എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Jan 13, 2013

ഒരു വിധികര്‍ത്താവിന്റെ വിധി വിളയാട്ടങ്ങള്‍ - വില്‍സണ്‍ ചേനപ്പാടി




ഒക്ടോബര്‍ നവംബര്‍ മാസങ്ങള്‍ സ്കൂള്‍ കലാമേളകളുടെ കാലം. വാള്, പരിച, ദഫ്, കുണുക്ക്, കസവുമുണ്ട് ഇത്യാദി ടൂള്‍സുകളുമായി കലയാശാന്‍മാര്‍ ഇരതേടാനിറങ്ങുന്ന കാലം. പെരുമ്പാമ്പിന് വല്ലപ്പേഴും ഇരയെ കിട്ടുന്ന പോലെയാണ് ഇക്കൂട്ടര്‍ക്ക് മേളക്കാലം. രക്ഷകര്‍ത്താക്കളെയും സ്കൂളുകളെയും സമൂലം വിഴുങ്ങിയിട്ടു വേണം അടുത്ത സീസണ്‍ വരെ പിടിച്ചു നില്‍ക്കാന്‍. എന്നാല്‍ മാര്‍ഗ്ഗംകളി, കോല്‍കളി തുടങ്ങി സര്‍വ്വമാന കളികളും; പുതുതായി തുടങ്ങിയ ഉറുദു പദ്യം ചൊല്ലല്‍ മുതല്‍ വള്ളംകളിപ്പാട്ടു വരെ മൊത്തമായും ചില്ലറയായും പിടിച്ചിട്ടും - കടലും കടലാടിയും തിരിയാത്ത ചില ജഡ്ജുകളുടെ ഒടുക്കത്തെ വിധികൊണ്ട് ഗ്രേഡൊന്നും കിട്ടാതെ അന്തര്‍ധാനം ചെയ്ത ചില കലആശാന്‍മാരുമുണ്ട്. അത്തരം കലാകുരുക്കന്‍മാരുടെ സ്മരണയ്ക്കുമുമ്പില്‍ അപ്പീല്‍പൂക്കള്‍ അര്‍പ്പിച്ചുകൊണ്ട് ഈയുള്ളവന്റെ ജീവിതത്തിലെ ചില വിധി വിളയാട്ടങ്ങളെപ്പറ്റി ഉപന്യസിക്കട്ടെ.
പത്തുപതിനഞ്ചു വര്‍ഷം മുമ്പു നടന്ന സംഭവമാണ്. ഒരു അണ്‍ എയ്ഡഡ് ഉസ്കൂളില്‍ 750 ഉറുപ്പികയ്ക്കു തൊണ്ടയും മണ്ടയും തീറെഴുതി മാഷായി വിലസുന്ന കാലം. അടുത്ത മുറിയില്‍ താമസിക്കുന്ന പഞ്ചായത്ത് സെക്രട്ടറി കാരൂര്‍കഥകളുടെ ആരാധകനാകായാല്‍ ദാരിദ്ര്യം കണ്ടറിഞ്ഞ് അവധിദിവസങ്ങളില്‍ ചില 'പണികള്‍' ഒപ്പിച്ചു തന്നിരുന്നു. അങ്ങനെയാണ് പഞ്ചായത്ത് മേള എത്തുന്നത്. പ്രസംഗത്തിന്റെ ജഡ്ജായി എന്നെ അദ്ദേഹം ഉള്‍പ്പെടുത്തി. ഒരു കവറിനുള്ളില്‍ നൂറിന്റെ ഒരു താളും ഉച്ചക്കുള്ള ഊണുമെന്ന കനത്ത റെമുണറേഷനെപ്പറ്റി കേട്ടപ്പോതന്നെ എന്നിലെ വിധികര്‍ത്താവ് വിജൃംഭിതനായി. പണ്ട് ഏഴാം ക്ലാസിലെ ക്ലാസ് മീറ്റിംഗില്‍ അമ്മിണിടീച്ചറിന്റെ നിര്‍ബന്ധത്തിനു വഴങ്ങി അച്ചടക്കത്തെപ്പറ്റി ഒരു പ്രസംഗം നടത്തിയ കാര്യം ഞാന്‍ രോമാഞ്ചത്തോടെ ഓര്‍ത്തു. എന്റെ ആദ്യത്തെയും അവസാനത്തെയും സംരംഭം. അല്ലെങ്കിലും മൈക്കിനു മുന്നില്‍ പ്രസംഗിക്കുക ക്യാമറയ്ക്കു മുമ്പില്‍ പ്രസവിക്കുക എല്ലാവര്‍ക്കും പറഞ്ഞിട്ടുള്ള കാര്യമല്ലല്ലോ..

