എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Jun 29, 2011

അടുക്കളപ്പാട്ട് - കവിത

വീട്ടമ്മ ചപ്പാത്തിയുണ്ടാക്കുമ്പോള്‍
അരികില്‍ പാടുന്നു റേഡിയോ.
ഓര്‍മ്മകള്‍ ഗോതമ്പുമാവില്‍
കുഴഞ്ഞ്...ഉരുണ്ട്...പരന്ന്...

ഒന്നാം പാട്ടവളെ പുഴയോരത്തെത്തിച്ചു.
പത്തു വയസ്സുകാരിയുടെ കൌതുകക്കണ്ണുകള്‍
അഴിമുഖത്തെ ചീനവലക്കുള്ളിലെ
മീന്‍ചാട്ടങ്ങളിലേക്കെത്തിനോക്കുന്നു.
കൂട്ടുകാരന്റെ നീട്ടിയ കൈകളിലെ
ഇലഞ്ഞിപ്പഴച്ചവര്‍പ്പ്
മൈലാഞ്ചിത്തുടുപ്പിലേക്ക് വീഴുന്നു.
മഴയിലൂടെ ......അവരോടുന്നു.

രണ്ടാം പാട്ടില്‍,
ഒരു കൗമാരക്കാരി തനിച്ചിരിക്കുന്നു.
വിടര്‍ന്ന കണ്ണുകളിലെ
പറയാതൊളിപ്പിച്ച പ്രണയം
കവിള്‍ത്തണുപ്പിലൂടെ....
രാത്രി മഴയിലേക്കൊഴുക്കുന്നു.

മൂന്നാം പാട്ടില്‍,
കൂട്ടുകാരുമൊത്തവള്‍ കടല്‍ക്കരയില്‍
തിരയെണ്ണിയും കടലകൊറിച്ചും ...
പാല്‍നുരയില്‍ കാല്‍ നനച്ചും ...
കടല്‍ക്കാറ്റില്‍ അപ്പൂപ്പന്‍ താടിയായലഞ്ഞും.

നാലാം പാട്ടിലവള്‍ ആള്‍ക്കൂട്ടത്തില്‍
മുല്ലപ്പൂഭാരത്താല്‍ തലകുനിച്ച് ...
കളിപ്പാട്ടമായതില്‍ സങ്കടപ്പെട്ട്‌ ...
കാറ്റിന്റെ പിന്‍വിളികേള്‍ക്കാതെ ...
പുഴയോട് യാത്രചോദിക്കാതെ...

അഞ്ചാംപാട്ടിലെ അപസ്വരങ്ങള്‍
വരികളുടെ ഈണമുലച്ചപ്പോള്‍
കണ്ണീരുപ്പേറി...
ഉള്‍ച്ചൂടിനാല്‍ വെന്തുകരിഞ്ഞ
ചപ്പാത്തി വിളമ്പി
അവള്‍ ആരാച്ചാര്‍ക്കു മുമ്പില്‍
കഴുത്തു നീട്ടിനിന്നു....!

സാബിദ മുഹമ്മദ്റാഫി
മലയാളം അദ്ധ്യാപിക
ജി.വി.എച്ച്.എസ്.എസ്. വലപ്പാട്
ചാവക്കാട്

21 comments:

ഷൈലടീച്ചര്‍,ആറ്റിങ്ങല്‍ said...

സ്ത്രീയുടെ ജീവിതാവസ്ഥ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു.പക്ഷേ ഇതും നമ്മുടെ സമൂഹം ആസ്വാദനത്തിനു മാത്രം ഉപയോഗിക്കുമല്ലോ എന്നോര്‍ക്കുമ്പോഴാ സങ്കടം...

punathiltimes said...

good poem.keep it up

shamla said...

