എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Jul 25, 2013

സൗന്ദര്യപൂജ - പി. കുഞ്ഞിരാമന്‍നായര്‍


  
പി.യുടെ കവിതകള്‍ വ്യാഖ്യാനിക്കാനുള്ളവയല്ല, ആസ്വദിക്കാനുള്ളവയാണ്. 'സമാനഹൃദയന്മാര്‍'ക്ക് മാത്രം കഴിയുന്ന ഒരു കാര്യം. പി.യുടെ ആത്മകഥകാവ്യങ്ങളായ കവിയുടെ കാല്‍പ്പാടുകള്‍, എന്നെ തിരയുന്ന ഞാന്‍, നിത്യകന്യകയെത്തേടി ഇവയുടെ ഏതെങ്കിലും ഒരുഭാഗം വായിച്ചിട്ടുള്ളവര്‍ക്കറിയാം പി.യുടെ ഭാഷാസവിശേഷതകള്‍. ഗദ്യംപോലും പിടിതരാതെ ഒളിച്ചുകളിക്കുകയാണ് ആ തൂലികത്തുമ്പില്‍. പിന്നെ കവിതയുടെ കാര്യം പറയേണമോ.
ഇതിലെ ആശയങ്ങളില്‍ പലതും മറ്റുവ്യാഖ്യാനങ്ങള്‍ വായിച്ചപ്പോള്‍ കിട്ടിയതുകൂടിയാണ്. പഴയ കേരളീയ ഗ്രാമജീവിതവും കാര്‍ഷികസംസ്കാരവും ക്ലാസ്സുമുറികളിലേയ്ക്ക് പുനസ്സൃഷ്ടിക്കുക ശ്രമകരമാണ്. കവിയുടെയും കവിതയുടെയും ആ പശ്ചാത്തലത്തില്‍ നിന്നല്ലാതെ ഈ കവിത ആസ്വദിക്കാനാവില്ല. 'പൂക്കളമത്സര'ത്തിന് പൂവുവാങ്ങാന്‍ പൂക്കടയിലേയ്ക്കോടുന്ന പുതുതലമുറയ്ക്ക്
കുളിച്ചു പൂപ്പൊലിപ്പാട്ടില്‍
വിളിച്ചു മലനാടിനെ;
ഒളിച്ചു പൂക്കളംതീര്‍ത്തു
കളിച്ച പുലര്‍വേളകള്‍.
എന്നു പാടിക്കേട്ടാല്‍ എന്ത് ആശയ ഗ്രഹണമാണുണ്ടാകുക. ഇവിടെയാണ് അദ്ധ്യാപകന്‍ വെല്ലുവിളി നേരിടുന്നത്. ഭാഷയുടെ സൗന്ദര്യതലം വെളിവാക്കുക എന്ന ലക്ഷ്യത്തോടെ പാഠപുസ്തകത്തിലുള്‍പ്പെടുത്തിയ ഈ കാവ്യഭാഗം കുട്ടികള്‍ക്ക് ആസ്വദിക്കത്തക്കവിധം ഒരുക്കുക വളരെ തയ്യാറെടുപ്പുകള്‍ ആവശ്യമുള്ള കൃത്യമാണ്. വായിക്കുമ്പോള്‍ അര്‍ത്ഥഗ്രഹണത്തിന് ഒരു തടസ്സവുമില്ല. ചിന്തയിലാണ് അവ്യക്തതകള്‍ തുടങ്ങുന്നത്. നമുക്കൊന്നു ശ്രമിക്കാം.
കുളിച്ചു പൂപ്പൊലിപ്പാട്ടില്‍
വിളിച്ചു മലനാടിനെ;
ഒളിച്ചു പൂക്കളംതീര്‍ത്തു
കളിച്ച പുലര്‍വേളകള്‍.
ഓണക്കാലം പടിയിറങ്ങുന്ന കേരളപ്രകൃതിയെയാണ് കവി ഈ വരികളില്‍ അവതരിപ്പിക്കുന്നത്. പൂക്കളം തീര്‍ത്തു കളിച്ചിരുന്ന പുലര്‍വേളകള്‍ എവിടെയോ പോയി ഒളിച്ചു. പുപ്പൊലിപ്പാട്ടുകള്‍ എങ്ങും മുഴക്കിക്കൊണ്ടായിരുന്നു ആ ചിങ്ങപ്പുലരികള്‍ മലനാടിനെ വിളിച്ചുണര്‍ത്തിയിരുന്നത്. പൂപ്പൊലിപാട്ടുമായി നാടെങ്ങും ചുറ്റിനടന്ന് പൂക്കള്‍ പറിച്ച് പുലരിയില്‍ പൂക്കളം തീര്‍ക്കുന്ന കൊച്ചുകുട്ടികളുടെ ചിത്രമാണ് ഈ വര്‍ണ്ണന ആസ്വാദകരുടെ മനസ്സിലുണര്‍ത്തുന്നത്.

