തിരിച്ചറിയപ്പെടാത്തതോ തിരസ്കരിക്കപ്പെട്ടതോ ആയ സ്നേഹഗാഥകളാണ് മാധവിക്കുട്ടിയുടെ കഥകള്‍. സ്ത്രീയുടെ ജീവിതവും മനസ്സും ഉള്‍ക്കൊണ്ടുകൊണ്ടുള്ള അഗാധവും സൂക്ഷ്മവുമായ രചനകളാണ് മാധവിക്കുട്ടിയുടേത്. പ്രണയം, ദാമ്പത്യം, കുടുംബം, സമൂഹം എന്നിവിടങ്ങളിലെല്ലാം അസ്വതന്ത്രയായിത്തീരുന്ന പെണ്മയുടെ തനിമയാണ് ഈ കഥകള്‍ പങ്കുവയ്ക്കുന്നത്. നാഗരിക സാഹചര്യങ്ങളില്‍ സ്ത്രീജീവിതം ഏകാന്തവും ശൂന്യവും തിരസ്കൃതവുമാകുന്നത് മാധവിക്കുട്ടി ചിത്രീകരിക്കുന്നു. മാധവിക്കുട്ടിയുടെ കഥാപാത്രങ്ങള്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയമാകുന്നത് ആദര്‍ശത്തിന്റെ തൂവലുകള്‍ കൊഴിച്ചുകളഞ്ഞ് സത്യസന്ധമായി അവതരിപ്പിക്കപ്പെടുന്നതിനാലാണ്.
കേരളത്തിനു പുറത്തു ജീവിച്ച എഴുത്തുകാരാണ് കൂടുതലായും മലയാളസാഹിത്യത്തില്‍ ആധുനികതയ്ക്ക് മിഴിവുപകര്‍ന്നത്. എം. മുകുന്ദന്‍, സക്കറിയ, എം. പി. നാരായണപിള്ള, ആനന്ദ്, ഒ. വി. വിജയന്‍, മാധവിക്കുട്ടി എന്നിങ്ങനെയുള്ള നീണ്ടനിര ഇതിനുദാഹരണമാണ്. നഗരവല്‍ക്കരണത്തിന്റെയും വ്യവസായവല്‍ക്കരണത്തിന്റെയും ആവിര്‍ഭാവത്തോടെ നഗരജീവിതത്തിലെ ഒറ്റപ്പെടലിന്റെയും കൂട്ടംതെറ്റി മേയലിന്റെയും നേര്‍ക്കാഴ്ചകള്‍ കഥകളിലും നോവലുകളിലും വിഷയമായി മാറി. ഇത്തരം ജീവിതം പരിചയപ്പെടാനും അനുഭവിക്കാനുമുള്ള സാദ്ധ്യത കേരളത്തിനു പുറത്തു ജീവിച്ച എഴുത്തുകാര്‍ക്കാണ് കൂടുതലുമുണ്ടായത്.
ടി. പത്മനാഭന്റെയും എം. ടി. വാസുദേവന്‍നായരുടെയും മാധവിക്കുട്ടിയുടെയും കഥകള്‍ ആധുനികതയുടെ സവിശേഷമായ അന്തരീക്ഷം പങ്കുവയ്ക്കുമ്പോള്‍ ത്തന്നെ പലപ്പോഴും ഗൃഹാതുരസ്മൃതികള്‍ ഉണര്‍ത്തുകയും ഭാവസാന്ദ്രത പകരുകയും ചെയ്യുന്നു. ചെറുകഥയ്ക്ക് കേന്ദ്രമാകാന്‍ കേവലം ഭാവമോ ഒരു നോട്ടമോ ഒരു കാഴ്ചയോ മതിയെന്ന് ഇവരുടെ രചനകള്‍ തെളിയിക്കുന്നു. കാച്ചിക്കുറുക്കിയ വാക്കുകളും മൗനവും കൊണ്ട് പത്മനാഭനും മാധവിക്കുട്ടിയും കഥയുടെ പുതിയ രസതന്ത്രം മെനഞ്ഞു. അര്‍ത്ഥപൂര്‍ണ്ണമായ നിശബ്ദത വായനാവേളയില്‍ വായനക്കാരുടെ മനസ്സിനെ ശബ്ദമുഖരിതമാക്കി. സമൂഹത്തിന് ന്യായീകരിക്കാനാവാത്ത സ്നേഹബന്ധങ്ങളും ഇഷ്ടങ്ങളും ശുദ്ധസംഗീതംപോലെ മാധവിക്കുട്ടിയുടെ രചനാലോകത്ത് ഭാവസാന്ദ്രമാകുന്നു. മനശാസ്ത്ര വിശകലനങ്ങള്‍ക്കനുസരിച്ച് വ്യാഖ്യാനിക്കാവുന്നതായി മാധവിക്കുട്ടിയുടെ പല കഥകളും പരിണമിക്കുന്നു.
