എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

May 21, 2011

ജോണുണ്ടായിരുന്നെങ്കില്‍

കാവ്യസന്ധ്യ കഴിഞ്ഞു.
മുരളി, 'പശുക്കുട്ടിയുടെ മരണം' ചൊല്ലിയാടി.
കലാപീഠത്തിന്റെ മുറ്റമൊഴിഞ്ഞു.
നഗരത്തിലെ വെളുത്ത ജോലിക്കാര്‍
കിറ്റുമായിറങ്ങുന്നു.
കുട്ടികളുടെ സ്നാക്സ്
സിവില്‍ സപ്ലൈസിലെ വിലകുറഞ്ഞ പരിപ്പും മുതിരയും.

ജോണ്‍,
ജോണ്‍ മാത്രം അവിടെയിരിക്കുന്നു.
അയാള്‍ ഈ ചൊല്‍ക്കാഴ്ച കാണുകയായിരുന്നില്ലല്ലോ.
എത്രയോ രാത്രികളില്‍ അയാള്‍ ഇങ്ങിനെയിരിക്കുന്നു.
ചിലപ്പോള്‍ രണ്ടുമണി വരെ.
തട്ടിലേക്കു നടക്കുന്നു.
ആരെങ്കിലും കാണും:
ഒരു കട്ടന്
ഒരു കൂട് ബീഡി.

നല്ല സിനിമകള്‍ അയാള്‍ ചെയ്തു.
അയാള്‍ ചെയ്തതുകൊണ്ട് അവ മഹത്തരമായി.
അത്യപൂര്‍വ്വജന്മങ്ങളില്
ചിലര്‍ക്കു ഇത്തരം സാന്നിദ്ധ്യമുണ്ട്.
നീണ്ട മൂക്ക്
പാതിചിമ്മിവച്ച വലിയ കണ്ണ്
വിന്ററില്‍ കൊഴിഞ്ഞുനില്‍ക്കുന്ന മരങ്ങള്‍ പോലെ
കമ്പുകളായി വളര്‍ന്നു നില്‍ക്കുന്ന മുടി.

ചില സ്തീകള്‍ക്കുമുണ്ട്, നമ്മെ
അവരിലേക്കടുപ്പിക്കുന്ന സാന്നിദ്ധ്യം.
ഒറ്റനോട്ടത്തില്‍ നാമവരെ‍ പ്രണയിക്കുന്നു.
എപ്പോഴും കൂടെയിരിക്കുവാന്‍ കൊതിക്കുന്നു.
ഒറ്റച്ചരടിലെ മാല
പരുത്തിസാരി
ഉല്‍സവപ്പറമ്പിലെ വള
അവരുടെ വിരലുകള്‍ അതിമനോഹരം
മെല്ലെ ഒന്നു ചിരിക്കുമ്പോള്‍
പ്രഭാതം നമുക്കു സ്വന്തമായപോലെ.

ജോണ്‍.
നാം ശ്രദ്ധിച്ചുപോകും
അയാള്‍ പറയുന്നത്.
പക്ഷെ നമുക്കു മനസ്സിലാവില്ല,
അവ്യക്തമാണാ ഉത്തരങ്ങള്‍.
വെറുതെ ചിരി.

നിങ്ങള്‍ അടുത്തിരിക്കുന്നതു
അറിയുന്നില്ല.
പക്ഷെ നിങ്ങള്‍ പറയൂ, ജോണേ പോകാം
അയാള്‍ റെഡി.

ഇന്നലെ ജോണിന്റെ ഒരു ഡോക്യുമെന്ററി കണ്ടു,
സിബിസിയുടേത്.

"എന്റെ രാജ്യത്തിലെ അരാഷ്ടീയ ബുദ്ധിജീവികള്
ഒരു നാള്‍ വിചാരണ ചെയ്യപ്പെടും
ദരിദ്രരായ ജനതയാല്‍.
അവര്‍ ചോദിക്കും, ഒരു ചുടല കണക്കെ
രാജ്യം എരിഞ്ഞുകൊണ്ടിരുന്നപ്പോള്‍
നിങ്ങള്‍ എന്തുചെയ്തുവെന്ന്."

