എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Jan 21, 2013

ശലഭങ്ങളുടെ താഴ്വരകള്‍ സ്വപ്നം കാണുന്ന പെണ്‍കുട്ടി
'ശലഭങ്ങളുടെ താഴ്വരകള്‍ സ്വപ്നം കാണുന്ന പെണ്‍കുട്ടി'
മലാല യൂസഫ് സായ് - ഒരു പാക്കിസ്ഥാനി സ്കൂള്‍ വിദ്യാര്‍ത്ഥിനിയുടെ ജീവിതക്കുറിപ്പുകള്‍
-ഡോ. ഷംല യു.


കുഞ്ഞിന്റെ തലയോട്ടിക്ക്
ബലം നല്‍കുന്നത്
കാലമാണ്
ഒരു ചെറുപാത്രം
ഒറ്റയടിക്ക് തകര്‍ക്കാം
ഒറ്റ നിമിഷത്തില്‍
വര്‍ഷങ്ങളൊന്നോടെ
അപ്രത്യക്ഷമാകുന്നു.
സ്ഫോടനങ്ങള്‍ക്കിടയില്‍
ശബ്ദവും കരച്ചിലും
കേള്‍ക്കില്ല.
നിങ്ങളുടെ ആകാശത്തിന്
തീപിടിച്ചിരിക്കുന്നു.
നിങ്ങളുടെ പേര്
വെട്ടിക്കളഞ്ഞിരിക്കുന്നു.
നിങ്ങളുടെ കുട്ടികള്‍
വലിയ വിലകൊടുത്ത്
ജീവിക്കുന്നു.
നിങ്ങള്‍ കാണാത്ത
മുഖങ്ങളും കണ്ണുകളും
പരിഗണിക്കുക
പൂര്‍ണ്ണനാശം
ഈ വാക്കുകളില്‍
ഭൂമിയുടെ വിടവ്
പിളരുന്നു.
പ്രതിവാദം - ലിസ സുബൈര്‍ മജാജ്
(വിവര്‍ത്തനം: വി. മുസഫര്‍ അഹമ്മദ്, മുറിവുകളുടെ പെണ്ണിന്- ഫലസ്തീന്‍ ഇറാഖ് പെണ്‍കവിതകള്‍, 2006, ചിന്ത പബ്ലിക്കേഷന്‍സ്, തിരുവനന്തപുരം)
നീതിക്കും അവകാശത്തിനും മാനുഷികതയ്ക്കുമായി ശബ്ദമുയര്‍ത്തുന്ന മലാല യൂസഫ് സായ് എന്ന പെണ്‍കുട്ടി അവളുടെ സഹനസമരങ്ങളിലൂടെ ഇന്ന് ലോകത്തിന്റെതന്നെ ചര്‍ച്ചാവിഷയമായി മാറിക്കഴിഞ്ഞു. മതത്തില്‍ നിന്നും വ്യതിചലിക്കുന്ന മതപൗരോഹിത്യത്തിനെതിരെ അക്ഷരങ്ങള്‍കൊണ്ടു പോരാടുന്ന മലാല ഇന്ന് പീഡിതരുടെ പ്രതീകമായി വളര്‍ന്നുകഴിഞ്ഞു. നിഷേധിക്കപ്പെടുന്ന സ്ത്രീവിദ്യാഭ്യാസത്തിനെതിരെ, തീവ്രവാദത്തിനെതിരെ വാക്കുകള്‍കൊണ്ടു പോരാടിയ മലാലയെ സ്ക്കൂള്‍ബസ് തടഞ്ഞുനിര്‍ത്തി വെടിവയ്ക്കുകയാണ് താലിബാന്‍ ചെയ്തത്. പതിനൊന്നു വയസുമുതല്‍ ബിബിസിയ്ക്കായി തുടങ്ങിയ ബ്ലോഗെഴുത്തില്‍ താലിബാന്‍ ഭരണത്തിനുകീഴില്‍ തങ്ങളനുഭവിക്കുന്ന യാതനകള്‍ അവള്‍ കോറിയിട്ടു.
'ഞങ്ങള്‍ മലാലമാരാണ് ' എന്ന പേരില്‍ പ്രശസ്ത ഹോളിവുഡ് താരവും ഓസ്കാര്‍ അവാര്‍ഡുജേതാവും സാമൂഹികപ്രവര്‍ത്തകയുമായ ആഞ്ജലീന ജൂലിയുടെ ആമുഖത്തോടെയാണ് പുസ്തകം ആരംഭിക്കുന്നത്. ധീരമായ ഒരു വ്യക്തിത്വത്തിന്റെ ശബ്ദം സ്ത്രീകളും പുരുഷന്മാരും കുഞ്ഞുങ്ങളുമടക്കം എണ്ണമറ്റ ജനത ഏറ്റെടുക്കുമെന്നതിന്റെ തെളിവാണ് മലാല. "ക്ലാസ്സ്മുറികള്‍ തൊട്ട് അടുക്കളവരെ ലോകത്തുള്ള എല്ലാ സ്ഥലങ്ങളിലും അമ്മമാരും അച്ഛന്മാരും ആണ്‍കുട്ടികളും പെണ്‍കുട്ടികളും മലാലയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയാണ്" എന്നിങ്ങനെ ആഞ്ജലീന ജൂലി തന്റെ മുഖവുര അവസാനിപ്പിക്കുന്നു.

