രുദിതാനുസാരിയാണ് കവിത. ആദ്യ കാവ്യം തന്നെ ശോകത്തെ പിന്തുടര്‍ന്നാണല്ലോ ഉണ്ടായത്. കരുണരസം മനുഷ്യമനസ്സിനെ മഥിയ്ക്കുന്നു. തന്റെ ആത്മാവിഷ്കാരം അനുവാചകനിലും സമാനഭാവം ഉളവാക്കുമ്പോഴാണ് കവിത വിജയിക്കുന്നത്. റഫീക്ക് അഹമ്മദിന്റെ തോരാമഴ ആസ്വാദകര്‍ നെഞ്ചോടുചേര്‍ത്തുവയ്ക്കുന്ന ഉള്ളുലയ്ക്കുന്ന അനുഭവമായി മാറുന്നു.
ഉമ്മുക്കുലുസു മരിച്ച രാത്രിയിലെ തീവ്രമായ ദുഃഖമാണ് 'തോരാമഴ'യായി പെയ്തിറങ്ങുന്നത്. ഉറ്റവരൊക്കെയും പോയിട്ട് ഒറ്റയ്ക്കായ ഉമ്മയുടെ ദുഃഖം. ഉമ്മയുടെ ദുഃഖം തീവ്രമായി നമ്മെ
കവി അനുഭവിപ്പിക്കുന്നു. ഉമ്മുക്കുലുസു തന്നെ തനിച്ചാക്കി പോയിഎന്നത് ഉള്‍ക്കൊള്ളാന്‍ പോലും ഉമ്മയ്ക്ക് ആവതില്ല. അല്പം ആശ്വാസം തോരാമഴയില്‍ നിന്ന് അവള്‍ക്ക് ലഭിക്കാന്‍ മണ്ണട്ടിമേലെ വില്ലൊടിഞ്ഞ പുള്ളിക്കുട നിവര്‍ത്തിവയ്ക്കുന്ന രംഗം പണ്ട് മാമ്പഴം മകനായി കൊണ്ടുവച്ച അമ്മയെപ്പോലെ മലയാളിയുടെ കണ്ണു നനയ്ക്കുന്നു.
മാതൃദുഃഖത്തിന്റെ വേദന
മകള്‍ തന്നെ വിട്ടുപോയ രാത്രിയില്‍ അമ്മ അനുഭവിക്കുന്ന ദു:ഖത്തിന്റെ തീവ്രത വാക്കുകളിലൂടെ അനുഭവിച്ചറിയാം, തോരാമഴ വായിയ്ക്കുമ്പോള്‍. ഉമ്മ തനിച്ചാണ് പുറത്തുനില്‍ക്കുന്നത്. ശൂന്യമായിത്തീര്‍ന്ന മുറ്റം. പണ്ട് ഉമ്മുക്കുലുസു നട്ട ചെമ്പകച്ചോടോളം വന്നുനിന്ന ഇരുട്ട് കൊച്ചുവിളക്കിന്റെ നേരിയ കണ്ണീര്‍വെളിച്ചം തുടച്ചുനില്‍ക്കുകയാണ്. കവിയുടെ പ്രതിഭാശക്തിയുടെ മിന്നലാട്ടം നമുക്ക് ഈ പ്രയോഗത്തില്‍ കാണാം. അപൂര്‍വവസ്തു നിര്‍മ്മാണ ക്ഷമമാണല്ലോപ്രതിഭ. ചിമ്മിനിക്കൊച്ചുവിളക്ക് എന്ന പ്രയോഗത്തിലൂടെ വ്യഞ്ജിക്കുന്ന കുട്ടിത്തം മാത്രമല്ല; വെളിച്ചത്തിന്റെ കണ്ണീര് ഇരുട്ട് തുടയ്ക്കുന്നു എന്ന കല്പനയുടെ ഭംഗിയും കൂടി ആകുമ്പോഴാണ് അത് പൂര്‍ണമാകുന്നത്. ഉമ്മയുടെ ദുഃഖം സാന്ദ്രമാവുന്നു, ഈപ്രയോഗത്തിലൂടെ. പുള്ളിക്കുറിഞ്ഞിയുടെ 'നിസ്സംഗത' ദു:ഖത്തിന്റെ കാഠിന്യത്താലാണ് എന്ന് നമുക്ക് മനസ്സിലാവുന്നുണ്ട്. തന്റെ പ്രിയപ്പെട്ടവള്‍ ഇല്ലാതിരിക്കുന്നതുകൊണ്ടാവാം അത് ഉമ്മയെ തനിച്ചാക്കി കല്ലുവെട്ടാംകുഴിയിലേയ്ക്ക് പോകുന്നത്. കാറ്റ് അയക്കോലിലിട്ട അവളുടെ ഉടുപ്പ് തട്ടിനോക്കി തിരിച്ചുപോകുന്നു. ഉമ്മക്ക് വര്‍ദ്ധിതമാകുന്ന ദുഃഖവും ഒറ്റപ്പെടലും അനുഭവപ്പെടുത്തുന്ന പ്രയോഗങ്ങള്‍ തന്നെയാണിതെല്ലാം.
