എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Aug 3, 2014

എങ്ങനെ മെച്ചപ്പെടുത്താം ആസ്വാദനം



എട്ടാം ക്ലാസ്സ് മുതല്‍ത്തന്നെ ആസ്വാദനമെഴുതി കുട്ടികള്‍ പരിശീലിച്ചിട്ടുണ്ട്. അതു കൊണ്ടുതന്നെ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥികളില്‍ നിന്നും നിലവാരമുള്ള ആസ്വാദനം അദ്ധ്യാപകര്‍ പ്രതീക്ഷിക്കുന്നുണ്ട്. ആസ്വാദനം തീര്‍ച്ചയായും വ്യക്തിനിഷ്ഠതയ്ക്ക് പ്രാധാന്യമുള്ളതാണ്. ഒരു പത്രവാര്‍ത്ത നാം ആസ്വദിക്കുകയല്ല ചെയ്യുന്നത്. അതു് വസ്തുനിഷ്ഠമാണ്. എന്നാല്‍ ഒരു കഥയോ കവിതയോ ചിത്രമോ ശില്പമോ ചലച്ചിത്രമോ നാം ആസ്വദിക്കുകയാണ്. അത് ആത്മനിഷ്ഠമാണ്. ഓരോരുത്തരുടെയും അഭിരുചിക്കനുസരിച്ച്, അനുഭവങ്ങള്‍ക്കനുസരിച്ച്, വായനയ്ക്കനുസരിച്ച് ആസ്വാദനം വ്യത്യസ്തമാകും.
കുട്ടികളുടെ ചിന്താശേഷിക്കും മാനസിക വികാസത്തിനും അനുസരിച്ചുള്ള ഏതു കഥയും കവിതയും ആസ്വദിക്കുന്ന തലത്തിലേയ്ക്ക് കുട്ടികള്‍ വളരുകയും തങ്ങള്‍ ആസ്വദിച്ചത് എപ്രകാരമെന്ന് പ്രതിഫലിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. താനാസ്വദിച്ച കൃതിയെ, കവിതാഭാഗത്തെ, കഥാഭാഗത്തെ മറ്റുള്ളവര്‍ക്ക് ആസ്വദിക്കാന്‍ കഴിയുംവിധം മനോഹരമായ ഭാഷയില്‍ ചിട്ടപ്പെടുത്തുക എന്നത് പരീക്ഷാര്‍ത്ഥിയെ സംബന്ധിച്ച് ഒഴിവാക്കാനാവില്ല. എങ്ങനെ ഒരാസ്വാദനത്തെ നമുക്ക് മെച്ചപ്പെടുത്താം?

