ഹൈസ്ക്കൂള്‍ ക്ലാസ്സുകളിലെ പാഠപുസ്തകങ്ങള്‍ മാറിത്തുടങ്ങിയിട്ട് ഇത് നാലാം അദ്ധ്യയനവര്‍ഷം. പാഠപുസ്തകത്തെ അടിസ്ഥാനമാക്കി പരിശീലനങ്ങള്‍ നടന്നു നടന്നില്ല എന്ന മട്ടില്‍ അവസാനിച്ചു. തുടര്‍പരിശീലനങ്ങള്‍ ഇല്ലേ ഇല്ല. മുന്‍കാലങ്ങളില്‍ പാഠ്യപദ്ധതിയും പാഠപുസ്തകവും മാറുമ്പോള്‍ മൂല്യനിര്‍ണ്ണയസമീപനം പരിശീലനങ്ങളിലൂടെയോ മൂല്യനിര്‍ണ്ണയ രൂപരേഖകളിലൂടെയോ അദ്ധ്യാപകരെ അറിയിക്കാറുണ്ടായിരുന്നു. ഇത്തവണത്തെ പരിഷ്കരണത്തില്‍ മൂല്യനിര്‍ണ്ണയം ഗൗരവമുള്ള ഒരു വിഷയമായി ആരും കണ്ടില്ല എന്നുതോന്നുന്നു. പത്താംതരത്തിലെ ഒരു പൊതുപരീക്ഷ കഴിഞ്ഞു. പരീക്ഷയ്ക്ക് തൊട്ടുമുമ്പ് മൂല്യനിര്‍ണ്ണയപ്രവര്‍ത്തനങ്ങളുടെ ഒരുശേഖരം എസ്. സി. ഇ. ആര്. ടി. പുറത്തിറക്കി. അദ്ധ്യാപകരോ വിദ്യാര്‍ത്ഥികളോ അത് കാര്യമായി പരിഗണിച്ചില്ല. പരിഗണിച്ചിരുന്നെങ്കിലും എസ്. എസ്. എല്‍. സി. മലയാളം പരീക്ഷയ്ക്ക് വലിയ പ്രയോജനമൊന്നും കിട്ടുമായിരുന്നെന്നു തോന്നുന്നില്ല. കഴിഞ്ഞ വര്‍ഷത്തെ ഒന്നാം ടേം, രണ്ടാം ടേം, മോഡല്‍, എസ്. എസ്. എല്‍. സി., സേ പരീക്ഷകളും ഈ വര്‍ഷത്തെ ഒന്നാം ടേം പരീക്ഷയും വിശകലനം ചെയ്താല്‍ ഈ ചോദ്യപ്പേപ്പറുകളൊന്നും ഒരു പൊതു സമീപനം സ്വീകരിച്ചിട്ടുള്ളതായി കരുതാനാവില്ല.
ഈ അദ്ധ്യയനവര്‍ഷത്തിലെങ്കിലും വ്യക്തമായ ഒരു മൂല്യനിര്‍ണ്ണയ സമീപനം രൂപീകരിച്ചിരുന്നെങ്കില്‍ അദ്ധ്യാപനവും അദ്ധ്യയനവും സുഗമമാകുമായിരുന്നു. ആര് ആരോട് എന്ത് പറയാന്‍ അല്ലേ.....
പദങ്ങളിലേയ്ക്കും അവയുടെ അര്‍ത്ഥം, സമസ്തപദം, വിഗ്രഹം എന്നിങ്ങനെയുള്ള കാര്യങ്ങളിലേയ്ക്കും ചോദ്യകര്‍ത്താക്കളുടെ ശ്രദ്ധ തിരിയുന്ന പുതിയ പ്രവണത ഭാഷാപഠനത്തെ സംബന്ധിച്ച് നല്ലതുതന്നെ. ഒളിഞ്ഞും മറഞ്ഞും കഴിഞ്ഞ വര്‍ഷം ചോദ്യപ്പേപ്പറില്‍ നാണിച്ചുനിന്ന 'സമാസം' ഈ വര്‍ഷം ചോദ്യപ്പേപ്പറിന്റെ ഉമ്മറത്ത് ചാരുപടിയില്‍ കാലിന്മേല്‍ കാലും കയറ്റിവച്ചിരിക്കുന്ന കാഴ്ച എല്ലാ അദ്ധ്യാപക സുഹൃത്തുക്കളും കണ്ടുകാണുമല്ലോ.
