എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Jun 10, 2011

കഥകളി - കവിത


മനയോല തേക്കാനായ്‌ കിടപ്പൂ പുല്‍പ്പായയില്‍
മനസ്സുമാവാഹിപ്പൂ സ്വര്‍ഗ്ഗീയ സൗന്ദര്യവും
ചുട്ടികള്‍ കുത്തീടുന്നു സമര്‍ത്ഥമായ കൈകള്‍
പൊട്ടിവിരിഞ്ഞീടുന്നു പൌരാണിക മുഖങ്ങള്‍
മിടിക്കും ഹൃദയമായ് ഊഴവുംകാത്തിരിപ്പൂ
ഉടുത്തുകെട്ടുമായി എത്തണം അരങ്ങിലും
മിന്നുന്ന കിരീടവും ആഹാര്യ ഭംഗികളും
തന്നീടുമത്രേ ദേവന്‍ പ്രസാദം ലഭിച്ചെങ്കില്‍
വാചികാംഗികങ്ങളും ഹൃദ്യമായ്ത്തീര്‍ന്നീടുവാന്‍
വാഗ്ദേവീ പ്രസാദവും കിട്ടേണമെന്നറിവൂ
സാത്വികാഭിനയത്തിന്‍ കരുത്തു കാട്ടീടണം
സദസ്സിലാവേശത്തിന്‍ കയ്യടി നേടീടണം
ഇന്നത്തെ വേഷമെന്ത് ? ആദ്യാവസാനം തന്നെ ! 
ഇന്നലെ കെട്ടിയാടി ഇണങ്ങാവേഷം തന്നെ !നാളത്തെ അവസ്ഥയും ചിന്തിക്കാന്‍ ധൈര്യം പോരാ
നീളുന്ന ദാരിദ്ര്യത്തിന്‍ രക്തസാക്ഷിയല്ലോ താന്‍! 
നിഷ്കാമകര്‍മ്മം ചെയ്യാന്‍ ഉപദേശിപ്പൂ ഗീത
നിഷ്കാസിതനാവാതെ കാത്തീടും സര്‍വ്വേശ്വരന്‍
കിട്ടുന്ന പ്രതിഫലം നിസ്സരമായിപ്പോകാം
ഒട്ടുമേ മടി വേണ്ട സ്വീകരിച്ചീടുവാനായ്‌
കഥയില്ലാത്ത കളി കലയില്ലാത്ത കളി
കഥനം ചെയ്തീടല്ലേ കാലത്തിന്നരങ്ങിലും
ചിന്തകളിപ്രകാരം വിഹരിക്കുന്നു വാനില്‍
ചിത്രശലഭങ്ങളായ് വര്‍ണവും വിതറുന്നു
ലോകമാം അരങ്ങിലും വിളക്കു വെച്ചീടുന്നു
മൂകരായ് കാത്തിരിപ്പൂ പ്രേക്ഷകലക്ഷങ്ങളും

* * * * * * * * * * * * * * * *
 
തിമര്‍ത്തു കേളി കൊട്ടും തോടയം പുറപ്പാടും
തിമര്‍ത്തു പെയ്തീടുന്ന മഴപോല്‍ മേളപ്പദം
വന്ദന ശ്ലോകം പിന്നെ ഇഷ്ട ദേവതാ സ്തുതി
ആനന്ദിപ്പിച്ചീടുന്ന ആട്ടക്കലാശങ്ങളും
കാലത്തിന്‍ തിരശ്ശീല താഴുന്നു ഉയരുന്നു
ചേലൊത്ത വേഷത്തില്‍ കാണുന്നൂ തിരനോട്ടം
പച്ചകള്‍, കത്തി ,താടി; കരിയും മിനുക്കുകള്‍
ഇച്ഛപോല്‍ പാടീടുന്ന ഗന്ധര്‍വ ഗായകരും
സങ്കല്‍പ്പലോകം തീര്‍ത്തു കാലാതിവര്‍ത്തികളാം
ഹുങ്കാരം മുഴക്കീടും യോദ്ധാക്കള്‍ പിറന്നല്ലോ
നെഞ്ചകം പിളര്‍ക്കുന്നു നിണവും ചീറീടുന്നു
ചാഞ്ചല്യ ലേശമന്യേ കുടലും പറിക്കുന്നു
കഴിഞ്ഞു യുദ്ധങ്ങളും; നടന്നു വധങ്ങളും
മിഴിവുറ്റ ചരിതം പിറകെ സ്വയംവരം
ഇന്ധനസമ്പാദനം ജീവിതായോധനവും
ബന്ധനമുക്തി സ്വപ്നം തിരശ്ശീല താഴുന്നു
കളിയും തീര്‍ന്നീടുന്നു ധനാശി പാടീടുന്നു
കളിക്കാര്‍ മടങ്ങുന്നു കോപ്പറ പൂകീടുന്നു
അഴിച്ചു വെയ്ക്കും മുടി ആഹാര്യ ഭംഗികളും
കഴിഞ്ഞു പോയിയെന്നു നെടുവീര്‍പ്പിടുന്നത്രേ
കാലത്തിന്‍ കേളികൊട്ടു കേള്‍ക്കുവാനായി വീണ്ടും
കാതോര്‍ത്തിരിപ്പൂ ഞാനും ആടിത്തിമര്‍ത്തീടണം
വരുമോ കളി വീണ്ടും ?കിട്ടുമോ വേഷം വീണ്ടും ?തരുമോ ആടീടുവാന്‍ ഇത്തിരി സ്ഥലം മന്നില്‍?