മേളദിവസമെത്തി ഞാനും എന്നെപ്പേലെ പോഷകാഹാരത്തിന്റെ കുറവു തോന്നിക്കുന്ന മറ്റൊരു ജഡ്ജും നിര്‍ദേശിക്കപ്പെട്ടിരിക്കുന്ന ഇരിപ്പിടങ്ങളില്‍ ഉപവിഷ്ടരായി. അഞ്ചു പേരെ പ്രസംഗിക്കാനെത്തിയുള്ളു. പഞ്ചമത്സരാര്‍ത്ഥികളാരും തന്നെ പ്രസംഗം മുഴുമിപ്പിച്ചില്ല. ഇടയ്ക്കു വിക്കിയും വിഴുങ്ങിയും അവര്‍ ഓരോരുത്തരായി രംഗത്തു നിന്നും നിഷ്ക്രമിച്ചു. ചെരുപ്പിടാതെ സ്റ്റേജില്‍ കയറിയവനും ജഡ്ജസിനെ നോക്കി നമസ്ക്കാരം പറഞ്ഞവനുമായ ഒരുവനെ ഒന്നാമനാക്കി പൊടിയും തട്ടി പൊങ്ങാനോങ്ങിയ എന്റെ സവിധേ സെക്രട്ടറി ആഗതനായി. അദ്ദേഹം എന്റെ ചെവിയില്‍ ഉവാച: “മാഷേ തിരുവാതിരയുടെ ഒരു മത്സരം കൂടിയുണ്ട് വേറെ ജഡ്ജസില്ല അഡ്ജസ്റ്റ് ചെയ്യണം. പേടിക്കണ്ടാ മൂന്നു ടീമേയുള്ളു. അയ്മ്പതു രൂപാ കൂടി അഡീഷണലായിട്ടു തരാം."
പണ്ടേ ഡാന്‍സിനോട് അലര്‍ജിയുള്ളവനാണ് ഈയുള്ളവന്‍. എങ്കിലും അഡീഷണലായികിട്ടുന്ന ആ അമ്പതു ഉറുപ്പികയില്‍ പ്രലോഭിതനായ ഞാന്‍ മനസാ ആ കഠോരകൃത്യത്തിന് വശംവദനാനായി. എന്നാലും മഹാനായ ഈ ജഡ്ജ് സത്യം ബോധിപ്പിച്ചു. 'സാറെ... ഈ കുന്ത്രാണ്ടത്തിന്റെ സ്റ്റെപ്പും മുദ്രയൊന്നും എനിക്കറീത്തില്ലല്ലോ....' സെക്രട്ടറി അതിന് തിരിച്ച് ഉവാച: 'എന്റെ മാഷേ ഈ തിരുവാതിരേടെ ജഡ്ജ്മെന്റ് വളരെ സിമ്പിളല്ലേ.... മത്സരിക്കുന്നവര്‍ നമ്മളെ നോക്കുകയേയില്ല പിന്നെന്താ നിതംബത്തിന്റെ ചലനം നോക്കി മാര്‍ക്കിടുക.... ഉടുത്തിരിക്കുന്ന മുണ്ടിന്റെ കസവിന്റെ വീതി കൂടി പരിഗണിച്ചേക്കുക.... അത്രേള്ളു വെരി സിമ്പിള്‍...” ഗഫൂര്‍ കാ ദോസ്തിനെപ്പോലെ സെക്രട്ടറി വിശദീകരിച്ചു.
