എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Sep 23, 2011

വീടുനഷ്ടപ്പെടുന്നവര്‍ - തകഴിയുടെ പട്ടാളക്കാരന്‍ ഒരു പഠനംപ്രശ്നനിഷ്ഠമായ സാമൂഹികജീവിതമായിരുന്നു തകഴിയുടെ രംഗഭൂമി. ലോകമഹായുദ്ധങ്ങളുടെ കാലഘട്ടം കേരളത്തെസംബന്ധിച്ചും സാമ്പത്തികതകര്‍ച്ചയുടെ കാലഘട്ടമായിരുന്നു. ഭാരതത്തിന്റെ ഭൂതകാലം മനുഷ്യനെ അകറ്റുകയും അപരിചിതരാക്കുകയും ചെയ്ത യുദ്ധങ്ങളുടെയും വിഭജനത്തിന്റെയും ചരിത്രം കൂടിയാണ്. കാലഘട്ടത്തിന്റെ പ്രത്യയശാസ്ത്രം തകഴിയുടെ കഥകളില്‍ അനുഭവചിത്രങ്ങളായി രൂപപ്പെടുന്നു. സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ വ്യവസ്ഥിതിയിലുണ്ടായ മാറ്റം തകഴിയുടെ കഥകളിലും നേര്‍രേഖകളായി. ഒരേ സമയം യാഥാര്‍ത്ഥ്യനിഷ്ഠവും ഭാവനാത്മകവുമായ ജീവിതക്കാഴ്ചകളെ അവതരിപ്പിക്കാന്‍ തകഴിക്കു കഴിഞ്ഞു. "ലിറ്ററേച്ചര്‍ എന്നു പറയുന്നത് വെറും സാഹിത്യം മാത്രമല്ല, പൊളിറ്റിക്സും സോഷ്യോളജിയും ഹിസ്റ്ററിയുമെല്ലാം അതിനകത്തുണ്ട്”എന്ന തകഴിയുടെ വാക്കുകള്‍ ബാഹ്യാന്തരീക്ഷം എപ്രകാരം രചനകളെ സ്വാധീനിക്കുന്നുവെന്ന് വ്യക്തമാക്കുന്നു. വൈയക്തികമായ സൂക്ഷ്മതലങ്ങളല്ല, മറിച്ച് പ്രശ്നസങ്കീര്‍ണ്ണമായ മനുഷ്യജീവിതാവസ്ഥകളാണ് തകഴിയുടെ പ്രമേയങ്ങള്‍. പ്രശ്നനിഷ്ഠമായ ഈ ജീവിതാവസ്ഥകളില്‍നിന്ന് മോചനം നേടുന്നതിനായി കടന്നുവന്ന പുതുവഴിയായിരുന്നു അക്കാലത്ത് പട്ടാളജീവിതം.
1940കളുടെ പശ്ചാത്തലത്തില്‍ വിരചിതമായ ചെറുകഥയാണ് തകഴിയുടെ 'പട്ടാളക്കാരന്‍'. പട്ടാളത്തില്‍ ചേരുന്നതോടെ രാമന്‍നായരെന്ന കഥാനായകന് മേല്‍വിലാസമുണ്ടാകുന്നു. അതുവരെയുള്ള ദാരിദ്ര്യത്തിനും അരക്ഷിതാവസ്ഥയ്ക്കും അറുതിവന്നതായിരുന്നു അയാളെ സംബന്ധിച്ചിടത്തോളം സന്തോഷിക്കാനുള്ള കാരണം. മൂന്നുനേരം ലഭിക്കുന്ന ഭക്ഷണത്തിനുമുന്നില്‍ പരിശീലനത്തിന്റെ ക്ലേശകാലം അയാളെ ബാധിച്ചതേയില്ല. വിവിധ ഭാഷകളും