എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Mar 25, 2011

എന്റെ വിദ്യാലയം - ഓര്‍മ്മക്കുറിപ്പ്‌ഓര്‍മ്മക്കുറിപ്പ്‌
മനസിന്റെ ഉള്ളറയില്‍ ഇപ്പഴും ചിതലരിക്കാതെ കിടക്കുന്ന ഓര്‍മകളില്‍ അവശേഷിക്കുന്നത് എന്റെവിദ്യാലയ കാലഘട്ടത്തെക്കുറിച്ചുള്ള മധുരമായ ഓര്‍മകളാണ് .

ആ കാലഘട്ടത്തിലെ എന്തിനെക്കുറിച്ച് ചിന്തിക്കുമ്പോഴും മനസ്സില്‍ കുളിര്‍മയുടെ ഒരു നേര്‍ത്ത തലോടല്‍പ്പോലെയാണ് അനുഭവപെടുന്നത്

ചെറിയ ചാറ്റല്‍ മഴയോടുകുടിയ അന്നത്തെ ആ പ്രഭാതങ്ങളില്‍ ‍ ഒരു കുടക്കീഴില്‍ പകുതി നനഞ്ഞ വസ്ത്രങ്ങളുമായി അനുജനുമൊത്ത് പാടവരമ്പിലുടെ സ്കൂളിലേക്ക് നടന്നുപോകുന്നതും, വയലുകളുടെ അരികിലുടെ ഒഴുകുന്ന ചെറിയ ചാലുകളില്‍ ചേമ്പിന്‍ ഇലകള്‍ ഇട്ട് ഒഴുക്കിന്റെ താളത്തില്‍ അവ നീങ്ങുന്നത് ആശ്ചര്യത്തോടെ നോക്കി നില്‍ക്കുന്നതുമെല്ലാം ഒരിക്കലും മറക്കുവാന്‍ കഴിയാത്ത എന്റെ സുന്ദരമായ ഓര്‍മകളാണ് . സ്കൂളിനെക്കുറിച്ച് പറയുകയാണെങ്കില്‍, പുമുഖത്ത് വരിവരിയായി നിന്നിരുന്ന മുന്ന് വലിയ മാവുകളാണ് എന്റെ വിദ്യാലയത്തിന്റെ ഏറ്റവും വലിയ ഭംഗികളില്‍ ഒന്ന്. രണ്ടുപേര്‍ കൂടി വട്ടം പിടിച്ചാല്‍പ്പോലും കൈയെത്താത്ത അത്ര വണ്ണമുണ്ടായിരുന്നു ആ മരങ്ങള്‍ക്ക് .

ഒരിക്കല്‍ ആ മാവുകളില്‍ നിന്ന് മാമ്പഴം പൊട്ടിക്കുവാനായി ഞാന്‍ കല്ലെറിഞ്ഞത് ബാബു മാഷ്‌ കാണുവാന്‍ ഇടയായി. ഒപ്പം ഉണ്ടായിരുന്ന രണ്ട് കുട്ടുകാരും ഓടിപ്പോയത് ഞാന്‍ കണ്ടില്ല. മാഷ് എന്നെ പിടിച്ചുകൊണ്ടുപോയി സ്റ്റാഫ്‌റുമില്‍ കുറേനേരം നിര്‍ത്തി. എന്നെ പഠിപ്പിക്കുന്നതും അല്ലാത്തതുമായ ടീച്ചര്‍മാരുടെയും മാഷ്മാരുടെയും പരിഹാസത്തോടെയുള്ള നോട്ടം നാല് അടി കിട്ടുന്നതിനെക്കാളും വേദനാജനകമായിരുന്നു.

അതിനുശേഷം എന്നെ നോക്കി ചിരിക്കുന്ന ആ മാമ്പഴങ്ങളെ ഞാന്‍ കല്ലെറിഞ്ഞ് വിഴ്ത്തുവാന്‍ ശ്രമിച്ചിട്ടില്ല. ഇവിടെ പഠിക്കുന്ന കുട്ടികളെക്കാള്‍ ആ മാമ്പഴം കഴിക്കുവാന്‍ അര്‍ഹതയുള്ളത് പാറിപ്പറക്കുന്ന പറവകള്‍ക്കും, ചാടി നടക്കുന്ന അണ്ണാരക്കണ്ണനുമാണെന്ന സത്യം അന്ന് ഞാന്‍ മനസിലാക്കി .

