എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Oct 11, 2011

മഴ ശലഭങ്ങള്‍ - 'പ്രണയം' ഒരു കാഴ്ചക്കുറിപ്പ്


മൂന്നു വയസ്സുകാരന്‍ അച്ചുവിന്റെയും എട്ടു വയസ്സുകാരി അഞ്ജുവിന്റെയും കലപിലകള്‍ക്കിടയിലൂടെയെങ്കിലും ബ്ലസിയുടെ 'പ്രണയം' കണ്ടെടുത്തു. കണ്ടവസാനിച്ചപ്പോള്‍ തുടങ്ങി മനസ്സു നടത്തിയ കോലാഹലങ്ങളും കലഹങ്ങളും അടുക്കും ചിട്ടയുമില്ലാതെ പകര്‍ത്തിവയ്ക്കുകയാണ്. ചന്ദനവും മണ്ണും ചേര്‍ന്ന കളറില്‍ എഴുതിവന്ന ഇംഗ്ലീഷിലുള്ള പ്രണയവാക്യങ്ങളും പറന്നുപറ്റിച്ചേര്‍ന്ന ചിത്രശലഭവും തുടക്കത്തിലേ ശ്രദ്ധിച്ചിരുന്നു. ചിത്രം അവസാനിച്ചപ്പോള്‍ ഒരു ശലഭവും ചാറ്റല്‍ മഴയും മനസ്സില്‍ കുടിയേറിയിരുന്നു. അവര്‍ എന്നെ 'തൂവാനത്തുമ്പികളി'ലേയ്ക്കു കൊണ്ടുപോയത് സ്വഭാവികം. 'തൂവാനത്തുമ്പികളി'ല്‍ തുമ്പിയെ കണ്ട ഓര്‍മയില്ല.(ശ്രദ്ധക്കുറവാവാം) മഴ കണ്ടില്ലെങ്കില്‍ പിന്നെ അതു കണ്ടെന്നു പറഞ്ഞിട്ട് എന്തര്‍ത്ഥം? ശാരദക്കുട്ടിടീച്ചര്‍ എഴുതിയപോലെ ജയകൃഷ്ണന്റെ മനസ്സില്‍ മഴയായ് പെയ്യുന്ന ക്ലാരയെ നമുക്കു മറക്കാനാവില്ലല്ലോ.
തൂവാനത്തുമ്പികള്‍ - മഴത്തുമ്പികള്‍ എന്നല്ലേ അര്‍ത്ഥം? പ്രണയത്തിലുമുണ്ട് ഇടയ്കിടെ ഒരു മഴ...... ഗ്രേയ്സും (ജയപ്രദ) അച്യുതമേനോനും (അനുപംഖേര്‍) ആദ്യം കണ്ടു മുട്ടുമ്പോള്‍ മഴപെയ്തു. ചിരിച്ചു കൊണ്ടു മഴ നനയുന്ന അച്യുതമേനോനോട് ഒരു ഇഷ്ടം ഗ്രേയ്സിന് അപ്പഴേ തോന്നുന്നു. 'തൂവാനത്തുമ്പികളി'ല്‍ മഴ തനിയെ പെയ്തപ്പോള്‍ 'പ്രണയ'ത്തില്‍ പറഞ്ഞു പെയ്യിച്ചപോലെ തോന്നി. ബ്ലസിയും പത്മരാജനും തമ്മിലുള്ള വ്യത്യാസം അവിടെയാണ്.
