എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Mar 13, 2011

സമകാലിക ചെറുകഥയിലെ സ്ത്രീ - മീര ഏ.
ജീവിതത്തിലും സാഹിത്യത്തിലും നേട്ടങ്ങള്‍ക്കും കാഴ്ചപ്പാടുകള്‍ക്കും അടിസ്ഥാനമായി വൈവിദ്ധ്യത്തെ അംഗീകരിച്ചുകൊണ്ടാണ് ഉത്തരാധുനികത കടന്നുവരുന്നത്. ചെറുതെന്നും നിസ്സാരമെന്നും അതുവരെ നാം കരുതിയിരുന്ന ഘടകങ്ങള്‍ക്ക് ചെറുതും നിസ്സാരവുമല്ലാത്ത സ്ഥാനമുണ്ടെന്ന് വിലയിരുത്തപ്പെട്ടു. വലിപ്പച്ചെറുപ്പങ്ങള്‍ കീഴ്മേല്‍ മറിഞ്ഞു. അസ്തിത്വദുഃഖം, നിസ്സാരതാബോധം, നിരാശ, മരണാഭിമുഖ്യം, ഏകാന്തത തുടങ്ങി ആധുനികത സമ്മാനിച്ച പ്രമേയങ്ങള്‍ ആധുനികാനന്തരഘട്ടത്തില്‍ മറ്റുപ്രമേയങ്ങള്‍ക്ക് വഴിമാറി. പരിസ്ഥിതി, ദളിത്, സ്ത്രീ പ്രമേയങ്ങള്‍ക്ക് ഈകാലഘട്ടത്തില്‍ കൂടുതല്‍ പ്രാധാന്യം കിട്ടുന്നതായി കാണാന്‍ കഴിയും. സാഹിത്യത്തിലും ഇതിന്റെ പ്രതിഫലനംതന്നെയാണ് കാണുന്നത്. മേല്‍പ്പറഞ്ഞ മൂന്നു പ്രമേയങ്ങളും സമാനമായ ഒരു തലത്തില്‍ ഒന്നിക്കുകയും ചെയ്യുന്നുണ്ട്. അധീശവര്‍ഗ്ഗത്താല്‍ ചൂഷണം ചെയ്യപ്പെടുന്നു എന്നതാണ് അത്. അധീശവര്‍ഗ്ഗത്തിന്റെ മുഖം മനുഷ്യര്‍, മേലാളര്‍, പുരുഷന്‍ എന്നിങ്ങനെ മാറാറുണ്ടെന്നു മാത്രം! ഏതുമാറ്റത്തിലും മാറാത്ത ഒരു ഘടകം ഈ മുഖമെല്ലാം പുരുഷന്റേതാണ് എന്നതാണ്. പരിസ്ഥിതി ചൂഷണത്തിലായാലും ദലിത് പീഡനത്തിലായാലും സ്ത്രീപീഡനത്തിലായാലും കര്‍ത്താവ് പുരുഷന്‍ തന്നെയാണെന്ന് പുതുലോകം തിരിച്ചറിയുന്നു. ഈ തിരിച്ചറിയലിന്റെ ബലത്തില്‍ പുരുഷകേന്ദ്രീകൃതമായ സകലതിനെയും അഴിച്ചുനോക്കുവാന്‍, പുനര്‍വായനയ്ക്കു വിധേയമാക്കുവാന്‍ ഉത്തരാധുനിക സാഹിത്യം തുനിയുന്നു. മലയാള കഥാസാഹിത്യത്തിലും ഈ പ്രവണതകളുടെ പ്രതിഫലനം നമുക്കുകാണാവുന്നതാണ്.
പുതിയ ലോകത്തിലും പുതിയ കാലത്തിലും സ്ത്രീ അനുഭവിക്കേണ്ടിവരുന്ന വിവിധങ്ങളായ ജീവിത വ്യഥകളെ തീവ്രമായി ആവിഷ്കരിക്കുന്ന നിരവധികഥകള്‍ ഇന്നുണ്ടാകുന്നുണ്ട്. കെ. ആര്‍. മീര, സിതാര എസ്. ചന്ദ്രമതി, കെ. രേഖ, ശ്രീലത, പ്രിയ എ. എസ്. തുടങ്ങിയ സ്ത്രീ എഴുത്തുകാരും ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, സുഭാഷ്ചന്ദ്രന്‍, സുഷ്മേസ് ചന്ത്രോത്ത്, സന്തോഷ് എച്ചിക്കാനം, പി. കെ. പാറക്കടവ്, വി. പി. ഏലിയാസ്, അശോകന്‍ ചരുവില്‍, കെ. പി. രാമനുണ്ണി തുടങ്ങിയ പുരുഷ എഴുത്തുകാരും ഇന്നിന്റെ കഥയെഴുതുമ്പോള്‍, സ്ത്രീകഥാപാത്രങ്ങളെ ചാഞ്ഞും ചരിഞ്ഞും നിവര്‍ന്നും നോക്കുന്ന, ആ നോട്ടത്തെ ആവിഷ്കരിക്കുന്ന നിരവധി കഥകള്‍ നമുക്കുമുന്നിലുണ്ട്.
