രത്നങ്ങള്‍ കണ്ടെടുക്കാന്‍ എപ്പോഴും പ്രയാസമാണ്, കാലതാമസവുമെടുക്കും. ഇതും അങ്ങനെതന്നെ. "കഥ പറയുമ്പോള്‍" എന്ന തന്റെ ആദ്യചിത്രത്തിന്റെ ഗംഭീര വിജയത്തിനുശേഷം കെ. മോഹനന്‍ മാണിക്യക്കല്ല് കൊണ്ടുവരാന്‍ വര്‍ഷങ്ങളെടുത്തത് അതുകൊണ്ടാവും. കഥയില്ലായ്മയുടെ കാണാക്കയത്തില്‍ കൈകാലിട്ടടിച്ച് മുങ്ങിച്ചാവാന്‍ തുടങ്ങിയ മലയാള സിനിമയ്ക്ക് മാണിക്യകല്ല് ഒരു കൈത്താങ്ങാകുമെന്നതില്‍ സംശയമില്ല.
സത്യന്‍ അന്തിക്കാടിനു ശേഷം ഗ്രാമീണ കഥള്‍ ഭംഗിയായി കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന സംവിധായകന്‍ എന്ന പദവിയാണ് പൃഥ്വിരാജിനെ നായകനാക്കി സിനിമ ചെയ്ത സംവിധായകന്‍ നേടുന്നത്. പത്താം ക്ലാസ്സ് പരീക്ഷയില്‍ സമ്പൂര്‍ണ്ണ പരാജയം നേടിയ വണ്ണാമല എന്ന ഗ്രാമത്തിലെ സ്കൂളിനെയും അവിടുത്തെ ഗ്രാമവാസികളെയും ചുറ്റിപ്പറ്റിയാണു മാണിക്യക്കല്ലിന്റെ കഥ വികസിക്കുന്നത്. 100% വിജയം പോലും ഒരു സാധാരണ ഏര്‍പ്പാടാകുന്ന ഇക്കാലത്ത് സമ്പൂര്‍ണ്ണ പരാജയം ലഭിക്കണമെങ്കില്‍ അത്രയും പാടുപെടണം. ഈ പാടുപെടല്‍ വണ്ണാമലയില്‍ കുട്ടികളും അധ്യാപകരും നാട്ടുകാരും നടത്തുന്നുണ്ട്. ഇതിനിടയിലേക്കാണ് നായകന്റെ വരവ്. വണ്ണാമല ഹൈസ്കൂളിലേയ്ക്ക് സ്ഥലം മാറ്റം വാങ്ങിയെത്തിയ വിനയചന്ദ്രന്‍ മാഷിനു(പൃഥ്വിരാജ്) ചില ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നു. അത് നിറവേറ്റാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളും അതിനെ തുടര്‍ന്ന് ആ സ്ക്കൂളിലും നാട്ടിലും സംഭവിക്കുന്ന മാറ്റങ്ങളുമൊക്കെയാണു ഗ്രാമീണ ഹാസ്യത്തിന്റെ മേമ്പൊടിയോടെ മാണിക്യക്കല്ലില്‍ പറയുന്നത്.
ചാന്ദിനി എന്ന ഫിസിക്കല്‍ എഡ്യുക്കേഷന്‍ ടീച്ചറായി വരുന്ന സംവൃതാ സുനില്‍ തന്റെ ഭാഗം നന്നായി കൈകാര്യം ചെയ്തിട്ടുണ്ട്. കുഞ്ഞിരാമന്‍ എന്ന തന്റെ പേരു ഗസറ്റില്‍ തമ്പുരാന്‍ എന്നു പരസ്യം ചെയ്ത് മാറ്റിയ സലിം കുമാര്‍, സ്കൂള്‍ റൂം വളം സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന നെടുമുടിവേണുവിന്റെ ഹെഡ് മാസ്റ്റര്‍, ജഗതിയുടെ കള്ളവാറ്റുകാരന്‍ കരിങ്കല്‍ക്കുഴി തുടങ്ങി ഒരുപാട് കഥാപാത്രങ്ങള്‍ ഈ ചിത്രത്തിലുണ്ട്. സുകുമാറിന്റെ ക്യാമറ മനോഹരമായ രീതിയില്‍ വണ്ണാമല ഗ്രാമത്തിന്റെ സൗന്ദര്യം പ്രേക്ഷകരില്‍ എത്തിക്കുന്നു.
തന്റെ ആദ്യ ചിത്രത്തിനു ശ്രീനിവാസന്‍ എന്ന മഹാനായ തിരകഥാകൃത്തിന്റെയും മമ്മൂട്ടി എന്ന അതുല്യ നടന്റെയും സാന്നിധ്യം മോഹനു കൂട്ടായി ഉണ്ടായിരുന്നുവെങ്കില്‍ ഇത്തവണ അങ്ങനെ ഒരവകാശവാദത്തിനും സ്ഥാനമില്ല. പൃഥ്വിരാജിനെ കയ്യാങ്കളി കാട്ടാത്ത ഒരു റോളില്‍ അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു എന്നതും അഭിനന്ദനീയമാണ്.
