എണ്ണശേഖുമാരുടെ സമയമടുത്തു. ഇനി ജലസമ്പന്ന രാഷ്ടങ്ങളുടെ കാലം. മഞ്ഞുറഞ്ഞ സൈബീരിയ കമ്മ്യൂണിസ്റ്റ് ഒറ്റുകാരുടെ കൊലയറയല്ല. അതിസമ്പന്നമായ ശുദ്ധജലത്തിന്റെ സ്രോതസ്സാണ്.
അമേരിക്കയേക്കാള്‍ മുമ്പിലേക്കു കുതിക്കുന്ന ചൈന, പക്ഷെ, ജലത്തിന്‍റെ കാര്യത്തില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന രാഷ്ടമാണ്. അതുകൊണ്ട് സൈബീരിയന്‍ ശുദ്ധജലം റഷ്യയില്‍ നിന്നും വാങ്ങുന്നതിനു ചൈന കരാറൊപ്പിട്ടു കഴിഞ്ഞു. കാനഡയിലെ ശുദ്ധജലം തെക്കോട്ടൊഴുകി അമേരിക്കന്‍ ടാപ്പുകളിലെത്തുന്നു.
എവിടേയും പരാതികള്‍ ഉയരുന്നു.
നമ്മുടെ ബ്രഹ്മപുത്രയില്‍ ചൈന ഡാം കെട്ടിയിരിക്കുന്നുവെന്നു നാം യുഎന്നില്‍ പരാതി കൊടുത്തു. അമേരിക്കന്‍ സിഐഎ നമ്മുടെ ഗംഗയുടെ ഉറവിടമായ കൈലാസ പര്‍വതത്തില്‍ എട്ട് പൌണ്ട് വരുന്ന പ്ലൂട്ടോണിയം എന്ന റേഡിയൊ ആക്റ്റീവ് വസ്തുവച്ചു. ചൈനയുടെ രഹസ്യങ്ങള്‍ ചോര്‍ത്തുവാനാണെന്നു പറയപ്പെടുന്നുവെങ്കിലും പിന്നീട് അത് എവിടെപ്പോയിയെന്നു കണ്ടുപിടിക്കുവാന്‍ ഇതുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല. ഇന്ത്യ പാക്കിസ്ഥാന്റെ ജലമപഹരിക്കുന്നുവെന്ന് പാക്കികള്‍ പരാതി പറയുന്നു. സിറിയയും ജോര്‍ദ്ദാനും ഒരുമിച്ചു കെട്ടിയുണ്ടാക്കിയ ഡാമിനെച്ചൊല്ലി തര്‍ക്കത്തിലാണ്. കേരളവും തമിഴ് നാടും തമ്മിലുള്ള പ്രശ്നം ജലത്തിന്റേതാണ്. വൈക്കൊ ഇന്നലേയും പറഞ്ഞു കേരളത്തിലേക്ക് ഒരു ലോറിയും കടത്തിവിടില്ലെന്ന്. പഞ്ചാബും ഹരിയാനയും തമ്മിലുള്ള പ്രശ്നം ഒരേ തലസ്ഥാനത്തിന്‍റേതല്ലല്ലോ; ജലം തന്നെയാണ്. നമ്മുടെ നാട്ടില്‍ ആവശ്യത്തിലധികം പൈപ്പുകളും ടാപ്പുകളുമുണ്ട്, ഇല്ലാത്തത് വെള്ളം മാത്രം. വൈപ്പിനിലെ അമ്മമാര്‍ പകലൊന്നു മയങ്ങി പുലര്‍ച്ചവരെ ടാപ്പിനുമുമ്പില്‍ കൊതുകുകടി കൊണ്ടിരുന്നിട്ടല്ലേ കുടിക്കുവാന്‍ ഒരു കുടം വെള്ളം കിട്ടുന്നത്. വൈപ്പിന്‍കാര്‍ക്ക് ഇട്ടുകൊടുത്ത ടാപ്പില്‍ നിന്നൂറ്റി നഗരത്തിലെ ഹോട്ടലുകള്‍ക്ക് മറിച്ചടിക്കുന്നു.
