എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Jul 13, 2013

എന്റെ ഭാഷ - വള്ളത്തോള്‍ നാരായണമേനോന്‍



''മിണ്ടിത്തുടങ്ങാന്‍ ശ്രമിക്കുന്ന പിഞ്ചിളം
ചുണ്ടിന്മേലമ്മിഞ്ഞപ്പാലോടൊപ്പം,
അമ്മയെന്നുള്ള രണ്ടക്ഷരമല്ലയോ
സമ്മേളിച്ചീടുന്നതൊന്നാമതായ്
മറ്റുള്ളഭാഷകള്‍ കേവലം ധാത്രിമാര്‍
മര്‍ത്ത്യനു പെറ്റമ്മ തന്‍ഭാഷതാന്‍''
സംസാരിച്ചുതുടങ്ങുന്നകുഞ്ഞിന്റെ ചുണ്ടില്‍ നിന്നും ആദ്യം പുറപ്പെടുന്ന ശബ്ദമാണ് 'അമ്മ'. 'അമ്മ' എന്ന ശബ്ദം അവന്‍ ഏതുഭാഷയിലാണോ ഉച്ചരിക്കുന്നത് അതാണ് അവന്റെ മാതൃഭാഷ. അമ്മിഞ്ഞപ്പാലിനോടൊപ്പം ചുണ്ടില്‍ വിരിയുന്ന ആ ഭാഷയാണ് അവന് തന്റെചുറ്റുമുള്ള ലോകത്തെക്കുറിച്ച് അറിവുനേടിക്കൊടുക്കുന്നത്. ആദ്യത്തെ ഗുരു അമ്മയാണെന്നതുപോലെ ആദ്യത്തെ ഭാഷ മാതൃഭാഷയുമാണ്. മാതൃഭാഷ പെറ്റമ്മയാണ്. മറ്റുള്ള ഭാഷകള്‍ പോറ്റമ്മമാരാണ്. 'പെറ്റമ്മ ചമഞ്ഞാന്‍ പോറ്റമ്മയാകില്ല' എന്ന പഴഞ്ചൊല്ല് സുപരിചിതമായ മലയാളിക്ക് മാതൃഭാഷയ്ക്കും അന്യഭാഷകള്‍ക്കും മനുഷ്യജീവിതത്തിലുള്ള സ്ഥാനം വ്യക്തമാകാന്‍ ഇതിലും നല്ല ഒരു ഉപമ വേറെയില്ല. ഈ കവിത എഴുതുന്നകാലത്ത് വിദ്യാസരംഗത്ത് ഇംഗ്ലീഷ് കൊടികുത്തിവാഴുകയായിരുന്നു. ബ്രിട്ടീഷുകാര്‍ പ്രചരിപ്പിച്ച ഈ വിദ്യാഭ്യാസം നേടുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലിയും വക്കീല്‍പ്പണി പോലുള്ള മറ്റ് ഉന്നതപദവികളും ലഭിച്ചിരുന്നു. ഉപജീവനത്തിന് മെച്ചപ്പെട്ട മാര്‍ഗ്ഗങ്ങള്‍ കാണിച്ചുകൊടുത്തതുകൊണ്ടാവാം കവി ഇംഗ്ലീഷ് പോലുള്ള ഭാഷകളെ പോറ്റമ്മ എന്നു വിശേഷിപ്പിച്ചത്.
''മാതാവിന്‍ വാത്സല്യദുഗ്ദ്ധം നുകര്‍ന്നാലേ
പൈതങ്ങള്‍ പൂര്‍ണ്ണ വളര്‍ച്ച നേടൂ.''
അമ്മ വാത്സല്യത്തോടെ പകര്‍ന്നു നല്‍കുന്ന മുലപ്പാല്‍ ഒരു കുഞ്ഞിന്റെ വളര്‍ച്ചയില്‍ വളരെ വലിയ പങ്കുവഹിക്കുന്നുണ്ട് എന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട വസ്തുതയാണ്. രോഗപ്രതിരോധശേഷി, ആന്തരാവയവങ്ങളുടെ വളര്‍ച്ച എന്നിവയെയെല്ലാം മുലപ്പാല്‍ സ്വാധീനിക്കുന്നുണ്ട്. മാതൃഭാഷയും അതുപോലെ മനുഷ്യന്റെ വളര്‍ച്ചയില്‍, മാനസികവും ബൗദ്ധികവുമായ വികാസത്തില്‍ വലിയപങ്കുവഹിക്കുന്നുണ്ട്. മുലപ്പാല്‍ ശാരീരികമായ വളര്‍ച്ചയെ സ്വാധീനിക്കുമ്പോള്‍ മാതൃഭാഷ മാനസികവും ബൗദ്ധികവുമായ വളര്‍ച്ചയെ പരിപോഷിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ശൈശവബാല്യകൗമാരങ്ങളില്‍ നേടുന്ന വിദ്യാഭ്യാസം മാതൃഭാഷയിലായിരിക്കണം.