'പ്രണയം' ആര്‍ദ്രമായ ഒരു സിനിമയാണ്. ഇതിലേതാണു പ്രണയം? ഗ്രേയ്സിന് പ്രേമിച്ചു വിവാഹം കഴിച്ച് വേര്‍പിരിഞ്ഞ അച്യുതമേനോനോടുള്ളതോ?......... പക്ഷാഘാതം വന്ന് വീല്‍ചെയറിലെങ്കിലും അവളെ നന്നായി മനസ്സിലാക്കുന്ന ഭര്‍ത്താവ് മാത്യൂസിനോടുള്ളതോ?........ എന്റെ കാഴ്ചപ്പാടില്‍ പ്രണയം ഒരാളോടു മാത്രമേ ഉണ്ടാവൂ... ഇതിലെ പ്രണയം ഗ്രേയ്സും അച്യുതമേനോനും തമ്മിലുള്ളതു തന്നെ. വേര്‍പിരിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വേര്‍പെട്ടു പോകാതിരുന്ന പ്രണയം.....മാത്യൂസും ഗ്രേയ്സും തമ്മിലുള്ളത് പരസ്പരം മനസ്സിലാക്കുന്ന വലിയൊരു ഇഷ്ടമാണ്...... മാത്യൂസ് അസുഖബാധിതനായി മരിച്ചാല്‍ ഗ്രേയ്സ് അച്യുതമേനോനോടൊപ്പം പോകുമോ എന്ന് ചിന്തിച്ചോണ്ടിരുന്നപ്പോഴാണ് അച്യുതമേനോന്റെ ഒരു ചുംബനത്തില്‍ തന്നെ ഗ്രേയ്സ് മരണത്തോടൊപ്പം പോകുന്നത് കണ്ടത്. സിനിമയില്‍ തെരഞ്ഞെടുത്ത കഥാപാത്രങ്ങളുടെ കാര്യത്തില്‍ ബ്ലസ്സിയെ അഭിനന്ദിക്കേണ്ടതു തന്നെ. മറ്റൊരാളെ പകരം ചിന്തിക്കാനാവുന്നില്ല. മാത്യൂസിനെ അവതരിപ്പിക്കുന്ന മോഹന്‍ലാല്‍ പതിവുപോലെ അഭിനയിക്കുകയേ ആയിരുന്നില്ല.
അനുപംഖേറും ജയപ്രദയും അവരുടെ പഴയകാലം അവതരിപ്പിച്ചവരും എല്ലാകഥാപാത്രങ്ങളും അസ്സലായി. .എന്‍.വി.യുടെ മനോഹരമായ ഒരു പ്രണയഗാനം കൂടി കേള്‍ക്കാന്‍ കഴിഞ്ഞു.
വളരെ നാളുകള്‍ക്കു ശേഷമാണ് ഒരു സിനിമാചിന്തയില്‍ മനസ്സു നിറയുന്നത് എന്ന സന്തോഷമാണ് പ്രണയത്തിന്റെ വിജയം. എങ്കിലും ബ്ലസിയുടെ പ്രണയം ഇഷ്ടമാവാഞ്ഞിട്ടല്ല. പത്മരാജനോടുള്ള ഇഷ്ടക്കൂടുതലാവാം കാരണം. പ്രണയത്തിലെ മഴ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ പെയ്തു തീരും... ചിത്രശലഭം കുറച്ചുകാലം തങ്ങി എവിടേയ്ക്കെങ്കിലും പറന്നു പോവും.... പക്ഷേ തൂവാനത്തുമ്പികളില്‍ പെയ്ത മഴ എന്റെ മനസ്സില്‍ പെയ്തുകൊണ്ടേയിരിക്കും..................
- ലീമ വി.കെ
സെന്റ് മേരീസ് എച്ച്. എസ്. മേരികുളം
കട്ടപ്പന