ഞാനത്ഭുതപ്പെട്ടിട്ടുണ്ട്; ഒരായിരം ഇന്ത്യക്കാര്‍ക്കുപയോഗിക്കാവുന്ന ജലമാണ് ഒരാള്‍ ഈ നാട്ടില്‍ വേസ്റ്റാക്കിക്കളയുന്നത്. ഒന്നു തുപ്പിയാല്‍ 12 ലിറ്റര്‍ ഫ്ലഷ് വലിക്കുന്നു. എപ്പോള്‍ ടാപ്പ് തിരിച്ചാലും വെള്ളം. ഇടത്തേക്കു തിരിച്ചാല്‍ ചുടുതണ്ണി, വലത്തേക്കായാല്‍ തണുത്തവെള്ളം. ഒരു ബിസ്ക്കറ്റ് വച്ചു തിന്ന പ്ലേറ്റ് ഒന്നു തുടച്ചാല്‍ നമുക്കുപയോഗിക്കാം അത്ര വെടിപ്പുള്ളവര്‍ക്ക് ഒന്നു കഴുകാം. പക്ഷേ, പലതരം ക്ലീനിംഗ് ലിക്വിഡ്കള്‍ ചേര്‍ത്ത് അനേക ലിറ്റര്‍ വെള്ളം കൊണ്ട് ഡിഷ് വാഷറിലിട്ട് കഴുകാത്തിടത്തോളം കാലം അത് ഡേര്‍ട്ടി എന്നു പറയപ്പെടുന്നു. എന്ത് ഡേര്‍ട്ടി.എന്നാല്‍ ഈ ഡേര്‍ട്ടി എന്നു പറയുന്നവരുടെ കക്കൂസില്‍ ഒരു തുള്ളിവെള്ളം കാണില്ല. രണ്ടിഞ്ച് വീതിയുള്ള ടിഷ്യു പേപ്പര്‍ കൊണ്ട് ഒപ്പിച്ച് ആ കൈകൊണ്ട് അടിവസ്ത്രം ധരിച്ച്, പാന്‍റിട്ട്, ബെല്‍റ്റിട്ട്, പിന്നെ ട്ടൈകെട്ടി പുറത്തേക്കു വന്നു, വാഷ്ബേസിനില്‍ വന്നു കൈകഴുകി പുറത്തുവരും!
ജലം നമ്മുടെ ജന്മാവകാശമാണ്. അത് പഴയ കഥ. ഇനി അങ്ങിനെയല്ല. ജലം ഇനി സ്വകാര്യ ജലക്കമ്പനികളുടേതാണ്. നമ്മളൊക്കെ അവരുടെ കസ്റ്റമേസാണ്. കേബിള്‍ ടിവി പോലെ. ജലം നമുക്ക് ഒരു അവകാശമല്ലാതെ വന്നാല്...
ഞാന്‍ താമസിക്കുന്ന പ്രോവിന്‍സിന്റെ വടക്കുപടിഞ്ഞാറു ഭാഗത്താണ് അലാസ്ക. ലോകത്തിലെ ഏറ്റവും മനോഹരമായ പ്രദേശമാണത്. ആറുമാസം മാത്രമേ അവിടെ മനുഷ്യവാസമുള്ളൂ. ഉറഞ്ഞുകിടക്കുന്ന പ്രദേശമാണ്. വേനലായാല്‍ ഫിഷിംഗിനുവേണ്ടി ബോട്ടുകള്‍ പോകുന്നു. എന്‍റെ ഓഫീസ് മാനേജര്‍ കാറിന്‍ പോപ്ള്‍ ഒരു കപ്പലില്‍ പത്തുദിവസത്തെ അലാസ്ക വിനോദയാത്രയ്ക്കു പോയിരുന്നു. കുറെ ഫോട്ടൊകള്‍ അവര്‍ കൊണ്ടുവന്നിരുന്നു. അതിമനോഹരമായ നീലത്തടാകങ്ങളും കടലുകളും. പര്‍വ്വതങ്ങള്‍ ഐസ് ഗ്ലേസിയേസാല്‍ മൂടപ്പെട്ടുകിടക്കുന്നു. കൊടുംവനങ്ങളും മനോഹരമായ മലകളുമുണ്ട്. നോ മാന്‍സ് ലാന്ഡ് എന്നായിരുന്നു അലാസ്ക്ക അറിയപ്പെട്ടിരുന്നത്. പിന്നീട് അത് അമേരിക്ക കൈവശപ്പെടുത്തി. 