എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Jul 29, 2014

രാമായണമാസം - രാമായണത്തിലൂടെ




മലയാളഭാഷാപിതാവ് തുഞ്ചത്തെഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ടുശീലുകള്‍ കേരളത്തിലാകെ അലയടിക്കുന്ന സമയമാണിത്. 'പഞ്ഞക്കര്‍ക്കിടകം' ഇന്ന് പുണ്യകര്‍ക്കിടകമായി മാറി. കേരളസമൂഹത്തില്‍ സമൂലമായ പരിവര്‍ത്തനം സാദ്ധ്യമാക്കിയ അമൂല്യ ഗ്രന്ഥമാണ് 'അദ്ധ്യാത്മരാമായണം കിളിപ്പാട്ട്.' ഭക്തിയും തത്ത്വചിന്തയും അദ്ധ്യാത്മരാമായണം കിളിപ്പാട്ടിന്റെ ഊര്‍ജ്ജസ്രോതസ്സുകളാണ്. ഗതാനുഗതികത്വത്തിന്റെ പാതവിട്ട് എഴുത്തച്ഛന്‍ കവിതയെ ഭാവത്തിലും രൂപത്തിലും വേറിട്ടതാക്കി. നൂറ്റാണ്ടുകള്‍ പലതുകഴിഞ്ഞിട്ടും 'നമുക്കെഴുത്തച്ഛനെടുത്ത ഭാഷാക്രമക്കണക്കേ ശരണം' എന്ന കവിവാക്യം കൂടുതല്‍ ശക്തമാകുന്നു. നിത്യപാരായണത്തിലൂടെ ശ്രേഷ്ഠഭാഷയെ മികവാര്‍ന്ന രീതിയില്‍ പ്രയോഗപഥത്തിലെത്തിക്കാന്‍ ഏതൊരു മലയാളിയെയും പ്രാപ്തനാക്കുവാന്‍ അദ്ധ്യാത്മരാമായണം കിളിപ്പാട്ടല്ലാതെ മറ്റൊന്നില്ല.


'രാമന്റെ അയനം' അഥവാ 'രാമസഞ്ചാരം', 'രാമനിലേയ്ക്കുള്ള വഴി' എന്നു പലതരത്തില്‍ രാമായണം എന്ന പദത്തിന് അര്‍ത്ഥം നല്‍കാറുണ്ട്. സര്‍വ്വഭൂതങ്ങളിലും കുടികൊള്ളുന്നവനാണ് രാമന്‍. ധര്‍മ്മത്തിന്റെ മനുഷ്യരൂപമായിരുന്നു അദ്ദേഹം. ഭാരതീയ സംസ്കാരം വിളംബരംചെയ്യുന്ന 'വസുധൈവകുടുംബകം' എന്ന ആശയം അന്വര്‍ത്ഥമാക്കുന്ന വിശ്വമഹാകാവ്യമാണ് രാമായണം. സീതാന്വേഷണത്തിനായി ശ്രീരാമന്‍ സര്‍വ്വചരാചരങ്ങളുമായി സഖ്യം ചേരുന്നു. തന്റെ സൗഹൃദം മനുഷ്യരില്‍ മാത്രമാക്കി ശ്രീരാമന്‍ ഒതുക്കി നിര്‍ത്തുന്നില്ല. ആ സഖ്യത്തില്‍ അവര്‍ പരസ്പരം സുഖദുഃഖങ്ങള്‍ പങ്കുവയ്ക്കുന്നു. ഉത്തരം കണ്ടെത്താനാവാത്ത ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കുന്നു. ഇത്തരത്തില്‍ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിന്റെ സന്ദേശമാണ് രാമായണം നല്‍കുന്നത്. ജഡായുവിന്റെ ആത്മസമര്‍പ്പണവും സമ്പാതിവാക്യവും സുഗ്രീവന്റെയും ഹനുമാന്റെയും അതിശക്തമായ പിന്‍തുണയും വാനരസേനയുടെ പിന്‍ബലവും വരുണഭഗവാന്റെ സഹകരണവും മൈനാകപര്‍വ്വതത്തിന്റെ സഹായവും മുതല്‍ അണ്ണാറക്കണ്ണന്റെ തന്നാലാവുന്ന ശ്രമങ്ങളും സസ്യജാലങ്ങള്‍ ജീവന്‍ രക്ഷയ്ക്കെത്തുന്നതുവരെയുള്ള അനേകം സന്ദര്‍ഭങ്ങള്‍. ശ്രീരാമകഥ ഭക്തിപുരസരം പാരായണം ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ ഈ സമദര്‍ശനം നമുക്ക് ഉള്‍ക്കൊള്ളാനാവുന്നുണ്ടോ? നാടിനുവേണ്ടി പ്രിയപ്പെട്ടതെല്ലാം ഉപേക്ഷിക്കേണ്ടതാണ് എന്ന തത്ത്വം ഉള്‍ക്കൊള്ളാനാവുന്നുണ്ടോ?
'മനുഷ്യനുമാത്രം നല്ലഭൂമി, ഭൂമിയിലുള്ളതെല്ലാം മനുഷ്യനുവേണ്ടി' എന്ന മൂഢചിന്ത നമുക്കുണ്ടായാല്‍ നാം രാമന്റെ വഴിയിലൂടെയല്ല രാവണന്റെ വഴിയിലൂടെയാവും സഞ്ചരിക്കുക. ആ യാത്ര ആത്യന്തിക നാശത്തിലേയ്ക്കും കൊണ്ടെത്തിക്കും. 'ഞാന്‍ പോലും എന്റേതല്ല, വിശ്വത്തിന് അവകാശപ്പെട്ടതാണ്' എന്ന ചിന്ത ഓരോ മലയാളിക്കും രാമായണപാരായണത്തിലൂടെ ഈ രാമായണമാസത്തില്‍ ഉണ്ടാവട്ടെ!

5 comments:

നാരായണന്‍ said...

അവസരോചിതം

കലാധരന്‍ said...

നന്നായിരിക്കുന്നു......
അഭിനന്ദനങ്ങള്‍

ബിജോയ് കൂത്താട്ടുകുളം said...

ഉറക്കത്തിൽനിന്ന് തട്ടിയുണർത്തിയതിനു നന്ദി...

Sreekumar Elanji said...

'ഞാന്‍ പോലും എന്റേതല്ല, വിശ്വത്തിന് അവകാശപ്പെട്ടതാണ്' എന്ന ചിന്ത നമുക്കിടയില്‍ ഉണ്ടാകാന്‍ തീര്‍ച്ചയായും ഈ ലേഖനം ഉപകരിക്കും..
ഇഷ്ടമായി.

ലീമ വി.കെ said...

രാമായണമാസത്തിൽ ചിന്തനീയം. തുടര്‍ന്നും നല്ല ലേഖനങ്ങള്‍ പ്രതീക്ഷിക്കുന്നു.