''അമ്മതാന്‍ തന്നെ പകര്‍ന്നു തരുമ്പോഴേ
നമ്മള്‍ക്കമൃതുമമൃതായ്ത്തോന്നൂ!
ഏതൊരു വേദവുമേതൊരു ശാസ്ത്രവു-
മേതൊരുകാവ്യവുമേതൊരാള്‍ക്കും
ഹൃത്തില്‍പ്പതിയേണമെങ്കില്‍ സ്വഭാഷതന്‍
വക് ത്രത്തില്‍ നിന്നു താന്‍ കേള്‍ക്കവേണം''
അമൃതാണെങ്കില്‍ പോലും രുചിയോടെ ആസ്വദിച്ചുകഴിക്കണമെങ്കില്‍ അമ്മ അടുത്തിരുന്ന് വാത്സല്യത്തോടെ വിളമ്പിത്തരണം. അമ്മയുടെ ആ നിസ്വാര്‍ത്ഥ സേവനം മറ്റാരില്‍ നിന്നും ലഭിക്കുകയില്ല. അതുപോലെയാണ് മാതൃഭാഷയും. ഏത്രമഹത്തരമായ തത്ത്വശാസ്ത്രവും ശാസ്ത്രജ്ഞാനവും സാഹിത്യവും നമുക്ക് ഏറ്റവും രുചികരമായി തോന്നുക അത് മാതൃഭാഷയിലൂടെ ലഭിക്കുമ്പോഴാണ്. അമ്മയുടെ സ്നേഹമസൃണമായ വാക്കുകള്‍ നമ്മുടെ ഹൃദയത്തെ സ്വാധീനിക്കുന്നതുവോലെ സ്വഭാഷയിലൂടെ ലഭിക്കുന്ന ഏതൊരറിവും നമ്മുടെ ഹൃദയത്തില്‍ തങ്ങിനില്‍ക്കും.
''ഹൃദ്യം സ്വഭാഷതന്‍ ശീകരമോരോന്നു-
മുള്‍ത്തേനായ്ച്ചേരുന്നു ചിത്തതാരില്‍
അന്യബിന്ദുക്കളോ തല്‍ബഹിര്‍ഭാഗമേ
മിന്നിച്ചുനില്‍ക്കുന്ന തൂമുത്തുകള്‍''
മനസിനെ ഒരു പൂവായി കല്പിക്കുകയാണെങ്കില്‍ അതിനുള്ളിലെ തേന്‍കണമാണ് മാതൃഭാഷ. ചെറുപ്രാണികളെ പൂന്തേനിന്റെ സുഗന്ധവും മാധുര്യവും പൂവിലേയ്ക്ക് ആകര്‍ഷിക്കുന്നതുപോലെ ചുറ്റുപാടുമുള്ള മനുഷ്യരെ ഹൃദയത്തില്‍ നിന്നു പുറപ്പെടുന്ന നല്ലവാക്കുകള്‍ നമ്മിലേയ്ക്ക് ആകര്‍ഷിക്കുന്നു. ഹൃദയത്തിന്റെ ഭാഷ എപ്പോഴും മാതൃഭാഷതന്നെയായിരിക്കുമെന്നാണ് കവിയിവിടെ സൂചിപ്പിക്കുന്നത്. മനുഷ്യന്റെയുള്ളിലെ നന്മ (സ്നേഹം, കാരുണ്യം, ദയ, ദീനാനുകമ്പ) വെളിവാക്കുവാന്‍ ഹൃദയത്തിന്റെ ഭാഷയായ മാതൃഭാഷയ്ക്കേ കഴിയുകയുള്ളു. നാം ആര്‍ജിക്കുന്ന മറ്റുഭാഷകള്‍ ചിത്തതാരിന്റെ ഇതളുകളില്‍ പറ്റിനില്‍ക്കുന്ന മഞ്ഞുതുള്ളികള്‍ മാത്രമാണ് എന്നും കവി പറയുന്നു. മഞ്ഞുതുള്ളികള്‍ സൂര്യാതപത്തില്‍ അപ്രത്യക്ഷമാകും. വികാരാവിഷ്കരണത്തിന്റെ ചൂടില്‍ അന്യഭാഷകള്‍ അപ്രത്യക്ഷമാകും, അപ്പോള്‍ മാതൃഭാഷമാത്രമാകും നമുക്കുതകുക എന്ന സൂചനയാവാം കവി നമുക്കുനല്‍കുന്നത്. അന്യഭാഷാപരിജ്ഞാനം ബാഹ്യമായ അലങ്കാരം മാത്രമാണ്.
''ആദിമകാവ്യവും പഞ്ചമവേദവും
നീതിപ്പൊരുളുമുപനിഷത്തും
പാടിസ്വകീയരെ കേള്‍പ്പിച്ച കൈരളി
പാടവഹീനയെന്നാര്‍പറയും?''
ആദികാവ്യമായ രാമായണവും പഞ്ചമവേദം എന്നറിയപ്പെടുന്ന മഹാഭാരതവും വിവിധ വിജ്ഞാനശാഖകളെ പ്രതിനിധാനംചെയ്യുന്ന ഭഗവദ്ഗീത, നീതിസാരം, അര്‍ത്ഥശാസ്ത്രം, ചിന്താരത്നം തുടങ്ങിയ കൃതികളും മലയാളത്തിലൂടെ ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്. ഇങ്ങനെ സംസ്കൃതസാഹിത്യത്തിന്റെ ഈടുവയ്പുകളായ എല്ലാ മഹദ് ഗ്രന്ഥങ്ങളേയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന മലയാളഭാഷ സാമര്‍ത്ഥ്യമില്ലാത്തവളാണ് എന്ന് ആരാണു പറയുക എന്നു കവിചോദിക്കുന്നു.
വള്ളത്തോള്‍ 'എന്റെ ഭാഷ' എന്ന കവിത എഴുതുന്ന കാലത്ത് പരമ്പരാഗത വദ്യാഭ്യാസം എന്നാല്‍ സംസ്കൃതാഭ്യസനമായിരുന്നു. ബ്രിട്ടീഷുകാര്‍ പ്രചരിപ്പിച്ച ആധുനിക വിദ്യാഭ്യാസമാകട്ടെ അവരുടെ ഭരണഭാഷയായ ഇഗ്ലീഷിനു മാത്രം മുന്‍തൂക്കം നല്‍കി. മലയാളത്തെ പഠിക്കേണ്ട ഭാഷയായോ, പഠനമാധ്യമമായോ അംഗീകരിക്കാന്‍ അക്കാലത്തെ വരേണ്യവര്‍ഗ്ഗം തയ്യാറായിരുന്നില്ല. സംസ്കൃതപക്ഷപാതികളായ പരമ്പരാഗത പണ്ഡിതന്മാരോടും ഇംഗ്ലീഷ് പക്ഷപാതികളായ ആധുനിക വിദ്യാഭ്യാസം സിദ്ധിച്ചവരോടുമാണ് കവി ഈ ചോദ്യം ചോദിക്കുന്നത്.
''കൊണ്ടാടി നാനാവിചിന്തനതന്തുക്കള്‍
കൊണ്ടാത്മഭാഷയെ വായ്പ്പിക്കായ്കില്‍
കേരളത്തിന്നീയിരുള്‍ക്കുണ്ടില്‍ നിന്നൊന്നു
കേറാന്‍ പിടിക്കയറെന്തുവേറെ?''
ഇവിടെ ആത്മാഭിമാനത്തിന്റെ ഉയര്‍ത്തെഴുന്നേല്പിന്റെ പ്രതീകമായി കവി മാതൃഭാഷയെ കാണുന്നു. കേരളത്തിന് ഈ അടിമത്തത്തില്‍ നിന്ന് മോചനം നേടാനുള്ള ഒരേയൊരുമാര്‍ഗ്ഗം കണ്ടെത്തുകയാണ് ഇവിടെ. ആത്മഭാഷയായ മലയാളത്തെ പുതിയകാലത്തിന്റെ വിജ്ഞാനംകൊണ്ടു പുഷ്ടിപ്പെടുത്തുകയാണ് രാഷ്ട്രീയവും മാനസികവുമായ അടിമത്തത്തില്‍ നിന്ന് മോചനം നേടാനുള്ള മാര്‍ഗ്ഗം. പാരതന്ത്ര്യമാകുന്ന പടുകുഴിയില്‍നിന്ന് കരേറാനുള്ള പിടിക്കയര്‍ അതുമാത്രമാണെന്ന് കവി അന്നേകണ്ടിരുന്നു. വള്ളത്തോളിന്റെ ക്രാന്തദര്‍ശിത്വം നമുക്ക് ഈ വരികളില്‍കാണാം. ബ്രിട്ടീഷുകാര്‍ ഇന്ത്യവിട്ടുപോയി. അവരുടെ രാഷ്ട്രീയാധിപത്യത്തില്‍ നിന്നും നാം മോചനം നേടി. എങ്കിലും മാനസികമായ അടിമത്തം ഇന്നും നിലനില്‍ക്കുന്നു. നമ്മുടെ ഉന്നതവിദ്യാഭ്യാസരംഗത്ത് ഇംഗ്ലീഷിന്റെ കൊടികുത്തിവാഴ്ച തുടരുകയാണ്. അന്ന് വള്ളത്തോളിന്റെ വാക്കുകള്‍ ചെവിക്കൊണ്ടിരുന്നെങ്കില്‍ ഇന്ന് ലോകത്തെ ഏതുവിജ്ഞാനവും മാതൃഭാഷയായ മലയാളത്തില്‍ പഠിക്കാന്‍ യുവതലമുറയ്ക്ക് അവസരം ലഭിക്കുമായിരുന്നു.

