എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Apr 23, 2011

ചരിത്രം തിരുത്തിയ തുരുത്ത് - ഓര്‍മ്മക്കുറിപ്പ്


"തലയെണ്ണാന്‍ വന്ന ടീച്ചറാ അല്ലേ, തോമസ് സാര്‍ ചോദിച്ചതിനെല്ലാം ഉത്തരം മാറ്റിപ്പറഞ്ഞുകാണുമല്ലേ. സാറിനു ചെവിയ്ക്ക് കേഴ്വിക്കുറവുണ്ട്. സാറാ ഇന്‍ചാര്‍ജ്. എച്ച്. എം. ലീവിലാ. ഇന്ന് പിള്ളേര്‍ അഞ്ചെട്ടെണ്ണം കുറവാ.." എന്നിങ്ങനെ നോണ്‍സ്റ്റോപ്പായി മുമ്പോട്ടോടി വണ്ടി നിര്‍ത്തിയപോലെ ഒരുരസലോടെ നിര്‍ത്തിയിട്ട് "ഉം.... ഞാന്‍ ക്ലാസ്സിലൊക്കെ നോക്കട്ടെ" എന്ന എരപ്പോടെ പുറത്തേയ്ക്കോടിപ്പോയി. വരാന്ത കഴുകാനെത്തിയ വേലക്കാരിയുടെ ഉത്തരവനുസരിച്ച് ഞാന്‍ വീണ്ടും കസേരയില്‍ ഇരുന്നു. പാതിരാത്രി ചന്ദ്രനുദിച്ചപോലെ ഒരു നിര പല്ല് വെളിയില്‍ കാണിച്ച് ഒരു പച്ചച്ചിരിയോടെ മറ്റൊരദ്ധ്യാപകന്‍ കടന്നുവന്നു. ഞാനറിയാതെ വാച്ചിലേയ്ക്കു നോക്കി. 10.30. ഇനിയും എന്റെ കര്‍ത്തവ്യത്തിന്റെ ബാലപാഠങ്ങള്‍ പോലും തുടങ്ങിയിട്ടില്ല.
ചെവി കേള്‍ക്കാത്ത തോമസ് സാറിനോടു പറഞ്ഞിട്ടു കാര്യമില്ല. അംബുജാക്ഷിയമ്മ പരതാന്‍ പോയി. വന്നു കയറിയ സാറിനോട് സാറേ ആ അഡ്മിഷന്‍ രജിസ്റ്ററും മറ്റും ഒന്നെടുത്തുവയ്ക്കൂ ഞാന്‍ ക്ലാസ്സിലൊക്കെ കയറി എണ്ണമെടുത്തിട്ടുവരാം എന്നു പറഞ്ഞ് എഴുനേറ്റപ്പോഴേയ്ക്കും ടീച്ചര്‍ ഓടിയെത്തി. "ജോര്‍ജ്ജ് സാറേ, ഇനിയും നാലുകുട്ടികള്‍ വരാനുണ്ട്. സാറാ ലക്ഷം വീട്ടിലുള്ള രണ്ടുകുട്ടികളുടെ വീട്ടിലേയ്ക്കൊന്നു വിളിച്ചേ”. സാറു മൊബൈലുമായി പുറത്തേയ്ക്ക്. ഒരു മിനിട്ടുകഴിഞ്ഞ് അന്ധാളിച്ച് അകത്തേയ്ക്ക്. "ടീച്ചറേ, ഒമ്പതു മണിക്ക് കുട്ടികള്‍ സ്ക്കൂളിലേയ്ക്ക് പോന്നുവത്രേ. അച്ഛനുമമ്മയും പണിക്കും പോയി. ഇനിയെന്തുചെയ്യും?”
ഞാന്‍ പറഞ്ഞു. "എനിക്കു തിടുക്കമില്ല. നിങ്ങള്‍ കുട്ടികളെ അന്വേഷിക്ക്”.
ജോര്‍ജ് സാറു പുറത്തേയ്ക്കിറങ്ങാന്‍ തുടങ്ങിയപ്പോള്‍ മറ്റൊരദ്ധ്യാപകന്‍ കടന്നുവന്നു. "ടീച്ചറേ, ഞാന്‍ ലീവാണു കേട്ടോ. ഇന്ന് ഇന്‍സ്പെക്ഷനാണെന്ന് ഇവിടാര്‍ക്കും അറിയില്ല. വേണ്ട കടലാസുകള്‍ എവിടെയാണിരിക്കുന്നതെന്ന് അവര്‍ക്കറിയില്ലാത്തതുകൊണ്ടാണ് ഞാനിന്നു വന്നത്. ഞാനാണ് ഹെഡ് മാസ്റ്റര്‍”. പറഞ്ഞുതീരും മുമ്പേ ജോര്‍ജ്ജുസാര്‍ അദ്ദേഹത്തേയും കൂട്ടി വണ്ടിയുമെടുത്ത് പുറത്തേയ്ക്ക്.