ഓഫീസിന് ചുറ്റുമായി പണികഴിപ്പിച്ച പകുതി ചുവപ്പും വെള്ളയും നിറമുള്ള കുമ്മായം പുശിയ പഴയ ആ കെട്ടിടങ്ങളില്‍ മുന്‍മ്പിലായി നെല്ലിമരം വളര്‍ന്നു നില്‍ക്കുന്ന നടുവിലത്തെ ക്ലാസ്സ്‌ മുറിയായിരുന്നു ഞങ്ങളുടേത് .

എട്ടാം ക്ലാസ്സിലും ഒന്‍പതാം ക്ലാസ്സിലും തുടര്‍ന്ന് പത്താം ക്ലാസ്സിലും ഞങ്ങള്‍ പഠിച്ചത് ആ ക്ലാസ്സ്‌ മുറിയില്‍ തന്നെ ആയിരുന്നു. അതുകൊണ്ടുതന്നെ ആ നാലുചുമരുകളോട് എനിക്കും എന്റെ സഹാപാഠികള്‍ക്കും വല്ലാത്ത ഒരു ബന്ധം തന്നെയായിരുന്നു ഉണ്ടായിരുന്നത്.

കുട്ടുകാരുമായി ഓടിനടന്നതും, ചെറിയ ചെറുയ കുസൃതികള്‍ ഒപ്പിച്ചതും , വഴക്കുകൂടിയതും , പെണ്‍കുട്ടികളുമായി കടംകഥകള്‍ പറഞ്ഞ് കളിച്ചതും, അന്നത്തെ ടീച്ചര്‍മാരുടെ സുന്ദരമായ ക്ലാസ്സുകളും അതിനിടയില്‍ ഉണ്ടായിരുന്ന തമാശകളുമെല്ലാം ആ നാല് ചുമരുകള്‍ ഇപ്പഴും ആരുമറിയാതെ പരസ്പരം പങ്കുവച്ചുകൊണ്ട് പൊട്ടിച്ചിരിക്കുന്നുണ്ടാകും.

പത്താം ക്ലാസ്സ്‌ കഴിഞ്ഞതിനു ശേഷവും സ്കൂളിന് ഒഴിവുള്ള പല ദിവസങ്ങളിലും അവിടത്തെ ശിപ്പായി ശങ്കരേട്ടന്‍റെ അനുമതിയോടെ ഞാന്‍ ആ ക്ലാസ്സ്‌ മുറിയില്‍ പോകാറുണ്ട്. അവിടെ ചെന്നിരുന് കുറെ നേരം കണ്ണുകള്‍ അടച്ചുകൊണ്ട്‌ ഞാന്‍ എന്‍റെ കഴിഞ്ഞു പോയ അദ്ധ്യയന വര്‍ഷങ്ങളിലെ ഓര്‍മ്മകള്‍ അയവിറക്കും .

എല്ലാവരും ഒരുമിച്ച് ആ ക്ലാസ്സില്‍ പഠിച്ചിരുന്ന കാലഘട്ടത്തിലേക്ക് ഓര്‍മകളുടെ ചിറകുകള്‍ വീശി ഞാന്‍ പറന്നു ചെല്ലും .

നീലാദേവി ടീച്ചറുടെ മലയാളം ക്ലാസ്സാണ് എനിക്ക് ആദ്യം ഓര്‍മ്മ വരുന്നത്. ടീച്ചര്‍ കവിതകള്‍ സുന്ദരമായി ചൊല്ലുമായിരുന്നു. ഒ എന്‍ വി യുടെ 'മോഹം' എന്ന പദ്യത്തിലെ 'നെല്ലിമരമൊന്നുലുത്തുവാന്‍ മോഹം ' എന്ന വരികള്‍ ടീച്ചര്‍ പാടിത്തന്നതിനു ശേഷം ഞാനും സുഹൃത്തുക്കളും ക്ലാസ്സിന് മുമ്പില്‍ നില്‍ക്കുന്ന നെല്ലിമരത്തെ ഉലുത്തുവാന്‍ ശ്രമിച്ചിട്ടുണ്ട്.

