ഒരു മാമ്പഴം പോലും അങ്കണത്തൈമാവില്‍ നി-
ന്നിനി വീഴുവാനില്ലാ കാത്തിരിക്കേണ്ടാ നമ്മള്
മുറ്റത്തെ മാവും വില കിട്ടിയാല്‍ കൊടുക്കുമെ-
ന്നത്രമേല്‍ പിടിവാശി നമുക്കായിരുന്നല്ലോ?
കണ്മുന്നില് വച്ചാ മരം വേരോടേ പിഴുതെടു-
ത്തന്തരാത്മാവിന്‍ നടക്കല്ലില്‍ പൂങ്കുല തല്ലി,
ആര്‍ത്തലച്ചവര്‍ പോകേ എത്രയും നിസ്സംഗരായ്
നോക്കിനില്പായീ നമ്മള് കല്ലുപോല്‍ കൈയും കെട്ടി!
മണ്ണില്‍ നിന്നുയരുന്നൂ ഉണ്ണി തന് ചോദ്യം-"നിങ്ങള്‍
എന്തിനു കളഞ്ഞതാണെന്റെ മാമ്പഴക്കാലം?
ശാസിപ്പാന്‍ അരുതെന്നു ചൂണ്ടുവാന്‍ പോലും വയ്യാ-
പ്പാവകളായീ നിങ്ങള്‍ തല്ലുകൊള്ളാഞ്ഞിട്ടല്ലേ?”
"ഉണ്ണീ നീ പൊറുക്കേണം ഇല്ലിനി വസന്തങ്ങള്‍
മണ്ണിലും മനസ്സിലും മാധവം മരിച്ചുപോയ്
മാവു കൊണ്ടുപോയവര്‍ പൂമുഖത്തെത്തീ-കൈയ്യില്‍-
'മാംഗോഫ്രൂട്ടി'യും 'മാംഗോബൈറ്റു'മുണ്ടല്ലോ ഭാഗ്യം!”
വിനോദ് വി. സി.
ജി എച്ച് എസ് എസ് കോഴിച്ചാല്‍
കണ്ണൂര്‍
18 comments:
ബ്യൂട്ടിഫുള്‍ വിനോദ്. കവിത നന്നായി. അതെ, നാം വെറും കാഴ്ചക്കാരായി മാറിയിരിക്കുന്നു.എന്തിനെന്റെ മാമ്പഴക്കാലം വിറ്റുതുലച്ചു എന്ന ഉണ്ണികളുടെ ചോദ്യത്തിന് നാം ഉത്തരം പറയാന്‍ ബാദ്ധ്യസ്ഥരാണ്.ശാസ്ത്രസാഹിത്യപരിഷത്ത് അവരുടെ ഒരു കലാജാഥയിലൂടെ ഒരു സന്ദേശം പ്രചരിപ്പിച്ചിരുന്നു:ഈ ഭൂമി നമ്മുടേതല്ല,പഴയ തലമുറയില്‍ നിന്നും നാം കടംകൊണ്ടതാണീ ഭൂമി, പുതിയ തലമുറയ്ക്ക് നാം കൈമാറേണ്ട ഈ ഭൂമി.പക്ഷേ,നാമൊക്കെ ഇപ്പോള്‍ കിടപ്പാടം വിറ്റുകുടിക്കുന്ന തന്തമാരാണ്!ബാലശാപങ്ങളേറ്റ തലമുറ.
കാലിക പ്രസക്തിയുള്ള നല്ല കവിത.അഭിനന്ദനങ്ങള്‍ .
ullilevideyo oru vingal..
മണ്ണിലും മനസിലും മാധവം മരിച്ചുപോയ-അത്യാര്ത്തിയുടെ കാലത്തെ അടയാളപ്പെടുത്തുന്ന കവിത.ഒരുപാടു കാലം കൂടി,
ആത്മാവിനെ സ്പര്‍ശിച്ച ബ്ലോഗു കവിത....
വിനോദ് താങ്കള്‍ക്ക് അഭിനന്ദനങ്ങളുടെ ഒരു കൊട്ട നാട്ടു മാമ്പഴങ്ങള്‍.
'മാമ്പഴം'-മലയാളിയുടെ ബാല്യത്തിന്റെ പ്രതീകമാണ്.മാമ്പൂ മണക്കുന്ന എത്രയെത്ര ബാല്യസ്മൃതികളാണ് നമ്മുടെ സിരകളില്‍
ആര്‍ദ്രമായ വികാരങ്ങളുണര്ത്തുന്നത്.
മജീദും സുഹറയുമൊക്കെ സ്വപ്നങ്ങള്‍ കണ്ട മാവിന് ചുവടുകള്‍ നഷ്ടമാവുമ്പോള്‍ നമ്മുടെ ഉണ്ണികളുടെ ബാല്യം കഠിനമാവുകയാണ്.വൈലോപ്പിള്ളിയുടെ മാമ്പഴം നമ്മെ എന്നും നോവിപ്പിക്കുന്ന കാവ്യ വിസ്മയമാണ്.അതിന് പുതിയഭാഷ്യം ചമച്ചിരിക്കുന്ന വിനോദ് നമ്മെ ഏറെ വികാരഭരിതരാക്കുന്നു.