സംസ്കാരവുമുള്ള ആളുകളോട് ഇടപഴകുക മൂലം എവിടെയും ജീവിക്കാനയാള്‍ പ്രാപ്തനായി. യുദ്ധത്തിനുമുമ്പായി അനുവദിക്കപ്പെട്ട ഒരുമാസം അവധിയില്‍, സഹപ്രവര്‍ത്തകര്‍ വീടണയാന്‍ തിടുക്കപ്പെടുമ്പോള്‍ അയാള്‍ അസ്വസ്ഥനാകുന്നു. ആലോചനയ്ക്കൊടുവില്‍ അനാഥനെങ്കിലും ജന്മനാടിന്റെ സുഖശീതളിമയിലേയ്ക്ക് മടങ്ങാന്‍ അയാള്‍ തീരുമാനിക്കുന്നു. കേരളം മുഴുവന്‍ അലഞ്ഞുതിരിഞ്ഞിട്ടും ആരും തിരിച്ചറിയാനില്ലാതെ അയാളൊടുവില്‍ ഒരു നാട്ടിന്‍പുറത്തെത്തുകയും വൃദ്ധയായ സ്ത്രീ അയാള്‍ക്ക് ഭക്ഷണം നല്‍കുകയും ചെയ്യുന്നു. ജീവിത പ്രാരാബ്ധങ്ങള്‍ക്കു നടുവിലും സ്നേഹപൂര്‍വ്വം അയാളെ പരിഗണിക്കുകയും വിശേഷങ്ങള്‍ ചോദിച്ചറിയുകയും ചെയ്യുന്നു. അനാഥനായ അയാള്‍ക്ക് വൃദ്ധയുടെ വാക്കുകള്‍ അഭയമാകുന്നു. തന്റെ മകള്‍ നാണിയെ അയാള്‍ക്ക് വിവാഹം ചെയ്തു കൊടുക്കുന്നു. ലീവുതീര്‍ന്ന രാമന്‍ നായര്‍ അടുത്തദിവസം തന്നെ പട്ടാളത്തിലേയ്ക്കു മടങ്ങുന്നു. നാളുകള്‍ക്കു ശേഷം പട്ടാളക്കാരന്റെ തിരികെയെത്തുന്ന ഇരുമ്പുപെട്ടികളിലും പതിനായിരം രൂപയുടെ ചെക്കിലും അയാളുടെ ജീവിതം യുദ്ധഭൂമിയില്‍ ഇല്ലാതായെന്നു നാം തിരിച്ചറിയുന്നു.
പട്ടാളജീവിതത്തിന്റെ അനിശ്ചിതത്വവും അരക്ഷിതത്വവും യുദ്ധത്തിന്റെ ബാക്കിപത്രങ്ങളുമാണ് ഈ കഥയും പങ്കുവയ്ക്കുന്നത്. ഏതു നിമിഷവും സംഭവിക്കാവുന്ന യുദ്ധത്തിനും മരണത്തിനും വേണ്ടിയുള്ള കാത്തിരിപ്പാണ് പലപ്പോഴും പട്ടാളക്കാരുടെ ജീവിതം. മക്കളെയും ഭാര്യയെയും അമ്മയെയും കാണാനുള്ള അവരുടെ ആഗ്രഹം വിവിധ കഥാപാത്രങ്ങളുടെ സംഭാഷണത്തില്‍ കാണാം. താനില്ലെങ്കിലും തന്റെ കുടുംബത്തിന് മറ്റാരെയും ആശ്രയിക്കാതെ കഴിയാമല്ലോ എന്ന ഉറപ്പാണ് ഈ കഥയില്‍ പട്ടാളക്കാരുടെ ജീവിതത്തെ മുന്നോട്ടു നയിക്കുന്നത്. "ആയിരം രൂപായുള്ളതുകൊണ്ട് എന്റെ അമ്മയെ അവസാനകാലത്ത് ശുശ്രൂഷിക്കാന്‍ ആരെങ്കിലും കാണും" എന്ന തിരുനല്‍വേലിക്കാരന്റെ സംഭാഷണത്തില്‍ തെളിയുന്നത് ഈ ആശ്വാസമാണ്. ഒപ്പം സ്വന്തം ജീവിതത്തിന്റെ അനിശ്ചിതത്വവും.
