നിന്റെ മുറ്റത്തു
നില്ക്കുന്ന തേന്മാവിന്
ചോട്ടിലായ്
ഞാനാം വനജ്യോത്സ്നയെ
ചേര്‍ത്തുവയ്ക്കൂ
ചുറ്റിപ്പിണരുവാനല്ലൊന്നിച്ചൊരേ
മുറ്റത്തു
മറ്റെല്ലാം
മറന്നൊന്നു നില്ക്കുവാന്
മാത്രം.
ഒന്നിച്ചു
നിന്നൊരിളം നിലാവിന്
കുളിര്‍മയും
നിശയുടെ സംഗീതവും
കാറ്റിന് തലോടലും
പിന്നെയുമെത്രയോ
ഋതുഭേദ പകര്‍ച്ചയും
ഒരേ താളത്തിലീണത്തിലേറ്റു
വാങ്ങാം.
ജാലകം തുറന്നു
നീ പണ്ടു തന്നൊരാ സ്വപ്നങ്ങള്‍
വാതിലും തുറന്നിന്നും
കാത്തിരിക്കുന്നുവോ.....
അന്നു തൊട്ടിന്നോളം
നാം പകരേണ്ട രാഗങ്ങള്‍
പൂക്കളും
പൂമ്പാറ്റയും പങ്കിടട്ടെ.....
ആര്‍ദ്രമീ
നിറമുള്ള നിനവുകള്‍
ഉണ്മയായ് ഉയിരായ്
നിറയുമ്പോള്‍
ചാറ്റല്‍മഴയുടെ
പുഞ്ചിരിതിളക്കമായ്
ചുറ്റുമൊരായിരം
വാക്കായ് നീ നിന്നു പെയ്യുന്നു.
മോഹമില്ലിനിയാ
മാറില്‍ തലചായ്ക്കാന്‍
ഒട്ടുമേയില്ല
മോഹഭംഗങ്ങളും എങ്കിലും;
ഒരു ചെറു വിരല്‍
സ്പര്‍ശത്തിനുള്ളൊരാശകള്‍
ഒരു കാറ്റില്‍
തലോടലായ് വന്നണഞ്ഞെങ്കിലോ.....
ഒന്നിച്ചൊന്നുമറിയാത്തപോല്‍
എല്ലാമറിഞ്ഞ്
ഒരു ഗൂഢസ്മിതത്തില്‍
ചേര്‍ന്നു നില്ക്കാം.
മണ്ണിനടിയിലാം
ആഴത്തിലാം വേരുകള്‍
ശിവപാര്‍വതീകേളികളാടട്ടെ
നിത്യവും.
ലിമ വി. കെ.
എസ്.എം.എച്ച്.എസ്.മേരികുളം
22 comments:
ഇന്ദുസുന്ദര സുസ്മിതം തൂകും
കുഞ്ഞുമുല്ലയെ മാറോടു ചേർക്കും
മഞ്ജു മാകന്ദശാഖി തൻ
ഹർഷ മർമ്മരം കേട്ടു..
നല്ല കവിത
ശുഭാശംസകൾ...
ജാലകം തുറന്നു നീ പണ്ടു തന്നൊരാ സ്വപ്നങ്ങള്‍
വാതിലും തുറന്നിന്നും കാത്തിരിക്കുന്നുവോ.....
നല്ല കവിത
കൊള്ളാം ലിമ ടീച്ചര്‍. കാലം കഴിയും തോറും പ്രണയം സ്ഫടികം പോലെ തെളിഞ്ഞു നില്ക്കുന്നു. 'വാനപ്രസ്ഥ'ത്തിന്റെ
ഉദാത്തത ....... ഉള്ളിലുള്ള പ്രണയിയെ തൊട്ടുണര്‍ത്തുന്ന വരികള്‍.........