ബോംബെ ജീവിത്തിന്റെ പശ്ചാത്തലത്തില്‍ മാധവിക്കുട്ടി രചിച്ച ചെറുകഥയാണ് 'കടലിന്റെ വക്കത്ത് ഒരു വീട് '. വീടും ജോലിയും നഷ്ടപ്പെട്ട് തെരുവില്‍ ജീവിക്കേണ്ടിവരുന്ന അറുമുഖത്തിന്റെയും ഭാര്യയുടെയും വ്യത്യസ്തമായ ജീവിത വീക്ഷണങ്ങളാണ് കഥയുടെ കാതല്‍. ഫാക്ടറിയുടെ കാവല്‍ക്കാരനായിരുന്ന അറുമുഖത്തിന് തന്റെ മദ്യപാനത്തെത്തുടര്‍ന്ന് ജോലി നഷ്ടപ്പട്ടതിനാലാണ് അവര്‍ക്ക് യാചകരായി പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങളും കഴിച്ച് ജീവിതം തള്ളിനീക്കേണ്ടിവരുന്നത്. ജീവിതത്തെക്കുറിച്ച് ഏറെ പ്രതീക്ഷകളും സ്വപ്നങ്ങളും പുലര്‍ത്തിയിരുന്ന സ്ത്രീയ്ക്ക് അറുമുഖത്തോടൊപ്പമുള്ള ജീവിതം അസംതൃപ്തമാണ്. ഭാര്യയ്ക്കുവേണ്ട ഭക്ഷണം എത്തിച്ചുകൊടുക്കുന്നുവെങ്കിലും അവരാഗ്രഹിക്കുന്ന സ്നേഹവും കരുതലും അംഗീകാരവും അവള്‍ക്കു ലഭിക്കുന്നില്ല. ആത്മാവിനെ തൊടുന്ന സ്നേഹസ്പര്‍ശവും സാന്ത്വനവുമാണ് അവരാഗ്രഹിക്കുന്നത്. അത് ലഭിക്കാതെ വന്നതിനാലാണ് അപരിചിതനായ യുവാവിന്റെ മുമ്പില്‍ വച്ചുപോലും അറുമുഖത്തിന്റെ ശിരസ്സില്‍ അവര്‍ മര്‍ദ്ദിക്കുന്നതും അയാളെ ശകാരിക്കുന്നതും. സംഗീതത്തെക്കുറിച്ചുള്ള സംഭാഷണം പോലും അറുമുഖത്തെ മുഷിപ്പിക്കുന്നു. സംഗീതത്തെ സ്നേഹിക്കുന്ന അവരില്‍ ഭര്‍ത്താവിന്റെ പ്രതികരണം വിരക്തിയുളവാക്കുന്നു. വഴിയരികില്‍ കണ്ട യുവാവ് തീവണ്ടിയില്‍ പാട്ടുപാടി ജീവിച്ചിരുന്നുവെന്നത് അവരില്‍ താല്പര്യമുണര്‍ത്തുന്നു. കുട്ടിക്കാലത്ത് അയല്‍പക്കത്ത് ഭാഗവതരുടെ പാട്ടുകേട്ടുണര്‍ന്ന ഓര്‍മ്മകള്‍ അവര്‍ അയാളോടുപങ്കുവയ്ക്കുന്നു. "കിടക്കാന്‍ വീടില്ല, കൈവശം ഒരൊറ്റ പൈസയില്ല, ഒന്നിനും കൊള്ളാത്ത ഒരു വൃദ്ധന്റെ പെണ്ണായിപ്പോയല്ലോ ഞാന്‍...” എന്ന വാക്കുകളില്‍ ബാഹ്യമായ സൗകര്യങ്ങള്‍ നഷ്ടപ്പെട്ട ദുഃഖമല്ല തന്റെ ഉള്ളിലുള്ള സംഗീതത്തെയും തന്റെ ഇഷ്ടാനിഷ്ടങ്ങളെയും മനസ്സിലാക്കാതെപോയ ഭര്‍ത്താവിനോടുള്ള ദ്വേഷമാണ് കൂടുതല്‍. ഭൗതികനേട്ടങ്ങളെക്കാള്‍ വൈകാരികമായ പങ്കുവയ്ക്കലുകളാണ് മാധവിക്കുട്ടിയുടെ കഥാപാത്രങ്ങള്‍ ആഗ്രഹിക്കുന്നത്. സംഗീതത്തെ സ്നേഹിക്കുന്ന, സംഗീതത്തെക്കുറിച്ച് സംസാരിച്ച യുവാവിന് തന്റെ ആകെയുള്ള സമ്പാദ്യമായ അറ്റം പിഞ്ഞിയ കട്ടിയുള്ള രോമപ്പുതപ്പ് അവര്‍ സമ്മാനിക്കുന്നു. ഭര്‍ത്താവിന്റെ ചോദ്യത്തിനുത്തരമായി "അയാള്‍ എന്നോട് സംഗീതത്തെപ്പറ്റി സംസാരിച്ചു" എന്ന് അവര്‍ പുഞ്ചിരിയോടെ മറുപടി പറയുന്നത് അവളുടെ ഇഷ്ടങ്ങള്‍ ഒരു നിമിഷംകൊണ്ട് തിരിച്ചറിഞ്ഞതിലുള്ള സന്തോഷത്തിന്റെയും അംഗീകാരത്തിന്റെയും പ്രതിഫലനമാണ്.
ഏതു ദുരിതക്കടലിലും ജീവിത്തെ സ്നേഹിക്കുകയും ചെറിയ കാര്യങ്ങളില്‍ പോലും സന്തോഷം കണ്ടെത്തുകയും ശുഭാപ്തിവിശ്വാസം നിലനിര്‍ത്തുകയും ചെയ്യുന്ന യുവാവ് നായികയുടെ വിരുദ്ധതലമാണ്. രണ്ടുപേരും സംഗീതത്തെ സ്നേഹിക്കുന്നു. സ്ത്രീ തനിക്ക് ലഭിക്കാതെപോയതിനെച്ചൊല്ലി വിലപിക്കുകയും ശകാരിക്കുകയും ചെയ്യുന്നു. എന്നാല്‍ "കടലിന്റെ വക്കത്തു പാര്‍ക്കുവാനും ഭാഗ്യം വേണം. രാത്രിയില്‍ കടലിന്റെ പാട്ടും കേട്ട് നക്ഷത്രങ്ങളും നോക്കിക്കൊണ്ടു മലര്‍ന്നുകിടക്കുവാനുള്ള ഭാഗ്യം നിങ്ങള്‍ക്കില്ലേ?” എന്ന യുവാവിന്റെ ചോദ്യത്തില്‍ ജീവിതം നല്‍കുന്ന ഇത്തിരിക്കാഴ്ചകളില്‍ സംതൃപ്തിയും സന്തോഷവും കണ്ടെത്തേണ്ടത് ജീവിതത്തെ മുന്നോട്ടുനയിക്കാന്‍ ആവശ്യമാണെന്ന ബോധം പകര്‍ന്നുതരുന്നു. ചെറിയ ദുഃഖങ്ങളില്‍ ജീവിതത്തെ തിരസ്കരിക്കുകയല്ല, ചെറിയ സന്തോഷങ്ങളില്‍ ജീവിതത്തെ അംഗീകരിക്കുകയാണ് വേണ്ടതെന്ന പ്രസാദാത്മകമായ കാഴ്ചപ്പാടാണ് യുവാവിന്റേത്. പിഞ്ഞിയ രോമപ്പുതപ്പ് സമ്മാനിച്ച അവരോട് നിങ്ങള്‍ ശരിക്കും മഹാലക്ഷ്മിയുടെ അവതാരമാണെന്ന മറുപടിയാണ് അയാള്‍ നല്‍കുന്നത്. കടലിന്റെ വക്കത്തു പാര്‍ക്കുന്നതും നക്ഷത്രങ്ങളെ കാണുന്നതും ജീവിതത്തിന്റെ ഭാഗ്യമായും ഈശ്വരകാരുണ്യമായും അയാള്‍ വിലയിരുത്തുന്നു.
ടി. പത്മനാഭന്റെ 'പ്രകാശം പരത്തുന്ന പെണ്‍കുട്ടി'യില്‍ ജീവിതത്തില്‍ നിന്നും ഒളിച്ചോടാന്‍ തീരുമാനിക്കുന്ന കഥാനായകനെ നിഷ്കളങ്കയായ പെണ്‍കുട്ടിയുടെ സ്നേഹമസൃണമായ പെരുമാറ്റം ജീവിതത്തിലേയ്ക്കു തിരികെക്കൊണ്ടുവരുമ്പോലെ ഈ കഥയിലെ യുവാവ് ജീവിതത്തെ ശുഭപ്രതീക്ഷയോടെ നേരിടാന്‍ നായികയെ പ്രേരിപ്പിക്കുന്നു. ഒരു വാക്കിലുടെ, സംഭാഷണത്തിലൂടെ, ഭാവസാന്ദ്രമായ അന്തരീക്ഷകല്പനയിലൂടെ, ജീവിതത്തോടു പുലര്‍ത്തേണ്ട പ്രസാദാത്മകത ആവിഷ്കരിക്കപ്പെടുന്നു. ഇതിനെല്ലാമുപരി അസംതൃപ്തമായ ദാമ്പത്യബന്ധം ജീവിതത്തിന്റെ ചലനം നഷ്ടപ്പെടുത്തുന്നത് ഈ കഥയുടെ അടിയൊഴുക്കായി വര്‍ത്തിക്കുന്നു.
വിലക്കുകളില്ലാത്ത സ്നേഹബന്ധത്തെക്കുറിച്ചും അപരിചിത യാഥാര്‍ത്ഥ്യത്തെക്കുറിച്ചും കഥപറയുന്ന മാധവിക്കുട്ടി സ്വീകരിക്കുന്നത് നിര്‍മ്മലവും വിനീതവുമായ ഭാഷയാണെന്നുപറയാം. കഥയെന്നത് മാധവിക്കുട്ടിക്ക് സംഗീതസാന്ദ്രമായ അനുഭവമാണ്. കെ. പി. അപ്പന്‍ വിലയിരുത്തുന്നതുപോലെ "അര്‍ത്ഥസന്ദിഗ്ദ്ധതകളില്ലാത്ത സാന്നിദ്ധ്യത്തിന്റേതായ ഒരു ഭാഷയിലൂടെ സത്തയും ലോകവും തമ്മിലുള്ള അവ്യക്തമായ അതിരുകള്‍ തേടുകയാണ് ഈ വലിയ കലാകാരി ചെയ്തത്”. അതുകൊണ്ടാണ് ആധുനിക കഥകളുടെ ചരിത്രത്തിനു മീതേകൂടി മാധവിക്കുട്ടിയുടെ കഥകള്‍ ആവേശപൂര്‍വ്വം സ്വീകരിക്കപ്പെട്ടത്.