കവിതകള്‍ ചൊല്ലി കൊണ്ടിരിക്കുമ്പോള്‍ തന്നെ ടീച്ചര്‍ അതിന്റെ അര്‍ത്ഥം പറഞ്ഞ് തരുമായിരുന്നു. ചൊല്ലി കഴിഞ്ഞതിന് ശേഷം ടീച്ചര്‍ അപ്പോള്‍ ചൊല്ലി കൊണ്ടിരുന്ന ഓരോ വാക്കിന്റെയും അര്‍ത്ഥങ്ങള്‍ ഓരോരുത്തരോടായി ചോദിക്കുകയും ചെയ്യും.

ടീച്ചറുടെ പ്രധാന നോട്ടപ്പുള്ളി ഞാനായിരുന്നു. എന്നും ടീച്ചര്‍ എന്നോട് ചോദ്യങ്ങള്‍ ചോദിക്കും. ആദ്യം ഒന്നുരണ്ടുതവണ ഉത്തരം കിട്ടാത്തതിന്‍റെ പേരില്‍ ആ പിരീഡുമുഴുവന്‍ ക്ലാസ്സില്‍ നില്‍ക്കേണ്ടി വന്നിട്ടുണ്ട് .അതിനു ശേഷം ഒരിക്കല്‍ പോലും എനിക്ക് ഉത്തരം കിട്ടാതെ വന്നിട്ടില്ല .അതുമാത്രമല്ല ഓണപ്പരീക്ഷക്ക് അന്‍പതില്‍ വെറും പതിനെട്ടുമാര്‍ക്ക് മാത്രം വാങ്ങാന്‍ കഴിഞ്ഞ എനിക്ക് ക്രിസ്തുമസ് പരീക്ഷക്ക്‌ അന്‍പതില്‍ നാല്‍പ്പത്തഞ്ചു മാര്‍ക്കുവരെ വാങ്ങിക്കുവാന്‍ സാധിച്ചു. അന്ന് ടീച്ചര്‍ എന്നെ പുകഴ്ത്തിക്കൊണ്ടു മറ്റുകുട്ടികളോട് പറഞ്ഞ ഓരോ വാക്കും ഇപ്പോഴും എന്‍റെ മനസിനുള്ളില്‍ ‍ കിടന്ന് അലയടിക്കുന്നുണ്ട്.

ഒന്‍പതാം ക്ലാസ്സിലെ എംടി യുടെ 'ബാല്യകാല ഓര്‍മ്മകള്‍' എന്ന കഥയിലെ സിലോണില്‍ നിന്നും വന്ന ആ പെണ്‍കുട്ടിയുടെ കഥ ടീച്ചര്‍ വര്‍ണ്ണിച്ചത് കേട്ടപ്പോള്‍ എംടി യുടെ കണ്ണുകളില്‍ നിന്നും ആ കഥ എഴുതുമ്പോള്‍ വന്ന അതേ കണ്ണുനീര്‍ എന്‍റെ കണ്ണുകളില്‍ നിന്നും വന്നുപോയി.

ഒന്‍പതിലും പത്തിലും എന്‍റെ ക്ലാസ്സ്‌ മാഷ് ആയിരുന്നത് സജീവന്‍ മാഷ് ആയിരുന്നു. മാഷിന്‍റെ വിഷയം ബയോളജി ആയിരുന്നു. കുഞ്ഞുണ്ണി മാഷിന്‍റെ കവിതകള്‍ പോലെ രസമായിരുന്നു മാഷിന്‍റെ ബയോളജി ക്ലാസ്സ്‌ എന്നാല്‍ മാഷിന്‍റെ ചോദ്യം ചോദിക്കലിന് കുഞ്ചന്‍ നമ്പ്യാരുടെ ഓട്ടം തുള്ളലിന്റെ ഗാംഭീര്യവും ഉണ്ടായിരുന്നു.

