അറബി
ലോകത്തെ ഇളക്കിമറിച്ച
'മുല്ലപ്പൂവിപ്ലവ'ത്തിന്റെ
പശ്ചാത്തലത്തില്‍ ബെന്യാമിന്‍
രചിച്ച ഏറ്റവും പുതിയ നോവലുകളാണ്
'മുല്ലപ്പൂ
നിറമുള്ള പകലുകള്‍',
'അല്‍-അറേബ്യന്‍
നോവല്‍ ഫാക്ടറി'
എന്നിവ.
സി.വി.യുടെ
നോവല്‍ത്രയവും ശ്രീകണ്ഠന്‍നായരുടെ
നാടകത്രയവും മാത്രം പരിചയപ്പെട്ട
മലയാളസാഹിത്യത്തിന്
മദ്ധ്യപൂര്‍വ്വേഷ്യന്‍
ജീവിതത്തിന്റെ പശ്ചാത്തലത്തില്‍
രചിക്കപ്പെട്ട ഈ നോവല്‍ദ്വയം
തീവ്രവും ഗാഢവുമായ ഒരു
വായനാനുഭവമായിരിക്കും.
ഭാഷകൊണ്ടും
അനുഭവങ്ങള്‍ കൊണ്ടും
സമകാലികതകൊണ്ടും ആഖ്യാനവൈവിദ്ധ്യം
കൊണ്ടും ഈ നോവലുകള്‍
ചര്‍ച്ചചെയ്യപ്പെടും.
നമുക്ക്
പരിചിതമല്ലാത്ത ലോകവഴികളിലൂടെയാണ്
നോവലുകള്‍ സഞ്ചരിക്കുന്നത്.
നമ്മുടെ
കാഴ്ചകളുടെ ഇത്തിരിവട്ടങ്ങളില്‍
നിന്നും ദുരിതക്കാഴ്ചകളുടെ
കാണാപ്പുറങ്ങളിലൂടെ,
ലോകം
ഇന്നു കടന്നുപോകുന്ന
പീഡനപര്‍വ്വങ്ങളിലൂടെ,
യുദ്ധവും
ഭീകരാക്രമണങ്ങളും ഭരണകൂടഭീകരതയും
തിമിര്‍ത്താടുന്ന
മദ്ധ്യപൂര്‍വ്വേഷ്യന്‍
രാജ്യങ്ങളിലൂടെ ഭീതിയടക്കി
വായനക്കാരനും സഞ്ചരിക്കുന്നു.
പത്രവാര്‍ത്തകളില്‍
ദിവസവും നിറയുന്ന അറബ്‌രാജ്യങ്ങളിലെ
അടിച്ചമര്‍ത്തപ്പെടുന്ന
സഹനസമരങ്ങളും പുതിയ സമരമുറകളും
സൃഷ്ടിക്കുന്നത് അനാഥത്വവും
കണ്ണുനീരും മാത്രമാണെന്ന്
നാം വീണ്ടും തിരിച്ചറിയുന്നു.
'ആടുജീവിതം'
നജീബിന്റെ
പ്രവാസജീവിതത്തെയാണ്
അടയാളപ്പെടുത്തിയതെങ്കില്‍
'മഞ്ഞവെയില്‍
മരണങ്ങള്‍'
നമ്മുടെ
ആകാംക്ഷകളെ മാത്രം
പൂരിപ്പിച്ചുവെങ്കില്‍
അവയില്‍ നിന്നെല്ലാം പാടേ
വ്യത്യസ്തമായി അറബ് ജീവിതങ്ങളാണ്
ഇതില്‍ സ്വീകരിച്ചിരിക്കുന്നത്.
ആഭ്യന്തരയുദ്ധങ്ങള്‍
ഒരു ജനതയെ എത്രമാത്രം ഭീതിദരും
അസഹിഷ്ണുക്കളും അസ്വതന്ത്രരുമായി
പരിവര്‍ത്തിപ്പിക്കുന്നു
എന്ന് വ്യക്തമാക്കുന്നു.
'മുല്ലപ്പൂനിറമുള്ള
പകലുകള്‍'
എന്ന
നോവലില്‍ റേഡിയോ ജോക്കിയായി
അറബ് നഗരത്തിലെത്തിയ സമീറ
പര്‍വീണ്‍ എന്ന പാക്കിസ്ഥാനി
പെണ്‍കുട്ടി തന്റെ അനുഭവക്കാഴ്ചകള്‍
അവതരിപ്പിക്കുന്നു.
താന്‍
നേരിട്ട അനുഭവങ്ങളെ,
ജീവിതത്തെ
അവള്‍ 'സുഗന്ധമില്ലാത്ത
വസന്തം'
എന്ന
നോവലിനുള്ളിലെ നോവലിലൂടെയാണ്
ആവിഷ്കരിക്കുന്നത്.