-ഡോ. ഷംല യു.
എ.ജെ.ജോണ്‍ മെമ്മോറിയല്‍
ജി.എച്ച്.എസ്.എസ്.,
തലയോലപ്പറമ്പ്.
7 comments:
നേരത്തെ തന്നെ നല്ല ഒരു കഥാപഠനം വിദ്യാരംഗം ബ്ലോഗിലൂടെ തന്നതില്‍ ഷംല ടീച്ചറിനു അകമഴിഞ്ഞ നന്ദി അറിയിക്കുന്നു!ഞങ്ങള്‍ എല്ലാം കൈ നീട്ടും മുമ്പേ വിളമ്പി തന്ന ആ സന്മനസ്സിന് നന്ദി! ആശംസകള്‍!
കഥാപഠനത്തിനു നന്ദി ടീച്ചര്‍. മാധവിക്കുട്ടിയുടെ കഥകളുടെ നല്ല ഒരു വിവരണം ടീച്ചര്‍ നല്‍കി.ഈ കഥയിലൂടെ കുട്ടികള്‍ എന്താവും പഠിക്കുക.ടീച്ചര്‍ വളരെ പ്രസാദാന്മകമായ ഒരുത്തരം കുട്ടികള്‍ക്ക് നല്‍കുന്നുണ്ട്:ജീവിതം നല്‍കുന്ന ഇത്തിരിവെട്ടങ്ങളില്‍ സന്തോഷം കാണുക. ആ സ്ത്രീയെപ്പോലെ തനിക്ക് ലഭിക്കാതെ പോയതിനെച്ചൊല്ലി വിലപിക്കുകയും ശകാരിക്കുകയും ചെയ്യാതിരിക്കുക.
ഇതാവും.കുട്ടികള്‍ അങ്ങിനെ പഠിക്കട്ടെ.
പക്ഷേ ഈ ഗുണപാഠം മാധവിക്കുട്ടിയുടെ കഥകളുടെ പൊതുധാരയല്ല. സ്ത്രീയുടെ അടിസ്ഥാനവികാരം പ്രണയമാണ് എന്നവര്‍ എപ്പോഴും വിശ്വസിക്കുന്നു.അത് കിട്ടുവാനുള്ള ആസക്തി അവരുടെ കഥാപാത്രങ്ങള്‍ എന്നും പ്രകടിപ്പിക്കുന്നു. അത് തടയപ്പെടുമ്പോള്‍ അവര്‍ ദു:ഖിക്കുന്നു. അത് നേടുവാന്‍ അവള്‍ കൊതിക്കുന്നു. അത് നേടുവാനായി ഏത് സംഘര്‍ഷങ്ങളിലൂടെയും അവര്‍ കടന്നുപോകുന്നു. അത് കിട്ടുന്ന സ്ഥലങ്ങളിലെല്ലാം അവള്‍ പരതുന്നു, മനസ്സുകൊണ്ട് തേടുന്നു.അത് സമൂഹം അടിച്ചേല്‍പ്പിക്കുന്ന ധാ൪മ്മിക സദാചാര വ്യാഖ്യാനങ്ങള്‍ക്കെതിരാണോ എന്നത് അവരുടെ കഥാപാത്രങ്ങള്‍ കണക്കാക്കുന്നില്ല.
മാധവിക്കുട്ടി എന്നും പ്രേമത്തിന്‍റെ വഞ്ചനകളെക്കുറിച്ച് സംസാരിച്ച സ്ത്രീയാണ്.