2009 ജനുവരി മൂന്ന് ശനിമുതല്‍ 2009 മാര്‍ച്ച് 4 ബുധന്‍ വരെയുള്ള ഏതാനും ദിവസങ്ങളിലെ ഡയറിക്കുറിപ്പുകളാണ് പുസ്തകത്തിന്റെ ആദ്യഭാഗം. മലാല എട്ടാംതരത്തില്‍ പഠിച്ചുകൊണ്ടിരിക്കെ ഒരു രാഷ്ട്രീയസെമിനാറില്‍ പങ്കെടുക്കാന്‍ പെഷവാറില്‍ എത്തിയപ്പോള്‍ എം. എം. എന്‍. ടെലിവിഷനുവേണ്ടി നടത്തിയ അഭിമുഖവും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തുടര്‍ന്ന് പാക്കിസ്ഥാനി പത്രപ്രവര്‍ത്തകന്‍ ഉവൈസ് തോഹിദ് തന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു. തുടര്‍ന്ന് സ്വതന്ത്ര പത്രപ്രവര്‍ത്തകനായ ബാബു വര്‍ഗ്ഗീസിന്റെ ലേഖനമാണ്. പിന്നീട് മലാലയെക്കുറിച്ചുള്ള Class dismissed – The death of female education എന്ന പേരില്‍ Adam B Ellick, Irfan Ashrasf എന്നിവര്‍ തയ്യാറാക്കിയ ഡോക്യുമെന്റെറിയുടെ തിരക്കഥയും ദക്ഷിണേഷ്യന്‍ ഗവേഷകനായ അക്രം ജാവേദിന്റെ ലേഖനവും പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