പറന്നുപോയ് പഞ്ചവര്‍ണ-
ക്കിളിക്കൂട്ടങ്ങള്‍പോലവേ,
കുന്നിന്‍ചെരുവിലോണപ്പൂ-
ക്കുമ്പിളേന്തിയ സന്ധ്യകള്‍.
സന്ധ്യാസമയത്ത് കൂടണയാനായി പഞ്ചവര്‍ണ്ണക്കിളിക്കൂട്ടങ്ങള്‍ പറന്നു പോകുന്നതുപോലെ പലനിറങ്ങളോടുകൂടിയ മേഘങ്ങള്‍ കുന്നില്‍ മുകളില്‍ ആകാശത്ത് പ്രത്യക്ഷപ്പെടുന്നു. സന്ധ്യയാകുന്നതിനുമുമ്പ് പൂക്കൂട നിറയെ പൂക്കളുമായി കുന്നില്‍ ചെരുവിലൂടെ തിരക്കിട്ട് ഓടിപ്പോകുന്ന കുട്ടിയായി പലനിറമാര്‍ന്ന മേഘങ്ങളോടു കൂടിയ സന്ധ്യയെ കവികല്പിക്കുന്നു. സന്ധ്യയിലും മനുഷ്യത്ത്വം ആരോപിക്കുകയും ഓണത്തിന്റെ ആഹ്ലാദം നിറയ്ക്കുകയുമാണ് കവി ഇവിടെ ചെയ്യുന്നത്.
കാവിമണ്ണിഴുകുംകൊമ്പു
കുലുക്കിത്താടയാട്ടിയും
കുതിച്ചുപാഞ്ഞൂ ചിങ്ങപ്പൂ-
ത്തേരില്‍പ്പൂട്ടിയ കാളകള്‍.
കാര്‍ഷികസംസ്കാരവുമായി ബന്ധപ്പെട്ട 'ചിങ്ങപ്പൂത്തേരില്‍ പൂട്ടിയ കാളകള്‍' എന്ന പ്രയോഗം കാലത്തെ സൂചിപ്പിക്കുന്നു. ചിങ്ങമാസം ഒരു പൂത്തേരാണ്. രാപ്പകലുകളാകുന്ന കാളകള്‍ ചിങ്ങമാസമാസമാകുന്ന പൂത്തേരുമായി കുതിച്ചുപാഞ്ഞു. വളരെവേഗത്തിലാണ് ആഹ്ലാദത്തിന്റെ നാളുകളായിരുന്ന ചിങ്ങപ്പുലരികള്‍ കടന്നുപോയത് എന്നാണ് 'കുതിച്ചുപാഞ്ഞു' എന്ന പ്രയോഗം ധ്വനിപ്പിക്കുന്നത്.
കണ്ണീരണിഞ്ഞു കുഗ്രാമ-
ലക്ഷ്മിനോക്കിയിരിക്കവെ,
കേവഞ്ചികേറിപ്പോയോണ-
വെണ്ണിലാവണിരാവുകള്‍.
ഓണക്കാലത്തെ വെണ്ണിലാവണിഞ്ഞ രാവുകള്‍ കേവഞ്ചികളില്‍ കയറി ഗ്രാമത്തില്‍ നിന്നും യാത്രയായി. കുഗ്രാമലക്ഷ്മി കണ്ണീരോടെ അതു നോക്കിനിന്നു. ലക്ഷ്മീദേവി ഐശ്വര്യത്തിന്റെ പ്രതീകമാണ്. എന്നാല്‍ ഇവിടെ 'കുഗ്രാമലക്ഷ്മി' അതിന്റെ വിപരീതാവസ്ഥയെ സൂചിപ്പിക്കുന്നു. എങ്കിലും ഓണക്കാലത്തിന്റെ ആഹ്ലാദം, ഓണ നിലാവ് കേവഞ്ചി കേറിപ്പോകുന്നതോടെ (അസ്തമിക്കുന്നതോടെ) ഇരുട്ടിലാകുന്നു. ഓണത്തിന്റെ ആഹ്ലാദങ്ങളെല്ലാം ഗ്രാമത്തിലെത്തിച്ച കേവുവഞ്ചിയാണ് അകന്നു പോകുന്നത്. അതുകൊണ്ടാണ് കുഗ്രാമലക്ഷ്മി