ഈ ഡോക്യുമെന്റെറിയുടെ ആനന്ദം പങ്കുവയ്ക്കുവാന്‍
എനിക്കാരുമില്ലല്ലോ.
എന്റെ സ്ത്രീയോട് പറയുന്നു.
സ്ത്രീ എഴുന്നേറ്റുപോയി.
ഞാന്‍ പിറുപിറുത്തു:
നീ എന്റെ പിശക്
എന്റെ സ്വപ്നങ്ങളുടെ ഒഴിഞ്ഞ മരച്ചില്ല.

കേറ്റിന്റേയും വില്യത്തിന്റേയും വിവാഹം
പകല്‍ മുഴുവന്‍ കാണുകയായിരുന്നു
200 കോടി മനുഷ്യരോടൊപ്പം.
കണ്ണുചിമ്മാതെ ഇപ്പോള്‍ രാത്രിയിലും.

"വരൂ, നമുക്ക് കിടക്കാം," ഞാന് മുറിയിലേക്കു പോയി.

ജോണിപ്പോള്‍ ചൊട്ടിയ കവിള്‍
ജോണിപ്പോള്‍ പുകകയറിയ കണ്ണ്
ജഡമൂടിയ താടി
എപ്പോഴോ ധരിച്ച വസ്ത്രം.
ജോണിപ്പോള്‍ എല്ലാം കാണുന്ന കണ്ണ്.

ആ കണ്ണുകളുടെ ഭാവം
അനുകരിക്കുവാന്‍
സ്വാധീനിക്കപ്പെടുവാന്‍
ജോണിനെപ്പോലെയാകുവാന്‍
"നിങ്ങള് ഉറങ്ങിയോ?
വരൂ, ദാ നോക്കൂ," സ്ത്രീ എന്നെ ക്ഷണിക്കുന്നു.

അവരുടെ ചുംബനം.
രാജചുംബനം.

ജോണുണ്ടായിരുന്നുവെങ്കില്‍
ഇപ്പോള്‍ എന്തു ചെയ്യുകയാവും,
ദൂരെ മലമുകളിലെ ഒരു ബംഗ്ലാവിലാകുമോ?
ബംഗ്ലാവിനു പുറത്ത് ഒരു മരച്ചുവട്ടിലിരുന്ന്
വെളുത്തമേഘങ്ങളെ നോക്കി
പുകയൂതിവിട്ട്
കണ്ണുതുറന്നു പിടിച്ച്
ധ്യാനബുദ്ധനെപ്പോലെ
അര്‍ത്ഥരഹിതങ്ങളായ വചനങ്ങളാല്‍
ഉറക്കെ ഉറക്കെ ചിരിച്ച്...

Abdul Azeez
313 Whitehill Place NE
Calgary, Alberta Canada


7 comments:

Ancy Jose said...

കവിത ആത്മനിഷ്ഠമാണോ എന്ന സംശയം.......

azeez said...

ആന്‍സി എഴുതിയത് ശരിയാണെന്നു തോന്നുന്നു.കവിതയിലെ ഞാന്‍ എന്നത് കവിത‌ എഴുതിയ അബ്ദുല്‍ അസീസാണോ എന്നു സംശയം.അതോ ഇത് ഏതോ ഞാന്‍ എന്ന ആളുടെ ഓ൪മ്മകളാണോ.അല്ലെങ്കില്‍ ജോണിനെപ്പോലുള്ള ഒരു മഹാപ്രതിഭയെ എറണാകുളത്തുള്ള കലാധരന്‍റെ കലാപീഠത്തില്‍ കണ്ടതും അയാളെ വൈകാരികമായി ഓര്‍ക്കുന്നതുമൊക്കെ ശരിയാണോ? ശരിയാകണമെന്നില്ല. കവിതകളിലും ചെറുകഥകളിലും നോവലുകളിലുമൊക്കെ ഫസ്റ്റ് പേര്‍സണ്‍ നറേഷന്‍ നാം വായിക്കാറില്ലേ.അതിലെ ഞാന്‍ എഴുത്തുകാരാണോ.ആകാം, അല്ലായിരിക്കാം. കഥയിലെ കാലംപോലും കവിയുടെ പ്രായവുമായി യോജിക്കാറില്ല.കഥയിലും കവിതയിലുമൊക്കെ 'ഞാന്‍' പലപ്രാവശ്യം മരിച്ചിട്ടുമുണ്ടാകും.അതിലെ 'ഞാന്‍' എഴുതിയ‌ കവിയായോ കഥാകാരനായോ വായനക്കാര്‍ കരുതുമോ?പക്ഷേ, ലേഖനത്തിലെ സ്ഥിതി അതല്ല. അതുകൊണ്ട് മുമ്പ് എഴുതിയ ഒരു ലേഖനത്തില്‍ ഷോപ്പേസ് ഡ്രഗ് മാര്‍ട്ടില്‍ പോയി ഞാന്‍ മീന്‍ വാങ്ങി എന്നതിലെ ഞാന്‍ തീര്‍ച്ചയായും ഈ ഞാന്‍ തന്നെയാണെന്നു ആന്‍സിക്കു വിശ്വസിക്കാം.എങ്കിലും ഒരപേക്ഷയുണ്ട്:മഹാപ്രതിഭകളെ സ്വപ്നം കാണുവാനുള്ള ഒരവകാശമെങ്കിലും ഈ 'ഞാന്‍' നു നല്‍കേണമേ.സ്വപ്നം കണ്ടതുകൊണ്ടോ ജോണിനെക്കുറിച്ച് കവിതയെഴുതിയതുകൊണ്ടോ ആരും ജോണോളം വളരില്ലല്ലോ.താങ്ക്സ് ആന്‍സി. താങ്ക്സ് ഫോര്‍ റീഡിങ്.