സ്വന്തം പേരുചൊല്ലി വിളിക്കാന്‍പോലും ആരുമില്ലല്ലോ എന്ന ഉള്ളുകീറുന്ന നൊമ്പരങ്ങള്‍ രാമന്‍നായരില്‍ കാണാം. യുദ്ധാനന്തരമുണ്ടാകുന്ന അനാഥത്വത്തിന്റെ തിരുശേഷിപ്പുകളിലും ഇപ്രകാരം പേരും വീടും നഷ്ടപ്പെടുന്നവരെ കണ്ടെത്താം. എല്ലാ ദുരന്തങ്ങളും വേര്‍പിരിയലുകളും മനുഷ്യനെ ഏകാന്തനാക്കുന്നു. ഏകാന്തത രാമന്‍ നായരില്‍ മരണതുല്യമായ അനുഭവമായി മാറുന്നു. സ്നേഹിക്കാനും അംഗീകരിക്കപ്പെടാനുമുള്ള അയാളുടെ അഭിവാഞ്ഛ വൃദ്ധയിലൂടെയാണ് സാഫല്യമടയുന്നത്. 'മകനേ' എന്ന അവരുടെ സംബോധനയില്‍ മാതൃത്വത്തിന്റെ ഉള്‍വിളി അയാള്‍ അറിയുന്നു. യുദ്ധഭൂമിയില്‍ ഏതുനിമിഷവും ചിന്നിച്ചിതറാവുന്ന അയാള്‍ക്ക് വൃദ്ധയുടെ സ്നേഹം സാന്ത്വനമാകുന്നു. മാതൃതുല്യമായ ഈ സ്നേഹമാണ് മകളെ വിവാഹം ചെയ്തുകൊടുക്കാന്‍ അവര്‍ തയ്യാറാകുന്നതിനു പിന്നിലും. മനുഷ്യജീവിതത്തെ മുന്നോട്ടു നയിക്കുന്നത് കാത്തിരിപ്പുകളും പ്രതീക്ഷകളുമാണ്. എന്നാല്‍ തിരിച്ചുവരാമെന്ന പ്രതീക്ഷയിലല്ല മറിച്ച് തനിക്കാഹാരം തന്ന, അല്പനേരമെങ്കിലും തന്നെ പരിഗണിച്ച ഒരു ദരിദ്രകുടുംബത്തിന്റെ സാമ്പത്തികഭദ്രത ഉറപ്പുവരുത്താന്‍ കൂടിയാണ് അയാള്‍ നാണിയെ വിവാഹം ചെയ്തത്.
രാമന്‍നായരുടെയും നാണിയുടെയും ജീവിതത്തില്‍ ലക്ഷ്യങ്ങളുണ്ടാകുന്നത് വിവാഹത്തോടെയാണ്. എല്ലാ ദിവസവും ഒരാള്‍ക്കുള്ള ചോറ് മാറ്റിവയ്ക്കുന്ന നാണി നിഷ്ഫലവും നിശബ്ദവുമായ കാത്തിരിപ്പിന്റെ പ്രതീകമായി മാറുന്നു. മാസാമാസം എത്തുന്ന മണിയോഡറിനപ്പുറം എന്നെങ്കിലും തന്റെ ഭര്‍ത്താവ് എത്തുമെന്ന പ്രതീക്ഷയാണ് അവളെ ലക്ഷ്യബോധത്തോടെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്. എന്നാല്‍ മടങ്ങിയെത്തുന്ന ഇരുമ്പുപെട്ടികളും പതിനായിരം രൂപയും യുദ്ധത്തിന്റെ ബാക്കിപത്രമാകുന്നു. എല്ലാ യുദ്ധങ്ങളും അവസാനിക്കുന്നത് സ്ത്രീകളുടെ കണ്ണീരിലാണെന്ന് ഈ കഥ സൂചിപ്പിക്കുന്നു.