സ്വപ്നങ്ങളും ആഗ്രഹങ്ങളും ഉള്ളിലൊതുക്കി കളിപ്പാട്ടമാകാന്‍ വിധിക്കപ്പെടുന്ന സ്ത്രീ അവസ്ഥകളെ ഈ കവിത പ്രതിനിധീകരിക്കുന്നു. ഗ്രിഹതുരതയോടെ പാട്ടിനൊപ്പം പിന്തിരിഞ്ഞു നോക്കുമ്പോഴും തിരികെയെത്തേണ്ടത് കരിഞ്ഞ ചപ്പാത്തികള്‍ നല്‍കുന്ന തുറിച്ചു നോട്ടത്തിലെക്കാന്. ഈ കവിത മറ്റെവിടെയെങ്കിലും കൂടി പ്രസിദ്ധീകരിച്ചു കാണാന്‍ ആഗ്രഹിച്ചു പോകുന്നു. സാബിതയുടെ ഒരുപാട് കവിതകളില്‍ ഒന്ന് മാത്രമാവാം ഇത്. വളരെ നല്ല കവിത. ഈ കവിത പ്രസിദ്ധീകരിച്ച വിദ്യാരംഗം ടീമിനും സാബിതക്കും അഭിനന്ദനങ്ങള്‍

ബി.കെ.എസ് said...

സാക്ഷരകേരളത്തിന്റെ സ്ത്രീവിരുദ്ധ നിലപാടുകള്‍ സജീവ ചര്‍ച്ചാവിഷയമായിരിക്കുന്ന ഈ സമയത്തു സാബിദ ടീച്ചറുടെ കവിത പ്രസിദ്ധീകരിച്ചതു ഉചിതമായി.അഭിനന്ദനങ്ങള്‍...

shamla said...

വരികള്‍ക്കിടയില്‍ ഒരുപാടു വ്യാഖ്യാനങ്ങള്‍ ഉള്ളടങ്ങുന്നു അടുക്കളപ്പാട്ടില്‍

ജിജോ അടിമാലി said...

പുനര്‍വായന ആവശ്യപ്പെടുന്ന കവിത-സാബിതയ്ക്ക് ആശംസകള്‍...ഇനിയും എഴുതണം ട്ടോ..

റഹീം ,പൂക്കടശ്ശേരി said...

അടുക്കളപ്പാട്ടിന്റെ താളം തട്ടത്തിലൂടെ വന്നപ്പോള്‍ പൂ ചൂടിയ പെണ്ണും കല്യാണവുമെല്ലാം! വേറിട്ടതെന്തേ?സിമ്പിളായി പറഞ്ഞാല്‍ പേടിയാണല്ലേ?

Azeez . said...

കവിത കൊള്ളാം ടീച്ചറെ.ഒരു കവിത എന്ന നിലയ്ക്ക് ഞാനതാസ്വദിക്കുന്നു.
പക്ഷേ, ഒരു പുരുഷന്‍ ഒരു സ്ത്രീ എന്ന പേരില്‍ ഈ ബ്ലോഗില്‍ എവിടെയോ വായിച്ചപോലെ കഴുത്തിലെ ആ കുരുക്കുണ്ടല്ലോ, അത് പൊട്ടിച്ച് കടലിലേക്കെറിയുവാന്‍ കഴിവില്ലാതെ കണ്ണീരുപ്പേറി ആരാച്ചാരുടെ മുമ്പില്‍ കഴുത്ത് നീട്ടിക്കൊടുക്കുന്ന ഇതിലെ സ്ത്രീ, സ്ത്രീവര്‍ഗ്ഗത്തിനു അപമാനകരമാണ്.
മൂക്കുപിഴിഞ്ഞും തലയിണയില്‍ മുഖംപൊത്തിയും തലമുറകളെത്ര കടന്നു.
എന്നാണ് ഈ കണ്ണീരുപ്പുകള്‍ വെടിയുപ്പാകുന്നത്.
ത്രാണിയുണ്ടോ കൂട്ടത്തോടെ വിളിച്ചുപറയുവാന്‍:മയിലാഞ്ചിയും ഒപ്പനയും കോയ്ബിരിയാണിയുമല്ല മുസ്ലിംസ്ത്രീയെന്നു.അവള്‍ അടിമയാണെന്നു.നൂറും ഇരുന്നൂറും പവനു വിവാഹക്കമ്പോളത്തില്‍ കൈമാറ്റം ചെയ്യപ്പെടുന്ന വെറും ഒരു ഉരുവാണെന്ന്.കെട്ടിച്ചയക്കുവാന്‍ കഴിവില്ലാത്ത ദരിദ്രരായ ഉമ്മമാര്‍ക്ക് പിറന്ന ശാപമാണെന്ന് .
പര്‍ദ്ദ മുസ്ലിം സ്ത്രീയുടെ തടവറയായിരുന്നു.അക്ഷരങ്ങളില്‍ നിന്നും അവളെ വിലക്കിയത് ഈ പര്‍ദ്ദകൊണ്ടായിരുന്നു.അതേ പര്‍ദ്ദക്കുള്ളില്‍ നിന്നുകൊണ്ട് മുകുന്ദസാഹിത്യത്തിന്‍റെ ഉത്തരാധുനിക വായനെയെക്കുറിച്ച് ലേഖനമെഴുതുമ്പോള്‍ ചങ്ങലയേയും സ്വാതന്ത്ര്യത്തേയും നാമൊരേ സമയം പുകഴ്ത്തുകയാണ്.
പുറത്തു വന്നേ പറ്റൂ, മക്കളെ ഓര്‍ത്തെങ്കിലും.

shamla Thalayolapparambu said...