മൊഴികളില്‍ നിറയുന്ന ഈ പ്രണയസ്പന്ദനങ്ങള്‍ തന്നെയാണ് പ്രപഞ്ചത്തിന്റെ താളം.ദുര്‍ഗ്രഹമായ ജീവിതപഥങ്ങളില്‍ പ്രവാസികളായ് അലയുമ്പോഴും ഹൃദയാന്തരാളങ്ങളില്‍ ഒളിപ്പിച്ചുവച്ച പറയാതെപറഞ്ഞ പ്രണയമാണ് വിരസതയകറ്റുന്ന ജീവനം. അവര്‍ക്കേ കാറ്റിന്റെ തലോടലും നിശയുടെ സംഗീതവും ഹൃദ്യമാവു.സ്വപ്നങ്ങള്‍ക്കായി തുറന്നിട്ട ജാലകങ്ങള്‍ ഒരിക്കലും അടയ്ക്കാതിരിക്കട്ടെ .ലീമ ടീച്ചര്‍ കവിത മനോഹരം.ഷംലടീച്ചര്‍ അഭിപ്രായത്തില്‍ സൂചിപ്പിക്കുന്നത് യഥാര്‍ത്ഥ വാനപ്രസ്ഥമോ അതോ എം.ടിയുടെ വാനപ്രസ്ഥമോ?
'' ചുറ്റിപ്പിണരുവാനല്ലൊന്നിച്ചൊരേ മുറ്റത്തു
മറ്റെല്ലാം മറന്നൊന്നു നില്ക്കുവാന് മാത്രം.
ഒന്നിച്ചു നിന്നൊരിളം നിലാവിന് കുളിര്‍മയും
നിശയുടെ സംഗീതവും കാറ്റിന് തലോടലും
പിന്നെയുമെത്രയോ ഋതുഭേദ പകര്‍ച്ചയും
ഒരേ താളത്തിലീണത്തിലേറ്റു വാങ്ങാം''.
സുഹാസിനിയും ജയറാമും അനശ്വരമാക്കിയ എം ടി യുടെ കഥാപാത്രങ്ങളെ തന്നെയാണ് ഈ വരികൾ ഓർമ്മിപ്പിച്ചത് .
ഈ കവിതയുടെ ഭാവം വരികൽ ക്കപ്പുറം മനസ്സില്‍ തൊട്ടു. ആസുരമായ കാലത്ത് പ്രണയം നനവായ് പെയ്തിറങ്ങട്ടെ.....
ചുറ്റിപ്പിണരുവാനല്ലൊന്നിച്ചൊരേ മുറ്റത്തു
മറ്റെല്ലാം മറന്നൊന്നു നില്ക്കുവാന് മാത്രം.
നല്ല വരികൾ. കവിത സ്വയം ഒരിക്കൽക്കൂടി എഡിറ്റ് ചെയ്യണം. ആശംസകൾ.
നല്ല കവിത. മനസ്സിനെ തൊട്ടുണര്‍ത്തുന്ന വരികള്‍
കവിത വായിച്ചു.കവിത എഴുതുന്നു എന്നതു തന്നെ വളരെ വലിയൊരു കാര്യമാണ്....ഭാവന നന്നായിട്ടുണ്ട്.എങ്കിലും വിഷയം പലരും മുമ്പ് കൈകാര്യം ചെയ്തു പഴകിയതാണ്.എഴുതുമ്പോൾ പുതുമ കൊണ്ടുവരാൻ ശ്രമിയ്ക്കുക എപ്പോഴും.മറ്റൊന്ന്,ഒന്നുകിൽ,വരിയൊപ്പിച്ച്,വൃത്തനിബദ്ധമായി എഴുതുക.അല്ലെങ്കിൽ പുർണ്ണഗദ്യത്തിൽ[ഗദ്യകവിത]എഴുതുക.ഇതുരണ്ടുമല്ലാത്ത രീതി ആകർഷകമല്ല.ഒന്നാംതരം എന്ന ഭംഗിവാക്കല്ല പ്രതീക്ഷിയ്ക്കുന്നതെങ്കിൽ ഞാൻ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിയ്കുമല്ലോ...ഒന്നാംതരം കവിതകൾ എഴുതാൻ കഴിയും...ആനുകാലിക കവിതകൾ ഒത്തിരി വായിയ്ക്കുക...പഴയ കവിതകൾ ഒത്തിരി ഹൃദിസ്ഥമാക്കുക...ആശംസകൾ..
നല്ല കവിത..................കൂടുതൽ എഴുതുക................
ജാലകം തുറന്നു നീ പണ്ടു തന്നൊരാ സ്വപ്നങ്ങള്‍
വാതിലും തുറന്നിന്നും കാത്തിരിക്കുന്നുവോ.....
അന്നു തൊട്ടിന്നോളം നാം പകരേണ്ട രാഗങ്ങള്‍
പൂക്കളും പൂമ്പാറ്റയും പങ്കിടട്ടെ.....