AnithaSarath said...

mahanaya John Ebrahamineyum addehathinte cinemakaleyum orkkan ee kavithayiloode saadhichu. nalla bhasha' nalla aasayam. abhinandanangal mashe..

സജില്‍ വിന്‍സെന്റ് said...

ജോണ്‍ അബ്രാമിനെ ഭംഗിയായി വരച്ച് കാണിച്ചിരിക്കുന്നു.ഇനിയും ഇത്തരത്തിലുള്ളവ പ്രതീക്ഷിക്കുന്നു.

lissiammacm said...

അസീസേ,മറുനാട്ടിലെ അനുഭവങ്ങളാണോ കവിതയുടെ ബീജം.

Sreekumar Elanji said...

ജോണുണ്ടായിരുന്നുവെങ്കില്‍
ഇപ്പോള്‍ എന്തു ചെയ്യുകയാവും,
ദൂരെ മലമുകളിലെ ഒരു ബംഗ്ലാവിലാകുമോ?
ബംഗ്ലാവിനു പുറത്ത് ഒരു മരച്ചുവട്ടിലിരുന്ന്
വെളുത്തമേഘങ്ങളെ നോക്കി
പുകയൂതിവിട്ട്
കണ്ണുതുറന്നു പിടിച്ച്
ധ്യാനബുദ്ധനെപ്പോലെ
അര്‍ത്ഥരഹിതങ്ങളായ വചനങ്ങളാല്‍
ഉറക്കെ ഉറക്കെ ചിരിച്ച്...

ഓ ....അസീസ്‌ ....അങ്ങേക്ക് വീണ്ടും വന്ദനം...
വാക്കുകള്‍ക്കു വര്‍ണ്ണിക്കാനാകാത്ത ഒരു കാവ്യാനുഭവമാണ്‌ ഈ ജോണ്‍ അനുസ്മരണം സമ്മാനിച്ചത്‌ ..
ഇന്റര്‍നെറ്റ്‌ തകരാര്‍ കാരണം ഒരാഴ്ച വൈകി....
സദയം ക്ഷമിക്കുമല്ലോ....
അവിടെ ഓര്‍ക്കുട്ട് ഉപയോഗമുണ്ടോ..?
ഹരിശ്രീ കമ്മ്യൂണിറ്റി അംഗമാകൂ ..
അങ്ങേക്ക് അനവധി അവസരങ്ങള്‍ അതില്‍ ഉണ്ടാകും...
ആശംസകളോടെ....
http://www.orkut.co.in/Main#Community?cmm=44964114

jollymash said...

ജോണ്‍ ഇന്ന് ജീവിച്ചിരുന്നെങ്ങില്‍ ...
പ്രവാചകരെ എന്നും നമ്മള്‍ കല്ലെരിഞ്ഞിട്ടുണ്ട് ..
ഒപ്പം വീഞ്ഞ് കുടിച്ചവരും അത്താഴം കഴിച്ചവരും
മലകയറുമ്പോള്‍ ഉണ്ടാകില്ലെന്ന്
അവനറിയാമായിരുന്നു ..
കവിത ഉഗ്രന്‍ ..
എന്തിനാണ് ആത്മാശം തിരഞ്ഞു സമയം കളയുന്നത് ...