താന്‍ എല്ലാം സഹിച്ച് മക്കള്‍ക്കെല്ലാം നല്കുന്ന നിസ്വാര്ത്ഥതയാണല്ലോ മാതൃത്വത്തിന്റെ സവിശേഷത. ഇവിടെ മരിച്ചുപോയ തന്റെ മകള്‍ നനയാതിരിക്കുവാനുള്ള അമ്മയുടെ കരുതല്‍ നമ്മുടെ മനസ്സില്സങ്കടക്കടല് തീര്‍ക്കുന്നു.
തോരാമഴ എന്ന പ്രതീകം.
തലക്കെട്ടിലൂടെ തന്നെ കണ്ണീര്‍മഴ പെയ്യിയ്ക്കാന്‍ കവിയ്ക്ക് സാധിച്ചിരിക്കുന്നു. പെയ്തൊഴിയാത്ത മാതൃദുഃഖം തന്നെയാണിത്. അമ്മയുടെ നഷ്ടത്തിന്റെ തീവ്രാനുഭവം വായനക്കാരിലേയ്ക്ക് പകരാനായി പെരുമഴ തീര്‍ന്നില്ല എന്ന വരികള്‍ ശക്തമാണ്. ആ ദുഃഖത്തിന്റെ പെരുമഴയിലും മകള്‍ നനയരുതെന്നാണ് അമ്മ ചിന്തിക്കുന്നത്.
"വില്ലൊടിഞ്ഞെന്ന് ചിണുങ്ങിടാറുള്ളൊരാ
പുള്ളിക്കുടചെന്നെടുത്തുപാഞ്ഞു
പള്ളിപ്പറമ്പില്‍ പുതുതായ് കുമിച്ചിട്ട
മണ്ണട്ടിമേലെ നിവര്‍ത്തിവച്ചു"
ആറ്റിക്കുറിക്കി ഇവിടെ കവി പറഞ്ഞുവെച്ചതെന്തല്ലാമാണ്! കുട്ടികളുടെ സഹജഭാവം പുള്ളിക്കുടയിലേയ്ക്ക് സംക്രമിച്ചപ്പോള്‍ വിശേഷധ്വനി തന്നെ കൈവന്നു. കുട്ടിയെ സംസ്ക്കരിച്ച സ്ഥലം എന്നുപറയാതെ പുതുതായ് കുമിച്ചിട്ട മണ്ണട്ടി എന്നു സൂചിപ്പിച്ചതിലെ ഔചിത്യം ശ്രദ്ധേയം തന്നെ. 'തോരാമഴ' ഒരിയ്ക്കലും മാതൃദുഃഖം തീരില്ലെന്ന സത്യത്തെ ഒരിക്കല്‍ക്കൂടി ഉറപ്പിക്കുന്നു.
കവിത്വത്തിന്റെ ധന്യത
പരത്തിപ്പറയുമ്പോള്‍ കവിതയുടെ ആത്മാവ് നഷ്ടപ്പെടുന്നു. ഒരുവാക്ക് അനേകം അര്‍ത്ഥതലങ്ങള്‍ ധ്വനിപ്പിക്കുമ്പോള്‍ വാക്കിന്റെ പ്രകാശം സഹൃദയരുടെ മനസ്സിലേയ്ക്കുമെത്തും. ചെമ്പകച്ചോടോളം ഇരുട്ട് വന്നു, ചിമ്മിനിക്കൊച്ചുവിളക്കിന്റെ നേരിയ കണ്ണീര്‍വെളിച്ചം, ഇത്തിരിപ്പിഞ്ഞിയ കുഞ്ഞുടുപ്പില്‍ ചുറ്റിക്കറങ്ങി നടക്കുന്ന കാറ്റൊന്നുതട്ടിനോക്കി, വില്ലൊടിഞ്ഞെന്നു ചിണുങ്ങിടാറുള്ളൊരാ പുള്ളിക്കുട – എടുത്തുപറയാവുന്ന പ്രയോഗങ്ങള്‍ കവിത മുഴുവനുമാകുന്നു. ഇവിടെ നമ്മള് നേരായ കവിതയെ കണ്ടുമുട്ടുകയാണ്. ചിമ്മിനിക്കൊച്ചുവിളക്കിന്റെ നേരിയ കണ്ണീര്വെളിച്ചത്തിലൂടെ വെളിച്ചം കണ്ണീര് നിറഞ്ഞതായി മാറുന്നു. വെളിച്ചത്തിനു ദുഃഖം! കൊച്ചു ചിമ്മിനിവിളക്ക് എന്നു പറയാതെ ചിമ്മിനിക്കൊച്ചുവിളക്ക് എന്നു പറഞ്ഞപ്പോഴുണ്ടായ ശൈശവഭാവം, ഉമ്മുക്കുലുസുനട്ട ചെമ്പകച്ചോടോളം ഇരുട്ടുവന്നു എന്നുപറഞ്ഞപ്പോഴുണ്ടായ ഇരുട്ടിന്റെ ഘനീഭാവം, ഇത്തിരിപ്പിഞ്ഞിയ കുഞ്ഞുടുപ്പും, വില്ലൊടിഞ്ഞെന്നുചിണുങ്ങുന്ന പുള്ളിക്കുടയും ധ്വനിപ്പിക്കുന്ന ദാരിദ്ര്യം കവി, കടലോളം കണ്ണീര് നമ്മളില്‍ നിറച്ചത് ഭാവസമ്പന്നമായ ഈ പ്രയോഗങ്ങളിലൂടെയാണ്.