2009 ജനുവരിയിലെ ഡയറിക്കുറിപ്പ് തുടങ്ങുന്നത് 'എനിക്കു പേടിയാണ് ' എന്ന ശീര്‍ഷകത്തോടെയാണ്. 'ഞാന്‍ ഇന്നലെ ഒരു ദുഃസ്വപ്നം കണ്ടു. താലിബാന്‍ തീവ്രവാദികളും പട്ടാളവിമാനങ്ങളും മാത്രമായിരുന്നു. സ്വപ്നത്തില്‍..... ഇരുപത്തിയേഴുപേരില്‍ പതിനൊന്നുകുട്ടികള്‍ മാത്രമേ സ്ക്കൂളില്‍ എത്തിയിരുന്നുള്ളൂ. താലിബാന്‍ ഭയം തന്നെ കാരണം. എന്റെ മൂന്നുകൂട്ടുകാരികള്‍ പെഷവാറിലേയ്ക്കും ലാഹോറിലേയ്ക്കും റാവല്‍പിണ്ടിയിലേയ്ക്കും കുടുംബവുമൊത്ത് താമസം മാറിപ്പോയിരിക്കുന്നു. സ്ക്കൂളില്‍നിന്നുവരും വഴി ഒരു മനുഷ്യന്‍ കൊല്ലും ഞാന്‍ നിന്നെ എന്ന് ഉച്ചത്തില്‍ ആക്രോശിക്കുന്നത് കേട്ട് ഞാന്‍ പേടിച്ചുപോയി.…' എന്ന് അക്ഷരങ്ങള്‍ ഭയാശങ്കകളായി മാറുന്നു. 'എനിക്ക് സ്ക്കൂളില്‍ പോകണം', 'നിറമുള്ള വസ്ത്രങ്ങള്‍ ധരിക്കരുത്', 'എനിക്കിനി സ്ക്കൂളില്‍ പോകാന്‍ കഴിഞ്ഞേക്കില്', 'പിറകില്‍ തീതുപ്പിയ രാത്രി', 'പോലീസുകാരെ കാണാനില്ല', 'സൈന്യം അവരുടെ ബാരക്കുകളില്‍', 'ഹെലികോപ്റ്റര്‍ മിഠായികള്‍', 'എന്റെ രക്ഷിതാക്കളുടെ കണ്ണുനീര്‍', 'ഒരു ശ്മശാനം ഉണ്ടാക്കല്‍', 'ആ കൊല്ലപ്പെട്ടവര്‍ക്കുവേണ്ടി ആരു പകവീട്ടും', 'താലിബാന്റെ ആജ്ഞപ്രകാരം സ്ക്കൂള്‍ അടച്ചു', 'ഭയാകുലമായ നിശബ്ദത', 'സ്ഫോടനമുന്നറിയിപ്പുകള്‍', 'ശക്തമായ ഷെല്ലിംഗ്', 'വീണ്ടും തുറക്കുമോ', 'പ്രതീക്ഷ തകര്‍ന്ന രക്ഷിതാക്കളുടെ ഭയം', 'മനുഷ്യബോംബുകള്‍', 'സമാധാനത്തിനായുള്ള കാത്തിരിപ്പ് ', 'താലിബാനോടൊപ്പം നിന്നാല്‍ പണം', 'സമാധാന ഉടമ്പടികള്‍ക്ക് നിലനില്‍പ്പില്ല', തുടങ്ങിയ ശീര്‍ഷകങ്ങളില്‍ വരച്ചിടുന്ന അക്ഷരങ്ങളില്‍ താലിബാന്‍ ക്രൂരതയും മതതീവ്രവാദികളുടെ അന്ധമായ ജല്പനങ്ങളും അതിജീവനത്തിന്റെ ആത്മബലികളും അസ്വതന്ത്രതയും നിഴലിക്കുന്നുണ്ട്. സുന്ദരസ്വപ്നങ്ങളിലും പ്രതീക്ഷകളിലും അഭിരമിക്കേണ്ട പതിന്നാലുവയസ്സുകാരിക്കും അവളുടെ സഹജീവികള്‍ക്കും ജീവിതം വച്ചുനീട്ടിയ പൊള്ളുന്ന കാഴ്ചകളാണ് ഈ ജീവിതക്കുറിപ്പുകള്‍ അടയാളപ്പെടുത്തുന്നത്. സ്ക്കൂളില്‍ പോകാനായി യൂണിഫോമുകള്‍ ഒളിപ്പിച്ചുകൊണ്ടുപോകുന്ന നിസ്സഹായയായ പെണ്‍കുട്ടിയുടെ വേദന ഇന്ന് ലോകമാകമാനം ഏറ്റെടുത്തതിനു തെളിവാണ് സമാധാനത്തിനുള്ള നോബേലിനായി അവളുടെ നാമം നിര്‍ദ്ദേശിക്കപ്പെടുന്നത്. നവംബര്‍ പത്ത് അന്താരാഷ്ട്രമലാല ദിനമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചത് മലാലയോടുള്ള ആദരവിന്റെ പ്രകാശനമാണ്. 2015ഓടെ എല്ലാ പെണ്‍കുട്ടികളേയും സ്കൂളുകളിലെത്തിക്കാനുള്ള ഐക്യരാഷ്ട്രസഭയുടെ മുദ്രാവാക്യം 'ഞാനും മലാല' എന്നതാണല്ലോ. സമാധാനത്തിനുള്ള നിരവധി പുരസ്കാരങ്ങളും നോബല്‍സമ്മാനത്തിനുള്ള ശുപാര്‍ശകളും മലാലയെത്തേടി എത്തിക്കഴിഞ്ഞു. ലിസ സുബൈര്‍ മജാജിന്റെ കവിതയില്‍ പറയുംപോലെ അവളുടെ തലയോട്ടിക്ക് കാലം ബലം നല്‍കിയിരിക്കുന്നു.
ഒരു ഡോക്ടറാവുക എന്ന ബാല്യകാലസ്വപ്നത്തില്‍നിന്നും ഒരു രാഷ്ട്രീയപ്രവര്‍ത്തകയാവുക എന്ന സ്വപ്നത്തിലേയ്ക്ക് അനുഭവങ്ങള്‍ അവളെ രൂപാന്തരപ്പെടുത്തി. സഹീദ് ബുനേരിയുമായുള്ള അഭിമുഖത്തില്‍ പഷ്തൂണിലെ ജനങ്ങളോടുള്ള സന്ദേശമായി മലാല പറയുന്നത് പ്രസക്തമാണ്. 