ലിമ ടീച്ചറേ , കവിത മനോഹരം...
ഒരു ആശ്രമ വിശുദ്ധി .....മനസ്സില്‍ സാന്ത്വനസ്പർശം ഏറ്റു വാങ്ങിയ സുഖം...വീണ്ടും കവിതകളുമായി വരിക..
teacher, nice poem.
ടീച്ചറെ കണ്ട ശേഷമാണ് കവിത വായിച്ചത്.....നന്നായിട്ടുണ്ട് ട്ടോ...
hi tr....sslc campil elaavvarum kavitha vaayichu....good .....tr......thidupuzha sslc camp trs
hi tr....sslc campil elaavvarum kavitha vaayichu....good .....tr......thidupuzha sslc camp trs
വളരെ നല്ല കവിത എല്ലാ ആശംസകളും നേരുന്നു
കാട്ടിലെ നിലാവ്..............
ഏതൊന്നിന്റെയും ദൗര്‍ലഭ്യം അതിന്റെ വിലയെ വര്‍ദ്ധിപ്പിക്കുമെന്നത് സാമ്പത്തികശാസ്ത്രം മാത്രമല്ല;നഷ്ടത്തിന്റെയോ ഇല്ലായ്മയുടെയോ വില അനുഭവങ്ങളുടെ പൊളളലുകളിലൂടെ നാം തിരിച്ചറിയുന്നു.വിതുമ്പി നിന്ന ഈ വിങ്ങലുകള്‍ ചാറ്റല്‍മഴയുടെ പുഞ്ചിരി തിളക്കത്തോടെ കവിതയായി ഉറവെടുത്തതാണ് വനജ്യോത്സ്ന.
നഷ്ടസ്വപ്നങ്ങള്‍ ലാഭകരമാന്. ആശയുടെ പൂര്‍ത്തീകരണം കിനാക്കളുടെ പൂക്കുലയെ തല്ലിയുടയ്ക്കും. ഒരേ മുറ്റത്ത് മറ്റെല്ലാം മറന്ന് നില്‍ക്കാനുള്ള കൊതിയും ചെറുവിരല്‍ സ്പര്‍ശത്തിനുള്ള ആശയുമാണ് ഏറെ ആനന്ദകരം. എത്ര ചെറുതെങ്കിലും കൈയില്‍ കീട്ടാത്ത കളിപ്പാട്ടത്തിനു വേണ്ടിയാണ് കുട്ടി ചിണുങ്ങുന്നത്.ഈ ചിണുക്കം അലോസരര്രെടുത്തും ആനന്ദപ്പടുത്തും.അലോസരപ്പെടുത്തുക കൂടി വേണം കവിത.കവിത ഒരു തരം ചിണുക്കമാണ്.
പ്രണയത്തെക്കുറിച്ചു പറയാത്തവന് കവിയല്ല. പറഞ്ഞ് പഴകിയതോ തേഞ്ഞതോ അല്ല അത്.ഒഴിഞ്ഞ ജീവിതക്കുപ്പിയില് ഉണ്മയും ഉയിരും നിറയ്ത്തുന്ന ആര്‍ദ്രമായ നിറമുള്ള നിനവുകളല്ലാതെ മറ്റെന്താണ് പ്രണയം? പ്രായാതിവര്ത്തിയായ പ്രണയത്തിന്റെ ലോലഭാവങ്ങള്‍ ആരെയാണ് ആവേശപ്പടുത്താത്തത്? പ്രണയം മനുഷ്യനെ (പുനരു)ജീവിപ്പിച്ചു കൊണ്ടിരിക്കന്ന ഇന്ധനമാണ്. പ്രണയാഗ്നി ഒരായിരം നാളമായി നിന്നു കത്തുന്നതിന്റെ തിളക്കം കവിതയിലുണ്ട്.
പങ്കുവയ്ക്കലിന്റെ കലയാണ് ജീവിതം. അന്നു തൊട്ടിന്നോളം എന്തെല്ലാമെന്തല്ലാം പങ്കിടേണ്ടി വരുമായിരുന്നു എന്ന ചിന്തയ്ക്ക് ജീവിതകലയുടെ മാസ്മരികതയുണ്ട്.നീ ഞാനും ഞാന്‍ നീയുമായി മാറുന്ന അലൗകിക ലോകം. പക്ഷേ, കാലത്തിന്റെ കപ്പല്‍ഛേദത്തില്‍പ്പെട്ട് ചിതറിതെറിച്ചവരായി.സദാചാരത്തിന്റെ കെട്ടുപാടുകളില്ലാത്ത ലോകത്ത് വിരാജിക്കുന്ന പൂക്കള്‍ക്കും പൂമ്പാറ്റകള്‍ക്കും നമുക്കാവാത്തത് ആകട്ടെ.