കണ്ണീരണിയുന്നത്. തിരുവോണനാളില്‍ പൗര്‍ണ്ണമിയായി തിളങ്ങിയ ചന്ദ്രന്‍ അടുത്തനാള്‍ തൊട്ട് ശോഷിച്ച് വഞ്ചിയുടെ ആകൃതിയാലായി അകന്നകന്ന് ക്രമേണ ഇല്ലാതാകുന്ന കാര്യമായിരിക്കാം കവി ഇവിടെ വര്‍ണ്ണിക്കുന്നത്. ഗ്രാമത്തിന്റെ ഇല്ലായ്മകളിലേയ്ക്ക് ആഹ്ലാദത്തിന്റെ നറുനിലാവുമായി കടന്നുവന്ന ചന്ദ്രന്‍ യാത്രയാവുമ്പോള്‍ കണ്ണീരണിഞ്ഞു നില്‍ക്കുന്ന 'കുഗ്രാമലക്ഷ്മി' മനുഷ്യജീവിതത്തിലെ വേദനനിറഞ്ഞ ചില വേര്‍പാടുകളെ അനുസ്മരിപ്പിക്കുന്നു. ഓണക്കാലത്ത് സമൃദ്ധിയും ആഹ്ലാദവുമായി നാട്ടിലെത്തി വീണ്ടും ജോലിസ്ഥലത്തേയ്ക്കു മടങ്ങുന്ന ഗൃഹനാഥന്മാരെ കണ്ണീരോടെ യാത്രയാക്കുന്ന ഗ്രാമീണ സ്ത്രീകളുടെ ചിത്രം ഇവിടെ തെളിഞ്ഞുകാണാം.
കസ്തൂരിക്കുറിപൂശുന്ന
വരമ്പിന്‍വക്കിലൊക്കെയും
കാല്‍വെപ്പിനാല്‍ പൂനിരത്തി
രമ്യശാരദകന്യക.
ചിങ്ങമാസം യാത്രയാവുകയും കന്നി കടന്നുവരികയും ചെയ്തു. കൃഷിയിറക്കുന്ന സമയത്ത് കര്‍ഷകന്‍ ചെളികൊണ്ട് വരമ്പ് വയ്ക്കുന്നു. കൃഷിയിറക്കുക എന്ന പൂജയ്ക്ക് വരമ്പ് കസ്തൂരിക്കുറി പൂശി ഒരുങ്ങിയിരിക്കുകയാണ്. ഈ വരമ്പില്‍ പൂജയ്ക്കുവേണ്ടിയുള്ള പൂക്കള്‍ നിരത്തുകയാണ് സുന്ദരിയായ ശാരദകന്യക. പുതുതായി വച്ച വരമ്പില്‍ ചെറുചെടികള്‍ വളര്‍ന്ന് പൂവിട്ട് മഞ്ഞുതുള്ളികളണിഞ്ഞ് പ്രഭാതത്തിലെ സൂര്യകിരണങ്ങളേറ്റ് ശോഭിക്കുന്ന കാഴ്ചയാണ് കവിയുടെ ഈ കല്പനയ്ക്ക് ആധാരം.
സത്വവെണ്മയെഴും കന്നി
വാനില്‍ചുറ്റിപ്പറക്കവേ
പൂമണിച്ചിറകിന്‍കാറ്റി-
ലാടീ സ്വര്‍ഗ്ഗീയസൗഭഗം!
പരിശുദ്ധിയുടെ പ്രതീകമായി വെണ്‍മേഘച്ചിറകുകളിലേറി കന്നിമാസം വാനില്‍ ചുറ്റിപ്പറക്കുന്നു. പ്രകൃതിയിലെങ്ങും സ്വര്‍ഗ്ഗീയസൗഭഗം നിറച്ചുകൊണ്ട് ഇളംകാറ്റടിക്കുന്നു. കന്നിമാസത്തെ കാലാവസ്ഥയാണ് ഈ വരികളില്‍ ആവിഷ്കരിക്കുന്നത്.
നിശതന്‍ ഖണ്ടകാവ്യങ്ങള്‍
തിരുത്തും സൂര്യരശ്മികള്‍
നിര്‍മ്മിച്ചു തൂവലിന്‍തുമ്പാല്‍
ഭാവനാമണിപത്തനം!