17 comments:

RAMESAN PUNNATHIRIYAN said...

നന്നാകുന്നു നമ്മളും.കുറേ നേരത്തെ ഇത്തരം കുറിപ്പുകള് ഇനി കാണുമെന്ന് പ്രതീക്ഷ

santhoshEdarikode said...

ഒരുപാട് സന്തോഷം. ക്ലാസില്‍ പ്രയോജനം ചെയ്യും. കൂടുതല്‍ മെച്ചപ്പെട്ടന പ്രതീക്ഷിക്കട്ടെ.
സന്തോഷ് എടരിക്കോട്

Unknown said...

വളരെ ഉപകാരപ്രദം.'എന്റെ ഭാഷ'യെ പൂർണമായി മനസ്സിലാക്കാനായത് ഇപ്പോഴാണ്‌ ഇതുപോലെ 'സൗന്ദര്യപൂജ ', 'മലയാളം 'എന്നീ കവിതകളുടെ ആശയവിശദീകരണം കൂടി നല്കിയിരുന്നെങ്കിൽ കൂടുതൽ ഉപകാരപ്രദമായെനെ....

Kalavallabhan said...

മുപ്പതിലെത്തുന്നൊരെൻ പ്രവാസം
തപ്പിത്തടയില്ലെൻ ഭാഷയിലൊട്ടുമേ
ഒപ്പമെൻ കൂട്ടായി കൂടിയ ഭാഷയിൽ
കൂപ്പുകുത്തുന്നു ഞാനിന്നുമെന്നാൽ...

Manoj said...

'എന്റെ ഭാഷ' കവിത പൂര്‍ണ്ണമായി എവിടെ കിട്ടും

പഞ്ചാമ said...

നല്ല തറവാടിത്തം ഉള്ളത് മതിയോ? ചാരായ ഷാപ്പിലേക്ക് ചെല്ലാം

അല്ലാ എന്ത് കുറിപ്പാണിത്?
വേറെ പണിയൊന്നുമില്ലേ?
ഇങ്ങനെ കുട്ടികളെ പഠിപ്പിച്ചാൽ ഉള്ള വേലയും പോകും....

ഹരി/സ്നേഹതീരം പോസ്റ്റ് said...

വിശകലനം നന്നായിട്ടുണ്ട്.ആശംസകള്‍!അക്ഷരത്തെറ്റുകള്‍ ഒഴിവാക്കുമല്ലോ..

jollymash said...

nalla leghanam.. kuttikalkku njan vayichukoduthu.. nalla prathikaranam..

jollymash said...

nalla leghanam.. kuttikalkku njan vayichukoduthu.. nalla prathikaranam..

ANITHA SARATH said...

VALARTTHAMMAYKKUM POTTAMMAYKKUM THULYA PRAADHAANYAM KODUKKAAM. ENGLISHINE NAMUK THALLIKKALAYAN KAZHIYUMO. LOKAME THARAVAD. MALAYALATHE NENCHODU CHERKKAAM. MATTUBHAASHAKALEYUM SNEHIKKAAM.

ഹരി/സ്നേഹതീരം പോസ്റ്റ് said...

വളര്‍ത്തമ്മയ്ക്കും പോറ്റമ്മയ്ക്കും തുല്ല്യ സ്ഥാനമാവാം.എന്നാല്‍ പെറ്റമ്മയ്ക്ക് സമം പെറ്റമ്മ തന്നെ.ഈ വ്യത്യാസം മാതൃഭാഷയും മറ്റുഭാഷകളും തമ്മില്‍ കാണേണ്ടതില്ലേ?

Avinash Bharath C M said...

നല്ല ഒരു ലേഖനം




Anonymous said...

enikku valareyadhikam eshtappettu

Anonymous said...
This comment has been removed by the author.
Unknown said...

നന്നായിട്ടുണ്ട് .ചില ആശയങ്ങളോട് യോജിക്കാനാവില്ല

Anonymous said...

Adi poli. Classil teacher paranju thannadhu pole vekthamayuttunde

jjkollam said...

എൻ്റെ ഭാഷ എഴുതിയ വർഷം പറയുമോ?വേഗം വേണം.