സമാസം പഠിക്കാനും പഠിപ്പിക്കാനും സഹായകമായേക്കാവുന്ന ഒരു ഒരുപ്രസന്റേഷന്‍ ഇതോടൊപ്പം ചേര്‍ക്കുന്നു. .odp ഫോര്‍മാറ്റിലും .pdf ഫോര്‍മാറ്റിലും താഴെയുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡുചെയ്യാം.
11 comments:
ലളിതം.പ്രയോജനപ്രതം.
എനിക്ക് വളരെ പ്രയോജനപ്പെട്ടു.
നന്ദി.
വാക്കുകള്‍ ഞാനുറക്കെ വായിച്ചു, കുട്ടികളെന്നപോലെ.അപ്പോള്‍ ഒരു സംശയം വന്നു.അത് അറിവിനായി ചോദിക്കുന്നു.
സമസ്തപദത്തിലെ വാക്കുകള്‍ തന്നെ മുറിച്ചെടുത്ത് പൂ൪വ്വപദമായും ഉത്തരപദമായും ഉപയോഗിക്കുന്നതു കാണാറുണ്ട്.സമാസത്തിന്‍റെ നിയമങ്ങള്‍ ബാധകമാകുമ്പോള്‍ സമാസം ഒഴിവാക്കി ഇങ്ങിനെ എഴുതുന്നത് ശരിയാണോ?
ഉദാഹരണം:
കുസുമസൌരഭമേറ്റ് അവനിരുന്നു എന്നത് കുസുമ സൌരഭമേറ്റ് അവനിരുന്നു.
വീട്ടുവാടക ഇപ്പോള്‍ ഇരട്ടിയായി എന്നത് വീട്ടു വാടക ഇപ്പോള്‍ ഇരട്ടിയായി.
അവരുടെ വിമ൪ശനശൈലി ഒന്നുവേറെ തന്നെയാണ് അവരുടെ വിമ൪ശന ശൈലി ഒന്നു വേറെ തന്നെയാണ്.
എന്തുചോദിച്ചാലും അവള്‍ കൈനഖം കടിച്ചുകൊണ്ടിരിക്കും എന്നത് ...അവള്‍ കൈ നഖം കടിച്ചുകൊണ്ടിരിക്കും.
വിമ൪ശനശൈലി എന്നത് വിമ൪ശന ശൈലി,
സമഗ്രജീവിതം എന്നത് സമഗ്ര ജീവിതത്തിന്‍റെ ഉടമയായ അയാള്‍
മാനവകുലത്തിനപമാനമാണ് എന്നത് മാനവ കുലത്തിനപമാനമാണ്.
രണ്ടാമത്തെ സംശയം വിഗ്രഹം prose ഉം അത് സമസ്തപദത്തിലാകുമ്പോള്‍ കാവ്യവുമായി മാറുമോ?
ഉദാഹരണം ഹാ വരൂ പ്രിയേ കുസുമസൌരഭമുള്ളവളേ എന്നത്
ഹാ വരൂ കുസുമത്തിന്‍റെ സൌരഭമുള്ളവളേ എന്നാകുമ്പോള്‍ സൌരഭം നഷ്ടപ്പെടുന്നതുപോലെ.
പ്രാണനാഥാ, ചാരുരൂപാ എന്നതിലെ പ്രാണനാഥാ, ചാരുവായ രൂപത്തോടുകൂടിയവനേ എന്ന വിളിയില്‍ ഏത് പ്രാണനാഥനും ഓടിക്കളയുന്നു.
സംശയം മാത്രമാണ്.
സമസ്തപദങ്ങള്‍ ഒരുമിച്ചു തന്നെയാണ് വരേണ്ടത്.വീട്ടുവാടക,വിമര്‍ശനശൈലി,കൈനഖം,സമഗ്രജീവിതം,മാനവകുലം
എന്നിങ്ങനെ ചേര്‍ത്ത് തന്നെ വരണം. പ്രൂഫിലും അച്ചടിയിലും പലപ്പോഴും ഇത് ശ്രദ്ധിക്കാറില്ല.
സമസ്തപദം ഗദ്യത്തിലും പദ്യത്തിലും ആവാം. ഗദ്യത്തെ കാവ്യാത്മകമാക്കുന്നതു സമസ്തപദങ്ങള്‍ കൂടി ചേര്‍ന്നാണ്. ചാരുരൂപാ എന്ന് വിളിച്ചാലേ പ്രാണനാഥന് സ്നേഹം തോന്നൂ.ചാരുശീലേ എന്ന വിളിയായിരിക്കും പ്രാണനാഥക്കുമിഷ്ടം . നല്ല ഗദ്യം പദ്യത്തെക്കാള്‍
സുന്ദരമാകുന്നതു ഇത്തരം പ്രയോഗങ്ങള്‍ സൃഷ്ടിക്കുന്ന ഭാവഘടന കൊണ്ടാണല്ലോ.