നിങ്ങള്‍ക്ക് തന്നിരിക്കുന്നത് ഒരു കവിതയാവാം, ഒരു കവിതയുടെ ചിലവരികള്‍ മാത്രമാവാം, ഒരു കഥയാവാം, കഥാഭാഗമാവാം. ഏതായാലും തന്നിരിക്കുന്ന ഭാഗം ശ്രദ്ധാപൂര്‍വ്വം മൂന്നാവര്‍ത്തിയെങ്കിലും വായിക്കുക. എന്താണ്, എന്തിനെക്കുറിച്ചാണ് എന്നു മനസ്സിലാക്കിയാല്‍ അതിന്റെ കേന്ദ്രാശയത്തിലേക്ക് നിങ്ങള്‍ കടന്നുവെന്ന് വിചാരിക്കാം. ആരുടെ ഏത് കവിതയെന്നും ഇതോടൊപ്പം കൂട്ടിവായിക്കാം. ഇത്രയും കാര്യങ്ങള്‍ ചേര്‍ത്തുവച്ചാല്‍ നിങ്ങളുടെ ആസ്വാദനത്തിന് ആമുഖം തയ്യാറാവും. ഇവിടെ ശ്രദ്ധിക്കേണ്ടത് ഓരോ വരിയുടേയും അര്‍ത്ഥം എഴുതലല്ല കേന്ദ്രാശയം കണ്ടെത്തല്‍ എന്നതാണ്. ഉദാഹരണമായി എന്റെ ഭാഷ എന്ന കവിതയിലെ നാലുവരികളാണ് നല്‍കിയിരിക്കുന്നതെങ്കില്‍ വള്ളത്തോളിന്റെ 'എന്റെ ഭാഷ' എന്ന കവിതയില്‍ മാതൃഭാഷയുടെ മഹത്വത്തെയാണ് പ്രകീര്‍ത്തിക്കുന്നതെന്ന ആശയം നിങ്ങളിലെത്തിയിരിക്കും. എന്നാല്‍ ആധുനിക കവിത്രയത്തില്‍ ശ്രദ്ധേയനായ, കലാമണ്ഡലം സ്ഥാപകനായ, സ്വാതന്ത്ര്യസമരത്തിനായി കവിതയിലൂടെ തൂലിക ചലിപ്പിച്ച തുടങ്ങി വള്ളത്തോളിന്റെ ഏതെങ്കിലും ഒരു വിശേഷണംകൂടി ചേര്‍ത്തെഴുതിയാല്‍ വള്ളത്തോള്‍ എന്ന കവിയോടുള്ള നിങ്ങളുടെ ആദരവും കവിയെക്കുറിച്ച് നിങ്ങള്‍ക്കുള്ള അറിവും കൂടി വ്യക്തമാകും. വള്ളത്തോള്‍ എന്നു മാത്രമെഴുതാതെ ശ്രീ വള്ളത്തോള്‍ നാരയണമേനോന്‍ എന്ന മുഴുവന്‍ പേരുകൂടി ചേര്‍ത്തെഴുതിയാല്‍ കൂടുതല്‍ മികവു തോന്നും. ഇംഗ്ലീഷ് ആധിപത്യം സ്ഥാപിക്കുന്ന പുതിയകാലത്ത് മാതൃഭാഷയുടെ പ്രാധാന്യം വിളിച്ചോതുന്ന ഈ കവിതയുടെ പ്രസക്തിയെക്കുറിച്ചുകൂടി സൂചിപ്പിച്ചാല്‍ ആസ്വാദനത്തിന്റെ ഒന്നാം ഖണ്ഡിക കുറച്ചുകൂടി മെച്ചപ്പെടുത്താം.
തുടര്‍ന്നുള്ള ഖണ്ഡികയില്‍ കവിതയിലെ കേന്ദ്രാശയത്തെ വികസിപ്പിക്കുകയാണ് ചെയ്യേണ്ടത്. സച്ചിദാനന്ദന്റെ 'മലയാളം' എന്ന കവിതയിലെ 'എന്റെ സ്ലെയിറ്റില്‍ വിടര്‍ന്ന വടിവുറ്റ മഴവില്ല് എന്റെ പുസ്തകത്താളില്‍ പെറ്റുപെരുകിയ മയില്‍പ്പീലി' തുടങ്ങിയ വരികളാണ് നല്‍കിയിരിക്കുന്നതെങ്കില്‍ ബാല്യകാലത്തേയ്ക്ക് കുട്ടികള്‍ വേഗം എത്തിച്ചേരും. അക്ഷരങ്ങളെയും വര്‍ണങ്ങളെയുമാണ് 'വടിവുറ്റ മഴവില്ല് ' എന്ന പ്രയോഗം സൂചിപ്പിക്കുന്നത്. പുസ്തകത്താളുകളില്‍ മയില്‍പ്പീലി സൂക്ഷിച്ച് അവ സൂര്യനെക്കാണാതെ വച്ചാല്‍ പെറ്റുപെരുകുമെന്ന ബാല്യസങ്കല്പം അനുഭവിച്ചറിയാത്തവരും കേട്ടറിഞ്ഞിരിക്കും. സൗഹൃദത്തിന്റെ പങ്കുവയ്ക്കലുകളും ഇവിടെ കാണാം. ഗ്രാമീണബാല്യചിത്രങ്ങള്‍ക്കാണ് ഇവിടെ പ്രാധാന്യം. തന്നിരിക്കുന്ന ഭാഗത്തെ ആശയങ്ങള്‍ എങ്ങോട്ടു നയിക്കുന്നുവോ അവിടേയ്ക്ക് സഞ്ചരിക്കുവാനുള്ള സ്വാതന്ത്ര്യം ആസ്വാദനമെഴുത്തിലുണ്ട്.
തുടര്‍ന്നുള്ള ഖണ്ഡികയില്‍ ധ്വനിപ്രധാനമായ പ്രയോഗങ്ങള്‍ കണ്ടെത്തി അതിന്റെ സവിശേഷതകള്‍ വ്യക്തമാക്കാം. ഒരു പ്രത്യേക പ്രയോഗം അല്ലെങ്കില്‍ വാക്ക് കവിതയ്ക്ക് അല്ലെങ്കില്‍ കഥാഭാഗത്തിന് എത്രമാത്രം സൗന്ദര്യം നല്‍കുന്നു എന്നു കണ്ടെത്താം. 'അവള്‍ നീരാടവേ നീലദര്‍പ്പണം പാഴ്ച്ചെളിക്കുളം' എന്ന 'സൗന്ദര്യപൂജ'യിലെ വരികളാണെങ്കില്‍ കന്നിമാസകന്യകയുടെ നീരാട്ടില്‍ പാഴ്ചെളിക്കുളം പോലും നീലദര്‍പ്പണം പോലെ തെളിഞ്ഞുനില്‍ക്കുന്ന കാഴ്ച അവതരിപ്പിക്കണം. കന്നിമാസത്തിനെ സുന്ദരിയായ ഒരു കന്യകയോട് ഉപമിക്കുകയും അവള്‍ കാലെടുത്തുവയ്ക്കുമ്പോള്‍ വരമ്പുപോലും പൂത്തുനില്‍ക്കുന്നതും, അവള്‍ വരുമ്പോള്‍ കാറ്റ് സൗരഭ്യമായി മാറുന്നുവെന്നതും ഇതിനു മുമ്പുള്ള വരികളില്‍ വായിക്കാമല്ലോ. അങ്ങനെയുള്ള കന്നിമാസകന്യക കുളിക്കാനിറങ്ങുമ്പോള്‍ ചെളിമൂടിയ കുളം പോലും നീലക്കണ്ണാടിയായി മാറുന്നു എന്ന പ്രയോഗത്തിന്റെ ഭംഗി വായനക്കാരില്‍ വാങ്മയചിത്രമായിമാറും. കന്നിമാസം ഒരു സുന്ദരകന്യകയുടെ രൂപമായി നമ്മുടെ മനസ്സില്‍ നിലനില്‍ക്കും. ഇപ്രകാരം ധ്വന്യാത്മകമായ ഘടകത്തെയാണ് അവതരിപ്പിക്കേണ്ടത്.
'സന്ധ്യകളില്‍ അഗ്നിവിശുദ്ധയായി കനകപ്രഭ
ചൊരിഞ്ഞ എഴുത്തച്ഛന്റെ സീതാമാതാവ്'
എന്ന പ്രയോഗത്തിലൂടെ നാമറിയാതെ സീതാദുഃഖവും സീതയുടെ അഗ്നിപ്രവേശവും കര്‍ക്കടകസന്ധ്യകളിലെ രാമായണപാരായണവും മനസ്സിലേയ്ക്ക് വരാതിരിക്കില്ല.