7 comments:

Anonymous said...

kathakaliyude Antharatham evite muzhangunnu

Jalaja,Beena .maneed. said...

ആ കേളി കൊട്ടിന്നായി ഞങ്ങളും കാതോര്‍ത്തിരീക്കുന്നു സര്‍ !വരും വരാതിരിക്കില്ല !ഉള്ളിലെ ദുഃഖം കുടഞ്ഞിട്ടത് ഞങ്ങള്‍ അറിയുന്നു!ആശംസകള്‍!

Azeez . said...

സര്‍,
വളരെ വളരെ മനോഹരമായ ഒരു കവിതയാണിത്.
അന്യം നിന്നുപോകുന്ന ഒരു മഹാപ്രസ്ഥാനത്തെയോര്‍ത്ത് തേങ്ങുന്ന ഒരു കലാകാരന്‍റെ ഹൃദയവേദന എത്ര മനോഹരമായി സാര്‍ എഴുതിയിരിക്കുന്നു.ചുട്ടിക്കുത്തിയ മുഖവും ഉടുത്തുകെട്ടുമായി അരങ്ങിലൂഴം കാത്തിരിക്കുന്ന, നീളുന്ന ദാരിദ്ര്യത്തിന്‍റെ ,രക്തസാക്ഷിയുടെ വരികള്‍. ഈശ്വരാരാധനയായി , ചിലപ്പോള്‍ വിധിയായും, ജീവിതവേഷം കെട്ടുന്ന കലാകാരന്‍. കഥയില്ലാത്ത കളിയും മൂകരായി കാത്തിരിക്കുന്ന പ്രേക്ഷകരും.
യുദ്ധങ്ങളും വധങ്ങളും കഴിഞ്ഞ് നെഞ്ചുപിളര്‍ത്തി ചോരചാടിച്ച് ഒടുവില്‍ വേഷം അഴിച്ചുമാറ്റി പ്രതിഫലം കാത്തിരിക്കുമ്പോഴും കലാകാരന്‍റെ ആധി ഇനിയുമാടുവാന്‍ ഈ വേഷം കിട്ടുമോ എന്നാണ്.
ഇത്രയും ഗൃഹാതുരത്വമുണര്‍ത്തിയ ഒരു കവിത അടുത്തിടെ ഞാന്‍ വായിച്ചിട്ടില്ല. നന്ദി സര്‍.

Sreekumar Elanji said...
This comment has been removed by the author.
AnithaSarath said...

jeevithatthe ithrayadhikam snehikkunna churukkanm chila vyakthikale ullu. ayurarogyasoukhyam eeswaran tharatte.

Sreekumar Elanji said...

കാലത്തിന്‍ കേളികൊട്ടു കേള്‍ക്കുവാനായി വീണ്ടും
കാതോര്‍ത്തിരിപ്പൂ ഞാനും ആടിത്തിമര്‍ത്തീടണം
വരുമോ കളി വീണ്ടും ?കിട്ടുമോ വേഷം വീണ്ടും ?തരുമോ ആടീടുവാന്‍ ഇത്തിരി സ്ഥലം മന്നില്‍?

കവിത അസ്സലായി...
പിയുടെ കളിയച്ഛനെ ഓര്‍ത്തുപോയി.....
കഥകളികലാകാരന്മാരുടെ ഇല്ലായ്മയും വല്ലായ്മയും അണിയറയില്‍ മാത്രം...
അരങ്ങില്‍ അവര്‍ ആടിതകര്‍ക്കുന്നു...
‘മലയാളത്തില്‍ എന്നും നിലനില്ക്കുന്ന, നിലനില്ക്കേണ്ട ഒരു കവിതയാണിത്- ആറ്റികുറുക്കിയ ഒരാധ്യാത്മിക ജീവിതകഥ!‘ കളിയച്ഛന്‍ എന്ന കവിതയെ കുറിച്ച് എന്‍.വി കൃഷ്‌ണവാരിയര്‍ പറഞ്ഞത് നാരായണന്‍ സാറിന്റെ "കഥകളി'ക്കും ഇണങ്ങും..
. മലയാളത്തില്‍ വളരെ ചുരുക്കം പേരേ ഇത്രയും തീക്ഷ്‌ണവും ഏകമുഖവുമായൊരു മധുരശോകത്തിന്റെ ഏകാന്തമണ്ഡലത്തിലേക്ക് ഉയര്‍ത്തികൊണ്ടു പോവുകയുള്ളൂ. അനുഭൂതി തീവ്രതയാണ് കവിതയുടെ ജീവതന്തുവെങ്കില്‍ ഈ കവിതയും വിസ്‌മരിക്കപ്പെടുകയില്ലെന്നു ഞാന്‍ വിശ്വസിക്കുന്നു......
ആശംസകള്‍.....

ഉസ്മാന്‍ കിഴിശ്ശേരി said...

Good