ഇതുമായി ബന്ധപ്പെട്ട മറ്റൊന്ന് കൂടി. കോമ മാറ്റിയിട്ടു വായിച്ചാല്‍ അര്‍ഥം മാറുന്നതിനു എപ്പോഴും പറയാറുള്ള ഒരു ഉദാഹരണം.
'എന്റെ മുഖത്തു നോക്കി ഇത് പറയാന്‍ നിനക്ക് എങ്ങനെ ധൈര്യം വന്നു'[ഓരോ വാക്കിനും മാറ്റി മാറ്റി കോമയിട്ടു വായിച്ചു നോക്കുക]
കവിതയില്‍ സമസ്തപദങ്ങള്‍ കൂടുതല്‍ കാണാന്‍ പലകാരണങ്ങളുണ്ട്. ഒന്നാമതായി താളം തന്നെ. കവിത വൃത്താനുസൃതമായി എഴുതിയിരുന്ന കാലത്ത് സമസ്തപദങ്ങള്‍ ഒരു അനിവാര്യഘടകമായിരുന്നു.
അക്ഷരസംഖ്യ ക്രമീകരിക്കാനും മാത്ര കണക്കാക്കാനും കവികളും കവിതാസ്വാദകരും മെനക്കെടാത്ത ഇക്കാലത്തും സമസ്തപദങ്ങള്‍ പരിഗണിക്കപ്പെടുന്നുണ്ടല്ലോ എന്നാണെങ്കില്‍ അതിന് മറ്റൊരുകാരണമുണ്ട്. പദങ്ങള്‍ പിരിഞ്ഞിരിക്കുമ്പോഴും സമസിച്ചിരിക്കുമ്പോഴും വ്യത്യസ്ത അര്‍ത്ഥഭാവതലങ്ങളാവും ഉണര്‍ത്തുക. 'അമ്പലച്ചെണ്ട', 'അമ്പലത്തിലെ ചെണ്ട' എന്നിവ ഉണര്‍ത്തുന്ന അര്‍ത്ഥതലങ്ങള്‍ തികച്ചും വ്യത്യസ്തമാണല്ലോ. സമാസത്തില്‍ പങ്കെടുക്കുന്ന പദങ്ങളുമായി അര്‍ത്ഥതലത്തില്‍ നേരിട്ടുള്ള ബന്ധം സമസിച്ചുകഴിയുമ്പോള്‍ ഉണ്ടാകണമെന്നില്ല. സംസ്കൃതത്തിലെ 'ബഹുവ്രീഹി' സമാസം നോക്കുക.
'പ്രാണനാഥാ..' എന്ന സംബോധനയുടെ പൂര്‍ണ്ണഭാവം 'പ്രാണന്റെ നാഥാ..' എന്ന വിളിയ്ക്ക് ഉണ്ടാവുകയില്ല എന്ന് മുമ്പ് ചൂണ്ടിക്കാണിച്ചിട്ടുണ്ടല്ലോ. കവിതയിലെ സമസ്തപദങ്ങളുടെ ധാരാളമായ ഉപയോഗത്തിന് ഈ ഭാവവിനിമയക്ഷമതയും ഒരുകാരണമാണ്.
സ്ക്കൂളിലും ബാങ്കിലും അകത്തും പുറത്തുമായി അലഞ്ഞുതിരിയാന്‍ വിധിക്കപ്പെട്ടിരിക്കുന്ന എല്ലാ അദ്ധ്യാപകജന്മങ്ങള്‍ക്കും അദ്ധ്യാപകദിനത്തിന്റെ അഭിവാദ്യങ്ങള്‍
നന്ദി ഗുരുക്കന്മാരേ.
അദ്ധ്യാപകദിനത്തിന്‍റെ ആശംസകള്‍.
നിങ്ങള്‍ എന്‍റെ ലോകം മാറ്റിയെടുത്തു.
വഴി തുറന്നു.
നിങ്ങള്‍ എന്‍റെ കാഴ്ചയായി.