ചോദ്യം ചോദിച്ച് ഉത്തരം കിട്ടാതിരുന്നാല്‍ മാഷിന്‍റെ ശിക്ഷണ രീതികള്‍ മറ്റുള്ളവരില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. ഉത്തരം കിട്ടാതെ നില്‍ക്കുന്ന ഓരോ വിദ്യാര്‍ത്ഥിക്കും അവര്‍ക്കിഷ്ടമുള്ള ശിക്ഷണ മാര്‍ഗ്ഗം തിരഞ്ഞെടുക്കുന്നതിനുള്ള മുന്ന് അവസരങ്ങള്‍ മാഷ് നല്‍കുമായിരുന്നു .
ഒന്ന് - നൂറോ ഇരുനൂറോ പ്രാവശ്യം കിട്ടാതെ വന്ന ആ ചോദ്യോത്തരം നാളേക്ക് എഴുതി കൊണ്ടുവരിക .
രണ്ട് - ചോദിച്ച പാഠം മുഴുവന്‍ ഒന്നുകൂടി പഠിച്ച് ഉച്ചക്ക് സ്റ്റാഫ്‌ റുമില്‍ ചെന്ന് എല്ലാ ടീച്ചര്‍മാരുടെയും മുമ്പില്‍ നിന്നുകൊണ്ട് ഉത്തരം പറയുക
മുന്ന് - അടി. അടി എന്നുപറഞ്ഞാല്‍ സാധാരണ അടിയൊന്നുമല്ല. കൈ ഉച്ചത്തില്‍ വീശി ഒരേ കൈയില്‍ തന്നെ രണ്ടോ മുന്നോ അടി .

ഞങ്ങള്‍ കുറച്ച് ആണ്‍കുട്ടികള്‍ വേദനിച്ചാലും അടിക്കാണ് മുന്തൂക്കം കൊടുക്കാറുള്ളത്. പെണ്‍കുട്ടികള്‍ പലരും എഴുതികൊണ്ട് വരാമെന്നോ അല്ലെങ്കില്‍ ഉച്ചക്ക് കേള്‍പ്പിക്കാമെന്നോ പറഞ്ഞ് അടിയില്‍നിന്നും രക്ഷപെടാറുണ്ട് .

അങ്ങനെ ഓരോ ടീച്ചര്‍മാര്‍ക്കും ഓരോരോ സവിശേഷതകള്‍ ഉണ്ടായിരുന്നു. കണക്ക് പഠിപ്പിച്ചിരുന്ന ഓമന ടീച്ചര്‍ വളരെ പാവമായിരുന്ന. എല്ലാവരോടും നല്ല സ്നേഹവും. സാമുഹ്യപാഠം പഠിപ്പിച്ചിരുന്ന ജയചന്ദ്രന്‍ മാഷ്‌ ഒരു പ്രാസംഗികന്‍ ആയിരുന്നു. അതുകൊണ്ട് തന്നെ മാഷിന്‍റെ ക്ലാസുകള്‍ ഒരു പ്രസംഗം കേള്‍ക്കുന്നതുപോലെ രസമായിരുന്നു. കെമിസ്ട്രിയും ഫിസിക്സും എടുത്തിരുന്ന രേണുക ടീച്ചര്‍ മറ്റു ടീച്ചര്‍മാരേക്കാള്‍ ഒരല്‍പ്പം ദേഷ്യക്കാരി ആയിരുന്നു .ടീച്ചര്‍ക്ക്‌ ടീച്ചറുടെതായ ചില ചിട്ടകളും നിയമങ്ങളും ഉണ്ടായിരുന്നു . പുസ്തകം എപ്പോഴും ഭംഗിയിലും വൃത്തിയിലും സുക്ഷിക്കണം എന്നതും എഴുതുമ്പോള്‍ ഓരോ ചോദ്യോത്തരം കഴിഞ്ഞും സ്കെയില്‍ ഉപയോഗിച്ച് വരയ്ക്കണം എന്നതും ടീച്ചര്‍ക്ക്‌ നിര്‍ബന്ധമായിരുന്നു.