മൂല്യനിര്‍ണ്ണയ സൂചകങ്ങള്‍ കിട്ടിയതോടെ, ആ കലാഹത്യയ്ക്ക് ഞാനൊരുമ്പെട്ടു. സ്റ്റേജ് മാനേജര്‍ അല്‍പ്പം മിനുങ്ങിയാണിരിക്കുന്നത്. വീരപാണ്ഡ്യ കട്ടബൊമ്മനെപ്പോലൊരാള്‍.. ഇടയ്ക്കിടയ്ക്ക് ഗര്‍ദ്ദഭക്രന്ദന രാഗത്തില്‍ ടീയാന്‍ എന്തൊക്കെയോ അനൗണ്‍സ് ചെയ്യുന്നുണ്ട്. ഇടയ്ക്ക് തിരുവാതിരയുടെ കോഡ്നമ്പര്‍ ടി. മാന്യന്‍ അനൗണ്‍സ് ചെയ്തു. 'മഗ്ദലനാ മറിയത്തിലെ' “കെട്ടഴിഞ്ഞോമന പൃഷ്ഠഭാഗത്തെയും പുഷ്ട …....”എന്ന വരികള്‍ മനസാലെ ചൊല്ലി കൈകള്‍ താളാത്മകമായി ചലിപ്പിച്ച് തിരുവാതിര കണ്ടു പിടിച്ചവനെപ്പോലെ ഈ വിധികര്‍ത്താവ് ഗൗരവം പൂണ്ടു.
വേദിയില്‍ നിന്നും ഒരു കൂവല്‍ ഉയര്‍ന്നതില്‍ തെല്ലിട അമ്പരന്നെങ്കിലും കുരവയാണെന്ന് തിരിച്ചറിഞ്ഞ് വിധിനിര്‍ണ്ണയം സമാരംഭിച്ചു. മുപ്പതു മിനിട്ടിനുള്ളില്‍ മൂന്നും കഴിഞ്ഞു. ഓപ്പറേഷന്‍ സക്സസ്. സെക്രട്ടറി സാര്‍ പുനരാഗതനായി... 'മാഷു തന്നെ റിസള്‍ട്ട് മൈക്കിലൂടെ പറഞ്ഞേരെ'. അഡീഷണല്‍ അമ്പതു രൂപയുടെ വീര്യത്തില്‍ ഞാനതും ചെയ്തു. ഫലപ്രഖ്യാപനം നടന്നതും ഒരു പഞ്ചായത്തു മെമ്പറിന്റെ നേതൃത്വത്തില്‍ ബഹളം പൊട്ടിപ്പുറപ്പെട്ടതും ഒരുമിച്ചായിരുന്നു.
ബഹളം കൂടിയതോടെ സ്റ്റേജ് മാനേജറിന്റെ അനൗണ്‍സ്മെന്റ് മുഴങ്ങി.. "ആരും പ്രശ്നമുണ്ടാക്കരുത്... ജഡ്ജസിന്റെ അന്ത്യമായിരിക്കും..!” ഇതു കേട്ടതോടെ ഞാനൊന്ന് ഞെട്ടി. പിന്നൊന്നും നോക്കിയില്ല സഹജഡ്ജിനെ തട്ടിമാറ്റി (നേരത്തെ നോക്കി വച്ചിരുന്ന) ഗ്രീന്‍ റൂമിന്റെ വാതിലിലൂടെ പുറത്തേക്കു കുതിച്ചു. സുരക്ഷിത സ്ഥാനം പൂകിയനേരം വീണ്ടും കട്ടബൊമ്മന്റെ അനൗണ്‍സ്മെന്റ് കേള്‍ക്കായി "ക്ഷമിക്കണം ജഡ്ജസിന്റെ തീരുമാനം അന്ത്യമമായിരിക്കും...”
ഉച്ചയ്ക്കത്തെ ഊണ് നഷ്ടമായെങ്കിലും, വൈകുന്നേരം സെക്രട്ടറി സാര്‍ നൂറ്റമ്പതു രൂപാ എനിക്കു കൈമാറി. സഹമുറിയന്‍മാരുടെ കൂട്ടച്ചിരി ഉയര്‍ന്നെങ്കിലും അഭിമാനപൂര്‍വ്വം ഞാന്‍ പ്രസ്താവിച്ചു "ഞാന്‍ തിരുവാതിരേടെ മാഷാടേ... "