മുളയാണോ പടുമുളയാണോ എന്നറിയുവാന്‍ ദശാബ്ദങ്ങള്‍ കാത്തിരിക്കണമെന്നറിഞ്ഞിട്ടും നിങ്ങള്‍ എന്നില്‍ ജലമിറ്റിച്ചുകൊണ്ടിരുന്നു.
അലഞ്ഞുതിരിയുവാന്‍ വിധിക്കപ്പെട്ട അദ്ധ്യാപകജന്മങ്ങളല്ല നിങ്ങളുടേത്;
നിങ്ങള്‍ തലമുറയെ കടത്തിവിട്ട പാലങ്ങളായിരുന്നു. കസാന്‍ദ്സാക്കീസ് പറഞ്ഞപോലെ നിങ്ങള്‍ നിങ്ങളുടെ പാലത്തിന്‍റെ പതനം സന്തോഷത്തോടെ സ്വീകരിക്കുന്നവരാണ്.
നന്ദി ഗുരുക്കന്മാരേ.
വൈകിയെങ്കിലും,
അദ്ധ്യപകദിനാശംസകൾ
അറിയിക്കുന്നു.
ഉപകരപ്രദമായ പോസ്റ്റ്.
ശ്ലാഘനീയം. ഏതാനും വികല്പങ്ങള്‍ ശ്രദ്ധിച്ചാലും
വിദ്യാഭ്യാസത്തിന്റെ ചെലവ് വിഗ്രഹിക്കുമ്പോള്‍ ,വിദ്യാഭ്യാസം ചെയ്യാന്‍ വേണ്ടിവരുന്ന ചെലവ് എന്നു വരില്ലേ ? അപ്പോള്‍ സമാസവും മാറില്ലേ ? വീട്ടുവാടകയും വിമര്‍ശനശൈലിയും ഇപ്രകാരം വിഗ്രഹിക്കാന്‍ കഴിയില്ലേ ? കൈനഖം കൈയിലെ (യ ഇരട്ടിക്കാതെ)എന്നു പോരേ ? അതുപോലെ, വിയദങ്കണം വിയത്(ത്ത്)ആകുന്ന അങ്കണമല്ലേ ? വിയദമാകുന്ന എന്നുവേണോ ?
കേരളപാണിനി തന്നെ പറഞ്ഞപോലെ, വികല്പേന അങ്ങനെയും വരാം അല്ലേ?
ഉദ്യമത്തിന് ഒരിക്കല്‍കൂടി ആശംസകള്‍ !
ശ്ലാഘനീയം. ഏതാനും വികല്പങ്ങള്‍ ശ്രദ്ധിച്ചാലും
വിദ്യാഭ്യാസത്തിന്റെ ചെലവ്- വിഗ്രഹിക്കുമ്പോള്‍ ,വിദ്യാഭ്യാസം ചെയ്യാന്‍ വേണ്ടിവരുന്ന ചെലവ് എന്നു വരില്ലേ ? അപ്പോള്‍ സമാസവും മാറില്ലേ ? വീട്ടുവാടകയും വിമര്‍ശനശൈലിയും ഇപ്രകാരം വിഗ്രഹിക്കാന്‍ കഴിയില്ലേ ? കൈനഖം കൈയിലെ (യ ഇരട്ടിക്കാതെ)എന്നു പോരേ ? അതുപോലെ, വിയദങ്കണം വിയത്(ത്ത്)ആകുന്ന അങ്കണമല്ലേ ? വിയദമാകുന്ന എന്നുവേണോ ?
കേരളപാണിനി തന്നെ പറഞ്ഞപോലെ, വികല്പേന അങ്ങനെയും വരാം അല്ലേ?
ഉദ്യമത്തിന് ഒരിക്കല്‍കൂടി ആശംസകള്‍ !
ഉപകാരപ്രദമായ പോസ്റ്റിന് നന്ദി.
ആമുഖത്തില്‍ ചര്‍ച്ചചെയ്ത കാര്യങ്ങള്‍ പ്രസക്തമാണ്.
ഓരോ പരീക്ഷക്കും വ്യത്യസ്തസമീപനങ്ങള്‍ സ്വീകരിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
സമാസവും സന്ധിയുമൊക്കെ പുതുതലമുറയ്ക്ക് അന്യമാവുമ്പോള്‍ ഭാഷയുടെ ആഴവും സൗന്ദര്യവുമൊക്കെ ഇല്ലാതാകുന്നു.സമാസസംബന്ധമായ ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ക്കും വണക്കം.
്
need some exercises related to samasam
Post a Comment