പിന്നീട് ഭാഷയെക്കുറിച്ച് സൂചിപ്പിക്കാം. 'പച്ചയും കിരീടവുമണിഞ്ഞ് അരമണിയും ചിലമ്പും കിലുക്കി ഞങ്ങള്‍ നേടിയ വാടാത്ത കല്യാണസൗഗന്ധികം' എന്ന വരികളാണെങ്കില്‍ ഓട്ടന്‍തുള്ളലിന്റെ ഭാവചാരുത നമുക്കനുഭവിക്കാന്‍ കഴിയും. അരമണിയും ചിലമ്പും കിലുക്കി എന്ന വാക്കുകളിലുടെ പ്രത്യക്ഷപ്പെടുന്ന താളം ഓട്ടന്‍തുള്ളലിന്റെ അവതരണഭംഗി മനസ്സിലേയ്ക്ക് കൊണ്ടുവരുന്നത് സൂചിപ്പിക്കാം. ഗദ്യത്തിനും താളമുണ്ടെന്ന് ബോധ്യപ്പെടുത്താം. താളബോധമുള്ള വാക്കുകളിലൂടെ ഓട്ടന്‍തുള്ളല്‍ ഒരു വാങ്മയചിത്രമായി വായനക്കാരിലെത്തുന്നുണ്ട്.
തുടര്‍ന്നുള്ള ഖണ്ഡികയില്‍ സമാനകവിതകളോ കഥകളോ മഹദ്വചനങ്ങളോ സൂചിപ്പിക്കാം. തന്നിരിക്കുന്ന ഭാഗം സൂക്ഷ്മമായി വായിച്ചപ്പോള്‍ മനസ്സിലേയ്ക്കെത്തിയ അതേ യൂണിറ്റിലെ പാഠഭാഗങ്ങളോ, താഴ്ന്ന ക്ലാസ്സുകളില്‍ പഠിച്ച ഭാഗങ്ങളോ വായനയിലൂടെ മനസ്സില്‍ കുറിച്ച ഭാഗങ്ങളോ അറിയാതെ ഓര്‍ത്തുപോകും. അവയെ ഇവിടെ പ്രയോജനപ്പെടുത്താം. നിങ്ങളുടെ ഓര്‍മ്മശക്തിയും അഭിരുചിയും വായനാതാല്പര്യവും അവ ബന്ധിപ്പിക്കാനും താരതമ്യം ചെയ്യാനുമുള്ള കഴിവും ഇവിടെ സ്പഷ്ടമാക്കാന്‍ കഴിയും. എന്റെ ഭാഷയില്‍ നിന്നുള്ള വരികളാണെങ്കില്‍ പി. ഭാസ്കരന്റെയോ ഒ.എന്‍.വി.യുടെയോ കുരീപ്പുഴ ശ്രീകുമാറിന്റെയോ, സച്ചിദാനന്ദന്റെയോ, കുഞ്ഞുണ്ണി മാഷിന്റെയോ വരികള്‍ ചേര്‍ത്തുവായിക്കാം.
തുടര്‍ന്നുള്ള ഖണ്ഡികയില്‍ സമകാലിക സാഹചര്യവുമായി തന്നിരിക്കുന്ന ഭാഗത്തിനുള്ള ബന്ധം വിശകലനം ചെയ്യാം. പുതിയകാലത്ത് ഈ കവിതയ്ക്കുള്ള പ്രസക്തി എന്താണ് എന്നാലോചിച്ച് എഴുതിയാല്‍ അത് നിങ്ങളുടെ വ്യക്തിനിഷ്ഠമായ അഭിപ്രായമാവും. നല്ല ഉപസംഹാരവുമാവും.
ഓരോ കവിതയ്ക്കുമനുസരിച്ച് ആസ്വാദനഘടകങ്ങള്‍ വ്യത്യസ്തമാകും. എങ്കിലും ഇത്രയും ഘടകങ്ങളെങ്കിലും കണ്ടെത്താന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഓരോന്നും ഓരോ ഖണ്ഡികയിലൊതുക്കുകയും വേണം. രണ്ടോ മൂന്നോ വാക്യങ്ങളായാലും മതി. നിങ്ങളുടെ ആസ്വാദനത്തിന് ഒരു ശീര്‍ഷകംകൂടി നല്‍കിയാല്‍ ആസ്വാദനത്തിന്റെ സൗന്ദര്യം കൂടുകയും ചെയ്യും. തലക്കെട്ട് ധ്വനിപ്രധാനമാവാന്‍ ശ്രദ്ധിക്കുക. കവിതയിലെ ആശയത്തോടു ചേര്‍ന്നുനില്‍ക്കുകയും വേണം. സമയക്രമം ദീക്ഷിച്ച് ഏതാനും ആസ്വാദനങ്ങള്‍ എഴുതി ശീലിച്ചാല്‍ മികവുറ്റ ആസ്വാദനങ്ങളെഴുതാന്‍ കുട്ടികള്‍ക്ക് കഴിയാതിരിക്കില്ല.