'എനിക്ക് പഷ്തൂണിലെ ജനങ്ങളോട് പറയുവാനുള്ളത് അവരുടെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വിദ്യാഭ്യാസം നല്‍കുക എന്നതാണ്. സ്ക്കൂളില്‍ നിന്നുമാത്രമല്ല, എല്ലാ മനുഷ്യരോടും നന്നായി പെരുമാറാന്‍ വേണ്ടി വീട്ടില്‍ നിന്നും ഉപദേശം നല്‍കുക. നമ്മുടെ സമൂഹത്തിലെ ഹിന്ദുസിഖ് വിശ്വാസികളോട് സഹിഷ്ണുത പുലര്‍ത്തുക. സഹനശക്തിയെക്കുറിച്ച് അവരെ പഠിപ്പിക്കുക. മറ്റഉള്ളവരുടെ ആശയങ്ങളെ വ്രണപ്പെടുത്താതെ സഹവര്‍ത്തിത്വത്തോടെ ജീവിക്കാന്‍ പഠിക്കുക. എല്ലാവരുമായും സൗഹാര്‍ദ്ദപരമായ ബന്ധം കെട്ടിപ്പടുക്കുക. പഷ്തൂണ്‍കള്‍ക്കുള്ള എന്റെ സന്ദേശം ഇതാണ്.' തന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും നടപ്പിലാക്കാന്‍ കരുത്തുള്ള ഒരു രാഷ്ട്രീയപ്രവര്‍ത്തകയ്ക്കേ കഴിയൂ എന്ന തിരിച്ചറിവാണ് അവളെ രാഷ്ട്രീയ പ്രവര്‍ത്തകയാവാന്‍ പ്രേരിപ്പിക്കുന്നത്.
പത്രപ്രവര്‍ത്തകനായ ഉവൈസ് തോഹിദുമായി മലാല പങ്കുവച്ചത് ഇപ്രകാരം വായിക്കാം. 'എന്റെ ജീവിതം ഒരു സിനിമപോലെയാണ്. സ്വപ്നങ്ങള്‍കൊണ്ട് നിറഞ്ഞത്. പ്രസിദ്ധയാകുന്നത് ഞാന്‍ പതിവായി സ്വപ്നം കാണാറുണ്ട്. താലിബാന്റെ പിടിയില്‍ നിന്നും മോചിതയായ എന്റെ താഴ്വര, എല്ലാവിലക്കുകളില്‍നിന്നും മോചിതയായി ശലഭങ്ങളെപ്പോലെ പാറിനടക്കുന്ന പെണ്‍കുട്ടികള്‍.... ഇത് യാഥാര്‍ത്ഥ്യത്തിലാകുമ്പോഴാണ് ഞാന്‍ കൂടുതല്‍ സന്തോഷിക്കുക. എന്നും സമൂഹത്തിന് തുല്യനീതി വരുന്നതിനുവേണ്ടി നിലവിലെ രാഷ്ട്രീയഘടനയില്‍ മാറ്റം വരുത്തും. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും അന്തസ്സ് ഞാനുയര്‍ത്തും. പെണ്‍കുട്ടികള്‍ക്കുവേണ്ടിയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നടത്തുന്നതിനായി ഞാന്‍ ചില ആസൂത്രണങ്ങള്‍ ചെയ്യുന്നുണ്ട്.' എന്നും അവള്‍ തന്റെ ദര്‍ശനങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്. പക്വതയും ദൃഢവിശ്വാസവും സ്ഥൈര്യവും കലര്‍ന്ന മലാലയുടെ വാക്കുകള്‍ അവളുടെ സ്വപ്നങ്ങളെ ലക്ഷ്യത്തിലെത്തിക്കാതിരിക്കില്ല.
പഷ്തോഭാഷയില്‍ 'ദുഃഖഭരിത' എന്നാണ് മലാല എന്ന പേരിന്റെ അര്‍ത്ഥം. ദുഃഖത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റ് ലോകത്തിന്റെ മുഴുവന്‍ പ്രചോദനമായി സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ മലാലയ്ക്കാവുമെന്ന് രാഷ്ട്രീയകാലാവസ്ഥകള്‍ തെളിയിക്കുകതന്നെ ചെയ്യും. പഷ്തൂണ്‍ നാടോടിക്കഥയിലെ ധീരവനിതയായ 'ഗുല്‍മകായ് ' എന്ന ഇതിഹാസനായികയുടെ പേര് തൂലികാനാമമായി സ്വീകരിച്ചുകൊണ്ടാണ് മലാല യൂസഫ് സായ് ബി.ബി.സി.യ്ക്കായി ഡയറിക്കുറിപ്പുകള്‍ തയ്യാറാക്കിയത്. ആന്‍ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകള്‍ക്കൊപ്പം, ഖാലിദ് ഹുസൈനിയുടെ 'Thousand Splendid Suns' എന്ന നോവലിലെ താലിബാന്‍ നയങ്ങളെയും ഡെഫിന്‍ മിത്രോയുടെ 'I am Nujood Age 10 and divorcee'(Delphine Minoui) എന്ന പുസ്തകത്തിലെ നജൂമിന്റെ സാഹചര്യങ്ങളും ഈ ഡയറിക്കുറിപ്പ് ഓര്‍മ്മിപ്പിക്കും.
Insight Publication 2012 ഒക്ടോബറില്‍ പുറത്തിറക്കിയ പുസ്തകം ഇതിനോടകം പുതിയ പതിപ്പുകളും പുറത്തിറക്കിയെന്നത് മലാല യൂസഫ് സായ് എന്ന പതിന്നാലുകാരിക്ക് മലയാളിവായനക്കാര്‍ നല്‍കുന്ന പിന്തുണയ്ക്ക് ഉദാഹരണമാണ്.
They cannot stop me
I will set my education,
If it is in home,
School or any place.
This is our request
To the world that
Save our schools
Save our world,
Save our Pakisthan
Save our Swat.
എന്ന വരികളില്‍ തന്റെ അവകാശങ്ങളെക്കുറിച്ച് അവബോധമുള്ള, സ്വാതന്ത്ര്യത്തിനായി പോരാടാന്‍ കഴിയുന്ന ആര്‍ജ്ജവമുള്ള വ്യക്തിത്വത്തിന്റെ പരിസ്ഫുരണങ്ങളാണ് നിറയുന്നത്. ലോകം കാതോര്‍ത്തിരിക്കുന്നതും ഇത്തരം പോരാട്ടങ്ങള്‍ക്കായാണ്. മുറിവുകളില്‍നിന്നും അറിവുകളിലേയ്ക്കുയരുന്ന ഫീനിക്സായി ചരിത്രത്തില്‍ മലാല അടയാളപ്പെട്ടുകഴിഞ്ഞു.