രാത്രിയാകുന്ന ഖണ്ഡകാവ്യം തിരുത്തുന്ന പൊന്‍തൂലികയാണ് സൂര്യകിരണങ്ങള്‍. അത് ഇരുട്ടിനെ തിരുത്തുകമാത്രമല്ല ഭാവനയുടെ പുതുലോകങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. ഗുരുതുല്യരായ മുന്‍ഗാമികളെക്കൊണ്ട് കാവ്യങ്ങള്‍ തിരുത്തിവാങ്ങി കുറതീര്‍ത്ത് കാവ്യസൗന്ദര്യത്തിന്റെ മണിപത്തനമൊരുക്കുന്ന കാവ്യസംസ്കാരത്തിന്റെ ചിത്രങ്ങള്‍ പ്രകൃതിപ്രതിഭാസങ്ങളെ മുന്‍നിര്‍ത്തി കവി വരച്ചുകാട്ടുന്നു.
സത്യപ്രകൃതി ദീപത്തില്‍-
ക്കത്തും പൊന്‍തിരിപോലവേ,
അരിവാളേന്തി നില്‍ക്കുന്നൂ
കന്നി-കര്‍ഷകകന്യക.
സത്യപ്രകൃതി ദീപത്തില്‍ കത്തിനില്‍ക്കുന്ന പൊന്‍തിരിയാണ് കന്നിമാസം. അവള്‍ അരിവാളേന്തി നില്‍ക്കുന്ന കര്‍ഷകകന്യകതന്നെയാണ്. പ്രകൃതിയില്‍ മനുഷ്യത്വമാരോപിക്കുന്ന, പ്രകൃതിയും മനുഷ്യനും ഒന്നായിത്തീരുന്ന കാഴ്ചയാണ് കവി ഇവിടെ കാട്ടിത്തരുന്നത്. പ്രകൃതിയുടെ നിത്യസത്യമായി കവി അവതരിപ്പിക്കുന്നത് അരിവാളേന്തിനില്‍ക്കുന്ന കര്‍ഷകകന്യകയെയാണ്.
കുളുര്‍ക്കെയവള്‍ നോക്കുമ്പോള്‍
പൂത്തൂ വിണ്‍പിച്ചകച്ചെടി
അവള്‍ നീരാടവേ നീല-
ദര്‍പ്പണം പാഴ്ച്ചെളിക്കുള്ളം!
കന്നിമാസത്തിന്റ രണ്ടുമുഖങ്ങള്‍ കവി ഇവിടെ അവതരിപ്പിക്കുന്നു. കന്നിമാസം ആഹ്ലാദത്തോടെ നോക്കുമ്പോള്‍ വിണ്‍പിച്ചകച്ചെടി പൂത്തുലയുന്നു. അവള്‍ നീരാടുമ്പോള്‍ നീലദര്‍പ്പണങ്ങള്‍ പാഴ്ച്ചെളിക്കുളങ്ങളായി മാറുന്നു. കന്നിമാസത്തില്‍ നക്ഷത്രങ്ങള്‍ നിറഞ്ഞ് തെളിഞ്ഞുനില്‍ക്കുന്ന ആകാശമാണ് 'വിണ്‍പിച്ചകച്ചെടി'. കന്നിയിലെ മഴയാണ് അവളുടെ നീരാട്ടായി കവികല്പിക്കുന്നത്. കന്നിയവസാനം ആരംഭിക്കുന്ന തുലാവര്‍ഷം നീലദര്‍പ്പണം പോലെ തെളിഞ്ഞുകിടന്നിരുന്ന ജലാശയങ്ങളെയും പാടങ്ങളെയുമെല്ലാം ചെളിക്കുളങ്ങളാക്കി മാറ്റുന്നു. കാലത്തിന്റെ അനുസ്യൂത പ്രവാഹവും ഋതുഭേദങ്ങളുമാണ് കേരളത്തിന്റെ ഈ ഗ്രാമചിത്രത്തിലൂടെ കവി അവതരിപ്പിക്കുന്നത്.