19 comments:

വി.കെ. നിസാര്‍ said...

രസിച്ചു. നന്ദി

हिंदी मंत्रणसभा,कोट्टारक्करा said...

"ആരും പ്രശ്നമുണ്ടാക്കരുത്... ജഡ്ജസിന്റെ അന്ത്യമായിരിക്കും..!”

shamla said...

കൊള്ളാം. ഇതാണ് നര്‍മ്മം. ഓരോ വാക്കിലും ഒളിപ്പിക്കുന്ന ചിരി. കലോത്സവങ്ങള്‍ പലപ്പോഴും കായികൊല്സവങ്ങളായി മാറുന്ന കാലത്ത്
ഇങ്ങനെ തന്നെ വേണം ഇതൊക്കെ ചൂണ്ടിക്കാണിക്കാന്‍. ഒരു തുലാഭാരത്തിനുള്ള' അപ്പീല്‍ പൂക്കള്‍' നമുക്കുടനെ പ്രതീക്ഷിക്കാം. ഓരോ പ്രയോഗങ്ങളും
ഓര്‍ത്തോര്‍ത്ത് ചിരിപ്പിക്കുന്നവ...ഒപ്പം നമ്മുടെ കുഞ്ഞുങ്ങളുടെ കഴിവുകളെ ഓര്‍ത്ത്‌ ചിന്തിപ്പിക്കുന്നവ . വില്‍സന്‍ മാഷിനു പ്രത്യേകം അഭിനന്ദനങ്ങള്‍ .......

Rajeev said...

രസകരമായ അവതരണം. ഇത്തരത്തില്‍ പലയിടത്തും ഞാനും മാര്‍ക്കിട്ടിട്ടുണ്ട്. പല രസകരമായ സംഭവങ്ങളുമുണ്ടായിട്ടുമുണ്ട്. പക്ഷെ ഇത് പോലെ അവതരിപ്പിക്കുവാന്‍ അറിയുന്നവര്‍ ചുരുക്കം...
അഭിനന്ദനങ്ങള്‍...

Rajeev said...

പ്രിയപ്പെട്ട ബ്ലോഗ്‌ ടീം,
കേരള സിലബസ് ഇംഗ്ലിഷിനു വേണ്ടി www.english4keralasyllabus.com എന്നൊരു ബ്ലോഗ് നിലവില്‍ ഉണ്ട്. അതിന്റെ ഒരു ലിങ്ക് കൂടി വിദ്യാഭ്യാസ ബ്ലോഗുകള്‍ക്കിടയില്‍ നല്‍കുമല്ലോ...
സ്നേഹപൂര്‍വ്വം
രാജീവ്

mini//മിനി said...

ജഡ്ജസിന് വിവരമില്ല, എന്ന് എല്ലാവർക്കും അറിയാം. അതാരും പറയില്ല.

Unknown said...

വില്‍സന്‍ മാഷിനു പ്രത്യേകം അഭിനന്ദനങ്ങള്‍ .......

Unknown said...

രസിച്ചു. നന്ദി

anamika said...

ict പാഠഭാഗങ്ങളുടെ (std 10) തുടര്‍ച്ച പ്രതീക്ഷിക്കുന്നു.
python
webpage
animation
net working
stellerium
ktechlab
geogibra
ect......

Unknown said...