ബ്ലോഗിലെ ബഹുമാന്യ സുഹൃത്തിനോടുള്ള എല്ലാ ആദരവോടുംകൂടി എഴുതട്ടെ. അടുക്കളപ്പാട്ട് ഒരു മുസ്ലീം സ്ത്രീ ഒരു മുസ്ലീം സ്ത്രീയെക്കുറിച്ചെഴുതിയ കവിതയല്ല. എവിടെയും വേദന അനുഭവിക്കുന്ന സ്ത്രീയുടെ പ്രതീകമാണവള്‍. എന്നു വച്ച് എല്ലാ സ്ത്രീകളും എവിടെയും വേദനകള്‍ മാത്രമനുഭവിക്കുന്നു എന്നും അര്‍ത്ഥമില്ല. സാബിദ എഴുതിയതുകൊണ്ട് കവിതയെ ജാതിയില്‍ ഒതുക്കണ്ട. ഇത്തരം ചര്‍ച്ചകള്‍കൊണ്ട് ആ കവിതയുടെ ഭാവം നഷ്ടപ്പെടുത്തണോ? മുല്ലപ്പൂവും മയിലാഞ്ചിയും എന്നത് ജാതിയുടെ മാത്രം പ്രതീകമായി കാണുന്ന വായനയോട് എനിക്കു യോജിപ്പില്ല. പിന്നെ വേഷം, സ്വയം തിരഞ്ഞെടുക്കുന്നതും അടിച്ചേല്‍പ്പിക്കുന്നതുമുണ്ട്. സ്വയം തെരഞ്ഞെടുപ്പ് പാരതന്ത്ര്യമല്ലതാനും, അത് വ്യക്തിയുടെ സ്വാതന്ത്ര്യമായിത്തന്നെ കണ്ടാല്‍ മതി.
മുകുന്ദസാഹിത്യത്തിലെ ഉത്തരാധുനികതയെക്കുറിച്ച് പറയാന്‍ തലയിലൊരു തട്ടം പ്രതിബന്ധമാകുന്നതെങ്ങനെയെന്നു താങ്കളുടെ അഭിപ്രായത്തിന്റെ യുക്തി മനസ്സിലായില്ല. ഉത്തരാധുനികത ഒരുഭാഷാരീതിയും അതേ സമയം കഥാസന്ദര്‍ഭങ്ങളുടെയും കഥാപാത്രങ്ങളുടെയും തിരഞ്ഞെടുപ്പുമാണ്. അതികഥയുടെയും പാഠാന്തരതയുടെയും സവിശേഷതകളും ഉത്തരാധുനികത ഉള്‍ക്കൊള്ളുന്നു.
കഴുത്തിലെ കുരുക്കുപൊട്ടിച്ച് കടലിലേയ്ക്കെറിഞ്ഞാല്‍ കഴുത്തിലെ കുരുക്ക് വീണ്ടും ഇടേണ്ടിവരുന്ന സാമൂഹ്യവ്യവസ്ഥ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട് നമ്മുടെ നാട്ടില്‍. സ്ത്രീകാഴ്ചകളുടേതിനേക്കാള്‍ പുരുഷകാഴ്ചകളുടെ നാടാണ് കേരളം. അതിനിയും മുസ്ലീം സ്ത്രീയുടെ മാത്രം പ്രശ്നമായി കാണേണ്ട മാഷേ. ദാരിദ്ര്യരേഖയ്ക്കുതാഴെയുള്ള ഒരുപാടുകുടുംബങ്ങളും ചേര്‍ന്നതല്ലേ നമ്മുടെ നാട്. ഒരു ബാഹ്യവായനയുടെ പ്രതിഫലനമായേ എനിക്കീ അഭിപ്രായപ്രകടനത്തെ തോന്നിയുള്ളു. ക്ഷമിക്കുമല്ലോ!
ഒരുപക്ഷേ, ആസ്വാദനം വ്യക്തിനിഷ്ഠമാകുന്നതിന്റെ ഫലമാവാം..........