ആകാംക്ഷയുടെയും ആശങ്കയുടെയും നിമിഷങ്ങള്‍ എതിശീഘ്രം മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്നു. ആ രണ്ടു കുട്ടികള്‍ക്ക് എന്തുപറ്റിക്കാണും? മറ്റൊന്നും ചെയ്യാനില്ലാത്തതുകൊണ്ട് മേശപ്പുറത്തുറകിടന്ന പത്രമെടുത്ത് വെറുതെ മറിച്ചുനോക്കി.
മൊബൈല്‍ ഫോണ്‍ ചാറ്റിംഗിലൂടെ നീനുവും അനൂപും കൂട്ടുകാരായതും എസ്. . ഇടപെട്ട് പെണ്ണിന്റെ അപ്പനെ സമ്മതിപ്പിച്ചിട്ട് കെട്ടിച്ച് കൊടുപ്പിച്ചതും ആറുമാസം കഴിഞ്ഞ് കള്ളുഷാപ്പിലിരുന്ന് ബഹളമുണ്ടാക്കിയ അനൂപിനെ അതേ എസ്. . പിടിച്ച് ലോക്കപ്പിലാക്കിയതും ഈ മൊബൈലാണ് ഈ എടാകൂടമെല്ലാമൊപ്പിച്ചത് എന്ന് അട്ടഹസിച്ചുകൊണ്ട് അനൂപ് മൊബൈല്‍ വലിച്ചെറിഞ്ഞതുമെല്ലാം ഞാന്‍ പത്രത്തില്‍ വായിച്ചിരിക്കെ തിരഞ്ഞുപോയവര്‍ തിരിച്ചെത്തി. കുട്ടികള്‍ക്ക് കുഴപ്പമൊന്നുമില്ല. യാത്രാമദ്ധ്യേ ഇളയവള്‍ക്കു തലവേദന. രണ്ടാളും തിരിച്ച് വീട്ടിലേയ്ക്ക്. വീട്ടിലാരേം കണ്ടില്ല. അകത്തുകയറി കട്ടിലില്‍ കിടന്ന് രണ്ടുപേരും ഉറങ്ങിപ്പോയി. അവരേം ഉണര്‍ത്തി വണ്ടിയിലാക്കി ക്ലാസ്സിലെത്തിച്ചു.
ഞാന്‍ എണ്ണാനിറങ്ങുമ്പോള്‍ സമയം പന്ത്രണ്ടിനോടടുക്കുന്നു. അഞ്ചുമിനിട്ടുകൊണ്ട് എണ്ണല്‍ കഴിഞ്ഞു. നാലുക്ലാസ്സിലായി ആകെ മുപ്പതുപേര്‍. ഹാജരായത് ഇരുപത്തെട്ട്. ഇരുപത്തൊമ്പതാമനെ വഴിയില്‍ വച്ച് മറ്റൊരു സ്ക്കൂളുകാര്‍ ക്യാന്‍വാസുചെയ്യുന്നത് കണ്ടില്ലാപെട്ട് കണ്ടൊഴിഞ്ഞുപോന്ന സാറിനും മറ്റ് നാലദ്ധ്യാപകര്‍ക്കും കുട്ടികളെക്കുറിച്ച് വേവലാതികളൊന്നുമില്ല.
രേഖകളില്‍ എന്റെ വരവിനെ അടയാളപ്പെടുത്തുമ്പോള്‍ തോമസ് സാര്‍ സ്ക്കൂളിന്റെ പൂര്‍വ്വചരിത്രവുമായെത്തി. ടീച്ചറേ പണ്ടത്തെ കെ. പി. സി. സി. പ്രസിഡന്റായിരുന്ന ബാവ മൂന്ന് ഏക്കര്‍ സ്ഥലം വാങ്ങി വച്ച സ്ക്കൂളായിത്. അന്ന് അടുത്തൊന്നും സ്ക്കൂളില്ലായിരുന്നത്രേ. അഞ്ഞൂറിലേറെ കൊച്ചുകുട്ടികള്‍ പാറിപ്പറന്നു പഠിച്ച സ്ക്കൂളായിത്. ഇന്നിപ്പോള്‍ അടുത്തൊക്കെ ഇംഗ്ലീഷ് മീഡിയങ്ങളും അണ്‍ എയ്ഡഡുമെല്ലാം മുളച്ചുപൊങ്ങി പടര്‍ന്നു പന്തലിച്ചു. ഞങ്ങള്‍ ശോഷിച്ചു. ഞാനും സംവദിച്ചു. "അന്ന് അഞ്ഞൂറുകുട്ടികളെങ്കില്‍ ഇന്ന് അതിലധികം പ്രാവുകളും വാവലുകളും പാറിപ്പറക്കാന്‍ പഠിക്കുന്നുണ്ടല്ലോ. ഒട്ടും ശോഷിച്ചിട്ടില്ല. ഗവണ്‍മെന്റുസ്ഥാപനമായതുകൊണ്ടാണെന്നുതോന്നുന്നു, അവര്‍ക്ക് മാനേഴ്സ് അല്പം കുറവാ. ഇരിക്കുന്നിടത്തുതന്നെ കാഷ്ടിക്കുന്നു. എസ്.