എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Jun 4, 2011

ആട്ടക്കഥാസാഹിത്യം - ഒരു പരിചയക്കുറിപ്പ്


 
ഏതൊരു കലാരൂപത്തിന്റെയും ആവിഷ്ക്കരണത്തിന് പിറകില്‍ അതിന്റേതായ ഒരു സാഹിത്യരൂപമുണ്ടാകും. അതു വാമൊഴിരൂപത്തിലാകാം അല്ലെങ്കില്‍ വരമൊഴി രൂപത്തിലാകാം. കേരളത്തിന്റെ തനതു ക്ലാസിക് കലാരൂപമായ കഥകളിയുടെ സാഹിത്യരൂപമാണ് ആട്ടക്കഥ. ക്രിസ്തുവര്‍ഷം പതിനേഴാം ശതകത്തിന്റെ ഉത്തരാര്‍ദ്ധത്തിലാണ് കഥകളി രൂപം കൊണ്ടതെന്ന് കരുതുന്നു. നൂതനമായ ഏതു കലാരൂപത്തിനും തണലായി, ഗോത്രസംസ്കാരത്തിന്റെ ഊടിലും പാവിലും നെയ്തെടുത്ത ചെമ്പട്ടിന്റെ ഹൃദ്യമായ ഛായവിരിച്ചു നില്‍ക്കുന്നതു കാണാം. ചില നാടന്‍ കലകളും ക്ലാസിക് നൃത്തങ്ങളും കഥകളിയുടെ ആവിര്‍ഭാവത്തിന് സഹായകമായിട്ടുണ്ട്. കര്‍ണ്ണാടകത്തിലെ യക്ഷഗാനം ,തമിഴ് നാട്ടിലെ തെരുക്കൂത്ത്, കഥക്, മണിപ്പൂരി, ഭരതനാട്ട്യം തുടങ്ങിയ ക്ലാസിക് നൃത്തവിശേഷങ്ങള്‍ മുടിയേറ്റ്, തീയാട്ട്, തിറയാട്ടം, തെയ്യം, തിറ, കൂത്ത്, കൂടിയാട്ടം, പടയണി, കോലംതുള്ളല്‍ തുടങ്ങിയ പ്രാചീനകലാരൂപങ്ങള്‍ എന്നിവയാണ് എടുത്ത് പറയേണ്ടവ. (മലയാളസാഹിത്യം കാലഘട്ടങ്ങളിലൂടെ -എരുമേലി) പാട്ടിന്റെയും മണിപ്രവാളത്തിന്റെയും കലര്‍പ്പ് കഥകളി സാഹിത്യത്തില്‍ കണ്ടെത്താം. പാലക്കാടും പരിസരങ്ങളിലും അരങ്ങേറിയിരുന്ന മീനാക്ഷി നാടകവും കംസനാടകവും കഥകളിയുടെ പൂര്‍വ്വരൂപങ്ങളായി വള്ളത്തോള്‍ കണക്കാക്കുന്നു.
നൃത്ത്യാഭിനയപ്രധാനമായ കഥകളിയില്‍, ആഹാര്യം (വേഷാലങ്കാരങ്ങള്‍ കെട്ടി അഭിനയിക്കുന്നത്), ആംഗികം (ശരീരാവയവങ്ങളുടെ അര്‍ത്ഥപൂര്‍ണ്ണമായ ചലനങ്ങള്‍ കൊണ്ടുള്ള അഭിനയം.), സാത്വികം (മനസ്സിന്റെ അനുഭാവാത്മകമായ അഭിനയം-സ്വേദം, സ്തംഭം, രോമഞ്ചം, സ്വരഭംഗം, വേപഥു, അശ്രു, പ്രളയം, വൈവര്‍ണ്ണ്യം) എന്നീ ത്രിവിധാഭിനയങ്ങളും കാണാം. ആംഗികാഭിനയത്തിലൂടെ കഥപറയുന്ന കഥകളിയില്‍ മുദ്രക്കൈ, വാദ്യങ്ങള്‍, വേഷങ്ങള്‍, സംഗീതം, രംഗചടങ്ങുകള്‍ എന്നിവ ഒത്തു ചേര്‍ന്നിട്ടുണ്ട്. കഥകളി മുദ്രാഭിനയപ്രധാനമാണെങ്കിലും ഭരതമുനിയാല്‍ രചിക്കപ്പെട്ട നാട്യശാസ്ത്ര