5000 ച.മൈല്‍സ് വരുന്ന ആ മഞ്ഞിനടിയില്‍ ലോകത്തിലെ ഏറ്റവും പരിശുദ്ധമായ കന്യാജലം ഉറഞ്ഞുകിടക്കുന്നു. ഇതു ആര്‍ക്കുകിട്ടും? തൊട്ടടുത്തുള്ള കാനഡക്കല്ല; ആ ശുദ്ധജലം ഭൂമിയുടെ മറുപാതി കടന്നു നമ്മുടെ മുംബയില്‍ എത്തിക്കുവാനുള്ള ഒരു മെഗാപ്രോജക്റ്റ് തയ്യാറായിക്കഴിഞ്ഞു. ബോംബെക്കാര്‍ക്കുവേണ്ടിയല്ല, അറബുനാടുകള്‍, ഇന്ത്യ, ചൈന മുതലായ ജലദൌര്‍ല്ലഭ്യമുള്ള രാജ്യങ്ങളിലേക്ക് വില്‍പ്പന നടത്തുവാനുള്ള ബഹുരാഷ്ട ജലക്കമ്പനികളുടെ ഭീമന്‍ പദ്ധതിയാണിത്.ട്രു അലാസ്ക്ക ബോട്ട് ലിംഗ് എന്ന കമ്പനി അതിന്‍റെ ജലാവകാശം നേടിക്കഴിഞ്ഞു.
മനുഷ്യനുണ്ടായ കാലം മുതല്‍ ജലം നമ്മുടെ പൊതുസമ്പത്താണ് എന്ന നമ്മുടെ സങ്കല്‍പ്പങ്ങള്‍ തകരുകയാണ്. അമിതമായ ഉപയോഗത്താല്‍ നമ്മുടെ ശുദ്ധജല ഉറവകള്‍ വറ്റിക്കൊണ്ടിരിക്കുകയാണ്. നദികളും പുഴകളും തടാകങ്ങളും വറ്റുന്നു. കേരളത്തിലെ ഒരേയൊരു ശുദ്ധജലത്തടാകമായ ശാസ്താംകോട്ട കായലിലും മെല്ലെ ഓരുകയറുകയാണ്. ഈ ശുദ്ധജലം നമുക്കു നഷ്ടമാകുന്നതു ആരെങ്കിലും കുടിച്ചുതീര്‍ത്തട്ടോ കുളിച്ചിട്ടോ അല്ല. വ്യവസായ വിപ്ലവത്തിന്‍റെ തുടര്‍ച്ചയായ കമ്പോളസംസ്കാരത്തിന്‍റെ ഭാഗമായി ലോകത്തിലെ വ്യവസായ ശാലകളിലേക്കു ശുദ്ധജലം ഒഴുകുകയാണ്. ഇരുപത് വര്ഷം കഴിയുമ്പോള്‍ ജലത്തിന്‍റെ ഉപയോഗം ഇരട്ടിക്കുകയാണെന്ന് യുഎന്‍ പറയുന്നു. ജലമെവിടെ? ആരുടെ ജലമെടുക്കും? ആര്‍ക്കു കൊടുക്കും?
ജലക്ഷാമം പരിഹരിക്കുവാന്‍ ഒരേയൊരുവഴി ജലവിതരണം കമ്പോളത്തെ ഏല്പിക്കുക എന്നതാണ് ഗോളാന്തര ജലക്കമ്പനികള്‍ മുന്നോട്ട് വയ്ക്കുന്ന നിര്‍ദ്ദേശം. സപ്ലെയുടേയും ഡിമാന്റിന്റേയും അദൃശ്യകരങ്ങളാല്‍ ജലവും കയറിയിറങ്ങട്ടെ. ജലം ഒരു കൊമോഡിറ്റിയാകുമ്പോള്‍ അത് മാര്‍ക്കറ്റില്‍ കൂടിയ വിലക്ക് വില്‍ക്കുവാന്‍ ജലക്കമ്പനികള്‍ക്കധികാരമുണ്ട്. ചേരിയിലെ അമ്മമാരെക്കാളും വില നെസ്ലെയൊ കൊക്കൊക്കോളയൊ നല്‍കിയാല്‍ മാര്‍ക്കറ്റ് നിയമമനുസരിച്ച് ജലമൊഴുകുക തന്നെ ചെയ്യും.