'മാമ്പഴ'ത്തോടൊപ്പമീ 'തോരാമഴ'
സഹൃദയനായ മലയാളിയെ ഏതുകാലത്തും കണ്ണിരണിയിയ്ക്കുന്ന കവിതയാണ് മാമ്പഴം അത്രത്തോളം തന്നെ ഇമ്പം ഈ തോരാമഴയും നമുക്കുനല്കുന്നു.
മാമ്പഴത്തില്‍ അമ്മയ്ക്ക് കുഞ്ഞിന്റെ പരലോക ജീവിതത്തെക്കുറിച്ചുള്ള സങ്കല്പങ്ങള് ആശ്വാസമായുണ്ട്. എന്നാല്‍ ഇതില്‍ മകളുടെ മരണം ഒറ്റയ്ക്ക് അനുഭവിച്ചുതീര്‍ക്കുകയാണ് ഈ അമ്മ. വൈകാരികത തീവ്രമായി മാറുന്നു ഇവിടെ.
'പട്ടുടുപ്പ്' എന്ന കവിതയിലും വൈലോപ്പിള്ളി ഇതേപ്രമേയം കൈകാര്യം ചെയ്യുന്നുണ്ട്.
"ഒരുകുഞ്ഞുടുപ്പിനെ -
ത്തന്മടിത്തടത്തില് ചേ-
ര്ത്തുരുകും മിഴികളാ-
ലുറ്റുനോക്കുന്നൂ പാവം"
എന്നിങ്ങനെ മാതൃദുഃഖത്തിന്റെ ആഴം ഈ കവിതയിലും കാണാം.
മാതൃദുഃഖം സ്ഥലത്തേയും കാലത്തേയും അതിവര്‍ത്തിക്കുന്നു. അതുകൊണ്ടുതന്നെ ഏതുകാലത്തും എവിടേയും പ്രസക്തമായി നില്ക്കാന് ഈ കവിതകള്ക്കാവുന്നു. റഫീക്ക് അഹമ്മദിന്റെ ലളിതമായ, എന്നാല്‍ ധ്വന്യാത്മകമായ വരികള്‍ കവിതയെ കുറിയതാക്കുകയും കവിത്വത്തെ പാരമ്യത്തിലെത്തിയ്ക്കുകയും ചെയ്തിരിക്കുന്നു. തീക്ഷ്ണമായ ദുഃഖത്തിന്റെ കറുപ്പ് ആസ്വാദകന്റെ മനസ്സിനെ നീറ്റി വെളിച്ചത്തിലേക്കു കൊണ്ടുവരുന്നു.
സി. മായാദേവി
G.H.S.S നാമക്കുഴി
14 comments:
വളരെ നല്ലത്
Maya teacher, very good kavithapadanam.
നല്ല പഠനം ! തോരാമഴ പോലെ ഇതും വായനക്കാരിലേക്ക് പെയ്തിറങ്ങും ! ആശംസകള്‍!
നന്നായി.....
kanneervelicham vishadeekarikkumallo
padanamnannayi
Nalla padanam!!!
ഇനിയും ഇത്തരം എഴുത്തുകൾ തുടരാൻ കഴിയട്ടെ....
ഇനിയും ഇത്തരം എഴുത്തുകൾ തുടരാൻ കഴിയട്ടെ....
നല്ല പഠനം
👍🏻
നന്നായി മനസ്സിലാക്കാൻ സാധിച്ചു.. ഒരുപാട് നന്ദി.. ഇനിയുമൊരുപാട് എഴുതാൻ സാധിക്കട്ടെ
വളരെ നന്നായിട്ടുണ്ട് ❤❤💜💙
Nanni❤️❤️
Nice
Post a Comment