സൗന്ദര്യ പൂജയുടെ മറ്റുപഠനങ്ങള്‍ വായിക്കാം. താഴെയുള്ള ലിങ്കില്‍ ക്ലിക്കുചെയ്യൂ...........

12 comments:

Anonymous said...

gramasoubhagm kanathha nissahayaraya kuttikale nokki kavitha vayichu .e kurippu nannayittundu.

Unknown said...

വളരെ ഉപകാരപ്രദം.ഈ പോസ്റ്റിനു വേണ്ടി കാത്തിരിക്കുകയായിരുന്നു.ഇനിയും ഇത്തരത്തിലുള്ള പോസ്റ്റുകൾ പ്രതീക്ഷിക്കുന്നു

Unknown said...
This comment has been removed by the author.
snehageetham said...
This comment has been removed by the author.
snehageetham said...

പോസ്ററ് നന്നായിട്ടുണ്ട്.അവസാനവരികളുടെ വ്യാഖ്യാനത്തിൽ സമ്ശയമുണ്ട്. പാഴ്ചളിക്കുളം നീലദർപ്പണമാവുന്നു എന്നല്ലേ കൂടുതൽ യോജിക്കുക?

ബിജോയ് കൂത്താട്ടുകുളം said...

പുതിയ കെട്ടും മട്ടും...കൊള്ളാം...

Anonymous said...

നന്നായിട്ടുണ്ട്.അരിവാൾ ഏന്തി നിൽക്കുന്ന കർഷക കന്യക കന്നിമാസാരംഭത്തിലെചന്ദ്രക്കലയോടൂ കൂടിയുള്ള പ്രകൃതിയല്ലേ?

Anonymous said...

നന്നായിട്ടുണ്ട്.അരിവാൾ ഏന്തി നിൽക്കുന്ന കർഷക കന്യക കന്നിമാസാരംഭത്തിലെചന്ദ്രക്കലയോടൂ കൂടിയുള്ള പ്രകൃതിയല്ലേ? rema tdhss

ഹരി/സ്നേഹതീരം പോസ്റ്റ് said...

കന്നിമാസത്തിന്റെ ഒത്തിരി പ്രത്യേകതകള്‍ കവി 'സൌന്ദര്യപൂജ'യില്‍ എടുത്തുകാട്ടുന്നുണ്ട്.അതെല്ലാം വളരെ പോസിറ്റീവാണ്.അതുകൊണ്ടുതന്നെ കന്നിമാസം നീരാടുമ്പോള്‍ പാഴ്‌ച്ചളിക്കുളം പോലും നീലദര്‍പ്പണമാവുന്നു എന്ന് വ്യാഖ്യാനിക്കുന്നതായിരിക്കും നല്ലത് എന്ന് തോന്നുന്നു.താരാകീര്‍ണ്ണമായ ആകാശം(വിണ്‍പിച്ചകച്ചെടി)ചളിക്കുളത്തില്‍ പ്രതിബിംബിച്ച് ആ കുളത്തെപ്പോലും മനോഹര(നീലദര്‍പ്പണം)മാക്കുകയാണല്ലോ.ഇല്ലായ്മയില്‍നിന്ന്‍ സമൃദ്ധിയിലേക്ക്‌ നയിക്കാന്‍ അരിവാളേന്തി നില്‍ക്കുന്ന കര്‍ഷകകന്യയായി-പ്രകൃതിയുടെ നിത്യസത്യമായി -കന്നിമാസത്തെ കവി കാണുന്നു.

മാനസം said...

‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌വള‌രെ ഉപകാരപ്പെട്ടു. ഇതുപോലൊരു പോസ്റ്റിനു കാത്തിരിക്കുകയായിരുന്നു. മജീദ്

മാനസം said...

വളരെ ഉപകാരപ്രദം.ഈ പോസ്റ്റിനു വേണ്ടി കാത്തിരിക്കുകയായിരുന്നു മജീദ്

Anonymous said...

not that much good.
so boring!