സിതാര എസ്. എന്ന കഥാകാരിയുടെ 'കറുത്ത കുപ്പായക്കാരി' എന്ന കഥ സ്ത്രീപക്ഷരചനകളില്‍ ആദ്യം പരാമര്‍ശിക്കപ്പെടേണ്ട ഒന്നാണ്. ദളിത് യുവതിയാണ് ഈ കഥയിലെ നായിക. എല്ലായിടത്തും എല്ലാക്കാലത്തുമുള്ള സ്ത്രീയുടെ പ്രതിരൂപമായതുകൊണ്ടാകാം കഥാകൃത്ത് നായികയ്ക്കു പേരുനല്‍കിയിട്ടില്ല. തന്റെ ഊരിലെ ദാരിദ്ര്യവും അടിച്ചമര്‍ത്തലുകളും അവളെ കന്യാസ്ത്രീകളുടെ താവളത്തിലെത്തിച്ചു. പത്താംക്ലാസ്സുവരെ അവിടെ പഠനം നിര്‍വ്വഹിച്ച ആ പെണ്‍കുട്ടിയോട് അതേവരെ ആരും അവളുടെ രൂപം, വര്‍ണം, ജാതി, തുടങ്ങിയവയൂന്നിക്കൊണ്ട് സംസാരിച്ചിട്ടേയില്ല. അവള്‍ അത്തരത്തിലുള്ള വിവേചനം എന്തെന്നറിയാതെ വളര്‍ന്നു. പത്തുകഴിഞ്ഞശേഷം വീണ്ടും ഊരിലേയ്ക്കെത്തുന്നു. ഊരിലെ ചൂടും വറുതിയും ഊഷരതയുമെല്ലാം അവളെ നിഷ്ക്രിയയാക്കുന്നു. എന്നാല്‍ തന്റെ അനുജനോടൊപ്പം വീട്ടിലേയ്ക്കുകയറിവന്ന രാജീവനെന്ന ദളിത് യുവാവിനെ അവള്‍ കാണുമ്പോഴേയ്ക്കും അവളുടെ ജീവിതം മാറിമറിയുന്നു. രാജീവനെന്ന പേര് ആ ഊരില്‍ അയാളുടെ മാത്രം പുതുമയായിരുന്നു. രാജീവന്‍ ഒരു വിപ്ലവകാരിയും പ്രതികരണശേഷികൂടിയവനുമാണ്. തന്റെ ഊരിലുള്ളവര്‍ അനുഭവിക്കുന്ന അടിമത്തം നിര്‍ത്തലാക്കണമെന്നും കൃഷിചെയ്യാന്‍ ഭൂമി കയ്യടക്കമെന്നും അവന്‍ മറ്റ് ആദിവാസികളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അതിന്റെ സ്വാഭാവികമായ തുടര്‍ച്ചയായി പോലീസ് അന്വേഷണവും വേട്ടയാടലും ഊരിലുള്ളവര്‍ അനുഭവിക്കുന്നു. 'ആക്ടിവിസ്റ്റുകള്‍'ക്കുവേണ്ടിയുള്ള പോലീസിന്റെ നായാട്ടില്‍ നായികയും അകപ്പെടുന്നു. സ്റ്റേഷനിലെത്തിയ നായികയെ പോലീസ് ശൈലിയില്‍ നേരിടുന്ന നിയമപാലകരെ അവള്‍ സധൈര്യം നേരിടുന്നു എന്നിടത്താണ് കഥാപാത്രത്തിന്റെ കരുത്ത് തിരിച്ചറിയുന്നത്. ഇംഗ്ലീഷില്‍ പരസ്യമായി പുലഭ്യം പറയുന്ന പോലീസുകാരന് തിരിച്ചും ഇംഗ്ലീഷില്‍ തന്നെ പ്രതികരണം നല്‍കാനായത് അവളുടെ കോണ്‍വെന്റ് വിദ്യാഭ്യാസം കൊണ്ടുതന്നെയായിരുന്നു എന്നു സ്പഷ്ടം. തന്നെ ഭേദ്യംചെയ്യാനൊരുങ്ങുന്ന പോലീസുകാരനില്‍നിന്ന് അവള്‍ രക്ഷപെട്ട് കൊടുംകാട്ടിലെ, അവള്‍ക്കുമാത്രം പരിചിതമായ ഊടുവഴികളിലൂടെ രക്ഷപെട്ടോടുന്ന നായിക മലയാളകഥയിലെ പുതുമതന്നെയാണ്. നാഗരിക സംസ്കാരത്തിന്റെ സന്താനങ്ങള്‍ക്ക് കാട് അപരിചിതമാണ് എന്നതിനാല്‍തന്നെ അളെ ആരും പിന്തുടരുന്നില്ല. കൊടുംകാടിന്റെ ഗന്ധവും ഊടുവഴികളും കാട്ടുവള്ളിപ്പടര്‍പ്പുകളും അവളെ വന്യമായ ആവേശത്തോടെ കാമുകന്റെ ഒളിത്താവളത്തിലെത്തിക്കുന്നു. അവിടെ അവള്‍ സുരക്ഷിതയാകുന്നിടത്ത് കഥ അവസാനിക്കുന്നു.
സ്ത്രീയുടെ 'കരുത്ത്' തന്നെയാണ് കഥാകാരി ഇക്കഥയിലൂടെ തെളിയിക്കുന്നത്. വെറും കരുത്തല്ല, പുറംലോകത്തോടു കലഹിക്കുവാനുള്ള കരുത്ത്. ഉറങ്ങുന്ന സൂര്യന്റെ നിറമാണവള്‍ക്ക് എന്ന് കഥാകാരി ഒരിടത്തുപറയുന്നുണ്ട്. ഉറങ്ങുന്ന സൂര്യന്റെ കരുത്തും അവള്‍ക്കുണ്ടെന്ന് വായനക്കാര്‍ തിരിച്ചറിയുന്നു.
തുടരും.................
മീര ഏ.,
ഗവ. ഹൈസ്ക്കൂള്‍,
പടി. കടുങ്ങല്ലൂര്‍
ആലുവ

