എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Aug 11, 2014

ഇവള്‍ക്കുമാത്രമായ് - ആശയം



വര്‍ത്തമാനകാല സമൂഹത്തിലെ സ്ത്രീജീവിതങ്ങളുടെ ദുരവസ്ഥകള്‍ വൈകാരികമായി ആവിഷ്കരിക്കുന്ന കവിതയാണ് ശ്രീമതി സുഗതകുമാരിയുടെ 'ഇവള്‍ക്കുമാത്രമായ്'. 'ഇവള്‍ക്കുമാത്രമായ്' എന്ന പേരുതന്നെ സ്ത്രീയുടെ അവസ്ഥയെ പ്രതിനിധാനം ചെയ്യുന്നു. സമൂഹത്തിന്റെ മുഖ്യധാരയില്‍നിന്ന് അകറ്റപ്പെട്ട് ചുരുങ്ങിയ പ്രവര്‍ത്തന മേഖലകളിലേയ്ക്ക് ഒതുക്കപ്പെട്ടവളാണ് സ്ത്രീ എന്ന സൂചനയാണ് ഈ പേര് നല്‍കുന്നത്. വിദ്യാഭ്യാസം, തൊഴില്‍, വേഷം, ഭക്ഷണം, മതപരമായ ആചാരാനുഷ്ഠാനങ്ങള്‍ ഇങ്ങനെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും സമൂഹം സ്ത്രീയുടെമേല്‍ ലിഖിതങ്ങളും അലിഖിതങ്ങളുമായ പ്രത്യേകം നിയമങ്ങള്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നു. ഇങ്ങനെ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന സ്ത്രീജന്മങ്ങള്‍ക്കുവേണ്ടി പാടുവാനാണ് സുഗതകുമാരി ശ്രമിക്കുന്നത്.
കടലോളം കണ്ണീര്‍കുടിച്ചവളും ചിങ്ങവെയിലൊളി പോലെ ചിരിപ്പവളും ഉള്ളില്‍ കൊടുംതീയാളിടും ഭൂമിയെപ്പോലെ തണുത്തിരുണ്ടവളുമായ സ്ത്രീയ്ക്കുവേണ്ടി മാത്രമാണ് താന്‍ പാടാന്‍ ശ്രമിക്കുന്നതെന്ന് കവയത്രി പറയുന്നു. ഇവിടെ സ്ത്രീയ്ക്കുനല്‍കിയിരിക്കുന്ന ഓരോ വിശേഷണവും അവളുടെ ജീവിതാവസ്ഥയുടെ ആഴങ്ങളിലേയ്ക്ക് വിരല്‍ചൂണ്ടുന്നവയാണ്. ഈറ്റുമുറിയില്‍ നിന്നാരംഭിക്കുന്ന കണ്ണീര്‍ നനവ് ജീവിതഘട്ടത്തിലുടനീളം രുചിക്കേണ്ടിവരുന്ന സ്ത്രീജന്മത്തെയാണ് 'കടലോളം കണ്ണീര്‍കുടിച്ചവള്‍' എന്ന വിശേഷണം സൂചിപ്പിക്കുന്നത്. സ്ത്രീയുടെ കണ്ണുനീര്‍ കടല്‍വെള്ളം പോലെ അളവറ്റതും അനന്തവുമാണ്. കടലിലെ തിരമാലകള്‍ അവസാനിക്കുന്നില്ല.
അതുപോലെ സ്ത്രീയുടെ ദുഃഖാനുഭവങ്ങളും ഒന്നിനുപിറകെ ഒന്നായി വന്നുകൊണ്ടേയിരിക്കുന്നു. ജീവിതാന്ത്യത്തോളം അതിനും അവസാനമില്ല. കര്‍ക്കിടകത്തിന്റെ കെടുതിയും വറുതിയും മറയ്ക്കുന്നതാണ് ചിങ്ങവെയിലൊളി. ഏതു വറുതിയിലും കെടുതിയിലും പെട്ടുഴലുന്ന മനസ്സിനും ആശ്വാസമേകുന്നതാണ് സ്ത്രീയുടെ പുഞ്ചിരി. മകളായി, സഹോദരിയായി, ഭാര്യയായി, അമ്മയായി നിന്നു പുഞ്ചിരിതൂകുന്ന സ്ത്രീയുടെ മുഖം ഏതു കലുഷിതമായ മനസ്സിനും ആശ്രയവും ആശ്വാസവുമാണ്. ഭൂമിയുടെ ഉള്ളില്‍ തിളച്ചുമറിയുന്ന ലാവയാണ്. എങ്കിലും ഭൂമിയുടെ പുറം ശാന്തവും സസ്യശ്യാമളവും ആശ്രയദായകവുമാണ്. ജീവിതാനുഭവങ്ങള്‍ നല്‍കിയ ദുഃഖത്തിന്റെയും ഭയത്തിന്റെയും ജ്വാലകള്‍ സ്ത്രീയുടെ ഉള്ളിലും ആളിക്കത്തുന്നുണ്ട്. എന്നാല്‍ മറ്റുള്ളവര്‍ക്കുമുമ്പില്‍ ഈ വേദനയുടെ ഒരംശം പോലും പ്രകടിപ്പിക്കാന്‍ അവള്‍ ഇഷ്ടപ്പെടുന്നില്ല. സമൂഹം സ്ത്രീയെ സ്നേഹകാരുണ്യങ്ങളുടെ മൂര്‍ത്തി എന്നു വാഴ്ത്തുമ്പോള്‍ സ്ത്രീയ്ക്ക് അവളുടെ ദുഃഖം പ്രകടിപ്പിക്കാന്‍ കഴിയില്ലല്ലോ.
സ്ത്രീജന്മം പുരുഷന് ചവിട്ടാനും ചിലപ്പോള്‍ പൂജിക്കാനും പരക്കെ പുച്ഛിക്കാനും തുണയ്ക്കു കൈകോര്‍ത്തു നടക്കുവാനും അവന്റെ മക്കളെ നെഞ്ചത്തുകിടത്തിപ്പോറ്റുവാനും എന്നുവേണ്ട എങ്ങനെയും ഉപയോഗിക്കുവാനുള്ളതാണ്. ഏതുപുരുഷന്റെയും വിജയത്തിനു പിന്നില്‍ ഒരു സ്ത്രീയുടെ ത്യാഗോജ്വലമായ ജീവിതമുണ്ട്. പുരുഷന്‍ പലപ്പോഴും സ്ത്രീയെ തന്റെ ജീവിതവിജയത്തിനുള്ള ചവിട്ടുപടിയായി ഉപയോഗിക്കുന്നു. മറ്റുചില സന്ദര്‍ഭങ്ങളില്‍ സ്ത്രീ പുരുഷന്റെ പൂജാപാത്രമായി മാറുന്നു. അമ്മയായും ദേവിയായും അവന് കാരുണ്യവര്‍ഷം ചൊരിയുന്ന അനുഗ്രഹദായിനിയായി മാറുന്ന ജീവിതസന്ദര്‍ഭങ്ങളും ഉണ്ട്. സ്ത്രീയെ പൊതുവെ അധിക്ഷേപിക്കുന്ന, തരംതാഴ്ത്തിക്കാണുന്ന രീതിയും എക്കാലത്തേയും പുരുഷമേധാവിത്വ സമൂഹം വച്ചുപുലര്‍ത്തിപ്പോരുന്നു. പുരുഷന് തുണയും താങ്ങും ആവശ്യമായി വരുമ്പോള്‍ അതുനല്‍കുന്നതും സ്ത്രീ ജന്മങ്ങളാണ്. തലമുറകളെ പെറ്റ് പാലൂട്ടിവളര്‍ത്തുന്നതും സ്ത്രീകള്‍തന്നെ. 'പിടയ്ക്കും നെഞ്ഞത്തു കിടത്തിപ്പോറ്റുവാന്‍' എന്ന പ്രയോഗത്തില്‍ മക്കളെ പോറ്റിവളര്‍ത്തുന്നതിലുള്ള അമ്മയുടെ ഉല്‍ക്കണ്ഠ മുഴുവന്‍ ആവാഹിച്ചിട്ടുണ്ട്.
ഏതു തിരക്കിനിടയിലും ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സിനുവേണ്ടി നെറ്റിയില്‍ ഒരിറ്റു കുങ്കുമം അണിയാന്‍ അവള്‍ മറക്കുകയില്ല. പരിക്ഷീണിതയെങ്കിലും മറ്റുള്ളവര്‍ക്കായി ആ വിളര്‍ത്ത ചുണ്ടത്ത് നിലാവുപരത്തുന്ന ഒരു പുഞ്ചിരി അവള്‍ എപ്പോഴും കാത്തുസൂക്ഷിക്കുന്നു. അവളുടെ ഹൃദയത്തിന്റെ വിളക്കുമാടത്തില്‍ എപ്പോഴും സ്നേഹത്തിന്റെ കെടാത്തിരി എരിഞ്ഞുകൊണ്ടേയിരിക്കുന്നു. കുടുംബാംഗങ്ങള്‍ക്കും ചുറ്റുപാടുമുള്ള മറ്റുള്ളവര്‍ക്കും വിളക്കുമാടത്തിലെ വെളിച്ചം പോലെ സ്ത്രീ വഴികാട്ടിയായി മാറുന്നത് നമുക്കിവിടെക്കാണാം.