രീതിയല്ല, മറിച്ച് ഹസ്തലക്ഷണദീപികയാണ് മുദ്രാഭിനയത്തിന് അടിസ്ഥാനം. ചതുര്‍വിംശതി എന്ന പേരിലറിയപ്പെടുന്ന ഇരുപത്തിനാല് മുദ്രകളോടൊത്ത് കൈയ്യു്മെയ്യ് മുഖചലനങ്ങള്‍ ഇവ ഒത്തു വരുമ്പോഴേ ഭാവാവിഷക്കരണം പൂര്‍ണ്ണമാകൂ. കേരളത്തിന്റെ തനതു വാദ്യോപകരണങ്ങളായ ചെണ്ട, ശുദ്ധമദ്ദളം, ഇലത്താളം, ചേങ്ങില ഇവയാണ് കഥകളിക്കും ഉപയോഗിക്കുന്നത്. പച്ച, മിനുക്ക്, കത്തി, താടി, കരി എന്നീ വേഷങ്ങള്‍ ത്രിഗുണങ്ങളായ സാത്വികരജോതമഗുണങ്ങളെ അടിസ്ഥാന മാക്കിയാണ് കല്പിച്ചിരിക്കുന്നത്. സാത്വികം -പച്ച, മിനുക്ക്- ധീരോദാത്തരായ രാജാക്കന്‍മാര്‍ മറ്റ് സാത്വികനായകര്‍, മിനുക്ക് (സൗമ്യവേഷം)-ബ്രാഹ്മണര്‍, മുനിമാര്‍ -സ്ത്രീവേഷങ്ങള്‍, രാജസം-കത്തി (അസുരപ്രകൃതി) ഭീമന്‍, ദുശ്ശാസനന്‍, താടി-( ഹനുമാന്‍-വെള്ളത്താടി ,ചുവപ്പ് താടി ഭയജനപ്രകൃതിയുള്ളവര്‍), ‍കരി (ദുഷ്ടത) കാട്ടാളന്‍,ശൂര്‍പ്പണഖ. ഗീതാഗോവിന്ദപാരമ്പര്യമുള്ളതും മാര്‍ഗിയില്‍പ്പെടുന്നതുമായ സോപാനസംഗീതമാണ് കഥകളിസംഗീതം.
കേളി, അരങ്ങുകേളി, തോടയം, വന്ദനശ്ലോകം, പുറപ്പാട്, മ‍ഞ്ജു തര (മേളപ്പദം) എന്നിവയാണ് കഥകളിച്ചടങ്ങുകള്‍. ചെണ്ട, മദ്ദളം, ചേങ്ങില, ഇലത്താളം എന്നിവയുപയോഗിച്ച് കഥകളി തുടങ്ങുന്നു എന്നറിയിക്കുന്ന ചടങ്ങാണ് കേളി. ആട്ടം തുടങ്ങി എന്നറിയിക്കുന്നത് അരങ്ങുകേളിയിലൂടെയാണ്. ചെണ്ട ഉപയോഗിക്കാതെ,തിരശ്ശീലയുടെ മറവില്‍ നിന്ന് വാദ്യക്കാരെ അഭിമുഖീകരിച്ച്, മിനുക്ക് വേഷത്തിന്റെ നൃത്താകമ്പടിയോടെ കളികഴിയുന്നതുവരെ അമംഗളം ഉണ്ടാകാതിരിക്കാന്‍ നടത്തുന്ന സ്തുതിയാണ് തോടയം. പിന്നീടാണ് വന്ദനശ്ലോകം. ചെണ്ടയടക്കമുളള വാദ്യോപകരണങ്ങളും ആലവട്ടവും വെണ്‍ചാമരവും പിടിച്ചുള്ള നായികാനായകന്മാരുടെ രംഗപ്രവേശത്തെയാണ് പുറപ്പാട് എന്നു പറയുന്നത്. ഇതിനു ശേഷമുള്ള മേളപ്പദം തുടങ്ങന്നതിനെയാണ് മ‍ഞ്ജുതര എന്നു പറയുന്നത്. ഇതിനുശേഷമാണ് കഥകളി തുടങ്ങുന്നത്. കവിവാക്യശ്ലോകം ചൊല്ലുന്നതോടെ കഥാപാത്രം രംഗത്തുവരുന്നു. ശ്ലോകങ്ങള്‍ കവിവാക്യവും പദങ്ങള്‍ കഥാപാത്രവാക്യങ്ങളുമാണ്. കഥകളിപ്പാട്ടിന്റെ പദംപ്രതിയുള്ള അര്‍ത്ഥം കൈമുദ്രകൊണ്ടും ഭാവസ്ഫുരണങ്ങളാലും അഭിനയിക്കുന്നതാണ് ചൊല്ലിയാട്ടം. നടന്‍ മനോധര്‍മ്മമാടുന്നതിനെ ഇളകിയാട്ടം എന്നും പറയുന്നു.
കഥകളിയുടെ പൂര്‍വ്വികര്‍
അനുവാചകനില്‍ ആനന്ദം നിറച്ച ഏതൊരു കലയും അതിന്റെ ആരംഭത്തില്‍ തന്നെ പൂര്‍ണ്ണതയില്‍ എത്താറില്ല. കൊടു
ത്തും വാങ്ങിയുമാണ് അതിന്റെ പില്‍ക്കാല സ്വത്വത്തിലേക്കെത്തുക, കഥകളിയും അതുപോലെതന്നെയാണ്. കൃഷ്ണനാട്ടം,രാമനാട്ടം,കഥകളി ഇങ്ങനെയാണ് കഥകളിയുടെ വളര്‍ച്ചാക്രമം. അഷ്ടപദിയാട്ടത്തിന്റെ പരിഷ്കൃതരൂപമായി കൃഷ്ണനാട്ടത്തെ കാണാം.കോഴിക്കോട് രാജാവായ മാനവേദനാണ് ഇതിന്റെ ഉപജ്ഞാതാവ്. ഇദ്ദേഹം രചിച്ചതാണ് എട്ടു ദിവസം കൊണ്ട് അഭിനയിച്ചു തീര്‍ക്കാവുന്ന കൃഷ്ണഗീതി എന്ന സംസ്കൃതകൃതി. കൂത്തിലെപ്പോലെ നടന്‍ സംസാരിക്കുകയോ കൈമുദ്ര കാണിക്കുകയോ വേണ്ട. പിന്നണി പാടുന്നതിനനുസരിച്ച് ആടുകയും നൃത്തം ചവിട്ടുകയും ചെയ്താല്‍ മതി.
കൊട്ടാരക്കരത്തമ്പുരാനാണ് രാമനാട്ടത്തിന്റെ ഉപജ്ഞാതാവ്. മാനവേദനാല്‍ അപമാനിതനാകയാല്‍ തമ്പുരാന്‍ നിര്‍മ്മിച്ചതാണ് രാമനാട്ടമെന്നാണ് കേള്‍വി. പുത്രകാമേഷ്ടി, സീതാസ്വയംവരം, വിച്ഛിന്നാഭിഷേകം, ഖരവധം, ബാലിവധം, തോരണയുദ്ധം, സേതുബന്ധനം, യുദ്ധം എന്നിങ്ങനെ രാമായണം ആധാരമാക്കി എട്ടു കഥകള്‍ രചിച്ചു. രാമനാട്ടത്തിന്റെ സൃഷ്ടിക്കായി പല പ്രാചീനകലാരൂപങ്ങളെയും തമ്പുരാന്‍ ആശ്രയിച്ചിട്ടുണ്ടാകാം. സാഹിത്യമേന്മ അവകാശപ്പെടാന്‍ തക്കതല്ല ഇദ്ദേഹത്തിന്റെ കൃതിയെന്നും അഭിപ്രായമുണ്ട്.
ആട്ടക്കഥാകൃതികള്‍
പതിനേഴാം ശതകത്തിന്റെ അവസാനത്തില്‍ ജീവിച്ചിരുന്ന കോട്ടയത്ത് തമ്പുരാനാണ് കഥകളിയുടെ യഥാര്‍ത്ത പരിഷ്
ക്കര്‍ത്താവ്. സംഗീതസാഹിത്യകലകളില്‍ അപാരമായ അവഗാഹമുണ്ടായിരുന്ന ഇദ്ദേഹം മഹാഭാരതത്തെ അടിസ്ഥാനമാക്കിബകവധം, കല്ല്യാണസൗഗന്ധികം, കിര്‍മ്മീരവധം, നിവാതകവചകാലകേയവധം എന്നീ കൃതികള്‍ രചിച്ചു. ഈ കൃതികളാണ് കഥകളിക്ക് സാഹിത്യപദവി നല്‍കിയത്. ശബ്ദാര്‍ത്ഥാലങ്കാരപ്രയോഗസമര്‍ത്ഥനായിരുന്നു തമ്പുരാന്‍. ഗാനയോഗ്യത, രംഗപ്രയോഗഭംഗി, ഗാംഭീര്യം എന്നിവ ഇദ്ദേഹത്തിന്റെ കൃതികളുടെ പ്രത്യേകതകളാണ്. ആട്ടക്കഥാസാഹിത്യം സംസ്കൃതത്തിലായിരിക്കണം എന്ന് നിഷ്ക്കര്‍ഷിച്ചത് തമ്പുരാനാണ്.