ആഴ്ചയില്‍ ഒരു ദിവസം ഞങ്ങള്‍ക്ക് ഡ്രില്‍ ഉണ്ടായിരുന്നു .അന്ന് മാത്രം ക്ലാസ്സില്‍ വരാന്‍ ആഗ്രഹിച്ചിരിന്ന ചില വിരുതന്‍മാരും ഞങ്ങളുടെ ക്ലാസ്സില്‍ പഠിച്ചിരുന്നു .മറ്റു ഒഴിവു വേളകള്‍ പോലെ തന്നെ ഈ പീരിഡും ഞങ്ങള്‍ സന്തോഷപുര്‍വം ചെലവഴിക്കുമായിരുന്നു .

ഞങ്ങള്‍ക്ക് സ്കുളിന്‍റെ പുറകില്‍ വലിയ ഒരു മൈതാനം ഉണ്ട്. വലിയ വലിയ ഫുഡ്‌ബോള്‍ മത്സരം പോലും നടക്കാറുള്ളത് ഞങ്ങളുടെ ആ മൈതാനത്തില്‍ ആയിരുന്നു. ഒന്നുകില്‍ വിശ്രമ വേളകള്‍ ഞങ്ങള്‍ അവിടെ പോയി ഉല്ലസിക്കും. അല്ലെങ്കില്‍ ക്ലാസിനു മുന്‍പിലുള്ള വരാന്തയുടെ ചുവട്ടില്‍ ഞങ്ങള്‍ ഉണ്ടാക്കിയ ചെറിയ പുന്തോട്ടത്തില്‍ വെള്ളമൊഴിച്ചും മറ്റും ഞങ്ങള്‍ അവിടെ തന്നെ ഇരിക്കും. അതുമല്ലെങ്കില്‍ വരാന്തയിലെ കൈയെത്താവുന്ന ഉയരത്തിലുള്ള കഴുക്കോലുകളില്‍ കുട്ടുകാരുടെ പേരുകളും ഇരട്ടപ്പേരുകളും പരസ്പരം എഴുതിയും കളിയാക്കിയും ആ വരാന്തയിലുടെ ഓടിനടക്കും.

ഉച്ചക്ക് ഭക്ഷണം കഴിക്കുവാനുള്ള ബെല്‍ ശങ്കരേട്ടന്‍ അടിക്കുന്നതും നോക്കി ഞാന്നുകിടക്കുന്ന ആ ബെല്ലില്‍ കണ്ണുംനട്ട് പല ദിവസങ്ങളിലും വിശന്നുകൊണ്ട് ഞങ്ങള്‍ ഇരിക്കാറുണ്ട്. ബെല്‍ അടിച്ച ഉടനെ ക്ലാസ്സില്‍ നിന്നും ഇറങ്ങി സ്കൂളിന്റെ മുന്‍പിലുള്ള പഞ്ചായത്ത് പൈപ്പിലേക്ക് ഞങ്ങളെല്ലാവരും ഓടും. അവിടന്ന് ഇരുമ്പ് ചുവയുള്ള ആ വെള്ളം പൈപ്പിനടിയില്‍ കൈ വച്ചുകൊണ്ട് കുറെ കുടിക്കും. ആ സമയത്തെല്ലാം പൈപ്പില്‍ നിന്നും വരുന്ന ആ വെള്ളത്തിന്‌ അമൃതിനെക്കാളും സ്വാദ് ഉണ്ടായിരുന്നു. അതിനു ശേഷം മാത്രമാണ് ഞങ്ങള്‍ കൈകഴുകി ഭക്ഷണം കഴിക്കാന്‍ ക്ലാസ്സിലേക്ക് പോകാറുള്ളത് .