സാമ്പത്തിക സഹായം ലഭിക്കുന്നതിനുവേണ്ടി ലാറ്റിനമേരിക്കന്‍ രാഷ്ടങ്ങളോട് ഐമ്മെഫ് ആവശ്യപ്പെട്ടത് ജലം സ്വകാര്യവല്‍ക്കരിക്കണമെന്നാണ്. ഗതികേടുകൊണ്ട് ബൊളീവിയ അത് സമ്മതിച്ചു. ബെക്ക്ടെല്‍ എന്ന ബഹുരാഷ്ടക്കമ്പനി സ്വന്തമായ പൈപ്പുകളിട്ട് ജലവിതരണം തുടങ്ങി. ഒറ്റക്കൊല്ലത്തിനുള്ളില്‍ വില ഇരട്ടിയായി. കാശുള്ളവനുമാത്രം വെള്ളം കിട്ടുമെന്നായി. സഹികെട്ട ജനത തെരുവില്‍ കലാപത്തിനിറങ്ങി. ബെക്ക്ട്ടെല്‍ ഓഫീസ് തീയിട്ടു. ജനങ്ങള്‍ ജലവിതരണം ഏറ്റെടുത്തു. ബെക്ക്ട്ടെല് പിന്തിരിഞ്ഞോടുകയും 2001ല്‍ ജലവിതരണം പഴയതുപോലെ ഗവണ്മെന്റ് ഏറ്റെടുക്കുകയും ചെയ്തു.
ലോകത്തില്‍ ഇനി ജലയുദ്ധങ്ങള്‍ വരാനിരിക്കുന്നു.
ബൊളീവിയകളും.
4 comments:
ബഹുമാന്യനായ അബ്ദുല്‍ അസീസ് തീര്‍ച്ചയായും ഒരു മലയാളം അധ്യാപകനല്ല.
ഇത്തരം അമൃത ചിന്തകള്‍ കുട്ടികളിലേക്ക് എത്തിക്കാന്‍ കടമയുള്ളവരുംബാധ്യസ്ഥരുമാണ് നമ്മള്‍ .
വരാന്‍ പോകുന്ന ആഗോള ജല യുദ്ധത്തെ കുറിച്ചു നമ്മുടെ കുട്ടികളെ ഉണര്‍ത്താം.
അമൃത കുംഭികളായ കുന്നുകള്‍ക്കായി നമുക്ക് മതിലുകളകാം ,
ആരവം പൊഴിക്കുന്ന നമ്മുടെ നിളകള്‍ക്കായി ചരമഗീതം എഴുതി കാത്തിരിക്കാതിരിക്കാം.......................
ഇനിയുമൊരുപാട് കുരുന്നുകള്‍ തീക്കാറ്റാകാന്‍,
നമുക്ക് ചെറു തീ പൊരികളാകാം.
സ്നേഹത്തോടെ ഇങ്ങനെയൊരു കുറിപ്പയച് ശ്രീ അബ്ദുല്‍ അസീസിനും ............
പ്രസിദ്ധീകരിച്ച വിദ്യാരംഗം പ്രവര്‍ത്തകര്‍ക്കും ,
അഭിവാദ്യങ്ങളോടെ .........
രമേശന്‍ പുന്നത്തിരിയന്‍
വെള്ളത്തിനായുള്ള യുദ്ധങ്ങള്‍ ഭാവിയില്‍ ഉണ്ടാകാനിടയുള്ള ഒരു കാര്യമല്ല. അത് വര്‍ത്തമാനകാല യാഥാര്‍ഥ്യമാണ്. ജലസമ്പന്നമായ ഭൂമിയില്‍ ജലക്ഷാമം വിതച്ച, ദുരയും ധൂര്‍ത്തും അനീതിയും സൃഷ്ടിച്ച വെള്ളത്തിനായുള്ള യുദ്ധങ്ങളെ എങ്ങനെ അതിജീവിക്കാമെന്ന് നാം പഠിക്കേണ്ടിയിരിക്കുന്നു. ജലസമൃദ്ധിയെ തിരിച്ചുപിടിക്കാന്‍ നമുക്ക് ജലചാക്രികതയ്‌ക്കൊത്ത് പ്രവര്‍ത്തിക്കേണ്ടതുണ്ട്.