കഥകളിയുടെ ഔന്നത്യകാലമാണ് പതിനെട്ടാം നൂറ്റാണ്ട്. കലാമര്‍മ്മ‍ജ്ഞനും കഥകളിപ്രിയനുമായ ധര്‍മ്മരാജാവ് കഥകളിയെ പ്രോത്സാഹിപ്പിക്കാനായി പ്രമുഖരെ ഉള്‍പ്പെടുത്തികൊട്ടാരം കഥകളിയോഗം ഏര്‍പ്പാടാക്കി. കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മ രാജസൂയം, സുഭദ്രാഹരണം, പാഞ്ചാലീസ്വയംവരം, ബകവധം, കല്ല്യാണസൗഗന്ധികം എന്നീ ആട്ടക്കഥകളും ബാലരാമഭരതം എന്ന നാട്യശാസ്തകൃതിയും രചിച്ചു. അശ്വതിതിരുനാള്‍, ഭാഗവതത്തെ അടിസ്ഥാനമാക്കി രുക്മിണീസ്വയംവരം, പൂതനാമോക്ഷം, അംബരീക്ഷചരിതം, പൗണ്ഡ്രകവധം എന്നീ കൃതികള്‍ രചിച്ചു. കൂടാതെ കല്ലേക്കുളങ്ങര രാഘവപിഷാരടിയുടെ രാഘവോത്ഭവം ഇരട്ടക്കുളങ്ങര രാമവാര്യരുടെ കിരാതം, കല്ലൂര്‍ നീലകണ്ഠന്‍ നമ്പൂതിരിയുടെ ബാലിവിജയം, മണ്ടവപ്പളളി ഇട്ടിരാശ്ശി മേനോന്റെ സന്താനഗോപാലവും രുഗ്മാംഗചരിതവും രാമശാസ്ത്രിയുടെ ബാണയുദ്ധം, പുതിയിക്കല്‍ തമ്പാന്റെ കാര്‍ത്തവീര്യവിജയം എന്നിവയും കൊച്ചി കേരളവര്‍മ്മ രാജാവ് രചിച്ച അമ്പതിലധികം ആട്ടക്കഥകളും ആട്ടക്കഥാസാഹിത്യത്തെ സമ്പുഷ്ടമാക്കി.
ഉണ്ണായിവാര്യരും നളചരിതവും
ആട്ടക്കഥാസാഹിത്യത്തില്‍ രൂപഭദ്രതയും രചനാസൗകുമാര്യവും ഒത്തിണങ്ങിയ കാവ്യശില്പമാണ് ഉണ്ണായിവാര്യരുടെ നളചരിതം. കാവ്യപ്രതിഭയുടെ അസാമാന്യ തിളക്കം നമുക്ക് ഈ കാവ്യത്തില്‍ കാണാം. ഇരിങ്ങാലക്കുട കൂടല്‍ മാണിക്യക്ഷേത്രത്തിനു സമീപമുള്ള അകത്തൂട്ട് വാര്യമാണ് ഉണ്ണായിയുടെ ജന്മഗൃഹം. ഒരു വാരസ്യാരില്‍ പണ്ഡിതബ്രാഹ്മണന് ജനിച്ച മകനാണ് ഉണ്ണായി വാര്യരെന്നാണ് വിശ്വാസം. ഏകദേശം 1675നും 1775നും ഇടയിലായിട്ടാണ് ഇദ്ദേഹത്തിന്റെ ജീവിതകാലഘട്ടമായി കണക്കാക്കുന്നത്. പേരിനെക്കുറിച്ചുമുണ്ട് അഭിപ്രായവ്യത്യാസം. നളചരിതം (നാലുദിവസം)ആട്ടക്കഥയാണ് ഉണ്ണായി വാര്യരുടെ യശോസ്തംഭം. മഹാഭാരതമാണ് നളചരിതത്തിന്റെ മൂലകൃതി. വാര്യര്‍ ആട്ടക്കഥയെ നാടകവുമായി ബന്ധിപ്പിക്കാന്‍ ശ്രമിച്ചിരുന്നതായി കാണാം.നാടകീയതമുറ്റി നില്‍ക്കുന്ന സന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും അത് തെളിയിക്കുന്നതാണ്.