9 comments:

GOVERNMENT H.S.S.SADANANDAPURAM said...

ഷംല ടീച്ചറിന്രെ പോസ്റ്റിനായി കാത്തിരിക്കുകയായിരുന്നു.
വിഫലമായില്ല.നന്ദി, ശലഭങ്ങളുടെ താഴ്വരകള്‍ക്കു്....
പീഡനപര്‍വം അവസാനിക്കുന്നില്ലല്ലോ.
എവിടെയും ഇര പെണ്ണു തന്നെ!

അറിവിന്റെ ഈ തീര്‍ത്ഥാടനം തുടരുക.
ഭാവുകങ്ങള്‍...

Mathew Mampra said...


"ശലഭങ്ങളുടെ താഴ്വരകള്‍ സ്വപ്നം കാണുന്ന പെണ്‍കുട്ടി" book introduction is very good.Keep writing.All the best!!

jipsy joseph said...

shamla teacherinte bookinte introduction nannayidundu.....Teachers
ajjmgghss.thlp

Anonymous said...

Topic and your concept also very nice teacher keep it up and we are waiting for your new new topic, God bless you.

MARIA ROBINSON said...

I like this girl Malala,Im not that much found of reading books or topic but realy I like your Topic and concept.

Azeez . said...

പുസ്തകപരിചയത്തിന് നന്ദി ടീച്ച൪.സഹനങ്ങളുടെ തിരുശേഷിപ്പുകളിലൂടെ ഖാലിദ്
ഹൊസൈനിയുടെ തിളക്കമാ൪ന്ന ഒരായിരം സൂര്യന്മാരെ വിദ്യാരംഗത്തിനു
പരിചയപ്പെടുത്തിയ അതേ വ്യക്തിയില്‍ നിന്നും ഇപ്പോള്‍ മലാലയും. ഗ്രേറ്റ്.