സമീറയുടെ
നോവല്‍ ബെന്യാമിന്‍ വിവര്‍ത്തനം
നിര്‍വ്വഹിക്കുന്നതായാണ്
സങ്കല്പം.
ഇപ്രകാരം
അതികഥന (Meta
Fiction) സാദ്ധ്യതകളെ
കൃത്യമായി ഉപയോഗിച്ചുകൊണ്ടുള്ള
ഉത്തരാധുനികമായ ആഖ്യാനതന്ത്രം
ഒരു പുതിയ വായന സൃഷ്ടിക്കുന്നുണ്ട്.
യാഥാര്‍ത്ഥ്യവുമായി
കെട്ടുപിണഞ്ഞുകൊണ്ട് നിരവധി
സ്ഥലങ്ങളും വ്യക്തിത്വങ്ങളും
നോവലിന് വ്യത്യസ്തവായനകള്‍
സൃഷ്ടിക്കുന്നു.
പാഠാന്തരതയുടെ
(Intertextuality)
വിനിമയവും
നോവല്‍ നിര്‍വ്വഹിക്കുന്നു.
നഗരത്തില്‍
നടക്കുന്ന ആഭ്യന്തരകലാപങ്ങള്‍,
സുന്നി-ഷിയാ
സംഘര്‍ഷങ്ങള്‍,
സൗഹൃദക്കാഴ്ചകള്‍,
ദാരുണമരണങ്ങള്‍
എന്നിവയെല്ലാം നോവലില്‍
കടന്നുവരുന്നു.
സംഗീതവും
ഗിറ്റാറും ഫെയ്സ്ബുക്കും
സൗഹൃദങ്ങളെ ഊട്ടിയുറപ്പിക്കുന്ന
കാഴ്ചകളും കാണാം.
വിവിധ
രാജ്യക്കാരായ 'ഓറഞ്ച്
റേഡിയോ'യിലെ
സഹപ്രവര്‍ത്തകരുടെ ജീവിതത്തിലൂടെ
ഭിന്നസംസ്കാരങ്ങളും നോവലില്‍
ആവിഷ്കരിക്കപ്പെടുന്നു.
ഓരോരുത്തര്‍ക്കും
അവനവന്റെ ശരികളുണ്ട്.
അത്
രാജാവിനായാലും പ്രജകള്‍ക്കായാലും
മതമൗലികവാദികള്‍ക്കായാലും.
ഓരോ
ശരികളെയും വ്യാഖ്യാനിക്കേണ്ടത്
അവരുടെ അനുഭവങ്ങളെയും
ജീവിതപരിസരങ്ങളെയും
മുന്‍നിര്‍ത്തിയാവണമെന്ന
ബോദ്ധ്യം ഈ നോവല്‍ പകര്‍ന്നുതരുന്നു.
അന്തിമവിശകലനത്തില്‍
കലാപങ്ങളും മതമൗലികവാദവും
ഒന്നിനും പരിഹാരമാവില്ല എന്ന
കൃത്യമായ ബോദ്ധ്യവും നോവല്‍
പങ്കുവയ്ക്കുന്നു.
* * * * * * *` * * * * * * *` * * * * * * *` * * * * * * *` *
'അല്‍-അറേബ്യന്‍
നോവല്‍ ഫാക്ടറി'
എന്ന
നോവല്‍ പത്രപ്രവര്‍ത്തകനായ
പ്രതാപിന്റെ വീക്ഷണത്തില്‍
എഴുതപ്പെട്ട നോവലാണ്.
അജ്ഞാതനായ
ഏതോ നോവലിസ്റ്റിനായി
വിവിധരാജ്യങ്ങള്‍ സന്ദര്‍ശിച്ച്
ഭൂമിശാസ്ത്രവും ചരിത്രവും
ജീവിതക്കാഴ്ചകളും ശേഖരിച്ചുനല്‍കാനായി
തന്റെ കാനഡയിലുള്ള ഓഫീസ്
മേധാവിയുടെ നിര്‍ദ്ദേശമനുസരിച്ച്
അറബ് നഗരത്തില്‍ പ്രതാപും
കൂട്ടരും എത്തുന്നു.
പന്ത്രണ്ട്
വര്‍ഷം മുമ്പ് തന്നെ വിട്ടകന്ന
തന്റെ പ്രണയിനി താമസിക്കുന്ന
നഗരമാണെന്നതും അവളെ അന്വേഷിക്കുക
എന്നതും പ്രതാപിന്റെ ലക്ഷ്യമാണ്.
ഇവയ്ക്കിടയില്‍
പ്രതാപ് കണ്ടെത്തുന്ന വിവിധ
മുഖങ്ങളും നേര്‍ക്കാഴ്ചകളുമാണ്
നോവലില്‍ നിറയുന്നത്.