പക്ഷേ ഈ കഥയില്‍ അറുമുഖം അവളെ വഞ്ചിട്ടല്ല അവള്‍ അവളുടെ ആകെക്കൂടിയുള്ള സമ്പാദ്യമായ ആ പുതപ്പ് ഏതോ ഒരു പാട്ടുകാരനു നല്‍കുന്നത്.അവളുടെ ഹൃദയാനുരാഗമാണ് സംഗീതം.അത് കണ്ടെത്തുകയോ പ്രശംസിക്കുകയോ ചെയ്യുന്ന ഒരു ഭര്‍ത്താവല്ല അറുമുഖം.ആ ദു:ഖവുമായി അവള്‍ ജീവിക്കുകയായിരുന്നു.അത് അംഗീകരിക്കുന്ന ഒരു പുരുഷനെ കണ്ടമാത്രയില്‍ അവള്‍ പ്രേമത്താല്‍ വിവശയാകുന്നു.സംഗീതമെന്ന അനുരാഗത്തില്‍ അവര്‍ ഒരു വേളയെങ്കിലും ലയിച്ചുചേരുന്നു. എതോ അയാള്‍ സംഗീതത്തെക്കുറിച്ച് സംസാരിച്ചുവെന്ന സന്തോഷത്തിന്‍റെ പേരില്‍ അവളുടെ ഭര്‍ത്താവിന്‍റെ ആകെക്കൂടിയുള്ള ഒരു പുതപ്പ് അവള്‍ അവനു നല്‍കുന്നുവെന്നുമാത്രമല്ല പുഞ്ചിരിച്ചുകൊണ്ട് അത് ഭര്‍ത്താവിനോട് പറയുകയും ചെയ്യുന്നു.സ്ത്രീ ഇത്രമാത്രം വിധേയയാണോ? ഇത്രമാത്രം മാനിപുലേറ്റബ്ള്‍ ആണോ? ഒരു സംഗീത പ്രേമിയായതുകൊണ്ടല്ലോ അവള്‍ അറുമുഖനെ ഭര്‍ത്താവായി കരുതുന്നത്?സ്ത്രീയും പുരുഷനും മാത്രമല്ല, ഓരോ മനുഷ്യനും വ്യത്യസ്ഥരായ വ്യക്തിത്വങ്ങളാണ്.അവര്‍ വ്യത്യസ്ഥരാണ്. ഒരു സ്ത്രീയുടെ ഹൃദയത്തില്‍ നൂറു നൂറ് സ്വപനങ്ങള്‍ വളരുന്നുണ്ടാവും.പുരുഷന്‍റേയും.ഏത് ഭര്‍ത്താവിനാണ് ഇതൊക്കെ പൂര്‍ത്തിയാക്കിക്കൊടുക്കുവാന്‍ കഴിയുക?അതുപോലെ ഏത് ഭാര്യക്കാണ് പുരുഷന്‍റെ മോഹങ്ങള്‍ സഫലീകരിക്കുവാന്‍ കഴിയുകപൂര്‍ത്തിയാകുവാന്‍ കഴിയാത്ത മോഹങ്ങളൊക്കെ വിവാഹം എന്ന സ്ഥാപനത്തിന്‍റെ തകരാറാണോ?അത് പ്രകൃതിയില്‍ തന്നെ അസാദ്ധ്യമാണ്.ഈ തത്വത്തിനുവിരുദ്ധമായി അവരുടെ കഥാപാത്രങ്ങള്‍ വിവാഹത്തിനകത്തും പുറത്തും പ്ലൂട്ടോണിയന്‍ പ്രണയത്തിനു വേണ്ടി ദാഹിച്ചലഞ്ഞുനടക്കുന്നു.ഈ അന്വേഷണം ഒരു ഭാര്യയെ ഒരു ഭര്‍ത്താവിനെ സ്വസ്ഥരാക്കില്ല.ആരേയും സ്വസ്ഥരാക്കില്ല.