രണ്ടും ഇസ്ലാമിക മതഭീകരവാദത്തിന്‍റെ ഇരകളായ പെണ്‍കുട്ടികള്‍ ,സ്ത്രീകള്‍,
ബാപ്പമാ൪, സഹോദരന്മാ൪... അഫ്ഗാനിലെ കാബൂളില്‍ നിന്നും ലൈലയില്‍ നിന്നും അത്
പാക്കിസ്ഥാനിലെ സ്വാത്തിലേക്കും മലാലയിലേക്കും
മാറിയിരിക്കുന്നുവെന്നുമാത്രം. പക്ഷേ ഒരു വ്യത്യാസം;ടീച്ച൪
എഴുതിയിരിക്കുന്നതുപോലെ ഇവിടെ എല്ലാവരും മലാലക്കുവേണ്ടി
പ്രാ൪ത്ഥിക്കുന്നു, ആജ്ഞലീനയോടൊപ്പം അഫ്ഗാനിലെ പെണ്‍കുട്ടികളും
പാക്കിസ്ഥാനിലെ പെണ്‍കുട്ടികളും ലോകത്തിലെ എല്ലാവരും ഒരുമിച്ച് പറയുന്നു WE ALL ARE MALALA.
15000 ത്തോളം പാക് പ‌ട്ടാള‌ക്കാരെയാണ് സ്വാത്തില്‍ വിന്യ‌സിപ്പിച്ചിരിക്കുന്ന‌ത്. നാലുകൊല്ലം കൊണ്ട് 400 സ്കൂളുക‌ള്‍ ത‌ക൪ത്ത‌ ഈ മ‌ത‌ഭീക‌ര൪ക്കെതിരെയാണ് ജ‌ന‌ങ്ങ‌ള്‍ മുഴുവ‌നും.
ടീച്ചറിന്‍റെ ഈ ലേഖനത്തിലൂടെ ടീച്ചറിന്‍റെ വിദ്യാ൪ത്ഥികളും വിദ്യാരംഗം
വായിക്കുന്ന ഞങ്ങളും പറയുന്നു: WE ALL ARE MALALA.


മലാല സംഭവം നടന്ന ഒക്റ്റോബറില്‍ തന്നെ മലാലയ്ക്കുവേണ്ടി മലയാളത്തില്‍
നിന്നു ഒരു പ്രസിദ്ധീകരണം! അതും പുതിയ പതിപ്പുകളിറക്കുന്നു. ആമസോണിനു
മുമ്പേ സെന്‍സിറ്റീവായ മലയാളിയുടെ മലയാളം.തിരക്കുള്ള ജോലിയും കുടുംബിനിയുമായ ഒരദ്ധ്യാപിക അത് വായിച്ച് ഉടനെ ഒരു റിവ്യു എഴുതുന്നു.
അഭിമാനകരം.

The system didn't accept my comment as it exceeds 4096 characters.

Azeez . said...

മനോരോഗം ഒരു വ്യക്തിയെ പിടികൂടുമ്പോള്‍, ഒരു സംഘത്തെ പിടികൂടുന്ന മനോരോഗമാണ് മതഭീകരവാദം. മതഭീകരവാദികള്‍ അവരുടെ മനോനിലയനുസരിച്ച് ഗ്രന്ഥങ്ങള്‍ വായിച്ചെടുക്കുന്നു. അത് വിശ്വസിക്കുന്നുവെന്നുമാത്രമല്ല മറ്റുള്ളവരെ ഭീകരത സൃഷ്ടിച്ച് വിശ്വസിപ്പിക്കുന്നു. രാജ്യങ്ങള്‍ തക൪ക്കുന്നു.ടീച്ച൪ നിരീക്ഷിച്ചതുപോലെ മതത്തില്‍ നിന്നും വ്യതിചലിക്കുന്ന മനോരോഗികള്‍ അവരുടെ മതം നമ്മില്‍ അടിച്ചേല്‍പ്പിക്കുന്നു.


എന്തുത‌രം മ‌ത‌മാണിവ൪ പ്ര‌ച‌രിപ്പിക്കുന്ന‌ത്. മുസ്ലിം ഭൂരിപ‌ക്ഷ‌മുള്ള‌,മുസ്ലിം ഭ‌ര‌ണ‌മുള്ള‌ അമ്പ‌ത്തൊന്നോളം രാജ്യ‌ങ്ങ‌ള്‍ ഇന്ന് ലോക‌ത്തുണ്ട്.ആ രാജ്യ‌ങ്ങ‌ളിലൊക്കെ മുസ്ലിംക‌ള്‍ സ്കൂളുക‌ളില്‍ പോകുന്നു, പ‌ഠിക്കുന്നു, ജീവിത‌ത്തില്‍ ഉയ‌രുവാന്‍ ശ്ര‌മിക്കുന്നു. അറ‌ബി രാജ്യ‌ങ്ങ‌ളിലൊക്കെ വ‌ള‌രെ ന‌ല്ല‌ നില‌യില്‍ സ്കൂളുക‌ള്‍ പ്ര‌വ൪ത്തിക്കുന്നു. പ‌ഠ‌ന‍ത്തിന് ഗ‌വ‌ണ്മെണ്ടുക‌ള്‍ ധ‌നം ന‌ല്‍കുന്നു, പ്രോത്സാഹിപ്പിക്കുന്നു.ഈ രാജ്യ‌ങ്ങ‌ളിലൊക്കെ ന‌മ്മുടെ ഭാര‌ത‌ത്തിലെപ്പോലെ പൌരാവ‌കാശ‌ങ്ങ‌ളോ സ്ത്രീ സ്വാത‌ന്ത്ര്യ‌മോ ഇല്ല.ശരീഅത്ത് നിലനില്‍ക്കുന്ന സൌദി അറേബ്യയില്‍ നിന്നുപോലും പതിനായിരക്കണക്കിനു സ്ത്രീകളാണ് ഉപരിപഠനത്തിന് കാനഡയിലേക്കും അമേരിക്കയിലേക്കും വരുന്നത്. ഇന്ത്യയിലേക്കും അവ൪ വരുന്നുണ്ട്.എണ്ണയ്ക്കു പകരം വിദ്യ എന്ന നയം അവ൪ നടപ്പാക്കുന്നു. പക്ഷേ ഒരു വ്യവസ്ഥ മാത്രം. സ്ത്രീ തനിയെ പോകരുത്.കൂടെ ഭ൪ത്താവോ സഹോദരന്മാരോ രക്തബന്ധമുള്ളവരോ അവരുടെ കൂടെ വേണം.പഠനകാലം മുഴുവനും രണ്ടുപേ൪ക്കുമുള്ള ഫണ്ട് ഗവണ്മേണ്ട് ഫ്രീയായി നല്‍കുന്നു.