സൈഡ്ബിസിനസ്സുള്ള അധ്യാപകരും അവകാശബോധം പ്രസംഗിക്കുന്ന വിപ്ളവകാരിഗു(കു?)രുക്കളുമെല്ലാം നമ്മുടെ പരിചയക്കാരായി തോന്നുന്നില്ലേ? എന്നാല്‍ ഇവരെല്ലാം അതിഭാവുകത്വത്തിന്റെ തലത്തിലേയ്ക്ക് ചിലപ്പോഴെങ്കിലും വഴുതി വീഴുന്നത് ഒഴിവാക്കാമായിരുന്നു. ഗാനങ്ങളെല്ലാം അനവസരത്തിലല്ലേ എന്നും സംശയമുണ്ട്. എന്തായാലും മണ്ണിന്റെ മണമുള്ള ഒരു സിനിമ സമ്മാനിച്ചതില്‍ സംവിധായകനോട് നന്ദി പറയാതെ തരമില്ല.
- ബി.കെ.എസ്.
7 comments:
a devoted teacher can do miracles. the film was exellent . good review.
മാണിക്യക്കല്ല് കണ്ടു.
എന്റെ മക്കളുടെക്കൂടെ .....
ഇന്നത്തെ വിദ്യാലയത്തിന്റെ ഒരു നേര്‍ക്കാഴ്ച തന്നെ ഈ ചിത്രം ..
ഇളയ മോന്‍ പടം കഴിഞ്ഞപ്പോള്‍ പറഞ്ഞു..
ഇപ്പോള്‍ മനസ്സിലായി..
അച്ഛന്‍ എന്താണ് സ്കൂള്‍ സ്കൂള്‍ എന്നും പറഞ്ഞു എപ്പോഴും നടക്കുന്നതെന്ന്...
ഞങ്ങള്‍ക്ക് അഭിമാനം തോന്നുന്നു...എന്ന്....
.അച്ഛന്‍ സിനിമ കണ്ടു കരഞ്ഞെന്ന് അവരുടെ അമ്മയോട് ......
മക്കളുടെ കാര്യം മറക്കുന്ന അച്ഛനെ കുറ്റപ്പെടുത്താറുള്ള അവരുടെ മാറ്റം ഞാന്‍ ശ്രദ്ധിച്ചു..
പലരും പറഞ്ഞതുകൊണ്ടാണ് ഈ ചിത്രം കാണാന്‍ ഇടയായത്..
ബിജോയിയുടെ ചലച്ചിത്രാസ്വാദനം ഗംഭീരമായി...
അനുമോദനങ്ങള്‍...
it is too nice
നല്ല സിനിമയാണ് മാണിക്യക്കല്ല് സംശയമില്ല. ആസ്വാദനവും ഇഷ്ടപ്പെട്ടു. ശുദ്ധകലയില്‍ അതിഭാവുകത്വം ഒരു കുറ്റമാണോ മാഷേ ?
എന്‍റെ പഴയൊരു ശിഷ്യന്‍ ഒരു ദിവസം വിളിച്ചു പറഞ്ഞു "ടീച്ചര്‍' മണിക്ക്യകല്ല്' കാണണം" എനിക്ക് സിനിമ കാണുന്ന സ്വഭാവം ഇല്ലെന്ന് അവനറിയമായിരുന്നത് കൊണ്ടാവാം അവനെന്നെ വളരെ അധികം നിര്‍ബ്ബന്ധിച്ചു.ഉടനെ തന്നെ സിനിമ കണ്ടു.ഇന്നത്തെ അവസ്ഥയില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഈ ചിത്രം ഒരു നല്ല പ്രചോദനം തന്നെയാണ്.നല്ലൊരു ആസ്വാദനക്കുറിപ്പ് കാഴ്ചവെച്ച ബിജോയ് സാറിന് അഭിനന്ദനങ്ങള്‍! ചിത്രത്തിന്റെ ഓരോ കോപ്പി എല്ലാ അധ്യാപകര്‍ക്കും കൊടുത്തിരുന്നെങ്ങില്‍ നന്നായിരുന്നു അല്ലെ ?
വളരെ നല്ല ഒരു സിനിമ തന്നെ മാണിക്യക്കല്ല്.ഈ സിനിമ പി.ടി.എ. അംഗങ്ങളും കണ്ടു .energetic ഫിലിം തന്നെ ഇതു .വിനയചന്ദ്രന്‍ മാഷാകാന്‍ ഓരോ അധ്യാപകനും കഴിയണം
athi bhavukathvam ozhivakki kurachu koodi kalaparamayi pidikamayirunnu ee sinima.
ramla
Post a Comment