4 comments:

അപ്പുക്കുട്ടന്‍ said...

"അധീശവര്‍ഗ്ഗത്തിന്റെ മുഖം മനുഷ്യര്‍, മേലാളര്‍, പുരുഷന്‍ എന്നിങ്ങനെ മാറാറുണ്ടെന്നു മാത്രം! ഏതുമാറ്റത്തിലും മാറാത്ത ഒരു ഘടകം ഈ മുഖമെല്ലാം പുരുഷന്റേതാണ് എന്നതാണ്. പരിസ്ഥിതി ചൂഷണത്തിലായാലും ദലിത് പീഡനത്തിലായാലും സ്ത്രീപീഡനത്തിലായാലും കര്‍ത്താവ് പുരുഷന്‍ തന്നെയാണെന്ന് പുതുലോകം തിരിച്ചറിയുന്നു." - ഇത്രയും വേണായിരുന്നോ ടീച്ചറേ ? ? ?

archa tvm said...

ഏതുപീഡനസംഭവത്തിനുപിന്നിലും പുരുഷന്‍ മാത്രമാണെന്ന നിരീക്ഷണം പുനഃപരിശോധിക്കേണ്ടിയിരിക്കുന്നു.പത്രത്തില്‍ വരുന്ന പ്രതിപട്ടികകളില്‍ മോശമല്ലാത്ത സ്ഥാനം സ്ത്രീകള്‍ക്കുമുണ്ട്. കാരണവര്‍ വധക്കേസ്, തമിഴ്ബാലികാപീഡനം എന്നിങ്ങനെ ആ നിര നീളുന്നുണ്ട്. പൊതുനിരീക്ഷണങ്ങള്‍ എപ്പോഴും വസ്തുതകളുടെ അടിസ്ഥാനത്തിലായിരിക്കണം.

Jessy Teacher said...

karutha kuppayakkari athravaliya sthreepaksha rachanayanoo...
engil aval enthinu kamukanete thavalathil abhayam prapikkunnu. puthiya thavalangal swantahamayi kandethamayirunnille...

shamla said...

സമകാലിക ജീവിതാവസ്ഥയില്‍ പലപ്പോഴും ഇരയാവുന്നതും ഇരയാക്കുന്നതും സ്ത്രീയവുന്ന കാഴ്ചകളാണ് നമ്മെ വിഷമിപ്പിക്കുന്നത്.ഭേദ്യം ചെയ്യുന്ന പോലീസുകാരനും അഭ യമാകുന്ന കാമുകനും പുരുഷന്റെ എന്നതിനേക്കാള്‍ മനുഷ്യന്റെ രണ്ടു മുഖങ്ങലെയല്ലേ പ്രതിനിധീകരിക്കുന്നത്?സുഭാഷിന്റെ തല്പം എന്ന സമാഹാരത്തിലെ പല കഥകളും ശക്തമായ സ്ത്രീപക്ഷരചനകളാണ്. ഇനിയുള്ള കഥകള്‍ സമകാലിക ജീവിതാവസ്ഥകളെ കാട്ടിത്തരും . കൂടുതല്‍ വായനക്കും അഭിപ്രായങ്ങള്‍ക്കും ഇത്തരം രചനകള്‍ തീര്‍ച്ചയായും വഴി തെളിക്കും. മീരടീചെരിനു അഭിനന്ദനങ്ങള്‍