എസ്.. ഫണ്ടുപയോഗിച്ചുണ്ടാക്കിയിട്ടുള്ള ടോയ് ലറ്റുകള്‍ അവരെയൊന്ന് കാണിച്ചുകൊടുത്ത് അതുപയോഗിക്കാന്‍ പറഞ്ഞാല്‍ അച്ചട്ടായി അവരനുസരിക്കും സാറേ". ചെവി കേള്‍ക്കാത്തതുകൊണ്ടാവാം സാറു ചിരിച്ചില്ല, കോപിച്ചുമില്ല. എന്നാല്‍ തൊട്ടടുത്ത കെട്ടിടത്തിലെ ഒരു ജനല്‍ പെട്ടന്നു തുറന്നു. ഒരു പോലീസുകാരന്‍ ഓഫീസ് റൂമിലേയ്ക്ക് രൂക്ഷമായി നോക്കി. ജനല്‍ ഒന്നടച്ചു വീണ്ടും തുറന്നു.
"അതെന്താ പോലീസ് സ്റ്റേഷനോ?” ഞാനാരാഞ്ഞു. കയറിവന്ന ജോര്‍ജുസാര്‍ സ്ഥിതീകരിച്ചു. "ഈ തുരുത്തിലെ ഒരേയൊരു സ്ക്കൂളിത്. ഒരേയൊരു പോലീസ് സ്റ്റേഷനത്.” "ഇനിയെപ്പോഴാണ് ഇവിടെ നിന്ന് വണ്ടി" എന്ന ചോദ്യത്തിലെ 'വണ്ടി' എന്നു മാത്രം മനസ്സിലായ തോമസ് സാര്‍ പറഞ്ഞു. "കഴിഞ്ഞകൊല്ലം പെന്‍ഷനായ എച്ച്. എം. സ്വന്തമായി ഒരു വാന്‍ രണ്ടുകൊല്ലം മുമ്പുവാങ്ങി സ്ക്കൂള്‍വാനായി ഉപയോഗിച്ച് കുട്ടികളോട് ഫീസൊന്നും ഈടാക്കാതെ സര്‍വ്വീസ് നടത്തി. കഴിഞ്ഞകൊല്ലം ടീച്ചര്‍ പെന്‍ഷനായി. ഇരുപത്തെട്ടുകുട്ടികളില്‍നിന്നും പണംപിരിക്കാന്‍ വകയില്ലാത്തതിനാല്‍ വണ്ടി കട്ടപ്പുറത്തായി.”
ഇനി ഞാനെങ്ങനെ പെരുമ്പാവൂരെത്തും. ബസ്സ് എപ്പോഴാണാവോ. ഞാന്‍ വീണ്ടും ആവലാതിപ്പെട്ടു. ലീവിലും കര്‍ത്തവ്യതല്പരനായ എല്‍ദോ ഹെഡ് മാസ്റ്റര്‍ സൂഹൃത്തിന്റെ ശകടത്തില്‍ എന്നെ പെരുമ്പാവൂരെത്തിച്ചു. അവിടെനിന്നും കോലഞ്ചേരിവണ്ടിയില്‍ കയറിയിരിക്കുമ്പോള്‍ ഞാന്‍ ചിന്തിക്കുകയായിരുന്നു മലമുകള്‍ മലയിടംതുരുത്തായതെങ്ങനെ?
പാടനടുവിലെ അമ്പത് ഏക്കര്‍ കരഭാഗം ഒറ്റയടിക്കുവാങ്ങി താമസമാക്കിയ ബാബയുടെ വീട്ടുപടി ബസ് സ്റ്റോപ്പാക്കിയതും അതു ബാബപ്പടിയായതും തുരുത്തില്‍ താമസിക്കുന്ന ബാബ മലയിടുക്കിലുള്ള മൂന്ന് ഏക്കര്‍ സ്ഥലം വാങ്ങി സ്ക്കൂളുപണിതതുകൊണ്ടാണ് അതു മലയിടംതുരുത്തായതെന്നും തോമസ് സാറിനെപ്പോലെ ഞാനും വിശ്വസിക്കുകയാണിപ്പോള്‍. ചരിത്രത്തില്‍ കുറിക്കപ്പെടാത്ത തുരുത്തിലെ സ്ക്കൂള്‍ അനേകം വാവല്‍ മക്കള്‍ക്ക് കളിച്ചുപഠിക്കാനുള്ള ചരിത്രം തിരുത്തിയ തുരുത്തായതുകൊണ്ട് ആ സ്ക്കൂള്‍ തീര്‍ച്ചയായും അണ്‍ എക്കണോമിക് പട്ടികയില്‍ പെടുത്തരുതെന്ന അപേക്ഷയുമായി ഞാനെന്റെ ലിസ്റ്റ് ഓഫീസറെ ഏല്‍പ്പിക്കുമ്പോള്‍ അയാളില്‍ തെളിഞ്ഞചിരി സ്ക്കൂളിനനുകൂലമോ പ്രതികൂലമോ !!