നളന്‍,ദമയന്തി എന്നീ മുഖ്യകഥാപാത്രങ്ങളോടൊപ്പം ചേര്‍ന്നു നില്‍ക്കുന്ന കഥാപാത്രങ്ങളാണ് കലിയും പുഷ്ക്കരനും കാര്‍ക്കോടകനും. മിശ്രഭാഷയില്‍(സംസ്ക്കൃതവും മലയാളവും)രചിക്കപ്പെട്ട നളചരിതം സാധാരണക്കാരന് രസിക്കാന്‍ കഴിയാത്ത പാണ്ഡിത്യവും വാങ്മയചിത്രങ്ങളും അടങ്ങിയതായിരുന്നു. മനുഷ്യജന്മത്തിന്റെ നന്മ തിന്മകലര്‍ന്ന സംഘര്‍ഷങ്ങളുടെ ഉദാത്തമായ ആവിഷ്ക്കാരമാണ് നളചരിതത്തിലൂടെ വാര്യര്‍ നടത്തിയിരിക്കുന്നത്.
മറ്റ് ആട്ടക്കഥാകൃതികള്‍
ആട്ടക്കഥാസാഹിത്യത്തില്‍ തെളിഞ്ഞു നില്‍ക്കുന്ന കൃതികളാണ് ഇരയിമ്മന്‍ തമ്പിയുടെ ഉത്തരാസ്വയംവരം, ദക്ഷയാഗം, കീചകവധം എന്നിവ. സംഗീതവും സാഹിത്യവും ഒത്തിണങ്ങിയതും അഭിനയപ്രാധാന്യവുമുള്ള സൃഷ്ടികളാണ് ഇദ്ദേഹത്തിന്റേത്.ദ്രാവിഡറാണിയായി താടകയെ വര്‍ണ്ണിക്കുന്ന കൃതിയാണ് വി.കൃഷ്ണന്‍ തമ്പിയുടെ താടകവധം. കരീന്ദ്രനെന്ന് അറിയപ്പെടുന്ന കിളിമാനൂര്‍ തമ്പുരാന്‍ രചിച്ച ശൃംഗാരപ്രധാനമായ കൃതിയാണ് രാവണവിജയം. വയസ്ക്കരമൂസിന്റെ ദുര്യോധനവധം,കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്റെ ധ്രുവചരിതം, പരശുരാമവിജയം, കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ സീതാവിവാഹം, കിരാതസുനുചരിതം,കെ. സി. കേശവപ്പിള്ളയുടെ ഹിരണ്യാസുരവധം, ശ്രീകൃഷ്ണവിജയം, വള്ളത്തോളിന്റെ ഔഷധഹരണം എന്നിവ ആട്ടക്കഥാ സാഹിത്യത്തിലെ മികവുറ്റ ഏതാനും കൃതികളാണ്.
ആട്ടക്കഥാസാഹിത്യത്തിന്റെ ദൃശ്യരൂപമായ കഥകളിയെ പുനരുജ്ജീവിപ്പിച്ച മഹത് വ്യക്തിയാണ് വള്ളത്തോള്‍. കഥകളി ആസ്വദിക്കാനാവശ്യമായ സംഗീതജ്ഞാനമോ മുദ്ര,വേഷം, ഭാവാഭിനയം എന്നിവയില്‍ സാമാന്യജ്ഞാനമോ ഇല്ലാത്തവര്‍ ഈ കലയെ മ്യൂസിയത്തിലേക്ക് മാറ്റണമെന്ന് പറഞ്ഞ് പരിഹസിച്ചിരുന്നു. അതു പോലെ തന്നെ, സമ്പന്നമായ നമ്മുടെ പൗരാണികകഥകളിലും സാമാന്യമായ അറിവും ഉണ്ടാകണം. പരിഹസിക്കപ്പെട്ട ഈ കലാരൂപമാണ് ലോകകലാരംഗത്ത് നമുക്ക് സ്ഥാനം നേടിത്തന്നതും.
(പത്താം ക്ലാസ്സിലെ ആദ്യ യൂണിറ്റ് മുന്‍നിര്‍ത്തി, പ്രൊഫസര്‍.എരുമേലി പരമേശ്വരന്‍ പിള്ളയുടെ മലയാളസാഹിത്യം കാലഘട്ടങ്ങളിലൂടെ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയത്.)