വാക്കുകള്‍ കൊണ്ട് ഇന്ദ്രജാലം കാണിക്കുന്ന അസീസിന്റെ ഈ രചന വന്ദനശിവ ചൂണ്ടിക്കാണിച്ച വസ്തുതയെതന്നെയാണ് നമ്മുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നത്..
എട്ടാം ക്ലാസ്സില്‍ നല്ലൊരു രഫരന്സായി ഈ ലേഖനം ഉപയോഗിക്കാം..
നന്ദി അസീസ്....
വീണ്ടും വരിക ....
ഞങ്ങള്‍ കാത്തിരിക്കുന്നു .....
നിങ്ങള്‍ ഈ മാഷുംമാരെയെല്ലാം നാനക്കേടാക്കുന്നുവല്ലോ?
നല്ല ഭാഷ ... നല്ല ലോകവിവരം ..
ഞങ്ങള്‍ക്കില്ലാത്തത് അതാണല്ലോ ?
ഞങ്ങള്‍ സമ്മതിക്കില്ലെങ്ങ്കിലും !!!!
സ്പുടം ചെയതെടുത്ത വാക്കുകളുടെ ഭംഗി
നിങളുടെ ഓരോ രാജനയിലുമുണ്ട്.. നല്ലത് വരട്ടെ ....
നല്ല വാക്കുകള്‍ക്ക് നന്ദി.
നിങ്ങള്‍ അദ്ധ്യാപകരായതുകൊണ്ട് കുട്ടികള്‍ക്ക് കൊടുക്കുന്ന പ്രോല്‍സാഹനം എനിക്കും നല്‍കുന്നു.
ഒരു പ്രവാസി ഭാഷാപരമായ വൈകല്യമുള്ളവനായിരിക്കും, എപ്പോഴും ഞാനെഴുതുമ്പോള്‍ ഒരു പാട് തെറ്റുകള്‍ വരുന്നുണ്ട്. വ്യാകരണം തെറ്റുന്നുണ്ട്. അക്ഷരങ്ങളെ സംബന്ധിച്ചുള്ള പല സംശയങ്ങളും വരാറുണ്ട്. മലയാളത്തെ അത്യധികം സ്നേഹിക്കുന്നതുകൊണ്ട് വളരെയധികം ക്ലേശിച്ചും കൂടുതല്‍ സമയമെടുത്തുമാണ് എന്തെങ്കിലും എഴുതുന്നത്.
തെറ്റുകള്‍ തിരുത്തണം. സഹായിക്കണം.
ഞാന്‍ നിങ്ങള്‍ മൂന്നു അദ്ധ്യാപകരെക്കാളും പ്രായം കൂടുതലുള്ള ആളാണ്. ഫോട്ടൊ കണ്ടില്ലേ, താടി നന്നായി നരച്ചിരിക്കുന്നു. പ്രായത്തിന്‍റെ കുറെ അനുഭവങ്ങളുണ്ട്. രണ്ട് സ്ഥലത്ത് ജീവിക്കുന്നതിന്‍റേയും സഞ്ചാരത്തിന്‍റേയും ചില അനുഭവങ്ങളുമുണ്ട്.അത് വച്ച് ചിലത് എഴുതുന്നു.
എന്‍റെ മലയാളം പോരാ എന്നു എനിക്കു കൂടുതല്‍ മനസ്സിലാകുന്നത് രമേശ് സാറിന്‍റെ ആട്ടക്കഥയും അതുപോലുള്ള മറ്റു രചനകളും വായിക്കുമ്പോഴാണ്.ശ്രീകുമാര്‍ സര് എന്നെ നന്നായി മോട്ടിവേറ്റ് ചെയ്യുന്നുണ്ട്. നന്ദി.
തെറ്റുകള്‍ തിരുത്തണം. എന്നെ സഹായിക്കണം.
Post a Comment