ജോസ് മാത്യു മൂഴിക്കുളം പറയുന്നു
കനത്ത റെമൂണറേഷനെപ്പററി കേട്ടപ്പോള്‍ വിജ്രംഭിതനായ വിധികര്‍ത്താവ് ഒടുവില്‍ നേരത്തേ നോക്കിവച്ചിരുന്ന വാതിലിലൂടെ പുറത്തേയ്ക്ക് കുതിക്കുന്നത് മനസ്സില്‍ കണ്ട് ഒരുപാട് പൊട്ടിച്ചിരിച്ചു .ഇന്നാണെങ്കില്‍ കലോത്സവവേദികളിലെ അപ്പീല്‍പൂക്കളുടെ ഉള്ളില്‍ ഒളിച്ചിരിക്കാമായിരുന്നു
ചിരിക്കാന്‍ എളുപ്പമാണ്; ചിരിപ്പിക്കുക ദുഷ്കരവും
വിന്‍സണ്‍ മാഷിനാകട്ടെ നര്‍മ്മം അനായാസം വഴങ്ങുന്നു
തുടക്കം മുതല്‍ ഒടുക്കം വരെ ക്ഷീണിച്ചു പോകാത്ത ഹാസ്യം
ക്ഷീണിക്കാത്ത നര്‍മ-
മനീഷയും
മഷിയുണങ്ങീടാത്ത പൊന്‍പേനയുമായി
o k ഉസ്താദ് തുടര്‍ന്നോളു
ഈ തട്ടകം താങ്കള്‍ക്കിണങ്ങും
‍ഞങ്ങള്‍ കാത്തിരിക്കുന്നു

പ്രിയ സ്നേഹിതന്‍
ജോസ് മാത്യുമൂഴിക്കുളം

ഗവ.വി.​​എച്ച്.എസ്.എസ്.തിരുമാറാടി said...

ഫലിതത്തിന്റെ ഉച്ചസ്ഥായി ക്ഷ ബോധിച്ചു. അഭിനന്ദനങ്ങള്‍

ലീമ വി.കെ. said...

പ്രിയ വില്‍സണ്‍ സാര്‍,
ആ തിരുവാതിരയ്ക്കും ശേഷം വല്ല കുച്ചുപുടിയോ കേരളനടനമോ ഒക്കെ മാര്‍ക്കിടാന്‍ സാറിനെ വിളിച്ചിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു പോയി.കുറേക്കൂടി ചിരിക്കാമായിരുന്നു.

വില്‍സണ്‍ ചേനപ്പാടി said...

വായിച്ചവര്‍ക്ക്...കമന്റ് പോസ്റ്റിയവര്‍ക്ക് സര്‍വ്വോപരി ഇത്തരം അവിവേകങ്ങള്‍ പോസ്റ്റാന്‍ ഇടം തരുന്ന ശ്യാംസാറിനും വിദ്യാരംഗം സുഹൃത്തുക്കള്‍ക്കും ജഡ്ജസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അഭിവാദ്യങ്ങള്‍. റൊമ്പ നന്‍റി....

ghsmukkudam said...
This comment has been removed by the author.
JIJO M THOMAS said...

വിത്സണ്‍ മാഷെ നിങ്ങളൊരു മടിയനാണ്. ഇങ്ങനെ എത്രയെത്ര അനുഭവങ്ങള്‍ നിങ്ങള്‍ക്കുണ്ടാകും . വര്‍ഷത്തില്‍ ഒന്ന് മാത്രമേ എഴുതുകയുള്ളോ? ഇത്ര നല്ല ഒരു നര്‍മ്മം അടുത്തകാലത്തൊന്നും വായിച്ചിട്ടില്ല. അഭിനന്ദനങ്ങള്‍ , ഇനിയും പ്രതീക്ഷിക്കുന്നു

vimala said...

WILSON SIR,NARMAM CHALICHA EE SATHYATHINE BASHPANJALI !ENIYUM ANGHAYUDE THOOLIKA CHALIKKATTE.....ABHINANDHANANGAL... SR PRASANTHY

schoolscience said...

അഭിനന്ദനങ്ങള്‍..

smitha joby said...

വളരെ നന്നായിട്ടുണ്ട്

Mareena Mathew said...

kollam sir..enikishtapettu.