രമേശന്‍ പുന്നത്തിരിയന്‍
ജി.എച്ച്.എസ്സ്. ഷിറിയ.
കാസറഗോഡ്.
(ആട്ടക്കഥാ സാഹിത്യത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വലത്തെ സൈഡ്ബാറിലുള്ള വിഭാഗങ്ങള്‍ എന്ന തലക്കെട്ടിനുതാഴെയുള്ള "ആട്ടക്കഥാസാഹിത്യം" എന്ന ലേബലില്‍ ക്ലിക്കുചെയ്യുക)

11 comments:

അപ്പുക്കുട്ടന്‍ said...

അവസരോചിതം..
പുന്നത്തിരിയന് അഭിവാദ്യങ്ങള്‍..

തുളസി മുക്കൂട്ടുതറ said...

സ്ക്കൂള്‍വിദ്യാരംഗം ബ്ലോഗുമാത്രമല്ല മാത്സ് ബ്ലോഗും മലയാളം പഠിപ്പിച്ചുതുടങ്ങിയല്ലോ മാഷേ.. എന്താ കഥ !!!

കെ.എസ്.ജലജ,മണീട് said...

​​ഏറെ പ്രയോജനപ്പെട്ടു. നന്ദി അറിയിക്കുന്നു. കൂടിയാട്ടത്തെ കുറിച്ച് കൂടി ഇത്തരം ഒരു പഠനം വന്നിരുന്നെങ്കില്‍!

vinod kumar said...

gambheeramaya sramam congrates

Ancy Jose said...

super.......

ഗീതാരാധാകൃഷ്ണന്‍, കോട്ടയം said...

വിദ്യാരംഗം ബ്ലോഗില്‍ വന്ന കഥകളിയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് വളരെ മനോഹരമായിരിക്കുന്നു.കുട്ടികളെ കഥകളി എന്താണെന്ന് മനസ്സിലാക്കികൊടുക്കുന്നതിന് അദ്ധ്യാപകര്‍ക്ക് വളരെ പ്രയോജനപ്രദമായിരിക്കുന്നു.വിദ്യാരംഗം ബ്ലോഗിന് ഭാവുകങ്ങള്‍.

Anonymous said...

mani

Anonymous said...

mani

Sindhu said...

good..........

Sindhu said...
This comment has been removed by the author.
ഉസ്മാന്‍ കിഴിശ്ശേരി said...

ഇത് വളരെ ഉപകാരപ്രദമായ പോസ്റ്റ് തന്നെ