'A spring without smell' അഥവാ
'സുഗന്ധമില്ലാത്ത
വസന്തം'
എന്ന
സമീറ പര്‍വീണ്‍ന്റെ നിരോധിക്കപ്പെട്ട
നോവലിനെക്കുറിച്ചുള്ള
അന്വേഷണങ്ങളിലൂടെ ഭരണകൂടഭീകരതയുടെ
വേട്ടയാടലുകള്‍ ആവിഷ്കൃതമാകുന്നു.
ഒടുവില്‍
പ്രതാപിന്റെ കൈകളിലെത്തിച്ചേരുന്ന
സമീറയുടെ നോവല്‍ ബെന്യാമിന്
വിവര്‍ത്തനാവകാശം നല്‍കുന്നതായാണ്
ചിത്രീകരിച്ചിരിക്കുന്നത്.
ഇപ്രകാരം
രണ്ടുനോവലുകളിലെയും കഥാപാത്രങ്ങളും
കഥാ സംഭവങ്ങളും പരസ്പരം
ഇഴചേര്‍ന്നുനില്‍ക്കുന്നു.
നോവല്‍
തന്റേതല്ലെന്നും താന്‍
വിവര്‍ത്തനം ചെയ്യുകമാത്രമാണ്
ചെയ്തതെന്നും 'മുല്ലപ്പൂ
നിറമുള്ള പകലുകളി'ലും
പ്രതാപിന്റെ അനുഭവങ്ങളെ
ഞാന്‍ ആവിഷ്കരിക്കുകയാണന്ന്
'അല്‍-അറേബ്യന്‍
നോവല്‍ ഫാക്ടറി'യിലും
ബെന്യാമിന്‍ പറഞ്ഞുവയ്ക്കുന്നു.
രണ്ടുനോവലുകളും
സ്വതന്ത്രമെന്ന് ബെന്യാമിന്‍
അവകാശപ്പെടുന്നുവെങ്കിലും
രണ്ടു നോവലുകളിലൂടെയും മാത്രമേ
വായന പൂര്‍ണ്ണമാവൂ.
മുല്ലപ്പൂനിറമുള്ള
പകലുകള്‍ തന്നെയാവും
ആദ്യവായനയ്ക്ക് അഭികാമ്യം.
വിവര്‍ത്തന
സ്വഭാവമുള്ള ഭാഷ ഈ നോവലിന്റെ
സവിശേഷതയാണ്.
'മാജിക്കല്‍
റിയലിസം പോലെ ഒരു ഫിക്ഷണല്‍
റിയലിസമാണ്' താന്‍ ഈ
നോവലില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന്
ബന്യാമിന്‍ പറയുന്നു.
നവീനമായ
ആഖ്യാനതന്ത്രങ്ങള്‍ വായനയെയും
വായനക്കാരനെയും ആസ്വാദനത്തിന്റെയും
അനുഭവതീവ്രതയുടെയും പുതിയ
തലങ്ങളിലേയ്ക്ക് നയിക്കുമെന്നതില്‍
സംശയമില്ല.
''മൊത്തത്തില്‍
ഈ നോവല്‍ വായിച്ചുകഴിയുമ്പോള്‍
മൗലികവാദത്തിനെതിരെയുള്ള
മാനസികാവസ്ഥയില്‍ നമ്മള്‍
എത്തിച്ചേരണം എന്നാണ്
ഞാനാഗ്രഹിക്കുന്നത്.
അതിപ്പോള്‍
ഏതുതരത്തിലായാലും
പ്രസ്ഥാനത്തിനുള്ളിലായാലും
മൗലികവാദം സ്വയം നമ്മെ
അപകടത്തിലെത്തിക്കും എന്നൊരു
ബോദ്ധ്യം മനുഷ്യനുണ്ടാവണം''
- ബെന്യാമിന്റെ
വാക്കുകള്‍ വായനാശേഷം
വായനക്കാരിലുമുണ്ടാവും.
3 comments:
സ്ക്കൂളില്‍ നോവല്‍ദ്വയവായന അദ്ധ്യാപകര്‍ക്കിടയിലും വിദ്യാര്‍ത്ഥികള്‍ക്കിടയീലും മന്നേറുന്നു.ഷംല ടീച്ചര്‍ പറഞ്ഞതുപോലെ നോവലിസ്ററിന്റെ ആഗ്രഹം വായനക്കാരിലൂടെ
പൂവണിയും!ആ നോവലുകള്‍ക്ക് അത്ര ഹൃദയദ്രവീകരണശക്തിയുണ്ട്!ശ്രീ.ബന്യാമിന് മലയാളികളുടെ നമോവാകം!ഷംല ടീച്ചറിന്റെ ഈ പരിചയപ്പെടുത്തല്‍ ഏറെ
നന്നായി!സന്ദര്‍ഭോചിതമായി.അഭിനന്ദനങ്ങള്‍!
nalla vayananubhavam.nalla padanam.congrats......
നല്ല പഠനം '👍
Post a Comment