അകന്നാണെങ്കിലും ഒരേ മുറ്റത്തു നിന്ന് ഒരേ മഴ നനയാന്‍ കഴിയുന്നതു പോലും നമ്മെ ഒന്നിപ്പിക്കും. പരസ്പരം ഒന്നിപ്പിക്കന്ന ഒരണുവെങ്കിലും കണ്ടെത്താനുള്ള വ്യഗ്രത.ആരാരുമറിയാതെ ഒന്നാകുന്ന നിഗൂഢതയുടെ സൗന്ദര്യം വശ്യമാണ്.ഇവിടെ കവിത അത് കൊതിപ്പിക്കുന്നു. കാമനകളുടെ ലാസ്യനടനം മണ്ണിനടിയിലും-മനസ്സിലും- ആഴത്തില്‍ പരന്ന് പടര്‍ന്നിരിക്കുന്നു. പാര്‍വതീ പരമേശ്വര കേളികളിലൂടെ അതീന്ദ്രിയാനന്ദത്തിലേയ്ക്ക് ഉയര്‍ന്നിരിക്കുന്നു. കവിതയുടെ അപൂര്ണ്ണതയുമ സുന്ദരമാണ്.
ഒന്നരമാസമായി ഈ ഇരിപ്പിരിക്കുന്നു.ശിലയായിപ്പോയ ജ്യോത്സ്യന.ഇനി അടുത്ത ജൂണിലാകുമോ രാമപാദസ്പ൪ശം ലഭിക്കുക.
കാറ്റും മഴയും ഒക്കെ വരട്ടെ സാറെ, അതവിടിരിക്കട്ടെ.
ലിമ ചേച്ചി....ഞാനാ സുമിന
...കവിത ഒരുപാടിഷ്ട്ട്മായി....പഴയ കോളേജ് കാല
ലിമ ചേച്ചിയെ തിരിച്ചു കിട്ടിയതു പൊലെ...ഇനിയും എഴുതുക...ഭാവുകങ്ങൾ...
കഴിഞ്ഞ അധ്യയന വർഷത്തിന്റെ ആദ്യത്തെ ഒരു മാസം മാത്രം ഞങ്ങൾ സഹ പ്രവർത്തകർ ആയിരുന്നു. ആ മാസം കുട്ടികൾ അവതരിപ്പിച്ച പലതിന്റെയും പിന്നിൽ ലീമ ടീച്ചർ ആയിരുന്നു എന്ന് പിന്നീടാണ് അറിഞ്ഞത്. ടീച്ചറുടെ കഴിവുകൾ തിരിച്ചറിഞ്ഞു വന്നപ്പോഴേക്കും ട്രാൻസ്ഫർ കിട്ടി ഞാൻ നാട്ടിലേക്കു പോയി. പിന്നീട് വിദ്യാരംഗം ബ്ലോഗിലെ കവിതകൾ വഴിയാണ് ടീച്ചറെ കണ്ടത്. ഇംഗ്ലിഷ് അദ്ധ്യാപകൻ ആയതു കൊണ്ട് ഒരു മലയാളം കവിതയെ വിലയിരുത്താനുള്ള പാകതയില്ല. പക്ഷെ നല്ല ഒരു കവിക്ക് വേണ്ട കഴിവുകൾ എന്തൊക്കെയോ ഈ കവിയിൽ ഉണ്ടെന്നു തോന്നി.
പല വരികളും ഇരുത്തി ചിന്തിപ്പിക്കുന്നവയും കാവ്യ ഭംഗി തുളുമ്പുന്നവയും തന്നെ. നല്ല കവിയും കവിതയും വായനയിൽ നിന്നും അനുഭവങ്ങളുടെ തീച്ചൂളയിൽ നിന്നും ഒക്കെ ഉരുത്തിരിഞ്ഞു വരികയാണല്ലോ ചെയ്യുക. ടീച്ചർക്ക് ഭാവുകങ്ങൾ നേരുന്നു.
Rajeev
English Blog
Post a Comment