Anonymous said...

ടീച്ചറേ വളരെ നന്നായിട്ടുണ്ട്.........

Anonymous said...

ടീച്ചറേ വളരെ നന്നായിട്ടുണ്ട്.........

Sabu Habeeb said...

sabee.... really nice... keep it up...
I am so proud of my sister...

expeting more and more

Azeez . said...

നന്ദി ഡോക്റ്റര്‍ ഷംല.
ഡോക്റ്റര്‍ ഷംല പറഞ്ഞ കാര്യങ്ങള്‍ക്ക് മറുപടി നല്‍കുവാന്‍ എനിക്കു കഴിയും.
പക്ഷേ, ഞാന്‍ കീഴടങ്ങുന്നു.
ഞാന്‍ ഇന്നലെ ബ്ലോഗില്‍ കയറിവന്ന ഒരു പ്രവാസി.
ഡോക്റ്റര്‍ ഷംല വളരെ ആദരിക്കപ്പെടുന്ന ഒരു നല്ല അദ്ധ്യാപിക.
ഞാന്‍ എന്തെഴുതിയാലും ഡോക്റ്റര്‍ ഷംലയുടെ ഈഗൊ ഹര്‍ട്ട് ചെയ്യുവാന്‍ ചാന്‍സുണ്ട്.
എല്ലാം ഭദ്രമെന്ന് ഷംലയും അസീസുമൊക്കെ സമൂഹത്തെ വിശ്വസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതങ്ങിനെ തന്നെ ഇരിക്കട്ടെ.
കുട്ടികളുടെ മുമ്പിലിട്ട് വേണ്ട ഒരു പരസ്യ അലക്കല്‍.
താങ്ക്സ്.

Sindhu said...

good

Sindhu said...

good

Sindhu said...

good

റംല നസീര്‍ മതിലകം said...

sabitha,
chooderiya charchaku kavitha idayakiyallo. nannayi.

ramla.

nizu nizar said...
This comment has been removed by the author.
nizu nizar said...

sabithaaa .. nannayittund


really inspirative .......i am really flabercasted to see this poem ....

best regards nizu

Binhamid said...

പ്രിയപ്പെട്ട സാബി,
ഇനിയും എഴുതുക.ചര്‍ച്ചകള്‍ അങ്ങനെ എന്നത്തേയും പോലെ അതിന്റെ വഴിക്ക് നീങ്ങട്ടെ.
ഒരു കവിത എന്ന നിലക്ക് ഇത് അങ്ങേയറ്റം പ്രശംസനീയം.അതിന്റെ മനോഹാരിതയാണല്ലോ വായനക്കാരുടെ അഭിപ്രായങ്ങളായി പുറത്തുവന്നത്.
ജാതിയുടെയോ മതത്തിന്റെയോ വിശ്വാസങ്ങളുടെയോ ആണ്‍ പെണ്‍ വിഭാഗത്തിന്റെയോ ഇതൊന്നുമല്ലാത്ത മറ്റെന്തെങ്കിലുമൊരു വിഷയവുമായി എന്തെന്കിലുമുള്ള
ബന്ധങ്ങള്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ക്ക് വിട്ടു കൂടുതല്‍ എഴുതുക.
അടുക്കളയില്‍ കൂടുതല്‍ പാട്ടുകള്‍ കേള്‍ക്കട്ടെ.അടുത്ത തവണ ഒരു പുരുഷനെ കൊണ്ട്
ചപ്പാത്തിമാവ് കുഴപ്പിക്കാന്‍ ശ്രമിച്ചാല്‍ വളരെ നല്ലത്.ഒരു രണ്ടു പാട്ട് കഴിയുമ്പോളേക്കും അവന്റെ നല്ല കാലം തരിപ്പണമാക്കിയ ഏതെങ്കിലും ഒരു ശൂര്‍പ്പണഘയെ
അവതരിപ്പിക്കുക.പുരുഷ വായനക്കാരെക്കൂടി ആനന്ദത്തില്‍ ആറാടിക്കുവാന്‍ ശ്രമിക്കുക.

സേതുലക്ഷ്മി said...

നല്ല കവിത.