എന്തിന്, പാക്കിസ്ഥാനില്‍ പോലും എത്രയോ ഉയ൪ന്ന വിദ്യാഭ്യാസമുള്ളവരുണ്ട്.ഗുണനിലവാരം കുറവാണെങ്കിലും എല്ലാ ഗ്രാമത്തിലും സ്കൂളുകളുണ്ട്.ഹിന റബ്ബാനിയെപ്പോലുള്ള 18 ന്‍റെ തുടുപ്പില്‍ നില്‍ക്കുന്ന സുന്ദരിയായെ ഒരു യുവതിയെ നമ്മുടെ കൃഷ്ണയുടെ ഇരിപ്പിടം പോലെ ഒന്ന് കൊടുത്ത് വിദേശമന്ത്രിയാക്കിയ രാജ്യമാണ് പാക്കിസ്ഥാന്‍.ഇംഗ്ലണ്ടില്‍ പഠിച്ച ബെനാസി൪ ഭൂട്ടൊ എന്ന യുവതിയെ പ്രധാനമന്ത്രിയാക്കിയ രാജ്യമാണത്.ഇന്ത്യയില്‍ പോലും ഇത് നടക്കുമോ? ആ രാജ്യത്താണ് സ്കൂളില്‍ പോകുന്നതിനെതിരെ വെടിയുതി൪ക്കുന്നത്.


മ‌തം ഇവ൪ ഒരു ആയുധ‌മാക്കിയിരിക്കുക‌യാണ്.ഇതില്‍രാഷ്ട്രീയ‌മാണ് മുഖ്യം.അധികാരമാണ് മുഖ്യം.മ‌തം ഒരു ക‌വചം മാത്രം.അഫ്ഗാന്‍റെ മുഖ്യ‌വ‌രുമാനം‌ ക‌ഞ്ചാവ്- മ‌യ‌ക്കുമരുന്നില്‍ നിന്നായിരുന്നു. സ്വാത്ത് താഴ്വര അമേരിക്ക‌ന്‍ സുഖിയ‌ന്മാരുടെ ഒരു പിക്നിക് സ്പോട്ടായിരുന്നു.ആണ്‍കുട്ടികള്‍ മദ്രസ്സയില്‍ പോകുന്നു. ചില൪ കഞ്ചാവ് വരുമാനമുണ്ടാക്കുന്നു.പെണ്‍കുട്ടികള്‍ മാത്രം സ്കൂളില്‍ പോകുന്നു.60 കൊല്ല‌ക്കാലം പാക്കിസ്ഥാന്‍ ഇന്ത്യ‌ക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും പോരാടിക്കൊണ്ടിരുന്ന‌ത് അമേരിക്ക‌യും ഐ എസ് ഐയും വ‌ള൪ത്തിയെടുത്ത‌ മുജാഹിദീന്‍ ഭീക‌ര‌രുടെ ബ‌ല‌ത്തിലായിരുന്നുവ‌ല്ലോ. ഇപ്പോള്‍ അത് തിരിച്ച‌ടിക്കുന്നുവെന്നു മാത്രം.