കുട്ടികള്‍ എഴുതി വയ്ക്കും ,അറുമുഖം മദ്യപാനിയായതുകൊണ്ടാണ് അവരുടെ ജീവിതം തകര്‍ന്നതെന്ന്!ഇനി അറുമുഖം തുള്ളി വീശിയില്ലായിരുന്നുവെങ്കിലോ?പ്രശ്നം തീരുമോ? അയാള്‍ പാട്ടുകാരനല്ലല്ലോ.ഇനി അറുമുഖം പാടിയാലും പ്രശ്നം തീരുമോ.ഇല്ല.ഒരു പുരുഷനും ഒരു സ്ത്രീയെ രക്ഷിക്കുവാന്‍ കഴിഞ്ഞെന്നുവരില്ല.കരുത്തരായ അഞ്ചു ഭര്‍ത്താക്കന്മാരുണ്ടായിട്ടും ദൌപതിക്കു മാനം കാക്കുവാന്‍ ഭഗവാനെ വിളിച്ചു പ്രാര്‍ത്ഥിക്കേണ്ടിവന്നില്ലേ? ഇതൊക്കെ അറുമുഖത്തിന്‍റെ പ്രശ്നങ്ങളല്ല.ഒന്നുകഴിയുമ്പോള്‍ മറ്റൊരു പ്രശ്നം ഉയര്‍ന്നുവരും.അറുമുഖം വൃദ്ധനാണ്.ഇനി അറുമുഖം ചെറുപ്പമായിരുന്നുവെങ്കില്‍ ഈ അസ്വസ്ഥതകള്‍ തീരുമോ?
ഇതെല്ലാം വിശദീകരിക്കുവാന്‍ കാള്‍ ജംഗിന്‍റെ സൈക്കോളജിക്കു ഇന്ന് കഴിയും.ഇത് മനസ്സിലാകുന്നതുവരെ ഇതൊക്കെ അറുമുഖന്മാരുടെ കുറ്റമായി കുട്ടികള്‍ പരീക്ഷാപേപ്പറില്‍ എഴുതട്ടെ.
മാധവിക്കുട്ടിയുടെ കഥകളെക്കുറിച്ചുള്ള അസീസിക്കയുടെ വിലയിരുത്തലുകളോട് ഞാനും യോജിക്കുന്നുണ്ട്. മാധവിക്കുട്ടിയുടെ ഈ കഥ പത്താം ക്ലാസ്സ് കുട്ടികള്‍ക്ക് യോജിച്ചതല്ല . പാഠപുസ്തകത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് ആസ്വാദനം നടത്തിയതാണ്. അസംത്രിപ്തമായ ദാമ്പത്യബന്ധമാണ് ഈ കഥയുടെ അടിയോഴുക്കെന്നു ഞാന്‍ സൂചിപ്പിച്ചിട്ടുണ്ട്. മനശാസ്ത്ര വിശകലനങ്ങള്‍ക്ക് അനുസൃതമായി വിലയിരുത്താവുന്ന കഥയാനിതെന്നും. കുട്ടികളുടെ നിലവാരത്തില്‍ നിന്നുകൊണ്ട് ഈ രീതിയില്‍ മാത്രമേ ഈ കഥയെ നോക്കിക്കാണാന്‍ കഴിയൂ. ആറു വര്‍ഷങ്ങള്‍ക്കു മുമ്പ് മാധവിക്കുട്ടിയെ ഇന്റെര്‍വ്യൂ ചെയ്യാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്.