'ഇവള്‍ ദൈവത്തിനും മുകളില്‍ സ്നേഹത്തെ ഇരുത്തിപ്പൂജിപ്പോള്‍' എന്ന വരികളിലൂടെ സ്ത്രീയുടെ സ്നേഹിക്കുവാനും സ്നേഹിക്കപ്പെടുവാനുമുള്ള ഉല്‍ക്കടമായ ആഗ്രഹത്തെയാണ് സുഗതകുമാരി ആവിഷ്കരിക്കുന്നത്. ദൈവത്തിനും മുകളില്‍ അവള്‍ പ്രതിഷ്ഠിച്ചിരിക്കുന്നത് സ്നേഹത്തെയാണ്. കുടുംബാംഗങ്ങളെ സ്നേഹപൂര്‍വ്വം പരിചരിക്കുകയും അവരുടെ സ്നേഹം ആഗ്രഹിക്കുകയും ചെയ്യുന്ന സ്ത്രീജന്മങ്ങള്‍ക്ക് പ്രാര്‍ത്ഥനയ്ക്കുപോലും സമയം കണ്ടെത്താനായെന്നുവരില്ല. സുഗതകുമാരിയുടെ തന്നെ 'കൃഷ്ണ നീയെന്നെ അറിയില്ല' എന്ന കവിതയിലെ നായികയായ ഗോപികയെ നമുക്കിവിടെ സ്മരിക്കാം. മറ്റുള്ളവര്‍ക്കായി എരിഞ്ഞടങ്ങുന്ന സ്ത്രീജന്മങ്ങള്‍ക്ക് വിശ്രമം ലഭിക്കുക കാലത്തിന്റെ കരങ്ങളില്‍ അന്ത്യനിദ്രകൊള്ളുമ്പോള്‍ (മരണത്തില്‍) മാത്രമാണ്.
ജന്മംമുഴുവന്‍ കഷ്ടത മാത്രമനുഭവിക്കുന്ന ഇത്തരം സ്ത്രീജന്മങ്ങള്‍ക്കായി മാത്രം പാടുവാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് കവയത്രി പറയുന്നു. എന്നാല്‍ തന്റെ മോഹം നിഷ്ഫലമാണെന്ന് അവര്‍ തിരിച്ചറിയുന്നു. ഇതിന് കാരണങ്ങള്‍ പലതാകാം. ഓരോ സ്ത്രീയുടേയും ഉള്ളിലുള്ള വികാരങ്ങളെന്തെന്ന് കണ്ടെത്തി അത് പാടാന്‍ കഴിയില്ല. പാട്ടില്‍ ഒതുക്കാവുന്നതല്ല അവളനുഭവിക്കുന്ന ദുഃഖം. ഒരു പാട്ടിലൂടെയൊന്നും സമൂഹമനസ്സാക്ഷിയെ ഉണര്‍ത്താന്‍ സാധിക്കുകയില്ല. അവളുടെ ദുഃഖങ്ങള്‍ കേള്‍ക്കാനോ ഒപ്പം നില്‍ക്കാനോ മനസ്സുള്ള ഒരു സമൂഹമല്ല ചുറ്റിലുമുള്ളത്. സ്ത്രീയുടെ ദുഃഖങ്ങള്‍ക്ക് കാരണമായത് പുരുഷാധിപത്യ സാമൂഹ്യവ്യവസ്ഥയാണ്. അവളുടെ വേദന ആവിഷ്കരിക്കുമ്പോള്‍ അതിനു കാരണക്കാരായ പുരുഷന്മാരുമുണ്ടാകും. സുഗതകുമാരി സ്ത്രീകളുടെ ഉയര്‍ച്ചയ്ക്കായി നിരവധി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്. എന്നാല്‍ ആ ശ്രമങ്ങളൊന്നും പൂര്‍ണ്ണ ഫലം കാണുന്നില്ല. അതുകൊണ്ടു കൂടിയായിരിക്കാം സ്ത്രീയ്ക്കുമാത്രമായി പാടുവാനുള്ള തന്റെ മോഹം നിഷ്ഫലമാണെന്ന് അവര്‍ തിരിച്ചറിയുന്നത്.

1 comment:

shamla said...

"'മിക്കവാറും തോല്ക്കുന്നവയും ചിലപ്പോൾ മാത്രം ഫലം കണ്ടവയും പലപ്പോഴും അനന്തമായി നീളുന്നവയുമായ യുദ്ധങ്ങളുടെ ഓര്മ്മകളാണ്' " സുഗതകുമാരിയുടെ ഓരോ പ്രവര്ത്തനങ്ങളും. മണ്ണിനും പെണ്ണിനും കാടിനും വേണ്ടി വിലപിക്കുന്ന തന്റെ പ്രവർത്തനങ്ങൾ പലപ്പോഴും നിഷ്ഫലമായി പോകുന്നുവെങ്കിലും വിലപിക്കാതിരിക്കാൻ അവർക്കാവില്ലല്ലോ...