എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Jul 10, 2014

ഒഴുക്ക് - കവിതഒഴുക്ക്
ഒഴുകുകയാണ്.....

ഓര്‍മ്മകള്‍
ഖനീഭവിച്ചതില്‍ ചിലത്
ഉറവിടത്തില്‍ നിന്നും
അലിഞ്ഞുകലരുന്നു,
കാട്ടുപച്ചകള്‍
വീണടിയുന്നു.
മദച്ചൂരുള്ള ആനക്കാലുകള്‍ പതിഞ്ഞ്
തടമിടിഞ്ഞുകലങ്ങുന്നു..
മാന്‍പേടകളുടെ
കുളിരുണര്‍ത്തുന്ന
ചുംബനത്താല്‍ തുടുക്കുന്നു.

ഒഴുകുകയാണ്.....

മീന്‍പുളയ്ക്കുന്നതും
ശവമടിയുന്നതും
അറിഞ്ഞില്ലെന്നു നടിച്ച്
കാടുകടന്നു.

കടത്തുകാര്‍
തലങ്ങും വിലങ്ങും
മുറിച്ചുകടന്നു.
പാടവിശാലതയില്‍
വരള്‍ച്ചത്തിരക്കായി-
പാത്രങ്ങള്‍, വലകള്‍,
പമ്പുസെറ്റുകള്‍...
ഊറ്റുകാര്‍ നിരന്നു.

ഒഴുകുകയാണ്.....

അലക്കുപെണ്ണുങ്ങളുടെ
അലിഞ്ഞ കണങ്കാലുകള്‍
ഉഴിഞ്ഞുപേക്ഷിച്ച്
കുളിക്കാരുടെ
എണ്ണതേച്ച മെയ്യും
'വെണ്ണതോല്‍ക്കുമുടലും'തഴുകി
കുട്ടികളുടെ
തിമര്‍ത്തുകളിയില്‍ പതച്ച്

ഒഴുകുകയാണ്.....

ചുഴികളില്‍
ചുളിഞ്ഞുതാഴ്ന്ന്
നിഗൂഢതകളിലേക്കു
കമിഴ്ന്ന്
കാപട്യങ്ങളിലേക്കു
മലര്‍ന്ന്
കുതിച്ച്

ഒഴുകുകയാണ്....

പാറകളില്‍ പതറി
മുള്ളുകളില്‍ കുതറി
മണല്‍പ്പരപ്പില്‍
കുനിഞ്ഞ്
മെലിഞ്ഞ്

ഒഴുകുകയാണ്....
ഒഴുകുകയാണ്....

അഴിമുഖത്തണയണം
മഹാപ്രവാഹത്തിലലിയണം

ഒഴികഴിവല്ല
ഒഴുക്കാണ് സത്യം...


  • പവിത്രന്‍ മണാട്ട്
    പത്തായക്കുന്ന്
    കണ്ണൂര്‍

6 comments:

അഭിനവ് said...

കവിത നന്നായിരിക്കുന്നു....

നിഖിത said...

എല്ലാം ഒടുവില്‍ സമുദ്രത്തില്‍ പതിക്കണം. ഇത് നിയതിയുടെ സത്യം

ലീമ വി.കെ said...

ഒഴുക്കാണു സത്യം.അതാണു കാലം.
കൊള്ളാം.

ജനാര്‍ദ്ദനന്‍ said...

കാലം കവിതയെ നമിക്കുന്നു.
കവിതയിലെ ഓരോ വരികളും മികച്ചുനില്‍ക്കുന്നു.

udyanam said...
This comment has been removed by the author.
udyanam said...

നിത്യതയിലേക്കുള്ള മഹാപ്രയാണം തന്നെ ജീവിതം!!ഒഴികഴിവുകളില്ലാത്ത ഒഴുക്ക്.വാക്കുകളിലൊളിപ്പിച്ച ദര്‍ശനം കവിതയെ ഉദാത്തമാക്കുന്നു.

സംസ്മിത എം
ജി എച്ച് എസ് എസ്
കോട്ടയം മലബാര്‍