4 comments:

shamla said...

"പ്രണയം" കണ്ടു.പ്രണയം പെയ്തിറങ്ങുന്നതും കണ്ടു. പ്രണയം ഒരു പ്രവാഹമായത് തൂവാനത്തുമ്പികളില്‍ തന്നെ. നല്ല എഴുത്ത് . അഭിനന്ദനങ്ങള്‍

Azeez . said...

പ്രണയം കണ്ടില്ല ടീച്ചറെ.കേരളത്തിലായിരുന്നുവെങ്കില്‍ ഒന്നാം നിരയില്‍ പോയിരുന്ന് കാണുമായിരുന്നു.പ്രണയം എന്നെ ഒരുപാട് പറ്റിച്ച സംഗതിയാണ്.വായിച്ചതു മുതല്‍ പ്രണയത്തിനു മഴയായും മഴത്തുമ്പികളുമായുമുള്ള‌ ബന്ധമെന്ത് എന്നോര്‍ക്കുകയായിരുന്നു.ഇവിടെ മഴയില്ല, മഴത്തുമ്പികളുമില്ല . ഇവിടെ പ്രണയത്തിന്‍റെ ഇമേജസ് എന്താവും? നീലക്കണ്ണിലെ തിളക്കമാകും? അതുമതി മരണം വരെ ഓര്‍ക്കുവാന്‍. പക്ഷേ, ആദ്യപ്രണയത്തിലേ ആ തിളക്കം കാണൂ. പിന്നെയേതാവും? മഞ്ഞുമഴയില്‍ പറന്നുവീഴുന്ന മഞ്ഞുഫ്ലേക്സ് ചുണ്ടില്‍ നിന്നും ഒപ്പിയെടുക്കുന്ന, എത്രപിരിഞ്ഞാലും മറക്കാത്ത ആ ആര്‍ദ്രതയാകും.
ഭാര്യ വിളിച്ചുപറഞ്ഞു.പ്രണയം കണ്ടു, ലീവെടുത്തുപോയി കണ്ടു.
കൊള്ളാം.ഞാന്‍ ചോദിച്ചു, ആരെയാണ് ഇഷ്ടം: വീല്‍ ചെയറില്‍ ആസ്ത്മ പിടിച്ചിരുന്ന് നിന്നെത്തന്നെ നോക്കിയിരിക്കുന്ന ഈ അസീസിനോടോ അതോ ........നോടോ?
ഇത് രണ്ടുമല്ല, ഒരു പുതിയ മഴത്തുമ്പിയോട്. പറഞ്ഞുതീര്‍ന്നതും കാളിംഗ് കാര്‍ഡിന്‍റെ പൈസ തീര്‍ന്നതും ഒരുമിച്ചായിപ്പോയി.
കാത്തിരുന്നുകാണാം.

വില്‍സണ്‍ ചേനപ്പാടി said...

കാത്തുസൂക്ഷിച്ചൊരു കസ്തൂരിമാമ്പഴം കാക്കകൊത്തിപ്പോയ്..എന്നു പറഞ്ഞപോലെയായി പ്രണയം വരുന്നതും കാത്തിരുന്നു.നാലാംദിവസം കട്ടപ്പന സംഗീതായില്‍ ചെന്നപ്പോ പ്രണയോമില്ല..കിടന്നിടത്തു പോസ്റ്ററുപോടുമില്ല.നല്ല സിനിമകളെ നാടുകടത്തുന്നതില്‍‌ ഹൈറെഞ്ചുകാര്‍ മിടുക്കരാണല്ലോ.പ്രണയത്തെക്കുറിച്ചുള്ള റിവ്യുകള്‍ ഒത്തിരി വായിച്ചു
ടീച്ചറിന്റെ കാഴ്ചക്കുറിപ്പ് വ്യത്യസ്തത പുലര്‍ത്തുന്നു.തുവാനതുമ്പികളുമായുള്ള താരതമ്യം നന്നായി.ഭരതനും പത്മരാജനുമൊക്കെ നട്ടിട്ടുപോയ പ്രണയത്തിന്റെ പൂമരം രഞ്ജിത്തും ബ്ലസിയുമൊക്കെക്കൂടി പുഷ്പിക്കുമെന്ന പ്രതീക്ഷയാണ് നമുക്കുള്ളത്.---രഞ്ജത്തിന്റെ
ഇന്ത്യന്‍ റുപ്പി നിരാശപ്പെടുത്തിയില്ല.തിലകന്‍ മഹാനടനാണെന്ന് വീണ്ടും തെളിയിക്കുന്നു.

Anonymous said...

താങ്കളുടെ പ്രണയത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് മിഥ്യയും ബാലിശവുമായി എനിക്കു തോന്നിപ്പോകുന്നു.... ഒരു ബ്ലസി സിനിമയെ പ്രേത്സാഹിപ്പിക്കുകയായിരുന്നു ഉദ്ദേശമെങ്കില്‍ വളരെ ഭംഗിയായി നിര്‍വ്വഹിച്ചു എന്നുവേണം പറയുവാന്‍. മറിച്ച് ഇത്തരത്തിലുള്ള ബ്ലോഗറില്‍ പ്രണയത്തെക്കുറിച്ച് പറയുമ്പോള്‍ കുറച്ച് സത്യസന്ധത ആകാമായിരുന്നു....