സ്നേഹത്തിന്റെയും മനുഷ്യത്വത്തിന്റെയും പ്രതിനിധിയാണ് ഈ കഥയിലെ വൃദ്ധ. അപരിചിതനായ രാമന്‍ നായര്‍ക്ക് ഭക്ഷണം നല്‍കുകയും അയാളുടെ ഉള്ളിലെ അനാഥത്വം തിരിച്ചറിയുകയും ചെയ്യുന്ന വൃദ്ധ മിഴിവുള്ള കഥാപാത്രമാണ്. ഏതു പ്രതിസന്ധിയിലും തളരാതെ നില്‍ക്കാന്‍ പ്രേരിപ്പിക്കുന്നത് ഇത്തരം വ്യക്തിത്വങ്ങളാണ്. മനുഷ്യനെ തിരിച്ചറിയുന്ന സ്നേഹസാന്ത്വനങ്ങളാണ് കെട്ടിക്കിടക്കുന്ന വെള്ളം പോലെ ഒഴുക്കുനിലച്ച ജീവിതത്തില്‍ പ്രത്യാശയുണര്‍ത്തുന്നതും ചലനാത്മകമാക്കുന്നതും.
വിവാഹശേഷം തിരികെപ്പോകുന്ന പട്ടാളക്കാരനില്‍ നിന്ന് കഥാകേന്ദ്രം നാണിയിലേക്കുമാറുന്നത് ആഖ്യാനത്തിലുള്ള മാറ്റമാണ്. "പത്തുനാഴിക രാച്ചെന്നു. പൂര്‍ണ്ണചന്ദ്രന്‍ ഉദിച്ചുയര്‍ന്നിരുന്നു. ആ പാടത്തുകൂടി പെട്ടിയും തൂക്കിപ്പിടിച്ചുപോകുന്ന രൂപത്തെ അവള്‍ നോക്കിനിന്നു. അരുവി അതിന്റെ ജീവിതഗാനം പാടിക്കൊണ്ടിരുന്നു”. എന്ന വരികള്‍ രാമന്‍നായരുടെയും നാണിയുടെയും ജീവിതത്തില്‍ പെട്ടെന്നുണ്ടായ പ്രതീക്ഷകളെയും ചലനാത്മകതയെയും കൂടി ധ്വനിപ്പിക്കുന്നു. രാമന്‍നായരുടെ ജീവിതം യഥാര്‍ത്ഥത്തില്‍ ഇവിടെ അവസാനിക്കുന്നു. പിന്നീടുള്ള നാണിയുടെ ജീവിത ചിത്രീകരണം യുദ്ധത്തിന്റെ അനിശ്ചിതത്വത്തിലാണ് അവസാനിക്കുന്നത്. ചലനാത്മകതയും നൈരന്തര്യവും പരിണാമവും നിസ്സഹായതയും പുലര്‍ത്തുന്ന മനുഷ്യാവസ്ഥയുടെ ചിത്രണമായി പട്ടാളക്കാരന്‍ എന്ന കഥയും മാറുന്നു.
ചരിത്രം വ്യക്തിയിലൂടെയും വ്യക്തി ചരിത്രത്തിലൂടെയും ആവിഷ്കരിക്കപ്പെടാം. യുദ്ധങ്ങളും ദുരന്തങ്ങളും വ്യക്തിയിലൂടെ ആവിഷ്കരിക്കപ്പെടുമ്പോഴാണ് അവ വൈകാരികാനുഭവമായി പരിണമിക്കുന്നത്. ഈ കഥയില്‍ യുദ്ധഭൂമിയുടെ ചിത്രീകരണങ്ങളില്ല. ശവശരീരങ്ങളില്ല. പട്ടാളബാരക്കുകളിലെ ജീവിതനിമിഷങ്ങളുടെ വര്‍ണ്ണനകളില്ല. യുദ്ധത്തിന്റെ ആസൂത്രണങ്ങളില്ല. എങ്കിലും യുദ്ധത്തിന്റെ പരിണതിയും അംഗവൈകല്യങ്ങളും യാതനകളും മരണവും വായനക്കാര്‍ അറിയുന്നു. മടങ്ങിയെത്തുന്ന ഇരുമ്പുപെട്ടികളും അതിനുള്ളിലെ പട്ടാള ഉദ്യോഗസ്ഥന്റെ ഉടുപ്പുകളും ഉണങ്ങിയ വിവാഹമാല്യവും തുടര്‍ന്നെത്തുന്ന പതിനായിരം രൂപയുടെ ചെക്കും യുദ്ധത്തിന്റെ അനന്തരഫലങ്ങളായി തിരിച്ചറിയപ്പെടുന്നു. പിന്നീടുണ്ടാവുന്ന നിശബ്ദസഹനങ്ങളും മരണത്തോളമെത്തുന്ന തീവ്രദുഃഖങ്ങളുമാണ് യുദ്ധത്തിന്റെ പരിണതികള്‍. എല്ലാ വെടിയൊച്ചകളും അവസാനിക്കുന്നത് ഈ ദൈന്യതയിലേയ്ക്കാണ്.
നന്ദനാര്‍, പാറപ്പുറത്ത്, കോവിലന്‍, ബഷീര്‍ എന്നിവരുടെ രചനകളില്‍ പട്ടാളജീവിതത്തിന്റെ വ്യത്യസ്തമുഖങ്ങള്‍ ദൃശ്യമാണ്. ലക്ഷ്യമില്ലാതെ ജീവിച്ച പലര്‍ക്കും പട്ടാളജീവിതം യുദ്ധമെന്ന ലക്ഷ്യം പകര്‍ന്നു. എന്നാല്‍ യുദ്ധത്തിനുശേഷം പിരിച്ചുവിടപ്പെട്ടവര്‍ വീണ്ടും അരക്ഷിതാവസ്ഥകളിലേയ്ക്കും നഗരാവശിഷ്ടങ്ങളിലേയ്ക്കും വലിച്ചെറിയപ്പെട്ടതിന്റെ നടുങ്ങുന്ന ചിത്രങ്ങള്‍ ബഷീര്‍ 'ശബ്ദങ്ങളി'ല്‍ വരച്ചിട്ടിട്ടുണ്ട്. പട്ടാളക്കാര്‍ മാത്രമല്ല ഒരു സമൂഹം മുഴുവന്‍ യുദ്ധത്തിന്റെ കെടുതികളും പീഡനങ്ങളും ഏറ്റുവാങ്ങാന്‍ വിധിക്കപ്പെടുന്നു.
'വിഭ്രാന്തികളുടെ ലീലയാണ് യുദ്ധ'മെന്ന് ധര്‍മ്മപുരാണത്തില്‍ ഒ.വി.വിജയന്‍ രേഖപ്പെടുത്തുന്നു. ഗുരുസാഗരത്തില്‍ കുഞ്ഞുണ്ണി എന്ന യുദ്ധലേഖകന്‍ രേഖപ്പെടുത്തുന്ന യുദ്ധവും യുദ്ധാനന്തരജീവിതങ്ങളും അശാന്തിപര്‍വ്വങ്ങളാണ്. പട്ടാളജീവിത്തിന്റെ നേര്‍ക്കാഴ്ചകള്‍ പല ചലച്ചിത്രങ്ങളിലും പ്രമേയമായി ആവര്‍ത്തിക്കുന്നു. യുദ്ധം വരാനിരിക്കുന്ന മനുഷ്യജീവിതത്തെയും തകര്‍ത്തെറിയുന്ന കൊടും ഭീകരതയായി നാമറിയുന്നു. അശാന്തിപര്‍വ്വങ്ങള്‍ ശാന്തിപര്‍വ്വങ്ങളാകേണ്ടത് പ്രപഞ്ചനിലനില്‍പ്പിന് അത്യാവശ്യമാണെന്ന സത്യം ഓരോ മനുഷ്യനും തിരിച്ചറിയുമ്പോഴേ ഇതിനു പരിഹാരമുള്ളൂ.