സ്കൂളുക‌ള്‍ക്കെതിരെ ആക്ര‌മ‌ണം പ‌ല‌ കാല‌ത്തും പ‌ല‌ സ്ഥ‌ല‌ത്തുമുണ്ടായിട്ടുണ്ട്.ആധുനിക‌ വിദ്യാഭ്യാസ‌ത്തിനുവേണ്ടി വാദിക്കുന്ന‌വ‌രും പ്ര‌വ൪ത്തിക്കുന്ന‌വ‌രുമാണ് ന‌ക്സ‌ലൈറ്റുക‌ള്‍. പ‌ക്ഷെ മാവോ ഏരിയായില്‍ അവ൪ സ്കുള്‍ പ്ര‌വ൪ത്തിപ്പിക്കുന്നില്ല‌. ആധുനിക‌ വിദ്യാഭ്യാസം ലോക‌ത്തില്‍ പ്ര‌ച‌രിപ്പിച്ച‌ മ‌ത‌മാണ് ക‌ത്തോലിക്കാ മ‌തം. പ‌ക്ഷേ പ്രൊട്ട‌സ്റ്റ‌ന്‍റും ക‌ത്തോലിക്ക‌രും ത‌മ്മിലുള്ള‌ നൂറ്റാണ്ടുക‌ള്‍ നില‌നില്‍ക്കുന്ന‌ , ഇപ്പോഴും നില‌നില്‍ക്കുന്ന‌ പോരാട്ട‌ത്തില്‍ ഐറിഷ് റിപ്പ‌ബ്ലിക്ക‌ന്‍ ആ൪മി സ്കൂളുക‌ള്‍ ത‌ക൪ക്കുക‌യുണ്ടായി.വിദ്യ‌യെ ഏറ്റ‌വും കൂടുത‌ല്‍ ആരാധിക്കുന്ന‌ ത‌മിഴ് മ‌ക്ക‌ള്‍ പ‌ക്ഷേ മ‌ഹീന്ദ്ര‌ രാജ‌പ‌ക്ഷ‌ ത‌മിഴ൪ക്കുവേണ്ടി തുട‌ങ്ങിയ‌ സ്കൂളുക‌ള്‍ ത‌ക൪ത്തു.ഇതിന്‍റെയൊക്കെ കാര‌ണം മത‌പ‌രം എന്ന‌തിനേക്കാളേറെ രാഷ്ട്രീയ‌വും അധികാര‌വുമാണ്. പ‌ക്ഷെ അതിന്‍റെ ഇര‌ക‌ള്‍ ന‌മ്മുടെ മ‌ക്ക‌ളാണെന്ന‌താണ് ഖേദ‌ക‌രം.

വില്‍സണ്‍ ചേനപ്പാടി said...

ഷംല ടീച്ചര്‍ ഒത്തിരി നന്ദി അഭിനന്ദനങ്ങള്‍.മലാല യൂസഫ് സായ് യുടെ കുറിപ്പുകളുടെ മലയാളം പതിപ്പിനെപ്പറ്റി കേട്ടിട്ടേയില്ലായിരുന്നു.Thousand Splendid Sunഉം ടീച്ചര്‍ പരിചയപ്പെടുത്തിയ ശേഷമാണ് വായിച്ചത്."മുറിവില്‍ നിന്നും അറിവിലേക്കുയരുന്ന ഫിനിക്സ്"....
മത തീവ്രവാദത്തിന്റെയും പൗരോഹിത്യമേധാവിത്വത്തിന്റെയും പാരതന്ത്ര്യത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിന്റെ ശാദ്വലതയിലേയ്ക്ക് -പരമകാരുണികനായ തമ്പുരാന്‍ നല്‍കുന്ന യഥാര്‍ത്ഥ നന്മയിലേക്ക് കുതിക്കാന്‍ വെമ്പുന്ന ലോകമനസാക്ഷിയുടെ ജീവനുള്ള പ്രതീകമാണ് മലാല.
കൗമാരത്തിന്റെ നിറകാഴ്ചകളും അറിവിന്റെ ലോകവും നിക്ഷേധിക്കപ്പെടുന്ന കുരുന്നുകള്‍..താഴ്വരയുടെ മേലാപ്പ് സ്വപ്നം കാണുമ്പോഴേക്കും ചിറകുകള്‍ അരിഞ്ഞു വീഴ്ത്തപ്പെടുന്ന ശലഭങ്ങള്‍ ...നമ്മള്‍ ആര്‍ദ്രരാവണം.ഈശ്വരന്‍ സ്നേഹമാണെന്നറിയണം.-----ടീച്ചറിന് ഒരിക്കല്‍ കൂടി നന്ദി.വായന തുടരുക. അവയൊക്കെ എഴുതുക ഞങ്ങള്‍ കാത്തിരിക്കുന്നു.

ലീമ വി.കെ said...

എന്തു മനോഹരമായ ശീര്‍ഷകം. ഈ കാലത്തിലെ എറ്റവും ധീരയായ പെണ്‍കുട്ടിയെക്കുറിച്ചുള്ള കുറിപ്പ്.