പത്താം ക്ലാസ്സ്‌ പരീക്ഷ കഴിഞ്ഞ് എല്ലാവരും സ്കുളില്‍ നിന്നും പിരിഞ്ഞു പോകമ്പോള്‍ ഞങ്ങള്‍ പലരും കരഞ്ഞു പോയിരുന്നു. കരഞ്ഞത് പ്രധാനമായും സൌഹൃദം പിരിയും എന്നതിനേക്കാള്‍ ഏറെ സ്കൂളിനെ എന്നന്നേക്കുമായി പിരിയണമല്ലോ എന്നു ആലോചിച്ചപ്പോള്‍ ആയിരുന്നു .

സുന്ദരമായ പുന്തോട്ടവും വലിയ മരങ്ങളുടെ തണലും കളിസ്ഥലവും നല്ല ടീച്ചര്‍ മാരെയും എല്ലാം പിരിയണമെന്നലോചിച്ചപ്പോള്‍ കരഞ്ഞുപോയി .

ജോലികിട്ടി കുറച്ച് വര്‍ഷങ്ങള്‍ക്കു ശേഷം ഒരു ദിവസം എന്‍റെ പഴയ ഓര്‍മ്മകള്‍ മേയുന്ന ആ തിരുമുറ്റത്തേക്ക് ഒരിക്കല്‍ക്കൂടി ഞാന്‍ കടന്നുചെന്നു. പക്ഷെ എന്‍റെ മനസിനെ വളരെ അധികം വേദനിപ്പിക്കുന്ന ഒരു കാഴ്ച്ചയായിരുന്നു അപ്പോള്‍ ഞാന്‍ കണ്ടത് .

ഞങ്ങളുടെ പഴയ സൗഹൃദത്തിന്‍റെയും ,സുന്ദരമായ ഓര്‍മ്മകളുടെയും, പഴയ സംസ്ക്കാരത്തിന്റെയും, അന്നത്തെ ആ കാലഘട്ടത്തിന്റെയുമെല്ലാം പ്രതീകമായി നിലനിന്നിരുന്ന ആ പഴയ സ്കൂള്‍ മരിച്ചു വീണിരിക്കുന്നു. അല്ല കൊലചെയ്ത് വീഴ്ത്തിയിരിക്കുന്നു എന്ന സത്യം ദുഃഖ ത്തോടെ ഞാന്‍ മനസിലാക്കി .

മരിച്ചുകിടക്കുന്ന ഞങ്ങളുടെ സ്ക്കൂളിനു പകരമായി പുതിയ രൂപത്തിലും ഭാവത്തിലും മറ്റൊരു സ്കൂള്‍ അവിടെ ഉയര്‍ന്നു വന്നിരിക്കുന്നു.
പല നിറങ്ങളുടെ അകംപടിയോടെ പുതിയ ഒരു ഇംഗ്ലീഷ് സ്ക്കൂള്‍. സ്ക്കൂളിന്‍റെ പുതിയ പേരിലും കാഴ്ച്ചയിലുമെല്ലാം ഇംഗ്ലീഷ് ഭംഗി വ്യക്തമായി കാണാമായിരുന്നു. ഒരു ഇംഗ്ലീഷ് നാട്ടില്‍ അറിയാതെ ചെന്നെത്തിപ്പെട്ട പോലെയായിരുന്നു എനിക്കപ്പോള്‍ അനുഭവപ്പെട്ടത്.

പഴയ മരങ്ങളും കെട്ടിടങ്ങളുമെല്ലാം അവിടെനിന്നും നീക്കം ചെയ്തിരിക്കുന്നു. പകരം കുട്ടികള്‍ക്ക് വേണ്ടി കൃത്രിമമായ മരങ്ങളും ചെറിയ കെട്ടിടങ്ങളുമെല്ലാം അവിടെ നിര്‍മിച്ചിരിക്കുന്നു. പഴയ സ്കൂള്‍ നിന്നിരുന്ന ഭാഗത്ത് ഒരു ഹൌസിംഗ് കോളനിയുടെ രൂപത്തില്‍ പുതിയ ഒരു സ്കൂള്‍, ചുറ്റും ഇംഗ്ലീഷ് അക്ഷരമാലകള്‍ കോണ്ടു നിറഞ്ഞ ചുറ്റുമതില്‍, പുതിയ ഓഫീസ് മുറിയുടെ അരികില്‍ ആഡംബരം നിറഞ്ഞ ബസുകള്‍.