മാമ്പഴത്തിനു സ്വന്തമായ' കേക'വൃത്തം ഈ കവിതയില്‍ ഉപയോഗിച്ചിരിക്കുന്നു എന്നതാണ് ഇതിനെ ഏറെ ശ്രദ്ധേയമാക്കുന്നത്.
വളരെ വളരെ നല്ല കവിത. നാട്ടുമാമ്പഴം പെരുക്കിക്കൂട്ടിയതുപോലെ വാക്കുകള്‍ . ഇടയ്ക്കിടയ്ക്ക് സങ്കടങ്ങളുടെ ചവര്‍പ്പും. വില്സന്സാര് സൂചിപ്പിച്ചതുപോലെ ഏറെ നാളുകള്‍ കൂടി ഒരു നല്ല കവിത. ബ്ലോഗിനും അപ്പുറത്തേക്ക് ഈ കവിതക്കും കവിക്കും ആസ്വാതകരുണ്ടാവട്ടെ ..വിനോദ് സാറിനു എല്ലാ ഭാവുകങ്ങളും
നഷ്ട വസന്തങ്ങളെ കുറിച്ച് ഗൃഹാതുര ചിന്തകളുനര്തുന്ന നല്ല രചന . നമ്മെക്കാള്‍ നമ്മുടെ മക്കളെ വലിയവരാക്കാന്‍ കൊതിക്കുന്ന നമുക്ക് ,നഷ്ടമാകുന്ന നന്മയെക്കുറിച്ചു പാടിയ വിനോദ് മാഷിന്റെ നല്ല മനസിന് നന്ദി. ഇനിയും എഴുതൂ മാഷേ
നല്ല കവിത . കാലികപ്രസക്തി,ദ്രാവിഡ ഭാഷാവൃത്തം,ആശയസമൃദ്ധി ഇവയെല്ലാം കൊണ്ട് അതീവ ഹൃദ്യം! ഇനിയും ഇത്തരം നല്ല കവിതകള്‍ വിനോദ് സാറില്‍ നിന്ന് പ്രതീക്ഷിക്കുന്നു!ആശംസകള്‍!
കവിത വളരെ നന്നായി
സലാഹുദീന്‍
aanukalika prasakthiyulla nalla kavitha CONGRATULATIONSSSS
U SIVASUBRAMANIAM
GHSS PANAMARAM
നഷ്ടപ്പെട്ട മാമ്പഴക്കാലത്തിന്റെ ദുഖസ്മൃതികള്‍ ഉണര്‍ത്തുന്ന നല്ല കവിത . അഭിനന്ദനങ്ങള്‍.മോഹന്‍ദാസ്.കെ.ടി
വളരെ വളരെ നല്ല കവിത .വിനോദ് സാറിനു എല്ലാ ഭാവുകങ്ങളും. ഇനിയും ഇത്തരം നല്ല കവിതകള്‍ പ്രതീക്ഷിക്കുന്നു
ഇനിയും നല്ല കവിതകള്‍ വിനോദ് സാറില്‍ നിന്ന് പ്രതീക്ഷിക്കുന്നു!ആശംസകള്‍!
varun kallode
കാലം മുന്നോട്ടുപോകുമ്പോള്‍ നാം നമ്മുടെ കുട്ടികളില്‍ നിന്ന് അവരുടെ കളിവീടും കഞ്ഞീംകലവും പട്ടപറത്തലും എല്ലാം ഇല്ലാതാക്കി.നാട്ടുമാമ്പഴങ്ങളുടെ ഭിന്നഭിന്നമാം സ്വാദ് അറിയാനൊന്നും ഇന്ന് കുട്ടികള്ക്കൊട്ടു താല്പര്യവും ഇല്ല.അവര്‍ക്ക് മാംഗോഫ്രൂട്ടിയോടാണു താല്പര്യം.നൊസ്റ്റാള്‍ജിയ ഉണര്‍ത്തിയ നല്ല കവിത.വിനോദ്സാറേ,വളരെ നന്നായി.
കാച്ചിക്കുറുക്കിയ കവിത. കവിത വായിച്ചതിനുശേഷം എന്റെ നാവിന് തുമ്പില്‍ ...ഞാന്‍ മൂളിക്കൊണ്ടേയിരിക്കുന്നു.ഹൃദ്യം.
നല്ല കവിത.
മനസിനെ ആകർഷിച്ച നല്ല കവിത. ഇതുപോലെ ഒരു കവിതയ്ക്കു ബ്ലോഗിൽ ഒരുപാട് അലയേണ്ടി വന്നു.
നല്ല കവിത
മനസിനെ ഉണർത്തിക്കൊണ്ടു വരുന്ന ഇതുപോലുള്ള കവിതകൾ ഇനിയും ഞങ്ങൾ പ്രതീക്ഷിക്കുന്നു '
Post a Comment