മാധവിക്കുട്ടിയെന്ന അപൂര്‍വവ്യക്തിത്വത്തെ അവരുടെ നിഷ്കളങ്കമായ മനസ്സിനെ കാപട്യമില്ലാത്ത തുറന്നുപരച്ചിലുകളെ നേരിട്ടപ്പോള്‍ അതുവരെ മനസ്സിലുണ്ടായിരുന്ന മാധവിക്കുട്ടിയില്‍ നിന്നും അവര്‍ ഒരുപാടു വളര്‍ന്നു. സ്നേഹത്തിന്റെ അര്‍ത്ഥാന്തരങ്ങള്‍അവരുടെ കഥകളുടെ നൊമ്പരങ്ങലാവുന്നതരിഞ്ഞു. മുഖാമുഖത്തില്‍ തുറന്നെഴുതാനാവാത്ത ഒരുപാട് കാര്യങ്ങള്‍ അന്നവര്‍ പങ്കുവച്ചു. സത്യം വിളിച്ചു പറയാന്‍ ഇനിയൊരു മാധവിക്കുട്ടി ഉണ്ടാവുകയുമില്ല. അസീസിക്ക എഴുതിയതുപോലെ മദ്യപാനത്തിന്റെ പ്രശ്നമായും നഗരവല്‍ക്കരനത്തിന്റെ പ്രശ്നമായും തല്‍ക്കാലം കുട്ടികള്‍ ഈ കഥയെ പഠിക്കട്ടെ പിന്നീടുള്ള അവരുടെ വായനയില്‍ മാധവിക്കുട്ടിയെ അവര്‍ കൂടുതല്‍ അറിയട്ടെ. പാഠപുസ്തകങ്ങളുടെ തെരഞ്ഞെടുപ്പില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കട്ടെ .അസീസിക്കയുടെ ദീര്‍ഖമായ അവലോകനത്തിന് നന്ദി. . .
പഠനത്തിന് സഹായകരമായരീതിയില്‍ എഴുതി. നല്ലത്.
കുട്ടികള്‍ക്കുള്ളത് എന്ന് കരുതി മാമൂലുകള്‍
ബോധപൂര്‍വം കടത്തിക്കൊണ്ടുവരേണ്ടതുണ്ടോ എന്നു സംശയം.
മാമൂല്‍ കാപട്യങ്ങളുടെ അപ്പുറത്തുള്ള അനൌപചാരിക ജീവിതത്തിന്റെ
സ്നിഗ്ധതയിലേക്ക് അവരുടെ കല കടന്നുചെല്ലുന്നത് അവര്‍ അറിയേണ്ടേ?
ഈ വഴികളിലൂടെ യാത്രചെയ്തും അവര്‍ ചെല്ലുന്നത് അങ്ങോട്ട് തന്നെയാവും. :)
സുനില്‍ കൃഷ്ണന്‍
അര്‍ത്ഥപൂര്‍ണമായ നിശബ്ദത വായനക്കാരില്‍ ഉയര്‍ത്തുന്ന കോലാഹലം മാധവിക്കുട്ടിയുടെ ഈ കഥയിലും കാണാം.ലഭിക്കാതെ പോയതിനെക്കുറിച്ചുള്ള ദുഖം ഉള്ളിലൊതുക്കിയാലും മനസ്സുകൊണ്ടെങ്കിലും ചെറിയ അംഗീകാരങ്ങള്‍ ലഭിക്കുമ്പോള്‍ ആഹ്ലാദിക്കുന്നവരല്ലേ എല്ലാവരും.ഷംല ടീച്ചറുടെ കഥാപഠനം നന്നായി ആസ്വദിച്ചു.കുട്ടികള്‍ക്ക് നമുക്കറിയാവുന്നതില്‍ കൂടുതല്‍ അറിയാമെങ്കിലും മാധവിക്കുയുടെ സ്ത്രീ കഥാപാത്രത്തെ ക്ലാസ്സില്‍ പൂര്‍ണവിശകലനം സാധ്യമാവില്ല.അറിയാവുന്നതെല്ലാം പറയാതെ ഇടയ്ക്കു നമുക്കു നിശബ്ദരാവാനുള്ള സാധ്യത കഥയിലുണ്ട്.നിശബ്തയില്‍ നിന്നു വായിച്ചെടുത്ത് കുട്ടികള്‍ ജീവിതം പഠിച്ചു തുടങ്ങട്ടെ.ടീച്ചര്‍ക്ക് എല്ലാവിധ അഭിനന്ദനങ്ങളും
പഠനം മികവുറ്റതായിരിക്കുന്നു.
I LIKE IT
Post a Comment