-ഡോ. ഷംല യു.

.ജെ.ജെ.എം.ജി.എച്ച്.എസ്.എസ്.

തലയോലപ്പറമ്പ്.

10 comments:

Ancy Jose said...

good.....congrats teacher...

shylaja said...

teacher, nannayittunde.congrats.

JRV said...

കഥാവിശകലനത്തില്‍ ഷംലടീച്ചര്‍ നിരന്തരം നല്‍കുന്ന ഈ സഹായം അദ്ധ്യാപകര്‍ക്കും കുട്ടികള്‍ക്കും എത്രമാത്രം ഉപകാരപ്രദമാണെന്ന് പറഞ്ഞറിയാക്കാനാവില്ല. സഹവര്‍ത്തിത്വ പഠനം മാത്രമല്ല സഹവര്‍ത്തിത്വ അദ്ധ്യാപനവും സാദ്ധ്യമാണെന്ന് സ്ക്കൂള്‍വിദ്യാരംഗവും തെളിയിച്ചുകൊണ്ടിരിക്കുകയാണല്ലോ. എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍!!! അതോടൊപ്പം നന്ദിയും!!!

രജി said...

ഷംല ടീച്ചറുടെ കഥാവിശകലനം വളരെ നന്നായിട്ടുണ്ട്. നന്ദി.

azeez said...

ഡോ.ഷംലയുടെ വീടുനഷ്ടപ്പെട്ടവരുടെ കഥാപഠനം വായിച്ചു.സാധാരണയായി നാം വായിച്ചുവിട്ടുപോകുന്ന ഈ കഥയില്‍ ഇത്രയും കാര്യങ്ങള്‍ അടങ്ങിയിരിക്കുന്നുവെന്ന് നാമറിയുന്നത് ടീച്ചറിന്‍റെ ഈ പഠനത്തിലൂടെയാണ്.വായനയുടെ പരപ്പും ഗുണമേന്മയും കൊണ്ട് ടീച്ചര്‍ തകഴിയുടെ ഈ കഥയ്ക്ക് ദാര്‍ശനിക ഭാവം നല്‍കിയിരിക്കുന്നു. നന്ദി ടീച്ചര്‍.പട്ടാളത്തെക്കുറിച്ച് ഒന്നാം വായനയില്‍ ചിന്തിക്കാതെ ദാരിദ്ര്യത്തിന്‍റേയും അനാഥത്വത്തിന്‍റേയും സ്വത്വപ്രതിസന്ധിയുടേയും‌ കഥയായിട്ടാണ് നാമിത് വായിച്ചുപോകുന്നത്.തകഴിയും അതുതന്നെയാകാം ഉദ്ദേശിച്ചിട്ടുള്ളതും.യുദ്ധം ഈ കഥയിലെ പ്രൈമറി വിഷയമല്ല തകഴിക്ക്.അതുകൊണ്ടുകൂടിയാകാം ഒരു വെടിയൊച്ചയോ ബാരക്കനുഭവങ്ങളോ ഒന്നും അതില്‍ ഉള്‍ക്കൊള്ളിക്കാതിരുന്നതും.പക്ഷേ ടീച്ചര്‍ തന്‍റെ പഠനത്തിലൂടെ, ആരും ശ്രദ്ധിക്കാതെ പോകുന്ന ഈ കഥയില്‍ അന്തര്‍ലീനമായിക്കിടക്കുന്ന‌ യുദ്ധത്തെക്കുറിച്ചും മരണത്തെക്കുറിച്ചും ജീവിതത്തിന്‍റെ അനാഥത്വത്ത്വക്കുറിച്ചും നല്ല ഒരു വായനാനുഭവം പങ്കുവയ്ക്കുന്നു.വായനക്കാര്‍ കണ്ടെത്താത്തത് കാണിച്ചുകൊടുക്കലാണല്ലോ നല്ല നിരൂപകരുടെ ധ‍൪മ്മവും.ഒടുവില്‍ നാം സത്യം അറിയുന്നു: ഏത് യുദ്ധവും ബാക്കിയാക്കുന്നത് സ്ത്രീകളുടെ കണ്ണുനീര്‍ തന്നെയാണ്.ഉണങ്ങിയ വിവാഹമാല്യവും ട്രങ്കുപെട്ടിയിലെ പഴയ ഉടുപ്പുകളും ദാമ്പത്യത്തിന്‍റെ പ്രതിഫലമായ ഒരു ചെക്കും ഒടുവില്‍ സ്ത്രീയെ തേടിയെത്തുന്നു. അതോടെ എല്ലാ വെടിയൊച്ചകളും അവസാനിക്കുന്നു,സ്ത്രീയുടെ ദൈന്യതയിലേക്ക്.നന്നായിരിക്കുന്നു ടീച്ചര്‍.