22 comments:

ബീന said...

ചോദ്യങ്ങള്‍ക്ക് ശരിയായി ഉത്തരമെഴുതാന്‍ അറിയാത്തതാണ്
നമ്മുടെ കുട്ടികളുടെ പ്രധാന പ്രശ്നം.കാര്യങ്ങളറിയാം പക്ഷേ എങ്ങനെ അവതരിപ്പിക്കണമെന്നാണറിയാത്തത്.ഷംല ടീച്ചറിന്റെ
ലേഖനം തീര്‍ച്ചയായും ഈ പ്രശ്നത്തിന് പരിഹാരമാകും!
ആശംസകളോടെ

Anonymous said...

valare nannayi.adyam ezhuthan padikkatte.

Anonymous said...

Good help, Thank you

ബിജോയ് കൂത്താട്ടുകുളം said...

കൂടുതൽ അക്കാദമിക ചർച്ചകൾ ഇനിയുമുണ്ടാകട്ടെ.കുടിശ്ശിക ടീച്ചിംഗ് നോട്ടുകൾക്ക് ഉൽസാഹംഉദിക്കട്ടെ..ഷംല ടീച്ചർ കൂടുതൽ സജീവമാകട്ടെ....കൂടെ മറ്റുള്ളവരും...

Sreekumar Elanji said...

"എങ്ങനെ മെച്ചപ്പെടുത്താം ആസ്വാദനം"
ഷംല ടീച്ചറേ.. വളരെ നന്നായിട്ടുണ്ടു്.
വിദ്യാരംഗം സജീവമാകുന്നതില്‍ സന്തോഷം
ആശംസകളോടെ
കെ.പി.ശ്രീകുമാര്‍
പ്രധാനാദ്ധ്യാപകന്‍
സെന്റ് ജോസഫ്സ് ഹൈസ്ക്കൂള്‍ പിറവം.

ലീമ വി.കെ said...

ഷംല ടീച്ചറേ,
നന്നായിട്ടുണ്ട്. ഉദാഹരണസഹിതം വിശദീകരിച്ചതുകൊണ്ട് കുട്ടികൾക്കു വളരെ ഉപകാരപ്രദവും വ്യക്തവുമായിട്ടുണ്ട്.അഭിനന്ദനങ്ങൾ

സഞ്ജു said...

വളരെ ഉപകാരം ടീച്ചറേ. നന്ദി

stmaryshs said...

വളരെ നന്നായിട്ടുണ്ട്. കുട്ടികൾക്കു വളരെ ഉപകാരപ്രദവും വ്യക്തവുമായിട്ടുണ്ട്.അഭിനന്ദനങ്ങൾ

Unknown said...

ടീച്ചറേ കൊള്ളാം ഇങ്ങനെ ഉദാഹരണസഹിതം അവതരിപ്പിക്കുന്പോള്‍ വേഗത്തില്‍ ഗ്രഹിക്കാന്‍ കഴിയും, നന്ദി.

puzhayoram said...

നന്ദി.വളരെ നന്നായി

വെട്ടം ഗഫൂർ

Anonymous said...

GOOD

Sandra.E.S. said...

വളരെ നന്ദി...പരീക്ഷ നന്നായി എഴുതാൻ ഇതു സഹായിക്കും..തീർച്ച..

abdullakutty said...

ഷംല ടീച്ചറുടെ ലേഖനം നന്നായിട്ടുണ്ട്.അഭിനന്ദനങ്ങൾ.
പി.കെ.അബ്ദുള്ള കുട്ടി
സാമൂഹ്യ പ്രവർത്തകൻ

Unknown said...

അടിപൊളി ആണ്....അഭിനന്ദനങ്ങൾ

Unknown said...

വളരെ ഉപകാരപ്രദമായ പോസ്റ്റ്‌...thank u

Unknown said...

V. Good. Thanks എനീയും പ്രദീക്ഷിക്കുന്നു


Unknown said...

Thanks

Anonymous said...

ഇത്തരത്തിലുള്ള എഴുത്തുകൾ വളരെ ഉപകാരപ്രദമാണ്...
ഒരുപാട് ഇഷ്ടങ്ങൾ.....

Unknown said...

anoojaraghu@gmail.com

Unknown said...

👍

MUFEED KT said...

വളരെ നല്ല എഴുത്ത്

Anonymous said...

Valaree nallathu