കെ. വി. മറിയം
ഗവ.മോഡല്‍ ഹൈസ്ക്കൂള്‍
പാലക്കുഴ

1 comment:

azeez said...

ചരിത്രം തിരുത്തിയ തുരുത്ത് വായിച്ചു.
വളരെ നന്നായിരിക്കുന്നു. ഒരു തിരക്കഥ പോലെ ഒരോ ഷോട്ടും മനോഹരമായ വര്‍ണ്ണനകളിലൂടെ ഇതള്‍ വിടരുന്നു.
നല്ല ഭാഷ.
സര്‍ക്കാര്‍ സ്കൂളുകളനുഭവിക്കുന്ന "കുട്ടിപ്രശ്നം" നന്നായി എഴുതിയിരിക്കുന്നു. തലയെണ്ണല്‍ രസകരം തന്നെ.
പക്ഷെ, ലേഖനത്തിലെ പരിഹാസവും പുച്ഛവും ഈ ലേഖനത്തിന്‍റെ ന൯മയെ വികലമാക്കുന്നു.കേള്‍വിക്കുറവുണ്ടെന്നകാരണത്താല്‍ ഒരദ്ധ്യാപകനെ ഇത്രമാത്രം അപഹസിക്കുകയോ? എത്ര വരികളാണ് അദ്ദേഹത്തെ പരിഹസിക്കുവാന്‍ വേണ്ടി ‍ ഉപയോഗിക്കുന്നത്. ലേഖനത്തിന്‍റെ രണ്ടാം ഭാഗത്തിലും ആ മനുഷ്യനെ വിടുന്നില്ല. തമാശ പറഞ്ഞിട്ട് കേള്‍വിക്കുറവുകാരണം ചിരിച്ചില്ല പോലും; പെരുമ്പാവൂര്‍ വണ്ടിയുടെ കാര്യം ചോദിച്ചപ്പോ‍ള് സ്കൂള്‍ വണ്ടിയുടെ കാര്യം പറ‌ഞ്ഞത്രെ‍.