വില്‍സണ്‍ ചേനപ്പാടി said...

നിരാലംബ സ്ത്രീത്വത്തിന്റെ അമര്‍ത്തിയ നിസ്വനങ്ങളും അനാഥത്വത്തിന്റെ തീവ്രവ്യഥകളും
ഘനീഭവിച്ചു നില്‍ക്കുന്ന 'പട്ടാളക്കാരന്‍ ആസ്വാദകന് വ്യത്യസ്തമായ വായാനാനുഭവം പകരുന്നുണ്ട്.
വിദൂരത്തിലെവിടെയോ മുഴങ്ങിയ വെടിയൊച്ച നാം
കേള്‍ക്കുന്നില്ലെങ്കിലും വാടിക്കരിഞ്ഞ വരണമാല്യവും
പതിനായിരത്തിന്റെ മണിയോഡറും, യുദ്ധപരിസരങ്ങ
ളിലേയ്ക്ക് ഒരു മൗനസഞ്ചാരത്തിനു നമ്മെ പ്രേരിപ്പിക്കുന്നു.എങ്കിലും വിവാഹദിനരാത്രിയില്‍ തന്നെ പാടത്തുകൂടി പെട്ടിയും തൂക്കിപ്പിടിച്ചു പോകുന്ന ആ രൂപം-രാമന്‍നായര്‍, തകഴിയുടെ വ്യതിരിക്തമായ ഒരു കഥാപാത്രം തന്നെ.----------
ക്ലാസുമുറികളില്‍ വളരെയേറെ ഉപകാരപ്പെടുന്ന രീതിയില്‍ കഥാപഠനം തയ്യാറാക്കിയ ഷംലടീച്ചര്‍ക്ക് അഭിനന്ദനങ്ങള്‍.ഒപ്പം വിദ്യാരംഗം പ്രവര്‍ത്തകരുടെ അര്‍പ്പണമനോഭാവത്തിന് നന്ദി.

ലീമ വി. കെ. said...

'പട്ടാളക്കാരന്‍' കഥാ പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് ഷംല ടിച്ചറുടെ നിരൂപണകുറിപ്പു കാണുന്നത്.പട്ടാളക്കാരനിലെ വൃദ്ധയെപ്പോലെ അപരിചിതന് ചോറു വിളമ്പിക്കൊടുക്കുവാന്‍ കഴിയാത്തവിധം നമ്മുടെ കേരളം ഇന്നു മാറിക്കഴിഞ്ഞു.ആധികാരികമായ ഒരു പഠനം നടത്തുവാന്‍ ഷംല ടീച്ചറിനു കഴിഞ്ഞു.ഒ.വി.വിജയന്റെ 'വിഭ്രാന്തികളുടെ ലീലയാണു യുദ്ധം' എന്ന ചിന്തയും മറ്റും പങ്കു വച്ച ടീച്ചറിന് അഭിനന്ദനങ്ങള്‍. വിദ്യാരംഗം പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍
നന്ദിയും.

Beena, Mulakkulam said...

കഥാപഠനത്തിനു ഷംലടീച്ചര്‍ വിളമ്പുന്നത് ഉണ്ണാന്‍ ഞങ്ങള്‍ കാത്തിരിക്കുകയായിരുന്നു! അതുനുകര്‍ന്നാലെ ഞങ്ങള്‍ക്ക് സുഖമാകൂ! നന്ന്ദി !ആശംസകള്‍!

Anonymous said...

good ..............

Rossamma Sabastian said...

dfdfd