സ്കൂളില്‍ വരുന്ന കുട്ടികളാകട്ടെ സായ്പ്പന്‍മാരുടെ മക്കളെപോലെ ടൈയും ഷൂസും എല്ലാം ധരിച്ച് ഇംഗ്ലീഷ് മാത്രം സംസാരിക്കുന്നവര്‍. എന്തു പറയാന്‍ മൊത്തത്തില്‍ ഒരു ആനച്ചന്തം.

എങ്കിലും പഴമയുടെ ആ ഗ്രാമീണ ഭംഗിയും കളങ്കമില്ലാത്ത സൗന്ദര്യവും പുതുമക്ക് ഉണ്ടെന്ന് എനിക്ക് തോന്നിയില്ല. പണ്ട് നമ്മള്‍ സമരം ചെയ്ത് പുറത്താക്കിയ ആ അന്ന്യ സംസ്ക്കാരത്തെ നമ്മള്‍ത്തന്നെ വീണ്ടും സ്വാഗതം ചെയ്യുകയാണോ എന്നുപോലും എനിക്ക് ഒരുനിമിഷം തോന്നിപ്പോയി .

പുതുമയിലേക്കുള്ള മാറ്റം ഒരു പിശാചിനെപോലെ നമ്മുടെ നാടിനെയും വേട്ടയാടികൊണ്ടിരിക്കുകയാണെന്ന് എനിക്കറിയാമായിരുന്നു .എന്നാല്‍ ഇത്ര പെട്ടന്ന് വിദ്യാഭ്യാസ രംഗത്തും അതു കേറിപ്പിടിക്കും എന്ന്‌ ഞാന്‍ കരുതിയില്ല .

സ്കൂളിന്റെ ആ വലിയ ഗേറ്റ് തുറന്ന് ഞാന്‍ വിഷമത്തോടെ പുറത്തേക്കു ഇറങ്ങിയപ്പോള്‍ ഈ മാറ്റങ്ങള്‍ക്കിടയിലും മാറ്റമില്ലാതെ പഴയ ഓര്‍മയുടെ ജീവിക്കുന്ന രക്തസാക്ഷിയായി ഒന്ന് അപ്പോഴും അവിടെ നില്‍ക്കുന്നത് എനിക്കുകാണുവാന്‍ സാധിച്ചു .സ്കുളിനു മുമ്പില്‍ നിന്നിരുന്ന ആ പഴയ പഞ്ചായത്ത്‌ പൈപ്പ്. പക്ഷെ ഇപ്പോള്‍ ആ പൈപ്പില്‍ നിന്നും വെള്ളമൊന്നും വരുന്നില്ലായിരുന്നു .

3 comments:

Anonymous said...

കണ്ണ് നിറഞ്ഞു പോയി !നഷ്ടപ്പെട്ടത്‌ തിരിച്ചുപിടിക്കാനവുമോ നമുക്ക് ?നമ്മളെല്ലാം വെറും വണ്ടിക്കാളകളല്ലേ ?മുജിത്തേ?

അപ്പുക്കുട്ടന്‍ said...

ഇത് മുജിത്തിന്റെ മാത്രം അനുഭവമല്ല. ഞാന്‍ പഠിച്ചിരുന്ന എല്‍.പി. സ്ക്കൂള്‍ ഇടിച്ചുനിരത്തി ഷോപ്പിംഗ് കോംപ്ലക്സ് പണിയുന്നത് നിസ്സഹായനായി നോക്കിനില്‍ക്കേണ്ടിവന്നവനാണ് ഞാന്‍. കാലം പുതിയകോലം കെട്ടുമ്പോള്‍ പകച്ചുപോകാതെ നമുക്ക് മനസ്സിനു കരുത്തേകാം.

കല്യാണിക്കുട്ടി said...

really nostalgic.............