപ്പൊഴും അവിടെയുണ്ട്.അതുപോലെ
കാളക്കൊമ്പില്‍ നിറച്ച തേന്‍ ശിരസ്സിലൊഴിച്ചുകൊണ്ടാണ് പാശ്ചാത്യ ഗോത്രവര്‍ഗ്ഗകഥകളിലെ രാജാക്കന്മാരുടെയും ഭരണാധികാരികളുടെയും കിരീടധാരണം നടത്തിയിരുന്നത്.
വലിയ കാളക്കൊമ്പിന്റെ കൂര്‍ത്ത അറ്റത്ത് ദ്വാരമുണ്ടാക്കി
അതിലൂടെ ശക്തിയായി ഊതിയുണ്ടാക്കുന്ന കാഹളശബ്ദം രാജാജ്ഞകളുടെ അകമ്പടിയുമായിരുന്നു.
കരുത്തിന്റെയും അധികാരത്തിന്റെയും കൊമ്പില്‍നിന്ന് കരഞ്ഞ...കരയുന്ന നമ്മുടെ ഭാഷയും നമ്മുടെ നാടും.
അധിനിവേശങ്ങള്‍ മുതല്‍ സമകാലികാവസ്ഥ വരെ
'കാളക്കൂറ്റന്മാരുടെ കൊമ്പില്‍നിന്ന് കരയുന്ന'തില്‍ സൂചിപ്പിക്കപ്പെടുന്നുണ്ടെന്നു തോന്നുന്നു.

shamla said...

അസീസിക്കായ്ക്കും അനിത ടീച്ചറിനും നന്ദി.സദാനന്ദപുരം ഗവന്മെന്റ്റ് ഹൈ സ്കൂളിലെ മലയാളം അധ്യാപകന് [അധ്യാപികയ്ക്ക്] , പിന്നെ ഇതെഴുതാന്‍ പ്രേരിപ്പിച്ച ഫലിതപ്രിയനായ
ജാതവേദന്‍ നമ്പൂതിരിക്ക്, [അങ്ങനെ ഒരാളുണ്ടെങ്കില്‍],
പ്രിയപ്പെട്ട ജോസ് ഫിലിപ്പ് സര്‍ ,
കവിത വ്യാഖ്യാനിച്ചപ്പോള്‍ എനിക്ക് ബുദ്ധിമുട്ട് തോന്നിയ ഭാഗമാണ്
' കാളക്കൂറ്റന്മാരുടെ കൊമ്പില്‍ നിന്ന് കരഞ്ഞവള്‍' എന്നാ ഭാഗം. സാറിന്റെ വ്യാഖ്യാനം എത്ര ശരിയാണ്.
അധിനിവേശം മുതല്‍ സമകാലികാവസ്ഥ വരെ തീര്‍ച്ചയായും ഈ പ്രയോഗം സൂചിപ്പിക്കുന്നുണ്ട്. തികച്ചും അര്‍ത്ഥവത്തായ
ഇ കൂട്ടി ചേര്‍ക്കലിന് പ്രത്യേകം നന്ദി.

ലീമ വി.കെ said...

"ഞാറ്റുവേലയില്‍ നിന്ന് ഞാറ്റുവേലയിലേയ്ക്കു പോകുന്ന കിളിപ്പാട്ടിന്റെ കുലുങ്ങുന്ന തൂക്കുപാലം" എങ്ങനെ വിശദീകരിക്കണം എന്ന് ഒരു പിടിയുമില്ലായിരുന്നു.ഷംല ടീച്ചര്‍ എന്റെ സ്കൂളിലെ കുട്ടികളുടെയും ടീച്ചറായി മാറിക്കഴിഞ്ഞു.വളരെ ലളിതമായ ഈ വിശദീകരണം തയാറാക്കിയ ഷംല ടീച്ചറിന് അഭിനന്ദനങ്ങള്‍.

mayarethy said...

eeeeeeeeeeee kavithapadanam valare nannayiiiiiiiiii............

abhisha ramesh said...

ആദ്യം തന്നെ ഷംല ടീച്ചര്‍ക്ക് നന്ദി.
"പുറപ്പെട്ടവള്‍,ക്രൂശിക്കപ്പെട്ടവള്‍, ഉയിര്‍ത്തെഴുന്നേറ്റവള്‍,മലയാളം."
ഈ വരികളില്‍ ഒരു സംശയം ബാക്കിയാകുന്നു.അതൊന്നു വിശദീകരിച്ചു തരാമോ??

mayarethy said...

ഷംലടീച്ചറുടെ കവിതാപഠനം മലയാളം അധ്യാപകർക്ക് വളരെ ഉപകാരപ്രദമായി.നന്ദി....നന്ദി.....

mayarethy said...

ഷംലടീച്ചറുടെ കവിതാപഠനം മലയാളം അധ്യാപകർക്ക് വളരെ ഉപകാരപ്രദമായി.നന്ദി....നന്ദി.....

Unknown said...

ഷംല ടീച്ചർ കവിത നന്നായി പഠിപ്പിച്ചു തന്നു. നന്ദി.

R.k said...

ടീച്ചർ കവിത നന്നായി പഠിപ്പിച്ചു തന്നു.ഒരുപാട് നന്ദി ഉണ്ട്

Unknown said...

കവിതയുടെ അതേ ഘനമുള്ള പ0നവും അനുയോജ്യമായതു തന്നെ അഭിനന്ദനങ്ങൾ