തിങ്കളാഴ്ച സ്കൂളില്‍ ചെല്ലുമ്പോള്‍ ഞാന്‍ പഠിച്ച സര്‍ക്കാര്‍ സ്കുളില്‍ വാവലിന്‍റെ കാഷ്ടം കാണും. ഇറ്ച്ചിലിന്‍റെ കാഷ്ടത്തിന്‍റെ പുളിപ്പിക്കുന്ന മണം ഇപ്പോഴും മൂക്കിലുണ്ട്.ദേവകി ടീച്ച൪ ചൊല്ലിക്കുന്ന പെരുക്കപ്പട്ടികയുടെ ആവര്‍ത്തനവിരസത ഞങ്ങള്‍ മാറ്റുന്നത് ചിലപ്പോള്‍ സ്കൂളിന്‍റെ കഴുക്കോലില്‍ കുറുകിനടക്കുന്ന പ്രാവുകളെ നോക്കിയാണ്.അവയും കാഷ്ടിക്കും.അന്നതൊന്നും ഞങ്ങള്‍ക്കു ഒരു പ്രശ്നമല്ലായിരുന്നു. ഈ ലേഖനം വായിച്ചതിനു ശേഷം ഇതൊരു ഹൈജീന്‍ ഇഷ്യു ആയി തോന്നുന്നു.

ഇംഗ്ലിഷ് ഹറാമാണെന്ന കാരണം പറഞ്ഞു മുസ്ലിം മൌലവിമാര്‍ ഞങ്ങള്‍ക്കു ഒരു കാലത്തു പള്ളിക്കൂടം വിലക്കിയിരുന്നു.ഓത്തുപള്ളി മാത്രമേ ഉണ്ടായിരുന്നുള്ളു.ഇതിനെതിരെ ഉല്‍പ്പതിഷ്ണുക്കളായ ധാരാളം മുസ്ലിങ്ങള്‍ രംഗത്തു
വരികയും അവര്‍ മുസ്ലിങ്ങളെ പഠിക്കുവാന്‍ പ്രേരിപ്പിക്കുകയും സ്കൂളുകള്‍ തുടങ്ങുവാന്‍ സഹായിക്കുകയും ചെയ്തിട്ടുണ്ട്. അത്തരത്തില്‍പ്പെട്ട ഒരു മഹത് വ്യക്തിത്വമാണ് ട്ടി.ഒ. ബാവ എന്ന ആള്‍. 1956 ല്‍ കേരള സ‍ംസ്ഥാനം രൂപീകൃതമാകുന്നതിനു മുമ്പു തന്നെ അദ്ദേഹം തിരുക്കൊച്ചിയിലെ നിയമസഭാംഗമായിരുന്നു.ആലുവ നിയോജകമണ്ഡലത്തിലെ ആദ്യത്തെ MLAയുമായിരുന്നു.
67ലും 69ലും രണ്ടുവട്ടം KPCC പ്രസിഡണ്ടായിരുന്നു.അതിനുള്ള യോഗ്യത മുസ്ലിങ്ങളില്‍ അന്നു വളരെ കുറച്ചുപേര്‍ക്കേയുണ്ടായിരുന്നുള്ളു.മൂന്നാലു കൊല്ലം മുമ്പു അദ്ദേഹം മരണപ്പെട്ടു.അദ്ദേഹത്തെക്കുറിച്ചാണ് ബാബ ബാബ എന്ന പേരില്‍ സൂചിപ്പിച്ചിരിക്കുന്നത്.വിനയം വാങ്ങിയാല്‍ മാത്രം പോര, കൊടുക്കുകയും വേണം.‌

azeezks@gmail.com